രചന. – കണ്ണന്റെ മാത്രം
അന്ന് രാത്രി കിടക്കാൻ റൂമിലേക്ക് വന്നതാണ് ജെനി. കുറച്ചുനേരം ആലോചിച്ചതിനു ശേഷം അവൾ ഫോൺ എടുത്ത് ജോസഫിനെ വിളിച്ചു.
എന്തുപറ്റി മോളെ… എന്താ ഈ നേരത്തൊരു വിളി.. അയാൾ ആകുലതയോടെ ചോദിച്ചു.
ഒന്നുല്ല പപ്പ. നാളെ അല്ലേ ജോയിൻ ചെയ്യാൻ പോകുന്നത്. അതുകൊണ്ട് വിളിച്ചതാണ്..
പപ്പക്ക് ഓർമയുണ്ട് മോളെ. എപ്പോഴും പപ്പയുടെ പ്രാർത്ഥന മോളുടെ കൂടെ ഉണ്ടാവും. എന്തു വന്നാലും തളരരുത്. എല്ലാം നല്ല ധൈര്യത്തോടെ നേരിടണം. നമ്മൾ തളർന്നാലോ കരഞ്ഞാലോ നമ്മളെ ചവിട്ടി താഴ്ത്താൻ ശ്രമിക്കുന്നവരുടെ എണ്ണം കൂടും. അതുകൊണ്ട് എപ്പോഴും തലയുയർത്തി നിക്കണം.
അറിയാം പപ്പ. ഇനി ദൈവത്തിനു മുന്നിൽ അല്ലാതെ വേറെ ആരുടേയും മുന്നിൽ ഞാൻ തല കുനിച്ച് നിൽക്കില്ല.. പിന്നെ പപ്പേ ക്രിസ്റ്റിയുടെ റിസൾട്ട് വന്നു ഇന്ന്. അവനു ഫസ്റ്റ് റാങ്ക് ഉണ്ട്.
ആണോ.. നല്ല കാര്യം.. അവനോട് ഇനിയും ഉയർന്ന് പഠിക്കാൻ പറയണം…
ആ പപ്പേ ഞാൻ പറയാം. മമ്മി എന്തിയേ..
അവൾ അടുക്കളയിൽ ആണ്. ഞാൻ റൂമിൽ ഫിനാൻസിലെ കണക്ക് നോക്കായിരുന്നു. മോള് ഉള്ളപ്പോ ഇതൊന്നും അറിഞ്ഞിരുന്നില്ലല്ലോ. ഇപ്പൊ ഒക്കെ ഞാൻ തന്നെ ചെയ്യേണ്ടേ.
മ്മ്.. അതിന് അവൾ ഒന്ന് മൂളിയതേ ഉള്ളൂ.. എങ്കിൽ ശരി പപ്പേ പിന്നെ വിളിക്കാം. വല്യപ്പച്ചനോടും വല്യമ്മച്ചിയോടും മമ്മിയോടും ഒക്കെ പറയണം..
പറയാം മോളെ.. നാളെ എപ്പോഴാ ഇറങ്ങുന്നേ..
8 മണി ആവുമ്പോ ഇറങ്ങണം പപ്പേ.. യാത്ര ഉള്ളതല്ലേ അങ്ങോട്ട്.
ആ ശരിയാ. എങ്കിൽ മോള് കിടക്കാൻ നോക്കിക്കോളൂ. നാളെ നേരത്തെ എഴുനേൽക്കേണ്ടതല്ലേ…
ശരി പപ്പേ.. ഗുഡ് നൈറ്റ്..
ജെനി ഫോൺ വച്ചിട്ട് ഉറങ്ങാനായി കിടന്നു.
………………..
പിറ്റേന്ന് നേരത്തെ തന്നെ ജെനി സ്കൂളിൽ പോകാനുള്ള ഒരുക്കങ്ങൾ നടത്തി ഇറങ്ങാൻ നിൽക്കുന്ന നേരത്താണ് ജോസഫും ആനിയമ്മയും കൂടി വന്നത്.
