25/05/2026

നിനക്കായ് : ഭാഗം 40

രചന – കണ്ണന്റെ മാത്രം

അവന്റെ ചോദ്യവും നെഞ്ചിൽ കൈകെട്ടിയിട്ട് അവളുടെ മുഖത്തേക്ക് നോക്കിയിപ്പുള്ള ആ നിൽപ്പും അവളെ പരിഭ്രമത്തിൽ ആക്കി. എന്തോ അവൾക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ കഴിയുന്നുണ്ടായില്ല.

പറയടോ തന്നോട് ഞാൻ പറഞ്ഞോ അങ്ങനെ….

അല്ല അങ്ങനെ അല്ല… അവൾ പരിഭ്രമത്തോടെ എന്തൊക്കെയോ പറയാൻ ശ്രമിച്ചെങ്കിലും അവൾക്ക് ഒന്നും പറയാൻ കഴിയുന്നുണ്ടായില്ല.

താൻ ചെവിയും മനസ്സും തുറന്ന് ഒരു കാര്യം കേട്ടോ. എനിക്ക് എന്റെ കുഞ്ഞിന് ഒരു അമ്മയെ മാത്രം പോര ഒരു ഭാര്യയെയും വേണം. അറിയാം നമുക്ക് രണ്ടാൾക്കും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു ഭൂതകാലം ഉണ്ട്. താൻ അതിൽ നിന്നും മുഴുവൻ റിക്കവർ ആയിട്ടില്ല എന്നും അറിയാം. അതുകൊണ്ട് തന്നെ ഒരു ഭാര്യ ഭർതൃ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ നമുക്ക് രണ്ടാൾക്കും സമയം വേണം. അതുവരെ നമുക്ക് നല്ല സുഹൃത്തുക്കൾ ആവാം. അല്ലാതെ ജാനിമോളുടെ അമ്മ മാത്രം ആയിട്ടല്ല തന്നെ ഞാൻ കെട്ടുന്നത്.. മനസിലായോ..

അവൾ ആയി എന്ന രീതിയിൽ തലയാട്ടി കാട്ടി..

എന്നാൽ നമുക്ക് അങ്ങോട്ട് പോയാലോ..

അതിനും അവൾ തലയാട്ടി കാട്ടി..

അപ്പോ അവൻ അവളെ ഒന്ന് സൂക്ഷിച്ച് നോക്കി എന്നിട്ട് പറഞ്ഞു. അതേ ഈ ദൈവം നമുക്ക് നാവ് തന്നിട്ടുള്ളത് എന്തിനാണ് എന്ന് അറിയോ…

അവൾ ഒന്നും മനസിലാകാതെ അവനെ നോക്കി.

സംസാരിക്കാൻ ആണ് നമുക്ക് നാവ്. അല്ലാതെ ആംഗ്യ ഭാഷ കാട്ടാൻ ആണെങ്കിൽ അങ്ങനൊരു സാധനത്തിന്റെ ആവശ്യം ഇല്ലല്ലോ. അതുകൊണ്ട് നമുക്ക് ഇടയിൽ ഈ ആംഗ്യഭാഷ വേണ്ട.. കേട്ടല്ലോ

അതിനും അവൾ തലയാട്ടിയതും അവന്റെ ഒന്ന് കൂർപ്പിച്ചു നോക്കി അവളെ. അതോടെ അവൾ പേടിയോടെ പതുക്കെ പറഞ്ഞു..
കേട്ടു…

മ്മ്… എങ്കിൽ പോകാം.. അതു പറഞ്ഞിട്ടും അവിടെ തന്നെ പമ്മി നിൽക്കുന്നവളെ അവൻ ഒന്ന് നോക്കി എന്നിട്ട് ചോദിച്ചു..

തനിക്ക് എന്നോട് എന്തേലും ചോദിക്കാൻ ഉണ്ടോ..

അതു പിന്നെ ജാനി മോളെ അന്വേഷിച്ച് പിന്നെ അത് …  എന്ത് പറയും എന്നറിയാതെ അവൾ ഒന്ന് നിന്നു. അവളുടെ ഉള്ളിലുള്ള ഭയം എന്താണെന്ന് അവന് മനസിലാകുന്നുണ്ടായിരുന്നു.

