22/04/2026

മൂക്കുത്തി : ഭാഗം 20

രചന – ആയിഷ അക്ബർ

എന്താ അരുൺ…. എന്താണീതൊക്കെ…..

താര ദേഷ്യത്തോടെ അരുണിന്റെ നേർക്ക് നിന്നത് ചോദിക്കുമ്പോൾ എന്ത് പറയണമെന്നറിയാതെ അവനൊരു നിമിഷം അങ്ങനെ നിന്നു……

ഒരു പണിക്കാരി പെണ്ണിനെയാണോ കല്യാണം കഴിച്ച് കൂട്ടി കൊണ്ട് വന്നിരിക്കുന്നത്….

അതും പോരാന്നിട്ട് അന്തസ്സായി വിവാഹം കഴിഞ്ഞ് വന്ന എന്നേക്കാൾ പരിഗണന നിന്റെ മുത്തശ്ശി ആ പണിക്കാരി പെണ്ണിന് കൊടുക്കുന്നു…..

എന്തോക്കെയാ ഈ വീട്ടിൽ നടക്കുന്നത്…..

സോ സ്ട്രൈഞ്ച്…..

താര അത് പറയുമ്പോൾ അതിൽ ദേഷ്യവും പരിഭവവും പുച്ഛവും ഒക്കെ കലർന്നിരുന്നു….

അത് കാര്യമാക്കാനൊന്നുമില്ല താരാ…….
ആ കുട്ടിയുടെ അമ്മ കഴിഞ്ഞ ആഴ്ചയാണ് മരിച്ചത്……

അപ്പൊ…… ആ കുട്ടിക്കൊരു ജീവിതം കൊടുത്തെന്നതിൽ കവിഞ് മറ്റൊന്നുമില്ല……

ജോലിക്കാരെയൊക്കെ സ്വന്തം കുടുംബങ്ങങ്ങളെ പോലെ കാണുന്ന പാരമ്പര്യമുള്ളവരാ ഞങ്ങൾ…..

അത് കൊണ്ടാണ് മുത്തശ്ശി ……

അരുൺ തന്മയത്തത്തോടെ കാര്യങ്ങൾ അവതരിപ്പിച്ചപ്പോഴും താരക്കത് വിശ്വാസ യോഗ്യമായിരുന്നില്ല…..

എന്നാലൂം ഇങ്ങനയൊക്കെ…..

ഏയ്…. അത് വിട്ട് കള….
നമ്മൾ പുതിയൊരു ജീവിതം തുടങ്ങുകയല്ലേ…. നമുക്ക് നമ്മുടെ കാര്യങ്ങളേത്ര സംസാരിക്കാനുണ്ട്….

താര വീണ്ടും പറഞു തുടങ്ങുമ്പോഴാണ് അരുൺ അവളുടേ കൈകളിൽ പിടിച് പ്രണയാർദ്രമായി അത് പറഞ്ഞത്…..

പിന്നീടവളൊന്നും പറഞ്ഞില്ലെങ്കിൽ കൂടി ആ മുഖത്തെ നീരസം ഒട്ടും കുറഞ്ഞിട്ടില്ലായിരുന്നു…..

അരുണിന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു…..

അഞ്ജലിയെ തന്റെ ജീവിതത്തിൽ നിന്നും നീക്കാൻ ഒട്ടും പ്രയാസപ്പെട്ടിട്ടില്ല താൻ……

പക്ഷെ ഇനി മുമ്പോട്ടുള്ള ജീവിതത്തിൽ അവൾ തനിക്കൊരു കരടായി മാറുമോയെന്നുള്ള ഭയം അവന്റെയുള്ളിൽ നിറഞ്ഞു നിന്നിരുന്നു…….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അന്ന് പകൽ മുഴുവൻ അഞ്ജലി ആ മുറിയിൽ കഴിച്ച് കൂട്ടിയെങ്കിലും അവൻ കയറി വരുമോയെന്നൊരു ഭയത്താൽ അവൾ കിടന്നില്ല…..