ആഹാ ജോസഫോ.. എന്താ പ്രാത്യേകിച്ച്… മാത്യൂസ് അവരുടെ അടുത്തേക്ക് പോയിക്കൊണ്ട് ചോദിച്ചു.
ഒന്നുമില്ല. ഇന്ന് മോളുടെ ജീവിതത്തിൽ ഒരു പുതിയ തുടക്കം അല്ലേ. അപ്പൊ മോളെ ഒന്ന് കാണണം എന്ന് തോന്നി..
ജോസഫ് അത് പറഞ്ഞപ്പോൾ ജെനിക്കും വീട്ടുകാർക്കും സന്തോഷം തോന്നി. ഒന്നും പറഞ്ഞില്ലെങ്കിലും അവൾ ഇവരെ ഒന്ന് കാണണം എന്ന് ആഗ്രഹിച്ചിരുന്നു.
ഇച്ചേച്ചി ഇറങ്ങാൻ നോക്കിയാലോ. ഇനിയും നിന്നാൽ വൈകും അവിടെ എത്താൻ..
മോള് വായോ ഞങ്ങൾ കൊണ്ടാക്കാം.. ആനിയമ്മ പറഞ്ഞു.
അത് വേണ്ട മമ്മി. സ്ഥലം ഒക്കെ ഒന്ന് പഠിച്ചിരിക്കാൻ ബസിൽ പോകുന്നതാണ് നല്ലത്. ബസ്സിന്റെ സമയം കറക്റ്റ് അറിയാനും അതാ നല്ലത്. നാളെ മുതൽ കറക്റ്റ് സമയത്ത് അവിടെ എത്തേണ്ടതല്ലേ. ഇന്ന് ക്രിസ്റ്റി വരുന്നുണ്ട് കൂടെ. അപ്പൊ എല്ലാം ഒന്ന് മനസിലാക്കി വച്ചാൽ നാളെ മുതൽ ഒറ്റക്ക് പോയി തുടങ്ങാമല്ലോ..
അത് ശരിയാ.. എങ്കിൽ പിന്നെ ഇറങ്ങാൻ നോക്കിക്കോ.. ജോസഫ് പറഞ്ഞു.
ജെനി എല്ലാവരുടെയും അനുഗ്രഹം വാങ്ങിയിട്ട് ക്രിസ്റ്റിയുടെ കൂടെ ഇറങ്ങി. എല്ലാവരും അവളുടെ നന്മക്ക് വേണ്ടി പ്രാർത്ഥിച്ചു.
……………
ജെനിയും ക്രിസ്റ്റിയും സ്കൂളിൽ എത്തുമ്പോൾ അന്നയും എബിയും വന്നിട്ടുണ്ടായിരുന്നു. ഇവരും കൂടി എത്തിയതും നാല് പേരുംകൂടി ഓഫീസ് റൂമിലേക്ക് നടന്നു. അവർ ഓഫീസിൽ എത്തുമ്പോൾ അവിടെ ഡേവിയും ജോണും പ്രിൻസിപ്പാളും ഉണ്ടായിരുന്നു.
ആ നിങ്ങൾ എത്തിയോ അപ്പൊ രാമാ ഇതാണ് ഞാൻ പറഞ്ഞ കുട്ടികൾ. ഇത് എന്റെ മരുമകൾ ആൻ മരിയ. പിന്നെ ഇത് ഞങ്ങൾക്ക് വളരെ വേണ്ടപ്പെട്ട കുട്ടിയാണ് ജെനിഫർ. ജെനി മോള് അക്കൗണ്ടൻസിയും അന്ന മോള് ഇക്കണോമിക്സും ആണ്. മക്കളെ ഇത് നമ്മുടെ പ്രിൻസിപ്പാൾ ആണ് രാമകൃഷ്ണകൈമൾ . കൂടാതെ എന്റെ ഉറ്റ സുഹൃത്തും ആണ്…. ജോൺ അവർക്ക് പരസ്പരം പരിചയപ്പെടുത്തി കൊടുത്തു.
