രചന – ജിഫ്ന നിസാർ
കൈ പിടിച്ചിറങ്ങിയവൾ മഞ്ഞു പോലെ തണുത്തുറങ്ങു പോയിരുന്നു.
ക്രിസ്റ്റി ആ കൈകളിൽ മുറുകെ പിടിച്ചു.
മറു കൈ കൊണ്ട് അവൾ കയറി നിന്ന കസേരയെടുത്ത് ഒരു സൈഡിൽ ഇട്ട് കൊടുത്തു.
“ഇവിടിരിക്ക്..”
വിറച്ചു നിൽക്കുന്നവളെ തോളിൽ പിടിച്ചു കൊണ്ടവൻ അതിലേക്കിരുത്തി.
തളർന്നു തൂങ്ങിയത് പോലെ അവളാ കസേരയിലേക്ക് വീണു പോയിരുന്നു.
മുഖം കുനിച്ചിരിക്കുന്നവളെ ഒന്ന് കൂടി നോക്കിയതിനു ശേഷം ക്രിസ്റ്റി ആദ്യം പോയിട്ട് വാതിലടച്ചു.
ശേഷം കിടക്കയിലേക്ക് കയറിയിട്ട് ഫാനിൽ ദിൽന കെട്ടിയിരുന്ന ആ മരണകുരുക്കഴിക്കുമ്പോൾ അവന്റെ കൈകൾ വിറച്ചു.
തുറന്നു നോക്കാൻ തോന്നാതെ.. അവളുറങ്ങി പോയെന്ന് കരുതി താനെങ്ങാനും തിരിച്ചു പോയിരുന്നുവെങ്കിൽ.. ഇപ്പോൾ ഈ കുരുക്കിനറ്റത്ത് അവൾ മരണത്തിലേക്ക് പിടഞ്ഞു കൊണ്ട് നടന്നു കയറുകയായിരിക്കും.
ആ ഓർമ പോലും അവന്റെ ശ്വാസമിടിപ്പ് കൂട്ടി.കൈകൾ വിറച്ചു..
അവളുടെ തന്നെ ചുരിദാറിന്റെ ഷാളാണ്. അവനത് അഴിച്ചെടുത്തു മേശയിലേക്കിട്ടു.
ചവിട്ടി കയറി നിന്നത് കൊണ്ട് ആകെ അലങ്കോലമായി കിടന്നിരുന്ന ബെഡ് ഷീറ്റെല്ലാം ശരിയാക്കി വിരിച്ചിട്ടു.
ദിൽനയപ്പോഴും മുഖം കുനിഞ്ഞു തന്നെ ഇരിപ്പാണ്.
മേശയിലെ ജഗിൽ നിന്നും വെള്ളമെടുത്തു കൊണ്ട് ക്രിസ്റ്റി അവർക്ക് നേരെ നീട്ടി.
ആർത്തിയോടെ.. അവനെ മുഖമുയർത്തി നോക്കാതെ അവളാ ഗ്ലാസ്സ് വാങ്ങി, വെള്ളം കുടിച്ചു.
അവളെ നോക്കി കൊണ്ട് ക്രിസ്റ്റി നേരെ മുന്നിലെ കിടക്കയിലേക്കിരുന്നു.
വെള്ളം കുടിച്ചു കഴിഞ്ഞും അവളുടെ കൈകളിൽ ആ ഗ്ലാസ് ഞെരിയുന്നുണ്ടായിരുന്നു.
ക്രിസ്റ്റി അത് പിടിച്ചു വാങ്ങി കൊണ്ട് തിരികെ മേശയിലേക്ക് തന്നെ വെച്ചു.
അൽപ്പനേരം നോക്കിയിരുന്നിട്ടും ക്രിസ്റ്റി അവളോടൊന്നും ചോദിച്ചില്ല.
അവൾ മുഖമുയർത്തി നോക്കിയതുമില്ല.
പക്ഷേ തൊട്ട് മുന്നിൽ അവനിരിക്കുന്നുണ്ടെന്ന് അറിയാവുന്നത് കൊണ്ട് അവൾ കരയുകയാണ് .. ആ ഉള്ളുലഞ്ഞ കരച്ചിൽ കാരണം അവളുടെ ശരീരം വിറക്കുന്നുണ്ട്… അതവൻ അറിയുന്നുമുണ്ട്.
“നിന്നെയറിയാൻ ആരുമില്ലെന്ന് കരുതി… മരണത്തെ കൂട്ട് പിടിക്കാൻ തോന്നിയിട്ടും.. നിനക്ക്.. നിനക്ക് വെറുതെ പോലും എന്നെയൊന്നു ഓർമ വന്നില്ലേ ദിലു?”
അങ്ങേയറ്റം ശാന്തമായിട്ടാണ് ക്രിസ്റ്റി ചോദിച്ചതെങ്കിലും .. ദിൽന പൊള്ളിയത് പോലെ പിടഞ്ഞു പോയിരുന്നു.
അവൻ അവന്റെ മുഖത്തേക്ക് നോക്കി.
“നിനക്കൊരു ഏട്ടൻ മാത്രമൊള്ളല്ലോ.. അല്ലേ?”
വീണ്ടും വേദന അടക്കി പിടിച്ചു കൊണ്ടവൻ ചിരിച്ചു.
“എനിക്ക് പക്ഷേ… നീ എന്നും എന്റെ അനിയത്തി തന്നെയായിരുന്നു.ചേട്ടായി ന്നും വിളിച്ചോണ്ട് എന്റെ പിന്നിൽ നിന്നും മാറാത്തൊരു ദിലുവുണ്ടായിരുന്നു. നിന്റെ പപ്പാ വിഷം കുത്തി നിറയ്ക്കും മുന്നേ.. മാറി പോയതും മറന്ന് പോയതും നീയാണ് മോളെ. ചേട്ടായി ഇപ്പോഴും പഴയ ആള് തന്നെയാണ് ”
ക്രിസ്റ്റി പറഞ്ഞത് കേട്ടതും ദിൽന കൈകൾ കൊണ്ട് മുഖം പൊതിഞ്ഞു പിടിച്ചു കൊണ്ട് പൊട്ടി കരഞ്ഞു പോയിരുന്നു.
