22/04/2026

കിഡ്നാപ്പിംങ് ലൗ : ഭാഗം 76

രചന – ശംസിയ ഫൈസൽ

മുകളില്‍ നിന്ന് അവര് പോകുന്നതും നോക്കി നിന്ന ദേവനും ദീപുവും പരസ്പരം മുഖത്തോട് മുഖം നോക്കി

”’ദച്ചു ഇത് മനൂന്‍റെ കൂടെ എവിടെ പോകുവാ?
ഈ അമ്മക്കാണെങ്കില്‍ അവളെ കെട്ടഴിച്ച് വിട്ടപോലെയാണ്.,
എങ്ങോട്ട് വേണമെങ്കിലും ആരുടെ കൂടെയും പോകാം.,
അവളൊരു പെണ്ണാണെന്ന ബോധം അമ്മക്കും അച്ഛനുമില്ല.,,

ദേവന്‍ ജനല്‍ അടച്ച് ദീപൂനെ നോക്കി പറഞ്ഞു

”നമ്മളെ പോലെ അല്ലെ ദച്ചും.,
അവളും ഇഷ്ടമുള്ളതൊക്കെ ചെയ്യട്ടെ.,
മനു കണ്ട ഇടത്തോളം പ്രശ്നക്കാരന്‍ ഒന്നുമല്ല.
പിന്നെ അഭിനന്ദിനെ പോലെ ആരും അറിയാതെ വല്ല നെറികേടും കാണിക്കുണ്ടോയെന്ന് ആര്‍ക്കറിയാം.,,

ദീപൂന്‍റെ സംസാരത്തിലൊരു പരിഭ്രമമുണ്ടായിരുന്നു

”ഹ്മ്.. നമുക്ക് അന്വേഷിക്കാം.,
എന്തായാലും മനു കാണുന്ന പോലെ അല്ല കുറച്ച് ബുദ്ധിയുള്ള കൂട്ടത്തിലാണ്‌,
അവരെ പിറകെ പോയി നോക്കണം എന്നുണ്ട് പക്ഷെ എനിക്ക് ഉറക്കം കളയാന്‍ തോന്നുന്നില്ല
ഞാന്‍ കുറച്ച് സമയം കൂടെ ഉറങ്ങട്ടെ.,,

ദേവന്‍ ഒരു കോട്ട് വാ ഇട്ട് ബെഡില്‍ പുതച്ച് മൂടി കിടന്നു

”ഇനിയിപ്പോള്‍ ഞാന്‍ എണീറ്റിട്ട് എന്തോന്ന് കാണിക്കാന്‍.,
മാതാജി എന്തായാലും കഴിക്കാന്‍ ഒന്നും തരാന്‍ പോകുന്നില്ല അപ്പോ ഉറക്കം തന്നെ ശരണം.,,

ദീപു ഇതും പറഞ്ഞ് ദേവനെ കെട്ടിപിടിച്ച് കിടന്നു

ഇതേസമയം ദച്ചുവും മനുവും അര്‍പ്പണയുടെ അമ്മയെ കാണാനുള്ള യാത്രയിലാണ്

”മനൂ.. ആദ്യം എനിക്ക് എന്തെങ്കിലും കഴിക്കണം.,
ഞാന്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെയാണ് വീട്ടില്‍ നിന്നിറങ്ങിയത്.,

ദച്ചു മനൂനോട് പറഞ്ഞു

”നിനക്ക് വീട്ടില്‍ നിന്ന് ഒന്നും കിട്ടാറില്ലെ.,
ഇന്നലെ കോളേജിലേക്കും ഒന്നും കഴിക്കാതെയാണല്ലോ വീട്ടില്‍ നിന്നിറങ്ങിയത് ?

അടുത്ത് തന്നെ കണ്ട ഹോട്ടലിന്‍റെ മുന്നില്‍ ബൈക്ക് നിര്‍ത്തി മനു ചോദിച്ചു

”ഞാനിന്ന് കഴിക്കാന്‍ നിന്നപ്പോയാണ് നീ വന്നത്.,
ഇനി നിന്നെ പോസ്റ്റാക്കണ്ടല്ലോന്ന് കരുതി കഴിക്കാതെ ഇറങ്ങിയതാ.,,

ദച്ചു ഹോട്ടലിനുള്ളിലേക്ക് കയറി കൊണ്ട് മറുപടി പറഞ്ഞു

രണ്ട് പേരും ഒാരോ മസാല ദോശയും കഴിച്ച് ഹോട്ടലില്‍ നിന്നിറങ്ങി

”’ദച്ചൂ.. അര്‍പ്പണയുടെ വീട്ടില്‍ പോയാല്‍ അവളെ അമ്മയെ കാണുമെന്ന് ഉറപ്പാണോ ?

