16/04/2026

സായൂജ്യം : ഭാഗം 02

രചന – അഞ്ജു തങ്കച്ചൻ

ലീവ് കിട്ടിയാൽ താൻ ഓടി വരുമായിരുന്നു. കാപ്പിപ്പൂ മണമുള്ള തങ്ങളുടെ ഗ്രാമത്തിലേക്ക്.

അവിടമായിരുന്നു എന്റെ സ്വർഗ്ഗം. അവിടെയാണ് എന്റെപ്രണയത്തിന്റെ രാജകുമാരി എന്നെ കാത്തിരിക്കുന്നത്.

ലോകം മുഴുവൻ അവളിലേക്ക് ചേർത്ത് വച്ച അവളുടെ മാത്രം പുരുഷനായിരുന്നില്ലേ താൻ.

എന്നിട്ടും…..

അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

അയാൾ വീണ്ടും ഓർമകളിലേക്ക് ഊളിയിട്ടു.

ഒടുവിൽ ഒരുമിച്ചു കണ്ട സ്വപനങ്ങൾക്ക് നിറം പകരാൻ തന്റെ ഉമയെ താൻ താലി കെട്ടി സ്വന്തമാക്കി.

സ്വർഗ്ഗതുല്യമായ ജീവിതത്തിൽ സ്നേഹിക്കാൻ പരസ്പരം മത്സരിക്കുകയായിരുന്നില്ലേ നമ്മൾ, നമ്മുടെ ജീവിതത്തിന് കൂടുതൽ ശോഭപകരാൻ നമുക്ക് നമ്മുടെ മോഹം പോലെ ഒരു പെൺകുഞ്ഞു കൂടി പിറന്നതോടെ, നമ്മൾ തമ്മിലുള്ള സ്നേഹം ആയിരം മടങ്ങ് വർദ്ധിക്കുകയല്ലേ ചെയ്തത്.

പിന്നെ എന്തിനാണ് ഉമേ എന്നെ ഉപേക്ഷിച്ചു പോയത്. നമ്മുടെ കുഞ്ഞിനെ പോലും നീ മറന്നു പോയത് എങ്ങനെയാണ്.

ഇല്ല ഉമേ ഇനി നിന്നെ ഞാൻ ഓർമ്മിക്കില്ല.
നിന്നോട് ക്ഷമിക്കാൻ ഈ സത്യക്ക് ആവില്ല

നിന്നെ ഓർക്കാൻ പോലും എനിക്കിഷ്ടമല്ല.
എനിക്കിപ്പോൾ വെറുപ്പാണ് നിന്നെ…

അയാൾ കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു കളഞ്ഞു.

എനിക്കെന്റെ മോളുണ്ട്, അവൾക്കു വേണ്ടി ഞാൻ ജീവിക്കും.

നീയിനി എന്റെ ഓർമ്മയിൽ പോലും വരരുതെന്ന് കരുതിയപ്പോൾ ആ പെൺകുട്ടി മുന്നിൽ വന്നു.

ശരിക്കും ആരാണവൾ, ഉമയെ പോലെ തന്നെയുണ്ട് അവളുടെ സംസാരം.

അയാൾ വെറുപ്പോടെ തല കുടഞ്ഞുകൊണ്ട്
പതിയെ കാർ മുന്നിലേക്കെടുത്തു.

വീടിന് മുൻപിൽ വണ്ടി നിർത്തി ഇറങ്ങുമ്പോൾ കണ്ടു. പൂമുഖത്തെ ചാരുകസേരയിൽഏട്ടൻ കിടപ്പുണ്ട്. ഏട്ടന്റെ നെഞ്ചിൽ കിടന്നുറങ്ങുന്നുണ്ട് ആറ് മാസം പ്രായമായ തന്റെ മോൾ.

ഏട്ടൻ കണ്ണുകൾ അടച്ചു പാതി മയക്കത്തിലാണ്,മോളെ ഇരു കൈകൾ കൊണ്ടും പൊതിഞ്ഞു പിടിച്ചിരിക്കുകയാണ്.

