17/04/2026

നീരജ : ഭാഗം 03

രചന – സിന്ധു അപ്പുക്കുട്ടൻ

പോലീസ് സ്റ്റേഷൻ വരാന്തയിലിരിക്കുമ്പോൾ രാഘവൻ പിള്ള ഇടയ്ക്കിടെ നീരജയെ കലിപ്പോടെ നോക്കിക്കൊണ്ടിരുന്നു.

നീരജ അത് കാണാത്തമട്ടിൽ പുറം കാഴ്ച്ചകളിലേക്ക് നോട്ടമയച്ചു.

“വരൂ ഹോസ്പിറ്റലിലേക്ക് പോകാം..

അകത്തു നിന്നിറങ്ങിവന്ന ഒരു പോലീസുകാരൻ അവരോടായി പറഞ്ഞു.

പോലീസ് ജീപ്പിലിരിക്കുമ്പോൾ നീരജയുടെ മനസ്സ് നിർവികാരമായിരുന്നു.

പത്തു മിനിറ്റ് കൊണ്ട് വണ്ടി ഹോസ്പിറ്റൽ മുറ്റത്തു ചെന്നു നിന്നു.

കുട്ടികളുടെ ഐസിയുവിന് മുന്നിലേക്കാണ് പോലീസുകാരൻ അവരെ കൂട്ടിക്കൊണ്ട് പോയത്.

അയാൾ വാതിലിൽ മെല്ലെ തട്ടി.

പച്ച ഗൗണിട്ട ഒരു സിസ്റ്റർ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു.

പോലീസുകാരൻ അവരോട് എന്തൊക്കെയൊ സംസാരിച്ചു.

അല്പം കഴിഞ്ഞു അവർ നീരജയെ അകത്തേക്ക് വിളിച്ചു.

നീരജ രാഘവൻ പിള്ളയെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് കയറി.

ഒരു ബെഡിലും തലങ്ങും വിലങ്ങുമായി ഫ്ലാനലിൽ പൊതിഞ്ഞ ചോരകുഞ്ഞുങ്ങൾ.

അതിലൊന്നിനെ ചൂണ്ടി, ദാ ഇതാണ് കുട്ടി എന്ന് സിസ്റ്റർ പറഞ്ഞപ്പോൾ നീരജ ആ കുഞ്ഞിനെ ഉറ്റുനോക്കി.

കണ്ണുപോലും തുറന്നിട്ടില്ലാത്ത ഒരു കുഞ്ഞു മുഖം.

കുട്ടിയുടെ ഹെൽത്ത്‌ കുറച്ചു കൂടി ബെറ്ററായിട്ടേ ഇവിടുന്ന് ഡിസ്ചാർജ് ചെയ്യാൻ ഡോക്ടർ സമ്മതിക്കൂ. അതുവരെ കുട്ടിയുടെ ഗാർഡിയനായി നിങ്ങൾക്കിവിടെ നിൽക്കാം. ഇതിനകത്തല്ല പുറത്ത് റൂം എടുക്കേണ്ടി വരും.

നീരജ വെറുതെ തലയാട്ടി.

അവൾ ആ കുഞ്ഞിന്റെ മുഖത്തേക്ക് ഉറ്റു നോക്കി.

തന്റെയമ്മ പ്രസവിച്ച കുഞ്ഞ്.. തന്റെ കുഞ്ഞനിയത്തി. അമ്മയുടെ മുഖമൊന്നു കാണാനോ അമ്മിഞ്ഞപ്പാൽ നുകരാനോ വിധിയില്ലാതെ പോയ ഒരു മനുഷ്യ ജന്മം.

അമ്മയോട് ക്ഷമിക്കാൻ ഇനിയും മനസ്സ് തയ്യാറായിട്ടില്ല. എങ്കിലും ആ ആത്മാവിനുള്ള മോക്ഷബലിയായി ഈ കുഞ്ഞിനെ സ്വീകരിക്കണം എന്നൊരു തോന്നൽ ഉള്ളിലെവിടെയോയിരുന്നു വിങ്ങിപൊട്ടിയപ്പോഴാണ് രാഘവന്റെ എതിർപ്പുകളെ സ്നേഹം കാട്ടിയും, കണ്ണീര് കാട്ടിയും മറികടന്നത്.