നിങ്ങൾ ഇന്ന് ക്ലാസ്സിൽ കയറുന്നുണ്ടോ മക്കളെ..കൈമൾ സാർ അവരോടായി ചോദിച്ചു.
കയറാം സാർ. ഒന്ന് പരിചയപ്പെട്ടിരിക്കാലോ കുഞ്ഞുങ്ങളെ ഒക്കെ… അന്ന പറഞ്ഞു.
പ്ലസ് വൺ ക്ലാസ്സ് ഇന്നലെ സ്റ്റാർട്ട് ആയിട്ടേ ഉള്ളൂ. പിന്നെ പ്ലസ് ടു 2 മാസത്തോളം ആയി. ഒരു കാര്യം ചെയ്യ് ജെനിഫർ പ്ലസ് ടുവിലും ആൻ പ്ലസ് വണ്ണിലും പോകട്ടെ… കൈമൾ സാർ അതുംപറഞ്ഞുകൊണ്ട് പ്യൂണിനെ വിളിപ്പിച്ചു. അയാൾ വന്നതും ജെനിയും അന്നയും എല്ലാവരോടും യാത്ര പറഞ്ഞ് പോയി.
ക്രിസ്റ്റി നീ നേരെ ഓഫീസിലേക്ക് ആണോ. അവർ പോയതും ഡേവി ചോദിച്ചു.
അതേ ചേട്ടായി…
ആ എന്നാൽ നമുക്ക് ഒരുമിച്ച് പോകാം. ഞാനും അങ്ങോട്ടാണ്.
ഒക്കെ ചേട്ടായി….
അങ്ങനെ അവരും പരസ്പരം യാത്ര പറഞ്ഞ് പിരിഞ്ഞു പോയി.
…………….
ജെനിയും അന്നയും സ്കൂളിൽ പോയി തുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. ആദ്യത്തെ ഒന്ന് രണ്ട് ദിവസം അവർക്കൊരു ബുദ്ധിമുട്ട് തോന്നി. പിന്നെ അവർ ആ ജോലിയോട് സെറ്റ് ആയി. ഇപ്പൊ രണ്ടാളും നല്ല ഹാപ്പി ആണ്. പ്രത്യേകിച്ച് ജെനി. കുട്ടികളും അവരുടെ കാര്യങ്ങളും ഒക്കെ ആയപ്പോൾ അവളും ബിസി ആയി. ഇപ്പൊ വീട്ടിൽ വന്നാലും സ്കൂളിലെ വർക്കും കാര്യങ്ങളും ഒക്കെ ഉള്ളത് കൊണ്ട് ആവശ്യമില്ലാത്ത കാര്യങ്ങൾ ഒന്നും ചിന്തിച്ചിരിക്കുന്ന പണി ഇല്ല ജെനിക്ക് . അവളുടെ മാറ്റങ്ങൾ എല്ലാവരെയും ഒരു പോലെ സന്തോഷത്തിൽ ആക്കി. ഒരാഴ്ച മുന്ന് സോഫി പ്രസവിച്ചു എന്നറിഞ്ഞപ്പോളും അവൾ അതൊന്നും അവളെ ബാധിക്കാത്ത കാര്യം പോലെ ആണ് പെരുമാറിയത്. മറ്റുള്ളവർക്ക് അത് വലിയൊരു ആശ്വാസം ആയിരുന്നു.
അന്ന് വൈകിട്ടാണ് ജെനിക്ക് ഷൈമയുടെ കാൾ വരുന്നത്.
എന്താ ഷൈമത്താ വിളിച്ചത്…
ജെനി മറ്റന്നാൾ ആണ് നിങ്ങളുടെ കേസിന്റെ ആദ്യ അപ്പിയറിങ്. ഒരു 9.30 ഒക്കെ ആവുമ്പോഴേക്കും കുടുംബകോടതിയുടെ അവിടേക്ക് വന്നാൽ മതി.
ശരി ഇത്ത. ഞാൻ വന്നോളാം..