അവളൊന്ന് പതിയെ ചിണുങ്ങിയതും ഏട്ടൻ പതിയെ താളം പിടിച്ചവളെ ഉറക്കുന്നത് കണ്ട് സത്യനാഥിന്റെ മനസ് നിറഞ്ഞു.

ഏട്ടാ…. അയാൾ പതിയെ വിളിച്ചു.

ആ.. മോനേ നീ വന്നോ, നീ വന്നിട്ട് വേണം തൊടിയിലേക്ക് ഒന്നിറങ്ങാൻ എന്ന് കരുതി ഇരിക്കുകയായിരുന്നു.പത്തുപന്ത്രണ്ട് പണിക്കർ ഉണ്ട്.നമ്മുടെ ഒരു നോട്ടം ഇല്ലേൽ ശരിയാവില്ല.

ആര് പോയാലും നമ്മുക്ക് ഇവൾ ഇല്ലെടാ… പൊന്ന് പോലെ വളർത്തണ്ടേ നമുക്കിവളെ…

ഇനിയും നീ വിഷമിക്കരുത്, ദാ… മോളെ കൊണ്ടുപോയി തൊട്ടിലിൽ കിടത്തു.

അയാൾ മോളെ എടുത്തതും അവൾ ഉണർന്നു കരയാൻ തുടങ്ങി.
സത്യനാഥ്‌ അവളെ മുറിയിലെ തൊട്ടിലിൽ കിടത്തി ആട്ടിയുറക്കാൻ നോക്കിയിട്ടും അവൾ കരഞ്ഞു കൊണ്ടിരുന്നു.

അവൾ കരച്ചിൽ നിർത്തുന്നില്ലെന്ന് കണ്ടതും ഏട്ടൻ ഓടിവന്ന് അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചതും അവൾ കരച്ചിൽ നിർത്തി.

കുഞ്ഞിക്കണ്ണുകൾ ഉയർത്തി അയാളെ നോക്കിക്കൊണ്ട് പിതുങ്ങുന്ന പിഞ്ചുചുണ്ടുകൾ പിളർത്തി പരിഭവത്തോടെ അവളുടെ ഭാഷയിൽ എന്തോ ശബ്‌ദമുണ്ടാക്കി.

സത്യാ നീ പോയി ഭക്ഷണം വല്ലതും കഴിക്ക്.
മോളെ ഞാൻ നോക്കിക്കോളാം.
മോൾക്ക്‌ എന്തേലും കൊടുക്കണ്ടേ ഏട്ടാ, അവൾക്കു പറയാൻ അറിയില്ലല്ലോ.

അവൾക്ക് ഞാൻ കുറുക്കുണ്ടാക്കി കൊടുത്തതാണ്.

ഒന്ന് പതിയെ ഉറങ്ങിയതേ ഉള്ളൂ മോൾ. സാധാരണ അവൾ ഈ സമയത്ത് കുറെ നേരം ഉറങ്ങുന്നതാ.
എന്റെ നെഞ്ചിൽ കിടന്നാലെ അവൾക്ക് ഉറക്കം വരൂ.

ഒരു കാര്യം ചെയ്യ് സത്യാ,നീ ഭക്ഷണം കഴിച്ചിട്ട്, പറമ്പിൽ പണിക്കരുടെ അടുത്തേക്ക് ഒന്ന് ചെല്ല്..

ഏട്ടൻ കുഞ്ഞിനേയും കൊണ്ട് മുറിയിലേക്ക് പോയി.

തന്റെ മോൾക്ക്‌ അവളുടെ അച്ഛനായ തന്നേക്കാളും തന്റെ ചേട്ടനെയാണ് ഇഷ്ട്ടം. അല്ലെങ്കിലും തന്റെ ഏട്ടന് സ്നേഹിക്കാൻ മാത്രേ അറിയൂ.

അല്ലെങ്കിലും അവൾക്കൊപ്പം താൻ എന്നും ഉണ്ടായിരുന്നില്ലല്ലോ.

