23/04/2026

നിലാവിന്റെ തോഴൻ : ഭാഗം 35 & 36

രചന – ജിഫ്ന നിസാർ

“പറഞ്ഞതെല്ലാം ഓർമയുണ്ടല്ലോ.. അല്ലേ?”

ദിൽനയെ നോക്കി റോയ്സ് ചോദിച്ചു.
അതേയെന്ന് തലയാട്ടി കാണിക്കുന്നവളുടെ കണ്ണിലെ ഭയം.

അതൊന്ന് ആസ്വദിച്ച് റോയ്സ് ഊറി ചിരിച്ചു.

“ഗുഡ് ഗേൾ.. എങ്കിൽ ഇറങ്ങിക്കോ ”
അവളുടെ കവിളിലൊന്ന് തട്ടിയിട്ട് അവൻ ഡോർ തുറന്നു.

അവനിറങ്ങി കഴിഞ്ഞും അതിനകത്തു തന്നെ വിറച്ചിച്ചിരിക്കുന്നവൾക്ക് നേരെ റോയ്സിന്റെ കൂർത്ത നോട്ടം നീണ്ടു.
ഒരുപാട് ഉത്തരങ്ങൾ നിറഞ്ഞൊരു നോട്ടം!
അതേറ്റു പൊള്ളിയത് പോലൊന്നു പിടഞ്ഞു കൊണ്ട് ദിൽനയുമിറങ്ങി.

സ്കൂൾ ബാഗിൽ പിടി മുറുക്കി കൊണ്ടവൾ മുഖം കുനിച്ചു നിന്നു.

“അങ്കിൾ..”
കാറിൽ ചാരി തന്നെയും ദിൽനയെയും സൂക്ഷിച്ചു നോക്കി നിൽക്കുന്ന ക്രിസ്റ്റിയുടെ നേരെയൊന്ന് പുച്ഛത്തോടെ നോക്കിയിട്ട് റോയ്സ് വർക്കിയുടെ അരികിലേക്ക് ചെന്നു.

“ഇവളെ നിനക്കെവിടുന്ന് കിട്ടി?”
വർക്കി എന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ.. ഡെയ്സിയുടെ ചോദ്യം റോയ്സിന് നേരെയെത്തി.

“അഹ്.. അതാണ് ഞാനും പറയുന്നത് ”
ഡെയ്സിയെ നോക്കി വല്ല്യ താല്പര്യമില്ലാത്തത് പോലെ റോയ്സ് പറഞ്ഞു.

വീണ്ടും വർക്കിയുടെ നേരെ അവന്റെ നോട്ടം നീണ്ടു.

ദിൽനയെ കണ്മുന്നിൽ കണ്ടതിന്റെ ആശ്വാസമുണ്ടെങ്കിൽ കൂടിയും അവളെ റോയ്സിനൊപ്പം ആ നേരം കണ്ടതിന്റെയൊരു അസ്വസ്ഥത ഡെയ്സിയുടെ വാക്കുകളിൽ പോലും പ്രകടമായിരുന്നു.

“സോറി അങ്കിൾ. തെറ്റ് മുഴുവനും എന്റെ ഭാഗത്താണ്. ദിലുവിനെ ഒന്നും പറയരുത്. ഞാൻ ഒരുപാട് നിർബന്ധിച്ചു വിളിച്ചിട്ടാണ് അവളെന്റെ കൂടെ വന്നത്. ഉച്ചക്ക് മുന്നേ ഏത്താവുന്ന ചെറിയൊരു ട്രിപ്പ്‌ ആയിരുന്നു പ്ലാൻ. കൂട്ടുകാരുടെ കൂടെ പ്ലാൻ ചെയ്തതാ. പക്ഷേ അവന്മാർക്കെല്ലാം ഓരോരോ തടസ്സം. അങ്ങനെയാണ് ദിലുവിനെ കണ്ടത്. ഒറ്റക്ക് പോവണ്ടല്ലോ എന്ന് കരുതി അവളേം കൂട്ട് വിളിച്ചു. പെട്ടന്ന് വരാമെന്ന് കരുതിയതാ.പക്ഷേ വണ്ടിക്കെന്തോ പ്രോബ്ലം. വിചാരിച്ചതിലും ടൈം എടുത്തു തിരികെ എത്തുവാൻ. ദിലു അപ്പോൾ തുടങ്ങിയ കരച്ചിലാ. പപ്പാ വഴക് പറയുമെന്ന് പേടിച്ചിട്ടാണ്. പ്ലീസ് അങ്കിൾ. അവളെ ഒന്നും പറയരുത്. വേണമെങ്കിൽ എന്നെ രണ്ടടി തന്നോളൂ.ഞാൻ വിളിച്ചിട്ടാണ് അവൾ വന്നത് .”

അങ്ങേയറ്റം വിനയത്തോടെ ഒറ്റ വീർപ്പിൽ പറയുന്ന റോയ്‌സിനെ കേൾക്കുന്നുണ്ടെങ്കിലും ക്രിസ്റ്റിയുടെ കണ്ണുകൾ തല കുനിച്ചു നിൽക്കുന്ന ദിലുവിന്റെ നേരെയാണ്.

കാറിൽ ചാരി നിൽക്കുന്നവളുടെ മുഖം മുക്കാലും ചുമലിൽ വീണു കിടക്കുന്ന മുടിയിഴകൾ മറച്ചു പിടിച്ചിട്ടുണ്ടെങ്കിലും.. ക്രിസ്റ്റിക്ക് ആ നിൽപ്പത്ര ശെരിയായി തോന്നിയില്ല.

രാവിലെ മുതൽ അവനെ അങ്ങേയറ്റം അസ്വസ്ഥതപ്പെടുത്തുന്ന അവളുടെയാ രൂപം വീണ്ടും വീണ്ടും അവനെ ശ്വാസം മുട്ടിച്ചു… അവളെ നോക്കുമ്പോഴൊക്കെയും.

“വൈകുമെങ്കിൽ അതൊന്നു വിളിച്ചു പറയാൻ നിന്റെ കയ്യിൽ ഫോണിരിപ്പില്ലേ റോയ്സേ?”

അവനൊട്ടും പ്രതീക്ഷിക്കാത്ത ക്രിസ്റ്റിയുടെ ചോദ്യം.

അവനരികിലേക്ക് നടന്നെത്തിയിട്ട് ക്രിസ്റ്റി റോയ്‌സിനെ സൂക്ഷിച്ചു നോക്കി.