അവൻ തന്നെ കണ്ടാൽ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെങ്കിൽ കൂടി താഴേക്ക് പോകുന്നതിലും ബേധം ഇത് തന്നെയാണെന്ന് അവൾക്കറിയാമായിരുന്നു…..

ക്ഷീണം കാരണം കണ്ണുകൾ അടഞ്ഞു പോയിരുന്നെങ്കിൽ കൂടി അവൾ കഷ്ടപ്പെട്ട് തുറന്ന് പിടിച്ചു കൊണ്ടിരുന്നു….

ഇരുൾ പതിയേ ഭൂമിയിലേക്ക് പരന്നു തുടങ്ങി…….

അവൻ അത്ര നേരം വന്നില്ല……

തന്നെ മുത്തശ്ശി കഴിക്കാൻ വിളിക്കുന്നുണ്ട്……

അനഘയാണ് അതും പറഞ് മുറിയിലേക്ക് കയറി വന്നത്……

അവൾക്ക് ഹൃദയത്തിന് വല്ലാത്തൊരു ഭാരം തോന്നി…..

ഭക്ഷണം കഴിക്കാൻ ചെല്ലുമ്പോൾ അവരെയെല്ലാം കാണേണ്ടി വരുമെന്നത് തീർച്ച…….

ഉച്ചക്ക് താനൊന്നും കഴിച്ചിട്ടില്ല……
മംഗലത്തമ്മ വിളിച്ചെങ്കിലും വേണ്ടെന്ന് പറഞ് ഒഴിഞ്ഞു മാറി….

അവരുടെ വിവാഹ സദ്യ ആയത് കൊണ്ടാവാം ഒരു പക്ഷെ കൂടുതൽ നിർബന്ധിക്കാത്തിരുന്നത്….

വിശപ്പിനെ സഹിക്കുന്നതാണ് താഴേക്ക് പോകുന്നതിനേക്കാൾ നല്ലതെങ്കിൽ കൂടി
മംഗലത്തമ്മയുടെ വാക്കുകൾ ധിക്കരിക്കാനില്ലെന്ന പോൽ അവൾ താഴേക്ക് നടന്നു ……

എല്ലാവരും ഊണ് മേശക്ക് ചുറ്റും നിരന്നിട്ടുണ്ട്…..

വാ…. വന്നിരിക്……

എല്ലാവരെയും കണ്ടത് കൊണ്ട് തന്നെ അല്പം അകന്ന് മാറി നിൽക്കുന്ന അഞ്ജലിയെ കണ്ട് മംഗലത്തമ്മ തന്നെയാണ് വിളിച്ചത്……

ഒരു നിമിഷം എല്ലാവരുടെയും ശ്രദ്ധ അവളിലേക്ക് തിരിഞ്ഞതും അവരുടെയെല്ലാം മുഖ ഭാവം മാറി……

അത് മനസ്സിലായെന്ന വണ്ണം അവളുടേ മുഖം ദയനീയമായി…..

അടുക്കള ക്കാരിക്ക് പോലും വിളമ്പി കൊടുക്കേണ്ട അവസ്ഥയായി പ്പോ …

മനസ്സിലെ നീരസം അടക്കി വെക്കാൻ കഴിയാതെ സുകന്യ തന്നെയാണത് പറഞ്ഞത്…..

സുകന്യേ……

മംഗലത്തമ്മയുടെ ശബ്ദം അവിടെയുയർന്നപ്പോൾ സുകന്യ നിശബ്ദയായെങ്കിൽ കൂടി അഞ്ജലിയുടെ മുഖം അങ്ങേയറ്റം താണ് പോയിരുന്നു…

വേണ്ട മംഗലത്തമ്മേ…. ഞാൻ….. ഞാൻ പിന്നീടിരുന്നോളാം ..

അങ്ങേയറ്റം ദയനീയമായ ആ വാക്കുകൾക്ക് മേൽ അവർ പിന്നീട് നിർബന്ധിച്ചില്ല…

അത് മറ്റുള്ളവർ ഇനിയും അവളെ വേദനിപ്പിക്കരുതെന്ന് കരുതി തന്നെയായിരുന്നു….

