20/04/2026

നിലാവിന്റെ തോഴൻ : ഭാഗം 118 & 119

രചന – ജിഫ്ന നിസാർ

പരാതിയും പരിഭവങ്ങൾക്കൊപ്പം അന്യജാതിയിൽ പെട്ടൊരു പെൺകുട്ടിയെ തറവാട്ടിൽ കൈ പിടിച്ചു കയറ്റുന്നൊരു പോഴൻ “എന്നൊരു വിശേഷണം കൂടി മുഹമ്മദിനു ചാർത്തി കിട്ടുന്നത് ഫൈസിയുടെ നെഞ്ചിലാണ് പോറൽ വീഴ്ത്തിയത്.

ചോര പൊടിഞ്ഞ ആ മുറിവോടെ അവൻ ഉപ്പാക്ക് മുന്നിൽ തല കുനിച്ചു.

“ആരോരുമില്ലാത്ത ഒരു പെൺകുട്ടിക്ക് ജീവിതം കൊടുക്കുന്നൊരു പുണ്യം.. അതാണെന്റെ മോൻ ചെയ്യുന്നത്. പറയുന്നവർ പറയട്ടെടാ ഫൈസി.. പറഞ്ഞിട്ട് അവരങ് പോകുമല്ലോ…. ഉപ്പാന്റെ അഭിമാനമാണെടാ മോനെ ഇയ്യ്.. നിറഞ്ഞ സന്തോഷത്തോടെയാണ് ഞാനീ പറയുന്നതും. സമാധാനത്തോടെ.. സന്തോഷത്തോടെ നീ ജീവിച്ചു കാണാൻ ഞാനെന്തും ചെയ്യും..”

കുനിഞ്ഞു പോയ ആ മുഖം വിരൽ തുമ്പുകൊണ്ടുയർത്തി മുഹമ്മദ്‌ പറയുബോൾ ഫൈസി അയാളെ ഇറുകെ കെട്ടിപിടിച്ചു.

കണ്ട് നിൽക്കുന്നവർക്ക് പോലും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോകുന്ന ആ അവസ്ഥ.

പൊടി മീശ മുളച്ചു കഴിഞ്ഞാൽ പിന്നെ അറിഞ്ഞോ അറിയാതെയോ അകലം വരുന്നൊരു ബന്ധമാണല്ലോ അത്..?

അവനോട് പറയണേ… അവന് കൊടുക്കണേ എന്നും പറഞ്ഞു കൊണ്ട് അച്ഛനും… അച്ഛനോട് പറയണേ.. അച്ഛന് കൊടുക്കണേഎന്ന് മകനും അമ്മമാരെ ഇടനിലകാരായി പ്രഖ്യാപിക്കുന്ന കാലത്തിന്റെ വികൃതിയേറുന്ന അച്ഛൻ മകൻ ബന്ധം.

ചേർത്ത് പിടിക്കുന്നവരും ചേർന്നു നിൽക്കുന്നവരും വിരലിൽ എണ്ണിയെടുക്കാവുന്ന അത്രേം കുറവ്..

അതിനിടയിൽ മകനെ പുണർന്നു നിൽക്കുന്ന അച്ഛനും.. അച്ഛന്റെ തോളിൽ സങ്കടമിറക്കി വെക്കുന്ന മകനും തീർച്ചയായും കണ്ണ് നിറച്ചേക്കും.. സന്തോഷം കൊണ്ട്.

❣️❣️

“റിഷു …”

ചെറുതിലെപ്പഴോ കേട്ട് മറന്ന് പോയ.. അല്ല അവഗണിച്ചു പോയ ആ വിളി വീണ്ടും…

അന്നുള്ളതിനേക്കാൾ ഒരായിരമിരട്ടി സ്നേഹത്തോടെ.. വാത്സല്യത്തോടെ.

റിഷിന്റെ കാലുകൾ മണ്ണിൽ പൂണ്ടു പോയത് പോലെ അവൻ തറഞ്ഞു നിന്ന് പോയി.

“നിന്നെ കൊണ്ട് പോവാനാ റിഷു ഞാൻ വന്നത് ”

കണ്ടിട്ടും താൻ കാണാത്ത പോലെ നടന്നതിന്റെ പരിഭവമെന്നുമില്ല.
അങ്ങേയറ്റം സ്നേഹത്തോടെ തന്നെയാണ് കൈ പിടിച്ചേക്കുന്നത്..
മുന്നിൽ വന്നിട്ട് നിറചിരിയോടെയാണ് ചോദിക്കുന്നത്.

റിഷിന്റെ നെഞ്ചിലെ മുറിവിൽ നിന്നും വീണ്ടും ചോര പൊടിഞ്ഞു.

“എന്തിനാ ചേട്ടായി നിങ്ങളെന്നെ ഇങ്ങനെ സ്നേഹിച്ചു തോല്പ്പിക്കുന്നത്?”
ഉള്ളിലെ ചോദ്യം പക്ഷേ അവന്റെ നാവുകൾ ഏറ്റെടുത്തില്ല.

“നീ എന്റെ അനിയായത് കൊണ്ടെന്ന ക്രിസ്റ്റിയുടെ ഉത്തരം റിഷിന്റെ സ്വന്തം ഹൃദയം തന്നെ അവനെ പരിഹാസത്തോടെ ഓർമ്മിപ്പിച്ചു.

“നിന്നെയെല്ലാവരും കാത്തിരിപ്പുണ്ട് റിഷു.. വാ.. നമ്മുക്ക് വീട്ടിൽ പോകാം ”
ഒരക്ഷരം മിണ്ടാതെ തന്നെ തുറിച്ചു നോക്കി നിൽക്കുന്നവന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ക്രിസ്റ്റി പറഞ്ഞു.

“ഞാൻ.. ഞാനങ്ങോട്ട് വരുന്നില്ല ചേട്ടായി ”
അങ്ങേയറ്റം ശാന്തതയോടെ റിഷിൻ തന്റെ കയ്യിൽ മുറുകിയ ക്രിസ്റ്റിയുടെ കൈകൾ വേർപ്പെടുത്തി കൊണ്ട് പതിയെ പറഞ്ഞു.

“വരുന്നില്ലേ…?”
ക്രിസ്റ്റിയുടെ നെറ്റി ചുളിഞ്ഞു.

“എനിക്കറിയാം… ഞാനും എന്റെ പപ്പയെന്ന ചെകുത്താനും ഇറങ്ങി പോന്നതോടെ കുന്നേൽ വീടൊരു സ്വർഗമായിട്ടുണ്ടാകും. ഇനിയുമൊരു അപശകുകം പോലെ.. ഞാൻ.. ഞാങ്ങോട്ട് വരുന്നില്ല ചേട്ടായി. ഇപ്പൊ ഈ സ്നേഹത്തിനു പകരം തരാൻ എന്റെ കയ്യിൽ ഇങ്ങനൊരു ഉപകാരം മാത്രമേ ഒള്ളു ”

ആ മറുപടി തന്നെയായിരുന്നു അവനിൽ നിന്നും പ്രതീക്ഷിക്കുന്നതെങ്കിലും എന്ത് കൊണ്ടോ ആ വാക്കുകളും കണ്ണിലെ നിസംഗതാ ഭാവവും ക്രിസ്റ്റിയുടെ നെഞ്ച് പിടഞ്ഞു.

“അങ്ങനൊന്നും അല്ലടാ മോനെ.. എല്ലാം നിന്റെ തോന്നലാ..”
ക്രിസ്റ്റി വീണ്ടും അവന്റെ കൈ പിടിച്ചു.

“എന്നെ.. എന്നെ തിരിച്ചു വിളിക്കല്ലേ.ചേട്ടായി വിളിച്ച ഞാൻ വന്നു പോകും.. കാരണം നിഷേധം പറയാനാവാത്തൊരു സ്നേഹമുണ്ടാവും ആ വിളിയിൽ.. മാത്രമല്ല.. എന്നെ.. എന്നെ കുറിച്ചിപ്പോ ഓർക്കുന്നത് പോലും ചേട്ടായി മാത്രമേ ഒള്ളു. എല്ലാം എനിക്കറിയാം.. എല്ലാം ഞാനിപ്പോ മനസിലാക്കി. ചേട്ടായി എന്നും ശെരിയായിരുന്നു. പക്ഷേ എനിക്കത് മനസ്സിലാവാൻ ഇച്ചിരി വൈകി…”

റിഷിൻ ക്രിസ്റ്റിയുടെ കൈകൾ പൊതിഞ്ഞു പിടിച്ചു കൊണ്ട് പറഞ്ഞു.

“എടാ….”

ക്രിസ്റ്റിക്ക് പിന്നെ അവനോടെന്ത് പറയാണമെന്നറിയാതൊരു നിസ്സഹായത തോന്നി.

“പോട്ടെ..”

ക്രിസ്റ്റിയെ നോക്കിയൊന്ന് ചിരിച്ചിട്ട് റിഷിൻ വീണ്ടും മുന്നോട്ടു നടന്നു.

“അമ്മ പറഞ്ഞിട്ടാണ് റിഷു ഞാൻ വന്നത് ”
പിന്നിൽ നിന്നും വീണ്ടും ക്രിസ്റ്റിയുടെ സ്വരം.

റിഷിൻ വീണ്ടും നിന്ന് പോയി.

സ്നേഹവും പരിഗണനയും അത്രമേൽ കൊതിക്കുനക്കൊരു മനസ്സ് അവനുള്ളിൽ തുടിക്കുന്നുണ്ടായിരുന്നു.. അപ്പോഴും.

തിരിച്ചു പോ എന്ന് കേഴുന്നുണ്ടായിരിന്നു.

“മീരയുടെയും ഫൈസിയുടെയും കല്യാണമാണിന്ന് . നിന്റെ വരവിനു വേണ്ടിയാണ് കുന്നേൽ കുടുംബം മുഴുവനും ഈ ദിവസം വരെയും കാത്തിരുന്നത്. അവരെയെല്ലാം നിരാശപ്പെടുത്തി കൊണ്ട്.. അത്രയും പേരുടെ സ്നേഹം കണ്ടില്ലെന്ന് നടിച്ചു കൊണ്ട്.. നിനക്ക് പോവാൻ കഴിയുമെങ്കിൽ.. ആയിക്കോ.. ഞാൻ തടയുന്നില്ല ”

ക്രിസ്റ്റി പിന്നിൽ നിന്നും പറഞ്ഞു.

എന്ത് കൊണ്ടോ റിഷിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

“ഇനിയും നമ്മുടെ അമ്മ തോറ്റു കാണാൻ നീ ആഗ്രഹിക്കുന്നുവെങ്കിൽ… ഇത്രയും നേരം നിനക്ക് വേണ്ടി കാത്തിരുന്ന എന്റെ മനസ്സിലെ സ്നേഹം നിനക്കറിയാൻ കഴിഞ്ഞില്ലെങ്കിൽ… റിഷിയേട്ടൻ കൂടി വന്നിട്ട് മതി കല്യാണമെന്ന് പറഞ്ഞു കാത്തിരിക്കുന്ന നിന്റെ കൂടപ്പിറപ്പിന്റെ ഇത് വരെയും കിട്ടിയിട്ടില്ലാത്ത സ്നേഹം നിനക്ക് തൊട്ടറിയേണ്ടങ്കിൽ.. നീ പോയിക്കോട മോനെ…”

കണ്ണുകൾ നിറഞ്ഞിട്ട് റിഷിന്റെ കവിളിലേക്ക് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

അവൻ പതിയെ തിരിഞ്ഞു.