“രാവിലെ സ്കൂളിൽ പോയൊരു പെൺകുട്ടി.. അവളെ വിളിച്ചു ട്രിപ്പ്‌ പ്ലാൻ ചെയ്തതും അവളുടെ വീട്ടിൽ വിളിച്ചറിയിക്കാതെ അവളെ ഒപ്പം കൂട്ടിയതും തെറ്റ്. അതിനെല്ലാം പുറമെ ഇത്രേം വൈകി തിരിച്ചെത്തുമെന്ന് ഉറപ്പാകുമ്പോൾ അതവളുടെ വീട്ടിൽ വിളിച്ചറിയിക്കാഞ്ഞത് അതിലും വലിയൊരു തെറ്റ്. നിനക്കെന്താടാ തീരെ ബോധമില്ലേ?”
അൽപ്പസമയം മുന്നേ സ്വന്തം അമ്മയുടെ ചങ്ക് പൊട്ടിയുള്ള കരച്ചിൽ നെഞ്ചുലക്കുന്നത് കൊണ്ട് തന്നെ ആവിശ്യത്തിലേറെ മൂർച്ചയുണ്ടായിരുന്നു ക്രിസ്റ്റിയുടെ ചോദ്യം.

വലിഞ്ഞു മുറുകിയ അവന്റെ മുഖത്തേക്ക് നോക്കെ റോയ്‌സിന്റെ ഹൃദയം പോലും വിറച്ചു.
മുന്നേ കിട്ടിയ അടിയുടെ വേദന അവനോർമ വന്നു.

“ഉത്തരം പറയെടാ…”
പല്ല് കടിച്ചു കൊണ്ട് ക്രിസ്റ്റി വീണ്ടും ആവിശ്യപ്പെട്ടു.

“ഫോൺ.. ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല. ഞാൻ. ഞാൻ ശ്രമിച്ചിരുന്നു ”

വർക്കിയേ നോക്കി… വിക്കി വിക്കി റോയ്സ് ഉത്തരം പറഞ്ഞു.

“ഇത് ഞാനങ്ങു വിശ്വസിച്ചു തരണം. അല്ലേടാ?”

ക്രിസ്റ്റി കുറച്ചു കൂടി അവനരികിലേക്ക് നീങ്ങി.

“ഇതെല്ലാം ചോദിക്കാൻ ഇവനാരാ അങ്കിൾ?”

ക്രിസ്റ്റിയെ ഒതുക്കാൻ വർക്കിയേ കൂട്ട് വിളിക്കും പോലെ റോയ്സ് ഉറക്കെ ചോദിച്ചു.

“ഞാൻ.. നിന്റെ…..”

പല്ല് കടിച്ചു പിടിച്ചു കൊണ്ട് ക്രിസ്റ്റി ബാക്കി പറയാൻ വന്നത് വിഴുങ്ങി.

“ടീ…”

അൽപ്പം ഉറക്കെ തന്നെ ക്രിസ്റ്റിയുടെ മുഴങ്ങുന്ന സ്വരം.

ദിൽന ഞെട്ടി കൊണ്ട് മുഖം ഉയർത്തി നോക്കി.

“നിന്നെ തന്നെ.. ഇങ്ങ് വന്നേ ”
അവൾ നോക്കുന്നത് കണ്ടതും ക്രിസ്റ്റി കൈ മാടി വിളിച്ചു.

വിറച്ചു കൊണ്ടാണ് ദിൽന അങ്ങോട്ട്‌ വന്നത്.
ബാഗ് അപ്പോഴും നെഞ്ചിൽ അമർത്തി പിടിച്ചിട്ടുണ്ട്.

“ഇവൻ.. ഇവൻ പറഞ്ഞതെല്ലാം സത്യമാണോ?”

വീണ്ടും ക്രിസ്റ്റിയുടെ മുറുകിയ സ്വരം.

“മൂങ്ങയെ പോലെ നിൽക്കാതെ വാ തുറന്നു പറയെടി. അത് പറയാൻ നിനക്കെന്താ ഇത്രയും പേടി. ഇവൻ വിളിച്ചപ്പോ വീട്ടിൽ പറയാതെ കൂടെ പോവാനും ഉണ്ടായിരുന്നോ ഇത്രേം പേടി?”

അവൾക്കരികിൽ വന്നു നിന്നിട്ട് ക്രിസ്റ്റി വീണ്ടും ചോദിച്ചു.

ദിൽന നിന്ന് വിറച്ചതല്ലാതെ അപ്പോഴും മുഖമുയർത്തി നോക്കിയില്ല.

“അത് ചോദിക്കാൻ അവൾക്ക് സ്വന്തം അപ്പനുണ്ട്. മതിയെടാ നിന്റെ ഹീറോയിസം ”
പിന്നിൽ നിന്നും വർക്കിയുടെ സ്വരം.

ക്രിസ്റ്റി മുഖം ചെരിച്ചൊന്ന് നോക്കി.
ശേഷം അവന്റെയാ നോട്ടം ഡെയ്സിയുടെ നേരെയും നീണ്ടു.
ഞൊടിയിട കൊണ്ടവൻ നോട്ടം മാറ്റിയെങ്കിലും അതിലൊരുപാട് ചോദ്യങ്ങളുണ്ടായിരുന്നു. അത് അവരെയും വേദനിപ്പിച്ചു.

“എന്റെ മക്കളുടെ കാര്യം നോക്കാൻ ഞാൻ ആരെയും ഏർപാട് ചെയ്തിട്ടില്ലല്ലോ മോനെ റോയ്സേ. പിന്നെന്തിനാ ഇവനിങ്ങനെ കിടന്നു കുരക്കുന്നത്?”

ക്രിസ്റ്റിയെ നോക്കിയൊന്ന് ചിരിച്ചിട്ട് വർക്കി റോയ്‌സിനെ നോക്കി.

” വീട്ടിൽ കിടന്നു ഷോ കാണിച്ച ചവിട്ടി കൂട്ടും എന്നങ്ങു പറ അങ്കിളെ..കണ്ട വരത്തന്മാർക്കും തെരുവ് ഗുണ്ടകൾക്കും കേറി താമസിക്കാൻ ഇത് സത്രമല്ലെന്ന് പറയങ്ങോട്ട്..”
അയാളുടെ സപ്പോർട്ട് കൂടി ആയതോടെ റോയ്സിനും ഹരം കൂടി.

പറഞ്ഞു തീർന്നതും റോയ്സിന്റെ കവിളിൽ അടി വീണു കഴിഞ്ഞിരുന്നു.

