22/04/2026

നിനക്കായ് : അവസാന ഭാഗം

രചന – കണ്ണന്റെ മാത്രം

ബാക്കി ഉള്ള ചിറയത്ത് ഫിനാൻസ് ആൻ മരിയയുടെയും ജെനിഫറിന്റെയും പേരിൽ ആണ് എഴുതി വച്ചിട്ടുള്ളത്.

ഇതുകേട്ട എല്ലാവരും ഞെട്ടിപ്പോയി ചിറയത്തുകാർ അടക്കം. അന്ന് അയാൾ അങ്ങനെ പറഞ്ഞെങ്കിലും അത് അലക്സിനോടുള്ള ദേഷ്യത്തിൽ പറഞ്ഞതാവും എന്നാണ് കരുതിയത്. പക്ഷേ അയാൾ തന്റെ തീരുമാനം ആണ് പറഞ്ഞതെന്ന് ആരും മനസിലാക്കിയില്ല. ഏറ്റവും ഞെട്ടൽ അന്നക്കും ജെനിക്കും തന്നെ ആയിരുന്നു. അയാൾ ഇങ്ങനെ ഒരു കാര്യം ചെയ്യും എന്ന് അവരും കരുതിയിരുന്നില്ല.

എന്തോ അലക്സിന് വലിയ ഞെട്ടൽ ഒന്നും ഉണ്ടായില്ല. സൂപ്പർ മാർക്കറ്റ് നഷ്ടം വന്ന് അടച്ചുപൂട്ടിയതിനു ശേഷം ജോസഫിന്റെ കൂടെ ഫിനാൻസിൽ പോകുമ്പോൾ അവിടെ ജോലി ചെയ്യുന്ന ഒരു എംപ്ലോയീ എന്നതിൽ കൂടുതൽ ഒരു പരിഗണനയും അയാൾ കൊടുത്തിരുന്നില്ല അവന്. ബാക്കി ഉള്ള സ്റ്റാഫിന് കൊടുക്കുന്നത് പോലെ ഒരു നിശ്ചിത എമൗണ്ട് സാലറി പോലെ കൊടുക്കും എന്നല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല…

സാർ ഇങ്ങനെ ഒരു കാര്യം അങ്കിൾ ചെയ്യുമെന്ന് ഞങ്ങൾ കരുതിയില്ല. ഞങ്ങൾക്ക് ഇത് തിരികെ വല്യപ്പച്ചന് എഴുതി കൊടുക്കാൻ പറ്റുമോ… അന്ന ചോദിച്ചു.

അരുത് മോളെ. എന്റെ മോന്റെ ഒരു ആയുസിന്റെ കഷ്ടപ്പാടാണ് ആ സ്ഥാപനം. അത് എന്റെ കൈയിലോ ഇവന്റെ കൈയിലോ ആയാൽ നശിച്ച് പോവുകയേ ഉള്ളൂ. അത് നിങ്ങൾ തന്നെ കൈവശം വച്ചാൽ മതി…വല്യപ്പച്ചൻ അലക്സിനെ കാട്ടികൊണ്ട് പറഞ്ഞു..

വല്യപ്പച്ചാ ഞങ്ങൾക്ക് എന്തിനാ ഇതൊക്കെ. ഞങ്ങൾക്ക് ആൾറെഡി ഒരു ജോലി ഉള്ളതല്ലേ… ജെനി പറഞ്ഞു.

നിങ്ങൾക്ക് ഇത് 20 കൊല്ലത്തേക്ക് വെറുതെ മാറ്റിയെഴുതാൻ കഴിയില്ല പക്ഷേ വേണമെങ്കിൽ വിൽക്കാം.  അത് കുഴപ്പം ഇല്ല… വകീൽ പറഞ്ഞു..

എബിച്ചാ… ഞങ്ങൾ എന്താ ചെയ്യേണ്ടത്… അന്ന ധർമസങ്കടത്തിലായി. ജെനിക്കും അറിയില്ലായിരുന്നു എന്താ ചെയ്യേണ്ടത് എന്ന്.

എബി ഡേവിയെ നോക്കിയപ്പോൾ അവൻ ഒന്ന് കണ്ണുചിമ്മിക്കാട്ടി.

നമുക്ക് നടത്താം പെണ്ണെ. അല്ലെങ്കിൽ അവിടത്തെ സ്റ്റാഫിന്റെ ഒക്കെ ലൈഫിനെ അത് ബാധിക്കില്ലേ… അവൻ ചോദിച്ചു.

