18/04/2026

ലീനയുടെ അതിഥി : ഭാഗം 09

രചന – ഹരിത

സമയം അർധരാത്രി…… ആർഷയുടെ വീട്….

വീട്ടിലുള്ളവരെല്ലാം നല്ല ഉറക്കമാണ്…… അച്ഛനും അമ്മയും ചേച്ചിയും……. പക്ഷേ
അവരറിഞ്ഞിരുന്നില്ല ഈ വീട്ടിലുണ്ടായിരുന്ന ഒരാൾ ഇന്നെവിടെക്കു അവരെക്കാണാനായി തിരിച്ചുവന്നിട്ടുണ്ടെന്ന് …

മുൻവശത്തെ ഹാളിലൂടെ ഒരു നിഴൽരൂപം തന്റെ അച്ഛന്റെ മുറിയെ ലക്ഷ്യമാക്കി നടന്നു….. പടിക്കെട്ടുകൾ കയറി ആ രൂപം മുറിയുടെ മുന്നിലെത്തി…..

തന്റെ മുറിയുടെ വാതിൽ ആരോ ശക്‌തമായി തുറക്കുന്ന ശബ്‌ദംകേട്ടാണ് ആർഷയുടെ അച്ഛൻ ഉറക്കത്തിൽനിന്നുമുണർന്നത്… അയാൾ വേഗമെഴുനേറ്റു
മുറിയിലെ ലൈറ്റ് ഇട്ടു….
എന്നിട്ട് ആദ്യംതന്നെ മുറിയുടെ വാതിൽ നോക്കി…
പക്ഷേ അത് അടഞ്ഞുകിടക്കുകതന്നെയായിരുന്നു…..

അയാൾ തന്റെ അടുത്തുകിടക്കുന്ന ഭാര്യയെനോക്കി…. അവർ നല്ല ഉറക്കമാണ് …..ഒരുപക്ഷേ വാതിൽ തുറന്ന ശബ്‌ദം തനിക്കു തോന്നിയതായിരിക്കുമെന്നു വിചാരിച്ചു അയാൾ വീണ്ടും
കിടക്കാനായൊരുങ്ങി….
അപ്പോഴാണ് വാതിലിന്റെയപ്പുറത്ത് ആരോ നിൽക്കുന്നതുപോലുള്ള കാൽപ്പെരുമാറ്റം ആർഷയുടെ അച്ഛന്റെ ശ്രദ്ധയിൽപ്പെട്ടത്…..

അയാൾ പതിയെ പുറത്താരാ
നിൽക്കുന്നതെന്നു വിളിച്ചുചോദിച്ചു…..
അയാളുടെ മൂത്തമകളായിരിക്കുമെന്നു വിചാരിച്ചാണ് അങ്ങനെ വിളിച്ചുനോക്കിയത്….
പക്ഷേ പുറത്തുനിന്ന് യാതൊരു മറുപടിയുമുണ്ടായിരുന്നില്ല…..

അച്ഛൻ പതിയെ കട്ടിലിൽനിന്നുമെഴുനേറ്റു….
വേഗംചെന്നു വാതിൽതുറന്നുതോന്നി ……

പുറത്താരുമുണ്ടായിരുന്നില്ല..
……………..
അയാൾ അസ്വസ്ഥതയോടെ ചുറ്റുംനോക്കി…… താൻ വല്ല സ്വപ്നവും കാണുകയാണോ എന്ന് ഒരു നിമിഷം അയാൾ സംശയിച്ചു…..

അപ്പോഴാണ് തറയിലെന്തോ അഴുക്കുപറ്റിയിരിക്കുന്നതുപോലെ ആർഷയുടെ അച്ഛനു തോന്നിയത് ….. അയാൾ വേഗം അവിടത്തെയും ലൈറ്റ് ഇട്ടു….