വല്ലാത്ത മനപ്രയാസത്തോടെയാണ് ക്രിസ്റ്റി അവളെ നോക്കിയത്.
സഹിക്കാൻ വയ്യാത്തൊരു വേദന അവനിലും നിറഞ്ഞു നിന്നിരുന്നുവപ്പോൾ.
“അവൻ… അവനെന്നെ ചതിച്ചതാ ചേട്ടായി ”
ഏറെ നേരത്തെ കരച്ചിലിനോടുവിൽ ഇച്ചിരി ആശ്വാസം കിട്ടിയതും അടഞ്ഞു പോയ ശബ്ദത്തിൽ ദിൽന…പറഞ്ഞു തുടങ്ങി.
കൈകൾ കൊണ്ട് തല താങ്ങി കുനിഞ്ഞിരിക്കുകയായിരുന്ന ക്രിസ്റ്റി അത് കേട്ടതും മുഖം ഉയർത്തി കൊണ്ട് അവളെ നോക്കി.
ചുവന്നു വിങ്ങിയ ആ മുഖം…
“സത്യത്തിൽ.. അന്നെന്താ സംഭവിച്ചത്. എങ്ങനാ നീ അവനൊപ്പം..”
ദിൽനയെ നോക്കി ക്രിസ്റ്റി പതിയെ ചോദിച്ചു.
അത് വരെയും… അത്രയൊക്കെ സംഭവിച്ചിട്ടും ആരും അവളോട് ചോദിക്കാത്ത ആ ചോദ്യം അവനിൽ നിന്നും കേട്ടതും ദിൽന വീണ്ടും കണ്ണ് നിറച്ചു.
താൻ വരുന്നില്ലെന്ന് പറഞ്ഞതും.. റോയ്സ് സെന്റിമെൻസ് കൊണ്ട് തന്നെ പറഞ്ഞു വീഴ്ത്തി ഒപ്പം കൂട്ടിയതും.. പിന്നെ.. അവനായിട്ട് തന്നെ ഉണ്ടാക്കിയെടുത്തൊരു കാരണം പറഞ്ഞിട്ട് തന്നെ അവന്റെ കെണിയിൽ ചാടിച്ചതും ദിൽന ക്രിസ്റ്റീയോട് പറഞ്ഞു.
അന്നവൾ അനുഭവിച്ച നോവുകൾ എല്ലാം അവനവുടെ മുഖത്ത് കണ്ടിരുന്നു.. ഓരോ വാക്കും പറയുമ്പോഴും.
അപ്പോഴെല്ലാം ക്രിസ്റ്റിയുടെ മുഖം കൂടുതൽ വലിഞ്ഞു മുറുകി.. കൂടുതൽ കടുപ്പത്തിലായി മാറുന്നുണ്ടായിരുന്നു.
“ആരും എന്നോട് ചോദിച്ചില്ല ചേട്ടായി. അവനെന്നെ സ്വീകരിക്കാം എന്ന് പറഞ്ഞതോടെ.. എല്ലാവരും അവനൊപ്പമായി. എനിക്കാരുമില്ലാതായി ”
വീണ്ടും ദിൽനയുടെ ചിലമ്പിച്ച സ്വരം.
“റിഷി ഏട്ടനോട് ഞാൻ… പപ്പയോടു പറയാൻ പറഞ്ഞപ്പോ… എന്നോട്… എന്നെ..”
അത് മുഴുവനും പറയാൻ കൂടി അവൾക്കായില്ല. അത്രയും സങ്കടം തൊണ്ടയിൽ വന്നു തടഞ്ഞിട്ട് ശ്വാസം മുട്ടുന്നുണ്ടായിരുന്നു.
റിഷിൻ തന്റെ കൂടപ്പിറപ്പാണ്.. തനിക്കൊരു പ്രശ്നം വരുമ്പോൾ മറ്റെരെക്കാളും അവൻ തന്നെ ചേർത്ത് പിടിക്കുമെന്നുള്ള അവളുടെ എത്രയോ കാലത്തെ കനപ്പെട്ട.. അഹങ്കരിച്ച വിശ്വാസമാണ് തകർന്നു പോയത്.
അതാണവളെ കൂടുതൽ തളർത്തി കളഞ്ഞതും .
ക്രിസ്റ്റിക്കത് വളരെ പെട്ടന്ന് തന്നെ മനസ്സിലായി.
“ഒറ്റക്കാണെന്ന് തോന്നി മരണത്തോളം നടന്നത്തിയിട്ടും വഴിയിലൊരിടത്തും നീ എന്നെ കണ്ടില്ലല്ലോടി മോളെ..”
ക്രിസ്റ്റി അവളുടെ കൈകൾ എടുത്തു കൊണ്ട് തലോടി.
ദിൽന കുറ്റബോധത്തോടെ തല താഴ്ത്തി.
“ഞാൻ കരുതി… എന്നോട്..”
ബാക്കി പറയാൻ കഴിയാത്തൊരു വിഷമം അവളുടെ മുഖത്തു നിറഞ്ഞു.
“നിനക്കെന്നോടുള്ള അതേ വൈരാഗ്യം എനിക്ക് നിന്നോടുമുണ്ടാവും ന്ന്. ല്ലേ? ”
വിരൽ കൊണ്ട് അവളുടെ താടി തുമ്പുയർത്തി ചിരിയോടെ ക്രിസ്റ്റി ചോദിച്ചു.
അവളൊന്നും മിണ്ടാതെ കണ്ണ് നിറച്ചു.
‘ചെറുപ്പത്തിലേ നല്ല വികൃതിയായിരുന്നു നീ. നിന്റെയാ കുഞ്ഞരി പല്ലുകൾ കൊണ്ട് എന്നെയെത്ര കടിച്ചിട്ടുണ്ടന്നറിയാവോ.?ഞാൻ വേദന കൊണ്ട് കുതറുമ്പോൾ നീ നിന്ന് ചിരിക്കും. നീ മറന്ന് പോയി കാണും..അതെല്ലാം.”
അവനവളുടെ കവിളിൽ തട്ടി.
