18/04/2026

ശ്രീനന്ദനം : ഭാഗം 01

രചന – കണ്ണന്റെ മാത്രം

ഏട്ടാ… എന്റെ കാര്യം.. ആമി പ്രതീക്ഷയോടെ ചോദിച്ചു.

ഏട്ടന്റെ കൈയിൽ ഇപ്പൊ ഇല്ല മോളെ വൈകീട്ട് വരുമ്പോൾ സാലറി അഡ്വാൻസ് വാങ്ങിയിട്ട് വരാം. എന്നിട്ട് തരാം. ഇന്നൊരു ദിവസം കൂടി എന്റെ മോള് ക്ഷമിക്ക്.. അഭി വിഷമത്തോടെ പറഞ്ഞു.

സാരല്ല്യ… ഏട്ടൻ വിഷമിക്കണ്ട… ഞാൻ എന്നാൽ കോളേജിൽ പോകാൻ നോക്കട്ടെ..

മ്മ്… അമ്മയോട് പറഞ്ഞേക്ക് ഞാൻ പോയെന്ന്… അതും പറഞ്ഞ് അഭി പുറത്തേക്ക് പോയി.

സാവിത്രിയമ്മ ഉള്ളിലേക്ക് വരുമ്പോൾ ആമി എന്തോ ആലോചിച്ചിരിക്കുന്നതാണ് കണ്ടത്.

എന്താടി ഇന്ന് കോളേജിൽ ഒന്നും പോകുന്നില്ലേ..

അത് അമ്മേ ഇന്നാണ് എക്സാം ഫീ അടക്കേണ്ട ലാസ്റ്റ് ഡേറ്റ്. ഇന്ന് പോയിട്ട് അത് അടച്ചില്ലെങ്കിൽ നാളേക്ക് ഫൈൻ വരും. ഇന്ന് പോയില്ലെങ്കിൽ എന്തേലും ഒക്കെ പറഞ്ഞ് ഫൈൻ ഒഴിവാക്കാൻ ശ്രമിക്കേങ്കിലും ചെയ്യാം…

നീ അവനോട് ചോദിച്ചില്ലേ..
സാവിത്രിയമ്മ അവളോട് ചോദിച്ചു.

മ്മ് ഏട്ടന്റെ കൈയിൽ ഇപ്പൊ ഇല്ലാന്ന് പറഞ്ഞു. വൈകീട്ട് വരുമ്പോ സാലറി അഡ്വാൻസ് വാങ്ങി വരാമെന്ന്…