ഹാ… എങ്കി അജു വന്നിട്ട് അവന്റെ കൂടെ കഴിച്ചോളൂ…..

മംഗലത്തമ്മ അത് പറഞ്ഞതും വല്ലാതോരാശ്വാസത്തോടെ അവൾ വേഗം മുകളിലേക്ക് നടന്നു..

ഒരു ജോലിക്കാരിയായാണ് ഇവിടെ നിൽക്കുന്നതെങ്കിൽ ഇത്രത്തോളം താൻ അപമാനിക്കപ്പെടില്ലായിരുന്നെന്ന് അവൾക് തോന്നി….

കണ്ണുകൾ എന്തിനെന്നു പോലുമറിയാതെ നിറഞ്ഞൊഴുകി….

കട്ടിലിലേക്ക് ചാഞ്ഞു കിടന്നതേ ഓർമയുള്ളു എപ്പോഴോ മയക്കത്തിലേക്കാണ്ട് പോയിരുന്നവൾ……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

നേരം അങ്ങേയറ്റം ഇരുട്ടിയിട്ടാണ് അവൻ വീട്ടിലേക്ക് വരുന്നത്….

ഗേറ്റ് കടക്കുമ്പോഴേ അവൻ ചുറ്റുമോന്ന് നോക്കി..

എല്ലായിടത്തും ലൈറ്റ് ഓഫ് ചെയ്തിട്ടുണ്ടെങ്കിലും താഴെ അരുണിന്റെ മുറിയിൽ വെട്ടം കാണാം….

അത് പോലെ തന്നെ മുകളിലെ തന്റെ മുറിയിലും…

അവൻ പതിയേ ഉമ്മറത്തെ വാതിലൊന്ന് തുറന്ന് നോക്കി…..

തനിക്ക് വേണ്ടിയാവാം അത് കുറ്റിയിട്ടിട്ടില്ല…..

അവൻ വാതിൽ തുറന്ന് അകത്തേക്ക് കയറി….

മുത്തശ്ശിയുടെ മുറിയുടെ വാതിൽ പാതി തുറന്ന് കിടപ്പുണ്ട്…..

അവൻ പതിയെയൊന്ന് അകത്തേക്ക് കയറി…..

മുത്തശ്ശി നല്ല ഉറക്കമാണ്….

അജു…..

അവൻ പതിയേ തിരിഞ് നടക്കുമ്പോഴാണ് പിറകിൽ നിന്നും മുത്തശ്ശി വിളിച്ചത്….

മുത്തശ്ശി കിടന്നോളു…. ഞാൻ… ഞാൻ വെറുതെ വന്നതാ…..

അവന്നതും പറഞ്ഞോന്നു പുഞ്ചിരിച്ചു…..

ആ കുട്ടി ഒന്നും കഴിച്ചിട്ടില്ല അജു…..
ഇവിടുത്തെ അവസ്ഥ നിനക്കറിയാമല്ലോ….
എല്ലാവരും കുറ്റപ്പെടുത്തുമ്പോൾ അതെങ്ങനാ കഴിക്കാ….
അതാ പിന്നെ ഞാനും നിർബന്ധിക്കാതിരുന്നത്….

ഉച്ചക്കും കഴിച് കാണില്ല….

മുത്തശ്ശിക്ക് വേണ്ടി നീയവളെ കഴിപ്പിക്കണം….
നമ്മള് കൊണ്ട് വന്നിട്ട് അതിനെ പട്ടിണി ക്കിടാനോക്കുമോ…..

മുത്തശ്ശി അത് പറയുമ്പോൾ അർജുൻ പതിയേ തല കുലുക്കി മുകളിലേക്ക് നടന്നു…..