“വലുതായ നീ വാക്കുകൾ കൊണ്ടാണ് എന്നെ വേദനിപ്പിച്ചു രസച്ചത്. അത്.. അതും എന്റെ അനിയത്തി കുട്ടിയുടെ കുസൃതിയായിട്ടേ ചേട്ടായി കണ്ടിട്ടുള്ളു. അങ്ങനെ കാണാനേ ചേട്ടായിക്ക് കഴിയൂ..”
ആർദ്രമായൊരു നോട്ടം… അതവളുടെ ഹൃദയത്തിനാഴങ്ങളിലാണ് ചെന്ന് പതിഞ്ഞത്.
“കഴിഞ്ഞതിനെ കുറിച്ചൊന്നും ഇനി നമ്മക് ആലോചിച്ചു വെറുതെ ടെൻഷനാവേണ്ട. നിനക്കൊന്നും സംഭവിച്ചിട്ടില്ല എന്നങ്ങു കരുതിയേക്കണം. എനിക്കറിയാം.. എളുപ്പമല്ലത്. ഒറ്റ ദിവസം കൊണ്ട് പറ്റില്ലായിരിക്കും. പക്ഷേ.. ഒരു ദിവസം… തീർച്ചയായും നിനക്ക് പറ്റും ”
ക്രിസ്റ്റി വീണ്ടും അവളുടെ കൈ വിരൽ പിടിച്ചെടുത്തു മടക്കിയും നിവത്തിയും തലോടി.
“തെറ്റ് ചെയ്തവരാണ് ശിക്ഷ വാങ്ങേണ്ടത്. അതിനുള്ളത് അവന് കിട്ടിയിരിക്കും. നിന്റെ ചേട്ടായി ആണ് പറയുന്നത്. നിന്നെ വേദനിപ്പിച്ചതിനുള്ളത് പലിശ സഹിതം ഞാനവന് കൊടുത്തിരിക്കും. നിനക്കെന്നെ വിശ്വാസമില്ലേ?”
ഒരു നിമിഷം പോലും ആലോചനകൊടുക്കാതെ ദിൽന അതേയെന്ന് തലയാട്ടി കാണിച്ചു.
“നിനക്കൊരു തെറ്റ് പറ്റിയതിന്റെ പേരിൽ എല്ലാവരും കൂടി നമ്മടെ.. നമ്മടെ അമ്മയെ കൊത്തി പറിക്കുന്നത് നീയും കണ്ടതല്ലേ ദിലു? ആ അമ്മയ്ക്ക് വീണ്ടും വീണ്ടും വേദന കൊടുക്കണോ.? നീ മരണത്തിലൂടെ രക്ഷപെട്ടു പോകുമ്പോൾ ഒരായുസ്സ് മുഴുവനും നിന്നെ ഓർത്തു ഉരുകാനും നിനക്ക് വേണ്ടി പഴി കേൾക്കാനും നമ്മടെ പാവം അമ്മയെ വിട്ട് കൊടുക്കണോടി…?”
ഇപ്രാവശ്യം ക്രിസ്റ്റിയുടെ ശബ്ദവും ഇടറി പോയിരുന്നു.
ചുറ്റും കൊത്തി പറിക്കാൻ നിൽക്കുന്ന കഴുകൻമാർക്കിടയിൽ തല കുനിച്ചു നിൽക്കേണ്ടി വന്ന ഡെയ്സിയുടെ ചിത്രം അവനുള്ളിൽ അത്രയും വലിയൊരു മുറിവ് തീർത്തിരുന്നു..
ആ മുറിവിൽ നിന്നാണ് രക്തം കിനിയുന്നത്.
“അത് കൊണ്ട് മരണം എന്നത് ഇനി നിന്റെ ചിന്തയിൽ പോലും ഉണ്ടാവരുത്. ജീവൻ ഉപേക്ഷിച്ചു പോകാൻ തോന്നുമ്പോൾ.. നീ ആദ്യം ഓർക്കേണ്ടത് അവനെയാണ് റോയ്‌സിനെ ”
ക്രിസ്റ്റിയുടെ മുഷ്ടി ചുരുണ്ടു.
“നിന്റെ സന്തോഷം മുഴുവനും നശിപ്പിച്ചിട്ട്.. നിന്നെ മരണത്തിന്റെ വാക്കോളാം കൊണ്ടെത്തിച്ചിട്ട്.. അവനെ ഈ ലോകത്ത് സ്വസ്ഥമായി ജീവിക്കാൻ വിട്ട് കൊണ്ട് ജീവിതം ഉപേക്ഷിച്ചു പോകുന്ന വെറും വിഡ്ഢിയാവണോ നിനക്കെന്ന്…”
ഒരക്ഷരം മിണ്ടുന്നില്ലയെങ്കിലും ദിൽന ക്രിസ്റ്റിയെ തന്നെ നോക്കിയാണ് ഇരിക്കുന്നത്.
അവൻ പറയുന്ന വാക്കുകളെല്ലാം തന്നെ അവൾ സ്വീകരിക്കുന്നുണ്ട് എന്നവനുറപ്പായി.
“ഒരു കാര്യം ഞാൻ ഉറപ്പ് തരാം. നിനക്കിഷ്ടമില്ലാതെ.. ആരും ഒന്നും ഇനി നിന്റെ ജീവിതത്തിലുണ്ടാവില്ല… എനിക്ക് ജീവനുള്ളടത്തോളം കാലം. പതിനഞ്ചു വയസ്സ് കഴിഞ്ഞിട്ടേ ഒള്ളു നിനക്ക്. ഇതൊന്നുമല്ല ജീവിതം. ഇപ്പൊ പഠിക്കാനുള്ള പ്രായമാണ്. നീ അത് മാത്രം ചെയ്യുക. ബാക്കിയെല്ലാം ഇനി ചേട്ടായി നോക്കി കൊള്ളാം ”
ആ കൈകൾ വിടർത്തി അതിലേക്ക് സ്വന്തം കൈ വെച്ച് കൊണ്ടവൻ പറഞ്ഞതും അവളുടെ മുഖം തിളങ്ങി.
മരവിപ്പ് പടർന്ന ആ കണ്ണുകൾക്ക് പെടുന്നനെ ജീവൻ തിരിച്ചു കിട്ടിയത് പോലൊരു ഉന്മേഷം കൈ വന്നിരുന്നു.
കണ്ണീർ പുരണ്ട കവിളുകൾ അവൾ അമർത്തി തുടച്ചു..