എന്റെ കുഞ്ഞിന്റെ ഒരു ഗതികേട് നോക്കിയേ. എല്ലാ മാസവും അതിന് ഈ കഷ്ടപ്പാട് തന്നെ. ഏതെങ്കിലും ഒരു മാസം ഒരിത്തിരി സമാധാനത്തിൽ നീങ്ങി പോകുന്നുണ്ടോ അതിന്. അതിനെങ്ങനെയാ കൂടെപ്പിറപ്പുകൾക്ക് ഇത്തിരി ചിന്ത വേണം എന്റെ ചേട്ടൻ ആണെന്ന്. അതില്ലല്ലോ.. എന്റെ കുഞ്ഞ് അവനിഷ്ടപ്പെട്ട പഠിപ്പ് വേണ്ടാന്ന് വച്ചിട്ട് പണിക്കിറങ്ങിയത് കൊണ്ട് നമ്മൾ ഇന്നും ജീവനോടെ ഇരിക്കുന്നു. അല്ലെങ്കിലോ.. എന്നിട്ട് ആ നന്ദി വല്ലതും എന്റെ ആ നെറികെട്ട രണ്ടെണ്ണത്തിനും ഉണ്ടോ. ഒരുത്തന് പഠിച്ച് നല്ലൊരു ജോലി കിട്ടിയപ്പോ അവന്റെ പെറ്റതള്ളയും പഠിപ്പ് കുറഞ്ഞ ചേട്ടനും നാണക്കേട്. വലിയ വീട്ടിലെ പെണ്ണിനെ കെട്ടിയതോടെ അതു ഒന്നുകൂടി കൂടി. വേറെ ഒരുത്തി വല്യ കൊമ്പത്തെ ചെക്കനെ പ്രേമിച്ച് അവനെ കിട്ടിയില്ലെങ്കിൽ വിഷംകുടിച്ചു ചാവും
എന്നും പറഞ്ഞ് ഇവിടെ കിടന്ന് ലഹള. അവസാനം എന്റെ മോൻ കടവും കടത്തിന്മേൽകടവും വാങ്ങി കെട്ടിക്കാൻ നേരം അവൻ ദൈവം.. എന്നിട്ടോ കല്യാണം കഴിഞ്ഞതോടെ അവൾക്ക് സാധാരണക്കാരൻ വല്യേട്ടൻ കുറച്ചിൽ ആയി . പത്രാസുകാരൻ കുഞ്ഞേട്ടൻ മതി എന്തിനും ഏതിനും. അതിനെങ്ങനെയാ ആ തന്തയുടെ അല്ലേ മക്കൾ. സ്വാർത്ഥത കണ്ടുപിടിച്ചതേ നിന്റെ ഒക്കെ അച്ഛൻ ആയിരുന്നു അല്ലെങ്കിൽ ഇത്തിരി കടം വന്നു എന്നും പറഞ്ഞ് എന്നെയും പറക്കമുറ്റാത്ത മൂന്നണ്ണെത്തേയും കുറേ കടവും ആ ഡിഗ്രിക്ക് പഠിക്കുന്ന ചെക്കന്റെ തലയിൽ ആക്കിയിട്ട് ചത്തു തുലയുമായിരുന്നോ. എന്നിട്ട് ഒരു എഴുത്തും അമ്മയെയും സഹോദരങ്ങളെയും നോക്കണേ മോനേ എന്ന്. ഹും.. അയാളുടെ ഒരു ഔദാര്യം..
അവർ ദേഷ്യംകൊണ്ട് കിതച്ചുപോയി..

എന്താ അമ്മേ ഇത്. എന്തിനാ ഇത്ര ദേഷ്യപ്പെടുന്നത്. കുഞ്ഞേട്ടനേയും നിധിയേച്ചിയെയും പോലെ ആവില്ല ഞാൻ. എനിക്കെന്നും എന്റെ വല്യേട്ടൻ കഴിഞ്ഞേ ആരും ഉണ്ടാകു‌… ആമി സങ്കടത്തോടെ പറഞ്ഞു..

നീ സങ്കടപെടേണ്ട മോളെ. അമ്മ ദെണ്ണം കൊണ്ട് പറഞ്ഞുപോയതാ. ഇന്നലെ അവന്റെ പണി സ്ഥലത്ത് വച്ച് ജിത്തുവിനെ കണ്ടിരുന്നു പോലും. ഇവൻ അനിയനല്ലേ എന്നും കരുതി പോയി സംസാരിച്ചെന്ന്. അപ്പൊ അവന്റെ കൂടെ ഉള്ള ഒരുത്തൻ ചോദിച്ചെന്ന് ഇതാരാണ് എന്ന്. അതിന് ജിത്തു പറഞ്ഞൂന്ന് ഏതോ അകന്ന ബന്ധത്തിൽ ഉള്ള ഒരാള് ആണെന്ന്. അതും പറഞ്ഞ് ഇന്നലെ നിറഞ്ഞകണ്ണാലെ ഇരുന്ന് ചിരിക്കുന്ന എന്റെ കുഞ്ഞിനെ കണ്ടിട്ട് എന്റെ നെഞ്ച് തകർന്നുപോയി. ഇന്നലെ അതിന്റെ ആ മുഖം കണ്ടപ്പോ പിടഞ്ഞുതുടങ്ങിയതാ എന്റെ നെഞ്ച്. അതാ ഇപ്പൊ ഇങ്ങനെ പുറത്ത് വന്നത്.