പക്ഷേ ചേട്ടായി ഞങ്ങൾ… ജെനി പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഡേവി അവളുടെ കൈയിൽ കോർത്തുപിടിച്ചിരുന്നു.

നിങ്ങൾ ഇടക്ക് ഒരു മേൽനോട്ടം നടത്തിയാൽ മതി. അവിടത്തെ ഹെഡ് ആയിട്ട് നമ്മുടെ ദേവനെ അപ്പോയിന്റ് ചെയ്യാം.  പിന്നെ അവിടെ ഉള്ള സ്റ്റാഫും ഉണ്ടല്ലോ.. ഡേവി പറഞ്ഞു.

അതേ അതുമതി. പിന്നെ അലക്സും ഇപ്പൊ അവിടെ അല്ലേ വർക്ക്‌ ചെയ്യുന്നത്.. താൻ അവിടെ തന്നെ കണ്ടിന്യൂ ചെയ്യുകയല്ലേ… എബി അലക്സിനോട് ചോദിച്ചു.

മ്മ്.. അതേ.. അലക്സ് ജെനിയെ ഒന്ന് നോക്കികൊണ്ട് മൂളി. അവന് ആകെ വല്ലായ്മ തോന്നുന്നുണ്ടായിരുന്നു ജെനിയുടെ കീഴിൽ ജോലി ചെയ്യാൻ. പക്ഷേ മറ്റൊരു സ്ഥലത്ത് അറിയാത്തൊരാളുടെ കീഴിൽ ജോലി ചെയ്യുന്ന കാര്യം അവന് സങ്കൽപ്പിക്കാൻ പറ്റുന്നുണ്ടായില്ല.. ഇതിപ്പോ ഒന്നുമില്ലെങ്കിൽ അന്നയുടെ സ്ഥാപനം അല്ലേ.. ജെനിയുടെ പേര് മനപ്പൂർവം ആലോചിക്കാതെ അവൻ സമാധാനപ്പെട്ടു..

അപ്പൊ പിന്നെ കുഴപ്പം ഇല്ലല്ലോ. ദേവന് കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ അലക്സ് ഉണ്ടല്ലോ… എബി പറഞ്ഞു.  അതോടെ അതിന് ഒരു തീരുമാനം ആയി.

സോഫിക്ക് ആകെ വല്ലാതെ തോന്നുണ്ടായിരുന്നു. ആരെയാണോ താൻ താഴ്ത്തികെട്ടാൻ പല തവണ ശ്രമിച്ചിട്ടുള്ളത് ഇനിയങ്ങോട്ട് അവളുടെ ഔദാര്യത്തിൽ ജീവിതം. ജെനി ആയതുകൊണ്ട് അവൾ അതിന്റെ പേരിൽ അഹങ്കാരിക്കുന്നില്ല. അവളുടെ സ്ഥാനത് താൻ ആയിരുന്നെങ്കിൽ ഇപ്പോൾ എത്രമാത്രം അഹങ്കരിച്ചേനെ. അതുമാത്രമോ അവരെ എങ്ങനെ ഒക്കെ അപമാനിക്കാൻ ശ്രമിക്കുമായിരുന്നു. സോഫി ആത്മനിന്ദയോടെ ആലോചിച്ചു.

