17/04/2026

നിനക്കായ് : ഭാഗം 33

രചന – കണ്ണന്റെ മാത്രം

അന്നയുടെ ഫോൺ വരുമ്പോൾ ജെനിയുടെ വീട്ടിൽ എല്ലാവരും ഉണ്ടായിരുന്നു. ബന്ധുക്കളും നാട്ടുകാരും എന്തിന് മീഡിയക്കാർ വരെ ഉണ്ടായിരുന്നു. മാത്യുവിനും മേരിയമ്മക്കും സന്തോഷം അടക്കാൻ കഴിയുന്നുണ്ടായില്ല. അവൻ പാസ്സ് ആകും എന്ന് പറഞ്ഞിരുന്നെങ്കിലും ഇത്രേം റാങ്ക് ഒന്നും അവർ പ്രതീക്ഷിച്ചിരുന്നില്ല. എന്തിന് ക്രിസ്റ്റിക്ക് പോലും ഒരു സ്വപ്നം പോലെ ആണ് തോന്നുന്നത്. വലിയ മോശമല്ലാത്ത റാങ്ക് പ്രതീക്ഷിച്ചെങ്കിലും  ഇത്രേം ഉയർന്ന റാങ്ക് അവനും പ്രതീക്ഷിച്ചിരുന്നില്ല. അവനും സന്തോഷത്തിന്റെ കൊടുമുടിയിൽ ആയിരുന്നു. ആ സമയത്താണ് ജെനി അന്നയുടെ ഫോൺ അവന് കൊണ്ടുപോയി കൊടുക്കുന്നത്.

അന്നേച്ചി…. ക്രിസ്റ്റി അവളെ വിളിച്ചു.

കൺഗ്രാറ്റ്സ് ഡാ ചെക്കാ.. ഒത്തിരി സന്തോഷം ആയി എനിക്ക്. എനിക്ക് മാത്രം അല്ല ഞങ്ങൾ എല്ലാവർക്കും..

താങ്ക്സ് ചേച്ചി.. അവൻ സന്തോഷത്തോടെ മറുപടി പറഞ്ഞു.

എന്നാലും നീ എന്നോട് പറഞ്ഞില്ലല്ലോ മാക്കാനേ.. അതിനുള്ളത് നേരിട്ട് കാണുമ്പോൾ തരാം കേട്ടോ…

അത് ഞാൻ ഒരു സർപ്രൈസ് തന്നതല്ലേ ചേച്ചി. എന്റെ പൊന്നു അന്നേച്ചി അല്ലേ എന്നോട് ക്ഷമിക്ക്..

മ്മ്.. തല്ക്കാലം വെറുതെ വിടുന്നു….
എന്നാൽ ശരി ഡാ നീ വച്ചോ. അവിടെ നല്ല തിരക്കല്ലേ…

ആ ചേച്ചി എല്ലാവരും ഉണ്ട്.. ഞാൻ പിന്നെ വിളിക്കാം. അളിയനോട് പറയണേ..

ആടാ ഞാൻ പറയാം.. ബൈ.

അന്ന ഫോൺ വച്ച് തിരിഞ്ഞപ്പോൾ ആണ് എബി ഫോണിൽ സംസാരിച്ച് അങ്ങോട്ട് വന്നത്.

ഞാൻ ഒന്ന് വിളിച്ചുനോക്കിയിട്ട് പറയാം വല്യപ്പച്ചാ.. എബി  പറയുന്നത് കേട്ടപ്പോൾ തന്റെ വല്യപ്പച്ചനോട് ആണ് അവൻ സംസാരിക്കുന്നത് എന്ന് അന്നക്ക്  മനസിലായി. അവൾ കാര്യം അറിയാനായി അവിടെ തന്നെ നിന്നു.
എബി ഫോൺ വച്ചതും അവൾ ചോദിച്ചു.