“നീയും നിന്റെയീ പൊറുക്കി അങ്കിളുമാണ് മോഞ്ഞേ ഇവിടുത്തെ വരത്തന്മാർ. കുന്നേൽ ബാംഗ്ലവ് എന്നും എന്റെയാണ്. എന്റപ്പൻ എനിക്കായ് തന്നത് മുഴുവനും കയ്യിട്ട് വാരി യാതൊരു നാണവുമില്ലാതെ തിന്ന് മുടിപ്പിച്ചു നടക്കുന്ന നിന്റെയീ പൊറുക്കി അങ്കിളിന്റെ കയ്യെങ്ങാനും എനിക്ക് നേരെ ഉയർന്ന.. പിന്നെ ഒന്നും.. ഒന്നിനും വേണ്ടി കാത്ത് നിൽക്കില്ല ക്രിസ്റ്റി.. തീർത്തു കളയും ഞാൻ ”

ഷർട്ടിൽ ചുരുട്ടി പിടിച്ചു ചുവരിൽ ചേർത്ത് നിർത്തി റോയ്‌സിനെ നോക്കി പറയുമ്പോൾ ക്രിസ്റ്റിയുടെ കവിളുകൾ വിറക്കുന്നുണ്ടായിരുന്നു.

അവനോട് വേണ്ടന്ന് പറയണമെന്നുണ്ടായിരുന്നു ഡെയ്സിക്ക്.

അത് റോയ്സിനോടുള്ള സിമ്പതിയല്ല. മറിച്ച് അവനെ പകയോടെ നോക്കി നിൽക്കുന്ന വർക്കിയോടുള്ള ഭയമായിരുന്നു.

ഡെയ്സി ദയനീയമായി മറിയാമ്മച്ചിയെ നോക്കി.

റോയ്സിനും പറ്റിയാൽ വർക്കിക്കും രണ്ടു കിട്ടണം എന്നാഗ്രഹിച്ചു നിൽക്കുന്ന മറിയാമ്മച്ചി തത്കാലം ഡെയ്സിയുടെ നോട്ടം കണ്ടില്ലെന്ന് നടിച്ചു.

“മ്യാമനും മോനും കളിക്കുന്നത് ദാ… ആ ഗേറ്റിന് അപ്പുറം മതി. ഇക്കാര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടായിരിക്കില്ല. കുറെയായി നീ ഇവിടെ വന്നിട്ട് മ്യാമന്റെ ചിലവിൽ ചുമ്മാ ഗോളടിച്ചു രസിക്കുന്നു. ഇനിയത് നടക്കില്ല റോയ്സേ.പിരി കയറ്റി എനിക്ക് നേരെ ഒണ്ടാക്കാൻ വന്ന ഞാൻ കേറിയങ് മേയും. പിന്നെ മ്യാമനേം മോനേം പൊറുക്കിഎടുക്കേണ്ടി വരും. മനസ്സിലായോ ഡാ ”

ക്രിസ്റ്റി വീണ്ടും അവനെ പിടിച്ചുലച്ചു.

ദിൽനയെ ഒന്ന് കൂടി നോക്കിയിട്ട് അവൻ റോയ്‌സിനെ വിട്ടു.

“എന്റെ കണ്മുന്നിൽ നടക്കുന്ന അനീതിക്കെതിരെ ശബ്ദമുയർത്താൻ എനിക്കാരെയും… ആരെയും പേടിയില്ല. ഇനി കണ്ടാലും.. എപ്പോ കണ്ടാലും ഞാനത് ചോദിക്കുക തന്നെ ചെയ്യും. അതിഷ്ടമല്ലെന്നുള്ളവർക്ക് പോവാം. ഇത്.. ഈ കുന്നേൽ ബംഗാവ് എന്റെയാണ്. എത്രയൊക്കെ.. ആരൊക്കെ കയ്യിട്ടു വരാൻ നോക്കിയാലും ഒരിഞ്ചു പോലും വിട്ട് തരില്ല ഞാൻ. ഇത്.. ഇതെന്റെയും വാശിയാണ് ”

വർക്കിക് കൂടിയുള്ള മറുപടി പറഞ്ഞിട്ട് ക്രിസ്റ്റി തിരികെ സ്റ്റെപ്പിന് നേരെ നടന്നു.

പോകും വഴി ഒരിക്കൽ കൂടി അവന്റെ കണ്ണുകൾ ഡെയ്സിയെ തൊട്ട് തലോടി കടന്ന് പോയി..ആശ്വാസിപ്പിക്കുന്നത് പോലെ.

❣️❣️❣️

“നീ മീരയുടെ അടുത്ത് പോയില്ലേ?”

ഫോണെടുത്തയുടനെ ക്രിസ്റ്റി ചോദിച്ചു.

“നിന്റെ മുറിയിലെ വലതു സൈഡിൽ തൂങ്ങിയാടുന്ന ആ സാധനം കാണുന്നുണ്ടോ നീ?”
ഫൈസി ഒരു മറുചോദ്യമാണ് തിരികെ നൽകിയത്.

“ഉണ്ട്.എന്തേ..?”
ക്രിസ്റ്റി തലചിരിച്ചു നോക്കിയിട്ട്.

“എങ്കിൽ അതിലേക്കൊന്ന് കണ്ണ് തുറന്നു നോക്ക്.. ടൈം എത്രയായെന്ന്”

ഫൈസി അത്യാവശ്യം കലിപ്പിലാണ്.

“ഒരു കാര്യം അത്യാവശ്യമായിട്ട് അറിയാൻ നിന്നെയൊന്നു വിളിക്കാൻ ഞാനിനി സമയം നോക്കി നടക്കണോ ടാ?”
അറിയാതെ ക്രിസ്റ്റിയുടെയും ശബ്ദമുയർന്നു.

“എന്നാണോ ഞാൻ പറഞ്ഞത്?”ഫൈസിയും വിട്ട് കൊടുത്തില്ല.

“എനിക്കങ്ങനെ തോന്നി…”

“നിനക്കെങ്ങനെ പലതും തോന്നും. അതിനെല്ലാം ഞാൻ ഉത്തരം പറയണോ?അതും ഈ പാതിരാത്രി ഒരുമണിക്ക് ”

ഫൈസി കലിപ്പ് വിട്ടിട്ടില്ല.

ക്രിസ്റ്റി അതിനുത്തരമൊന്നും പറഞ്ഞില്ല.

“സത്യത്തിൽ എന്താടാ നിന്റെ പ്രശ്നം?”
ഫൈസി അൽപ്പം മയത്തിലാണ് അത് ചോദിച്ചത്.

“പ്രശ്നോ..എനിക്കോ..?”