എന്റെ ചോരയല്ലേയച്ചാ… അതൊരു അനാഥകുഞ്ഞായി വളർന്നാൽ നമുക്കും ഒരു സമാധാനമുണ്ടാകില്ല.

തന്നെയുമല്ല അമ്മ മരിക്കും മുൻപ് അവളെ നമ്മളെയേൽപ്പിക്കാൻ പറഞ്ഞിട്ടുണ്ടെങ്കിൽ നമ്മളത് തള്ളിക്കളയുന്നത് മനസാക്ഷിക്ക് നിരക്കാത്ത കാര്യമല്ലേ.

അമ്മക്കൊരു തെറ്റുപറ്റി.അതിനുള്ള ശിക്ഷ വേണ്ടുവോളം അനുഭവിച്ചു തീർത്തല്ലോ. ഇനി നമുക്ക് അമ്മയോട് ക്ഷമിക്കാം അച്ഛാ. ആ കുഞ്ഞിന് നമ്മളല്ലാതെ മറ്റാരുമില്ല ഇപ്പൊ.

ഇവിടെ കൊണ്ടു വന്നിട്ട് ആര് നോക്കും അതിനേ..?

രാഘവൻ സംശയം പൂണ്ടു.

“ഞാൻ നോക്കും..

“അപ്പൊ നിന്റെ പഠിത്തം..?

“ബി എഡ് എപ്പോ വേണേലും എടുക്കലോ.

“നിനക്കൊരു കല്യാണം കഴിക്കണ്ടേ ?

“ആ… ഒത്താൽ ഒരെണ്ണം കഴിക്കാം. ഇല്ലേൽ വേണ്ടാന്ന് വെക്കും.. അല്ല ഒന്നോർത്താ കല്യാണം കഴിക്കാത്തതല്ലേ നല്ലത്. തനിച്ചാകുമ്പോ കിട്ടുന്ന ഫ്രീഡമൊന്നും കല്യാണം കഴിഞ്ഞാ കിട്ടില്ല.

ഉം… ഞാനൊന്നും പറയുന്നില്ല. എല്ലാം നിൻറെ ഇഷ്ടം.ഇക്കാരണം കൊണ്ട് നീതുവിന് ഒരു പ്രശ്നം വരരുത് അത്രേയുള്ളൂ എനിക്ക്.കാരണം അവളെങ്കിലും നല്ല നിലയിൽ എത്തിക്കാണാൻ വല്യ ആഗ്രഹമുണ്ട്.

“ഈ കുഞ്ഞിനെ വളർത്തുന്നത്കൊണ്ട് ഞാൻ നല്ല നിലയിൽ എത്തില്ല എന്നാണോ അച്ഛൻ പറഞ്ഞു വരുന്നത്..?

രാഘവൻ അതിന് മറുപടിയൊന്നും പറയാതെ അവളെ രൂക്ഷമായൊന്നു നോക്കിക്കൊണ്ട് മുറ്റത്തേക്കിറങ്ങി.

**************************************

അമ്മ ബാക്കിയാക്കിപ്പോയ ശൂന്യത ആകമാനം നിറഞ്ഞു നിന്ന് വീർപ്പുമുട്ടിച്ചിരുന്ന ഞങ്ങൾക്കിടയിലേക്കാണ് നീ വന്നു കയറുന്നത്

അങ്ങനെ ശിവാനിയെന്നു ഞാൻ പേരിട്ടു വിളിച്ച നീയും ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമായി.

“നാവുറച്ചു തുടങ്ങിയ നാളിൽ നീയെന്നെ അമ്മേയെന്നു വിളിച്ചു . അമ്മയല്ല ചേച്ചിയാണെന്ന് പലവട്ടം പറഞ്ഞു തന്നിട്ടും നീയത് തിരുത്താൻ തയ്യാറായില്ല . പിന്നെ ഞാനോർത്തു നീ നിനക്കിഷ്ടമുള്ളത് വിളിച്ചോട്ടെ ന്ന്.