വാ ”

നിറഞ്ഞ ചിരിയോടെ ക്രിസ്റ്റി അവന് വേണ്ടി മുന്നിലെ ഡോർ തുറന്നിട്ട് വീണ്ടും ക്ഷണിച്ചു.

പിന്നേയും ആ ക്ഷണം നിരസിച്ചു പോകാനുള്ള മനഃശക്തി റിഷിനും ഉണ്ടായിരുന്നില്ല.

അവൻ പതിയെ നടന്നു വന്നിട്ട് ക്രിസ്റ്റി തുറന്നു കൊടുത്തു ഡോറിൽ കൂടി അകത്തേക്ക് കയറി..

ഹൃദ്യമായൊരു ചിരിയോടെ.. ക്രിസ്റ്റി ഡോർ അടച്ചു കൊണ്ട് തിരികെ വന്നു കാറിൽ കയറി…

യാത്രയിലുടനീളം റിഷിൻ അസ്വസ്ഥനായിരുന്നു.

ഒരക്ഷരം മിണ്ടാതെ കണ്ണടച്ച് കൊണ്ട് സീറ്റിലേക്ക് ചാരി കിടക്കുന്നവന്റെ മനസ്സിൽ കുന്നേൽ ചെല്ലുമ്പോൾ അഭിമുഖികരിക്കേണ്ടുന്ന നിരവധി സന്ദർഭങ്ങളും മുഖങ്ങളും ഭയപ്പെടുത്തുന്നുണ്ടെന്ന് ക്രിസ്റ്റിക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നു.

എന്നിട്ടും അവനൊന്നും ചോദിച്ചതുമില്ല..പറഞ്ഞതുമില്ല.

കാരണം അവനറിയാമായിരിന്നു.. കുന്നേൽ ഉള്ളവരാരും മനസ്സിലൊന്നും പുറമെയൊന്നും പ്രകടിപ്പിച്ച് കൊണ്ട് വിഷം ചീറ്റാൻ കഴിയുന്നവരെല്ലെന്നുള്ളത്…

അസഹിഷ്ണുത നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ കുന്നേലെത്തുമ്പോൾ റിഷിന്റെ കണ്ണുകൾ മിഴിഞ്ഞത് പോലുണ്ടായിരുന്നു.
അത്രമാത്രം വലിയൊരു കല്യാണമാണെന്ന് അവനും സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടായിരുന്നില്ല.

“ഇറങ്ങേടാ…”

തന്നെയും പുറത്തുള്ള ബഹളങ്ങളിലേക്കും മാറി മാറി നോക്കുന്ന റിഷിനെ നോക്കി ക്രിസ്റ്റി ചിരിയോടെ പറഞ്ഞു.

“നിനക്കെന്തേലും പറയാനുണ്ടോ റിഷു..?”

അവന്റെ മുഖത്തുള്ള പരുങ്ങുന്ന ഭാവം കണ്ടതും സീറ്റ് ബെൽറ്റ് അഴിച്ചു കൊണ്ട് ഇറങ്ങാൻ തുടങ്ങിയ ക്രിസ്റ്റി അവന് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു.

“ഈ.. ഈ കല്യാണം കഴിഞ്ഞ ഞാൻ പോകും..”
ക്രിസ്റ്റിയെ നോക്കാതെ മുഖം വീർപ്പിച്ചു കൊണ്ട് പറയുന്നവനെ നോക്കുമ്പോൾ ക്രിസ്റ്റിക്ക് ചിരി വരുന്നുണ്ടായിരുന്നു.

“അപ്പൊ… അപ്പൊഴെന്നെ തടയരുത്..”
മുന്നറിയിപ്പ് പോലെ റിഷിൻ പറഞ്ഞു.

‘എന്നെ തടയരുതേ .. അത് തട്ടി മാറ്റി പോവാൻ എനിക്കാവാത്ത വിധം നിങ്ങളോടെനിക്ക് സ്നേഹമാണ്..’എന്ന് കൂടിയല്ലേ അവനാ പറയുന്നത്

നിസ്സഹായമായൊരു ആവിശ്യപ്പെടൽ!

ക്രിസ്റ്റിക്കവനോട് വല്ലാത്തൊരു വാത്സല്യം തോന്നിയ നിമിഷമായിരുന്നുവത്.

“നീ ഇറങ്.. നമുക്ക് വഴിയുണ്ടാക്കാടാ ”
ക്രിസ്റ്റി കൈ നീട്ടി കൊണ്ടവന്റെ മുടിയൊന്ന് ചിക്കി ചികഞ്ഞു.

“അവരോടും പറയണം..”

റിഷിൻ വീണ്ടും പറഞ്ഞു.

“മ്മ്.. ഏറ്റു ”

“ഞാൻ.. ഞാനെന്തായാലും പോകും ”
റിഷിൻ സ്വയം പറഞ്ഞു പഠിക്കുന്നത് പോലെ അതൊന്ന് കൂടി പറഞ്ഞിട്ടാണ് ഡോർ തുറന്നത്.

ചിരിയൊതുക്കി പിടിച്ചു കൊണ്ട് ക്രിസ്റ്റീയും പുറത്തേക്കിറങ്ങി.

വെയിലിനൽപ്പം കനം വെച്ചത് പോലേ തന്നെ..ആഘോഷങ്ങൾക്കും നിറമേറിയിരുന്നു.

കുന്നേൽ ബംഗ്ലാവൊരു ആവേശത്തിമിർപ്പിലാണ്.

കുന്നേൽ നിന്നും ഫിലിപ്പ് മാത്യു മൺ മറഞ്ഞു പോയതിൽ പിന്നെ.. വർക്കിയുടെ ഭരണപരിഷ്കരണങ്ങളിൽ പെട്ട് അവിടെ നിന്നും പതിയെ പിന്തിരിഞ്ഞു നടക്കേണ്ടി വന്നവരെല്ലാം പരസ്പരം ഓർമകൾ അയവിറക്കി.

നാട്ടിലെ എന്താവിശ്യത്തിനും മുന്നും പിന്നും നോക്കാതെയിറങ്ങി ഇടപെടുന്ന ഫിലിപ്പ് മാത്യുവിനോടുള്ള അതേ സ്നേഹമവർ ക്രിസ്റ്റീയിലേക്കും വെച്ച് മാറിയിരുന്നു, വർക്കിയില്ലാത്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ.

“വാ..”
ഇറങ്ങിയിട്ടും മുന്നോട്ട് നടക്കാൻ കഴിയാതെ പകച്ചു നിൽക്കുന്നവന്റെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ടാണ് ക്രിസ്റ്റി ആൾക്കൂട്ടത്തിനു നടുവിലൂടെ അകത്തേക്ക് കയറിയത്.

കൈ ഉയർത്തി കാണിക്കുന്നവർക്കും..ഉറക്കെ പേര് വിളിച്ചു കൊണ്ട് വരവറിയിച്ചവർക്കും നേരെ നോക്കി ഹൃദ്യമായൊരു ചിരിയോടെയാണ് ക്രിസ്റ്റി അകത്തേക്ക് ചെല്ലുന്നത്.
അവനൊപ്പമായത് കൊണ്ട് തന്നെ.. റിഷിനിലേക്ക് വെറുപ്പിന്റെ തുറിച്ചു നോട്ടങ്ങളും പിറുപിറക്കലും നീളുന്നുണ്ടായിരുന്നില്ല.

എന്നിട്ടും മുഖം കുനിച്ചു.. ക്രിസ്റ്റി പിടിക്കുന്നത് കൊണ്ട് മാത്രമാണ് റിഷിൻ അകത്തേക്ക് നടക്കുന്നത്.

മുറ്റത്തു കെട്ടിയ കൂറ്റൻ പന്തലിനുള്ളിൽ ഏറെക്കുറെ ആളുകൾ നിറഞ്ഞിട്ടുണ്ട്.

അലങ്കരിച്ച സ്റ്റേജിൽ ബാക്കിയുള്ള അറേൻജ്മെന്റുമായി ആര്യനൊപ്പം പിന്നെയും ആരൊക്കെയോ.

നിർത്താതെ.. ധൃതിയിൽ നടന്നും ഓടിയും വലിയൊരു കല്യാണത്തിന് കുറവുകളൊന്നും വരരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച് കൊണ്ട് പരിശ്രമിക്കുന്ന… പ്രിയപ്പെട്ടവരുടെ നേരെ നന്ദിയോടെ നോക്കിയിട്ടാണ് ക്രിസ്റ്റി റിഷിനൊപ്പം ഹാളിലേക്ക് കയറിയത്.

അകത്തേക്ക് കയറിയതും റിഷിന്റെ കൈകൾ വിറച്ചത് ക്രിസ്റ്റി അവനെ ചേർത്ത് പിടിച്ച ഉള്ളം കയ്യിൽ നിന്നുംതിരിച്ചറിഞ്ഞിരുന്നു.

അവനൊന്ന് കൂടി റിഷിന്റെ കയ്യിൽ മുറുകെ പിടിച്ചു.

പുറത്തുള്ളത് പോലെ തന്നെ.. അകത്തും നിറവാണ്.

സന്തോഷത്തോടെ.. ചിരി നിറഞ്ഞ മുഖങ്ങൾക്കിടയിൽ കൂടി അതേ ചിരിയോടെ ക്രിസ്റ്റി നൂണ്ട് കയറി.

“ഇതുങ്ങളെ എല്ലാം കൂടി ഞാനിനി എവിടെ പോയി കണ്ട് പിടിക്കുമെന്റെ കർത്താവേ?”
ചുറ്റും നോക്കി ക്രിസ്റ്റി പതിയെ പറഞ്ഞു.

റിഷിനും പകപ്പ് വിട്ടിട്ടില്ല.

പുറത്ത് നിന്നും കാണുന്നതിനെക്കാൾ പൊലിവുണ്ട്.. അകത്തതിനെന്ന് അവൻ നോക്കി കണ്ടു.

ക്രിസ്റ്റിയെ നോക്കി ചിരിക്കുന്നവരെല്ലാം തന്നെ കൂടി ശ്രദ്ധിക്കുന്നുണ്ടെന്ന് റിഷിന് മനസ്സിലായി.

അതവനിൽ വല്ലാത്തൊരു വീർപ്പുമുട്ടലാണ് നൽകിയത്.

“ഇച്ഛാ…”

ആൾക്കൂട്ടത്തിനിടയിൽ നിന്നും പാത്തുവിന്റെ സ്വരം കാതും ഹൃദയവും ഏറ്റടുത്തു.

ക്രിസ്റ്റി തിരിഞ്ഞു നോക്കുമ്പോൾ…

റെഡ് ചില്ലി കളർ സാരിയിൽ…. രണ്ടൊപ്പിലും രണ്ടടിയിലും ഒതുക്കിയെന്നു മറിയാമ്മച്ചി നിരന്തരം പറയാറുള്ള ആ കല്യാണത്തിന്റെ മുഴുവൻ കുറവും നികത്തി കൊണ്ട്… അതിമനോഹരമായി ഒരുങ്ങിയവൾ.