തറയിലേക്കുനോക്കിയ അയാൾ കണ്ടത് അവിടെ മുഴുവൻ ആരോ ചെളിചവിട്ടി കയറ്റിയിരിക്കുന്നതാണ്…. കൂടെ തന്റെ ഇളയമകളുടെ മുറിയിലേക്ക് നീളുന്ന ചെളിയിൽ ചവിട്ടയ കാൽപാടുകളും… ….

അയാൾക്കൊന്നുംതന്നെ മനസിലാകുന്നുണ്ടായിരുന്നില്ല….. ആരാണ് ഈ രാത്രി ഇവിടെ വന്നിരിക്കുന്നത്….. ആരാണ് ആർഷയുടെ മുറിയിലേക്ക് പോയിരിക്കുന്നത്……

ഭയമയാളെ ചെറുതായി കീഴ്പ്പെടുത്തിത്തുടങ്ങിയിരുന്നു…… അല്പം ധൈര്യം സംഭരിച്ച് അയാൾ പതിയെ ആർഷയുടെ മുറിയുടെ മുന്നിലേക്കുച്ചെന്നു……

ചെന്നപ്പോൾ അയാൾ കണ്ടത് അവളുടെ മുറിയാരോ തുറന്നിട്ടിരിക്കുന്നതാണ്…. അവൾ മരിച്ചതിനുശേഷം ആ മുറി പൂട്ടിയിട്ടിരിക്കുകയായിരുന്നു …
ആരുംതന്നെ പിന്നീടത് തുറന്നിട്ടുമില്ല…..

വിറയാർന്നകാലുകളോടെ അയാൾ പതിയെ മുറിയുടെ അകത്തേക്കുകയറി…..
ആ മുറിയിലെ
ലൈറ്റുകളോണാക്കി….

അവിടെ ആർഷയുടെ അച്ഛൻകണ്ട കാഴ്ച്ച അയാളുടെ ശരീരംമുഴുവൻ തളർത്തുന്നതായിരുന്നു….
ദേഹമാകെ വിയർത്തുകുളിച്ച് ഒരു ശിലകണക്കെ അയാളവിടെനിന്നുപോയി…

കട്ടിലിൽ അയാളെയും നോക്കി പുഞ്ചിരിക്കുന്നു ദാ… നമ്മുടെ ആർഷ…
അവളുടെ കാലുകളിലും ആ തറ മുഴുവനും ചെളിനിറഞ്ഞിരിക്കുകയായിരുന്നു…

“എന്താ അച്ഛാ ഇങ്ങനെ നോക്കുന്നത്… ഒരുമാതിരി ആദ്യമായി കാണുന്നതുപോലെ……. “…. അവൾ അയാളെനോക്കി കളിയാക്കികൊണ്ട് ചോദിച്ചു….

“നീ………. “….. കൂടുതലൊന്നും സംസാരിക്കാനായി അവളുടെ അച്ഛന്റെ നാവുപൊങ്ങുന്നുണ്ടായിരുന്നില്ല…

“…. ഓ.. ഞാനതു മറന്നു…. നമ്മൾതമ്മിൽ കാണാതിരുന്നിട്ട് കുറച്ചുദിവസമായില്ലേ ….അതാണ് അച്ഛനു എന്നെക്കണ്ടിട്ട് മനസിലാവാത്തത്…..”….
അവൾ അയാളെനോക്കി ക്രൂരമായൊന്നു ചിരിച്ചു….

പുറകിലേക്ക് ഓടാൻനോക്കിയ അയാളുടെ കാലുകൾ ചലിക്കുന്നുണ്ടായിരുന്നില്ല….

“അച്ഛനെന്നെ കണ്ടിട്ട് പേടിയാകുന്നുണ്ടോ…. അങ്ങനെവരാൻ വഴിയില്ലലോ…. സാധരണ എനിക്കായിരുന്നില്ലേ അച്ഛനെ പേടി…. “….

“ആരാ നീ… “…. വിറയാർന്ന ശബ്ദത്തോടെ അയാൾ ചോദിച്ചു….

“നിങ്ങളുടെ മകൾ ആർഷ…. “….ഒരു മുഴക്കത്തോടെ അവൾ പറഞ്ഞുനിർത്തി….