“ഗുഡ് ഗേൾ ”
ക്രിസ്റ്റി അവളുടെ കവിളിൽ പതിയെ തട്ടി കൊണ്ട് എഴുന്നേറ്റു.
“ഇന്നത്തെ രാത്രി ഇവിടെ ഉപേക്ഷിക്കുക. ഇനിയുള്ള പുലരികൾ നിന്റേതാണ്.. നിനക്കുള്ള പ്രതീക്ഷകളുടേതാണ്. എന്തിനും ചേട്ടായിയുണ്ട് കൂടെ ”
അവളും എഴുന്നേറ്റു കൊണ്ട് തലയാട്ടി.
“ഇന്നിവിടെ നടന്നത് ഞാനും നീയും ഒഴികെ മറ്റാരും അറിയേണ്ട.. ഒക്കെ…”
അവൻ പറഞ്ഞതും ദിലു ചിരിയോടെ തന്നെ തലയാട്ടി.
“എങ്കിൽ ഇനി കിടന്നുറങ്ങിക്കോ. നാളെ സ്കൂളിൽ പോണ്ടതല്ലേ?”
അവനത് പറഞ്ഞതും ദിൽനയുടെ മുഖം വാടി.
“എന്ത് പറ്റി..?”
അത് കണ്ടതും ക്രിസ്റ്റി ചോദിച്ചു.
“നാളെ.. നാളെ പോണോ?”
മുഖം ചുളിച്ചു കൊണ്ടവൾ തിരികെ ചോദിച്ചത് കേട്ടതും ക്രിസ്റ്റിക്ക് ചിരിയാണ് വന്നത്.
“ശെരി.. നാളെ കൂടി പോണ്ട. പക്ഷേ ഇനി ഇതും പറഞ്ഞു വന്നേക്കരുത് നല്ല അടി മേടിക്കും നീ ”
അത് കേട്ടതും നിറഞ്ഞ ചിരിയോടെ തലയാട്ടി കാണിച്ചവൾ.
“കിടന്നോ… ഗുഡ് നൈറ്റ്…”
ചിരിയോടെ അതും പറഞ്ഞു കൊണ്ടവൻ വാതിൽ തുറന്നു പുറത്തേക്കിറങ്ങി.
വാതിലടച്ചു ചുവരിലേക്ക് ചാരി അവനൊന്നു ശ്വാസമെടുത്തു.
നാളുകളായി നെഞ്ചിൽ കയറ്റി വെച്ചൊരു വലിയ ഭാരം.. അതാരോ എടുത്തു മാറ്റിയത് പോലൊരു ആശ്വാസം തോന്നുന്നുണ്ട്.
ഇനി എന്ത് വേണമെന്ന ആകുലതയേ ഇല്ല.
പകരം ഇനി ചെയ്യേണ്ടതിനെ കുറിച്ച് വ്യക്തമായൊരു പ്ലാനുണ്ട്.
അവന്റെ മുഖത്തൊരു ചിരിയുണ്ടായിരുന്നു..
മനസ്സ് നിറഞ്ഞൊരു ചിരി…. അകത്തിരിക്കുന്ന ദിൽനയുടെ അവസ്ഥ ഏറെക്കുറെ അവനെ പോലെ തന്നെ ആയിരുന്നു.
കുറച്ചു മണിക്കൂറുകൾ കൊണ്ട് എന്തൊക്കെയാണ് തന്റെ ലൈഫിൽ സംഭവിച്ചു പോയത്.
കൂടെ കാണുമെന്നു അടിയുറച്ചു വിശ്വാസിച്ചവർ കൈ വിട്ടപ്പോൾ.. ലൈഫിൽ ഏറ്റവും വെറുപ്പോടെ നോക്കിയവൻ.. വെറുപ്പിച്ചവൻ.. അങ്ങേയറ്റം കരുതലോടെ.. സ്നേഹത്തോടെ.. കൈ പിടിച്ചു കയറ്റിയത് ജീവിതത്തിലേക്കാണ്.
കൂടെ കാണുമെന്നു ഒരാൾ വാക്ക് തരണമെങ്കിൽ അയാൾക്കാത്രയും ഇഷ്ടം നമ്മളോടുണ്ടാവണം.
പക്ഷേ ആ ഇഷ്ടം നേടി എടുക്കാൻ ഒന്നും ചെയ്തിട്ടില്ല. മനഃപൂർവം വെറുപ്പിച്ചു നടന്നതെല്ലാം ഓർക്കേ ദിൽനയുടെ കണ്ണ് നിറഞ്ഞു പോയിരുന്നു..
കുറ്റബോധം കൊണ്ടവൾ നീറി.
അപ്പോഴൊക്കെയും വർക്കിയോടുള്ള വെറുപ്പും അവൾക്കുള്ളിൽ കുമിഞ്ഞു കൂടുന്നുണ്ടായിരുന്നു.അവൾ പോലുമറിയാതെ…
❣️❣️
വീട്ടിലെ ജോലികളെല്ലാം ചെയ്യാൻ ലില്ലിക്ക് വല്ലാത്തൊരു ഉത്സാഹമായിരുന്നു.
ഒൻപത് മണിക്ക് കടയിലേക്കിറങ്ങണം.
സ്റ്റാഫിനായി ഇപ്പൊ അവിടൊരു ടാക്സിയും അറേൻജ് ചെയ്തിട്ടുണ്ട് ഷാനവാസ് സർ.
അത്രയേറെ അയാൾക്ക് സ്വന്തം ജോലിക്കാരോട് കരുതലുണ്ടായിരിന്നു.
ആ ടാക്സി സർവീസ് ഏറ്റവും ഉപകാരപ്രദമായത് ലില്ലിക്ക് തന്നെയായിരുന്നു.
വയ്യാത്ത കാലും വെച്ച് ബസ്സിൽ കടയിലേക്കെത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.
പക്ഷേ വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ട് പോവുകയല്ലാതെ വേറൊരു വഴിയുമില്ല.
ഡെയിലി ഓട്ടോ കൂലി കൂടി താങ്ങാനുള്ളത്ര സമ്പാദ്യം കയ്യിൽ വന്നു തുടങ്ങിയിട്ടില്ല.