അവൾക്ക് ഈ ജന്മത്തിൽ ഒരു അമ്മയും അപ്പയുമേ ഉണ്ടാകൂ അത് താനും ഞാനും ആയിരിക്കും. ഇനി വേറെ ആരേലും അവകാശം പറഞ്ഞ് വന്നാലും വന്നപോലെ തിരിച്ചുപോകും. എന്താ ആ ഒരു ഉറപ്പ് പോരെ തനിക്ക്..

മതി.. ആദ്യം തലയാട്ടാൻ പോയി പിന്നെ പെട്ടന്ന് തന്നെ മതി എന്ന് പറഞ്ഞു അവൾ.

ഡേവിക്ക് അവളുടെ കാട്ടിക്കൂട്ടലുകൾ കണ്ടിട്ട് ചിരി വരുന്നുണ്ടായിരുന്നു. എങ്കിൽ പോകാം.. അതുംപറഞ്ഞു അവൻ ഉള്ളിലേക്ക് നടന്നു പിന്നാലെ ആയി അവളും..

അവർ ഉള്ളിലേക്ക് ചെന്നതും കൊട്ടാരത്തിൽക്കാർ മുഴുവൻ പോകാനായി എഴുന്നേറ്റു.

എന്നാൽ പിന്നെ മന്ത്രക്കോടി എടുക്കാനും മിന്നുമാല എടുക്കാനും ഒക്കെ ചൊവ്വാഴ്ച പോകാം അല്ലേ. എല്ലാവർക്കും സൗകര്യം അല്ലേ അന്ന്.. റീനാമ്മ ചോദിച്ചു..

അതിന് ജെനിയുടെ വീട്ടുകാരും സമ്മതം പറഞ്ഞു.

ഇറങ്ങാൻ നേരം വല്യമ്മച്ചി ജെനിയുടെ കൈയിൽ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു..
കൊച്ചേ നിന്നെ ആദ്യം കണ്ടപ്പോൾ വല്യമ്മച്ചി ആഗ്രഹിച്ചതാണ് നിന്നെപ്പോലെ ഒരു കൊച്ചിനെ ഡേവിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന്. നിന്നെ തന്നെ തന്ന് എന്റെ ആ ആഗ്രഹം ദൈവം പൂർത്തീകരിക്കും എന്ന് കർത്താവാണേ വല്യമ്മച്ചി കരുതിയില്ല. കൊച്ച് ഒന്നുകൊണ്ടും പേടിക്കേണ്ട നിന്നെ ഞങ്ങൾ തറവാട്ടിലേക്ക് കൊണ്ട് പോകുന്നത് മരുമകൾ ആയിട്ടല്ല ദേ ഇവരെ ഒക്കെ പോലെ മകൾ ആയിട്ടാണ്. വല്യമ്മച്ചി അവിടെ നിൽക്കുന്ന അന്നയെയും ദിയയെയും ഒക്കെ കാണിച്ചുകൊണ്ട് പറഞ്ഞു. പിന്നെ എന്റെ കൊച്ചനും പാവം ആണ്.. അപ്പൊ ഞങ്ങൾ ഇറങ്ങട്ടെ…

ജെനി അവർ പറഞ്ഞതിന് ഒക്കെ ചിരിയോടെ തലയാട്ടി അപ്പോഴാണ് അവൾ ഡേവി പറഞ്ഞത് ആലോചിച്ചത്. അവൾ വേഗം ഡേവിയെ നോക്കി. അവൻ ഒരു കൈകൊണ്ട് മീശപിരിച്ച് അവളെ കണ്ണുരുട്ടിക്കാട്ടി…
അവൾ വേഗം അവനിൽ നിന്ന് നോട്ടം മാറ്റികൊണ്ട് വല്യമ്മച്ചിയോട്  ശരി വല്യമ്മച്ചി എന്ന് പറഞ്ഞു.. അത്ര പാവം ഒന്നും അല്ല വല്യമ്മച്ചിയുടെ കൊച്ചൻ.. അവൾ മനസിലായി ആലോചിച്ചു. അവളുടെ ഉള്ളിലൂടെ പോകുന്ന ചിന്ത മനസിലായ പോലെ ഡേവിയുടെ മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞു.