എന്താ ഇച്ഛാ.. എന്തിനാ വല്യപ്പച്ചൻ വിളിച്ചത്.. വിശേഷിച്ച് എന്തേലും ഉണ്ടോ..

അത് അന്നേ ഇത്തിരി നേരത്തെ അവിടേക്ക് ഒരു കാൾ വന്നുപോലും അലക്സിനു ആക്‌സിഡന്റ് ആയി icuവിൽ ആണെന്ന് പറഞ്ഞ്. ആനി ആന്റി ആണ് എടുത്തത് കാൾ. ആള് ഏതു ഹോസ്പിറ്റൽ ആണെന്ന് ചോദിക്കാൻ മറന്നുപോലും. അപ്പൊ സൂപ്പർമാർകെറ്റിന് അടുത്തല്ലേ നമ്മുടെ ഹോസ്പിറ്റൽ അവിടെ ആണോന്നു ഒന്ന് അറിയാൻ പറ്റുമോ എന്ന് ചോദിച്ചിട്ട് വല്യപ്പച്ചൻ വിളിച്ചതാ…

ഓഹ് അത്രേ ഉള്ളൂ.. ഞാൻ എന്താണാവോ എന്ന് വിചാരിച്ചു.. അന്ന നിസ്സാരഭാവത്തോടെ പറഞ്ഞു.

എന്റെ അന്നേ നിന്റെ ചേട്ടനാടി ആക്‌സിഡന്റ് ആയി കിടക്കുന്നു എന്ന് പറഞ്ഞത്. ഒന്ന് വിഷമം അഭിനയിക്കെങ്കിലും ചെയ്യ്…

ഓഹ്.. എന്നാത്തിനാ അതൊക്കെ. എനിക്ക് വലിയ വിഷമം ഒന്നും ഇല്ല. ഒരു പാവം പെണ്ണിനേയും അവളുടെ വയറ്റിൽ വച്ച് തന്നെ ഇല്ലാതായ കുഞ്ഞിന്റെയും ശാഭം ആവും ഇത്. അനുഭവിക്കട്ടെ. എനിക്കൊരു വിഷമവും ഇല്ല…

മ്മ്.. എന്തേലും ആവട്ടെ. ഞാൻ ഹോസ്പിറ്റലിൽ ഒന്ന് വിളിച്ചുനോക്കട്ടെ അവിടെ അവനെ അഡ്മിറ്റ്‌ ചെയ്തിട്ടുണ്ടോ എന്ന്… അങ്ങനെ പറഞ്ഞുകൊണ്ട് എബി ഫോൺ എടുത്ത് അവന്റെ ഹോസ്പ്പിറ്റലിലേക്ക് വിളിച്ചു.

അവന്റെ സംസാരം ശ്രദ്ധിച്ച് അവിടെ നിന്ന അന്നക്ക് മനസിലായി അവിടെ ആണ് അയാളെ അഡ്മിറ്റ്‌ ആക്കിയിരിക്കുന്നത് എന്ന്..

അവിടെ തന്നെ ആണ് അഡ്മിറ്റ്‌ ആക്കിയിരിക്കുന്നത് അല്ലേ… ഫോൺ വച്ച് കഴിഞ്ഞ എബിയോട് അന്ന ചോദിച്ചു.

മ്മ്.. ഇന്ന് പുലർച്ച കൊണ്ടുവന്നതാത്രേ. റോഡരികിൽ കിടന്നിരുന്നവനെ ഏതോ വണ്ടിക്കാർ ആണ് അവിടെ എത്തിച്ചത് പോലും. കുറച്ച് ബ്ലഡ്‌ ലോസ് ഉള്ളത് കൊണ്ട് icuവിൽ ആക്കി എന്നെ ഉള്ളൂ. അത്ര സീരിയസ് അല്ല. കൈക്കും കാലിനും ഫ്രക്ചർ ഉണ്ട്. അതിൽ കാലിന്റെ ഇത്തിരി പ്രശ്നം ആണ്. സ്റ്റീൽറോട് ഇടേണ്ടി വരും. ഇന്നിപ്പോ അതിന്റെ സർജറി ഉണ്ടാവും അത് കഴിഞ്ഞാൽ റൂമിലേക്ക് മാറ്റും.