നീതു പോലും എന്നോട് പിണങ്ങിയിട്ടുണ്ട് അവൾക്ക് പോലും കൊടുക്കാത്ത സ്നേഹമാണ് ഞാൻ നിനക്ക് തരുന്നതെന്നും പറഞ്ഞ്.

“അമ്മയെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയിട്ട് എവിടേക്കോ ഇറങ്ങിപ്പോയതാ നിന്റെയച്ഛൻ. പോകും മുൻപ് അമ്മയോട് പറഞ്ഞുത്രേ പെറ്റു കഴിഞ്ഞാൽ അതിനെയങ്ങു കഴുത്തു ഞെരിച്ചു കൊന്നിട്ട് നീ നിന്റെ ഭർത്താവിന്റെയും മക്കളുടെയും അടുത്തേക്ക് തിരിച്ചു പൊയ്ക്കോ ന്ന്.

“പക്ഷേ ഒരിക്കലും അമ്മക്കതിനു കഴിയില്ലായിരുന്നു. അതുകൊണ്ടാണ് നിന്നെ ഒന്നുകിൽ ഞങ്ങളെ ഏൽപ്പിക്കണം അതുമല്ലെങ്കിൽ അനാഥാലയത്തിൽ ഏൽപ്പിക്കണം എന്നെഴുതി വെച്ച് അമ്മ ജീവനൊടുക്കിയത്.

ഹോസ്പിറ്റലിൽ കൊടുത്തിരുന്ന അഡ്രസും അച്ഛന്റെതായിരുന്നു. അങ്ങനെയാണ് പോലീസ് ഞങ്ങളെ അന്വേഷിച്ചു വന്നതും, നിന്നെ അനാഥലയത്തിൽ ഏല്പിക്കും മുൻപ് ഞങ്ങൾ ഏറ്റു വാങ്ങിയതും.

ഒരു ചോരക്കുഞ്ഞിനെ പതിനാറു വയസ്സ് വരെയും വളർത്തിക്കൊണ്ട് വരാൻ ഞാൻ പെട്ടപാട് കുറച്ചൊന്നുമല്ലയിരുന്നു.

അച്ഛനാണെങ്കിൽ നിന്നെ കാണുന്നതേ ദേഷ്യം. നീ കരച്ചിൽ തുടങ്ങിയാൽ ദേഷ്യം കൊണ്ടു വിറച്ച് എങ്ങോട്ടെന്നില്ലാതെ ഇറങ്ങി പോകുമായിരുന്നു.

അച്ഛനെ തെറ്റുപറയാനും കഴിയില്ല. ഭാര്യയുടെ അവിഹിത സന്തതിയെ സ്വന്തം കുഞ്ഞായി കരുതി സ്നേഹിക്കാൻ എല്ലാർക്കും കഴിയണമെന്നില്ലല്ലോ

കാരണം അമ്മയേൽപ്പിച്ചിട്ട് പോയ അപമാനവും,നാണക്കേടും , ഹൃദയവേദനകളും കുറച്ചൊന്നുമല്ലായിരുന്നു.

പാവം അച്ഛൻ. ഞങ്ങൾക്കുവേണ്ടി എല്ലാം സഹിച്ചു.

നാട്ടിലുണ്ടായിരുന്നതെല്ലാം വിറ്റുപെറുക്കി ഈ മല മൂട്ടിൽ വന്നു കിടക്കേണ്ടി വന്നതും അമ്മ കാരണമാ.

എന്നിട്ടും അച്ഛനെ സങ്കടപെടുത്തിക്കൊണ്ട് ഞാനെന്റെ പഠനവും എന്റെ ജീവിതവും മാറ്റിവെച്ചു നിനക്കു വേണ്ടി.