“ആഹ്.. നിനക്ക് തന്നെ. അല്ലെങ്കിൽ പിന്നെ പുന്നാര പെങ്ങളെ ഞാൻ പോയി കണ്ടെന്നും ഏട്ടൻ പുന്നാരിച്ചു തന്നു വിട്ട സാധനങ്ങൾ കൊടുത്തുവെന്നും നിരത്തി പിടിച്ചു നിന്റെ വാട്സാപ്പിൽ ഞാനിട്ട മെസ്സേജ് നീ കണ്ടിട്ടുമുണ്ട്.. എനിക്ക് റിപ്ലൈയായി ഓകെ ന്ന് ആയച്ചിട്ടുമുണ്ട്. പിന്നെയും ഇമ്മാതിരി ഒലക്കമ്മലെ ചോദ്യം പാതിരാത്രി ചോദിച്ചു വരണമെങ്കിൽ, നിനക്ക് കാര്യമായിട്ട് എന്തോ പ്രശ്നമുണ്ട് ”

യാതൊരു പഴുതുമില്ലാതെ ഫൈസി അത് പറഞ്ഞതും ക്രിസ്റ്റി നിശബ്‍ദനായി.

സത്യത്തിൽ എന്താണ് തന്റെ പ്രശ്നം?
അവനാ ചോദ്യം സ്വയം ചോദിച്ചു.

ദിൽനയൊരു അസ്വസ്ഥതയാണ്.. അത് ഓർക്കുമ്പോഴൊക്കെ ശ്വാസം മുട്ടിക്കുന്നുണ്ട്.

അതിനുമപ്പുറം.. എന്തോ ഒന്ന്.. ഇരിക്കാനും നിൽക്കാനും കഴിയാതെ.. ഇടനെഞ്ചിൽ തുടരെ വീർപ്പു മുട്ടിക്കുന്നയൊന്ന്.

ഹൃദയമാരെയോ കാത്തിരിക്കുന്നത് പോലെ..

അത്രമേൽ ആഴത്തിൽ ആരെയോ പ്രതീക്ഷിക്കുന്നത് പോലെ.

ആർദ്രമായി ആരുടെയോ സാമീപ്യം കൊതിക്കുന്നത് പോലെ..

ഇന്ന് കാണുമ്പോൾ പറഞ്ഞു കേൾപ്പിച്ചു കൊടുക്കുവാൻ നാവിൻ തുമ്പിൽ മധുരമുള്ളൊരു കഥയുമായി കാത്തിരിപ്പായിരുന്നു ഇത് വരെയും.

അന്നവൾ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം ആ മിഴിയാഴങ്ങളിലേക്ക് നോക്കി പറഞ്ഞു കൊടുക്കാൻ അവനേറെ കൊതിച്ചുപോയിരുന്നു.

ഇരുട്ട് കനം വെച്ച് തുടങ്ങിയത് മുതൽ ഓരോ നിമിഷവും വല്ലാത്തൊരു നിർവൃതിയോടെ കാത്തിരുന്നവൻ.

വരുമെന്ന് ഉറപ്പുണ്ടായിട്ട് തന്നെയാണ് രണ്ട് മൂന്നു പ്രാവശ്യം ആ സീറ്റ് പുരയിലേക്ക് അവളെ തേടിയിറങ്ങിയത്.
പതിവ് നേരമായിട്ടും കാണാഞ്ഞപ്പോൾ ഹൃദയം മുറവിളി കൂട്ടി തുടങ്ങിയതാണ്.

പള്ളിയിൽ നിന്നും വന്നപ്പോഴുള്ള ആ സാഹചര്യങ്ങളിൽ തന്നെ മനസ്സ് ചത്ത്‌ പോയിരുന്നു.

വർക്കിയിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ല എന്നത് കൊണ്ട് അതത്ര മനസ്സിലേക്ക് കയറ്റി വെച്ചില്ലയെങ്കിലും.. ദിൽനയുടെ മുഖവും.. റോയ്സിന്റെ പതർച്ചയും ഹൃദയതാളം കൂട്ടുന്നുണ്ട്.

മറിയാമ്മച്ചി വിളിച്ചിട്ടും കഴിക്കാൻ താഴെയിറങ്ങി പോവാതെ മുറിയിൽ തന്നെ ഓരോന്നും ഓർത്തു കിടന്നു

പോരും വഴി കഴിച്ചത് കൊണ്ടായിരിക്കും.. പിന്നെ അവര് നിർബന്ധിച്ചു ബുദ്ധിമുട്ടിച്ചതുമില്ല.

ഫൈസി പറഞ്ഞത് പോലെ.. അവന്റെ മെസ്സേജ് കണ്ടിരുന്നു.
മീരയെ ഒന്ന് വിളിച്ചേക്ക്. നിന്നെ അവൾക്കിന്ന് വല്ലാണ്ട് മിസ് ചെയ്തെന്ന് തോന്നുന്നു “എന്നവൻ പറഞ്ഞതിന് ഒക്കെ അടിച്ചു പോന്നതാണ്.

പക്ഷേ വിളിക്കാൻ മറന്നു പോയി.

അതെന്തേ.. മറന്നു പോയതാവോ?
തനിക്ക് വേണ്ടി അവൾ കാത്തിരിപ്പുണ്ടാവുമെന്ന് അറിഞ്ഞിട്ടും വിട്ട് പോയതെന്തേ?

“ഡാ…”
ഫൈസിയുടെ വിളിയിലാണ് ഞെട്ടിയത്.

“അവള്… അവളിന്ന് വന്നില്ലെടാ ഫൈസി ”

ആ പരിഭവം അവന്റെ ഹൃദയമാവാം പറഞ്ഞത്.

“അതിന്…”
ഫൈസി കടുപ്പത്തിൽ തിരിച്ചു ചോദിച്ചു.

“അതിന്… അതിനൊന്നൂല്ല. വന്നില്ല. അത്ര തന്നെ..”

ക്രിസ്റ്റിയുടെ സ്വരം വല്ലാതെ നേർത്തു.

“അത് കൊണ്ടാണോ നീയിങ്ങനെ നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ.. ആണോ ടാ?”

ഫൈസിയുടെ ആ ചോദ്യം കേട്ടിട്ടും ക്രിസ്റ്റി ഒന്നും മിണ്ടിയില്ല.

“അവള് വന്നില്ലേൽ വരണ്ടഡാ. അവളുടെ പ്രശ്നങ്ങൾ അവളായിട്ട് തന്നെ പരിഹരിച്ചു കാണും. അതോർത്തു സാമാധാനിക്കയല്ലേ വേണ്ടത്. ഇനി അത് കൂടി നിന്റെ പരട്ട തലയിലേക്ക് എടുത്തു വെക്കേണ്ടല്ലോ.”