മ്മ്.. എന്തേലും ആവട്ടെ. ഇച്ഛൻ ഇത് വല്യപ്പച്ചനെ വിളിച്ച് പറയ്. അവിടെ ആന്റി ആകെ സീൻ ആണ്. രണ്ടുദിവസം മുൻപ് ആകെ വഴക്ക് ഒക്കെ ആയി അങ്കിളിന്റെ കൈയിൽ നിന്ന്‌ ഒന്നു പൊട്ടി എന്നാ മമ്മി വിളിച്ചപ്പോ പറഞ്ഞത്..

ഏഹ്ഹ്.. എന്താ ഇതിനും മാത്രം പ്രശ്നം ആയത് തല്ലാനും മാത്രം..

അലക്സിനെ വീട്ടിൽ കയറ്റേണ്ട കാര്യം പറഞ്ഞിട്ടാണെന്നാ മമ്മി പറഞ്ഞത്. ആന്റിക്കും വല്യമ്മച്ചിക്കും അയാളെ വീട്ടിൽ കേറ്റണം. അങ്കിൾ അതിന് സമ്മതിക്കുന്നില്ല. അതിന്റെ പേരിൽ എന്തൊക്കെയോ വർത്താനം ഉണ്ടായെന്നാ മമ്മി പറഞ്ഞത്. എന്താ ഉണ്ടായെന്ന് മമ്മി മുഴുവൻ ആയി പറയുന്നില്ല. എനിക്ക് അതിശയം അതല്ല അങ്കിൾ ആന്റിയെ തല്ലി എന്ന് കേട്ടപ്പോ ആണ്. ഇന്നത്തെ വരെ ഒരു പരിധിയിൽ കൂടുതൽ അങ്കിൾ ആന്റിയോട് ശബ്ദം ഉയർത്തി സംസാരിക്കുന്നത് പോലും ഞങ്ങൾ ആരും കണ്ടിട്ടില്ല. ആ അങ്കിൾ ആന്റിയെ കൈനീട്ടി അടിച്ചിട്ടുണ്ടെങ്കിൽ എന്തോ കാര്യം ആയി നടന്നിട്ടുണ്ട്.

മ്മ്.. അത് എന്തേലും ആവട്ടെ. ഞാൻ നിന്റെ വല്യപ്പച്ചനെ വിളിച്ച് കാര്യം പറയട്ടെ. അങ്ങനെ പറഞ്ഞുകൊണ്ട് എബി വല്യപ്പച്ചനെ വിളിച്ച് ഹോസ്പിറ്റലിൽ നിന്ന് അവൻ അറിഞ്ഞത് മുഴുവൻ അയാളോട് പറഞ്ഞു.

ശരി മോനെ.. ഞാൻ വിളിക്കാം.. വല്യപ്പച്ചൻ അതുംപറഞ്ഞു ഫോൺ വച്ചുകൊണ്ട് വല്യമ്മച്ചിയും ആനിയമ്മയും ഇരിക്കുന്നിടത്തേക്ക് വല്യപ്പച്ചൻ ചെന്നു..

എന്തായി അപ്പച്ചാ.. വല്ലതും അറിഞ്ഞോ അവനെ കുറിച്ച്.. ആനിയമ്മ അത് ചോദിക്കുമ്പോഴും കരയുകയായിരുന്നു.

മ്മ്.. അവൻ കൊട്ടാരത്തിൽ ഹോസ്പിറ്റലിൽ ഉണ്ട്. അത് കഴിഞ്ഞ് അയാൾ എബി പറഞ്ഞത് മുഴുവൻ അവരോട് പറഞ്ഞു. എല്ലാം കേട്ടതും വല്യമ്മച്ചിയും ആനിയമ്മയും കരഞ്ഞുപോയി.