ബാംഗ്ലൂരിലെ ജോലി ഉപേക്ഷിക്കാൻ ഉമ പലപ്പോഴും പറഞ്ഞതാണ്. പക്ഷെ ജോലി കളയാൻ താൻ ഒരുക്കമായിരുന്നില്ല. കുഞ്ഞ് ഉണ്ടായതോടെ ഉമ താത്കാലികമായി ജോലി ഉപേക്ഷിച്ചു. മോൾക്ക്‌ കൂടുതൽ ശ്രെദ്ധ കൊടുക്കണം അവൾക്ക് മൂന്ന് വയസ് ആയട്ടെ ഇനി ജോലിക്ക് പോകുന്നുള്ളൂ എന്നത് അവളുടെ തീരുമാനം ആയിരുന്നു.

ലീവ് കിട്ടുമ്പോൾ താൻ ഓടി വരുമായിരുന്നു.
മോൾക്ക്‌ മൂന്ന് മാസം ആയപ്പോഴാണ് തന്റെ അമ്മ നളിനി ഈ ലോകം ഉപേക്ഷിച്ചു പോയത്.

അമ്മയുടെ മരണത്തോടെ താൻ ബാംഗ്ലൂരിലെ ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചു.

രണ്ടാഴ്ച്ചത്തെ പെൻഡിങ് വർക്കുകൾ കൂടി തീർത്തിട്ട് താൻ പോരാൻ തീരുമാനിച്ചു.

ഏട്ടൻ വീട്ടിൽ ഉണ്ട് എന്നതായിരുന്നു തന്റെ ആശ്വാസം.

താൻ പോകുന്നതിന്റെ തലേന്ന് വൈകുന്നേരം ഉമ തന്നെ വിളിച്ചു.
കാൾ എടുത്തതും, എന്നോട് ക്ഷമിക്കണം എന്ന് മാത്രം പറഞ്ഞവൾ കാൾ കട്ടാക്കി.

എത്ര വിളിച്ചു നോക്കിയിട്ടും പിന്നെ അവൾ കാൾ എടുത്തില്ല.

ഭയന്ന് പോയ താൻ വേഗം ഏട്ടനെ വിളിച്ചു.
ഏട്ടൻ പറമ്പിലാണ് പണിക്കാർക്ക് കൂലി കൊടുക്കുന്ന ദിവസമല്ലേ തിരക്കാണ് എന്ന് പറഞ്ഞു.

എട്ടാ… വേഗം ഒന്ന് വീട്ടിലേക്ക് ചെല്ല്. ഉമ എന്തോ പറഞ്ഞു ഒന്ന് വേഗം ചെല്ല് എന്ന് പറഞ്ഞു.

കുറച്ചു കഴിഞ്ഞതും ഏട്ടൻ തിരിച്ചു വിളിച്ചു.
ഉമയെ അവിടെങ്ങും കാണുന്നില്ലെന്നും കുഞ്ഞ് തൊട്ടിലിൽ കിടപ്പുണ്ടെന്നും പറഞ്ഞു.

ഏട്ടൻ അവിടെല്ലാം നോക്കിയിട്ടും അവളെ കണ്ടില്ലെന്ന്.

എങ്ങനെയൊക്കെയോ നാട്ടിൽ എത്തിയപ്പോൾ കേട്ടത് മറ്റുപലതുമാണ്

തന്റെ ഉമ വീട്ടിൽ മതിൽ പണിയാൻ വന്ന ഒരുത്തനോടൊപ്പം ഒളിച്ചോടി പോയെന്ന്.

തനിക്കതു വിശ്വസിക്കാൻ കഴിഞ്ഞില്ല.

ഉമയെ കാണുന്നില്ലെന്ന് ഏട്ടൻ പരാതി കൊടുത്തിരുന്നു. അവരുടെ അന്വേഷണവും അത് ശരി വയ്ക്കുന്ന തരത്തിൽ ആയിരുന്നു.

അവളുടെ ആഭരണങ്ങൾ ഒന്നും വീട്ടിൽ ഉണ്ടായിരുന്നില്ല.

കൂടാതെ അവളുടെ ഫോണിൽ ഉണ്ടായിരുന്ന അവർ ഒരുമിച്ച് നിൽക്കുന്ന കുറേ ഫോട്ടോകൾ…

തനിക്കതൊന്നും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.

പക്ഷെ വിശ്വസിക്കാതെ തരമില്ലായിരുന്നു.