ആനിയമ്മക്ക് ഒന്നും തോന്നിയില്ല. ജോസഫ് ഇല്ലാതായതോടെ അവരുടെ ആത്മാവ് തന്നെ നഷ്ടമായി. കാര്യം മോന് വേണ്ടി ഭർത്താവിനെ മനസിലാക്കാത്ത പോലെ പെരുമാറിയെങ്കിലും അവർക്ക് അയാൾ എന്ന് വച്ചാൽ ജീവൻ ആയിരുന്നു. ഇപ്പൊ കുറേ നാളായിട്ട് പരസ്പരം മിണ്ടാട്ടം ഒക്കെ കുറവാണെങ്കിലും അവരുടെ എല്ലാ കാര്യങ്ങളും ബുദ്ധിമുട്ടുകളും അവർ പറയാതെ തന്നെ കണ്ടറിഞ്ഞു ചെയ്യുമായിരുന്നു അയാൾ. എന്തിനധികം ഉറക്കത്തിൽ കാലിൽ മസില് പിടിക്കുമ്പോൾ വരെ എഴുന്നേറ്റിരുന്ന് ഉഴിഞ്ഞു കൊടുക്കാമായിരുന്നു അയാൾ. അതുപോലെ അവർ സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ നേരാനേരത്തിനു എടുത്ത് ബെഡ് സൈഡ് ടേബിളിൽ വച്ചിട്ടുണ്ടാവും. അതെടുത്ത് കഴിക്കേണ്ട ചുമതലയെ അവർക്ക് ഉണ്ടായിരുന്നുള്ളു. അങ്ങനത്തെ അവരുടെ ചെറിയ ചെറിയ കാര്യങ്ങളിൽ വരെ അയാൾക്ക് ഭയങ്കര ശ്രദ്ധ ആയിരുന്നു. ഇപ്പൊ അയാൾ ഇല്ലാതെ ആയപ്പോൾ ആണ് അവർ അയാളിൽ എത്രമാത്രം ഡിപെൻഡന്റ് ആയിരുന്നു എന്ന് അവർക്ക് മനസിലാകുന്നത്. അതല്ലെങ്കിലും അങ്ങനെ ആണല്ലോ നമ്മുടെ കൂടെ ഉള്ളപ്പോൾ നമ്മൾ ആരുടേയും വില മനസിലാക്കില്ലല്ലോ.  അവർ നഷ്ടമാകുമ്പോൾ അല്ലേ അവർക്ക് നമ്മുടെ ജീവിതത്തിൽ ഉണ്ടായിരുന്ന സ്ഥാനം മനസിലാകുന്നത്.

എന്നാൽ ഞാൻ അങ്ങോട്ട് പോകട്ടെ.. ഇതാ ഒസ്യത്തിന്റെ ഒറിജിനൽ..  വകീൽ കൈയിൽ ഉള്ള മുദ്രപത്രം വല്യപ്പച്ചന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.

ശരി ഡോ.. വല്യപ്പച്ചനും അത് വാങ്ങിക്കൊണ്ടു പറഞ്ഞു..
വകീൽ പോയി പിന്നാലെ തന്നെ അച്ചനും പോയി..

എങ്കിൽ പിന്നെ ഞങ്ങളും അങ്ങോട്ട് ഇറങ്ങട്ടെ.. പിന്നെ ഒരിക്കൽ വരാം.. വല്യമ്മച്ചി പറഞ്ഞുകൊണ്ട് എഴുന്നേറ്റു.

ജെനി പോകാനായി ഇറങ്ങുമ്പോൾ ആണ് അവളെ സോഫി പിന്നിൽ നിന്ന് വിളിക്കുന്നത്..

എന്താ സോഫിയ.. ജെനി സോഫിക്ക് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു.

അതുപിന്നെ ജെനിഫർ.. ഞാൻ തന്നോട് ഒരു സോറി പറയാൻ.. സോഫി വിക്കലോടെ പറഞ്ഞു.

അതിന്റെ ആവശ്യം ഇല്ല സോഫിയ. ഒരു രീതിയിൽ പറഞ്ഞാൽ തന്നോട് ഞാൻ നന്ദി പറയണം. കാരണം താൻ കാരണം ആണ് അയാളുടെ ശരിക്കുമുള്ള സ്വഭാവം ഞാൻ മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് എനിക്ക് അന്ന് അയാളെ ഉപേക്ഷിക്കാനും ഇപ്പൊ ഇത്രയും നല്ലൊരു ജീവിതം കിട്ടാനും കാരണം ആയത്. പക്ഷേ രണ്ട് കൊല്ലത്തോളം എന്നെ നിങ്ങൾ രണ്ടാളും കൂടി വിഡ്ഢിയാക്കി. അതെനിക്ക് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല. അതുപോലെ അന്ന് എന്റെ കുഞ്ഞിനെ കുറിച്ചും മാതൃത്വത്തെ കുറിച്ചും താൻ പറഞ്ഞതും ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല.. അതുകൊണ്ട് ഇങ്ങനെ ഒരു സോറി പറച്ചിൽ നമ്മുടെ ഇടയിൽ ആവശ്യമില്ല.. ജെനി സോഫിയോട് അത്രയും പറഞ്ഞുകൊണ്ട് ചെന്ന് കാറിൽ കയറി..