എല്ലാവരും ഇറങ്ങാൻ തുടങ്ങിയതും അതുവരെ അലന്റെ കൈയിൽ ഇരുന്ന ജാനിമോള് ജെനിയുടെ അടുത്തേക്ക് ചാടി കരച്ചിൽ തുടങ്ങി അവൾക്ക് പോകേണ്ട എന്നും പറഞ്ഞ്. പിന്നെ എല്ലാവരും നമുക്ക് ഇനി വരുമ്പോ അമ്മയെ കൊണ്ട് വരാം എന്നൊക്കെ പറഞ്ഞ് സമാധാനിപ്പിച്ചിട്ടാണ് അവളെ കൊണ്ട് വണ്ടിയിൽ കയറിയത്. അങ്ങനെ തറവാട്ടിൽ നിന്ന് വന്നവർ മുഴുവൻ തിരികെപ്പോയി.
ജോസഫും എല്ലാവരോടും യാത്ര പറഞ്ഞു ജെനിയുടെ അടുത്തേക്ക് പോയി.

പപ്പ പോയിട്ട് വരാം മോളെ.. അയാൾ ജെനിയോട് പറഞ്ഞു.

കുറച്ച് കഴിഞ്ഞ് പോയാൽ പോരെ പപ്പേ..

ഇന്ന് ഫിനാൻസിൽ കുറച്ച് തിരക്കുണ്ട് മോളെ അതുകൊണ്ടാണ്. പപ്പ പിന്നെ വരാം..

ശരി പപ്പേ…

അയാൾ ഇറങ്ങാൻ നേരം മാത്യു അയാളുടെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു..
ജോസഫെ..  മോളുടെ കാര്യം അവളുടെ പപ്പയോട് പറയണ്ട എന്നറിയാം എന്നാലും പറയാണ് എല്ലാ കാര്യത്തിനും മുന്നിൽ വേണം. എന്റെ ഒപ്പം തന്നെ ഒരു സ്ഥാനം തനിക്ക് അവൾ തന്നിട്ടുണ്ട്. അതുകൊണ്ട് താൻ മുന്നിൽ ഇല്ലെങ്കിൽ അവൾക്ക് സന്തോഷിക്കാൻ കഴിയില്ല..

അറിയാം മാത്യുസേ.. അവളുടെ ഒരു കാര്യത്തിനും ഞാൻ പിന്നിലേക്ക് നിൽക്കില്ല.. എന്നാൽ ഞാൻ വരട്ടെ.. അയാൾ തന്റെ നിറഞ്ഞ കണ്ണുകൾ മറക്കാൻ എന്നവണ്ണം വേഗം കാറിൽ കയറിപ്പോയി.

ഇത്രേം നല്ലൊരു മനുഷ്യന് അവനെപ്പോലെ ഒരു വിഷവിത്ത് എങ്ങനെ ഉണ്ടായെന്നാണ് മനസിലാകാത്തത്… ജോസഫ് പോകുന്നത് നോക്കി നിൽക്കുന്നതിന് ഇടയിൽ ഡെന്നി പറഞ്ഞു. എല്ലാവരും മൗനമായി അതിനോട് സമ്മതിച്ചു.

……………..

അമ്മച്ചി നല്ല സന്തോഷത്തിൽ ആണല്ലോ.. ജോൺ നിറഞ്ഞ ചിരിയോടെ ഇരിക്കുന്ന വല്യമ്മച്ചിയെ തിരിഞ്ഞു നോക്കികൊണ്ട് പറഞ്ഞു. വണ്ടി ഓടിക്കുന്നതിന് ഇടയിൽ ഡേവിയും അവരെ ഒന്ന് നോക്കി. അവരുടെ ഉള്ളിലെ സന്തോഷം അവരുടെ മുഖത്ത് കാണാമായിരുന്നു. അത്രേം തിളക്കമുണ്ടായിരുന്നു അവരുടെ മുഖത്തിന്‌..