അപ്പോഴും അവളോട് താനെങ്ങനെ കഴിക്കാൻ പറയുമെന്നും താൻ പറഞ്ഞാൽ അവൾ കഴിക്കുമോയെന്നൊന്നും അവനറിയില്ലായിരുന്നു……

മുറിയിലെത്തുമ്പോൾ കട്ടിലിൽ മലർന്നു കിടന്നുറങ്ങുന്ന അവളെയാണ് കാണുന്നത്……

അവനൊരു നിമിഷം അവളെ നോക്കിയങ്ങനെ നിന്നു…..

വിടർന്ന കണ്ണുകൾ കൂമ്പിയടഞ്ഞിട്ടുണ്ട്…..

കൈ രണ്ടും വയറിനു മേലെ വെച്ചാണ് കിടക്കുന്നത്…..

കാലുകൾ രണ്ടും കട്ടിലിനു പുറത്തേക്ക് തൂക്കിയിട്ടിട്ടുണ്ട്…..

അയഞ്ഞു കിടക്കുന്ന ആ സാരിയിലും അവളുടേ അഴകളവുകൾ എടുത്ത് കാണുന്നുണ്ടായിരുന്നു…..

അവൾ അത്രയേറേ സുന്ദരിയാണെങ്കിൽ കൂടി ഒരു പതിനാലാം വയസ്സുകാരിയോട് തോന്നിയ പ്രണയത്തിന് അതൊന്നും മാനദണ്ഡമായിരുന്നില്ല…..

താൻ പോലുമറിയാതെ അവളെ സ്നേഹിച് പോകുകയായിരുന്നു ….

ഏയ്……

അവൻ അടുത്ത് ചെന്നവളെ വിളിച്ചതും പ്രതീക്ഷിച്ചു കിടക്കുക യായിരുന്നു എന്ന പോൽ അവൾ ഞെട്ടിയെഴുന്നേറ്റു….

ആ മുഖത്ത് നിറഞ്ഞ പരിഭ്രമമുണ്ടായിരുന്നു….

ഇത് വരെ അവളിലുണ്ടായിരുന്ന ആ തന്റെടമോ കുസൃതിയോ ഇന്നവളിലില്ല…..

എന്തോ ഒരു തരം നോവും ഭയവും…..

അവനെന്തോ വല്ലാത്തൊരു വേദന തോന്നി…..

താൻ……. കഴിച്ചോ…..

ചോദിക്കുമ്പോൾ മനസ്സിൽ അത്രയേറേ അർദ്രമായിരുന്നുവെങ്കിലും പുറത്തേക്ക് വന്ന ശബ്ദം അല്പം ഗൗരവത്തിലായിരുന്നു……

മ്മ്…….

അവൾ തല താഴ്ത്തി പതിയേ യൊന്നു മൂളി….

മ്മ്…..?

അവൻ ഒന്നമർത്തി ചോദിച്ചതും അവൾ വേഗം ഇല്ലെന്ന് തലയാട്ടി…..

എങ്കി വാ…..

എനിക്ക്… വേണ്ടാ….

അവൻ അവളെ വിളിച് താഴേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ്
അവളത് പറഞ്ഞത് ….

നിനക്ക് വേണ്ടെങ്കിൽ വേണ്ടാ…..
എന്റെ ഭാര്യ വിളമ്പി തന്നത് കഴിക്കാൻ എനിക്കും ആഗ്രഹമുണ്ട്……

അത് പറയുമ്പോൾ അവൻ പതിയേ അവളെ നോക്കിയിരുന്നെങ്കിൽ കൂടി അത് പറഞ്ഞ ശേഷം അവൾക്ക് മുഖം കൊടുക്കാതെ ഒരോറ്റ തിരിഞ് നടക്കലായിരുന്നു….

വാക്കുകൾ ക്ക് പരതിയിരുന്ന തന്റെ ഹൃദയം ഭാര്യ യെന്ന വാക്കിനെ പേറിയതെത്ര എളുപ്പത്തിലാണെന്നവനോർത്തു……

അവളൊരു നിമിഷം അവന്റെ വാക്കുകളിൽ കുരുങ്ങി അങ്ങനെ നിന്നു….