“അപ്പൊ… അപ്പൊ ഞാനിനി എങ്ങനെ അവളെ കാണുമെടാ..?”

അറിയാതെ തന്നെ ക്രിസ്റ്റിയുടെ നാവിൽ ആ ചോദ്യമെത്തിയിരുന്നു…..

തുടരും

 

ഉറങ്ങാൻ കിടക്കുന്നതിന്റെ ഏറ്റവും അവസാനവും ഉറങ്ങിയെഴുന്നേൽക്കുന്നതിന്റെ ഏറ്റവും ആദ്യവും ഓർമകളിൽ ഒരാളുടെ മുഖം വസന്തം തീർക്കുന്നതിന്റെ പിന്നിലെ മായാജാലമാണ് ഫാത്തിമ തേടിയത്.

ഓർക്കുമ്പോൾ പോലും ഹൃദയം നിറഞ്ഞു കവിഞ്ഞൊരു ചിരി ചുണ്ടിലേക്കെത്തുന്നുണ്ട്.

അതിരാവിലെ എഴുന്നേറ്റ് പ്രാർത്ഥനകളുമായി നിസ്കാരപായയിലാണ് അവൾ.
ഉറക്കമൊട്ടുമില്ലാത്ത രാത്രിയുടെ ആലസ്യങ്ങളൊന്നും തന്നെയില്ല.

ഒന്നുറങ്ങി കിട്ടാൻ ഇന്നലെ കൂട്ട് പിടിക്കാത്ത സൂത്രങ്ങളെന്തെല്ലാമായിരുന്നു?

അടച്ചുറപ്പുള്ള ഒരു മുറിയിൽ.. എല്ലാം മറന്നിട്ടൊന്നുറങ്ങുകയെന്നത് എവിടെ എത്തിയത് മുതലുള്ള വലിയൊരു മോഹമായിരുന്നു.

എന്നിട്ടുമെന്തെ ഇന്നലെ ഒരുപാട് ശ്രമിച്ചിട്ടും… ഉറക്ക് മന്ത്രങ്ങളൊരോന്നും ഇടതടവില്ലാതെ ഉരുവിട്ട് കാത്ത് കിടന്നിട്ടും ഉറക്കം മാത്രം പിണങ്ങിയത് പോലെ മാറി നിന്നത്?

ഉള്ളിലൊരാളുടെ ഓർമകൾ അത്രമാത്രം ശ്വാസം മുട്ടിച്ചത്?

ഒന്നോ രണ്ടോ രാത്രികൾ കൊണ്ടല്ല.. ഏതോ ജന്മാന്തര ബന്ധമെന്നത് പോലെ അവനങ്ങനെ ഹൃദയം മുഴുവനും നിറഞ്ഞാടിയത്.?

ഒരു രാത്രിക്ക് ഇത്രയും ദീർഘമുണ്ടായിരുന്നുവെന്ന് തോന്നിയതും ഇന്നലെ ആദ്യമായിട്ടാണ്!

കാലുകൾ പിന്നിലേക്ക് മടക്കി കൈകൾ കൊണ്ട് താടിയിൽ താങ്ങി അവളിരുന്ന് ഓർത്തതത്രയും അവനെ കുറിച്ച് മാത്രമായിരുന്നു.

കിടക്കയിൽ മടക്കി വെച്ച അവൻ സമ്മാനിച്ച ഡ്രസ്സ്‌..

അതിനരികിൽ തന്നെ വലിയൊരു ഷോപ്പർ കൂടിയുണ്ട്.
ഇന്നലെ വൈകുന്നേരം ഷാഹിദ് തന്ന് വിട്ടതാണെന്നും പറഞ്ഞിട്ട് ആരോ കൊണ്ട് വെച്ചതാണ്.

ഡ്രസ്സ്‌ തന്നെയാണ്.

ആവിശ്യത്തിലധികമുണ്ടെന്ന് തോന്നി അതിനുള്ളിൽ.

ഡ്രസ്സ്‌ മാത്രമല്ല. ഇവിടെല്ലാവരും ഇപ്പൊ തന്നോട് കാണിക്കുന്നതെല്ലാം ആവിശ്യത്തിലും അധികമുള്ളത് തന്നെയാണ്.

ആ ഓർമയിൽ അവളുടെ മുഖതൊരു പുച്ഛം നിറഞ്ഞു.

സ്നേഹിക്കട്ടെ . സ്നേഹിച്ചങ്ങു കൊല്ലട്ടെ.
എവിടെ വരെയും പോകുമെന്ന് നോക്കാമല്ലോ.

അഴിഞ്ഞാടി നടക്കുന്ന ഹാജറയുടെ മകൾ ഫാത്തിമയെ മാത്രമേ ഇവർക്കറിയൂ..

പ്രോലോഭനങ്ങളിൽ മൂക്ക് കുത്തി വീണു പോകുന്ന ഹാജറയുടെ അതേ മനോഭാവമായിരിക്കും ഇവർ ഫാത്തിമയിലും പ്രതീക്ഷിക്കുന്നത്.

വീണ്ടും അവൾ ചിരിച്ചു.താൻ ഒറ്റക്കാണ്… എത്ര ദൂരം പോകാനാണ് എന്നതാവും അവരുടെ ആശ്വാസം മുഴുവനും. പക്ഷേ.. താൻ ഒറ്റക്കാണ്.. എത്ര ദൂരം വേണമെങ്കിലും പോകുമെന്ന് അവരറിയുന്നില്ല.

തകർക്കാൻ ശ്രമിച്ചവർക്ക് മുന്നിൽ ആകാശത്തോളം വളർന്നു വലുതാവാൻ മാത്രം മനക്കരുത്തുള്ള സലാമിന്റെ മകളാണ് ഫാത്തിമയെന്ന് അവർ അറിയുന്ന ഒരു അവസരം വരും.

അന്നറിയിച്ചു കൊടുക്കണം… അറക്കൽ ബാംഗ്ലാവിൽ വെറുമൊരു ആശ്രിത മാത്രമല്ല ഫാത്തിമയെന്നത്.

അത് വരെയും പിടിച്ചു നിൽക്കാൻ വീര്യം പകർന്നു കൊടുത്ത അവളുടെ പ്രിയപ്പെട്ട ദൈവം വീണ്ടും ഉള്ളിലിരുന്നു കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു.

വീണ്ടും അവളുടെ ചിന്തകളിൽ അവന്റെ ഓർമകൾ നിറഞ്ഞു.

ഒരിക്കൽ കൂടി കണ്ടെങ്കിലെന്നു വെറുതെ മോഹിച്ചു.