വൃത്തിയായി ചുറ്റി കെട്ടിയ ഹിജാബിനുള്ളിൽ ഒരമ്പിളി കീറു പോലെ.. അവന് മുന്നിൽ പാത്തു തിളങ്ങി.

മറിയാമ്മച്ചിയുടെ അൽപ്പം ഉയർന്നു കേട്ട ചുമ.. അത് തനിക്കുള്ള വാണിങ് കൂടിയാണെന്ന് മനസ്സിലാക്കി മനസ്സോട്ടുമില്ലാതെയാണ് ക്രിസ്റ്റി പാത്തുവിൽ നിന്നും മഴികൾ പിൻവലിച്ചത്.
അവനടുത്തേക്ക് വരാൻ തുടങ്ങിയവളെ ആരോ പിടിച്ചു നിർത്തി സംസാരിക്കുന്നുണ്ട്.

“അമ്മയെവിടെ..?”
ക്രിസ്റ്റി മറിയാമ്മച്ചിയെ നോക്കി.

“നിന്റമ്മ അവളുടെ മുഖത്തല്ലല്ലോ?”
അവനോട് അൽപ്പം ചേർന്നു നിന്നിട്ട് മറിയാമ്മച്ചി ചോദിച്ചു.

ക്രിസ്റ്റീയൊന്നു ഇളിച്ചു കാണിച്ച് കൊടുത്തു.

“അകത്തുണ്ട്.. വാ ”

ഒന്നാമർത്തി മൂളി കൊണ്ട് അവർ ഡെയ്സിയുടെ മുറിയുടെ നേരെ നോക്കി.

“ഞാനെന്റെ പെണ്ണിനെ വായിൽ നോക്കും.. വേണ്ടി വന്ന കെട്ടിപിടിച്ചുമ്മ കൊടുക്കും. അതിന് നിങ്ങക്കെന്താ ഇത്രേം അസൂയ?”
മറിയാമ്മച്ചിയെ ചേർന്നു നടക്കുന്നതിനിടെ ക്രിസ്റ്റി പറഞ്ഞു.

“ഉവ്വാ.. ഇതൊക്കെ നടന്ന മതി ”

കുഞ്ഞോരു ചിരിയോടെ മറിയാമ്മച്ചി പറഞ്ഞു.

“ചുന്ദരി ആയിട്ടുണ്ടല്ലോ..?”
ക്രിസ്റ്റി നടക്കുന്നതിനിടെ തന്നെ ചുണ്ട് കോട്ടി.

“ഓഓഓ… നീ പറഞ്ഞില്ലേലും എനിക്കറിയാടാ ഞാൻ കാണാൻ അൽപ്പം മെനയുണ്ടെന്ന്. ”

അതിനേക്കാൾ അന്തസ്സായി മറിയാമ്മച്ചി അവനെയും പുച്ഛിച്ചു.

“ഇതിനകത്തുണ്ട്.. ചെല്ലങ്ങോട്ട് ”
ഡെയ്സിയുടെ മുറിക്ക് പുറത്ത് നിന്നും പറഞ്ഞിട്ട് മറിയാമ്മച്ചി റിഷിനെയാണ് നോക്കിയത്.

“പ്ലീസ്…”
ആ നോട്ടം കണ്ടതും ക്രിസ്റ്റി ചുണ്ട് ചുളുക്കി കൊണ്ട് പതിയെ പറഞ്ഞു.

റിഷിനോട് ഇപ്പോഴുമുള്ള കലിപ്പ് വിട്ട് മാറാത്ത അവർ വീണ്ടും വല്ലതും മുഖം കറുപ്പിച്ചു കൊണ്ട് അവനോട് വിളിച്ചു പറയുമോയെന്നവൻ നന്നായി ഭയന്നിരുന്നു.
കൂടെയുള്ളവൻ അല്ലങ്കിലേ വല്ലാത്തൊരു അവസ്ഥയിലാണ്.
തിരികെ പോകുമെന്ന് പറഞ്ഞു നിൽക്കുന്നവനാണ്..

അവനെ മനസ്സിലായത് പോലെ.. മറിയാമ്മച്ചി പിന്നൊന്നും പറയാൻ നിൽകാതെ തിരിഞ്ഞു നടന്നു.

“വാ..”

റിഷിനെ തോളിൽ പിടിച്ചു കൊണ്ട് ക്രിസ്റ്റി വാതിൽ തുറന്നു.

റിഷിൻ മുഖം ഉയർത്തി നോക്കുന്നില്ല.

അപ്പോഴും നല്ലത് പോലെ വിറക്കുന്നുണ്ട്.

വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ഡെയ്സി കിടക്കയിൽ നിന്നും പിടഞ്ഞെഴുന്നേറ്റു.

തൊട്ട് മുന്നിൽ.. തോളോട് തോൾ ചേർന്നു നിൽക്കുന്ന രണ്ടു മക്കൾ.

തമ്മിലെ വാശിയും വൈരാഗ്യവും കൊണ്ട് തമ്മിൽ തല്ലിയപ്പോഴെല്ലാം.. മനസ്സിൽ വെറുതെ സങ്കൽപ്പിച്ചു കൊണ്ട് നോവകറ്റിയ ആ നല്ല ചിത്രമാണ് കണ്മുന്നിൽ നിറവോട് കൂടി വിടർന്നു നിൽക്കുന്നത്.

നിറഞ്ഞ ചിരിയോടെ.. അഭിമാനത്തോടെ നിൽക്കുന്നവന്റെ അരികിൽ കുറ്റബോധം കൊണ്ട് കുനിഞ്ഞു പോയ മുഖത്തോടെ മറ്റൊരുവൻ.

ഏറെ നഷ്ളുകളൊന്നും വേണ്ടി വരില്ല ക്രിസ്റ്റീയിലുള്ള ആ ചിരി.. മാറ്റവനിലേക്കും പകർന്നു കിട്ടാണെന്ന് ഡെയ്സിക്ക് തോന്നി.

കാരണം റിഷിനെ ചേർത്ത് പിടിച്ച ആ കൈകൾ… അത് അത്രമാത്രം സുരക്ഷയോടെയാണ്.. സ്നേഹത്തോടെയാണ്.
സന്തോഷം കൊണ്ട് ഡെയ്സിക്ക് ശ്വാസം മുട്ടുന്നത് പോലെ..

“ഞാനെന്റെ വാക്ക് പാലിച്ചിരിക്കുന്നു ”
റിഷിനെ ഡെയ്സിക്ക് മുന്നിലേക്ക് നീക്കി നിർത്തി കൊണ്ട് ക്രിസ്റ്റി പറഞ്ഞു.

നിറഞ്ഞ കണ്ണോടെ അവർക്ക് മുന്നിൽ വന്നു നിന്ന ഡെയ്സി ആദ്യം ക്രിസ്റ്റിയുടെ മുഖം പിടിച്ചു താഴ്ത്തി.. അവന്റെ നെറ്റിയിലൊരുമ്മ കൊടുത്തു.

ശേഷം വിറക്കുന്ന കൈകൾ കൊണ്ട് റിഷിന്റെ കവിളിൽ ചേർത്ത് വെച്ചു പിടിച്ചു താഴ്ത്തി ആ നെറ്റിയിലും ചുണ്ട് ചേർക്കുമ്പോൾ.. നിയന്ത്രണം വിട്ടത് പോലെ റിഷിൻ വിങ്ങി കരഞ്ഞിരുന്നു.

ഡെയ്സിക്ക് മുന്നിൽ അവൻ കൈ കൂപ്പി.

അവനെ തന്നിലേക്ക് ചേർക്കുമ്പോൾ ഇടതു കൈ കൊണ്ടവർ ക്രിസ്റ്റീയെയും ചേർത്ത് പിടിച്ചു.

ഇടവും വലവും ശക്തമായയൊരു കരുത്തു വന്നത് പോലെ ആ അമ്മയുടെ മുഖം പ്രകാശിക്കുന്നുണ്ടായിരുന്നുവപ്പോഴും.

മറിയാമ്മച്ചിയോ പാത്തുവോ.. രണ്ടിൽ ആരോ വിളിച്ചു കൂട്ടിയിട്ട് മാത്തച്ഛന് പിറകെ കുന്നേൽ ഉള്ളവരെല്ലാം ഡെയ്സിയുടെ മുറിയിലേക്ക് ഇടിച്ചു കയറി വന്നു.

വീണ്ടും റിഷിന്റെ മുഖം കുനിഞ്ഞു.

തോളു കൊണ്ടവൻ കണ്ണ് തുടക്കുന്നുണ്ട്.

“ആഹാ..ഇവിടെ നിന്നാൽ മതിയോട മക്കളെ.. പെങ്ങളെ കല്യാണത്തിന് ചേട്ടന്മാർക്ക് എന്തെല്ലാം ജോലിയുണ്ട് ”
മാത്തച്ഛൻ റിഷിന്റെ ചുമലിൽ തട്ടി പറഞ്ഞതോടെ തുടച്ചു കളഞ്ഞ അവന്റെ കണ്ണുകൾ വീണ്ടും നനഞ്ഞു.
റിഷിൻ തല ചെരിച്ചു കൊണ്ട് ക്രിസ്റ്റിയെ നോക്കി.

അവനൊന്നു കണ്ണ് ചിമ്മി കാണിച്ചു.

ദിലു കരച്ചിൽ വന്നതൊതുക്കി ക്രിസ്റ്റിയെ നോക്കുന്നുണ്ടായിരുന്നു.

ക്രിസ്റ്റി അവളെ കണ്ണ് കൊണ്ട് അടുത്തേക്ക് വിളിച്ചു.
അവളോടി അവന്റെ നെഞ്ചിൽ പറ്റി ചേർന്നു നിന്നു.

“നിനക്കവനേം കൂട്ടി എന്നോട് തല്ല് പിടിക്കണ്ടെടി?”
ക്രിസ്റ്റി സ്വകാര്യം പോലെ ചോദിച്ചു.

അവൾ അവനെ നോക്കിയൊന്ന് കണ്ണുരുട്ടി.

മീര റിഷിനെ തന്നെ നോക്കി നിൽപ്പാണ്.

ഒരുവേള അവളുടെ കണ്ണുകൾ ക്രിസ്റ്റീയുമായി കോർത്തു.
അവനൊന്നു ചിരിച്ചു കാണിച്ചതോടെ അവൾ അതിനർത്ഥം മനസ്സിലാക്കി റിഷിന്റെ മുന്നിലെത്തി.

“ഏട്ടനെ.. കാത്തിരിക്കായിരുന്നു ”
പതിയെ മുന്നിൽ വന്ന് നിന്നിട്ട് ചിരിയോടെ പറയുന്നവളെ റിഷിൻ ഞെട്ടലോടെയാണ് നോക്കിയത്.

താൻ പ്രതീക്ഷിച്ച വെറുപ്പിന്റെ നേർത്തൊരു കണിക പോലുമില്ല.. അവളുടെയാ കണ്ണുകളിൽ.

ചുറ്റും കാണുന്നതത്രയും സ്നേഹമാണെന്ന തോന്നലിൽ അവൻ വീണ്ടും തളർന്നു. കണ്ണ് നിറഞ്ഞു..

എല്ലാവരും പരിഗണിക്കുന്നു.. സ്നേഹിക്കുന്നു എന്നയോർമ അവന് വേദനയായിരുന്നു അപ്പോൾ നൽക്കുന്നത്.