ഭാര്യ എന്ന ആ വാക്കിനു മുൻ‌തൂക്കം കൊടുക്കേണ്ട ആവശ്യം തങ്ങൾക്കിടയിലില്ലെങ്കിൽ കൂടി അവന്റെ വാക്കുകൾ തള്ളി കളയാനെന്തോ മനസ്സിന് തോന്നുന്നില്ല….

അത്രമേൽ ആ വാക്കുകൾ ഹൃദയത്തിൽ നിന്നുത്ഭവിച്ചത് പോലെ തന്റെ തോന്നലാണോ….

ഒരിക്കലുമല്ല….
അർഹിക്കാത്തത് ആഗ്രഹിച്ചു വിഡ്ഢി വേഷം കെട്ടാൻ ഇനിയും അഞ്‌ജലിക്കാവില്ല…..

ഗൗരവം കലർന്ന അവന്റെ വാക്കുകളിലേ കരുതൽ അത് തന്നോടുള്ള വെറുമൊരു സഹതാപം അതുമല്ലെങ്കിൽ മംഗലത്തമ്മ യോടുള്ള അനുസരണ ……

അതിൽ കവിഞ് മറ്റൊന്നും അതിൽ നിന്നും വ്യാഖ്യാനിക്കാനില്ല…..

കോണിപ്പടികളിറങ്ങി അടുക്കളയിലേക്ക് താൻ ചെല്ലുമ്പോൾ ടേബിളിലേക്ക് ഭക്ഷണം എടുത്ത് വെച്ച് രണ്ട് പാത്രങ്ങളിലേക്കായി വിളമ്പുന്ന അവനെയാണ് കാണുന്നത് ….

അങ്ങോട്ട് കടന്ന് ചെല്ലാൻ അവളൊന്ന് മടിച്ചെങ്കിലും അവൻ തന്നെ കണ്ടു എന്നുള്ളത് കൊണ്ട് തന്നെ അവൾ അവനടുത്തേക്ക് നടന്നു…..

അവൾ വന്നതും അവൾക്കിരിക്കാനെന്ന വണ്ണം അവൻ കസേര വലിച്ചിട്ടു….

അവൾക്ക് വല്ലാത്തൊരു ബുദ്ധിമുട്ടാണ് തോന്നിയത്….

ഇന്നലെ വരെ തന്നെ ഒരു ശത്രു വിനെ പോലെ കണ്ടിരുന്ന ആളാണ്‌ ഇന്ന് തനിക്ക് വേണ്ടി ഇത്രയൊക്കെ ചെയ്യുന്നത്….

ഇരിക്ക്….

അവന്നതും പറഞ് അപ്പുറത്തെ കസേരയിലേക്കിരുന്നു….

അവളും പതിയേ ഇരുന്നു…..

കഴിക്….

അവന്നതും പറഞ് കഴിക്കാൻ തുടങ്ങുമ്പോഴും നിർവികാരമായ അവളുടേ കണ്ണുകൾ അവനെ വേദനിപ്പിച്ചു കൊണ്ടിരുന്നു…

ആ പഴയ കുറുമ്പും കുസൃതിയും അവളിൽ നിറഞ്ഞു കാണാൻ അവൻ അതിയായി ആഗ്രഹിച്ചിരുന്നു….

കാത്തിരിക്കാം താൻ….
അവൾ പഴയ അഞ്‌ജലിയാവും വരെ…

അത് കഴിഞ്ഞ് അവൾക്ക് തന്നെ വിട്ട് പോകാനാണ് ആഗ്രഹമെങ്കിൽ അതിനും താൻ കൂടെ നിൽക്കും…

മറിച് അവൾ തന്റെ കൂടെ നിന്നാൽ……

അവൻ ശ്വാസമൊന്ന് കൂടി ഉള്ളിലേക്ക് വലിച്ചു..

തന്റെ പ്രാണനകലും വരെ താനവളെ പ്രണയിക്കും…

എnnittum തീരാത്തത്ര പ്രണയം താനവൾക്കായി കരുതി വെച്ചിട്ടുണ്ട്….

