15/04/2026

അന്നൊരിക്കൽ : ഭാഗം 12

രചന – അഞ്ജു തങ്കച്ചൻ

ഞാ… ഞാൻ… അകത്തേക്ക് വന്നോട്ടെ? അവർ വിക്കി വിക്കി ചോദിച്ചു.

എന്തിന്? ഇനി ആരെ വേദനിപ്പിക്കാൻ വേണ്ടിയാ? ദേവദത്തിന്റെ അണപ്പല്ലുകൾ
ഞെരിയുന്ന ശബ്‌ദം അവർ വ്യക്തമായി കേട്ടു.

വീട്ടിൽ വരുന്നവരോട് ഇങ്ങനെയാണോ ദേവാ സംസാരിക്കുന്നത്?
ഗിരി ദേഷ്യത്തോടെ അവനോടു ചോദിച്ചു.

വീട്ടിൽ വരുന്നത് ശത്രുക്കൾ ആയാൽ പോലും മര്യാദ വിട്ട് സംസാരിക്കരുത്.അയാൾ താക്കീതോടെ പറഞ്ഞു.

ഉവ്വ്… ദേവദത്ത് തലകുനിച്ചു.

നിങ്ങൾ അകത്തേക്ക് ചെല്ല് മോൾ അകത്തുണ്ട്.ഗിരി സൗമിനിയോടായി പറഞ്ഞു.

സൗമിനിയുടെ കണ്ണുകൾ നിറഞ്ഞു…
“നിങ്ങൾ” എന്ന്. മിനിക്കുട്ടി എന്ന് മാത്രം വിളിച്ചിരുന്ന ആൾ വിളിച്ചത്,നിങ്ങൾ എന്ന്…

എത്ര അകൽച്ചയാണ് ആ വാക്കുകളിൽ

ഹൃദയം പൊടിയുന്ന വേദന തോന്നി അവൾക്ക്.

ഗിരി അയാളുടെ മുറിയിലേക്ക് പോയി.

ദേവദത്തിന് ഫോൺ കാൾ വന്നപ്പോൾ അയാൾ സംസാരിച്ചു കൊണ്ട് പുറത്തേക്കിറങ്ങി

അകത്തേക്ക് ചെല്ലുമ്പോൾ കണ്ടു.

കീർത്തി അമ്മയെതന്നെ നോക്കി ഇരിക്കുകയാണ്..

ആ മുഖത്തെ ഭാവം എന്തെന്ന് തിരിച്ചറിയാൻ സൗമിനിക്ക് കഴിഞ്ഞില്ല.

മോളേ… അമ്മ കീർത്തിയുടെ അരികിൽ ഇരുന്നു.

അമ്മ എത്ര വട്ടം വിളിച്ചു നീയെന്താ കാൾ എടുക്കാത്തത്?

എടുക്കാൻ തോന്നിയില്ല.

ഞാൻ നിന്റെ ഓഫീസിൽ പോയിരുന്നു. അപ്പോഴാണ് അറിഞ്ഞത് മോൾക്ക്‌ പനിയാണ് എന്ന്.

വയ്യാഞ്ഞിട്ടും അമ്മയെ വിളിച്ചൊന്നു പറയാൻ തോന്നിയില്ലേ നിനക്ക്??

ഇല്ല.

എന്നോട് വെറുപ്പാണോ?

എന്തിന്?? ഞാൻ കാൾ എടുക്കാതെ ഇത്ര ദിവസം ഇരുന്നിട്ടും അമ്മ ഒന്ന് വന്ന് അന്വേഷിച്ചത് പോലുമില്ലല്ലോ?

ആരും നിന്നെ അന്വേഷിച്ചില്ലെങ്കിലും നീ ഇവിടെ സുരക്ഷിതയായിരിക്കും എന്നെനിക്കറിയാം.ദേവദത്ത് നിന്നെ ഒരു പക്ഷെ നോക്കിയില്ലെങ്കിലും ഇവിടുത്തെ അച്ഛൻ നിന്നെ പൊന്നു പോലെ കരുതുമെന്ന് എനിക്കറിയാം.