അപ്പച്ചാ എനിക്കൊന്ന് അവിടെ വരെ പോണം. ഇച്ചായൻ വരുമെന്ന് തോന്നുന്നില്ല. അപ്പച്ചൻ വരുമോ എന്റെ കൂടെ…പ്ലീസ് അപ്പച്ചാ..

മ്മ്.. വരാം മോള് ചെന്നു യാത്രയാവ്.  ത്രേസ്സ്യേ നീയും തയ്യാറായിക്കോ…

ശരി.. അങ്ങനെ അവർ യാത്രയാവാൻ പോയി. ആനിയമ്മ റെഡി ആവാൻ ചെല്ലുമ്പോൾ ജോസഫ് പുറത്തേക്ക് എങ്ങോട്ടോ പോകാൻ തയ്യാറാവുന്നുണ്ടായിരുന്നു. അത് കണ്ടപ്പോ അവർ കരുതി ഹോസ്പിറ്റലിൽ പോകാൻ ആവുമെന്ന്.

ഇച്ചായൻ ഹോസ്പിറ്റലിലേക്ക് വരുന്നുണ്ടോ.. അവർ സന്തോഷത്തോടെ ചോദിച്ചു.

അയാൾ ചുളിഞ്ഞ മുഖത്തോടെ അവരെ നോക്കികൊണ്ട്‌ ചോദിച്ചു.
ഹോസ്പിറ്റലിലോ.. എന്തിന്..

അല്ല അലക്സിന്റെ അടുത്തേക്ക്..

ഞാൻ ഒരിക്കൽ പറഞ്ഞതേ എനിക്ക് ഇപ്പോഴും പറയാൻ ഉള്ളൂ. അവനെപോലെ ഒരു നെറികെട്ടവനെ ഞാൻ എന്റെ മകനായി കണക്ക് കൂട്ടുന്നില്ല. ഞാനിപ്പോ ഫിനാൻസിലേക്ക് ആണ് പോകാൻ വേണ്ടി ഇറങ്ങിയതാ…

ഇച്ചായാ അവന് തെറ്റുപറ്റി. ഈ ഒരു പ്രാവശ്യം ക്ഷമിച്ചൂടെ. ഞാൻ കാലുപിടിക്കാം ഇച്ചായാ..

ദേ ആനി നീ വെറുതെ വർത്താനം ഉണ്ടാക്കാൻ നിൽക്കാതെ ഒന്നു പോയെ. നിന്നോട് ഞാൻ അവനെ മകനായി കാണണ്ട എന്ന് പറഞ്ഞിട്ടില്ലല്ലോ. ഞാൻ പറഞ്ഞത് എന്റെ തീരുമാനം ആണ്. അതിൽ ഞാൻ മരിച്ചാലും മാറ്റമില്ല.. അയാൾ അതുംപറഞ്ഞുകൊണ്ട്
പുറത്തേക്ക് പോയി. ആനിയമ്മ അയാൾ പോകുന്നത് കണ്ണ് നിറച്ച് നോക്കി നിന്നു.

…………………

ദിയ എന്തോ ചിന്തിച്ചുകൊണ്ട് ഗാർഡനിൽ ഒറ്റക്കിരിക്കുന്നത് കണ്ടിട്ടാണ് അലനും ഏദനും അങ്ങോട്ട് ചെല്ലുന്നത്.