പിന്നെ ഇല്ലാതെ. ഞാൻ എന്തോരം ആഗ്രഹിച്ച കാര്യം ആണ് നടക്കാൻ പോകുന്നത്. ജെനിയെ അല്ലെങ്കിലും ജെനിയെ പോലെ ഒരു കൊച്ചിനെ ഞാൻ അവളെ കണ്ട അന്ന് ആഗ്രഹിച്ചതാണ്. ആ കൊച്ചിനെ പോലത്തെ പെൺകുട്ടികൾ കെട്ടിക്കേറി ചെല്ലുന്ന വീട് സ്വർഗം ആയിരിക്കും. അതുപോലെ എല്ലാവരെയും ഇണക്കി കൊണ്ട് നടക്കാനും നല്ല കഴിവുണ്ട് ആ കൊച്ചിന്. കണ്ടില്ലേ നമ്മുടെ പിള്ളേര് പട മുഴുവൻ വല്യേട്ടത്തി എന്നും പറഞ്ഞ് സന്തോഷിക്കുന്നത്. കുടുംബം ശിഥിലമാകാതെ നോക്കും അവൾ… അതൊക്കെ പോരെ എനിക്ക് സന്തോഷിക്കാൻ അല്ലേ റീനേ..

അവർ പറഞ്ഞതിന് റീനാമ്മയും സമ്മതിച്ചുകൊണ്ട് അവരുടെ മടിയിൽ ഇരുന്ന് ഉറങ്ങുന്ന കുഞ്ഞിപ്പെണ്ണിനെ ഒന്നുകൂടി ചേർത്തുപിടിച്ചു. ഡേവിയുടെ കല്യാണം കഴിഞ്ഞ് അധികം വൈകാതെ തന്നെ ആൻസിയുടെ സ്വഭാവം മനസിലായിരുന്നു. അന്നുമുതൽ പൊകഞ്ഞുകൊണ്ടിരിക്കുന്ന ഉള്ളം ആണ് ഇന്ന് ഒരു മഴ പെയ്യത് തോർന്നപോലെ ശാന്തമായിരിക്കുന്നത്. ഇനി അങ്ങോട്ട് ഡേവിയുടെയും ജാനിമോളുടെയും ജീവിതം സ്വർഗം ആയിരിക്കും എന്ന് അവർക്ക് അറിയാമായിരുന്നു.

………….

എന്തൊരു നല്ല കൂട്ടരാണ് അല്ലേ ചേച്ചി. എന്തൊരു ഇഷ്ടം ആണ് അവർക്കൊക്കെ നമ്മുടെ ജെനിമോളോട്  ഡെന്നിയുടെ ഭാര്യ റീത്ത മേരിയോട് പറഞ്ഞു. അടുക്കള ഒതുക്കുകയായിരുന്നു എല്ലാവരും കൂടി. മറിയയും ഉണ്ടായിരുന്നു ആ കൂട്ടത്തിൽ.

അതേ റീത്തേ അതാലോചിക്കുമ്പോൾ ആണ് ഒരു സമാധാനം. പിന്നെ അന്നമോളും ഉണ്ടല്ലോ അവിടെ. ഇനിയെങ്കിലും എന്റെ കുഞ്ഞ് സന്തോഷത്തോടെ ജീവിച്ച് കണ്ടാൽ മതി. ഒരുപാട് വിഷമിച്ചുകൂട്ടി ഈ കുറച്ച് നാളിൽ എന്റെ മോള്.. മേരിയമ്മ നിറഞ്ഞ മിഴികളോടെ പറഞ്ഞു..

ഹാ.. വിഷമിക്കല്ലേ മേരി നീ. നമ്മുടെ കുഞ്ഞിന്റെ വിഷമക്കാലം ഒക്കെ കഴിഞ്ഞു. അതല്ലേ അവൾക്ക് ഇത്രേം നല്ലൊരു ബന്ധം വന്നത്. പണത്തിന്റെ കാര്യം  അല്ല അവരുടെ ആ പെരുമാറ്റം ആണ് ഞാൻ പറഞ്ഞത്. ഇത്രേം വലിയ കൂട്ടർ ആയിട്ടും എന്തൊരു എളിമയോടെ ഉള്ള പെരുമാറ്റം ആണ് അവരുടേത്.. ലിസമ്മ പറഞ്ഞു നിർത്തി..