പേടിച്ചുനിന്ന അയാളുടെയടുത്തേക്കു അവൾ പതിയെ നടന്നടുക്കാൻ തുടങ്ങി…
തന്റെ സർവ്വശക്തിയുമെടുത്ത് അയാൾ മുന്നോട്ടേക്കു കാൽവെയ്ക്കാൻശ്രെമിച്ചു….
പക്ഷേ കഴിയുന്നുണ്ടായിരുന്നില്ല…..

അവൾ അടുത്തെത്തിയതും അയാൾ പെട്ടന്നു തറയിലേക്കു വീണു…. കൈകൾകൊണ്ട് നീങ്ങി നീങ്ങി പതിയെ പുറത്തേക്കിറങ്ങാൻ ശ്രെമിച്ചു….. പക്ഷേ ജനലിലൂടെ വന്ന ശക്തമായൊരുകാറ്റ് ആ മുറിയിലെ വാതിൽ അകത്തുനിന്നും കൊട്ടിയടച്ചു…
“ഠോ “……

ഒരു ഞെട്ടലോടെ വിയർത്തുകുളിച്ച്
ആർഷയുടെഅച്ഛൻ കട്ടിലിൽനിന്നുമെഴുനേറ്റു….. ആ ശബ്‌ദംകേട്ടു കൂടെ കിടന്നിരുന്ന അയാളുടെ ഭാര്യയും വേഗമെഴുന്നേറ്റു…… അവർ വേഗംതന്നെ മുറിയിലെ ലൈറ്റിട്ടു………

“എന്താ…. എന്തുപറ്റി നിങ്ങൾക്ക്…. “….

“ഞാൻ, ഞാനവളെ കണ്ടു…. “….

“ആരെ…. “…

“ആർഷയെ…. “….

“നിങ്ങക്കിതെന്തുപറ്റി…. വെറുതെ
പിച്ചുംപേയും പറയുന്നത്…. “….

“ഞാൻ കണ്ടു….. അവളെന്നെ കൊല്ലാൻ വന്നതുപോലെയുണ്ടായിരുന്നു…… “….

“വല്ല സ്വപ്നവും കണ്ടതായിരിക്കും…………………………………………….
അല്ല…. നിങ്ങളുടെ കൈയിലിതെന്താ… ചെളിയോ “……. സംശയത്തോടെ ഭാര്യ ചോദിച്ചു…..

“എന്ത് “…. ഒരു ഞെട്ടലോടെ ആയാൾ തന്റെ കൈകൾ നോക്കി…..

“കൈയിൽ മാത്രമല്ല…. കാലിലുമുണ്ട്…… നിങ്ങൾ രാത്രി പുറത്തുവല്ലതുംപോയോ “………

“ഇല്ല……… ഇതെങ്ങനെ….. അപ്പൊ താൻ കണ്ടത് സ്വപ്നമല്ലേ….. “……പേടിയോടെ അയാൾ ചുറ്റുംനോക്കി…….

വേഗംതന്നെ കട്ടിലിൽനിന്നുമെഴുനേറ്റു….. വാതിൽ തുറന്നു ആർഷയുടെ മുറിയെ ലക്ഷ്യമാക്കി
നടന്നു …. അയാൾ എവിടെപോകുന്നുവെന്നു നോക്കി അയാളുടെ ഭാര്യയും പുറകെച്ചെന്നു…… നടക്കുന്ന സമയത്ത് അയാൾ തറയിലെല്ലാം നോക്കുന്നുണ്ടായിരുന്നു……. പക്ഷേ അവിടെ മണ്ണും ചെളിയുമൊന്നുമുണ്ടായിരുന്നില്ല………

അങ്ങനെ രണ്ടുപേരും അവളുടെ മുറിയുടെ മുന്നിലെത്തി……. പക്ഷേ ആ മുറി അയാൾ നേരത്തെ കണ്ടതുപോലെ ആയിരുന്നില്ല…
പൂട്ടി തന്നെ കിടക്കുകയായിരുന്നു…..