എന്നാൽ ശരി ജെനി. ഞാൻ ഇത് പറയാൻ വിളിച്ചതാണ്.
ബൈ ഇത്താ… മറ്റന്നാൾ കാണാം.
ഫോൺ വച്ചുകഴിഞ്ഞിട്ട് ജെനി നേരെ മാത്യുവിന്റെ ഒക്കെ അടുത്തേക്ക് പോയി ഷൈമ വിളിച്ചത് പറഞ്ഞു.
ഞാൻ വരാം ഇച്ചേച്ചി കൂടെ ഒറ്റക്ക് പോകണ്ട. നാളെ സ്കൂളിൽ പോകുമ്പോൾ മറ്റന്നാൾക്ക് ലീവ് പറയാൻ മറക്കണ്ട. ഞാനും ലീവ് പറഞ്ഞോളാം…
നീ വരണ്ട കാര്യം ഒന്നും ഇല്ലെടാ. ഞാൻ പൊക്കോളാം. വെറുതെ എന്തിനാ ഒരു ലീവ് കളയുന്നെ…
അതൊന്നും കുഴപ്പമില്ല ഇച്ചേച്ചി. അത് ഞാൻ ഡേവി ചേട്ടായിടെ അടുത്ത് പറഞ്ഞോളാം.
അത് മതി മോളെ ഒറ്റക്ക് പോകേണ്ട.. മാത്യുവും പറഞ്ഞു.
പിന്നെ ജെനി എതിരൊന്നും പറഞ്ഞില്ല.പിറ്റേദിവസം സ്കൂളിൽ എത്തിയപ്പോൾ തന്നെ ജെനി അന്നയോട് ഷൈമത്ത വിളിച്ചതും പിറ്റേന്ന് ചെല്ലാൻ പറഞ്ഞതും പറഞ്ഞു.
ഞാൻ വരാടി. നമുക്ക് രണ്ടാൾക്കും ലീവ് പറയാം…അന്ന പറഞ്ഞു.
വേണ്ട പെണ്ണേ. ക്രിസ്റ്റി വരാം എന്ന് പറഞ്ഞിട്ടുണ്ട്. ഇതിപ്പോ എന്തിനാ ഇത്രേം അധികം പേര്. വെറുതെ ലീവ് കളയണ്ടല്ലോ.
അതൊന്നും കുഴപ്പം ഇല്ല. ഞാൻ വരാം. അങ്ങനെയെങ്കിലും ഒരു ദിവസം ലീവ് എടുക്കട്ടെ ടി. ഇതിപ്പോ എന്നെക്കൊണ്ട് ഒറ്റദിവസം ലീവ് എടുപ്പിക്കില്ല ആ പേട്ട ഇച്ഛൻ.
എന്റെ അന്നമ്മേ നിന്റെ ഈ മടി ഇനി എന്ന് മാറാൻ ആണ്. പണ്ട് സ്കൂളിലും കോളേജിലും ഒക്കെ പഠിക്കാൻ പോകുമ്പോഴും ഇതേ മടി തന്നെ അല്ലേ ആയിരുന്നെ. ഇപ്പൊ പഠിപ്പിക്കാൻ വരുമ്പോഴും അതിന് മാറ്റം ഒന്നും ഇല്ല അല്ലേ..
അതെന്റെ കുറ്റം അല്ലേടി മാനുഫാക്ചറിങ് ഡിഫെക്ട് ആണ്. പണ്ട് മമ്മിക്കും ഇതേ പ്രോബ്ലം ഉണ്ടായിരുന്നുത്രെ. പാവം ഞാൻ… അന്നമ്മ വളരെ നിഷ്കളങ്കമായി പറഞ്ഞു.
എന്റെ അന്നേ നിന്റെ വായിൽ ഈ നാവില്ലായിരുന്നെങ്കിൽ നിന്നെ വല്ല പക്ഷിയും കൊത്തികൊണ്ട് പോയേനെ…ഹോ..