അതെങ്ങനെ അമ്മക്കറിയാം?

അത്… അത്പിന്നെ….

വേണ്ടാ… അമ്മയൊന്നും പറയണ്ട, ഇത്ര നല്ലൊരു മനുഷ്യനെ അമ്മക്ക് എങ്ങനെ ചതിക്കാൻ തോന്നി.അമ്മ ഭാഗ്യം ഇല്ലാത്തവളാണ്, ഇതുപോലൊരു മനുഷ്യന്റെ ഭാര്യ ആകാനുള്ള യോഗ്യത അമ്മക്ക് ഇല്ലായിരുന്നു… ഒരു കണക്കിന് നോക്കിയാൽ അച്ഛൻ ഭാഗ്യം ഉള്ളവനാ, ഇത്രയും നീചയായ ഒരാളെ താലി കെട്ടേണ്ടി വന്നില്ലല്ലോ.

സൗമിനിയുടെ ചുണ്ടിൽ ഒരു നൊമ്പരചിരി വിരിഞ്ഞു.

മതി അമ്മയെ കുറ്റപ്പെടുത്തിയത്.

മതിയായില്ല അമ്മേ… ഇത്രയും പറഞ്ഞാൽ പോരാ അമ്മയോട്.

അവർ തലകുനിച്ചു.

അൽപനേരം കഴിഞ്ഞപ്പോൾ അവർ പതിയെ പറഞ്ഞു.നിന്റെ മുത്തശ്ശിക്ക് ഇപ്പോൾ തീരെ സുഖമില്ല
ഒന്ന് വന്ന് കണ്ടുകൂടെ മോൾക്കും ദേവദത്തിനും കൂടെ?

മുത്തശ്ശിയെ കാണാൻ വരണം എന്ന് കരുതി ഇരിക്കുകയായിരുന്നു.

ഇപ്പോൾ എന്ത് പറ്റി മുത്തശ്ശിക്ക്??

പ്രായമായില്ലേ, കിടപ്പിലാണ്. എന്നാലും കൈപിടിച്ച് എഴുന്നേൽപ്പിച്ചിരുത്തിയാൽ കുറച്ച് നേരം ഇരിക്കും.
നിന്നെ കാണണം എന്ന് പറഞ്ഞ് കരച്ചിൽ ആയിരുന്നു.

ഞങ്ങൾ വരാം അമ്മേ..

എന്നാൽ ഞാൻ ഇറങ്ങുവാ..

എന്തെങ്കിലും കഴിച്ചിട്ട് പോകാം അമ്മേ

വേണ്ടാ.അമ്മയെ ഒറ്റക്കാക്കിയിട്ടല്ലേ ഞാൻ പോന്നത്. വേഗം ചെല്ലണം.

ഉം…

അവൾ അമ്മ പോകുന്നത് നോക്കി ഇരുന്നു.

അവൾക്ക് സങ്കടം തോന്നി.അമ്മ തെറ്റുകാരി ആയിരിക്കും, പക്ഷെ അമ്മയെ വെറുക്കാൻ എനിക്ക് കഴിയില്ല.
ഇത്രയധികം അമ്മയെ വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കേണ്ടിയിരുന്നില്ല.

അവൾക്ക് വല്ലാത്ത കുറ്റബോധം തോന്നി.

പറഞ്ഞ് പോയി… അമ്മ ക്ഷമിക്കുമായിരിക്കും.

@@@@@@@@@

രണ്ട് ദിവസം കഴിഞ്ഞ് ക്ഷീണം കുറഞ്ഞപ്പോൾ, ദേവദത്തും അച്ഛനും കൂടെ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ കീർത്തി അങ്ങോട്ട് ചെന്നു.

ആഹാ… ഇപ്പോൾ മിടുക്കി ആയല്ലോ. ദേവദത്ത് പറഞ്ഞു.

ദേവാ… മുത്തശ്ശിക്കു തീരെ വയ്യ.കിടപ്പിലാണെന്നാ അമ്മ വന്നപ്പോൾ പറഞ്ഞത്.
ഒന്ന് കാണാൻ പോകണം.