എന്താ ദിയ.. നിനക്ക് എന്താ പറ്റിയത്. നേരത്തെ ക്രിസ്റ്റി ചേട്ടായിയുടെ വാർത്ത അറിഞ്ഞപ്പോ മുതൽ നീ ആകെ സങ്കടത്തിൽ ആണല്ലോ. ചേട്ടായിടെ ന്യൂസ്‌ കേട്ടിട്ട് നിനക്ക് സന്തോഷം ഇല്ലേ..ഏദൻ ചോദിച്ചു

സന്തോഷം ഇല്ലെന്നോ. ഞാൻ ഒരുപാട് സന്തോഷത്തിൽ ആണ്. എന്റെ ഇച്ചായൻ എന്തോരം കഷ്ടപ്പെട്ടിട്ടുണ്ടാവും ഇതിന് വേണ്ടി. അതിന് കർത്താവ് നല്ല പ്രതിഫലം തന്നെ കൊടുത്തല്ലോ…

പിന്നെ എന്താ നിന്റെ മുഖത്ത് ആകെ ഒരു സങ്കടം. എന്തായാലും നീ പറ. നമുക്ക് സമാധാനം ഉണ്ടാക്കാം..അലൻ പറഞ്ഞു

ഒന്നുമില്ല ഡാ ഞാൻ ചുമ്മാ…

ഒന്നുമില്ല എന്ന് പറയണ്ട. എന്താ നിന്റെ ഉള്ളിൽ എന്ന് പറഞ്ഞാൽ മതി… ഏദൻ പറഞ്ഞു.

അല്ലടാ ഇത്രേം നാളും ഇന്നല്ലെങ്കിൽ നാളെ ഇച്ചായൻ എന്റെ സ്വന്തം ആവുമെന്നൊരു പ്രതീക്ഷ എനിക്ക് ഉണ്ടായിരുന്നു. ഇനിയിപ്പോ…

ഇനിയിപ്പോ എന്താ… അലൻ ചുളിഞ്ഞ മുഖത്തോടെ ചോദിച്ചു.

ഇനിയിപ്പോ ഞാൻ ഇച്ചായന് ചേരില്ലെടാ.. ഇച്ചായന് എന്നേക്കാൾ ബുദ്ധിയും ബോധവും ഒക്കെ ഉള്ള കുട്ടികളെ കിട്ടും. ഇനിയിപ്പോ ട്രെയിനിങ് കൂടി കഴിഞ്ഞ് വരുമ്പോ ഇച്ചായൻ ഒരു Ips കാരനോ Ias കാരനോ ആവും. അങ്ങനെ ഇത്രേം ഉയർന്ന പൊസിഷനിൽ ഇരിക്കുന്ന ഒരാൾക്ക് എന്നെപ്പോലെ ഒരാൾ ചേരില്ല. ചിലപ്പോ ഇച്ചായനും അത് തോന്നിയിട്ടുണ്ടാവും അതാവും ഇത്രേം നാളായിട്ടും എനിക്ക് ഒരു മറുപടി തരാത്തത്… അവൾ നിറഞ്ഞകണ്ണോടെ പറഞ്ഞു.

അവളുടെ നിറഞ്ഞ കണ്ണുകൾ അവരെയും വിഷമിപ്പിച്ചു..

നീ എന്തൊക്കെയാ ദിയെ ചിന്തിച്ചുകൂട്ടിയിരിക്കുന്നത്. ചേട്ടായി അങ്ങനെ ഒന്നും കരുതിയിട്ടുണ്ടാവില്ല. ഞങ്ങൾ സംസാരിക്കാം ചേട്ടായിടെ അടുത്ത്.. ഏദൻ പറഞ്ഞു.

വേണ്ടെടാ ഇനിയൊന്നും പറഞ്ഞ് ഇച്ചായനെ ശല്യം ചെയ്യേണ്ട. ഞാൻ ഇന്നത്തോടെ എല്ലാം അവസാനിപ്പിച്ചു. ഇനി ഞാനും പോവില്ല ആ പിന്നാലെ…

എങ്കിൽ ഞങ്ങൾക്ക് ഞങ്ങളുടെ പഴയ ദിയയെ വേണം. എപ്പോഴും ചിരിച്ചുകാണുന്ന ദിയയെ. ഈ ക്രൈബേബി ദിയയെ ഞങ്ങൾക്ക് ഇഷ്ടമില്ല.. അലൻ പറഞ്ഞു

ഒന്നുപോടാ.. ഞാൻ ക്രൈബേബി ഒന്നും അല്ല. ചുമ്മാ അതുമിതും പറയാതെ..അവൾ രണ്ടാളെയും തല്ലികൊണ്ട് പറഞ്ഞു.