പിഞ്ചു കുഞ്ഞിനെ പോലും മറന്ന് എങ്ങനെ അവൾക്കതിന് കഴിഞ്ഞു.

വേണ്ട.കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനി മോളെ മാത്രം ഓർത്താൽ മതി. അവളെ കൊണ്ടുപോയില്ലല്ലോ അവളെ തനിക്കു തന്നല്ലോ.എന്റെ കുഞ്ഞ് മാത്രം മതി എനിക്ക്.

അയാൾ അടുക്കളയിലേക്ക് നടന്നു.
ലളിത ചേച്ചി ചോറും കറികളും ഒക്കെ ഉണ്ടാക്കി വച്ചിട്ടുണ്ട്. കുട്ടിക്കാലം മുതൽ താൻ കാണുന്നതാണ് ലളിതച്ചേച്ചിയെ, അമ്മക്ക് അടുക്കള സഹായത്തിന് അന്നും ലളിത ചേച്ചിയായിരുന്നു ഉണ്ടായിരുന്നത്.

തൊട്ടടുത്തു തന്നെയാണ് ചേച്ചിയുടെ വീട്. മോളെ കെട്ടിച്ചയച്ചതോടെ ലളിത ചേച്ചി ഒറ്റക്കാണ്.
ഇപ്പോൾ രണ്ട് മൂന്ന് ആഴ്ചയായി ഇവിടെ താമസിക്കാൻ പറഞ്ഞത് താനാണ്. മോളെ ശ്രെദ്ദിക്കാൻ ഒരാൾ കൂടി ഉള്ളത് നല്ലതാണല്ലോ.

അയാൾ ചോറും കറികളും എടുത്തു കഴിച്ചു.
പറമ്പിലെ പണിക്കാരുടെ അടുത്ത് ചെന്ന് അവർക്ക് വേണ്ടുന്ന നിർദേശങ്ങൾ കൊടുത്തു.

തിരിച്ചു വന്നപ്പോൾ മോളുടെ ചിരി കേട്ടു.
ഏട്ടൻ അവളെ കൊഞ്ചിക്കുകയാണ്… അവൾ കുടുകുടെ ചിരിക്കുന്നു.

ഏട്ടാ….

എന്താടാ…

ഏട്ടൻ വല്ലതും കഴിച്ചോ.

ഇല്ല..

അതെന്താ?

ഇവളുടെ ഈ ചിരി കണ്ടാൽ ഞാൻ എല്ലാം മറന്നു പോകുമെടാ..

ഏട്ടാ ഞാൻ കുഞ്ഞിനെ എടുക്കാം ഏട്ടൻ പോയി കഴിക്ക്.

ഹേയ് അവൾ കരയുമെടാ… ഞാൻ പിന്നെ കഴിച്ചോളാം

ഏട്ടൻ പോയി കഴിക്ക്,അയാൾ കുഞ്ഞിനെ എടുത്തതും അവൾ കരയാൻ തുടങ്ങി.

ഞാൻ പറഞ്ഞില്ലേ സത്യാ.. അവൾ കരയും ഞാൻ എടുത്തോളാം.

ഏട്ടൻ കുഞ്ഞിനെ എടുത്തതും അവൾ അയാളുടെ തോളിൽ പതുങ്ങിക്കിടന്നു.

അമ്പടീ കേമീ നീ നിന്റെ അച്ഛന്റെ കൈയിൽ പോകാതെ എന്നെക്കൊണ്ട് എടുപ്പിക്കുകയാണ് അല്ലേ…

ഏട്ടൻ അവളെ കൊഞ്ചിച്ചു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി.

ഉള്ളിൽ വല്ലാത്തൊരു ശൂന്യത നിറയുന്നത് പോലെ തോന്നി സത്യനാഥിന്.

പെട്ടന്നാണ് രാവിലെ കണ്ട പെൺകുട്ടി മുറ്റത്തേക്ക് കയറി വരുന്നത് അയാൾ കണ്ടത്.

നീണ്ട മുടി മുന്നിലേക്കിട്ട് ഉമ നടക്കുന്നത് പോലെ തന്നെയാണ് അവളും നടക്കുന്നത്.

അയാൾ പകപ്പോടെ അവളെ നോക്കി.

********
തുടരും.