23/04/2026

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 32

രചന – ആയിഷ അക്ബർ

ലൈല പോയി കഴിഞ്ഞതും റാനിക്ക് ഇനിയെന്ത് ചെയ്യണം എന്നറിയുന്നതേയില്ലായിരുന്നു……

അന്ന് രാത്രി അവന് കിടന്നിട്ടുറക്കം വന്നില്ല…

അവനാ മുറിയിലേക്ക് നോക്കി…..

ഉണ്ട്…. അവിടെയും വെളിച്ചം കാണുന്നുണ്ട്….

അവൻ പതിയേ അടുക്കളയും കടന്നു അവളുടേ മുറിയുടെ ജനലിന്റെ ഭാഗത്തെത്തി…..

അങ്ങനെ ചെയ്യാനാണ് അവന്നപ്പോൾ തോന്നിയത്….

കാരണം തന്റെ മനസ്സിലെ അസ്വസ്ഥതക്കുള്ള മരുന്ന് അവിടെയാണെന്ന് അവനറിയാമായിരുന്നു……

പാതി ചാരിയ ആ ജനലിലൂടെ താൻ കണ്ടിരുന്നു കാൽ മുട്ടുകൾക്ക് മേൽ തല വെച്ച് തേങ്ങി കരയുന്നവളെ……

ഹൃദയതിലൂടെ ഒരു മിന്നൽ പിണർപ്പ് കടന്നു പോയി….

അവൾ കരയുന്നത് താൻ കാരണമാണോ തനിക്ക് വേണ്ടിയാണോ എന്നറിയാൻ അവനൊരു കൗതുകം തോന്നിയിരുന്നു….

ഹിമാ…..

ആർദ്രമായി അവൻ വിളിച്ചു….

ആ വിളിയിൽ അവളൊന്നുലഞ്ഞു പോയിരുന്നു……

അവൾ പെട്ടെന്നെഴുന്നേറ്റ് കണ്ണുകൾ തുടച് ജനലരികത്തെത്തി….

എന്താ…. എന്താ ഈ നേരത്ത്….

അവളുടേ സ്വരത്തിൽ ഇത് വരെ കരഞ്ഞതിന്റെ നനവൂറി നിന്നിരുന്നു…..

വെറുതെ….
അവനും വാക്കുകൾ പുറത്തേക്ക് വരാത്തത് പോലെ…..

അവൻ അവളുടെ മിഴികളിലേക്ക് നോക്കിയങ്ങനെ നില്കുമ്പോൾ അവൾ താഴേക്ക് മിഴികളെ പതിപ്പിച്ചു….

അൽപ നേരം നിറഞ്ഞു നിന്ന നിശബ്ദത….

നമുക്ക്….. നമുക്കെങ്ങോട്ടെങ്കിലും പോയാലോ…..

നിശബ്ദതയെ കീറി മുറിച് അവനത് ചോദിക്കുമ്പോൾ ആ വാക്കുകളിൽ അടക്കി പിടിച്ച വികാരങ്ങളെല്ലാം തെളിഞ്ഞു കാണുന്നുണ്ടായിരുന്നു….

അവൾ പെട്ടെന്ന് മിഴികളുയർത്തി അവനെ നോക്കി……

പേടിക്കേണ്ട….. അന്നത്തെ പോലെ ദാരിദ്രനല്ല ഞാൻ… ഇന്നെനിക്കെല്ലാമുണ്ട്….

അവനത് പറയുമ്പോൾ വാക്കുകളിൽ പുച്ഛമുണ്ടായിരുന്നു…..

അവൾ ജനലഴിയിൽ കൈ വിരലുകൾ മുറുക്കി….

പിന്നെന്തിനാ ഈ എന്നേ…ലൈല…. നല്ല കുട്ടിയല്ലേ….. എന്നെക്കാൾ….എല്ലാം കൊണ്ടും……

അവന്റെ പരിഹാസം അറിഞിട്ടും അവളുടേ ശബ്‍ദത്തിന് ഒട്ടും കനമുണ്ടായിരുന്നില്ല…..

നിന്നെക്കാൾ….. എല്ലാം കൊണ്ടും നല്ല കുട്ടിയെ റാനി കാണാനിട്ടായിരുന്നില്ല നിന്നെ സ്നേഹിച്ചത്….

എന്തോ….. നിന്നിൽ കുരുങ്ങി പോയി….

അത് പറഞ്ഞപ്പോഴേക്കും അവന്റെ സ്വരം ഇടറി പോയിരുന്നു….

ഇന്നും…. മറ്റൊരാളിലേക്ക് ചലിക്കാൻ പോലും കഴിയാതെ ഞാൻ……
. അവൻ അവളിൽ നിന്ന് പിന്തിരിഞ്ഞു  നിന്ന് കണ്ണുകൾ അമർത്തി തുടച്ചു…..

അവളുടേ കണ്ണുകളും നിറഞ്ഞിരുന്നു….

കേൾക്കാൻ അത്ര മേൽ കൊതിച്ച വാക്കുകൾ…. കാണാൻ അത്ര മേൽ ഹൃദയം തുടിച്ച മുഖം….

അത്രയേറെ അടുത്തുണ്ടായിട്ടും….. ഇടയിൽ എന്നോ വന്നൊരു വിടവ് തങ്ങളെ അകറ്റി തന്നെ നിർത്തുന്നു…..

ഞാൻ…. ഞാൻ കാര്യമായിട്ട് പറഞ്ഞതാണ് …
ഈ വിവാഹം നിർത്താൻ എനിക്കിനി ഒരു വഴിയും അറിയില്ല …..
നമുക്ക് എങ്ങോട്ടെങ്കിലും തൽക്കാലം മാറി നിൽക്കാം……ഞാനൊറ്റക്ക് മാറി നിൽക്കാമെന്നാണ് വിചാരിച്ചത്…..

പക്ഷെ…. നിന്നെയിവിടെ തനിച്ചാക്കി……. അത് വേണ്ടെന്ന് തോന്നി…..
ഭാര്യ യെന്ന അധികാരം മുതലെടുത്തു കൊണ്ടാണെന്ന് വിചാരിക്കേണ്ട….. മുത്തശ്ശിക്ക് കൊടുത്തൊരു വാക്കുണ്ട്….
അത് മാത്രം കരുതിയാൽ മതി …….
നിനക്ക് എന്നിൽ നിന്ന് പോകാൻ സമയമാകുമ്പോൾ പോകാം….. ഞാൻ തടയില്ല…..

പക്ഷെ…. ഇപ്പോ ഈ വിവാഹത്തിൽ നിന്ന് രക്ഷപ്പെടാൻ എനിക്കീ വഴിയേ അറിയൂ…..

അവനത് പറഞ്ഞു നിർത്തുമ്പോൾ വാക്കുകളിലെ നിസ്സഹായത അവൾക്ക് മനസ്സിലായിരുന്നു…..

ഇപ്പൊ… നമ്മൾ മാറി നിന്നാൽ എല്ലാം തീരുമോ….

അവൾ പെട്ടെന്നാണത് ചോതിച്ചത്…..

അവനൊന്നും മിണ്ടിയില്ല….

ചുറ്റുമുള്ളവരെ എല്ലാം വേദനിപ്പിച്…

അവൾ പാതിക്ക് നിർത്തി….

അവന് ഒന്നും അറിയുന്നില്ലായിരുന്നു….

ഞാൻ വരുന്നില്ല റാനി …..എനിക്കതിന് കഴിയില്ല……

അവൾ തീർത് പറയുമ്പോൾ വാക്കുകളിൽ ഗൗരവമുണ്ടായിരുന്നു…..

പിന്നെന്താ ഞാൻ ചെയ്യുക….

റാനി ദേഷ്യവും സങ്കടവും കലർത്തിയാണത് ചോദിച്ചത്…..

ഇന്ഷാ അല്ലാഹ്….
ദൈവം എന്ത് കണക്കാക്കിയോ അത് പോലെ നടക്കട്ടെ ….
നിനക്ക് ആരെ കണക്കാക്കിയോ അവരുമായി നിന്നെ ചേർത്ത് വെക്കട്ടെ…

എനിക്ക്  വേണ്ടി നിനക്ക് ചുറ്റുമുള്ളവർ നഷ്ടപ്പെടരുത് …..

അന്നും…. ഇന്നും… നിനക്ക് വേണ്ടി തന്നെയാണ് ഞാൻ കൂടെയിറങ്ങി വരാതിരുന്നത് റാനി …

അത്രയും പറഞ് കൊണ്ട് അവൾ ജനാല വാതിൽ അവന് മുമ്പിൽ കൊട്ടിയടച്ചു….

റാനി ഒരു ജീവ ചവമായി അങ്ങനെ നിന്നു…..

ആ ജനലിനോട് ചാരി ഏറെ നേരം…..

കാരണം…. തന്റെ പ്രാണൻ അകത്തുണ്ടെന്ന ഒരൊറ്റ ചിന്തയിൽ…..

റാനിക്ക് മുമ്പിൽ ജനൽ കൊട്ടിയടച്ചതും അത് വരെ പിടിച്ചു വെച്ചിരുന്ന കണ്ണ് നീരത്രയും അവളുടേ കവിളുകളെ നനച്ചു കുതിർത്തി….

ഇനിയും അവനെ പിടിച് വാങ്ങാൻ കഴിയില്ല….
ഈ വീട്ടിൽ ഞങ്ങളുടെ വിവാഹം അംഗീകരിക്കാനും പോകുന്നില്ല…..

ഞാനൊരാൾ കാരണം അവന്റെ കുടുംബം അവന് വീണ്ടും നഷ്ടമാവും….

വേണ്ടാ…. ഒന്നും വേണ്ടാ….
പിടിച്ചടക്കുന്നതിനേക്കാൾ വിട്ട് കൊടുക്കുന്നതാണ് പ്രണയത്തിന്റെ ഏറ്റവും ഭ്രാന്തമായ തലം….

അവൾ ഗ്ലാസിന്റെ ജനലിൽ ചാരി നിൽക്കുന്ന അവന്റെ നിഴലിനു മുകളിൽ കൈ വെച്ചു…..

പിന്നെ പതിയേ തലയും അവനിലേക്കായി ചേർത്ത് വെച്ചു…….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ആ വീട്ടിൽ കല്യാണ ആഘോഷങ്ങൾ തുടങ്ങിയിരുന്നു….

പ്രൊഫസർക്ക് എന്തോ ആവശ്യത്തിനായി ഇജിപ്തിലേക്ക് പോകാനുള്ളത് കൊണ്ട് തന്നെ എല്ലാം പെട്ടെന്ന് തീരുമാനിച്ചു….

റാനിയുടെ മനസ്സ് ശൂന്യമായിരുന്നു….
എപ്പോഴും അവനെ നിർവികാരനായി കാണപ്പെട്ടു……

അവർ രണ്ട് പേരും തമ്മിലുള്ള കൂടി കാഴ്ചകൾ ഭാഗ്യം മനപ്പൂർവം തടഞ്ഞു വെച്ചു…..

ഹിമ ദിവസം തോറും ക്ഷീണിച്ചു വന്നു…..

ഉറക്കമില്ലാതെ കരഞ്ഞത് കൊണ്ടാവാം കണ്ണുകൾ കുഴിയിലേക്കാണ്ട് പോയത് പോലെ……

ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു വീണു പോയി…

വിവാഹ ദിവസം അടുത്തെത്തി..

വീട്ടിലാകെ പുതു വസ്ത്രങ്ങളുടെയും മൈലാഞ്ചിയുടെയും മണം പരന്നു…..

ഭർത്താവിന്റെ വിവാഹത്തിന് അവൾക്കും ഒരു ഡ്രെസ് ഭാഗ്യം കൊടുത്തിരുന്നു…..

എങ്ങനെ കഴിയുന്നു അവർക്കിതിന്…..

അവൾക്ക് പുച്ഛം തോന്നി….

അവരും ഒരു സ്ത്രീയല്ലേ….
ആത്മാർത്ഥമായ പ്രണയത്തിന്റെ വ്യാപ്തി അറിയുന്ന ഒരു കാമുകി യായിരുന്നില്ലേ…..

അവൾ അവർക്ക് മുഖം കൊടുക്കാനേ നിൽക്കുമായിരുന്നില്ല….

അത്രത്തോളം വെറുത്തു പോയിരുന്നു…. ഇനിയൊരിക്കലും സ്നേഹിക്കാൻ കഴിയാത്തത് പോൽ…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ലൈലാ…. പ്ലീസ്…. ട്രൈ ടു അണ്ടർസ്റ്റാൻഡ് മി…..
എനിക്ക്…. എനിക്ക് പറ്റുന്നില്ല….. നീയെങ്ങനെയെങ്കിലും ഈ വിവാഹത്തിൽ നിന്ന് പിൻ മാറണം….

റാനി അത് പറഞ് ആ ബെഞ്ചിലേക്കിരിക്കുമ്പോൾ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു….

വീട്ടിലും ഓഫീസിലും അല്ലാതെ ഒഴിഞ്ഞോരിടത്തു മീറ്റ് ചെയ്യണം എന്ന് പറഞ്ഞവൻ വിളിച്ചപ്പോൾ വളരേ ആവേശത്തോടെയാണ് ഈ പാർകിലേക്ക് താനും വന്നത്…..