മറിയാമ്മച്ചി മാത്രം മാറി നിൽപ്പുണ്ട്.

മാത്തച്ഛൻ വീണ്ടും തിരക്കുകളെ കുറിച്ചോർമ്മിപ്പിച്ചതും ക്രിസ്റ്റി പാത്തുവിനെയും വിളിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.

“നല്ലൊരു ദിവസമായിട്ട് മോന്തേം വീർപ്പിച്ചു നിന്നാ ആ മോന്ത ഞാൻ കുത്തി പൊട്ടിക്കും കേട്ടോ ”
പാത്തുവിനേം വിളിച്ചു കൊണ്ട് പോണപോക്കിൽ “എന്റെ പിണക്കം അങ്ങനൊന്നും ഞാനിപ്പോ പറഞ്ഞു തീർക്കാൻ ഉദ്ദേശിചിട്ടില്ലെന്ന് വാശി പിടിച്ചു നിൽക്കും പോലെ ചുവരിൽ ചാരി നിൽക്കുന്ന മറിയാമ്മച്ചിയെ നോക്കി പറഞ്ഞിട്ട് അവനൊന്നു കണ്ണുരുട്ടി കാണിച്ചു.

💞💞
വാതിൽ അടച്ചു ലോക്ക് ചെയ്തു കൊണ്ട് തന്നെ അടിമുടി നോക്കുന്ന ക്രിസ്റ്റിയുടെ നേരെ പാത്തുവിന്റ കണ്ണുകൾ കൂർത്തു.

“ന്തേയ്‌..”

അവൻ ചുണ്ടിൽ കൈ വിരൽ ചേർത്ത് വെച്ചു കൊണ്ട് അതേ നിൽപ്പ് തുടരുന്നത് കണ്ടതും പാത്തു ചോദിച്ചു.

“മ്മ്മ്മ്ഹ്.. ഞാൻ കാണുവാ നിന്നെ ”
കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് കൊണ്ട് ക്രിസ്റ്റി പതിയെ പറഞ്ഞു.

“രസണ്ടോ..?”
അവന്റെ മുന്നിൽ നിന്നൊന്ന് സ്വയം നോക്കി കൊണ്ട് പാത്തു ആവേശത്തിൽ ചോദിച്ചു.

“പിന്നില്ലാതെ.. എനിക്കങ്ങ് കടിച്ചു പറിക്കാൻ തോന്നുവാ ”

“ഷാളിങ്ങനെ ചുറ്റിയത് ഇഷ്ടയോ?”

“മ്മ്മ്..”

“ഇച്ഛക്ക് കുഴപ്പമില്ലല്ലോ?”
പാത്തുവിന്റെ സംശയം കേട്ടപ്പോൾ ക്രിസ്റ്റിക്ക് ചിരി വന്നു.

“നീ കംഫേർട്ടബ്‌ളല്ലേ?”
ക്രിസ്റ്റി അവളുടെ അരികിലേക്ക് ചെന്നു.

“ഞാൻ പറഞ്ഞിട്ട് ചെയ്തു തന്നതാ.. അമ്മയ്ക്കും മറിയാമ്മച്ചിക്കും നല്ലോണം ഇഷ്ടയി ന്ന് പറഞ്ഞു ”
പാത്തു സന്തോഷത്തോടെയാണ് പറയുന്നത്.

ചിരിയോടെ അവനവളെ കെട്ടിപിടിക്കാൻ ആഞ്ഞു.

“എന്റെ മേക്കപ്പെങ്ങാനും കളഞ്ഞ കൊല്ലും ഞാൻ ”
പാത്തു പിന്നിലേക്ക് മാറി കൊണ്ട് അവന് നേരെ വിരൽ ഉയർത്തി.

“ഒരു മേക്കപ്പിന്റെ വില കൂടിയില്ലെടി എനിക്ക്?”
നടുവിന് കൈ കുത്തി നിന്നിട്ട് ക്രിസ്റ്റി ചോദിച്ചു.

“ഇന്നെനിക്ക് മേക്കപ്പ് മുഖ്യം ബിഗിലെ ”

അതിലൊന്നും വീഴില്ലെന്നത് പോലെ പാത്തു കുറുമ്പോടെ പറഞ്ഞു.

“നിന്നെയെന്റെ കയ്യിൽ കിട്ടുമെടി.. ഞാനെടുത്തോളാം കേട്ടോ ”
ക്രിസ്റ്റി കണ്ണുരുട്ടി കൊണ്ട്.

“ഒരുമണിക്കൂർ കൊണ്ട് ഒരുങ്ങിയതാ ഇച്ഛാ.. ഇനിയും ഒരുങ്ങാൻ സമയമില്ലാഞ്ഞിട്ടല്ലേ. എനിക്കറിയാലോ ഇച്ചേടെ കയ്യിൽ കിട്ടിയാലുള്ള അവസ്ഥ ”
അവൻ പിണങ്ങിയെന്നുള്ള തോന്നലിൽ പാത്തു എണ്ണി പൊറുക്കി പറയുന്നുണ്ട്.

“ആയിക്കോട്ടെ…”
ക്രിസ്റ്റി എന്നിട്ടും വല്ല്യ മൈന്റോന്നും ഇല്ലാത്ത പോലെ പറഞ്ഞു.

“പ്ലീസ് ഇച്ഛാ..”
പാത്തു അവന്റെ അരികിലെത്തി.

ക്രിസ്റ്റി അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് പിടിച്ചു കൊണ്ട് തന്നിലേക്ക് ചേർത്ത് പിടിച്ചു.

“ദേ… ഈ കവിളിങ്ങനെ മേക്കപ്പിട്ട് ചുവപ്പിച്ചതിലും ഭംഗിയായി നിന്നെ മനോഹരിയാക്കാൻ എനിക്കറിയാം. ഞാനൊന്ന് ചേർത്ത് പിടിച്ചാൽ തന്നെയും നീ ബ്ലഷ് അടിച്ചു പോകുമല്ലോ…?”

ക്രിസ്റ്റിയവളുടെ കവിളിൽ തലോടി.

“എന്റെയൊരു ചുംബനം കൊണ്ട് തന്നെ നിന്റെ ചുണ്ടുകൾ ഇതിനേക്കാൾ ഭംഗിയേറുമല്ലോ…?”
അവനവളുടെ ചുണ്ടിലുമൊന്ന് തട്ടി.

പാത്തുവൊന്നും പറയാതെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

“ഡ്രസ്സ്‌ എടുത്തു താ പാത്തോ… ഇല്ലേൽ നീ പറഞ്ഞ പോലെ ഒന്നൂടെ കുളിച്ചു മേക്കപ്പിട്ട് ചുന്ദരിയാവേണ്ടി വരും ”

ക്രിസ്റ്റി കുറുമ്പോടെ അവളുടെ കാതിൽ പറഞ്ഞു.

പാത്തു പിടഞ്ഞു കൊണ്ടവനിൽ നിന്നും അകന്ന് മാറി നിന്നു.

പാത്തുവിന്റെ സാരിയുടെ അതേ കളർ ഷർട്ടും വെള്ളമുണ്ടുമാണ് ക്രിസ്റ്റിയുടെ ഡ്രസ്സ്‌.

പാത്തു ഷെൽഫിൽ നിന്നും അതെടുത്തു.

ബാത്റൂമിൽ പോയെന്നു ഫ്രഷ് ആയി വന്നു കൊണ്ട് ക്രിസ്റ്റി ധൃതിയിൽ അത് ധരിച്ചു.

“ഇച്ഛാ.. പെട്ടന്ന്.. താഴെ നിന്നും വിളിക്കുന്നുണ്ട്”

പാത്തു ധൃതി കൂട്ടി.

ക്രിസ്റ്റി കണ്ണാടിക്ക് മുന്നിൽ നിന്നിട്ട് ഒരുങ്ങുന്ന തിരക്കിലാണ്.

“ഞാൻ പോയാലോ ന്നാ?”
പാത്തു അവനെ നോക്കി.

“നിക്ക്.. നമ്മുക്ക് ഒരുമിച്ച് ഇറങ്ങാം ”
ക്രിസ്റ്റി വാച്ചെടുത്തു കെട്ടി കൊണ്ട് പറഞ്ഞു.

“കൊള്ളാവോ..?”ഒരുങ്ങി കഴിഞ്ഞ് അവൾക്ക് മുന്നിൽ സ്റ്റടിയായി നിന്ന് കൊണ്ടവൻ ചോദിച്ചു.

മീരക്ക് ആഭരണമെടുത്തപ്പോൾ വാങ്ങിയ ബ്രെസ്ലെറ്റും കഴുത്തിലെ മാലയും അവനൊപ്പം തിളങ്ങുന്നുണ്ടായിരുന്നു.

ഷർട്ടിലും മുണ്ടിലും അവനൊരു പ്രതേകഭംഗിയുണ്ടായിരുന്നു.

പാത്തുവിന്റെ കണ്ണിൽ നിന്നും അവനാ അഭിപ്രായം കണ്ട് പിടിച്ചിരുന്നു.

കണ്ണിമ വെട്ടാതെ തന്നെ നോക്കി നിൽക്കുന്നവളെ ചേർത്ത് പിടിച്ചിട്ട് ധൃതിയിൽ കുറേ ഫോട്ടോയുമെടുത്തിട്ടാണ് ക്രിസ്റ്റിയും പാത്തുവും താഴെക്കിറങ്ങിയത്.

❣️❣️

രാജകുമാരന്റെ പ്രൌഡിയോടെ ഒരുങ്ങിയിറങ്ങി വന്ന ഫൈസിയെ വരവേൽക്കാൻ ക്രിസ്റ്റിക്കൊപ്പം നിൽക്കുമ്പോൾ റിഷിൻ വീണ്ടും വീണ്ടും വിറച്ചു പോകുന്നുണ്ട്.

എവിടെയോ പോയൊളിക്കാൻ വെപ്രാളം പൂണ്ടു നടക്കുന്നവനെ മനഃപൂർവം ഓരോ ജോലിക്ക് വേണ്ടി ഏല്പിക്കുമ്പോൾ താനിതൊന്നും അർഹിക്കുന്നതല്ലെന്ന് റിഷിന്റെ മനസ്സ് നിരന്തരം ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു.
എന്നിട്ടും അൽപ്പം പോലും മാറി നിൽക്കാൻ അവരാരും അവനെ ഒറ്റയ്ക്ക് വിട്ടില്ല.

കോളേജിലെ മുഴുവൻ കൂട്ടുകാരും ഫൈസിയുടെ കൂടെയുണ്ടായിരുന്നു.

ക്രിസ്റ്റിയവനെ കെട്ടിപിടിച്ചു കൊണ്ട് സ്വീകരിച്ചു.

നിറഞ്ഞ ചിരിയോടെ രണ്ടു പേരും ചേർന്നു നിൽക്കുന്നത് കാണാൻ തന്നെ നല്ല ചേലായിരുന്നു.

“ഇതെന്താണ്.. കുഞ്ഞളിയന് എന്നേക്കാൾ നാണമാണല്ലോ?”
മുഖം കുനിച്ചു നിൽക്കുന്ന റിഷിനെ ക്രിസ്റ്റിയെ പോലെ തന്നെ കെട്ടിപിടിച്ചു കൊണ്ട് ഫൈസി അവന്റെ ചെവിയിൽ അവന് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പറയുമ്പോൾ ആ പരിഗണനയും റിഷിനുള്ളിലെ അസ്വസ്ഥത കൂട്ടുകയാണ് ചെയ്തത്.
ഫൈസിയോട് ചെയ്തതെല്ലാം ഓർത്തവൻ വീണ്ടും വീണ്ടും വേദനിച്ചു..