അവർ രണ്ടാളും എന്തേ അമ്മേ ഇങ്ങനെ ആയത്. കുഞ്ഞേട്ടനും നിധിയേച്ചിയും. ആദിയേട്ടത്തി ഇത്രേം വലിയ തറവാട്ടിലെ ആയിട്ടും വല്യേട്ടനോട് എന്തൊരു മര്യാദ ആണ്. കുഞ്ഞേട്ടന് ആണ് വല്യേട്ടനെ കണ്ണിൽ പിടിക്കാത്തെ. അതുപോലെ തന്നെ മഹിയേട്ടന്റേം നല്ല പെരുമാറ്റം ആണ് നിധിയേച്ചിയുടെ പോലെ ഒന്നും അല്ല..

അറിയില്ല.. പക്ഷേ ഒരു കാര്യം ഞാൻ പറയാം എന്റെ കുഞ്ഞിന്റെ നെഞ്ച് നീറ്റിയ ഗുണം പിടിക്കില്ല ആരും. പെറ്റ വയറാണ് ശപിക്കാൻ പാടില്ല എന്നറിയാം. എന്നാലും എന്റെ കുഞ്ഞിന്റെ വിഷമം കാണുമ്പോൾ പറഞ്ഞുപോവാണ്. ഇവരുടെ ഒക്കെ വിചാരം എന്താ. എന്റെ മോന് നല്ല കാലം വരില്ല എന്നാണോ. അവൻ രാജകുമാരനെ പോലെ ജീവിക്കുന്നത് ഇവരൊക്കെ കാണും ഒരിക്കൽ നോക്കിക്കോ..

അമ്മ ഇങ്ങനെ ടെൻഷൻ ആവല്ലേ.. എല്ലാം നേരെ ആവും. അമ്മ ഇങ്ങനെ ടെൻഷൻ ആയി വയ്യാതെ ആയാൽ എനിക്കും വല്യേട്ടനും സഹിക്കില്ല.

എനിക്ക് കുഴപ്പം ഒന്നുമില്ല മോളെ. എന്തായാലും നീ ഇന്ന് പോകുന്നില്ലല്ലോ. അപ്പൊ നമുക്ക് ഒന്ന് അമ്മാവന്റെ വീട് വരെ പോയാലോ. അവിടെ അമ്മായിക്ക് സുഖം ഇല്ലാതെ ഇരിക്കാണ് എന്നറിഞ്ഞിട്ട് രണ്ട് ദിവസം ആയി…

ആണോ. ഞാൻ അറിഞ്ഞില്ല. എന്താ പറ്റിയെ അമ്മായിക്ക്.

പ്രഷർ കൂടി തല കറങ്ങി വീണതാത്രെ. തല എന്തോ കല്ലിൽ തട്ടി പൊട്ടിയെന്ന ചേട്ടൻ വിളിച്ചപ്പോ പറഞ്ഞത്.

മ്മ്.. പോകാം അമ്മേ.. അമ്മ യാത്ര ആയിക്കോ…

ശരി മോളെ… ഞാൻ ഈ സാരി ഒന്നു മാറ്റിയുടുത്ത് വരാം…

ഇത് നന്ദനം വീട്. പണ്ടത്തെ ഒരു ഇടത്തരം തറവാട് ആണ് നന്ദനം വീട്. പണ്ട് അത്യാവശ്യം ഭൂസ്വത്തും കാര്യങ്ങളും ഉണ്ടായിരുന്നു അവർക്ക്. ഇപ്പോൾ കുറേ കടവും മറ്റും അല്ലാതെ മറ്റൊന്നും ഇല്ല… അവിടത്തെ രഘുനന്ദനും ഭാര്യ സാവിത്രിക്കും നാല് മക്കൾ.