മനു ബൈക്കില്‍ കയറുന്നതിന് മുമ്പ് ദച്ചൂനെ നോക്കി ചോദിച്ചു

”അര്‍പ്പണയുടെ അമ്മയുടെ വീട്ടിലേക്കാണ് പോകേണ്ടത്.,
കുറച്ചധികം യാത്രയുണ്ട്.,
അമ്മ വീട്ടില്‍ എന്തോ ഫങ്ഷന്‍ ഉണ്ടെന്നാ ഞാന്‍ അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്.,
നമുക്ക് അങ്ങോട്ട് പോകാം.,,

ദച്ചു മനൂന് മറുപടി കൊടുത്തു

”നിനക്കതിന് അങ്ങോട്ട് വഴി അറിയോ ?
നീയിത് എന്നെ വല്ല കുഴിയിലും കൊണ്ട് ചാടിക്കോ ?

മനു ബൈക്കില്‍ കയറിയിരുന്ന് സ്റ്റാര്‍ട്ടാക്കി

”കുറേ മുന്നെ ഞാന്‍ ഒരു വട്ടം അങ്ങോട്ട് പോയിട്ടുണ്ട്.,
പിന്നെ നമുക്ക് ചോദിച്ച് ചോദിച്ച് പോകാന്നെ .,
എന്തായാലും എനിക്കിന്ന് അവരെ കണ്ട് സംസാരിച്ചെ പറ്റൂ..,,

ദച്ചു ബൈക്കില്‍ കയറിയിരുന്നു

”ഹ്മ്.. എന്തായാലും പറ ?
കാര്യം എന്താന്ന് ഞാനും കൂടെ അറിയട്ടെ .,,

മനു വണ്ടായോടിക്കുന്നതിനിടെ ചോദിച്ചു

”എന്ത് പറയാന്‍.,,

ദച്ചു സംശയത്തോടെ തിരിച്ച് ചോദിച്ചു

”കൊച്ചെ ഞാന്‍ വല്ല നടു റോഡിലും ഇറക്കി വിട്ട് ഞാനെന്‍റെ വഴിക്ക് പോകും.,
അര്‍പ്പണയുടെ അമ്മയെ നീയിപ്പോള്‍ കാണാന്‍ പോകേണ്ട കാര്യമെന്താണെന്നാ ചോദിച്ചെ.,
അര്‍പ്പണയും നീയും  തമ്മില്‍ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് ഞാന്‍ മുന്നെ മനസ്സിലാക്കിയതാ അതിന്‍റെ കാര്യമെന്താണെന്നാ എനിക്കറിയേണ്ടത്.,,

മനു കടുപ്പത്തില്‍ ദച്ചൂനെ മിററിലൂടെ നോക്കി

”മനൂ..,, ഇന്നേ വരെ എനിക്കും അര്‍പ്പണക്കുമിടയില്‍ ഒതുങ്ങി നിന്ന കാര്യമാണ്.,
മറ്റൊരാളോട് പറയാന്‍ തന്നെ എനിക്ക് പേടിയാണതെല്ലാം,

ദച്ചൂന് സത്യങ്ങള്‍ വിളിച്ച് പറയാന്‍ ധൈര്യമില്ലായിരുന്നു

”ബെസ്റ്റ് നീയും അര്‍പ്പണയും സംസാരിക്കുന്നത് ഒളിഞ്ഞ് കേട്ട എന്നോടാ ബാലാ.,,

മനു മനസ്സില്‍ പറഞ്ഞു

”ദച്ചൂ.. ഞാനൊരു കാര്യം പറഞ്ഞെക്കാം.,
സത്യസന്ധമായ കാര്യമാണ് എനിക്കറിയേണ്ടത്.,
ചുമ്മാ എന്നെ ബോധിപ്പിക്കാന്‍ വേണ്ടി കള്ളം മെനയാന്‍ നില്‍ക്കണ്ട.
ഞാനൊരു സൈക്കോളജി സ്റ്റുഡന്‍റാണ്
നീ  അത് ഒാര്‍ത്ത് കൊണ്ട് വേണം എന്നോട് കാര്യങ്ങള്‍ തുറന്ന് പറയാന്‍.,,