സോഫി മുൻപ് പറഞ്ഞതും പ്രവർത്തിച്ചതും ആലോചിച്ച് പശ്ചാത്താപത്തോടെ നിന്നു.

……………..

എബിച്ചാ.. എന്തിനാ നമുക്ക് ആ ഫിനാൻസ്. എനിക്ക് അത് നമ്മൾ ഏറ്റെടുക്കുന്നതിനോട് ഒരു താല്പര്യവും ഉണ്ടായിരുന്നില്ല… അന്ന താൽപ്പര്യമില്ലായ്മയോടെ പറഞ്ഞു.

തിരികെ തറവാട്ടിലേക്കുള്ള യാത്രയിൽ ആയിരുന്നു അന്നയും എബിയും ഡേവിയും ജെനിയും. ബാക്കി ഉള്ളവർ കുഞ്ഞുങ്ങൾ അടക്കം പോയി. ഇവർ ജെനി സോഫിയും ആയി സംസാരത്തിന് നിന്നതുകൊണ്ട് കുറച്ചു വൈകി ആണ് ഇറങ്ങിയത്.

അന്നമ്മേ വല്യപ്പച്ചൻ പറഞ്ഞത് കേട്ടില്ലേ അങ്കിളിന്റെ ഒരു ജീവിതത്തിലെ മുഴുവൻ അധ്വാനം ആണ് ആ ഫിനാൻസ് എന്ന്. അപ്പൊ അത് നിങ്ങളുടെ പേരിൽ എഴുതി വെക്കണമെങ്കിൽ എത്രത്തോളം നിങ്ങളോട് സ്നേഹവും വിശ്വാസവും ഉണ്ടാകും അങ്കിളിന്. അങ്ങനെ ഉള്ളപ്പോൾ അത് നിങ്ങൾ തിരസ്ക്കരിക്കുന്നത് ശരിയാണോ.. എബി ചോദിച്ചു..

അല്ല.. പക്ഷേ.. അവൾ പിന്നെയും എന്തോ ചോദിക്കാൻ വന്നതും ഡേവി അതിനെ തടഞ്ഞുകൊണ്ട് പറഞ്ഞിരുന്നു.

ഒരു പക്ഷേയും ഇല്ല അന്നേ. നമ്മൾ അത് നടത്തുന്നു. പ്രോഫിറ്റിന്റെ ഒരു ഭാഗം എല്ലാ മാസവും വല്യപ്പച്ചന്റെ അക്കൗണ്ടിലേക്ക് ഇട്ടു കൊടുക്കാം. ബാക്കി അതിന്റെ അക്കൗണ്ടിൽ തന്നെ നിക്ഷേപിക്കാം. നമുക്ക് അതിൽ നിന്ന് ഒന്നും വേണ്ട… ഡേവി പറഞ്ഞു.

അതുമതി. ഞാനും ഇതാണ് മനസ്സിൽ ഉറപ്പിച്ചത്. അതുമാത്രം അല്ല 20 കൊല്ലം കഴിയുമ്പോൾ നമുക്ക് ഇത് തിരികെ എഴുതികൊടുക്കാം സോഫിയയുടെ കുഞ്ഞിന്റെ പേരിൽ. അല്ലാതെ പപ്പയുടെ അധ്വാനം നശിപ്പിച്ചു കളയാൻ പറ്റില്ല. പപ്പ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ആ ഫിനാൻസ് ഇന്ന് കാണുന്ന രൂപത്തിൽ എത്തിക്കാൻ. ഞാൻ അവിടെ ഉണ്ടായിരുന്നപ്പോൾ കണക്കും കാര്യങ്ങളും ഞാൻ നോക്കാറുണ്ടായിരുന്നു. അപ്പൊ പപ്പ പറഞ്ഞറിയാം ഇതിന് വേണ്ടി പപ്പ കഷ്ടപ്പെട്ട് കൂട്ടിയത്.. ജെനി ജോസഫിനോടൊപ്പം ഉള്ള സമയം ഓർത്തുകൊണ്ട് പറഞ്ഞു. അവളുടെ കണ്ണുകൾ അവളുടെ പപ്പയുടെ ഓർമയിൽ നിറഞ്ഞിരുന്നു..