അഭിനന്ദ് എന്ന അഭി 32 വയസ്സ്. ഇപ്പൊ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ ആയി വർക്ക്‌ ചെയ്യുന്നു. LLB ഫൈനൽ ഇയർ പഠിക്കുമ്പോൾ ആയിരുന്നു രഘുവിന്റ മരണം. അതും ഒരുപാട് കടങ്ങളും മൂന്നു സഹോദരങ്ങളെയും അവന്റെ തലയിൽ വച്ചിട്ട്. അച്ഛൻ മരിച്ച് പിന്നാലെ കടക്കാർ വീട്ടിൽ കയറി ഇറങ്ങാൻ തുടങ്ങിയതോടെ വകീൽ എന്ന സ്വപ്നം മാറ്റിവച്ചിട്ട് അവൻ തേപ്പ് പണിക്കിറങ്ങി. പക്ഷേ ആ കൊല്ലം എഴുതി എടുക്കാൻ പറ്റിയില്ലെങ്കിലും അവൻ പിന്നീട് LLB എഴുതിയെടുത്തു. പക്ഷേ വീട്ടിൽ ആർക്കും അറിയില്ല. അറിഞ്ഞാൽ ഈ പണിക്ക് പോകാൻ ചിലപ്പോ അമ്മ സമ്മതിക്കില്ല. ഒരു ജൂനിയർ വക്കീലിന് വലിയ വരുമാനം ഒന്നും ഉണ്ടാവില്ല. ഇപ്പോഴത്തെ അവസ്ഥയിൽ ആ ചെറിയ വരുമാനം ഒന്നിനും തികയില്ല എന്ന് അവന് അറിയാം. മുന്നത്തെ കോൺട്രാക്ടർ അഭിയുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞപ്പോൾ ആണ് ഈ കൺസ്ട്രക്ഷൻ കമ്പനിയിൽ കയറ്റി കൊടുത്തത്. ഇതാകുമ്പോൾ എല്ലാ മാസവും ശമ്പളം ഉണ്ടാവുമല്ലോ. അവന്റെ വർക്ക്‌ അവിടെ ഇഷ്ടമായത് കൊണ്ടാണ് അവന് ഇത്ര പെട്ടന്ന് ഒരു പ്രൊമോഷൻ കിട്ടിയത്. തെറ്റില്ലാത്ത സാലറി ഉണ്ട്. പക്ഷേ അവന്റെ അച്ഛനായി ഉണ്ടാക്കി വച്ച കടങ്ങൾ വീട്ടാൻ ഇത് പോരാ. അതുകൊണ്ട് രാത്രി ഓട്ടോ ഓടിക്കാനും അവൻ പോകുന്നുണ്ട്. എല്ലാവരെയും അവനെക്കൊണ്ട് പറ്റുന്നപോലെ സഹായിക്കുന്നത് കൊണ്ട്‌ നാട്ടുകാർക്കും വീട്ടുകാർക്കും പ്രിയപെട്ടവൻ ആണ് അഭി അവന്റെ അനിയനും മൂത്ത പെങ്ങൾക്കും ഒഴികെ.