“അകത്തേക്ക് വാടാ..”

റിഷിനിൽ നിന്നും വിട്ടകന്ന ഫൈസിയുടെ കൈ പിടിച്ചു കൊണ്ട് ക്രിസ്റ്റി പറഞ്ഞു.

അവനൊപ്പം സ്റ്റേജിന് നേരെ നടക്കുമ്പോൾ ഫൈസി റിഷിന്റെ കൈകൾ കൂടി പിടിച്ചിട്ടുണ്ടായിരുന്നു…

അത് വരെയും പതിഞ്ഞ ശബ്ദത്തിൽ മുഴങ്ങി കേട്ടിരുന്ന ഇശാലിന്റെ ഈരടികൾക്ക് കനം വെച്ചിരുന്നു അവൻ വന്നിറങ്ങിയ നിമിഷം തൊട്ട്.താളവും മുറുകി.

നിരവധി കണ്ണുകളും മനസ്സുകളും ആശീർവാദത്തോടെ ഫൈസിയെ തഴുകി. അതിനിടയിൽ കൂടി ഭംഗിയായി ചിരിച്ചു കൊണ്ടവൻ തല ഉയർത്തി പിടിച്ചു നടന്നു.

ക്രിസ്റ്റി തന്നെയാണ് ഫൈസിയെ സ്റ്റേജിലേക്ക് പിടിച്ചു കയറ്റിയത്.

അതിധൃതം മിടിക്കുന്ന മനസോടെ.. തിടുക്കത്തോടെ അവന്റെ കണ്ണുകൾ മീരയെ കാണാൻ ദാഹിക്കുന്നുണ്ടായിരുന്നു.

നിമിഷങ്ങൾക്കുള്ളിൽ… രാജകുമാരിയെ പോലെ… ദിലുവിനും പാത്തുവിനുമൊപ്പം നേർത്തൊരു ചിരിയോടെ നടന്നു വരുന്ന മീരയെ കാണെ… ഫൈസി ശ്വാസിക്കാൻ തന്നെ മറന്നത് പോലെ നിന്ന് പോയി..

തുടരും.

സ്വർണ നിറമുള്ള ലഹങ്കയിൽ സൂര്യനെ പോലെ ജ്വലിക്കുന്ന മീരാ..

അരികിലേക്ക് വന്നവൾക്ക് വേണ്ടി ഫൈസി കൈ നീട്ടി.

തന്റെ പ്രണയത്തെ.. കൈ പിടിച്ചു സ്റ്റേജിലേക്ക് കയറ്റുമ്പോൾ ലോകം പിടിച്ചടക്കിയവന്റെ സന്തോഷമുണ്ടായിരുന്നു ഫൈസിയുടെ മുഖം നിറയെ.

അത് വരെയും ആരൊക്കെയോ വാക്കുകൾ കൊണ്ടേല്പിച്ച മുറിവുകൾ ആ ചിരിയിലലിഞ്ഞു പോകുന്നൊരു സന്തോഷത്തോടെയാണ് മുഹമ്മദും ആയിഷയും മകനെ നോക്കുന്നത്.
ഫറ പിന്നെ ചെക്കന്റെ പെങ്ങളെന്ന ലേബലിൽ അൽപ്പം ജാഡയിട്ട് സ്റ്റെജിൽ ഫൈസിയോട് ചേർന്നു തന്നെ നിൽപ്പുണ്ട്.

മുഹമ്മദെടുത്തു കൊടുത്ത മാല കൈ നീട്ടി വാങ്ങിയിട്ട് ഫൈസി ക്രിസ്റ്റിയെയാണ് നോക്കിയത്.

ഹൃദയം നിറക്കുന്നൊരു ചിരിയോടെ അവന്റെ കണ്ണിലും സമ്മതമറിയിച്ചു കൊണ്ടൊരു ചിരി ബാക്കിയുണ്ട്… പ്രിയപ്പെട്ട കൂട്ടുകാരന് വേണ്ടി.

അത്രമേൽ സന്തോഷത്തോടെ… അവിടെ തിങ്ങി കൂടിയവരുടെ ആശീർവാദത്തോടെ ഫൈസി മീരയെ അവന്റെ പാതിയാക്കി.

അവളുടെ സീമന്തരേഖയെ ഫൈസിയുടെ ചുംബനമാണ് ചുവപ്പണിയിച്ചത്.

“നിന്റെ കൂടി പെങ്ങളാണ് റിഷു.. മീരാ.എന്നേക്കാൾ നിനക്കാണ് അവളെ കൈ പിടിച്ചേൽപ്പിക്കാൻ അർഹത.. നീ ചെയ്യില്ലേ..?നിന്റെ കടമ കൂടിയാണത് ”

തനിക്കരികിൽ നിൽക്കുന്ന റിഷിന്റെ കാതിൽ ക്രിസ്റ്റി മറ്റാരും കേൾക്കാതെ പതിയെ ചോദിച്ചു.

“ഞാനോ… ഞാൻ..”
അവൻ വാക്കുകൾക്കായി പരതുന്നുണ്ടായിരുന്നു.

“നീയും ഞാനും വേണ്ടടാ.. നമ്മൾ ചെയ്യുന്നു.. അതിന് ഒക്കെയല്ലേ?”
ക്രിസ്റ്റി അവന്റെ തോളിലൂടെ കയ്യിട്ട് പിടിച്ചു.

അവനതിനു ഉത്തരമൊന്നും പറഞ്ഞിലെങ്കിലും ആ മുഖത്ത് വീണ്ടും അസ്വസ്ഥതയുടെ കാർമേഘങ്ങളിരുണ്ട് കൂടുന്നത് ക്രിസ്റ്റി അറിയുന്നുണ്ടായിരുന്നു.

“ഇത് കൂടി കഴിഞ്ഞിട്ട് പോയ പോരെ നിനക്ക്? ”
കുഞ്ഞോരു ചിരിയോടെ ക്രിസ്റ്റി റിഷിനെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.

അവന്റെയാ ചിരിയിലേക്ക് വല്ലാത്തൊരു ഭാവത്തോടെ റിഷിൻ നോക്കുന്നുണ്ടായിരുന്നു.

“എന്തെ..നിനക്ക് പോണ്ടേ?”
ക്രിസ്റ്റി വീണ്ടും അവനെ നോക്കി.

“മ്മ്..”
ഒന്ന് മൂളി കൊണ്ട് റിഷിൻ വീണ്ടും മുഖം കുനിച്ചു.

ഒടുവിൽ ചടങ്ങുകളെല്ലാം അതിന്റെ മുറക്ക് തന്നെ നടത്തി.. കൈ പിടിച്ചേൽപ്പിക്കാനുള്ള വിളിയെത്തി.

എല്ലാ കണ്ണുകളും ക്രിസ്റ്റിക്ക് നേരെയാണ് നീണ്ടത്.

അത് പ്രതീക്ഷിച്ചു നിന്നത് കൊണ്ട് തന്നെ ക്രിസ്റ്റി ഫൈസിയുടെ അരികിലേക്ക് പോകുമ്പോൾ റിഷിന്റെ കൈകളും അവനിൽ ഭദ്രമായിരുന്നു.

അവനത് അങ്ങനെ തന്നെ ചെയ്യുമെന്നുറപ്പിച്ചത് പോലൊരു ചിരി ഫൈസിയുടെ ചുണ്ടിലുമുണ്ടായിരുന്നു.

സ്റ്റേജിൽ എത്തിയപ്പോഴും റിഷിൻ ആരെയും നോക്കുന്നുണ്ടായിരുന്നില്ല.

ക്രിസ്റ്റി മീരയുടെ കൈ പിടിച്ചിട്ട് റിഷിന്റെ കയ്യിലേക്ക് ചേർത്ത് വെച്ച് കൊടുത്തു.

അവനാണ് വിറയലോടെ അവളെ ഫൈസിയുടെ കയ്യിൽ ഏല്പിച്ചു കൊടുത്തത്.

കണ്ണ് നിറച്ചു നിൽക്കുന്ന മീരയെ നെഞ്ചിൽ ചേർത്ത് പിടിക്കുമ്പോൾ ഫൈസി റിഷിനെ നോക്കി ചിരിയോടെ കണ്ണ് ചിമ്മി.

ആഘോഷങ്ങളുടെ തുടക്കം മാത്രമായിരുന്നു അപ്പോഴവിടെ ആരംഭിച്ചു കഴിഞ്ഞത്.

പാട്ടും നൃത്തവുമായി കൂടുതൽ ആഘോഷത്തിമിർപ്പിന് കൂടി വേദിയൊരുങ്ങി.

ജാഡയോ ഫോർമാലിറ്റികളോ.. പണക്കാരോ പാവപെട്ടവരോ എന്നൊന്നുമില്ലാതെ അവരത് സന്തോഷത്തിന്റെ മുഹൂർത്തമാക്കി മാറ്റിയിരിക്കുന്നു.

ഒന്നിച്ചു നിന്ന് കൊണ്ട്!

❣️❣️

എത്രയൊക്കെ ചേർത്ത് പിടിക്കാൻ ശ്രമിച്ചിട്ടും അപ്പോഴും കുറ്റബോധവും പേറി മുഖം കുനിച്ചു നിൽക്കുന്ന റിഷിനെ നോക്കി അകലെ നിന്ന് ഗൗരി ആരുമറിയാതെ കരച്ചിലൊതുക്കി.
അവനടുത്തേക്ക് ചെല്ലണമെന്നുണ്ട്..
ഹൃദയമൊരു ശാട്യത്തോടെ അതിന് നിർബന്ധം പിടിക്കുന്നുണ്മുണ്ട്.
പക്ഷേ ശൂന്യമായ ഏതോ ഒരു ശക്തി തനിക്കും അവനുമിടയിൽ വലിയൊരു മതിൽ കെട്ടിപ്പടുത്തത് പോലെ..

അവനിറങ്ങി വന്നത് മുതൽ ഗൗരിയുടെ കണ്ണുകൾ അനുസരണക്കേടുള്ള കുട്ടിയെ പോലെ റിഷിനെ തന്നെ ചുറ്റി പറ്റി തിരിയുന്നുണ്ട്.

എത്രയൊക്കെ തടയാൻ ശ്രമിച്ചിട്ടും അതെല്ലാം ദയനീയമായി പരാജയപ്പെട്ടത്തോടെ ഗൗരി തീർത്തും നിസ്സഹായാണ്.

വെറുതെ പോലും അവൻ തന്നെയൊന്ന് അന്വേഷിച്ചു നോക്കുന്നില്ലല്ലോ എന്നവളുടെ ഹൃദയം പരിഭവം പറയുന്നുണ്ട്.

അവനതിനു പറ്റിയൊരു അവസ്ഥയില്ലല്ലെന്നും അതേ മനസ്സ് തന്നെ ആശ്വാസം പകരുന്നുണ്ട്.