മ്മ്.. ഒരു കാര്യം ശരിയാ.. ആ സ്ഥാപനം ചേട്ടായിടെ കൈയിൽ കൊടുക്കുന്നതും അടച്ചു പൂട്ടുന്നതും തുല്യം ആണ്. പണ്ട് കുറച്ചുനാൾ ഫിനാൻസ് ചേട്ടായി നോക്കിയിരുന്നു. അത് അടച്ചുപൂട്ടേണ്ടിവരും എന്ന നില വന്നപ്പോൾ ആണ് അങ്കിൾ തന്നെ പിന്നെയും അത് നോക്കി നടത്തി തുടങ്ങിയത്. എന്നിട്ട് സൂപ്പർ മാർക്കെറ്റ് ചേട്ടായിക്ക് കൊടുത്തു. ഇപ്പൊ അത് പൂട്ടിപ്പോയി. എന്നിട്ട് കഴിഞ്ഞ നാലു മാസം ആയിട്ട് അങ്കിളിന്റെ കൂടെ ഫിനാൻസിൽ ജോലി ചെയ്‌യായിരുന്നു ആള്. സാധാരണ ഒരു എംപ്ലോയിയെ പോലെ. അല്ലാതെ ഒരു തരത്തിൽ ഉള്ള പ്രിവില്ലേജസും കൊടുത്തിരുന്നില്ല അങ്കിൾ എന്നാ മമ്മി പറഞ്ഞത്.

മ്മ്… എന്തേലും ആവട്ടെ ഇതിപ്പോ നമ്മുടെ കീഴിൽ അല്ലേ. പിന്നെ ദേവനെ ഒരു പേടിയും ഉണ്ടാവും… എബി ഒരു കുസൃതി ചിരിയോടെ പറഞ്ഞു…

അതെന്താ… അന്ന സംശയത്തോടെ ചോദിച്ചു.

അത്… പിന്നെ… ദേവനെ കണ്ടാൽ ആരാ ഒന്ന് ഭയക്കാതിരിക്കാ. ആർക്കും അവനുമായിട്ട് മുട്ടാൻ ഒരു പേടിയുണ്ടാവും.. അല്ലേ ചേട്ടായി… ആദ്യം ഒന്ന് വിക്കിയെങ്കിലും എബി തന്നെ നോക്കി കണ്ണുരുട്ടുന്ന ഡേവിയെ നോക്കി ഇളിച്ചുകൊണ്ട് അന്നയോട് പറഞ്ഞു.

മ്മ്… പൂർണമായിട്ട് വിശ്വാസമായില്ലെങ്കിലും അന്ന അതിനൊന്ന് മൂളി. ജെനിയും സംശയത്തോടെ ഡേവിയെ ഒന്ന് നോക്കി. ഡേവി ജെനിക്ക് മുഖം കൊടുക്കാതെ ഗൗരവത്തോടെ ഇരുന്നു…

അന്ന് രാത്രി പതിവുപോലെ ഭക്ഷണശേഷം കൊട്ടാരത്തിൽ തറവാട്ടിൽ എല്ലാവരും കൂടിയിരുന്നു സംസാരത്തിൽ ആയിരുന്നു. അപ്പോഴാണ് ഡേവിയുടെ ഫോൺ ബെല്ലടിക്കുന്നത്. എടുത്ത് നോക്കിയപ്പോൾ അനാഥാലയത്തിൽ നിന്നാണ്. ആൻസിയുടെ എന്തെങ്കിലും കാര്യം ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞ് മദറമ്മക്ക് നമ്പർ കൊടുത്തിട്ടുണ്ടായിരുന്നു.
അവൻ വേഗം ഫോണും എടുത്ത് റൂമിലേക്ക് പോയി.

എന്താ മദർ.. ഫോൺ എടുത്തതും അവൻ ചോദിച്ചു.

ഡേവിഡ്… ആൻസി മരിച്ചു കുറച്ചുനേരത്തെ.. അടക്കവും മറ്റും നാളെയേ ഉണ്ടാകൂ.. അവർ പറഞ്ഞു..

മ്മ്.. നടക്കട്ടെ മദർ. ഫിനാൻഷ്യലി എന്തെങ്കിലും സഹായം വേണമെങ്കിൽ വിളിച്ചാൽ മതി..

ശരി.. ഡേവിഡ്.. ഞാൻ ഇത് അറിയിക്കാൻ വേണ്ടി വിളിച്ചതാണ്. വെക്കട്ടെ..