രണ്ടാമൻ അഭിജിത്ത് എന്ന ജിത്തു. എഞ്ചിനീയറിംഗിന് പഠിച്ചിരുന്ന ഇവന്റെ പഠിപ്പ് മുടുങ്ങാതിരിക്കാൻ കൂടിയാണ് അഭി വാർക്ക പണിക്ക് ഇറങ്ങിയത്. പഠിച്ച് നല്ലൊരു ജോലി കിട്ടിയാൽ അവനും ഉണ്ടാവൂലോ തനിക്ക് ഒരു സഹായത്തിന് എന്നാണ് അഭി ചിന്തിച്ചത്. പക്ഷേ അവൻ പഠിച്ച് നല്ലൊരു ജോലി കിട്ടിയപ്പോൾ വാർക്ക പണിക്ക് പോകുന്ന ചേട്ടൻ അവന് നാണക്കേടായി. അവൻ വർക്ക്‌ ചെയ്തിരുന്ന കമ്പനിയുടെ ഓണറിന്റെ മോള് ആദിത്യയും ആയി കല്യാണം കൂടി കഴിഞ്ഞതോടെ പൂർത്തിയായി. പക്ഷേ ആദിക്ക് അഭിയെ വലിയ കാര്യം ആണ്. അവൾ എവിടെ വച്ചു കണ്ടാലും അവനോട് നല്ല രീതിയിൽ മാത്രമേ ഇടപെടാറുള്ളൂ. അവർ രണ്ടാളും ആദിയുടെ വീട്ടിൽ ആണ് താമസിക്കുന്നത്.

മൂന്നാമത്തവൾ അഭിനിധി എന്ന നിധി. ഡിഗ്രിക്ക് പഠിക്കുമ്പോൾ സീനിയർ ആയിട്ട് പഠിക്കുന്ന പയ്യനും ആയി ഇഷ്ടത്തിൽ ആയി. മഹേഷ്‌ എന്നാണ് ആൾടെ പേര്. മഹേഷിന്റെ വീട്ടുക്കാർ ഇത്തിരി സമ്പന്നർ ആയിരുന്നു. കല്യാണം അന്വേഷിച്ച് വന്നപ്പോൾ മഹേഷിന് താൽപ്പര്യം ആയിരുന്നെങ്കിലും അവന്റെ വീട്ടുകാർക്ക് ഈ ബന്ധത്തിൽ താൽപ്പര്യം ഉണ്ടായിരുന്നില്ല. അവസാനം അവർ ചോദിച്ച സ്ത്രീധനം നൽകാമെങ്കിൽ മാത്രം ഈ കല്യാണം നടക്കും എന്ന് പറഞ്ഞു പോയി അവർ. ഈ കല്യാണം നടന്നില്ലെങ്കിൽ ചത്തുകളയും എന്നും പറഞ്ഞ് കരച്ചിലും ഭീഷണിയും ഒക്കെ ആയിരുന്നു. അവസാനം ആകെ ഉള്ള വീടിന്റെ ആധാരം പണയം വച്ചിട്ടാണ് ആ കല്യാണം നടത്തിയത്. കല്യാണം കഴിയുന്നത് വരെ ചേട്ടൻ ദൈവമായിരുന്നവൾക്ക് കല്യാണം കഴിഞ്ഞ് പോയപ്പോൾ വാർക്കപണിക്കാരൻ ചേട്ടൻ നാണക്കേടും എഞ്ചിനീയർ ചേട്ടൻ പ്രിയപ്പെട്ടതും ആയി. പക്ഷേ മഹേഷിന് ഇപ്പോഴും പ്രിയം അഭിയെ തന്നെ ആണ്.

നാലാമത്തവൾ അഭിരാമി എന്ന ആമി. ഇപ്പൊ പിജി ഫസ്റ്റ് ഇയർ പഠിക്കുന്നു. നന്നായി പഠിക്കും അതുപോലെ പാട്ടും ഡാൻസും ഒക്കെ ഉണ്ട്. വല്യേട്ടൻ ആണ് അവളുടെ ജീവൻ. അതു കഴിഞ്ഞിട്ടേ അമ്മ പോലും ഉള്ളൂ. അതുകൊണ്ട് തന്നെ ജിത്തുവിനെയും നിധിയെയും വല്യ പിടിക്കില്ല. അവർക്ക് അഭിയോടുള്ള ആറ്റിട്യൂട് തന്നെ ആണ് അതിന് കാരണം. അടുത്ത ഒരു ട്യൂഷൻ സെന്ററിൽ ട്യൂഷൻ എടുക്കുന്നുണ്ട്. അവളുടെ അല്ലറ ചില്ലറ ചിലവുകൾ ഒക്കെ അതിൽ പൊക്കോളും. ആശാത്തിയുടെ ഉള്ളിൽ ഒരാള് കയറി പറ്റിയിട്ട് കൊല്ലം കുറച്ചായി. പക്ഷേ ആർക്കും അറിയില്ല. എന്തിന് അവൾ പ്രണയിക്കുന്ന ആൾക്ക് വരെ അറിയില്ല.