എത്രയൊക്കെ അവഗണിച്ചാലും തന്റെ പ്രണയത്തെ പരിഹസിച്ചാലും മരണം വരെയും..അവനിൽ നിന്നും തനിക്കൊരു മടക്കമില്ലെന്ന് കൂടി ഗൗരി ആ സമയം മനസ്സിലാക്കുകയായിരുന്നു.

ഒരേ സമയം സന്തോഷവും സങ്കടവും നൽകുന്നൊരു തിരിച്ചറിവ്!

ഒരാളിൽ നിന്നും തിരിഞ്ഞു നടക്കാൻ കഴിയാത്ത കാരണത്തെ സ്നേഹമെന്നല്ലാതെ പിന്നെന്തു വിളിക്കാനാണ്?

തിരിച്ചു കിട്ടാത്തൊരു ദൂരേക്ക് അവനകന്ന് പോകുന്നുവെന്നൊരു ഭയം..വേവലാതി. താനവന് വേണ്ടി വഴി മാറി കൊടുത്തവളാണെന്ന് കൂടി റിഷിനെ കണ്ടത് മുതൽ ഗൗരി മറന്നു പോയിരുന്നു.

അല്ലെങ്കിലും തിരിച്ചു കിട്ടില്ലെന്നുള്ള തിരിച്ചറിവ് തന്നെയൊരു വിങ്ങല്ലല്ലേ?

സ്നേഹിച്ചത്തിന്റെ ആഴമനുസരിച്ച് അതങ്ങനെ കൂടി കൂടി വരും..

അതിനി കാലമായാലും മനുഷ്യനായാലും സ്നേഹമായാലുമൊക്കെ അങ്ങനെ തന്നെ.

റിഷിൻ ചെറിയാനെ ഗൗരി രാജൻ പ്രണയിക്കയായിരുന്നു.. അല്ലാതെ വിട്ടിട്ട് പോയാലും അതേ ലാഘവത്തോടെ മറന്നു കളയാൻ, പ്രണയം അഭിനയിക്കയായിരുന്നില്ലല്ലോ?

ഗൗരി വേദന സഹിക്കാൻ പറ്റില്ലെന്ന് തോന്നിയപ്പോഴെല്ലാം അവളെ തന്നെ ആശ്വാസിപ്പിക്കുന്നുണ്ടായിരുന്നു.

ക്രിസ്റ്റി ഫിലിപ്പെന്ന ഏട്ടന്റെ തണലിൽ പഴയതെല്ലാം മറന്നു കളയാനും പുതിയ ഒരായി മാറാനുമുള്ള റിഷിന്റെ പ്രയാണം .. അത് വിജയിക്കും.. ഗൗരിക്കതുറപ്പുണ്ട്.

കാരണം കൂടെയുള്ളത് സ്നേഹം കൊണ്ട് എതിരെയുള്ള ഏതൊരാളെയും കീഴ്പ്പെടുത്താനറിയാവുന്ന മികച്ച പോരാളിയാണ്.

അവന്റെ കീഴിൽ റിഷിൻ വിജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പുണ്ട്.

പക്ഷേ അപ്പോഴെല്ലാമവളെ നോവിക്കുന്നത്, ആ കൂട്ടത്തിൽ അവൻ തന്നെയും മറന്നു കളയുമല്ലോ എന്നുള്ള ചിന്തയാണ്..

മുന്നിൽ നടക്കുന്ന ആഘോഷങ്ങളൊന്നും തന്നെ ഗൗരിയുടെയുള്ളിൽ അലയൊലി സൃഷ്ടിക്കുന്നുണ്ടായിരുന്നില്ല.

അവനെ കാണാതിരിക്കാൻ ശ്രമിച്ചത് പോലും മറക്കാനുള്ള എളുപ്പത്തിനാണ്..

എന്നിട്ടോ?

ഓർമ്മിക്കുവാനും സ്നേഹിക്കുവാനും കൂടുതൽ ശ്രമിച്ചു എന്നതല്ലേ സത്യം.?

പലപ്പോഴും അപമാനിക്കപ്പെട്ടയിടങ്ങളിലേക്ക് വീണ്ടും വീണ്ടും ഏന്തി വലിഞ്ഞു ഗതികേട് കൊണ്ട് കയറി ചെല്ലുന്നൊരു കോമാളിയുടെ വേഷം കൂടി ചെയ്യാറുണ്ട് സ്നേഹമെന്ന് ഗൗരി വേദനയോടെ ഓർത്തു..

ഹൃദയത്തിലെ സമാധാനവും മുഖത്തെ പുഞ്ചിരിയും മായ്ച്ചു കളഞ്ഞൊരാൾ..

റിഷിനെ അതിലും മനോഹരമായി നിർവജിക്കാൻ ഗൗരിക്കറില്ലായിരുന്നു.

❣️❣️

പോവാനിറങ്ങുമ്പോൾ മീരയൊരു കണ്ണീർ കടലായി മാറിയിരുന്നു.

ക്രിസ്റ്റിയുടെ നെഞ്ചിൽ അള്ളി പിടിച്ചു കിടന്നു കരയുന്നവൾ കുന്നേലെ മുഴുവൻ ആളുകളെയും കണ്ണ് നിറയിച്ചു.

ദിലു പാത്തുവിന്റെ തോളിൽ ചാരിയിട്ട് കരച്ചിലാണ്.പാത്തുവിന്റെയും കണ്ണുകൾ നിറഞ്ഞു തൂവുന്നുണ്ട്.

നേർത്തൊരു ചിരിയോടെ.. ക്ഷമയോടെ ഫൈസി അവരുടെ അരികിൽ നിന്നും.

“ഏറി വന്നാ ഒരു പതിനഞ്ചു മിനിറ്റ്.. അത്രേം പോരെ മോളെ ഇച്ഛക്ക് നീ ഉള്ളടത്തേക്ക് ഓടിയെത്താൻ… പിന്നെന്തിനാ ഇത്രേം സങ്കടം.. ഏഹ്?”

തന്റെ മനസ്സിലെ നോവ് അവളറിയാതിരിക്കാൻ പതിവ് ചിരിയോടെ ക്രിസ്റ്റി അവളുടെ മുഖം പിടിച്ചുയർത്തി കണ്ണ് തുടച്ചു കൊടുത്തു കൊണ്ട് പറഞ്ഞു.

“സന്തോഷത്തോടെ യാത്ര പറയ്‌… ഇവിടെല്ലാവർക്കും നിന്റെ ചിരിച്ച മുഖം കാണുന്നതാ ഇഷ്ടം ”

അവനവളുടെ കവിളിൽ പതിയെ തട്ടി കൊണ്ട് പറഞ്ഞു.

അവനങ്ങനെ പറഞ്ഞുവെങ്കിലും ഡെയ്സിയോടും മറിയാമ്മച്ചിയോടും യാത്ര പറയുമ്പോൾ മീര പിന്നെയും തേങ്ങി കരയുന്നുണ്ടായിരുന്നു.

പാത്തുവിന്റെയും ദിലുവിന്റെയും കരയുന്ന മുഖം ഉള്ളിലൊരു സങ്കടം നൽകുന്നുണ്ടെങ്കിലും മീരാ ഇനിയങ്ങോട്ട് തനിക്കൊപ്പം തന്റെ കൂട്ടായി ഉണ്ടാവുമല്ലോ എന്നയോർമ ഫറയുടെ ഉള്ളിലെ വലിയൊരു സന്തോഷമായി.അതേ സന്തോഷത്തിൽ തന്നെയാണ് അവൾ വീട്ടിലേക്ക് മടങ്ങിയതും.

ആ സന്തോഷം ഫറയുടെ കണ്ണിൽ മിന്നി തിളങ്ങി നിക്കുന്നുമുണ്ട്.

“മതിയെടാ.. ഇനിയും കരഞ്ഞ അവൾക്ക് വല്ല അസുഖവും വരും. നീ അവളെ വിളിച്ചോണ്ട് പോ ”

മീരയുടെ കരച്ചിൽ അസഹ്യമായതും ക്രിസ്റ്റി ഫൈസിയുടെ തോളിൽ തട്ടി.

പാത്തുവിൻറെയും ദിലുവിന്റെയും ചേർത്ത് പിടിച്ചു കൊണ്ട് കരയുന്നവളെ ഫൈസി അൽപ്പം ബലം പിടിച്ചു കൊണ്ടാണ് മോചിപ്പിച്ചത്.

ക്രിസ്റ്റി തുറന്നു കൊടുത്തു ഡോറിലൂടെ മീരാ അകത്തേക്ക് കയറുമ്പോൾ മനപ്പൂർവം ക്രിസ്റ്റിയവളെ നോക്കിയില്ല.

അവളാവട്ടെ അവനിൽ നിന്നും നോട്ടം മാറ്റിയതുമില്ല.

എല്ലാവരോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞിട്ട് ഫൈസി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.

ഡോറിലൂടെ തല പുറത്തേക്കിട്ട് ഗേറ്റ് കടന്ന് ആ കാർ റോഡിലെത്തുവോളം മീര കണ്ണൊന്നു ചിമ്മുക കൂടി ചെയ്യാതെ പ്രിയപ്പെട്ടവരെ ആർത്തിയോടെ നോക്കുന്നുണ്ടായിരുന്നു.

ക്രിസ്റ്റിയുടെ ഇടവും വലവും നിന്നിട്ട് പാത്തുവും ദിലുവും കൈ വീശി കാണിക്കുന്നുണ്ട്.

❣️❣️

അത് വരെയും നിറഞ്ഞു നിന്ന ആരവം പൊടുന്നനെ ഒരു ശൂന്യതയിലേക്ക് കൂട് മാറിയത് പോലെ.

അവളിറങ്ങി പോയതോടെ എത്രയൊക്കെ ശ്രമിച്ചിട്ടും പിന്നെയാ പഴയ വൈബിലേക്ക് അവർക്കെത്തിപ്പെടാൻ കഴിഞ്ഞതുമില്ല.

പാത്തുവിന്റെയും ദിലുവിന്റെയും കാര്യമായിരുന്നു ഏറെ കഷ്ടം.
ചിറകൊടിഞ്ഞ പക്ഷികളെ പോലെ രണ്ടും തപ്പി തടഞ്ഞു നടന്നു.

മീരയും ഫൈസിയും പോയതോടെ പിന്നെയങ്ങോട്ട് കുന്നേൽ യാത്ര പറച്ചിലുകളുടെ ബഹളമായിരുന്നു.

കോളനിക്കാരും ഷാനിക്കയും ആര്യനുനെല്ലാം അപ്പോഴും തീരാത്ത തിരക്കുകളിലേക്ക് വീണ്ടും ഊളിയിട്ടു.

മൂക്ക് മുട്ടെ കഴിച്ചിട്ടും ബാക്കി വന്ന ഭക്ഷണം പൊതിഞ്ഞെടുക്കുന്ന തിരക്കിലാണ് ചില വിരുതൻമാർ.

റിഷിൻ ബഹളങ്ങളിൽ നിന്നെല്ലാം രക്ഷപെടുന്നത് പോലെ സ്വന്തം മുറിയിലേക്ക് പോയത് കണ്ടിട്ടും.. ഇനി കുറച്ചു നേരം അവനൊറ്റക്കിരുന്നോട്ടെയെന്ന് കരുതി ക്രിസ്റ്റിയവനെ അവന്റെ വഴിയേ വിട്ടു.