അന്നത്തെ പ്രശ്നത്തിന് ശേഷം പൊതുവെ ഒരു സമാധാനത്തിലാണ് കടയിലെ അന്തരീക്ഷം.
പരസ്പരസഹകരണമുള്ള സഹപ്രവർത്തക്കരെ കിട്ടുക എന്നത് തന്നെയാണ് ഒരു ജോലിയുടെ ഏറ്റവും വലിയ ഭാഗ്യം.
ലില്ലിയെ അവിടുള്ളവരെല്ലാം പരമാവധി സഹായിക്കാറുണ്ട്.
അവളുടെ സൗമ്യമായ പെരുമാറ്റവും ചിരിയും ആരുടേയും ഹൃദയം നിറയ്ക്കുന്നതാണ്.
ജീവിതത്തിൽ പുതിയൊരു താളം വന്നത് പോലെ..
ഒരാഴ്ച കൊണ്ട് തന്നെ ദാരിദ്രമൊഴിഞ്ഞ അടുക്കള..
ഒരു മാസത്തെ ശമ്പളം നേരത്തെ തന്നത് കൊണ്ട് അത്യാവശ്യം വീട്ടു സാധനങ്ങൾ വാങ്ങിക്കാം എന്ന് കരുതിയിരുന്നു.
പക്ഷേ കടയിൽ നിന്നും ജോലി കഴിഞ്ഞു ഇറങ്ങിയ തന്നെ അത്ഭുതപ്പെടുത്തികൊണ്ട് വലിയ രണ്ട് മൂന്ന് കവറുകളിൽ നിറയെ സാധനങ്ങളെടുത് തന്നിട്ട് ഷാനിക്കാ പറഞ്ഞേൽപ്പിച്ചതാണ് എന്ന് പറഞ്ഞിട്ട് വണ്ടിയിലേക്ക് എടുത്തു വെച്ച് തന്നത്..
ഹൃദയമുള്ള മനുഷ്യരുള്ളത് കൊണ്ടാവാം ഈ ലോകമിങ്ങനെയെങ്കിലും നിലനിൽക്കുന്നതെന്ന് അനേകായിരം വട്ടം തോന്നിയിട്ടാണ് അവിടെ നിന്നിറങ്ങിയതന്ന്.
എന്നിട്ടും അർഹതയില്ലാത്തത് സ്വീകരിക്കുന്നുണ്ടോ എന്നൊരു വയ്ക്ലബ്യം പിറ്റേന്ന് നേരിട്ട് കണ്ടതോടെ ഷാനിക്കാ പറഞ്ഞു തീർത്തിരുന്നു.
ആ ഓർമയിൽ അറിയാതെ തന്നെ ലില്ലിയിലൊരു നേർത്ത പുഞ്ചിരി വിരിഞ്ഞു.
ചെയ്യുന്ന ജോലികൾക്ക് കുറച്ചു കൂടി സ്പീഡ് കൂടി.. കാരണം അവളാ സൂപ്പർ മാർക്കറ്റിലെ ജോലിയെ.. അവിടുത്തെ അന്തരീക്ഷത്തെ സ്നേഹിക്കാൻ തുടങ്ങിരുന്നു…
അത്രമേൽ ആസ്വദിച്ചു തുടങ്ങിയിരുന്നു.
തുടരും..
അതിരാവിലെ അലാറം നിലവിളിച്ചത് കേട്ട് ഉറക്കം ഞെട്ടി കണ്ണ് തുറന്നു കിടക്കുമ്പോൾ കഴിഞ്ഞു പോയതെല്ലാം ഒരു സ്വപ്നം പോലെ തോന്നി ക്രിസ്റ്റിക്ക്.
ഇത്രയും പെട്ടന്ന് ഇതിനൊരു തീരുമാനമാകുമെന്ന് കരുതിയതെ ഇല്ലായിരുന്നു.
“എനിക്കൊന്ന് കാണാൻ തോന്നുന്നു..”
ഓർമകൾക്കിടയിൽ നിന്നെവിടെ നിന്നോ പരിഭവവുമായി ഫാത്തിമ ഒന്നെത്തി നോക്കി പോയതോടെ പിന്നെ കിടന്നിട്ടൊട്ടും സമാധാനം കിട്ടിയില്ല അവനും.
വല്ലാത്തൊരു ഉത്സാഹത്തോടെ ചാടി എഴുന്നേറ്റു ബാത്റൂമിലേക്ക് നടക്കുമ്പോഴും ഹൃദയം നൂലറ്റം പൊട്ടിയ പട്ടം പോലെ… പിടി തരുന്നേ ഇല്ലായിരുന്നു… അവന്.
തിരികെ മുറിയിലെത്തി വെട്ടിനു കൊണ്ട് പോകാനുള്ള സാമഗ്രികളൊരുക്കി എടുത്തു.
എന്നും എഴുന്നേൽക്കുന്ന ടൈം ആയിട്ടില്ല.
“നാളെ കാണുവോ..?”
ഹൃദയം, പൊട്ടുമാറുച്ചതിൽ മിടിക്കുന്നുണ്ട് അവളുടെയാ ചോദ്യം ഓർക്കുമ്പോഴൊക്കെയും.
താൻ കൊതിയോടെ കാത്തിരുന്നവൾ.. അവളാണെന്നറിഞ്ഞത് മുതൽ ഇപ്പോഴുള്ളതിനേക്കാൾ ആയിരമിരട്ടി കൊതിയോടെ കാത്തിരുന്നവനാണ് താനും.. ഒന്ന് തിരിച്ചറിയാൻ.. എന്റെ എന്നുള്ള തോന്നലോടെ ഒന്ന് മിണ്ടാൻ..
കാണാനുള്ള മോഹത്തിന്റെ തീവ്രത തന്നെയാണ് തമ്മിലുള്ള ബന്ധത്തിന്റെ ആഴം വെളിവാക്കി തരുന്നത്.
ചെറിയൊരു ചിരിയുണ്ടായിരുന്നു… അതോർക്കുമ്പോഴെല്ലാം.
കാണാനും.. അതിലേറെ മിണ്ടാനും.. പിന്നെയാ കണ്ണിൽ തനിക്കായ് മാത്രം വിരിയുന്ന സ്നേഹത്തിലലിയാനും അവനൊരുപാട് കൊതി തോന്നി ആ നിമിഷം.