ആ ഈ ദിയ ആണ് ഞങ്ങളുടെ ദിയ. ഞങ്ങളോട് തല്ലുപിടിക്കുന്ന ഞങ്ങളുടെ സ്വന്തം പെങ്ങള്.. അല്ലേടാ അലൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് ഏദനോടായി ചോദിച്ചു.

അല്ല പിന്നെ.. ഏദനും അവളെ ചേർത്തുപിടിച്ചു.

ദിയയും അവരെ ചേർത്തുപിടിച്ചുകൊണ്ട് അവിടെ ഇരുന്നു.

…………………

വല്യപ്പച്ചനും വല്യമ്മച്ചിയും ആനിയമ്മയും കൂടെ ഹോസ്പിറ്റലിൽ എത്തുമ്പോൾ അവിടെ icuവിന് കുഞ്ഞിനേയും പിടിച്ചിരിക്കുന്ന സോഫിയെ ആണ് കാണുന്നത്. കൂടെ മറ്റാരും ഉണ്ടായിരുന്നില്ല. അവരും അവിടെ ഉള്ള കസേരകളിൽ ആയി ഇരുന്നു. ആനിയമ്മയുടെയും വല്യമ്മച്ചിയുടെയും കണ്ണുകൾ ആ കുഞ്ഞിൽ മാത്രം ആയിരുന്നു. സോഫിയും അവരെ കണ്ടെങ്കിലും ഒന്നും പറഞ്ഞില്ല. കുറച്ചുനേരം കഴിഞ്ഞതും ഒരു നഴ്‌സ്‌ പുറത്തേക്ക് വന്നുകൊണ്ട് ചോദിച്ചു.
അലക്സിന്റെ കൂടെ ഉള്ളവർ…

അതോടെ അവരെല്ലാം എഴുന്നേറ്റു. ആ നിങ്ങളോട് ഡോക്ടറുടെ കാബിനിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്. ഇവിടുന്ന് നേരെ പോയി വലത്തോട്ട് തിരിഞ്ഞാൽ മൂന്നാമത്തെ കാബിൻ ആണ്.

അതോടെ വല്യപ്പച്ചനും ആനിയമ്മയും സോഫിയും കൂടി എഴുന്നേറ്റു. കുഞ്ഞിനെ അവൾ ഒന്ന്‌ നോക്കി. അതുകണ്ടതും ഒന്നുംപറയാതെ വല്യമ്മച്ചി വന്ന് കൈനീട്ടി കുഞ്ഞിനായി. സോഫി അവരെ ഒന്നു നോക്കി കുഞ്ഞിനെ വല്യമ്മച്ചിയുടെ കൈയിൽ കൊടുത്തു.. ആനിയമ്മ കുഞ്ഞിനെ ഒന്ന് മുത്തികൊണ്ട് വല്യപ്പച്ചന്റെ കൂടെ ഡോക്ടറുടെ കാബിനിലേക്ക് പോയി. ആ കൂടെ സോഫിയും പോയി.

അവർ അവിടെ എത്തി ഡോറിൽ ഒന്ന് മുട്ടികൊണ്ട് കാബിനുള്ളിലേക്ക് കയറി.

ഞങ്ങൾ അലക്സിന്റെ ബന്ധുക്കൾ ആണ് വല്യപ്പച്ചൻ അയാളോടായി പറഞ്ഞു.