ദച്ചു എല്ലാം തുറന്ന് പറയുന്നതിന് മുമ്പ് മനു അവളെ ഒാര്‍മപ്പെടുത്തുംവിധം പറഞ്ഞു

”നിന്‍റെ സംസാരം കേട്ടാല്‍ തോന്നും ലോകത്ത് നീ മാത്രമാണ് സൈക്കോളജി പഠിക്കുന്നതെന്ന്.,
നിനക്ക് എന്‍റെ മനസ്സ് വായിക്കാനൊന്നും അറിയില്ലല്ലോ ?

ദച്ചു ഇങ്ങനെ പറയേണ്ട താമസം മനു വണ്ടി നിര്‍ത്തി

”ഇറങ്ങ് ഇറങ്ങ്.,
മോള് ബസിന് എങ്ങാനും പൊക്കോ ?
എന്‍റെ ബൈക്കില്‍ കയറിയിരുന്നിട്ട് എന്നെ പുച്ഛിക്കുന്നോ ?

മനു ഇറക്കി വിടാന്‍ നോക്കിയതും ദച്ചു ബൈക്കില്‍ തന്നെ മുറുകെ പിടിച്ചിരുന്നു

”ഞാനൊരു തമാശ പറഞ്ഞതല്ലെ.,
നീ സൂപ്പറാ.,
ഞാന്‍ എല്ലാം പറയാം.,
പക്ഷെ അത് നീ പുറത്ത് പറയരുത്.,
പ്രത്യേകിച്ച് നന്ദേട്ടനോട്.,
ഞാനും നീയും മാത്രം അറിയുന്ന രഹസ്യമാകണം അത് കേട്ടല്ലോ ?

ദച്ചൂന്‍റെ പേടി മനൂന് മനസ്സിലാകുന്നുണ്ടായിരുന്നു

”ഞാന്‍ ആരോടും പറയാന്‍ പോകുന്നില്ല.,
കുറച്ച് അലമ്പ് കൈയ്യിലുണ്ടെങ്കിലും ഞാനാള് സത്യ സന്ധനാ.,
നീ എല്ലാം എന്നോട് തുറന്ന് പറ.,
നിന്നെ സഹായിക്കാന്‍ പറ്റുമെന്ന് എനിക്ക് ഉറപ്പുണ്ട്.,
അല്ലെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരാള്‍ കൂടെ ഉള്ളത് നല്ലതാ.,

മനു പറഞ്ഞത് കേട്ട് ദച്ചൂനൊരു ആത്മാവിശ്യാസം വന്നു

ബൈക്ക് മൈന്‍ റോഡില്‍ നിന്ന് ഒരു ഗ്രാമത്തിലെ തിരക്കൊഴിഞ്ഞ ചെറിയ റോഡിലേക്ക് തിരിഞ്ഞു

”സംഭവം നടക്കുന്നത് നന്ദു ആദ്യമായി ലണ്ടനിലേക്ക് പോകുന്നതിന്‍റെ ഏകദേശം ആറ് മാസം മുമ്പാണ്.,
ഒരു ഞായറാഴ്ച്ച ദിവസം പുറത്തേക്ക് പോകാന്‍ നില്‍ക്കുമ്പോയാണ് എന്നെ തേടിയൊരു കൊറിയര്‍ വന്നത്.,,

ദച്ചു പറഞ്ഞ് തുടങ്ങി

”സ്റ്റോപ്പ് സ്റ്റോപ്പ്..,,
ദച്ചൂ എനിക്ക് നിന്‍റെയും നന്ദൂന്‍റെയും പ്രണയം തുടങ്ങുന്നത് മുതല്‍ അറിയണം.,,