ഫോണെടുത്തു കൊണ്ട് ഫൈസിയുടെ നമ്പറിൽ ഏന്തോ മെസ്സേജ് ഇട്ട് കൊണ്ടാണ് ക്രിസ്റ്റി മുറിയിൽ നിന്നിറങ്ങിയത്.
താഴെക്കിറങ്ങും മുന്നേ.. കണ്ണുകളെക്കാൾ ആവേശത്തിലാണ് ഹൃദയം ദിൽനയുടെ മുറിയിലേക്ക് ഓടിയത്.
അവളെ ഓർക്കുമ്പോൾ ഇപ്പോഴാ പഴയ ഭാരമില്ല… ഹൃദയത്തിനും.
നേർത്തൊരു ചിരിയോടെ അവനാ വാതിൽ തുറന്നു കൊണ്ട് അകത്തു കയറി.
ഡിം ലൈറ്റിന്റെ ഇളം നീല വെളിച്ചത്തിൽ സ്വസ്ഥമായിരുന്നു അവളുടെ ഉറക്കം.ഇനി അവളൊന്നിനെയും പേടിക്കുന്നില്ലെന്നത് പോലെ..
കഴുത്തോപ്പം ഒരു ബ്ളാങ്കറ്റ് പുതച്ചിരിക്കുന്നുണ്ട്.
ശാന്തമായി ഉറങ്ങുന്ന അവളെ നോക്കുമ്പോൾ അവനുള്ളവും ശാന്തമായി.
ചുണ്ടിലെ ചിരിയോടെ തന്നെയാണ് അവൻ വാതിൽ ചാരി പുറത്തേക്കിറങ്ങിയതും.
അടുക്കളയിലേക്ക് തിരിയും മുന്നേ വെറുതെ ഡെയ്സിയുടെ മുറിയുടെ നേരെയൊന്ന് നോട്ടം പാളി.
അടഞ്ഞു കിടക്കുന്ന ആ വാതിൽ കാണവേ അവന്റെ ചിരി മാഞ്ഞു പോയിരുന്നു.
തമ്മിലൊന്നും മിണ്ടുന്നില്ലയെങ്കിലും ആ സാന്നിധ്യം തനിക്കൊരു തുണയായിരുന്നു.. തണലായിരുന്നു.
അത് വരെയും തോന്നിയ സന്തോഷമില്ലായിരുന്നു അവൻ അടുക്കളയിലേക്ക് കയറുമ്പോൾ.
കഴുകി കമഴ്ത്തി വെച്ചിരുന്ന പാത്രത്തിൽ വെള്ളമെടുത്ത് ചായക്ക് തിളപ്പിക്കാൻ വെക്കുമ്പോഴും മനസ്സ് ഡെയ്സിയുടെ മുറിയുടെ വാതിലിൽ തട്ടി വിളിക്കുകയായിരുന്നു.
എനിക്കൊന്ന് കണ്ടാൽ മതിയെന്ന നിലവിളിയോടെ.
പതിവുപോലെ തന്നെ രണ്ട് ഗ്ലാസ് ചായ തിളപ്പിച്ച് അതിലൊരു ഗ്ലാസും കയ്യിലെടുത്തു കൊണ്ടവൻ വാതിൽ തുറന്നിട്ട് വർക്ക് ഏരിയയിലേക്കിറങ്ങി.
“അസുഖം വലതുമുണ്ടാവോ..? ഇന്നലത്തെ ദിവസം കണ്ടിട്ടേയില്ലയെന്നാണ് അപ്പോഴും മനസ്സിൽ മുഴുവനും.
വർക്കി അതിനകത്തുണ്ടാവുമ്പോൾ തട്ടി വിളിച്ചു തുറപ്പിക്കാനും വയ്യ.
ഒറ്റക്കുറങ്ങാൻ പേടി തോന്നിയ കുഞ്ഞു നാളിൽ പോലും ഒരിക്കലും അവരുടെ പ്രൈവസിയിലേക്കിടിച്ചു കയറി ചെന്നിട്ടില്ല.അതവരുടെ ലോകമാണ് എന്ന് കുഞ്ഞിലേ മുതൽ ഉള്ളിൽ ഉണ്ടായിരുന്നു. അതിന്നും തെറ്റിച്ചിട്ടില്ല..
വല്ലാത്തൊരു മാനസിക പ്രായസം അവനിൽ നിറയുന്നുണ്ടായിരുന്നു ആ നിമിഷങ്ങളിലൊക്കെയും.
പക്ഷേ.. ചായ കുടിച്ചു തീർത്തു കൊണ്ട് തിരിഞ്ഞതും ഹാലിലേക്കിറങ്ങി വന്നിരുന്ന ഡെയ്സിയേ നോക്കവേ വീണ്ടും അവനുള്ളിലൊരു കൊച്ചു കുട്ടി തുള്ളി ചാടുന്നുണ്ടായിരുന്നു.
അമ്മയെ കാണുമ്പോൾ മാത്രം മക്കളിലുണ്ടാവുന്ന ആ സന്തോഷം.. അത് മുഴുവനുമുണ്ടായിരുന്നു ക്രിസ്റ്റിയുടെ മുഖത്തും ഹൃദയത്തിലും.
അത് വരെയും മൂടി പൊതിഞ്ഞു നിന്നിരുന്ന ആ മന്ദത.. അതെത്ര പെട്ടാന്നാണ് മാഞ്ഞു പോയത്.
വീണ്ടും അവന്റെ ചെയ്തികൾക്കെല്ലാം ഒരു ഉന്മേഷം കൈ വന്നിരുന്നു.
ചൊടികളിൽ അവനറിയാതെ തന്നെ തത്തി കളിക്കുന്ന ആ പുഞ്ചിരിയിലേക്കാണ് ഡെയ്സിയും നോക്കുന്നത്.തപിക്കുന്ന അവരുടെ ഹൃദയതിനല്പം ആശ്വാസം നൽകിയിരുന്നു ചെറുതെങ്കിലും.. ആ ചിരി.
വല്ലപ്പോഴും മാത്രമേ അവനെ അങ്ങനെ ചിരിച്ചു കാണാറുള്ളു.