ആ ഇരിക്കൂ. ഞാൻ നിങ്ങളെ വിളിപ്പിച്ചത് ഒരു കാര്യം പറയാൻ ആണ്. അലക്സിന്റെ കാലിന്റെ ഫ്രക്ചർ ഇത്തിരി പ്രശ്നം ആണ്. അത് ഒരു സർജറി കൊണ്ടേ നേരെയാവൂ. സ്റ്റീൽറോഡ് ഇടണം. പിന്നെ ഒന്നരമാസം റസ്റ്റും വേണം…

ശരി.. ഡോക്ടർ ഞങ്ങൾക്ക് കുഴപ്പം ഇല്ല.

ആ എങ്കിൽ നിങ്ങൾ അങ്ങോട്ട് പൊക്കോളൂ. സിസ്റ്റർ ഒരു കൺസെന്റ്  ഫോം തരും. അതൊന്നു സൈൻ ചെയ്ത് കൊടുക്കണം..

ശരി ഡോക്ടർ…അതുംപറഞ്ഞു അവർ പോകാൻ എഴുന്നേറ്റപ്പോൾ ആണ് കാബിന്റെ ഡോർ തുറന്ന് എബി അങ്ങോട്ട് വന്നത്.

ആ എബിമോനോ.. എന്നും പറഞ്ഞ് വല്യപ്പച്ചൻ അവനടുത്തേക്ക് പോയി…

അവനെ കണ്ടതും ഡോക്ടറും എഴുന്നേറ്റു.

Dr. എബിൻ.. സാറിന് ഇവരെ പരിചയം ഉണ്ടോ… ആ ഡോക്ടർ ചോദിച്ചു.

Yes ഡോക്ടർ എന്റെ മദർ  ഇൻ ലോയുടെ ഫാദർ ആണ് ഇദ്ദേഹം. ഇത് ആളുടെ ബ്രദറിന്റെ വൈഫും. ആനിയമ്മയെയും വല്യപ്പച്ചനെയും കാട്ടി എബി പറഞ്ഞു. പക്ഷേ സോഫിയെ ഒന്ന് നോക്കുകയോ അവളെ കുറിച്ച് പറയുകയോ അവൻ ചെയ്തില്ല. അത് വല്യപ്പച്ചനും ആനിയമ്മയും സോഫിയും ശ്രദ്ധിച്ചു.
എബി അവരെ പരിചയപ്പെടുത്തിയതിനു ശേഷം അവരോടായി പറഞ്ഞു. എന്നാൽ നിങ്ങൾ പൊക്കോളൂ. സർജറിക്ക് വേണ്ട പേപ്പറുകളിൽ ഒക്കെ സൈൻ ചെയ്ത് കൊടുക്ക്. ഞാൻ ഇപ്പൊ അങ്ങോട്ട് വരാം.

അവർ പോയതും എബി ഡോക്ടർക്ക് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു..
എന്നോട് കാഷ്വാലിറ്റിയിലെ ഡോക്ടർ ഒരു കാര്യം പറഞ്ഞു. ഞാൻ അതിന്റെ സത്യാവസ്ഥ അറിയാൻ വന്നതാണ് ഡോക്ടർ.

ആ ഡോക്ടർ പറഞ്ഞതെല്ലാം സത്യമാണ് സാർ. പക്ഷേ എന്നോട് അയാൾ അപേക്ഷിച്ചു ഇപ്പൊ അതൊന്നും ആരും അറിയണ്ട എന്ന്. അതുകൊണ്ടാണ് ഞാൻ അയാളുടെ വീട്ടുകാരോട് ഒന്നും പറയാഞ്ഞത്..

മ്മ്.. തല്ക്കാലം ഇത് വേറെ ആരും അറിയണ്ട. ഞാൻ ആളെ ഒന്ന് കാണട്ടെ.. അപ്പൊ ശരി ഞാൻ അങ്ങോട്ട് ചെല്ലട്ടെ..

ശരി സാർ..

എബി കാബിൻ ഡോർ തുറന്ന് പുറത്തേക്ക് പോയി…