മനു ദച്ചു പറയുന്നത് തടഞ്ഞ് കൊണ്ട് പറഞ്ഞു

”അതെന്തിനാ അത് നിനക്കറിയുന്നതല്ലെ.,,

ദച്ചു സംശയത്തോടെ ചോദിച്ചു

”അറിയാം ആദ്യം മുതല്‍ അറിഞ്ഞാലെ എനിക്കാ റൂട്ട് സെറ്റാകൂ..,
നീ എല്ലാം പറഞ്ഞ് തീരുമ്പോള്‍ എന്‍റെ മനസ്സില്‍ നിന്‍റെ പ്രശ്നത്തിന് നല്ലൊരു പരിഹാരം തെളിഞ്ഞ് വരണം.,
അതിന് ആദ്യം മുതലുള്ള കാര്യങ്ങള്‍ എനിക്കെന്‍റെ മനസ്സില്‍ പതിഞ്ഞ് കിടക്കണം.,
നീ ആദ്യം മുതല്‍ പറ.,
എന്തായാലും ഒരുപാട് ദൂരം യാത്ര ചെയ്യാനുള്ളതല്ലെ.,
നിങ്ങളെ ലൗ സ്റ്റോറിയെല്ലാം കേട്ട് ആസ്വദിച്ചെനിക്ക് ഡ്രൈവ് ചെയ്യാലോ ?

മനു പറഞ്ഞതും ദച്ചു ഒന്ന് ചിരിച്ചു

”ഒാക്കെ ഞാന്‍ പറയാം.,
പിന്നെ റോഡ് മുയുവന്‍ കുഴിയാണ് കഥ ആസ്വദിച്ച്  ബൈക്ക് കുഴിയില്‍ കൊണ്ട് ചാടിച്ച് എന്‍റെ കഥ  തീര്‍ക്കരുത്.,
എനിക്ക് ഒരുപാട് സ്വപ്നങ്ങളുള്ളതാ.,

ദച്ചു ചിരിയോടെ പറഞ്ഞതും മനു ബൈക്കിന്‍റെ മിററിലൂടെ അവളെ കൂര്‍പ്പിച്ച് നോക്കി

ദച്ചു മനൂന്‍റെ ചുമലിലൊന്ന് തട്ടി മനു കൂടെ സാക്ഷിയായ തന്‍റെ പ്രണയക്കാലം അവന് മുന്നില്‍ തുറന്നു

______________________________

ദച്ചു പത്താം ക്ലാസില്‍ പഠിക്കുന്ന സമയം
അന്നൊരു ഉത്സവക്കാലമായിരുന്നു

ഒരുപാട് നാടുകളില്‍ നിന്ന് ഉത്സവം ആഘോഷിക്കാന്‍ ഒഴുകി എത്തുന്ന ആ നാട്ടിലെ തന്നെ വലിയ ഉത്സവമാണത്

അവധി സമയം കൂടി ആയതിനാല്‍ മനസ്സ് തുറന്ന് ആഘോഷിക്കാന്‍ കുട്ടികളെ കൂട്ടി കുടുംബങ്ങള്‍ ഒാടിയെത്തുന്ന ആഘോഷ ദിനം കൂടിയാണ്

രാവിലെ തൊട്ട് തന്നെ അമ്പലത്തിലാണ് ദച്ചു

വൈകീട്ട് ചെണ്ടമേളവും വെടികെട്ടും കാണാന്‍ തിക്കും തിരക്കുമാകും

ദച്ചു സന്ധ്യ ആയതും കുളിച്ച് പുത്തന്‍ പട്ടുപാവാടയും കാതില്‍ ജിമിക്കിയും കണ്ണില്‍ കണ്‍മഷി വലയവും നെറ്റിയില്‍ കുഞ്ഞ് പൊട്ടും തൊട്ട് വിളക്ക് വെച്ച് പ്രാര്‍ത്ഥിച്ചു