ആർഷയുടെ അച്ഛൻ വേഗംത്തന്നെ തന്റെ മുറിയിലേക്ക് തിരിച്ചോടി…. എന്നിട്ട് അവളുടെ മുറിയുടെ താക്കോലുമായി തിരിച്ചുവന്നു… തന്റെ
ഭർത്താവിനിതെന്തുപറ്റിയെന്ന് മനസിലാകാതെ കുഴങ്ങിനിൽക്കുകയായിരുന്നു അയാളുടെ ഭാര്യ…….

വാതിൽതുറന്നു അച്ഛൻ വേഗം മുറിയിലേക്ക് കയറി….ലൈറ്റ് ഇട്ടു.. . പക്ഷേ അവിടെയൊന്നും യാതൊരു പ്രേശ്നവുമുണ്ടായിരുന്നില്ല….. തറയെല്ലാം നല്ല ക്ലീൻ ആയി തന്നെ കിടക്കുന്നു……
അയാൾ വീണ്ടും തന്റെ ശരീരത്തിലേക്ക് നോക്കി…….. “ഇത്തിരി മുൻപ് താൻ കണ്ടത് സ്വപ്നമാണെങ്കിൽ ഈ
ദേഹത്തുകാണുന്ന അഴുക്കെല്ലാമെങ്ങനെ വന്നു “…. ആർഷയുടെ അച്ഛൻ മനസിൽചിന്തിച്ചു….

അയാളങ്ങനെ ചിന്തിച്ചതും മുറിയുടെ വാതിൽ വലിയൊരുശബ്ദത്തോടെ അടഞ്ഞതും ഒരുമിച്ചായിരുന്നു…. അതെ… ആർഷയുടെ അച്ഛൻ അവളുടെമുറിക്കുള്ളിലാണിപ്പോൾ …. എല്ലാംകണ്ട അയാളുടെ ഭാര്യക്ക് ഒരു നിമിഷത്തേക്ക് എന്തുചെയ്യണമെന്നായി……..
അവർ വേഗംതന്നെ വാതിലിനുപുറത്തുനിന്നു അയാളെ ഉച്ചത്തിൽ വിളിക്കാൻ തുടങ്ങി…

അമ്മയുടെ ശബ്ദംകേട്ട് ആർഷയുടെ ചേച്ചിയും അപ്പോളവിടെ എത്തിയിരുന്നു…. രണ്ടുപേരും മാറിമാറി വാതിലിൽകൊട്ടികൊണ്ടിരുന്നു….

പക്ഷേ ആർഷയുടെ മുറിയിൽനിന്നും യാതൊരു ശബ്ദവും പുറത്തേക്കു
കേൾക്കുന്നുണ്ടായിരുന്നില്ല…….
****—-************************************

“ഇന്നലെപോയ കാര്യമെന്തായി….. നീ രാത്രി തിരിച്ചുവന്നത് ഞാനറിഞ്ഞിരുന്നില്ല… “…. ലീന ആകാംക്ഷയോടെ ആർഷയോടു ചോദിച്ചു…

“എന്താവാൻ….. നല്ലതുപോലെ പേടിപ്പിച്ചിട്ടുണ്ട്…… “…..

“എന്നിട്ട്…ബാക്കിയെന്തായി . “….

“എന്നിട്ട് ….അല്ലെകിൽ വേണ്ട… . അതു നീ നേരിട്ടുപോയി കണ്ടാൽമതി……. “……

“എവിടെ നിന്റെ വീട്ടിൽപ്പോയി കാണനോ…അതൊന്നും പറ്റില്ല “….

“ഏയ്യ് അല്ല….. ഞങ്ങളുടെ നാട്ടിൽ ഒരു മെന്റൽ ഹോസ്പിറ്റലുണ്ട്….വീട്ടിൽനിന്നും കുറച്ചുദൂരമേയുള്ളു… ഈ നേരം പുള്ളിയെ അങ്ങോട്ടേക്ക് കൊണ്ടുപോയിട്ടുണ്ടാകും …. അതിനാണ് സാധ്യത….. “…..