അവൻ അവളെ ഒന്ന് കൂടി നോക്കി…

പാത്രത്തിലേക്ക് കണ്ണുകൾ താഴ്ത്തി അവൾ പതിയേ കഴിച്ച് കൊണ്ടിരിക്കുകയാണ്….

രണ്ട് പേരിലും നിറഞ്ഞു നിന്നൊരു നിശബ്ദത കഴിക്കുന്നതിനെ വേഗതയിലാക്കി….

നല്ലോണം വിശന്നത് കൊണ്ട് തന്നെ അവൾ മുഴുവൻ കഴിച്ചു….

അർജുൻ പാത്രവുമെടുത് എഴുന്നേറ്റതും അവൾ അവൻ കഴിച്ച പാത്രത്തിൽ പിടിച്ചതും ഒരുമിച്ചായിരുന്നു….

രണ്ട് പേരും പരസ്പരം ഒന്ന് നോക്കി…..

നനവൂറിയ വിടർന്ന ആ മിഴികളിൽ തന്റെ മിഴികൾ കൊരുക്കുമ്പോൾ അവന്റെ ഹൃദയം ഒന്ന് പിടച്ചു..

ഞാൻ…. ഞാനെടുത്തോളാം….

പതിഞ്ഞ ശബ്ദത്തിൽ അവളത് പറയുമ്പോൾ അവളിൽ കുരുങ്ങി കിടന്ന അവന് വാക്കുകൾ പുറത്തേക്ക് വന്നിരുന്നില്ല…

അത് കൊണ്ട് തന്നെ അവൻ പാത്രത്തിൽ നിന്നും കൈ അയച്ചു….

അവൾ പാത്രങ്ങളെടുത് അടുക്കളയിലേക്ക് പോയി…

ഒരു നിമിഷം എല്ലാമൊരു സ്വപ്നമായി അവന് തോന്നി….

പാത്രങ്ങൾ കഴുകി വെക്കുന്ന ശബ്ദം കേട്ടത് കൊണ്ട് തന്നെ അവൻ കൈ കഴുകിയ ശേഷം അവൾക്കായി കാത്തു നിന്നു…..

ഫോൺ റിങ് ചെയ്യുന്നത് കേട്ടപ്പോൾ അവൻ എടുത്ത് ഡിസ്പ്ലേ യിലേക്കൊന്ന് നോക്കി….

അമ്മ…..

ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് ഹൃദയത്തിലൊരു പ്രകമ്പനം മുഴക്കിയിരുന്നു…

എല്ലാം അറിഞ്ഞിട്ടുള്ള വിളി തന്നെയായിരിക്കാം ഇത്….

അമ്മാവന്മാർ വിളിച്ചു പറഞ്ഞിട്ടുണ്ടാകുമെന്ന് തീർച്ച…..

എന്ത്‌ പറയണമെന്നറിയാത്തത് കൊണ്ട് തന്നെ അവൻ ഫോണെടുത്തില്ല…
സൈലന്റ് മോഡിലിട്ടു വെച്ചു…..

അവൾ വരുമ്പോൾ ഫോണിലേക്ക് നോക്കി നിൽക്കുന്നവനെയാണ് കാണുന്നത്…..

അവനവൾക്ക് നേരെ ഒന്ന് തിരിഞ്ഞു….

പിന്നെ പതിയേ മുറിയിലേക്ക് നടന്നു…

അവന് പിറകിലായി അവളും കോണിപ്പടികൾ കയറുമ്പോൾ അവന്റെ ചുണ്ടിലൊരു ചെറു പുഞ്ചിരിയുണ്ടായിരുന്നു….

എന്നോ കണ്ട് തുടങ്ങിയ ആ സ്വപ്നത്തിനോടുള്ള അടങ്ങാത്ത പ്രണയമെന്ന പോൽ…..

അപ്പോഴും കയ്യിലിരുന്ന ഫോൺ അമ്മ എന്ന പേരോട് കൂടി വൈബ്രേറ്റ് ചെയ്യുന്നുണ്ടായിരുന്നു….

(തുടരും)