അവർ ഫോൺ വച്ചതും ഒരു നിമിഷം അവൻ അവളുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിച്ചു. മരിച്ചവരോടും പശ്ചാത്തപിക്കുന്നവരോടും വിദ്വേഷം വെക്കരുതുന്നല്ലേ പറയുക. ഇന്നലെ അവളുടെ കണ്ണുകളിൽ കണ്ട കണ്ണുനീർ പശ്ചാത്താപത്തിന്റെ ആയിരുന്നു. അവൻ ആലോചിച്ചു.

പിന്നെ അവൻ താഴേക്ക് പോയില്ല ആ ബാൽക്കണിയിൽ തെളിഞ്ഞ ആകാശവും നോക്കി നിന്നു. കുറച്ചു കഴിഞ്ഞതും ബാൽക്കണി റൈലിംഗിൽ വച്ചിട്ടുള്ള അവന്റെ കൈയിൽ കൂടി കൈ ചുറ്റിക്കൊണ്ട് ജെനിയും വന്ന് നിന്നു.

മക്കൾ ഉറങ്ങിയോ കൊച്ചേ… അവൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു.

ഉവ്വ് ഇച്ചായാ.. ഇച്ചായൻ എന്താ പിന്നെ താഴേക്ക് വരാഞ്ഞത്.

ഒന്നുമില്ല പെണ്ണെ. ചുമ്മാ ഇവിടെ ഇങ്ങനെ നിന്നു എന്നേ ഉള്ളൂ..

മ്മ്.. പിന്നെ കുറച്ചുനേരം രണ്ടാളും മിണ്ടാതെ നിന്നു..

ഇച്ചായാ…

എന്താ കൊച്ചേ..

ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ….

നീ ചോദിക്ക് കൊച്ചേ.. ഇച്ചായന് അറിയുന്നത് ആണെങ്കിൽ പറഞ്ഞു തരാം..

അന്ന് എന്റെ ജീവിതത്തിൽ അങ്ങനെ ഒന്നും സംഭവിച്ചില്ലായിരുന്നെങ്കിൽ നമ്മുടെ കല്യാണം കഴിഞ്ഞില്ലായിരുന്നെങ്കിൽ ഇച്ചായൻ വേറെ കല്യാണം കഴിക്കുമായിരുന്നോ..??

ഡേവി തല തിരിച്ച് അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി. തന്റെ ഉത്തരം അറിയാൻ ആകാംഷയോടെ നോക്കി നിൽക്കുന്ന ജെനിയെ കണ്ടപ്പോൾ സത്യത്തിൽ ഡേവിക്ക് ചിരിയാണ് വന്നത്.

ചിലപ്പോ മറ്റുള്ളവരുടെ നിർബന്ധത്തിൽ വേറെ കല്യാണം കഴിച്ചെന്നിരിക്കാം. പക്ഷേ ഒരിക്കലും നിനക്കായ്‌ എന്റെ ഉള്ളിൽ തോന്നിയ വികാരവിചാരങ്ങൾ മറ്റൊരാളോടും ഒരിക്കലും തോന്നിയേനില്ല. അതെപ്പോഴും നിനക്കായ്‌ മാത്രം എന്റെ ഉള്ളിൽ വിരിയുന്നതാണ്. മറ്റൊരാളോടും മറ്റൊന്നിനോടും എന്തിന് നമ്മുടെ മക്കളോട് പോലും എനിക്ക് നിന്നോട് തോന്നുന്ന ഒരിഷ്ടം തോന്നിയിട്ടില്ല. ആദ്യ കാഴ്ച്ചയിൽ തന്നെ എന്റെ ഉള്ളിൽ വേരുറച്ചുപോയ ഒന്നാണ് നീ. അതിനി ഒരുകാലത്തും മാറാൻ പോകുന്നില്ല.. ഇനിയുള്ള ജീവിതം നിനക്കായ്‌ ജീവിച്ചു തീർക്കണം എന്നാണ് എന്റെ ആഗ്രഹം.. ഡേവി പറഞ്ഞു. അടുത്തനിമിഷം ജെനി അവനെ മുറുകെ പുണർന്നു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവനും അവളെ മുറുകെ പുണർന്നു. അവനെ അവൾക്ക് നൽകിയതിൽ കർത്താവിനോട് നന്ദി പറയുകയായിരുന്നു അപ്പോഴും അവളുടെ ഉള്ളം…..

ശുഭം…………