……………….

അഭി വീട്ടിൽ നിന്നും ഇറങ്ങി കുറച്ചങ്ങോട്ട് പോയപ്പോൾ ആണ് അവന്റെ ചങ്ക് വിഷ്ണു എന്ന വിച്ചു അവന്റെ മുന്നിലായി ബൈക്ക് കൊണ്ട് വന്ന് നിർത്തിയത്.

എന്താടാ.. എന്തു പറ്റി ആകെ വല്ലാതെ ഇരിക്കുന്നുണ്ടല്ലോ നിൻറെ മുഖം. എന്തേലും പ്രശ്നം ഉണ്ടോ…വിച്ചു ചോദിച്ചു

ഏയ്യ്.. ഒന്നുമില്ലെടാ… നീ എങ്ങോട്ടാ ഈ നേരത്ത്.. അഭി പറഞ്ഞു

ദേ അഭി നീ വെറുതെ എന്റെ കൈയിൽ നിന്നും വാങ്ങണ്ട. കാര്യം പറയ്.. എന്തേലും കുഴപ്പം ഉണ്ടോ.. പൈസക്ക് എന്തേലും ആവശ്യം ഉണ്ടോ..

അത്.. ഡാ ഇന്ന് ആമിയുടെ എക്സാം ഫീ അടക്കേണ്ട ലാസ്റ്റ് ഡേറ്റ് ആയിരുന്നു. എന്റെ മോള് എന്നോട് പറഞ്ഞതാ. പക്ഷേ എന്റെ കൈയിൽ ഒന്നും ഇല്ലെടാ.. ഇപ്പോഴാണെങ്കിൽ മഴ ഒക്കെ ആയതുകൊണ്ട് രാത്രി കാര്യമായിട്ട് ഓട്ടം ഇല്ല. ഞാൻ എന്തൊരു പരാജയം ആണല്ലേ. എന്റെ സഹോദരങ്ങളുടെ ആവശ്യങ്ങൾ വരെ നിറവേറ്റാൻ പറ്റുന്നില്ല എനിക്ക്…

പിന്നെ നിന്റെ താഴെ ഉള്ളവനെ പഠിപ്പിച്ചു എഞ്ചിനീയർ ആക്കിയതും മറ്റവളെ അവൾ ആഗ്രഹിക്കുന്നവന് ഒപ്പം കെട്ടിച്ചു വിട്ടതും നിന്റെ ചത്തുപോയ തന്ത രഘുനന്ദൻ ആവും അല്ലേ… വിഷ്ണു ദേഷ്യത്തോടെ ചോദിച്ചു.

അതല്ല ഡാ.. എന്തോ ആകെ കൂടെ തലക്ക് പ്രാന്താവുന്നുണ്ട്. എന്തോരം കിടന്ന് ഓടിയിട്ടും ഒന്നും തികയുന്നില്ല… അഭി നിരാശയോടെ പറഞ്ഞു.

നീ അതൊക്കെ വിട്ടേ ഇപ്പൊ എന്താ നിനക്ക് വേണ്ടത്. ആമിയുടെ ഫീസ് അടക്കാൻ ഉള്ള പൈസ അല്ലേ. അതിനിപ്പോ നീ ടെൻഷൻ ആവണ്ട. എന്റെ കൈയിൽ ഉണ്ട്. ഞാൻ തരാം..