”അമ്മാ ഒന്ന് വേഗം ഇറങ്ങുന്നുണ്ടോ ?
അച്ഛനും ചേട്ടമ്മാരുമെല്ലാം പോയി.,,

അമ്മ ഇറങ്ങാന്‍ അല്പം വൈകിയതും ദച്ചു മുഖം വീര്‍പ്പിച്ച് ഉമ്മറപടിയിലിരുന്നു

”ദാ വരുന്നു കൊച്ചെ .,,

അമ്മ ദച്ചൂനെ കൂട്ടി അമ്പലത്തിലേക്ക് നടന്നു

”അമ്മാ.. പൂ വാങ്ങിക്കണം.,,

ദച്ചു പൂക്കടയിലേക്ക് ചൂണ്ടി പറഞ്ഞു

”നേരത്തെ അല്ലെ ദച്ചൂ പൂ വാങ്ങിച്ചത്.,
അതെടുത്ത് ചൂടായാല്‍ പോരായിരുന്നോ നിനക്ക്.,,,

അമ്മ ശാസനയോടെ ദച്ചൂനെ നോക്കി

”’ഒന്ന് പോ അമ്മെ.,
വാടിയ പൂ ചൂടിയാലും ചൂടിയ പൂ ചൂടരുതെന്നാ.,
ഞാനത് കളഞ്ഞു.,,
എനിക്ക് പുതിയത് വാങ്ങി ചൂടി താ പ്ലീസ്.,

ദച്ചൂന്‍റെ വാശിക്ക് മുന്നില്‍ അമ്മ രണ്ട് മുഴം മുല്ല പൂ വാങ്ങി ദച്ചൂന്‍റെ നീണ്ട ഇടതൂര്‍ന്ന മുടിയില്‍ വെച്ച് കൊടുത്ത് ബാക്കി അമ്മയും കൂടെ മുടിയില്‍ ചൂടി

”എന്‍റെ ദച്ചൂ നിനക്കീ മുടിയൊന്ന് കെട്ടി വെച്ചൂടായിരുന്നോ ?
കണ്ണിലെ കണ്‍മഷിയും നിന്‍റെ ഈ മുടിയും കൂടെ കണ്ടാല്‍ എല്ലാവരും യക്ഷിയാണെന്ന് പറഞ്ഞ് പേടിച്ചോടും.,,

അമ്മ ദച്ചൂന്‍റെ മുന്നിലേക്ക് വീണ് കിടക്കുന്ന മുടി പിന്നിലേക്കിട്ട് പറഞ്ഞു

”പട്ടുപാവട ഇട്ട യക്ഷിയോ ?
ഒന്ന് പോ അമ്മെ ചിരിപ്പിക്കാതെ.,
അമ്മാ ഞാന്‍ കുറച്ച് വളയും മാലയും വാങ്ങിക്കോട്ടെ
കുറച്ച് കഴിഞ്ഞാല്‍ തിരക്ക് കൂടി നല്ലതെല്ലാം തീര്‍ന്ന് പോകും .,,

ദച്ചു നിരന്ന് നില്‍ക്കുന്ന കടയിലേക്ക് നോക്കി അമ്മയോട് കെഞ്ചി

”നീ പോയി വാങ്ങിച്ചോ ?
ദാ ഇതിനുള്ളത് വാങ്ങിയാല്‍ മതി.,
ഞാനവിടെ ഉണ്ടാകും.,,

അമ്മ ദച്ചൂന്‍റെ കൈയ്യിലേക്ക് പൈസ കൊടുത്ത് അയല്‍വീട്ടിലെ ചേച്ചിമാരെ കണ്ടതും അങ്ങോട്ട് പോയി

ദച്ചു ആവേശത്തോടെ കടകളിലേക്ക് നടക്കുമ്പോയാണ് തന്‍റെ ക്ലാസില്‍ പഠിക്കുന്ന അഭിമന്യൂ നില്‍ക്കുന്നത് കണ്ടത്

”ഡാ.. മനൂ…,,

ദച്ചു അവന്‍റെ അടുത്തേക്ക് ചെന്ന് വിളിച്ചതും മനുവും അവന്‍റെ കൂടെയുള്ള അവന്‍റെ കുടുംബവും ഒരുമിച്ച് തിരിഞ്ഞവളെ നോക്കി

കൂട്ടത്തില്‍ വിടര്‍ന്ന കണ്ണുകളോടെ കാണുന്നത് വിശ്വസിക്കാന്‍ കഴിയാതെ അവളില്‍ മാത്രം തറഞ്ഞ് നിന്ന് പോയ രണ്ട് കണ്ണുകളുണ്ടായിരുന്നു

*(തുടരും..)*