സൗമിനിയുടെ അമ്മയെക്കുറിച്ചാണ് പറയുന്നത്, ഗിരി ഓർത്തു.

കുട്ടിക്കാലത്ത് സൗമിനിക്കും, മറ്റ് കൂട്ടുകാർക്കും ഒപ്പം കളിച്ചു തിമിർത്ത് മടുത്തുവരുമ്പോൾ എത്ര ഭക്ഷണം തന്നിട്ടുണ്ട് ആ അമ്മ.

തൊടിയിലെ വാഴയിലയിൽ പൊതിഞ്ഞു തയ്യാറാക്കുന്ന ഒരുതരം മധുരമുള്ള വിഭവം ഉണ്ടാക്കി തരും മിക്കവാറും ദിവസങ്ങളിൽ.
ചിലപ്പോൾ അവൽ വിളയിച്ചതും, അവലോസ് പൊടി പഞ്ചസാര ചേർത്തും തരും.

ആ അമ്മയുടെ മകൾ തന്നെ ചതിച്ചു എന്ന് വച്ച് അവരോട് ദേഷ്യമൊന്നും തനിക്കില്ല.

നീയും മോളും കൂടെ പോയി അവരെ കണ്ടിട്ട് വാടാ…അയാൾ പറഞ്ഞു.

ശരി അച്ഛാ…

@@@@@@@@@

അവർ ചെല്ലുമ്പോൾ സൗമിനി, അമ്മയുടെ ശരീരം തുടച്ച് വൃത്തി ആക്കുകയായിരുന്നു.

തുടച്ച ശേഷം വൃത്തിയുള്ള ഒരു നൈറ്റി അവരെ ധരിപ്പിച്ചു.

ഒരു പിഞ്ചുപൈതലിനെ പരിപാലിക്കും പോലെ എത്ര സൂക്ഷ്മതടോടെയാണ് അമ്മ മുത്തശ്ശിയെ നോക്കുന്നത്.

നിങ്ങൾ ഇരിക്ക് കേട്ടോ, ഞാൻ വേഗം ഒന്ന് കുളിച്ചു ഡ്രസ്സ്‌ മാറ്റിയിട്ടു വരാം.

ശരി….

മുത്തശ്ശി…. ഇപ്പോൾ എങ്ങനുണ്ട്?
കീർത്തി മുത്തശ്ശിയുടെ കൈ പിടിച്ചു.

എന്നാലും നീയൊന്നു വന്നില്ലല്ലോ ഇത്രേ0
ദിവസമായിട്ടും. അവർ കെറുവിച്ചു.

ഓഹ്…. എന്റെ പുന്നാര മുത്തശ്ശിയല്ലേ പിണങ്ങല്ലേ
മുത്തശ്ശിക്കു വയ്യാതെ ആയത് ഞാൻ അറിഞ്ഞില്ല. പയർ പോലെ ഇരുന്ന ആളല്ലേ,

നിന്നെ കാണാതെ ഞാൻ അങ്ങ് മരിച്ചു പോയിരുന്നെങ്കിലോ?

ഒന്ന് പോയേ… ഇങ്ങനൊക്കെ പറഞ്ഞാൽ ഞാൻ കൂട്ട് കൂടില്ല കേട്ടോ

ആഹാ… രണ്ടാളും ഇത്രയും കൂട്ടായിരുന്നോ? ഇതെല്ലാം കണ്ട് അൽപ്പം മാറി നിന്നിരുന്ന ദേവദത്ത് പറഞ്ഞു.

മോൻ ഇങ്ങ് വാ…. മുത്തശ്ശി കൈ നീട്ടി.

അയാൾ ആ കൈകളിൽ പിടിച്ച്, മുത്തശ്ശിയുടെ അരികിൽ ഇരുന്നു.

മുത്തശ്ശിക്ക് എണീറ്റിരിക്കണോ? അയാൾ
ചോദിച്ചു.

വേണം എഴുന്നേൽക്കണം.

അയാൾ പതിയെ അവരെ ചേർത്തുപിടിച്ച്‌
എഴുന്നേൽപ്പിച്ചിരുത്തി.