ഇരുട്ട് വീണപ്പോഴായിരുന്നു പിന്നെയാ തിരക്കൊന്നൊഴിഞ്ഞത്.

ആളുകളെല്ലാം പിരിഞ്ഞു പോയിരുന്നു.
എവിടെയോ ഒടിഞ്ഞു തൂങ്ങിയിരുന്ന പാത്തുവിനെ തേടി പിടിച്ചു യാത്ര പറഞ്ഞിട്ടാണ് സഫിയാത്തയും മഞ്ജു ചേച്ചിയും അവിടെ നിന്നും മടങ്ങിയത്.

കല്യാണമുറപ്പിച്ച ദിവസം തന്നെ പാത്തു ക്രിസ്റ്റീയോട് ആവിശ്യപ്പെട്ടിരുന്ന ഒരു കാര്യമായിരുന്നുവത്.

അവളും ക്രിസ്റ്റീയും ഒരുമിച്ച് പോയാണ് രണ്ടു പേരെയും ക്ഷണിച്ചത്.
ഒട്ടും പ്രതീക്ഷിക്കാത്തൊരു കാര്യം സംഭവിച്ചു പോയതിന്റെ എല്ലാ സന്തോഷത്തോടെയും കൂടി സഫിയാത്തയും മഞ്ജുവും കുടുംബത്തോടെ കുന്നേൽ എത്തി സാന്നിധ്യം അറിയിക്കുകയും ചെയ്തു.

❣️❣️
തനിക്കൊരു ഉമ്മയെയും ഉപ്പയെയും കൂടി സ്വന്തമായി കിട്ടിയിരിക്കുന്നു!

ഫൈസിയുടെ മുറിയിലേക്ക് കയറുന്ന ആദ്യ നിമിഷം തന്നെ മീരയുടെ കണ്ണ് നിറഞ്ഞത് ആ ഓർമ കൊണ്ടുള്ള സന്തോഷത്തിലാണ്.

വീട്ടുകാരല്ലാത്ത ആരുമുണ്ടായിരുന്നില്ല ആ വീട്ടിൽ.
വന്നവരെല്ലാം തന്നെ യാത്ര പറഞ്ഞു പോയത് കൊണ്ട് മീരക്കവിടെയൊരു ബുദ്ധിമുട്ടും തോന്നിയില്ല.
അവിടുള്ളവരെല്ലാം ഹൃദയത്തിലേറ്റിയ പ്രിയപ്പെട്ടവരാണ്.

അവരിൽ ഒരാളല്ല താനെന്ന് തോന്നുന്ന യാതൊരു പെരുമാറ്റവുമില്ല.

എന്റെ മകൾ തനിച്ചായി പോകുമെന്നുള്ള ഭയത്തോടെ ആയുസ്സ് നീട്ടി കിട്ടാൻ ദൈവത്തിനോട് കരഞ്ഞു വിളിച്ച ഒരമ്മയുടെ മകൾക്കിന്ന് ഒരുപാട് ബന്ധങ്ങളായമ്മേ..”
ശാരിയുടെ ഓർമയിൽ മീരയൊന്ന് വിതുമ്പി.

അമ്മ വേണമായിരുന്നു!

അന്നത്തെ ദിവസം മുഴുവനും അവളനേകം പ്രാവശ്യം ആഗ്രഹിച്ച് പോയൊരു കാര്യം അത് മാത്രമായിരുന്നു.

അത് നടത്തി തരാൻ ആരെ കൊണ്ടും സാധിക്കില്ലെന്നറിഞ്ഞിട്ടും അവളേറെ കൊതിച്ചു പോയൊരു സാന്നിധ്യം.. അമ്മയുടേതായിരുന്നു.

എത്ര കണ്ടാലും അനുഭവിച്ചാലും കൊതി തീരാത്തൊരു അമ്മ കടൽ…

വാതിൽ തുറക്കുന്ന ശബ്ദം കേട്ടിട്ടാണ് മീരാ തിരിഞ്ഞു നോക്കിയത്.

ഫൈസിയാണ്.
ഭക്ഷണം കഴിഞ്ഞിട്ട് ഇപ്പൊ വരാമെന്നു പറഞ്ഞിട്ട് പോയതാണ്.

“അവൻ വന്നോളും. മോള് മുറിയിലേക്ക് ചെന്നോളൂ.നല്ല ക്ഷീണമുണ്ട് മുഖത്തെന്നും “പറഞ്ഞിട്ട് ആയിഷുമ്മ മീരയെ ഫൈസിയുടെ മുറിയിലാക്കാൻ ഫറയെ ഏല്പിച്ചു വിട്ടതാണ്.

“എന്തിനാ കരയുന്നേ?”
ചിരിയോടെ വാതിലടച്ചു തിരിഞ്ഞ ഫൈസി കവിളിൽ കണ്ണീരൊലിപ്പിച്ച പാടോടെ നിൽക്കുന്ന മീരയെ കണ്ടതും മങ്ങിയ മുഖത്തോടെ ചോദിച്ചു.

അപ്പോഴാണ് മീരാ അതോർക്കുന്നത് തന്നെ.

അവനിൽ നിന്നും തിരിഞ്ഞു നിന്നിട്ട് അവൾ ധൃതിയിൽ കവിൾ തുടച്ചു.

“ഇവിടെ ഒട്ടും പറ്റുന്നില്ലേ മീരേ?”
പിന്നിൽ നിന്നും ചേർത്ത് പിടിച്ചു കൊണ്ട് ഫൈസി ചോദിച്ചത് വേദനയോടെയാണെന്ന് മീരക്ക് മനസ്സിലായി.

‘അല്ല.. അതല്ല ”
അവൾ വെപ്രാളത്തോടെ അവന്റെ നേരെ തിരിയാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.

“പിന്നെന്താ..? ഈ കണ്ണിനി നിറയരുതെന്നു എനിക്ക് നിർബന്ധമുണ്ട്. നിന്റെ ഇച്ഛാ എന്റെ കയ്യിൽ നിന്നും വാക്ക് വാങ്ങിയതാ.. ഇന്ന് വരെയും അവനെ ഞാൻ ചതിച്ചിട്ടില്ല. ഇനിയൊട്ട് ചെയ്യുകയുമില്ല ”

മീരയുടെ കണ്ണിലേക്കു നോക്കിയാണ് ഫൈസിയത് പറഞ്ഞത്.

“പറയ്യ്.. ന്തിനാപ്പോ ഈ കണ്ണ് നിറഞ്ഞത്..?”

മീരയുടെ ഇടുപ്പിലൂടെ കയ്യിട്ട് പിടിച്ചു കൊണ്ട് ഫൈസി ചോദ്യം ആവർത്തിച്ചു.

“എനിക്ക്.. ഞാൻ..”
മീര വിതുമ്പി കൊണ്ട് അവനെ നോക്കി.

“അമ്മയെ മിസ് ചെയുന്നുണ്ടല്ലേ..?”
ആർദ്രമായ അവന്റെ ചോദ്യം.

അതേയെന്ന് മീരാ തലയാട്ടുമ്പോൾ കണ്ണീർ കണങ്ങൾ കവിളിലേക്ക് ചാടി.

“ആന്റി കാണുന്നുണ്ടാവും മീരാ.. ആന്റിക്ക് ഒരുപാട് സന്തോഷമായിട്ടിട്ടുണ്ടാവില്ലേ ഇപ്പൊ?”
ഫൈസി അവളുടെ കണ്ണീർ തുടച്ചു കളഞ്ഞു.

‘മ്മ് ”
മീര അവനെ നോക്കി മൂളി.

“നീ കരയുന്നത് ആന്റിക്കും സങ്കടമല്ലേ..?ഒരായുസ്സ് മുഴുവനും നീ കരയാതിരിക്കാൻ സ്വയം കരഞ്ഞു തീർന്നതല്ലെ…?”
ഫൈസി അവളിലെ പിടി ഒന്നൂടെ മുറുക്കി.

“മ്മ് ”

“അപ്പൊ ആ അമ്മയുടെ ഓർമകൾ നിനക്ക് കരയാനുള്ളതല്ലന്റെ പെണ്ണേ.. കരുത്താവണം.. കാരണം നീ കരുത്തുള്ള ഒരമ്മയുടെ മകളാണ്..”

ഫൈസിയവളെ ആഞ്ഞൊന്ന് പുണർന്നു.

ആ മനസ്സിലെ സംഘർഷമൊഴിയുവോളം അവനങ്ങനെ അവളെ വിടാതെ തന്നിലേക്ക് ചേർത്ത് പിടിച്ചു.

“ഒക്കെയായോ?”
ഇത്തിരി നേരം കഴിഞ്ഞു അവളുടെ മുഖം തന്റെ നെഞ്ചിൽ നിന്നും പിടിച്ചുയർത്തി കൊണ്ടവൻ പതിയെ നനുത്തൊരു ചിരിയോടെ ചോദിച്ചു.

മീരയും അതേയെന്ന് ചിരിയോടെ തലയാട്ടി.

‘ന്റള്ളോ … ഞാൻ പേടിച്ചു പോയി ”
അവളെ പിടിച്ചു മാറ്റി കൊണ്ടവൻ ആഞ്ഞു ശ്വാസം വലിച്ചു കൊണ്ട് പറഞ്ഞു.

“എന്തിനെന്ന് ചോദിക്ക് മീര?”
ഒന്നും മിണ്ടാതെ നിൽക്കുന്ന മീരയെ വീണ്ടും ഇടുപ്പിലൂടെ കയ്യിട്ട് പിടിച്ചു തന്നിലേക്ക് ചേർത്ത് നിർത്തി കൊണ്ട് ഫൈസി കുറുമ്പോടെ ആവിശ്യപ്പെട്ടു.

അവളപ്പോഴും ഒന്നും മിണ്ടാതെ അവന്റെ കണ്ണിലേക്കു നോക്കി.

“നിനക്കറിയണ്ടേ?”
ഫൈസി അവളുടെ നേരെ നോക്കി ചിരിച്ചു കൊണ്ട് പതിയെ ചോദിച്ചു.

“മ്മ് “മീരാ മൂളുമ്പോഴും കുനിഞ്ഞു പോയ ആ മുഖം ഫൈസി വിരൽ തുമ്പുകൊണ്ടുയർത്തി.

“ആറ്റ് നോറ്റു ഞാൻ കാത്തിരുന്ന ഈ നിമിഷങ്ങളെ നിന്റെ കണ്ണീർ വിഴുങ്ങി കളയുവോ ന്ന് ”

അവന്റെ മുഖത്തുള്ള കള്ളത്തരം.. മീര പതറി തുടങ്ങിയിരുന്നു ആ നോട്ടത്തിൽ.

“ഹാപ്പിയല്ലേ?”

ഫൈസി അവളുടെ മൂക്കിൻ തുമ്പിൽ തട്ടി കൊണ്ട് ചോദിച്ചു.

“മ്മ്മ്…”
മീര തലയാട്ടി.

“പിന്നെന്താ… ഈ മുഖമിങ്ങനെ?”

അവൻ വീണ്ടും അവളുടെ മുഖം പിടിച്ചുയർത്തി കൊണ്ട് ചോദിച്ചു.

“ഒന്നുല്ല ”

“പേടിയുണ്ടോ..?”

തോളിൽ കിടക്കയിലെക്കിരുന്നു കൊണ്ട് ഫൈസിയവളെ അവനൊപ്പം പിടിച്ചിരുത്തി കൊണ്ട് ചോദിച്ചു.