തലേന്ന് രാത്രി തുള്ളി വിറച്ചു പനിച്ച ക്ഷീണമെല്ലാം അവരാ ചിരിയിൽ മറന്നു പോയിരുന്നു.
ഒട്ടും വയ്യെന്ന് തോന്നിയിട്ടും അന്നെഴുന്നേറ്റ് വന്നത്.. ഒരു ദിവസം മുഴുവനും അവനെ കാണാതിരിക്കാൻ ഇനിയും വയ്യാത്തത് കൊണ്ട് തന്നെയാണ്.ഈ കാഴ്ചയിലാണ് അവൻ തനിക്കു മകനാവുന്നത്. തന്റെ സ്വന്തമാണെന്ന് തോന്നുന്നതും..
ഉള്ളും പുറവുമെല്ലാം ഒരുപോലെ തളരുന്നുണ്ട്.
തകരുന്നുണ്ട്…എന്നിട്ടും അവരുടെ കണ്ണുകൾ ക്രിസ്റ്റിയെ തഴുകി തലോടി..
മുന്നിലുള്ള പ്രശ്നങ്ങൾ..ഓർക്കുമ്പോൾ വീണ്ടും ശ്വാസം മുട്ടുന്നു..
ഇനിയെന്ത് എന്നുള്ള ചോദ്യമൊരു കൊടും വിഷമുള്ള നാഗത്തിനെ ചുറ്റി വരിഞ്ഞു പിടിച്ചിരിക്കുന്നു.
ഉള്ളിലെ ഹൃദയമുരുകിയ ചൂടാണ് ശരീരമൊന്നാകെ പടർന്നു പിടിച്ചതും.
മകളെ പിഴപ്പിച്ചവളെന്ന് മുദ്ര കുത്തിയത് കൊണ്ടായിരിക്കും.. അരുകിൽ കിടന്നു വിറച്ചിട്ടും എന്ത് പറ്റിയെന്നു പോലും ചോദിക്കാൻ മിനക്കെടാതെ വർക്കിച്ചായൻ കേറി കിടന്നുറങ്ങിയത്.
അല്ലെങ്കിലും ആ ഭാഗത്തു നിന്നൊരു സഹകരണവും പ്രതീക്ഷിച്ചു കൊണ്ടല്ല ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നത്.അയാൾ സ്വർത്ഥതയുടെ പര്യായമാണെന്ന് മനസ്സിലായത്തിൽ പിന്നെ..
ഇനിയാ ആഗ്രഹം ഒട്ടുമില്ല.
ഡെയ്സിക്കുള്ള ചായ ഗ്ലാസ്സിൽ ഒഴിച്ച് കൊണ്ട് ക്രിസ്റ്റി അത് മേശയിലേക്ക് എടുത്തു വെച്ചു..ശേഷം ആ മേശയിൽ തന്നെ ഉണ്ടായിരുന്ന ടോർച്ചും.. ലൈറ്റും ഫോണും എടുത്തു കൊണ്ടവൻ ഡെയ്സിക്ക് നേരെ ഒന്ന് കൂടി നോക്കിയിട്ട് പുറത്തേക്കിറങ്ങി പോയി..
അവൻ പോയതും ഇനിയൊട്ടും വയ്യെന്നത് പോലെ ഡെയ്സി കുഴഞ്ഞു കൊണ്ടാ ചുവരിൽ ചാരി…
❣️❣️❣️
“ഇയ്യെന്താണ്.. ഇന്നിത്രേം നേരത്തെ?”
ആറ് മണിക്ക് മുന്നേ ഒരുങ്ങിയിറങ്ങി വന്നിട്ട് അടുക്കളയിലെ മേശക്കരികിൽ വന്നിരുന്ന ഫൈസിയെ നോക്കി ആയിഷ കണ്ണുരുട്ടി.
“ഇനിക്കൊരിടം വരെയും പോവാനുണ്ട്.. ചായ ആയില്ലേ?”
അവർ പരത്തി എടുത്ത ചപ്പാത്തി നോക്കിയിട്ടാണ് അവനത് ചോദിച്ചത്.
“ഇല്ല.. അയിനിപ്പോ ഞാനറിഞ്ഞോ അനക്കിന്ന് നേരത്തെ പോവണം ന്നുള്ളത്. ഇയ്യ് പറഞ്ഞതും ഇല്ലല്ലോ?”
ആയിഷ ചപ്പാത്തി പരത്തുന്നത് നിർത്തി അവനെ നോക്കി.
“സാരമില്ല.. ഇതിപ്പോ ചുട്ട് തരാം ഞാൻ. കറി ഉള്ളത് ഫ്രിഡ്ജിൽ ഇരിപ്പുണ്ട്. അതെടുത്തു ചൂടാക്കാൻ നോക്ക് നീ. ഒന്നും കഴിക്കാണ്ട് പോയ ഉമ്മാക്കൊരു സമാധാനം ഉണ്ടാവില്ലേടാ ”
അതും പറഞ്ഞിട്ട് അവർ ധൃതിയിൽ പരത്തി വെച്ച ചപ്പാത്തിയുമായി അടുപ്പിന്റെ അടുത്തേക്ക് നടന്നു..
“ഹാവുന്റമ്മോ ”
നടക്കുന്നതിനിടെ പെട്ടന്ന് നിലവിളി പോലെ അവരത് പറഞ്ഞതും ഫ്രിഡ്ജിൽ നിന്നും കറിയെടുക്കാൻ വേണ്ടി കുനിഞ്ഞ ഫൈസി അവറുടെ നേരെ നോക്കി.
“ന്തേ മ്മാ?”
അവരുടെ നിൽപ്പും വേദനിക്കുന്നത് പോലെ ചുളിവ് വീണ ആ മുഖവും കണ്ടിട്ട് ഫൈസി വെപ്രാളത്തോടെ ചോദിച്ചു.
“ഹൂ.. ഈ മുട്ട് കാല് വേദന തന്നെ ഫൈസ്യേ.. രാവിലെ ഇതിന്നെ കൊറച്ചൊന്നുമല്ല എടങ്ങേറാക്കുന്നത്..”
ആയിഷ ചപ്പാത്തി ചൂടാനുള്ള ചട്ടി വെക്കുന്നതിനിടെ തന്നെ പറഞ്ഞു.