ഓഹ്‌ എന്തായാലും എന്താ ഒരു കൊച്ചുള്ള ചെറുക്കൻ അല്ലേ. അതു മാത്രോ നമ്മുടെ ജെനിയും ആയി പത്തുവയസ്സിന് മോളിൽ വയസ്സ് വ്യത്യാസവും. എന്റെ ഒരു അഭിപ്രായത്തിൽ നമ്മുടെ ജെനിക്ക് ഇതിലും നല്ല ബന്ധം കിട്ടും. ഇതിപ്പോ ആകെ എടുത്തോപിടിച്ചോ എന്ന പോലെ ആയില്ലേ കാര്യങ്ങൾ… മറിയ ഉള്ളിൽ നിറഞ്ഞ കുശുമ്പോടെ പറഞ്ഞു.

ചുമ്മാതാ ചേച്ചി അവർക്ക് നല്ല കുശുമ്പ് മൂത്തിട്ടാ. ഞാൻ കണ്ടതാ അവരുടെ കാറും രൂപവും ഒക്കെ കണ്ടപ്പോൾ കണ്ണുതള്ളി നിൽക്കുന്ന കെട്ടിയവളെയും കെട്ടിയവനെയും.  ഇതിപ്പോ നമ്മുടെ ജെനിക്ക് ഇത്ര നല്ല ബന്ധം വന്നത് അവർക്ക് പിടിച്ചില്ല. അതുതന്നെ കാര്യം.. റീത്ത ബീനയോട് കുശുകുശുത്തു.

മിണ്ടാതെ ഇരിക്ക് പെണ്ണേ അവർ കേൾക്കണ്ട. അവർക്കുള്ള മറുപടി ബാക്കി ഉള്ളവർ കൊടുത്തോളും. നമ്മൾ ഒന്നും പറയണ്ട. എത്രയൊക്കെ ആയാലും മാത്യു ചേട്ടായിടെ പെങ്ങൾ ആണ്.. ബീന റീത്തയെ നോക്കി കണ്ണുരുട്ടികൊണ്ട് പറഞ്ഞു..
ഓഹ്‌.. റീത്ത ചുണ്ടുകോട്ടികൊണ്ട് തിരിഞ്ഞ് നിന്നു.. ഈ പെണ്ണ്.. ബീന റീത്തയുടെ പാട് കണ്ടപ്പോ അറിയാതെ തലയിൽ കൈവച്ചുപ്പോയി..

അതിനിപ്പോ എന്താ മറിയെ ജെനിയുടെയും ആദ്യത്തെ കെട്ട് ഒന്നും അല്ലല്ലോ. പിന്നെ വയസ്സ് വ്യത്യാസത്തിന്റെ കാര്യം ഞാനും നിന്റെ ചേട്ടായിയും തമ്മിൽ പന്ത്രണ്ട് വയസ്സിന്റെ വ്യത്യാസം ഉണ്ട്. എന്നിട്ട് ഞങ്ങൾക്ക് എന്തേലും കുഴപ്പം ഉണ്ടോ. അതുകൊണ്ട് നീ ഭരിച്ച കാര്യങ്ങൾ ഒന്നും ആലോചിക്കണ്ട.. ലിസമ്മ ഗൗരവത്തോടെ പറഞ്ഞു.

അതുകേട്ടതും മറിയക്ക് ദേഷ്യം വന്നു. അവർ ദേഷ്യത്തോടെ എല്ലാവരെയും ഒന്ന് നോക്കികൊണ്ട്‌ പുറത്തേക്ക് പോയി..

അതു അങ്ങനെ ഒന്ന്. നീ ഇതൊന്നും കാര്യമാക്കണ്ട പെണ്ണേ.. ലിസമ്മ മേരിയമ്മയുടെ തോളിൽ തട്ടികൊണ്ട് പറഞ്ഞു. അവർ ഒന്ന് ചിരിച്ചതേ ഉള്ളൂ.

…………….