എന്റെ കൊച്ചിനെ നല്ലോണം നോക്കിക്കോളണം കേട്ടോ…

നന്നായി നോക്കിക്കോളാം മുത്തശ്ശി…

എന്റെ സൗമിനി ഒരു പാവമാ… അവളെ മോൾ വേദനിപ്പിക്കരുത്.

അവർ കീർത്തിയോടായി പറഞ്ഞു.

എന്റെ സൗമിനി എന്നും വേദനിച്ചിട്ടേ ഉളളൂ… ഒരു തെറ്റും ചെയ്യാത്ത എന്റെ കുഞ്ഞ്…. അവർ വിതുമ്പി..

അമ്മേ…. ചായയുമായി അങ്ങോട്ട് വന്ന സൗമിനി താക്കീതോടെ അവരെ വിളിച്ചു..

അമ്മക്കിപ്പോൾ ചെറിയ ഓർമ്മക്കുറവുണ്ട്. ഇങ്ങനെ ഓരോന്നൊക്കെ പറയും.

ഇളം ചൂടുള്ള ചായ സൗമിനി അമ്മയെ കുടിപ്പിച്ചു. ശേഷം പതിയെ കട്ടിലിലേക്ക്
അമ്മയെ കിടത്തി

വരൂ… ഞാൻ ചായ എടുത്ത് വച്ചിട്ടുണ്ട്. സൗമിനി പറഞ്ഞു.

അവർ ഡൈനിങ് റൂമിലേക്ക്‌ ചെന്നു.

ചൂടുള്ള ചായയും. കീർത്തിക്ക് ഏറെ ഇഷ്ട്ടമുള്ള ഉണ്ണിയപ്പവും, കായ വറുത്തതും,ഒരു പാത്രത്തിൽ പഴം പുഴുങ്ങിയതും എടുത്ത് വച്ചിട്ടുണ്ട്…

അവർക്കൊപ്പം ഇരുന്ന് സൗമിനിയും ചായ കുടിച്ചു.

ദേവദത്തിന് കുറച്ചൂടെ ചായ ഒഴിക്കട്ടെ?സൗമിനി ചോദിച്ചു.

വേണ്ടാ… മതി.

കീർത്തിക്കോ??

വേണ്ടമ്മേ…

അമ്മേയെന്ന്…. എത്ര ദിവസമായി ഈ വിളിയൊന്നു കേട്ടിട്ട്. അവർക്ക് സ്നേഹം കൊണ്ട് നെഞ്ച് വിങ്ങുന്നത് പോലെ തോന്നി.

ഞങ്ങൾ ഇറങ്ങട്ടെ, കുറച്ച് ദിവസം കഴിഞ്ഞിട്ട് ഇങ്ങോട്ട് ഇറങ്ങാം, ഇപ്പോൾ ഓഫീസിൽ കുറച്ചധികം തിരക്കുണ്ട്. കുറേ ലീവൊക്കെ എടുത്തതല്ലേ. ദേവദത്ത് പറഞ്ഞു.

ശരി… സൗമിനി തലയാട്ടി.

അവർ മുത്തശ്ശിയെ കണ്ട് യാത്ര പറഞ്ഞു.

അവർ കാറിൽ കയറുന്നത് സൗമിനി നോക്കി നിന്നു.

എന്നോട് ദേഷ്യവും, വെറുപ്പും ഉണ്ടായിട്ടും
എത്ര മര്യാദയോടെയാണ് അവൻ സംസാരിച്ചത്.
ഗിരിയേട്ടന്റെ മകനാണ്, അവന് അങ്ങനെയേ അറിയൂ…

എന്റെ മകനായി പിറക്കേണ്ടവനായിരുന്നു,അവനെ ഒന്ന് തന്റെ ചേർത്തുപിടിക്കാൻ, ആ നിറുകയിൽ ഒന്ന് ചുംബിക്കുവാൻ ഈ ജന്മത്തിൽ എനിക്ക് കഴിയുമോ??

സൗമിനിയുടെ കണ്ണുകൾ നിറഞ്ഞു.

@@@@@@@@@

തുടരും.