ഈ… അന്ന നല്ല മാന്യമായിട്ട് ഇളിച്ച് കാണിച്ചു.
അങ്ങനെ അവർ രണ്ടാളും ലീവ് ഒക്കെ പറഞ്ഞു സെറ്റ് ആക്കി.
അന്ന് വൈകിട്ട് വീട്ടിൽ പോകാൻ ഇറങ്ങിയ നേരത്താണ് എന്തോ പാർട്ടി പ്രശ്നത്തിന്റെ പേരിൽ മിന്നൽ പണിമുടക്ക് വന്നത്. പിന്നെ കുട്ടികളെ സുരക്ഷിതമായി വീട്ടിൽ എത്തിക്കാനും മറ്റുമായി കുറച്ചുനേരം കൂടി സ്കൂളിൽ നിന്നു അവർ. എല്ലാം കഴിഞ്ഞപ്പോൾ ആണ് ഇനി ജെനി എങ്ങനെ പോകുമെന്ന ചിന്ത വന്നത്.
അവൾ വേഗം ഫോൺ എടുത്ത് ക്രിസ്റ്റിയെ വിളിച്ചു…
ഞാൻ ഇച്ചേച്ചിയെ വിളിക്കാൻ ഇരിക്കായിരുന്നു. ബസ് ഇല്ലല്ലോ ഇച്ചേച്ചി. ഞാൻ ഓഫീസിൽ നിന്ന് എത്തിയിട്ടില്ല. വീട്ടിൽ എത്തിയിട്ട് ബൈക്ക് എടുത്ത് വരാം. അതുവരെ അവിടെ നിക്കോ..
ജെനി സംസാരിക്കാൻ തുടങ്ങുമ്പോഴേക്കും ഫോൺ അന്ന തട്ടിപ്പറച്ചിരുന്നു.
ക്രിസ്റ്റി എബിച്ഛൻ വിളിച്ചിരുന്നു എന്നെ എവിടെയൊക്കെയോ അക്രമങ്ങൾ നടക്കുന്നുണ്ട്. നീ ഇന്ന് ഇനി വരാൻ നിൽക്കണ്ട. അവൾ എന്റെ കൂടെ നിന്നോളും. നാളെ എന്തായാലും ഞാനും വരുന്നുണ്ട് കോർട്ടിലേക്ക്. അപ്പൊ നാളെ മോർണിംഗ് ഞങ്ങൾ വീട്ടിൽ എത്തിക്കോളാം…
അല്ല അന്നേച്ചി അത് ഇച്ചേച്ചി..
നിന്റെ ഇച്ചേച്ചിക്ക് ഒരു കുഴപ്പവും ഇല്ലാതെ ഞാൻ നോക്കിക്കോളാം. നീ ഫോൺ വെക്ക് അപ്പച്ചനെ വിളിച്ചു പറയണം.
ഫോൺ ഒന്ന് ഇച്ചേച്ചിക്ക് കൊടുക്കോ അന്നേച്ചി.
ഇപ്പൊ വേണ്ടടാ. അവൾ ഇത്തിരി കഴിഞ്ഞിട്ട് വിളിക്കും നിന്നെ. ഇപ്പൊ തല്ക്കാലം അതിനെ ഞാൻ ഒന്ന് ഒതുക്കട്ടെ. ഇവിടെ നിന്ന് കണ്ണ് തുറുപ്പിച്ചു കാണിക്കുന്നുണ്ട്. അപ്പൊ ശരി ടാ..
ഒക്കെ ചേച്ചി..
അന്ന ഫോൺ വച്ചതും ജെനി അവളെ നോക്കിപേടിപ്പിച്ചുകൊണ്ട് തല തിരിച്ചു.