ദിവസങ്ങൾ വേഗത്തിൽ കടന്നുപോയി. നാളെ ആണ് ജെനിയുടെയും ഡേവിയുടെയും മനസ്സമ്മതം.  എല്ലാവരും ഒരുപാട് സന്തോഷത്തിൽ ആയിരുന്നു. പ്രത്യേകിച്ച് ജോസഫ്. തന്റെ മകന്റെ ചതി കാരണം ജെനിയുടെ ജീവിതം നശിച്ചുപോകുമോ എന്ന അയാളുടെ പേടി ആണ് ഈ കല്യാണത്തോടെ അവസാനിക്കുന്നത്. ഡേവിഡിനെയും ആ വീട്ടുകാരെയും അയാൾക്ക് വിശ്വാസം ആണ്. അവർ അവളെ പൊന്നുപോലെ കൊണ്ട് നടക്കും. രാത്രി അത്താഴത്തിന് ഡൈനിങ് ടേബിളിൽ വന്നിരിക്കുന്ന ജോസഫിനെയും അയാളുടെ മുഖത്തെ നിറഞ്ഞ ചിരിയിലേക്കും എല്ലാവരും അത്ഭുധത്തോടെ നോക്കി. അലക്സ് വീട്ടിൽ വന്നതിന് ശേഷം അയാൾ അവരുടെ കൂടെ ഇരുന്നിട്ടുള്ള ഭക്ഷണം കഴിപ്പ് ഒക്കെ അവസാനിപ്പിച്ചിരുന്നു. ഇപ്പൊ ഇത്രേം ദിവസത്തിന് ശേഷം ആദ്യമായിട്ടാണ് അയാൾ എല്ലാവരുടെയും ഒപ്പം ഇരിക്കുന്നത്.

എന്താ മോനേ.. നീ ഭയങ്കര സന്തോഷത്തിൽ ആണെന്ന് തോന്നുന്നു.. വല്യമ്മച്ചി ചോദിച്ചു.

പിന്നെ ഒരുപാട് സന്തോഷത്തിൽ ആണ്.

എന്താടാ കാര്യം ഞങ്ങൾക്കും കൂടി സന്തോഷിക്കാൻ ഉള്ള കാര്യം ആണോ…

നിങ്ങൾക്ക് ഈ ന്യൂസ്‌ എന്തോരം സന്തോഷം തരും എന്ന് അറിയില്ല. എങ്കിലും ഞാൻ പറയാം. നാളെ എന്റെ മോളുടെ മനസമ്മതം ആണ്..

ജോസഫ് പറയുന്നത് കേട്ടതും എല്ലാവരും ഞെട്ടി.

മോളുടെ എന്ന് പറയുമ്പോൾ… വല്യപ്പച്ചൻ പ്രതീക്ഷയോടെ ചോദിച്ചു.

എനിക്ക് ഒരേഒരു മോളെ ഉള്ളൂ.  ജെനി. നാളെ അവളുടെ മനസമ്മതം ആണ്… ജോസഫ് സന്തോഷത്തോടെ പറഞ്ഞു നിർത്തി.

ഇതുകേട്ട എല്ലാവരും ഞെട്ടി ഇരുപ്പായിരുന്നു.

ജെനിയുടെ സമ്മതമോ.. ആനിയമ്മ മിഴിഞ്ഞ കണ്ണോടെ ആലോചിച്ചു.

അല്ല എവിടുന്നാ മോനെ ചെക്കൻ.. വല്യമ്മച്ചി ചോദിച്ചു.

നിങ്ങൾ ഒക്കെ അറിയും അമ്മച്ചി ചെക്കനെ. നമ്മുടെ അന്ന മോളുടെ ചെക്കന്റെ ചേട്ടൻ ആണ്. ഡേവിഡ്.. ജോസഫ് ചിരിയോടെ പറഞ്ഞു.