“എന്ത്…. നീ നിന്റെ അച്ഛന്റെ മാനസികനില തെറ്റിച്ചോ…. “…..

“മം…. കുറച്ച്…… ഇനി അടുത്തകാലത്തൊന്നും അത് ശെരിയാകാൻ പോകുന്നില്ല … അതുവരെ അമ്മയും മകളും നടക്കട്ടെ അച്ഛനെനോക്കികൊണ്ട്…… “……..

“നീ ആളുകൊള്ളാമല്ലോ….നിന്റെ ഭാഗത്തുനിന്നും ഇത്രെയും ഞാൻ പ്രതീക്ഷിച്ചില്ല…ജസ്റ്റ്‌ ഒന്നു പേടിപ്പിച്ചിട്ടുവരുമെന്ന ഞാൻ വിചാരിച്ചത്… … ആ….. എന്തായാലും എന്നിക്ക് സന്തോഷമായി….. നിന്റെ കടങ്ങളിലോരെണ്ണം വീട്ടിക്കഴിഞ്ഞു…..”….
****–**************************************
“എന്താ ആന്റി…. അങ്കിളിനെന്താ പറ്റിയെ… “….. മെന്റൽ ഹോസ്പിറ്റലിലെത്തിയ ജോൺ ആർഷയുടെ വളർത്തമ്മയോടു ചോദിച്ചു…..

“അറിയില്ല മോനേ….. ഇന്നലെ ആർഷയെ സ്വപ്നംകണ്ടുവെന്നു പറഞ്ഞു അവളുടെമുറിയിലേക്കു പോയതാ…. പിന്നെ എന്താ നടന്നതെന്ന് എനിക്കും മനസിലാകുന്നില്ല “….. ഇന്നലെ അവർ കണ്ട കാര്യങ്ങളെല്ലാം ജോണിനോടു വിവരിച്ചുപറഞ്ഞു……

എല്ലാംകേട്ടുകഴിഞ്ഞപ്പോൾ ജോൺ വലാതെ അസ്വസ്ഥനായി…..
അല്പംനേരംകൂടി അവിടെ നിന്നതിനുശേഷം
അവൻ വേഗംതന്നെ തന്റെ വീട്ടിലേക്കു തിരിച്ചു….

ഒറ്റക്കൊരുവീട്ടിലാണ് ജോണിന്റെ താമസം…. അവന്റെ അച്ഛനുമമ്മയും അവന്റെ വീടിനടുത്തുതന്നെയാണ് താമസിക്കുന്നത് ……….. ഫിനാൻഷ്യലി അത്യാവശ്യം നല്ല നിലയിലുള്ളവരാണ് ജോണിന്റെ കുടുംബം….. അവന്റെ മാത്രമല്ല
ആർഷയുടെയും…..

ആർഷയുടെ വളർത്തമ്മയുടെ സഹോദരന്റെ മകനാണ് ജോൺ….. ഹയർ സ്റ്റഡീസിന്റെ ഭാഗമായി അവൻ കുറച്ചുവർഷം നാട്ടിലുണ്ടായിരുന്നില്ല…..
ഇവിടെ അവനധികം ഫ്രണ്ട്സൊന്നുമില്ല ….
ഉള്ളവരൊക്കെ കുട്ടികാലം മുതലേ അവന്റെകൂടെയുള്ളവരാണ് …..

വീട്ടിലെത്തിയ ജോൺ നേരെച്ചെന്നു കട്ടിലിലേക്കുകിടന്നു….. ആ നേരം അവന്റെ ആലോചനയിൽ മുഴുവൻ ആർഷയായിരുന്നു……ഒരുതരം വെറുപ്പായിരുന്നു അവനവളോട്….. പക്ഷേ ആ കാര്യം അധികമാർക്കും അറിയില്ല എന്നതാണ് സത്യം…. ആർഷയ്ക്കുൾപ്പെടെ…..
*******************************************

“ടാ… നിനക്കുപറ്റുമെകിൽ നാളെ നീ കിരണിന്റെ വീടുവരെയൊന്നുപോകണം….എനിക്കുവേണ്ടി അവനെ കാണണം… “….