എന്റെ പൊന്ന് ജെനി എന്നോട് ഇച്ഛൻ ഇങ്ങോട്ട് പറഞ്ഞതാ. ഇന്ന് നിന്നെ വിടണ്ട എന്ന്. ക്രിസ്റ്റി വണ്ടിയും കൊണ്ട് വരുന്ന വഴിക്ക് അവനെ വല്ലവരും ഉപദ്രവിച്ചാലോ. ഇച്ഛൻ തന്നെ ഹോസ്പിറ്റലിൽ നിന്ന് പോന്നിട്ടില്ല ഈ അക്രമങ്ങൾ നടക്കുന്ന കാരണം. ഇപ്പൊ നമ്മളെ വിളിക്കാൻ ചേട്ടായി വരും. നീ കാര്യം മനസിലാക്ക്. അപ്പോഴേക്കും ഞാൻ അപ്പച്ചനെ ഒന്ന് വിളിക്കട്ടെ.
അല്ല അന്നേ അത്..
അന്ന അത് കേൾക്കാത്ത പോലെ ജെനിയുടെ ഫോണിൽ നിന്നും മാത്യുവിനെ വിളിച്ചു.
ആ മോളെ.. എങ്ങനെയാ ഇപ്പൊ വരാ. ഇവിടെ ഒക്കെ ചെറുതായിട്ട് അക്രമങ്ങൾ നടക്കുന്നുണ്ട്.
ജെനിയാണെന്നു കരുതി മാത്യു ഫോൺ എടുത്ത വഴിക്ക് അവളോട് ചോദിച്ചു.
അപ്പച്ചാ ഞാൻ അന്നയാ. ജെനി ഇന്ന് എന്റെ കൂടെ നിന്നോട്ടെ. എബിച്ഛനും വിളിച്ചു പറഞ്ഞു എവിടെയൊക്കെയോ അക്രമങ്ങൾ നടക്കുന്നുണ്ട് എന്ന്.
അല്ല മോളെ.. അതിപ്പോ.. നാളെ ജെനിക്ക് കോടതിയിലും പോകേണ്ടതല്ലേ. അപ്പൊ അവിടെ നിന്നാൽ.. അയാൾ പകുതിയിൽ നിർത്തി.
ഞാനും പോകുന്നുണ്ട് അപ്പച്ചാ കോർട്ടിലേക്ക്. നാളെ രാവിലെ ഞങ്ങൾ അവിടെ എത്തിക്കോളാം. അത് പ്രശ്നം ഇല്ല..
എങ്കിൽ പിന്നെ അങ്ങനെ ആവട്ടെ..
എന്നാൽ അപ്പച്ചൻ അതൊന്നു പൊന്നുമോളോട് പറയ് ഇവിടെ എന്നെ നോക്കി ദഹിപ്പിച്ച് മുഖവും വീർപ്പിച്ച് നിൽപ്പുണ്ട് അവള്… അതും പറഞ്ഞിട്ട് അന്ന ഫോൺ ജെനിയുടെ കൈയിൽ കൊടുത്തു.
അപ്പച്ചാ.. ജെനി വിളിച്ചു.
മോളെ അന്നമോള് പറയുന്നത് ശരിയാണ്. അക്രമങ്ങൾ നടക്കുന്നുണ്ട് എവിടെയൊക്കെയോ. ക്രിസ്റ്റി ആണെങ്കിൽ ഇത് വരെ എത്തിയിട്ടില്ല. ഇനി അവൻ വന്ന് മോളെ എടുക്കാൻ വരുമ്പോഴേക്കും സമയം ഒരുപാട് ആവില്ലേ. അത് കൊണ്ട് മോള് ഇന്ന് അന്നമോളുടെ കൂടെ നിക്ക്. ഞാൻ ഇവിടെ ഒന്ന് രണ്ടു ടാക്സിക്കാരോട് ചോദിച്ചു നോക്കി മോളെ കൊണ്ട് വരാൻ അങ്ങോട്ട് വരാൻവേണ്ടി. പക്ഷേ ഇങ്ങനെ ഒരു അവസ്ഥ ആയതുകൊണ്ട് ആരും കൂട്ടാക്കുന്നില്ല.
മ്മ്.. ശരി അപ്പച്ചാ.. നാളെ കാണാം. അമ്മച്ചിയോട് പറയ്…
അത് പറയാം മോളെ… എന്നാൽ വച്ചോ..
ജെനി ഫോൺ വച്ചതും അന്ന അവളെ നോക്കി പേടിപ്പിച്ചു. ഇതൊക്കെ തന്നെ അല്ലേടി ഞാനും പറഞ്ഞത് അപ്പൊ അവൾ എന്നെ നോക്കി പേടിപ്പിച്ചു. ഞാൻ ഒരു പാവം ആയതുകൊണ്ടല്ലേ..
എന്തോ.. ആര് പാവം. ആ പാവത്തിന്റെ മുഖം ഞാൻ ഒന്ന് കാണട്ടെ.. ജെനി അന്നയെ കളിയാക്കികൊണ്ട് പറഞ്ഞു.
ഈ.. അതിന് അന്ന അവളെ നോക്കി ഇളിച്ച് കാണിച്ചു.
അയ്യടാ.. എന്താ ഇളി. അല്ല ആലി മോളെ കണ്ടില്ലല്ലോ. ഞാൻ ഇന്ന് അവരുടെ ക്ലാസ്സിൽ പോയിട്ടുണ്ടായില്ല. എവിടെ ആള്. നിങ്ങൾ ഒരുമിച്ചല്ലേ പോകാറ്.
അവള് വന്നിട്ടില്ല ഇന്ന്. പനി ആയിട്ടിരിക്കാണ്. അല്ലെങ്കിൽ അവളായിരുന്നേനെ നിന്നെ ഏറ്റവും കൂടുതൽ നിർബന്ധിക്ക. നിന്നെ എന്തൊരു ഇഷ്ടം ആണെന്നോ. എപ്പോഴും നിന്റെ കാര്യം പറയാനേ അവൾക്ക് നേരം ഉള്ളൂ. അവൾക്ക് മാത്രം അല്ല രണ്ടാഴ്ച കൊണ്ട് നീ മൊത്തം കുട്ടികളെയും കുപ്പിയിൽ ആക്കിയില്ലേ. കുട്ടികളെ മാത്രോ പ്രിൻസിപ്പാളിനെ അടക്കം എല്ലാ ടീച്ചേഴ്സിനെയും നീ നിന്റെ ആളുകൾ ആക്കിയില്ലേ. സകലരെയും കുറ്റം പറഞ്ഞിരിക്കുന്ന സാലി ടീച്ചർക്ക് അടക്കം നിന്നെ കുറിച്ച് പറയാൻ നൂറ് നാവാണ്.
ഒന്ന് പോടീ അങ്ങനെ ഒന്നും ഇല്ലാ.. നീ ചുമ്മാ തള്ളി മറക്കല്ലേ..
ഞാൻ തള്ളിയതൊന്നും അല്ല പെണ്ണേ. ഡാനികുട്ടൻ പറയും അവരുടെ ക്ലാസ്സിൽ വരെ ഉണ്ട് ഈ പുതിയ ടീച്ചറെ കുറിച്ചുള്ള ചർച്ച എന്ന്. അവൻ 9thil അല്ലേ എത്തിയിട്ടുള്ളൂ. എന്നിട്ടും രണ്ടാഴ്ച്ചക്കൊണ്ട് നീ അവരുടെ ഒക്കെ സംസാരവിഷയം ആയി. അതും നീ അവർക്ക് ക്ലാസ്സ് എടുക്കാതെ തന്നെ…
ഓഹ് പിന്നെ… ജെനി അതിനെ പുച്ഛിച്ചു വിട്ടു.
ജെനിയുടെ എക്സ്പ്രഷൻ കണ്ട് അന്ന എന്തോ പറയാൻ തുടങ്ങിയ നേരത്താണ് അവരുടെ മുന്നിലായി ഒരു കാർ വന്നു നിന്നത്. ഞെട്ടികൊണ്ട് അതിനുള്ളിലേക്ക് നോക്കിയ ജെനിയുടെ കണ്ണുകൾ വിടർന്നു വന്നു.

by