അവൻ തന്നെ ഇന്നലെ പ്രതീക്ഷിച്ചിരുന്നിട്ടുണ്ടാവുമോ എന്നായോർമ അവളെ വീണ്ടും കുളിരണിയിച്ചു.

അറിയാതെ തന്നെ കൈകൾ മുകളിലെക്കുയർത്തി പ്രാർത്ഥന നടത്തിയത് അന്നവന് വേണ്ടി മാത്രമായിരുന്നു.

❣️❣️❣️

“സോറി മോളെ…”

നന്നേ നേർത്തു പോയിരുന്നു ക്രിസ്റ്റിയുടെ സ്വരം അത് പറയുന്നു.

“എന്തിനാ ഇച്ഛാ.. എന്നോട് സോറി പറയുന്നേ? ”

മീരയുടെ സ്വരത്തിലും വല്ലാത്തൊരു നോവായിരുന്ന്.

“ഇച്ഛനിന്നലെ ഒട്ടും പറ്റാഞ്ഞിട്ടല്ലേ വരാതിരുന്നത്. മോളെ വന്നു കാണാൻ ആഗ്രഹമുണ്ടായിരുന്നു. പിന്നെ… പിന്നെ ഇന്നലെ രാത്രി എത്തിയപ്പോൾ തന്നെ ഒരുപാട് വൈകി. അതാണ് പിന്നെ നിന്നെ വിളിക്കാഞ്ഞതും ”

ക്ഷമാപണം പോലെ ക്രിസ്റ്റി വീണ്ടും പറഞ്ഞു.

ചുവന്നു കലങ്ങിയ അവന്റെ കണ്ണുകളിൽ വല്ലാത്തൊരു മന്ദതയുണ്ടായിരുന്നു.

“ഇച്ഛനെന്തേ.. വയ്യേ..? ഒച്ചയൊക്ക അടഞ്ഞിട്ടുണ്ടല്ലോ?”

മീരാ ആകുലതയോടെ ചോദിച്ചു.

“ഒന്നുല്ലടാ.. ഇന്നലെ.. ഇന്നലെ ഉറങ്ങാൻ ഇച്ചിരി ലേറ്റായി. അതിന്റെയൊരു.. അതാവും..”
ക്രിസ്റ്റി പെട്ടന്ന് തന്നെ പറഞ്ഞു.

“സാധനങ്ങൾ എല്ലാം ഉണ്ടല്ലോ ല്ലേ?”

ക്രിസ്റ്റി ചോദിച്ചു.

“എല്ലാം ഉണ്ട്. ഞാൻ പറഞ്ഞതിലും ഒത്തിരി അധികമാണ്. ഇത്രയൊന്നും വേണ്ടായിരുന്നു ഇച്ഛാ. ഒരുപാട്… ഒരുപാട് കാശ് ആയിട്ടുണ്ടാകും എന്ന് പറഞ്ഞിട്ട് അമ്മയെന്നെ കുറേ വഴക്ക് പറഞ്ഞു. ”

മീര അടക്കി പിടിച്ച ശബ്ദത്തിലാണ് പറയുന്നത്.

“അത് സാരമില്ലടാ. അമ്മ അമ്മയുടെ സങ്കടം കൊണ്ട് പറയുന്നതാ. ഇച്ഛാന്റെ മോള് അതൊന്നും നോക്കണ്ട. പോയി എൻജോയ് ചെയ്തു വാ. ലൈഫിൽ നമ്മൾക്കേറ്റവും മിസ് ചെയ്യുന്നൊരു യാത്രയാണ് നിനക്ക് മുന്നിലിപ്പോഴുള്ളത്. എത്രയൊക്കെ ഉയരങ്ങളിൽ നീ എത്തിയാലും.. ആരൊക്കെ നിന്റെ കൂടെ ഉണ്ടെങ്കിലും… എത്ര കാശ് മുടക്കി.. ലോകത്തിലെ ഏറ്റവും ഇമ്പോർടന്റ്റ്‌ സ്ഥലങ്ങളിൽ നീ സന്ദർശനം നടത്തിയാലും.. ഇപ്പോഴുള്ള ഈ വൈബുണ്ടല്ലോ അതുണ്ടാവില്ല. കൂട്ടുകാർക്കൊപ്പമുള്ള ചെറിയൊരു യാത്ര പോലും വല്ലാത്ത ലഹരിയാണ് മോളെ.. കാലമെത്രകഴിഞ്ഞാലും നമ്മളെ… വീണ്ടും വീണ്ടും കൊതിപ്പിക്കാൻ പ്രാപ്‌തിയുള്ള അത്രേം ലഹരി ”

കുഞ്ഞൊരു ചിരിയോടെ ക്രിസ്റ്റി പറഞ്ഞതെല്ലാം മീരാ മൂളി കേട്ടു.

“അത് കൊണ്ട്… ഇന്നത്തെ നിന്റെ ഈ ദിവസം നിന്നെ വേദനിപ്പിക്കാൻ സാധ്യതയുള്ള സകലതും മറന്ന് കളഞ്ഞേക്കുക. മനസ്സിൽ യാത്രയുടെ ഗന്ധം മാത്രം നിറയ്ക്കുക. മനസ്സിലായോ?”

ക്രിസ്റ്റി ചോദിച്ചു.

“അത് ഞാൻ ഏറ്റു ഇച്ഛാ. വരുമ്പോൾ ഞാനെന്താ ഇച്ഛാക്ക് കൊണ്ട് വരേണ്ടത്?”

“എനിക്കോ?”

ക്രിസ്റ്റി ചിരിയോടെ ചോദിച്ചു.

“ആഹ്.. ഇച്ഛാ കൊടുത്തു വിട്ട കാശ് കയ്യിലിരിപ്പല്ലേ. അതിനി തിരികെ കൊണ്ട് വന്നു തന്നാലും ഞാൻ തന്നെ വഴക്ക് കേൾക്കണ്ടേ. അമ്മയോട് ഞാൻ പറഞ്ഞിട്ടില്ല കേട്ടോ കാശ് തന്ന കാര്യം. അതറിഞ്ഞാൽ പിന്നെ അതിനുള്ളത് ഇപ്പൊ തുടങ്ങും. പോകും വരെയും ഞാൻ ചീത്ത കേൾക്കേണ്ടിയും വരും ”

സ്വകാര്യം പോലെ മീരാ പറഞ്ഞത് കേട്ടതും ക്രിസ്റ്റിയുടെ നെറ്റി ചുളിഞ്ഞു.

“കാശോ…?”

അവൻ ഒന്നും മനസ്സിലാക്കാതെ അവളോട് ചോദിച്ചു.