“ഞാനോ….. എന്തിന്… അല്ല നീ വരുന്നില്ലേ അപ്പൊ…. “…

“ഇല്ല.. ഞാൻ വരുന്നില്ല…. നീ അവനെച്ചെന്നുകണ്ട് എനിക്കുവേണ്ടി സോറി ചോദിക്കണം….. ഞാനവനെ വല്ലാതെ തെറ്റിദ്ധരിച്ചു……..എല്ലാവരെയും വെറുത്തതുപോലെ കുറച്ചുനിമിഷത്തേക്കു അവനെയും ഞാൻ വെറുത്തു….. “….ആർഷ സങ്കടത്തോടെ പറഞ്ഞു..

“നിനക്ക് കാണണമെന്നില്ലേ അവനെ …. “…

“വേണ്ട…..ഇനി കാണാതിരിക്കുന്നതാണ് നല്ലത്….. കണ്ടാൽ, ….. ഇനി അതുകൊണ്ട് ഞങ്ങൾ രണ്ടുപേർക്കും യാതൊരു ഗുണവുമില്ല….
അവൻ പതുക്കെ ആ പഴയ പ്രസരിപ്പോടെ തിരിച്ചുവരണം…. അതാണെന്റെ ആഗ്രഹം…
….. “………

“ശെരി, ഞാൻ പോകാം…. “….. ലീന പറഞ്ഞു..

കുറച്ചുനേരത്തേക്കു രണ്ടുപേരും പരസ്പരമൊന്നും സംസാരിച്ചില്ല…… ആ നിശബ്ദത ലീനയ്ക്കോട്ടും ഇഷ്ടമായില്ല…
അവൾ വിഷയം മാറ്റാനെന്ന രീതിയിൽ ആർഷയുടെ അച്ഛന്റെകാര്യം
ചർച്ചയ്ക്കെടുത്തിട്ടു…..

“ടാ…. നിന്റെ കസിൻ ജോണിനോടു വിളിച്ചുചോദിച്ചാൽ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാൻ പറ്റുമായിരുന്നു….നിന്റെ അച്ഛന്റെകാര്യമറിഞ്ഞിട്ടു വിളിക്കുന്നതായിട്ടുവേണ്ട…. വെറുതെ എല്ലാവരും എങ്ങനെയിരിക്കുന്നു… ആർഷയുടെ അച്ഛനും അമ്മയും എന്ത് ചെയ്യുന്നു… അവരുടെ മകളെയോർത്തുള്ള വിഷമം മാറിയോ എന്നൊക്കെ വിശേഷം ചോദിക്കുന്നതുപോലെ വിളിക്കാം…. “….. ലീന താല്പര്യത്തോടെ പറഞ്ഞുനിർത്തി….

“നീ ആരുടെകാര്യമാ പറഞ്ഞത്…. ജോണിന്റെയോ…. ജോണിനെ
നിനക്കറിയാമോ….. “…..

“ആ…. അന്ന് നിന്നെ ആശുപത്രിയിൽ എത്തിച്ച സമയം പരിചയപ്പെട്ടതാണ്…. ഓ.. ഈ കാര്യം ഞാൻ നിന്നോട് പറയാൻ മറന്നുപോയി…അന്ന് അയാളും വല്യ വിഷമത്തിലായിരുന്നു …. അഭിനയമാണോ എന്തോ “…..

“മം….. “…. ആർഷ കൂടുതലൊന്നും സംസാരിച്ചില്ല……

“…. ജോണിന്റെകാര്യം പറഞ്ഞത് നിനക്കിഷ്ടമായില്ലെന്ന് തോന്നുന്നു… എന്താ അയാൾ വല്ല പ്രശ്നക്കാരനുമാണോ… “…
സംശയത്തോടെ ലീന ആർഷയോടു ചോദിച്ചു…….

തുടരും…