ഏയ്യ് അതൊന്നും വേണ്ടടാ.. അല്ലെങ്കിലേ നിനക്ക് ഞാൻ കുറേ തരാൻ ഉണ്ട്. ഇനിയും എങ്ങനെയാ…

എന്റെ പൊന്നു അഭി നീ ആദ്യം നിന്റെ ഈ കോംപ്ലക്സ് മാറ്റി വക്ക്. പിന്നെ ഈ പൈസ പിടിക്ക്. എനിക്ക് ഇപ്പൊ ഇതുകൊണ്ട് ആവശ്യം ഒന്നും ഇല്ല. പിന്നെ കൊള്ളപലിശക്കാരൻ മാധവന്റെ മോന് പൈസക്ക് ആവശ്യം വന്നാലും ഞാൻ എന്റെ തന്തപ്പടിയുടെ കൈയിൽ നിന്നും അടിച്ചു മാറ്റിക്കോളാം.. വിച്ചു ഒരു കുസൃതി ചിരിയോടെ പറഞ്ഞു.

എന്തൊക്കെയാടാ നീ ഈ പറയുന്നത്. മാധച്ഛൻ കേൾക്കണ്ട നിന്റെ തലക്ക് കിഴുക്ക് കിട്ടും. പിന്നെ ആരാടാ പറഞ്ഞത് അങ്ങേര് കൊള്ളപലിശക്കാരൻ ആണെന്ന്…

ആ അങ്ങേര് ജീവിതത്തിൽ ആർക്കെങ്കിലും പലിശ ഇല്ലാതെ പണം തരുമെങ്കിൽ അത് നിനക്ക് മാത്രം ആണ്. ബാക്കി എല്ലാവരുടെ അടുത്തും എന്തിന് ഈ എന്റെ അടുത്തുവരെ നല്ല ആസ്സല് പലിശക്കാരൻ ആണ് മോനേ. നീ പിന്നെ അങ്ങേരുടെ സീമന്തപുത്രൻ അല്ലേ..

പോടാ.. പോടാ.. കുശുമ്പടിക്കാതെ.. നീ ഇന്ന് എന്താ ഇത്ര നേരത്തെ.. ഓഫീസിലേക്ക് അല്ലേ..

അവിടേക്ക് തന്നെ. ഇന്ന് കുറച്ച് നേരത്തെ എത്തണം. അതാ നേരത്തെ ഇറങ്ങിയത്. നീ കേറ് ഞാൻ ആക്കി തരാം നിന്നെ കമ്പനിയിലേക്ക്..

മ്മ്.. അഭി അതിനൊന്ന് മൂളിക്കൊണ്ട് അവന്റെ പിന്നിലേക്ക് കയറി. വിഷ്ണു അവൻ ഇരുന്നു എന്ന് കണ്ടതും വണ്ടിയെടുത്തു.

ഇത് വിഷ്ണു എല്ലാവരുടെയും വിച്ചു. നമ്മുടെ അഭിയുടെ ചങ്ക്. മാധവന്റെയും ലളിതയുടെയും ഒറ്റമകൻ. അവർ ഒരുമിച്ചാണ് LLB പഠിച്ചുകൊണ്ടിരുന്നത്. മൂപ്പര് പക്ഷേ ഇത് നമുക്ക് പറ്റിയ പണിയല്ല എന്നും പറഞ്ഞ് സെക്കന്റ്‌ ഇയർ തന്നെ അവിടെ നിന്നും ചാടി. എന്നിട്ട് പോയി ആർക്കിടെക്ചർ കോഴ്സിന് ചേർന്നു. ഇപ്പൊ ഒരു ആർക്കിടെക്ചർ ഫേം നടത്തുന്നു. അത്യാവശ്യം നല്ല രീതിയിൽ അത് മുന്നോട്ട് പോകുന്നുണ്ട്…

……………

കുറിപ്പ് :-

ഒരു പുതിയ കഥ തുടങ്ങി വെക്കുന്നുണ്ട്. എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു..