രചന – ആയിഷ അക്ബർ
അർജുൻ നടക്കുമ്പോഴും പിറകെ അവളും ഉണ്ടായത് കൊണ്ടോ എന്തോ ഒരു നനുത്ത പുഞ്ചിരി അവനിൽ സ്ഥാനം പിടിച്ചിരുന്നു……
മുറിയിലെത്തിയതും മാറാനുള്ള ഡ്രെസ്സുമെടുത്തവൻ കുളി മുറിയിലേക്ക് കയറി…..
കുളി കഴിഞ്ഞിറങ്ങുമ്പോഴും അഞ്ജലി മുറിയിൽ ഇരിക്കുന്നുണ്ട്…
അയ്യോ……
ഇറങ്ങി കഴിഞ്ഞ് തല തൂവർത്തുമ്പോഴാണ് അവൻ പെട്ടെന്നത് പറഞ്ഞത്…..
അഞ്ജലി കണ്ണുകൾ വിടർത്തി അവനെയൊന്ന് നോക്കി…..
ഞാൻ ഇപ്പൊ അലക്കാനിട്ട ആ പാന്റൊന്നെടുത്തെ….
അവനത് പറഞ്ഞതും അവൾ വേഗം അതെടുത്തു കൊണ്ട് വന്നു……
ആ ബാക്ക് പോക്കറ്റിൽ ഒരു സാധനമുണ്ട്… അതെടുക്കാനാണ്…..
അവൻ അവളെ നോക്കാതെ തല തുവർത്തി കൊണ്ട് തന്നെയത് പറഞ്ഞതും അവൾ പോക്കറ്റിൽ നിന്നും അതെടുത്തു…..
മനോഹരമായ ഒരു കുഞ്ഞ് പെട്ടിയായിരുന്നത്….
അവൾ പാന്റ് തിരികെ വെച് പെട്ടി അവന് നേരെ നീട്ടി……
തുറന്ന് നോക്…. നിനക്കുള്ളതാ…..
അവൻ അവളെ നോക്കിയത് പറഞ്ഞതും ഹൃദയം ഒന്ന് വിറച്ചു..
ഒട്ടും പ്രതീക്ഷിക്കുന്നില്ലായിരുന്നവളത്……
അവൾ മിഴികളുയർത്തി അവനെയൊന്ന് നോക്കി…..
എന്തോ അത് തുറക്കാൻ പോലും അവളുടേ കൈകളൊന്ന് വിറച്ചു….
അമ്മയെ കൂടാതെ തനിക്കാരും ഒന്നും ഇങ്ങനെ വെച്ചു നീട്ടിയിട്ടില്ല….
അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു….
നിറഞ്ഞു വന്ന ആ മിഴികൾ അവന്റെ ശ്രദ്ധയിൽ പെട്ടതും കയ്യിലെ തോർത്തു മുണ്ട് കട്ടിലിന്റെ കാലിലേക്ക് വെച്ചവൻ അവളുടേ കയ്യിൽ നിന്ന് ആ പെട്ടി വാങ്ങി….
വേറൊന്നുമല്ല…ഒരു ചെറിയ വാച്ചാണ്…..
അതും പറഞ്ഞവനത് തുറക്കുമ്പോൾ അവൾ കണ്ടിരുന്നു അതിൽ കിടക്കുന്ന മനോഹരമായ ആ വാച്ച്…….
സന്തോഷത്താൽ അവളുടേ കണ്ണുകളൊന്നു കൂടി നനഞ്ഞു……
അരുൺ താരക്ക് എന്തൊക്കെയോ വാങ്ങാൻ ഒരു കടയിൽ കയറിയപ്പോൾ എടുത്തതാ…..
അവന്നതും പറഞ്ഞു കൊണ്ട് അവളുടേ കയ്യിലേക്കത് നീട്ടിയപ്പോൾ അവളൊരു പുഞ്ചിരിയോടെ അത് വാങ്ങി…..
ആ വാച്ചിലായിരുന്നില്ല അവളുടേ മനസ്സ് നിറഞ്ഞത്……
ആരും ഒന്നും വാങ്ങി കൊടുക്കാനില്ലാത്ത അവൾക്ക് ഓർക്കാപ്പുറത്തു കിട്ടിയ സമ്മാനത്തിന്റെ സന്തോഷത്തിലായിരിക്കാം…..
കണ്ടപ്പോൾ രസം തോന്നി…
പിന്നെ ഇതൊന്നും വാങ്ങി കൊടുക്കാൻ എനിക്ക് പെങ്ങമ്മാരോന്നും ഇല്ലല്ലോ…..
പെങ്ങളോ…..
അവൻ അതും പറഞ്ഞവളെ കടന്ന് അല്പം നീങ്ങിയതും അവളിൽ നിന്നാ ചോദ്യം പെട്ടെന്നായിരുന്നു…….
ഐ മീൻ….. പെങ്ങമ്മാർക്കല്ലേ ഇങ്ങനത്തെ ഐറ്റംസൊക്കെ വാങ്ങുക….
എനിക്കതില്ലല്ലോ…..
അവൻ അവൾക്കായി മറുപടി കൊടുക്കുമ്പോഴും ചോദ്യം ചോദിച്ച ആ ജാള്യത അവളിൽ നിന്നും വിട്ട് മാറാതത് കൊണ്ട് തന്നെ അവൾ മുഖം താഴ്ത്തി നിന്നു…….
ഇപ്പൊ പിന്നെ ഭാര്യക്കായെന്ന് മാത്രം….
അവളുടേ ചോദ്യ ഭാവം മനസ്സിലായെന്ന വണ്ണം അവനത് പറഞ്ഞതും അവളുടേ നെഞ്ചോന്ന് പിടച്ചു…….
അവൾ ഇടം കണ്ണാലെ അവനെയൊന്ന് നോക്കി…..
അവൻ ഒരു കുസൃതി ചിരിയോടെ അവളുടേ ഭാവങ്ങൾ ഒപ്പിയെടുക്കുന്നത് കണ്ടതും അവൾ വേഗം മിഴികൾ അവനിൽ നിന്നും നീക്കി ഒരു വെപ്രാളത്തോടെ തിരിഞ്ഞു നിന്നു……
എന്തോ ഒന്ന് തങ്ങൾക്കിടയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്….
വാക്കുകൾക്ക് പോലും ഇടമില്ലെന്ന വണ്ണം എന്തോ ഒരു അനുഭൂതി തങ്ങളെ പൊതിയുന്നുണ്ട്…..
പിന്നീടൊന്നും പറയാതെ അവൻ മുറി വിട്ടപ്പോഴും കയ്യിൽ മുറുകെ പിടിച്ചിരുന്ന ആ വാച്ചിലേക്കവൾ ഒന്ന് കൂടി നോക്കി….
അതിൽ സ്വർണ നിറത്തിലുള്ള കല്ലുകൾ ഇരു വശത്തും പതിപ്പിച്ചിട്ടുണ്ടായിരുന്നു…
അവളത് ഒന്ന് കൂടി ചേർത്ത് പിടിച്ചു….
മനസ്സിൽ നിറഞ്ഞു നിന്നൊരു മഞ്ഞു വീഴ്ചയോടൊപ്പം കണ്ണുനീർ കാഴ്ചയേ മറക്കുന്നത് പോലവൾക്ക് തോന്നി……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
രാവിലെ അടുക്കളയിൽ തിരക്കിട്ട് ജോലികൾ ചെയ്യുമ്പോഴാണ് അവൾക്കടുത്തേക് പത്മ വരുന്നത്…..
ഒരു നിമിഷം അവരെ കണ്ടതും അവൾ സാമ്പാറിലേക്കുള്ള കഷ്ണങ്ങൾ മുറിക്കുന്നത് പതുക്കെയാക്കി…..
അവർ തന്നെ നോക്കി നിൽക്കുകയാണെന്ന് മുഖത്ത് നോക്കാതെ അവൾക്ക് വ്യക്തമായിരുന്നെങ്കിൽ കൂടി അടുത്ത തെന്താകുമെന്നോർക്കേ അവൾക്കൊരു ഭയം തോന്നി…..
അപ്പോഴേക്കും സ്റ്റോവിൽ വെച്ച ഇഡ്ഡലി വെന്തത് കൊണ്ട് തന്നെ അവളതെടുക്കാനായി എഴുന്നേറ്റു…..
ഇഡ്ഡലി പാത്രത്തേക്ക് പകർത്തി മാവോഴിച്ചു കൊടുത്തവൾ തിരിഞ്ഞപ്പോൾ കാണുന്നത് താൻ മുറിച് ബാക്കി വെച്ച സാമ്പാർ കഷ്ണങ്ങൾ ഇരുന്നു മുറിക്കുന്ന പത്മ യെയാണ്….
അയ്യോ….. വേണ്ട…. ഞാൻ ചെയ്തോളാം…..
അവളത് പറഞ്ഞത് പെട്ടെന്നായിരുന്നു……
നീ അത് നോക്കിക്കോ…. ഇത് ഞാൻ ചെയ്തോളാം….
ഒട്ടും ഗൗരവമില്ലാതെ അവരത് പറഞ്ഞതും അവൾക്കത്ഭുതതിലേറെ സന്തോഷം തോന്നി…..
അവൾ മറ്റു ജോലികളിലേക്ക് തിരിയുമ്പോഴും മനസ്സിൽ നിറഞ്ഞു നിന്നിരുന്ന തണുപ്പ് ചെറുതായിരുന്നില്ല….
എനിക്ക് നിന്നേ പോലെ സ്പീഡ് ഒന്നും ഇല്ലാ….
പതിയേ ആവു….
അവിടെ ഞങ്ങള് ഇങ്ങനെയുള്ള ഫുഡ് അധികം ഉണ്ടാക്കാറില്ല…..
പത്മ അത് പറയുമ്പോൾ തന്നോടാണോ എന്ന് വരെ അവൾക്ക് സംശയം തോന്നി….
പക്ഷെ….. അവളോട് തന്നെയായിരുന്നു…..
അവർ അവരുടേതായ ഓരോ വിശേഷങ്ങൾ പറയുമ്പോൾ ആദ്യമായാണ് തങ്ങൾ സംസാരിക്കുന്നതെന്ന് പോലും അഞ്‌ജലി മറന്നിരുന്നു……
വർഷങ്ങളായി കണ്ട് ശീലിച്ചവരെ പോലെ തോന്നി…..
അഞ്ജലി കൂടുതലൊന്നും മിണ്ടിയില്ലെങ്കിൽ കൂടി ഒരു ചെറു ചിരിയോടെ അവരെ കേട്ട് നിന്നു….
അല്ലെങ്കിലും അവര് തന്നോട് ചോദിക്കുന്നതിനേക്കാൾ അവരുടെ വിശേഷങ്ങൾ പറയുകയാണ് ചെയ്തത്….
അവരുടെ മാത്രമല്ല….
അവന്റെയും അച്ഛന്റെയും എല്ലാം…..
നേരം കുറച്ചധികം നീങ്ങിയ ശേഷമാണ് ശോഭ എഴുന്നേറ്റ് വരുന്നത്……
അടുക്കളയിൽ പത്മയെ കണ്ടതും ഒരു നിമിഷം അവർക്ക് ശ്വാസം വിലങ്ങി പ്പോയി……
പത്മേ..നീയെന്തിനാ ഇതൊക്കെ ചെയ്യുന്നത്…..
ശോഭ വല്ലാത്തൊരു വെപ്രാളത്തോടെ ചോദിച്ചു….
കാരണം ജയനും ഗോപിയും ഇതെങ്ങാൻ കണ്ടാൽ തങ്ങൾക്ക് കണക്കിന് കിട്ടുമെന്ന് അവർക്ക് വ്യക്തമായറിയാമായിരുന്നു……
പെങ്ങളെന്ന് വെച്ചാൽ രണ്ട് പേർക്കും അത്രത്തോളം കാര്യമാണ്….
വല്ലപ്പോഴും മാത്രം വരുന്ന പത്മ യേ ഒരു രാജ കുമാരിയായി തന്നെയാണ് കണക്കാക്കാറുള്ളത്…..
പിന്നെ നമുടെ വീട്ടിലെ ജോലികൾ നമ്മൾ ചെയ്യേണ്ടെ ഏട്ടത്തി…..
പത്മയുടെ ചോദ്യം പെട്ടെന്നായിരുന്നു……
അതിന് അവളുണ്ടല്ലോ…. നീയിങ്ങ് എഴുന്നേറ്റെ…..
ശോഭ അത് പറയുമ്പോഴും മറ്റാരും ഇതറിയരുതേന്നൊരു വെപ്രാളം അവരിലുണ്ടായിരുന്നു…..
അഞ്ജലി ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു…
അതിനവളിവിടുത്തെ ജോലിക്കാരിയൊന്നുമല്ലല്ലോ…. എൻറെ മോനവളെ താലി കെട്ടിയല്ലേ കൊണ്ട് വന്നത്….
പത്മയുടെ മറു ചോദ്യം അക്ഷരാർത്ഥത്തിൽ ശോഭയെ ഞെട്ടിച്ചിരുന്നു…..
അഞ്ജലി പിടക്കുന്ന മിഴികൾ അവർക്ക് നേരെയുയർത്തി…..
നീ…. നീയല്ലേ പറഞ്ഞത്… അവൾ ചെയ്തോളുമെ ന്നു…..
ശോഭ അതും പറഞ്ഞോന്നു നിർത്തി….
അവൾ പാചകം ചെയ്തോളും എന്നല്ലേ പറഞ്ഞത്…
എന്ന് വെച്ച് ഇവിടെ വേറെ പണിയൊന്നുമില്ലേ….
എല്ലാം കൂടി അവളൊറ്റക്കെങ്ങനെചെയ്യും……
ചെറിയ കുട്ടിയല്ലേ അവൾ….
പത്മ അത് പറയുമ്പോൾ ശോഭ തല കുനിച്ചെങ്കിലും അഞ്ജലിയുടെ മനസ്സോന്ന് നനഞ്ഞിരുന്നു…..
ഒരമ്മയുടെ കരുതൽ ആ വാക്കുകളിൽ നിന്ന് അഞ്‌ജലിക്കനുഭവിച്ചറിയാൻ കഴിഞ്ഞു…..
ഇത്രയും പേരുള്ള ഈ വീട്ടിലെ കാര്യങൾ ഒറ്റക്ക് ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമാണോ….
അതും കഴിഞ് കോളേജിൽ പോകണം….
അവളുടേ മിടുക്ക് കൊണ്ടും നിവൃത്തി കേട് കൊണ്ടും മാത്രമാ അവളത് ചെയ്യുന്നത്….
വേറെയും ഒരുത്തി യുണ്ടല്ലോ ഇവിടെ…
അടുക്കള പരിസരത്തേക്ക് കാണാറില്ലല്ലോ…..
പത്മ അതുംകൂടി പറഞ്ഞു നിർത്തിയപ്പോഴേക്കും ഇതെല്ലാം കേട്ട് സുകന്യ യും വാതിൽ പടിയിൽ നിൽക്കുന്നുണ്ടായിരുന്നു….
നീ ചായ കുടിച് കോളേജിലേക്ക് പോകാൻ നോക്കിക്കോ…..
ഞാൻ ചെയ്തോളാം…
പത്മ അഞ്ജലിയോടത് പറയുമ്പോൾ അവളൊന്ന് മടിച്ചു നിന്നു….
മ്മ്…. ചെല്ല്…..
അവരൊന്നു കൂടി പറഞ്ഞതും അവൾ പതിയേ അടുക്കള വിട്ടു..
അപ്പോഴും തന്നെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന മിഴികളെ അവളറിയുന്നുണ്ടായിരുന്നു…..
നീ പൊയ്ക്കോ പത്മേ…. ഞങ്ങൾ ചെയ്തോളാം….
ശോഭയും സുകന്യയും പത്മയുടെ അരികിലേക്ക് വീണ്ടും വന്നത് പറയുമ്പോൾ ഗോപിയോ ജയനോ കണ്ടാലോ എന്ന പേടി അവരിലുണ്ടായിരുന്നു….
എനിക്കിതൊന്നും വലിയ കാര്യമ്മല്ല…..
അമ്മ പറയാറില്ലേ ആരോഗ്യമുള്ളിടത്തോളം അവനവന്റെ അടുക്കളയിലെ ജോലി ചെയ്യാൻ മറ്റാരെയും നമ്മൾ കാത്തു നിൽക്കരുതെന്ന്……
പത്മ വീണ്ടുമത് പറയുമ്പോൾ ശോഭ വന്നവരുടെ കയ്യിലെ തവി വാങ്ങി……
ഇനി ബാക്കി ഞങ്ങള് ചെയ്തോളാം….
അതും പറഞ് നിർബന്ധിച്ചവർ പത്മയെ അടുക്കളയിൽ നിന്നും പറഞ്ഞയക്കുമ്പോൾ പത്മയുടെ മനസ്സിൽ ഒരു ആശ്വാസം തങ്ങി നിന്നു…..
താൻ ചെയ്തൊരു തെറ്റ് താൻ തന്നെ തിരുത്തി എന്ന പോൽ……
(തുടരും)

by