“ആഹ്. ഇന്നലെ ആ മരപ്പട്ടിയുടെ കയ്യിൽ കൊടുത്തു വിട്ടില്ലേ. വല്ലതും വാങ്ങിക്കാൻ പറഞ്ഞിട്ട്. അത് തന്നെ ”

മീരാ വ്യക്തമാക്കി കൊടുത്തതും ആ കാശ് ഫൈസി തന്റെ പേരിൽ കൊടുത്തു കാണുമെന്നു അവന് തോന്നി.

“പറ ഇച്ഛാ എന്താ വേണ്ടത്?”
മീരാ വീണ്ടും ആവിശ്യപ്പെട്ടു.

“എനിക്കൊന്നും വേണ്ട മോളെ.. അത് നിനക്ക് വല്ലതും വാങ്ങിക്കാനുള്ളതല്ലേ?”

ക്രിസ്റ്റി പറഞ്ഞു.

“എന്നാലും എന്തേലും പറ ഇച്ഛാ.. എനിക്കിത് പോലെ വാങ്ങിച്ചു കൊടുക്കാൻ വേറെയാരണുള്ളത് ?”

അതിലവൻ വീണു പോയിരുന്നു.

പിന്നെയും കുറച്ചു നേരം കൂടി അവളോട് സംസാരിച്ചതിന് ശേഷമാണ് അവൻ ആ കോൾ കട്ട് ചെയ്തത്.

ഫോൺ പോക്കറ്റിലേക്കിട്ട് വീണ്ടും അവനാ തെളിഞ്ഞ വെള്ളത്തിലേക്ക് നോക്കിയിരുന്നു.

മൂടി കെട്ടിയ മനസ്സിന് അൽപ്പം പോലും അയവ് വന്നിട്ടുണ്ടായിരുന്നില്ല.

തലേന്ന് രാത്രി ഫൈസി കുറേ ആശ്വാസവാക്കുകൾ പകർന്നു കൊടുത്തിട്ടാണ് ഫോൺ കട്ട് ചെയ്തു പോയത്.

അവനോടെല്ലാം മൂളി കേട്ടുവെന്നാലും.. ഉള്ളിലെ നോവ് ഒരു തരി പോലും കുറഞ്ഞില്ല.

അവൻ പറഞ്ഞത് പോലെ… അവൾക്കൊരു പ്രശ്നമുണ്ടായിരുന്നു. ചെറുത്തു നിൽക്കാൻ താൻ ധൈര്യം കൊടുത്തത് കൊണ്ടായിരിക്കും.. അവൾക്കത് തരണം ചെയ്യാൻ കഴിഞ്ഞു കാണും.

പ്രശ്നങ്ങൾ അവസാനിച്ചത് കൊണ്ട് തന്നെ അവൾക്കിനി തന്റെ സഹായം ആവിശ്യമില്ലായിരിക്കും. അതോർത്തു സന്തോഷമല്ലേ തോന്നേണ്ടത്?

ഇന്നലെ മുതൽ ഈ ചോദ്യം സ്വയമെത്ര പ്രാവശ്യം ചോദിച്ചുവെന്ന് അവന് തന്നെയറിയില്ല.

സന്തോഷം തന്നെയാണ്.

പാതിരാത്രി സ്വന്തം മാനം രക്ഷിക്കാൻ അവൾക്കിനി ഇരുട്ടിലേക്ക് ഇറങ്ങിയോടേണ്ടി വരില്ലല്ലോ എന്നായോർമ തീർച്ചയായും തന്റെ സന്തോഷമാണ്.

ഇനിയൊരിക്കലും കാണാൻ കഴിയില്ലേ എന്നുള്ളതാണ് നോവിക്കുന്നത്.

ഒരു സ്വപ്നം പോലെ അവൾ തന്നെ മറന്നു കളയുമോ എന്നതാണ് ശ്വാസം മുട്ടിക്കുന്നത്.

ഷാഹിദിന് വേണ്ടിയാണ് അവൾ അറക്കലെത്തിയതെന്നുള്ള അറിവാണ് പൊള്ളിക്കുന്നത്..

ക്രിസ്റ്റീയൊരു നിശ്വാസത്തോടെ തോട്ടിലെ തണുത്ത വെള്ളത്തിലേക്ക് കാലുകളിറക്കി വെച്ചു.

തൊട്ടരികിലെ മരത്തിലേക്ക് ചാരിയിരിക്കുമ്പോൾ അവനേറെ ക്ഷീണിച്ചത് പോലായിരുന്നു.

ഒന്നിനും… ഒന്നിനും തോന്നാതെ ഏറെ നേരം അവനതേയിരുപ്പ് തുടർന്നു.

❣️❣️❣️

“ഇന്നലെയവൻ അത്രേം ഷൈൻ ചെയ്തിട്ടും നീ എന്തേ ദിലു ഒന്നും മിണ്ടാതെ നിന്നത്.റോയിച്ചൻ വിളിച്ചു പറഞ്ഞപ്പോ എനിക്ക് നല്ല ദേഷ്യം വന്നു ”

കിടക്കുകയായിരുന്ന ദിൽനയെ നോക്കി റിഷിൻ കത്തി കയറുവാണ്.പാതിരാത്രി എപ്പഴോ വന്നു കയറിയനോട്.. അവിടെയാരും ഒന്നും പറഞ്ഞില്ലെങ്കിലും ക്രിസ്റ്റീയോടുള്ള ദേഷ്യവും പകയും സഹിക്കാൻ വയ്യാഞ്ഞിട്ട് റോയ്സ് തന്നെയാണ് കാര്യങ്ങൾ അവന് അനുകൂലമാക്കി വിളിച്ചു പറഞ്ഞത്.

ഏറെ നേരം ആ പ്രസംഗം നീണ്ടു പോയെങ്കിലും.. “നീയെന്തേ കിടക്കുന്നത്.. നിനക്ക് വയ്യേ “എന്ന് മാത്രം അവൻ ദിൽനയോട് ചോദിച്ചതുമില്ല.

ദിൽനയുടെ മറുപടി പ്രതീക്ഷിച്ച് നിന്നവനെ നിരാശപ്പെടുത്തി കൊണ്ട് അന്നവൾ ക്രിസ്റ്റിക്കെതിരെ ഒന്നും പറഞ്ഞില്ല.

അല്ലെങ്കിൽ.. അവനെതിരെ ചെറിയൊരു കനൽ തരി കിട്ടിയാലും അത് ഊതി പാറ്റി വലിയൊരു തീ പിടുത്തമാക്കി മാറ്റാൻ അങ്ങേയറ്റം ആത്മാർത്ഥതയോടെ ഉത്സാഹിക്കുന്നവളിലെ മാറ്റം വ്യക്തമായി അറിഞ്ഞിട്ടും.. അതെന്തേ എന്ന് ചോദിക്കാൻ മാത്രം അടുപ്പമില്ലാത്ത സഹോദരനായിരുന്നു അവനും.