“മ്മ്ഹ്ഹ്..”

കുഞ്ഞൊരു ചിരിയോടെ അവന്റെ കണ്ണിലെക്ക് നോക്കി.

തനിക്ക് വേണ്ടി തുടിക്കുന്നൊരു കടൽ അവളാ കണ്ണിൽ കാണുന്നുണ്ടായിരുന്നു.

“ഹോ.. മറന്നു പോയി..”
സ്വയം നെറ്റിയിൽ തട്ടി കൊണ്ട് ഫൈസി എഴുന്നേറ്റു പാന്റിന്റെ പോക്കറ്റിൽ കയ്യിട്ടു.

മീര നെറ്റി ചുളിച്ചു കൊണ്ടവനെ നോക്കി.

ചെറിയൊരു സിന്ദൂരചെപ്പ്.

മീരയുടെ കണ്ണുകൾ തിളങ്ങി.

“ഇത് വാങ്ങിക്കാൻ പോയതായിരുന്നോ?”
അവൾ അതിശയത്തോടെ ചോദിച്ചു.

“മ്മ്.. എനിക്കെന്റെ പെണ്ണിനെ സിന്ദൂരമണിഞ്ഞു കാണാനൊരു കൊതി..”
കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് ഫൈസിയാ ചെപ്പ് അവൾക്ക് നേരെ നീട്ടി.

“ഇങ്ങനല്ല… ഇതണിയിച്ചു തരേണ്ടതാണ് ”
ഇപ്രാവശ്യം അവൾക്കും ചെറിയൊരു കുറുമ്പുണ്ടായിരുന്നു.

“അങ്ങനാണോ.. ശെരി.. ചെയ്തേക്കാം..”

ഫൈസിയാ ചെപ്പിന്റെ മൂടി തുറന്നു.

“ആ വിരൽ കൊണ്ടല്ല…”

ചൂണ്ടു വിരൽ കൊണ്ടത് പകർത്തിയെടുക്കാൻ തുടങ്ങിയവനെ മീരാ തടഞ്ഞു.

അവനവന്റെ പെരു വിരൽ തൊട്ട് കാണിച്ചു കൊടുത്തു കൊടുത്തു മീരാ.

നനുത്തൊരു ചിരിയോടെ.. നിർവൃതിയോടെ ഫൈസിയവളുടെ നെറുകയിൽ സിന്ദൂരമണിയിച്ചു.

“എന്നും എപ്പോഴും ഈ ചിരിയോടെ എനിക്ക് കാണാൻ കഴിയണം ഈ മുഖം ”

അവളുടെ രണ്ടു കവിളിലും കൈ ചേർത്ത് വെച്ച് കൊണ്ടവൻ നെറ്റിയിൽ ചുണ്ട് ചേർത്തു.

മീരാ വിറച്ചു പോയി..

“പേടിക്കേണ്ട…. നിന്റെ മനസ്സെന്നെ കൊതിക്കുവോളം ഞാൻ കാത്തിരിക്കാൻ റെഡിയാണ് ”
ആ വിറയൽ അറിഞ്ഞത് പോലെ.. ഫൈസിഅവളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് പറഞ്ഞു.

“ബാ.. എനിക്കൊത്തിരി കാര്യങ്ങൾ പറയാനുണ്ട്..”
ഫൈസിയവളെ ചേർത്ത് പിടിച്ചു കൊണ്ട് കിടക്കയിലെക്കിരുന്നു..

തമ്മിലറിയാനുള്ള ആദ്യദിനം..അതവർ മനസ്സ് തുറന്നു.. നിറഞ്ഞു കൊണ്ട് അന്നത്തെ പുലർച്ചെയെപ്പഴോയാണ് അവരുറങ്ങിയത്..

❣️❣️

“നിന്റെ റിഷിയേട്ടനെ കാണുന്നില്ലേ..?”
ഗൗരിയുടെ നേരെ നോക്കിയൊരു ചിരിയോടെ ക്രിസ്റ്റി ചോദിച്ചു.

അവളൊന്നും മിണ്ടാതെ മുഖം കുനിച്ചു കളഞ്ഞു.
എങ്കിലും നിന്റെ റിഷിയേട്ടൻ എന്നാ വാക്കിലുടഞ്ഞു പോയൊരു മനസ്സ് അവൾക്കുള്ളിൽ പിടക്കുന്നുണ്ടായിരുന്നുവപ്പോഴും.

എല്ലാവരും പോയിട്ട് ഏറ്റവും അവസാനമാണ് ഗൗരിയും അവളുടെ ആൾക്കാരും പോവാനിറങ്ങിയത്.

ആത്മാർത്ഥതയോടെ, തുടക്കം മുതൽ ഒടുക്കം വരെയും അവിടെ നടന്ന എല്ലാത്തിലും അവരുടേതായ സാന്നിധ്യമുണ്ടായിരുന്നു.
സ്വന്തം കുടുംബത്തിൽ നടക്കുന്നൊരു ആഘോഷം പോലെ.. ഒട്ടും അലമ്പുണ്ടാക്കാതെ ക്രിസ്റ്റീയോടുള്ള മുഴുവനും സ്നേഹത്തിനോടും അങ്ങേയറ്റം ആത്മാർത്ഥ പുലർത്തി കൊണ്ടവർ അവന്റെ കൂടെ തന്നെയുണ്ടായിരുന്നു.

അവർക്ക് മുന്നിൽ താനൊരു നന്ദി വാക്ക് പറയുന്നത് പോലും അവരുടെ സേവനത്തെ പുച്ഛിച്ചുവെഞ്ഞൊരു തോന്നൽ ഉണ്ടാക്കരുത് എന്നത് ക്രിസ്റ്റിക്കും നിർബന്ധമുണ്ടായിരുന്നു.

“മറക്കില്ല.. ഞാനൊരിക്കലും. കാരണം നിങ്ങളുടെ സഹായം ഇന്നത്തെ ദിവസം എന്റെ വളരെ വലിയൊരു ആശ്വാസമായിരുന്നു…”
അവർക്ക് മുന്നിൽ പോയി നിന്നിട്ട് ക്രിസ്റ്റി പറയുമ്പോൾ.. അതിനേക്കാൾ വലിയൊരു അംഗീകാരം ഇനി കിട്ടാനില്ലെന്നത് പോലെ അവരുടെ മുഖം തിളങ്ങുന്നുണ്ടായിരുന്നു.

“വിഷമിക്കണ്ട.. വൈകാതെ അവൻ നിന്നെയും നിന്റെ സ്നേഹത്തെയും മനസ്സിലാക്കും. എനിക്കുറപ്പുണ്ട് ”
പോകും മുന്നേ ഗൗരിയുടെ പിടയുന്ന മനസ്സറിഞ്ഞത് പോലെ ക്രിസ്റ്റിയവളെ ചേർത്ത് പിടിച്ചു കൊണ്ട് ആശ്വാസം പകർന്നു.

❣️❣️

തലേന്ന് മുതലുള്ള ക്ഷീണവും മീരയുടെ അഭാവം സൃഷ്ടിച്ച വിങ്ങലും കൊണ്ടാവാം. പതിവിലും നേരത്തെ കുന്നേൽ ഉള്ളവരെല്ലാം കയറി കിടന്നിരുന്നു.
ഷാനവാസും ലില്ലിയും രാത്രിയിലെ ഭക്ഷണം കൂടി കഴിഞ്ഞതും മടങ്ങി പോയിരുന്നു.
ആസിയുമ്മയുടെ അവസ്ഥ അങ്ങനായത് കൊണ്ട് തന്നെ അവരോട് പോവരുതെന്ന് പറയാനും വയ്യ.

ക്രിസ്റ്റി എല്ലാവരെയും പിരിച്ചു വിട്ട് ചെല്ലുമ്പോൾ ഹാളിൽ മാത്രമേ വെളിച്ചമുള്ളൂ.

അത് ഓഫ് ചെയ്തു കൊണ്ടവൻ മുകളിലേക്ക് കയറി.

റിഷിന്റെ മുറിയിൽ വെളിച്ചമുണ്ട്.
ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ ക്രിസ്റ്റി അവന്റെ മുറിയുടെ നേരെ നടന്നു.

വാതിലിൽ വെറുതെയൊന്ന് മുട്ടിയ ശേഷമാണ് ക്രിസ്റ്റി അത് തുറന്നു കൊണ്ട് അകത്തേക്ക് കയറിയത്.
കിടക്കയിൽ തല കൈകൾ കൊണ്ട് താങ്ങി കുനിഞ്ഞിരിപ്പുണ്ടായിരുന്ന റിഷിൻ ക്രിസ്റ്റിയുടെ സാന്നിധ്യമറിഞ്ഞതും മുഖം ഉയർത്തി നോക്കി.

“ആഹാ… നീ പോയില്ലേ ഇനിം?”
അവന്റെ നേരെ മുന്നിലേക്ക് നിന്നിട്ട് ക്രിസ്റ്റി ചോദിക്കുമ്പോൾ റിഷിൻ മുഖം ഉയർത്തി നോക്കിയത് കൂടിയില്ല.

“ഞാൻ കരുതി കാണഞ്ഞപ്പോൾ നീ യാത്ര പോലും പറയാതെ മുങ്ങിയെന്നു ”
ക്രിസ്റ്റി കുറച്ചു കൂടി അവന്റെ അരികിലേക്ക് നീങ്ങി നിന്ന് കൊണ്ട് പറഞ്ഞു.

“പോവാൻ തോന്നുന്നില്ല. അല്ലേടാ..”
നേർത്തൊരു ചിരിയോടെ ആർദ്രമായിരുന്നു അവന്റെ ചോദ്യം.

റിഷിൻ ഒന്നും മിണ്ടാതെ അവന്റെ നേരെ നോക്കി.
“തോന്നില്ല.. എനിക്കറിയാം..”
ക്രിസ്റ്റി അവന്റെ തോളിലൂടെ കയ്യിട്ട് പിടിച്ചു.

“സ്നേഹത്തിനു ദേഷ്യത്തിനെക്കാൾ പവറുണ്ട് റിഷു. അത്ര പെട്ടന്നൊന്നും നമ്മൾക്കത് വിട്ടിട്ട് പോകാൻ കഴിയില്ലെട…”

റിഷിൻ അവന്റെ നേരെ തന്നെ സൂക്ഷിച്ചു നോക്കി.

“എവിടേം പോവണ്ട. നമ്മളിനി ഒരുമിച്ച് മതി. നിഴൽ പോലെ വേണം നീയിനി എനിക്കൊപ്പം …”റിഷിനെ ഒന്നുകൂടി തന്നിലേക്ക് ചേർത്ത് നിർത്തി കൊണ്ട് ക്രിസ്റ്റി പറഞ്ഞു..

തിരിഞ്ഞു നിന്നിട്ട് റിഷിൻ അവനെ കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞു പോയിരുന്നു ആ നിമിഷം.. ഇനിയങ്ങോട്ട് കൂടെയുണ്ടാകുമെന്ന് ഇറുകെ കെട്ടിപ്പിടിച്ചു കൊണ്ടവൻ ക്രിസ്റ്റിക്ക് വാക്ക് കൊടുക്കുന്നുണ്ടായിരുന്നു… പലവട്ടം.

തുടരും…