പക്ഷെ വിവാഹത്തിന് രണ്ട് ദിവസം മുന്പും അവനിതേ ആവശ്യം പറയുമെന്ന് താൻ വിചാരിച്ചിട്ടേയില്ലായിരുന്നു….

റാനി… പ്ലീസ്……
നിനക്ക് ഹിമയോടുള്ള കുറ്റബോധതിന്റെ പുറത്താണീതെല്ലാം പറയുന്നത്……

പക്ഷെ….. അതിന്റെ ആവശ്യമുണ്ടോ….
നമ്മുടെ ആചാര പ്രകാരം നിക്കാഹ് കഴിയാത്തിടത്തോളം അവൾ നിന്റെ ഭാര്യ യായി ആരും അംഗീകരിക്കില്ല….
വിവാഹം കഴിഞ്ഞാൽ നമുക്കൊരുമിച് അവൾക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുക്കാം….
എത്ര പണം വേണമെങ്കിലും കൊടുക്കാം….

ലൈല അത് പറഞ്ഞതും റാനി ദേഷ്യത്തോടെ അവളെ നോക്കി…

അവളെ ഒഴിവാക്കാനുള്ള വഴിയല്ല ഞാൻ നിന്നോട് ചോദിച്ചത്…..

അവനത് പറഞ്ഞതും ലൈല അവനെ തന്നെ നോക്കി നിന്നു…..

എനിക്ക്…. എനിക്കവളില്ലാതെ പറ്റില്ല ലൈലാ….. അത്ര മേൽ ഞാനവളെ സ്നേഹിക്കുന്നു….

നിനക്കറിയുമോ അവള് എന്നിലേക്ക് വന്നത് മുതൽ ജീവിതകാലം മുഴുവൻ അവളെന്റെ കൂടെ വേണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു…..

ഇവിടെ വന്നു എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തവനെ പോലെ ലഹരിയുടെ ഇരുട്ടിലായിരുന്നു ഞാൻ….

അവൾ വന്നതിനു ശേഷമാണ് അതിൽ നിന്നെല്ലാം പുറത്ത് വന്നത്….

എല്ലാം ഉണ്ടായിട്ടും അവളെന്ന ശൂന്യത എപ്പോഴും എന്നേ വേട്ടയാടുമായിരുന്നു…

റാനി അത് പറയുമ്പോൾ കണ്ണുകളിൽ അവളോടുള്ള പ്രണയം കാൻകെ ലൈല തകർന്നു പോയിരുന്നു…..

നിനക്ക് മാത്രമല്ലേ ഈ പറയുന്ന സ്നേഹവും പ്രണയവും ഒക്കെയുള്ളു….

അവൾ ക്ക് തിരിച്ചുണ്ടോ…ഉണ്ടെങ്കിൽ അന്നവൾ നീ വിളിച്ചപ്പോൾ ഇറങ്ങി വരുമായിരുന്നു….

ഒന്നുമില്ലാതിരുന്ന സമയം നിന്നെ വേണ്ടെന്ന് പറഞ്ഞവൾക്ക് വേണ്ടി യാണ് നീയിങ്ങനെ വാശി പിടിക്കുന്നതെന്ന് മറക്കേണ്ട റാനി ….

ലൈലയിൽ നിന്ന്  വന്ന ഒരു പൊട്ടി തെറിയായിരുന്നു  ആ വാക്കുകൾ…..

ദേഷ്യം കൊണ്ടവളുടെ കണ്ണുകൾ ചുവന്നിരുന്നു…

എല്ലാവരും തങ്ങളെ ശ്രദ്ധിക്കുന്നുണ്ട്…..

റാനി ഒരു നിമിഷം അവളെയൊന്ന് നോക്കി….

അത്…. അത് നിനക്കെങ്ങനെ അറിയാം….

അവൻ പെട്ടെന്നത് ചോദിച്ചതും അവൾ നിന്നൊന്ന് വിയർത്തു…..

പറ ലൈലാ…..
ഞാൻ അവളെ വിളിച്ചതും അവൾ കൂടെയിറങ്ങി വരില്ലെന്ന് പറഞ്ഞതും നീയെങ്ങനെ അറിഞ്ഞു വെന്നാണ് ചോദിച്ചത്….

റാനിയുടെ ശബ്ദം ഒന്ന് കൂടി ഉയർന്നു….

ലൈല പറഞ് പോയ അബദ്ധം ഓർത്ത് വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു….

(തുടരും)