കയ്യിലുള്ള ഫോണിലേക്കൊരു കോൾ വന്നതും ദിൽനയെ ഒന്നുക്കൂടി നോക്കിയിട്ട് അവനിറങ്ങി പോയി.

അന്നാ വീട്ടിലെ മിക്കവരെയും പോലെ ഉറക്കമില്ലാത്ത രാത്രിയിൽ പുലർച്ചെ എപ്പഴോ ഒന്ന് മയങ്ങി പോയതാണ് അവളും.

ഭയപ്പെടുത്തുന്ന സ്വപ്നവുമായി ഞെട്ടി ഉണർന്നത് മുതൽ പിന്നെ കണ്ണടക്കാൻ കൂടി കഴിഞ്ഞില്ല.

ചെറിയൊരു പനികോള് ഉള്ളത് പോലെ തോന്നിയത് കൊണ്ട് അവളൊന്നുക്കൂടി പുതപ്പിനുള്ളിലേക്ക് ചുരുങ്ങി കൂടി.

❣️❣️❣️

“നീയത് ഇനിയും വിട്ടില്ലെടാ ചെക്കാ? ”

മൂടി കെട്ടിയ ക്രിസ്റ്റിയുടെ മുഖം കണ്ടതും മറിയാമ്മച്ചി ചോദിച്ചു.
അവനൊന്നും മിണ്ടാതെയൊന്ന് ചിരിച്ചു.

“സാരമില്ലടാ ..നീ തെറ്റൊന്നും ചെയ്തിട്ടില്ല.അവർക്ക് ഓർമയില്ലേലും നിനക്കറിയാവല്ലോ അവള് നിന്റെ കൂടപ്പിറപ്പാണെന്ന്? നീ ചെയ്തത് ഏതൊരു കൂടപ്പിറപ്പും ചെയ്യുന്നത് തന്നെയാണ്. ആ ചെകുത്താൻ പറഞ്ഞതിനുള്ളത് നീ അപ്പോൾ തന്നെ കൊടുത്തല്ലോ. അതെനിക്ക് ഒത്തിരി ഇഷ്ടമായി. അവന്റെയാ തിരുമോന്ത നോക്കിയൊന്ന് കൊടുക്കാൻ എന്റെ കൈ തരിച്ചതാ ”

മറിയാമ്മച്ചിയുടെ രോഷം കണ്ടതും ക്രിസ്റ്റിക്ക് ചിരി വന്നു.

“പിന്നെന്തേയത് ചെയ്യാഞ്ഞത്?”

ടേബിളിൽ കൈ കുത്തി വെച്ചിട്ട് അവൻ ചിരിയോടെ ചോദിച്ചു.

“അവനെ തൊട്ടാ എന്റെ കൈ നാറും. വെറുതെ എന്നാത്തിനാ..”

മറിയാമ്മച്ചി ചുണ്ട് കോട്ടി.

ഉവ്വാ ”

അവൻ തലയാട്ടി കൊണ്ട് പറഞ്ഞു.

“അല്ലാതെ ആ നാറിയെ പേടിച്ചിട്ടാണെന്ന് കരുതിയോ നീ?”നടുവിന് കൈ കുത്തി നിന്ന്
ക്രിസ്റ്റിയെ നോക്കി മറിയാമ്മച്ചി കണ്ണുരുട്ടി.

“ഏയ്‌.. ഞാനങ്ങനെയൊന്നും കരുതിയില്ല ”

“മ്മ്മ്..”
അവരൊന്നു അമർത്തി മൂളി കൊണ്ട്.. അവന്റെ മുന്നിലേക്ക് ഭക്ഷണം നീക്കി കൊടുത്തു.

“പ്രായമായ പൊങ്കൊച്ച് മൂവന്തി നേരത്ത് ആണെരുത്തന്റെ കൂടെ കയറി വരുമ്പോൾ അന്തസ്സുള്ള ഒരു തന്ത ചെയ്യുന്നതാണോ അവൻ ചെയ്തതും പറഞ്ഞതും?അതിനെ ചോദ്യം ചെയ്യണ്ട് എന്റെ ചെക്കന്റെ നെഞ്ചത്തോട്ട് കയറാൻ നിക്കുവാ.. ചെറ്റ.”

മറിയാമ്മച്ചിക്ക് ദേഷ്യം തീരുന്നില്ല.

ക്രിസ്റ്റി ഒന്നും മിണ്ടാതെയിരുന്നു കഴിച്ചു.

“കൈ നീർത്തി അവനെയായിരുന്നു നാല് പൊട്ടിക്കേണ്ടത്. അവനൊരു തന്തയാന്നോ? ഏതു കൊമ്പത്തെ കുടുംബക്കാരനാണെങ്കിൽ പോലും പെൺകുട്ടികളെ കൂടെ പറഞ്ഞു വിടാൻ പറ്റിയ കാലമാണോ ഇത്? അത് വല്ലതും അവനറിയണോ.? വൃത്തികെട്ടവൻ. എന്നിട്ടവൻ ചോദ്യം ചെയ്യാൻ വന്നേക്കുന്നു.”

കലിപ്പ് തീരാതെ മറിയാമ്മച്ചി വിളിച്ചു പറയുന്നതെല്ലാം കേട്ട് കൊണ്ടാണ് ക്രിസ്റ്റിയിരുന്നു കഴിച്ചു തീർത്തത്.

“ദിലുവിനെയിന്ന് ഇവിടെങ്ങാനും കണ്ടായിരുന്നോ മറിയാമ്മച്ചി?”
കഴിച്ചു കഴിഞ്ഞു കൈ കഴുകി തിരിയുന്നതിനിടെ ക്രിസ്റ്റി ചോദിച്ചു.

കൂർത്തൊരു നോട്ടമാണ് അവനാദ്യം ഉത്തരമായി കിട്ടിയത്.

“ഞാനെങ്ങും കണ്ടില്ല.. നിന്റെ കുലുവിനെ. അവളെ മാത്രവല്ല. നിന്റമ്മയും ഇന്നിവിടെങ്ങും വന്നിട്ടില്ല ”

തിരിഞ്ഞു നിന്നിട്ട് മറിയാമ്മച്ചി പറഞ്ഞതും മുന്നോട്ടു നടന്ന ക്രിസ്റ്റിയുടെ കാലുകൾ പെട്ടന്ന് നിശ്ചലമായി…

തുടരും.