“വയ്യെങ്കിൽ ഇങ്ങക്കാ ഫറയെ വിളിച്ചൂടെ..”
കറിയുമെടുത്തു വന്ന ഫൈസി ചോദിച്ചു.
“ഓള് പാതിരാത്രി വരെയും പഠിക്കാൻ ഇരിപ്പായിരുന്നു. കൊറച്ചു നേരം കൂടി കിടന്നോട്ടെ ന്ന് കരുതിയെട ഞാൻ ”
ഒരമ്മയുടെ കരുതൽ..
ഫൈസി ഒരു നിമിഷം അവരെ തന്നെ നോക്കി നിന്നു.
ശേഷം കയിലുള്ള കറി പാത്രം അവിടെ വെച്ചിട്ട് ഷർട്ടിന്റെ കൈകൾ ഒന്ന് കൂടി തൊരുത് കയറ്റി.. ആയിഷ ഉരുളയാക്കി വെച്ച ചപ്പാത്തി നല്ല വൃത്തിയായി പരത്തിയെടുത്തു തുടങ്ങി.
“ഇജ്ജാതവിടെ വെച്ചേക്ക് മോനെ. അനക്കെന്തോ തിരക്കുണ്ടെന്ന് പറഞ്ഞതല്ലേ? അത് ഉമ്മ ചെയ്‌തോളാട.. ഇയ്യ് ഇത് കഴിച്ചിട്ട് പോവാൻ നോക്കിക്കേ ”
പിന്നിൽ നിന്നും അവന്റെ ശബ്ദമൊന്നും കേൾക്കാഞ്ഞു തിരിഞ്ഞു നോക്കിയ ആയിഷ, ഫൈസിയെ നോക്കി പറഞ്ഞു.
“കുഴപ്പല്ല മ്മാ.. ഇനിക്ക് ടൈമുണ്ട് ”
അത്ര മാത്രം പറഞ്ഞു കൊണ്ടവൻ പിന്നെയും അത് തന്നെ തുടർന്നു..
തിരിഞ്ഞു നിന്ന് കണ്ണ് തുടക്കുമ്പോഴും… ആയിഷയുടെ ചുണ്ടിൽ ചിരിയുണ്ടായിരുന്നുവപ്പോൾ..
മനം നിറഞ്ഞ.. നിറഞ്ഞു കവിഞ്ഞ അമ്മയുടെ സംതൃപ്തിയുടെ ചിരി..
❣️❣️❣️
അവസാനത്തെ മരവും വെട്ടി കഴിഞ്ഞതിന് ശേഷം കിതപ്പൊതുങ്ങും മുന്നേ തന്നെ ക്രിസ്റ്റി ഫോണും എടുത്തു കൊണ്ട് തോട്ടിൻ കരയിലെ വേരിലേക്ക് ചാരി..
“ഇച്ഛാ..”
അവനെന്തെങ്കിലും പറയും മുന്നേ പാത്തുവിന്റെ ആവേശത്തിലുള്ള വിളി കേട്ടിരുന്നു.
“കാത്തിരിപ്പായിരുന്നോ?”
നേർത്തൊരു ചിരിയോടെ ക്രിസ്റ്റി ചോദിച്ചു.
“പിന്നല്ലാതെ..വെളുപ്പിനെ അഞ്ചു മണിക്ക് ഫോണും നോക്കി കുത്തിയിരിക്കാൻ തുടങ്ങിയതാ ഞാൻ.. അറിയോ ഇച്ഛക്ക്?”
പരിഭവം പോലെ അവളുടെ സ്വരം.
“ഞാനിന്ന് വിളിക്കുമെന്ന് നിനക്കറിയാമായിരുന്നോ?”
“മ്മ്…”
പ്രണയം തുടിക്കുന്ന ആ മൂളൽ..
“കാണണ്ടേ…?”
ക്രിസ്റ്റി ചോദിച്ചു..
“വേണം…”
“എങ്കിൽ വാ.. ഞാനും കാത്തിരിപ്പാണ്..”
“വരാം…”
പതിഞ്ഞ ആ സ്വരം.. ഹൃദയത്തിലേക്കാണ് പതിയുന്നത്.
“സൂക്ഷിച്ചു വരണം. എത്ര നേരം വേണമെങ്കിലും ഞാനിവിടെ നിന്നെ കാത്തിരിക്കും. ചുറ്റും നല്ലത് പോയി നോക്കിയിട്ട്.. വളരെ വളരെ ശ്രദ്ധിച്ചു വേണം ഇറങ്ങി വരാൻ. മനസ്സിലാവുന്നുണ്ടോ?”
ക്രിസ്റ്റി ഓർമ്മിപ്പിച്ചു.
“എനിക്കറിയാം ഇച്ഛാ.. ഞാൻ നോക്കി കൊള്ളാം ”
“ഞാൻ.. ഞാനങ്ങോട്ട് വരണോ?”
ഇച്ഛയിപ്പോ എവിടാ..? ”
പാത്തു തിരിച്ചു ചോദിച്ചു.
“ഞാൻ നമ്മടെ തോട്ടത്തിന്റെ ഏറ്റവും താഴെ വലതു വശത്ത് കുഞ്ഞൊരു തോടുണ്ട്.. എന്റെ ഫേവർ പ്ലെസ്..”
വെള്ളത്തിലേക്ക് ഇറക്കി വെച്ച കാലിൽ മീനുകൾ പൊതിയുന്നത് നോക്കി ക്രിസ്റ്റി പറഞ്ഞു.
“ഞാൻ… ഞാനങ്ങോട്ട് വരട്ടെ…?”
“ചോദിക്കാനുണ്ടോ പാത്തോ… ഇങ്ങോട്ടിറങ്ങി വാ പെണ്ണേ..ഇച്ഛയിവിടെ കാത്തിരിക്കുന്നത് നിനക്ക് വേണ്ടിയല്ലേ… നിന്നെ.. നിന്നെമാത്രമല്ലേ..?.”ഹൃദയത്തിലൊന്നാകെ തുടിക്കുന്ന പ്രണയം മുഴുവനുമുണ്ടായിരുന്നു അത് പറയുമ്പോൾ അവന്റെ വാക്കുകളിലും മുഖത്തും..
തുടരും..

by