വല്യപ്പച്ചനെയും വല്യമ്മച്ചിയേയും ആ വാർത്ത സന്തോഷിപ്പിച്ചെങ്കിൽ ആനിയമ്മക്ക് അറിയുന്നുണ്ടായില്ല അവർക്ക് ഉള്ളിൽ എന്ത് ഫീലിങ്ങ് ആണ് വിരിയുന്നത് എന്ന്. സോഫിയെ ആണ് ഈ വാർത്ത ഏറ്റവും കൂടുതൽ ഞെട്ടിച്ചത്. ആ പെണ്ണിന് ഇത്രേം നല്ല ബന്ധമോ അവൾ അസൂയയോടെ ആലോചിച്ചു. പക്ഷേ അപ്പോഴും അവളുടെ ശ്രദ്ധ ഇതെല്ലാം കേട്ടിട്ടും വലിയ ഞെട്ടൽ ഒന്നും ഇല്ലാതെ നിർവികാരനായി ഇരിക്കുന്ന അലക്സിൽ ആയിരുന്നു. സോഫിയുടെ കണ്ണുകൾ ചുരുങ്ങി. അവൾ സംശയത്തോടെ അവനെ നോക്കി.
വല്യമ്മച്ചിയുടെ ശബ്ദം ആണ് അവളുടെ ശ്രദ്ധ അവനിൽ നിന്ന് മാറ്റിയത്.

നന്നായി.. അവളെപോലെ ഒരു കുട്ടി കെട്ടിക്കേറി ചെല്ലുന്ന ഇടം സ്വർഗം ആയിരിക്കും. കൊട്ടാരത്തിൽക്കാർ ഭാഗ്യം ചെയ്തവർ ആണ്… വല്യമ്മച്ചി നിറഞ്ഞ മനസ്സോടെ പറഞ്ഞു.

ആ പറഞ്ഞത് സോഫി ഒഴിച്ച് ബാക്കി എല്ലാവരും സമ്മതിക്കുന്ന കാര്യം ആണ് ആനിയമ്മ അടക്കം.. കാര്യം ആനിയമ്മ സ്വന്തം മകനെ  ന്യായീകരിക്കാൻ പലതും ജെനിയെ പറഞ്ഞെങ്കിലും ഉള്ളിൽ അവർക്ക് തന്നെ അറിയാം പറയുന്നത് ഒന്നും സത്യമല്ലെന്ന്.  സോഫിക്ക് ആകെ ദേഷ്യവും സങ്കടവും കുശുമ്പും ഒക്കെ വന്നു. വല്യമ്മച്ചി ആ പറഞ്ഞത് ആനിയമ്മയോ അലക്സോ പോലും എതിർത്തില്ല എന്നതാണ് അവളെ ദേഷ്യത്തിൽ ആക്കിയത്. അവൾ അതേ ദേഷ്യത്തോടെ അവനെ നോക്കിയപ്പോൾ അവൻ അപ്പോഴും ഒരു നിർവികാരതയോടെ ഇരിപ്പാണ്.

എന്തായാലും എല്ലാം നന്നായി നടക്കട്ടെ. ജെനിമോളോട് ഞങ്ങളുടെ ആശംസകൾ അറിയിക്ക്.. വല്യപ്പച്ചൻ പറഞ്ഞുകൊണ്ട് എഴുന്നേറ്റു. പിന്നാലെ ബാക്കി ഉള്ളവരും എഴുന്നേറ്റു.

എല്ലാം കഴിഞ്ഞ് സോഫി റൂമിൽ വരുമ്പോൾ എന്തെല്ലാമോ ആലോചിച്ച് കിടക്കുന്ന അലക്സിനെ ആണ് കാണുന്നത്. അവൾ കുഞ്ഞിനെ തൊട്ടിലിലേക്ക് കിടത്തികൊണ്ട് അവന്റെ അടുത്തേക്ക് ചെന്നിട്ട് ചോദിച്ചു..

നിങ്ങളോട് ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ..

എന്താ.. അലക്സ് ചോദിച്ചു..

അല്ല ആ പെണ്ണിന്റെ കല്യാണം ആയി എന്നറിഞ്ഞിട്ടും നിങ്ങൾക്ക് വലിയ ഞെട്ടൽ ഒന്നും ഉണ്ടായില്ലല്ലോ.  എന്താ കാരണം..

ഒരിക്കൽ അറിഞ്ഞകാര്യം പിന്നെയും കേൾക്കുമ്പോൾ ഞെട്ടേണ്ട കാര്യം ഉണ്ടോ.. അലക്സ് മറുചോദ്യം ചോദിച്ചു..

എന്താ.. സോഫി മിഴിഞ്ഞ കണ്ണോടെ അവനെ നോക്കി നിന്നു…