എന്നിട്ടൊടുക്കം, നിവർന്നു സംസാരിക്കാൻ പ്രാപ്തിയായപ്പോ ഞാനും എന്റെയച്ഛനും നിനക്ക് ശത്രുക്കളായി.

പെട്ടെന്നൊരു ദിവസം കയറിവന്ന്, ഞാൻ നിന്റെ അച്ഛനാ. നിന്നെയെനിക്ക് വേണം എന്ന് പറഞ്ഞവന്റെ കൂടെ ഇറങ്ങി പോകാനും കഴിഞ്ഞു നിനക്ക്.

“അമ്മേ… അതിനുള്ള ശിക്ഷ വേണ്ടുവോളം അനുഭവിച്ചു കഴിഞ്ഞില്ലേ ഞാൻ. ഇനിയെന്നോട് ക്ഷമിക്കമ്മേ… ശിവാനി അവൾക്കുനേരെ കൈകൂപ്പിക്കൊണ്ട് പൊട്ടിക്കരഞ്ഞു

ഒരു മുത്തച്ഛന്റെ സ്നേഹവാത്സല്യങ്ങൾ പകർന്നു തരാൻ അച്ഛന് കഴിയാത്തതിന്റെ കാരണം ശിവാനിക്കിപ്പോ മനസ്സിലായില്ലേ.

ഇത്രയും വൃത്തികെട്ട മനസുള്ള നിന്റെയച്ചനെ ഒരിക്കൽ ഞാനും സ്നേഹിച്ചിരുന്നു എന്നോർക്കുമ്പോൾ എനിക്കെന്നോട് തന്നെ പുച്ഛം തോന്നുന്നുണ്ട്.

സ്വന്തം മകളെ, ഒരു കുപ്പി മദ്യത്തിനും, കുറച്ചു കാശിനും വേണ്ടി കൂട്ടുകാർക്ക് കാഴ്ചവെക്കുക… ഒരുപക്ഷെ അമ്മയെയും അങ്ങനെ ഉപയോഗിച്ചിട്ടുണ്ടാകും അയാൾ.

പാവം അമ്മ.. ഏതോ ഒരു ദുർബല നിമിഷത്തിൽ അയാളുടെ ചതിയിൽ പെട്ടു പോയിട്ടുണ്ടാകും. പിന്നീട് അമ്മക്കതു തിരുത്താനും കഴിഞ്ഞിട്ടുണ്ടാകില്ല.

പറക്കമുറ്റിയപ്പോ നീയും നിന്റെ അച്ഛന്റെ തനി സ്വഭാവം കാണിച്ചു.ഞാനും അച്ഛനും വീണ്ടും അപമാനിതരായി. ഇനി നിനക്ക് നിന്റെ വഴി എനിക്ക് എന്റെയും.

നീതു അന്നേ പറഞ്ഞതാ ഇതിങ്ങനെയൊക്കെയെ വരൂ എന്ന്.അത് സത്യമായി.. അവൾ എന്നും സ്വന്തം കാര്യം മാത്രം നോക്കി. അതുകൊണ്ട് ഇന്ന് യാതൊരു അല്ലലും ഇല്ലാതെ സുഖമായി ജീവിക്കുന്നു.

നീരജ നെടുതായി ഒന്ന് നിശ്വസിച്ചു.

“അപ്പു താഴെയുണ്ട്. ഞാനങ്ങോട്ട് പോകുന്നു.നിനക്കിപ്പോ കഞ്ഞി കുടിക്കണംന്ന് തോന്നുന്നുണ്ടോ.. ഉണ്ടെങ്കിൽ എടുത്തു തരാം.

വേണ്ട ചേച്ചി.. ശിവാനി തല ചലിപ്പിച്ചു.

അവളുടെ ചേച്ചി വിളിയിൽ നീരജ ഒന്ന് പിടഞ്ഞു.

പിന്നെയവൾ സ്വയമൊന്നു പുഞ്ചിരിച്ചു.

തിരിച്ചറിവുകൾ നല്ലത് തന്നെ എന്ന് മനസ്സിലോർത്ത് കൊണ്ട്.

തുടരും…