19/04/2026

നിനക്കായ് : ഭാഗം 22

രചന – കണ്ണന്റെ മാത്രം

ദിവസങ്ങൾ കടന്നുപോയി നാളെ ആണ് ജെനിക്ക് സ്കൂളിൽ ജോയിൻ ചെയ്യേണ്ട ഡേറ്റ്. ജെനി ടീച്ചിങ് ജോബ് ഒരുപാട് ഇഷ്ടപ്പെട്ട് ആണ് പഠിച്ചതെങ്കിലും ഇപ്പോൾ അവൾക്ക് എന്തോ ഒരു കോൺഫിഡൻസ് കുറവ് ഫീൽ ചെയ്യുന്നുണ്ടായിരുന്നു. അവൾക്ക് അത് ആരോടെങ്കിലും പറയണം എന്ന് തോന്നിയപ്പോൾ അവൾ അന്നയെ വിളിച്ചു.

എന്താ ജെനിക്കൊച്ചേ ഈ നേരത്തൊരു വിളി…

ഒന്നുല്ല പെണ്ണേ.. നാളെ അല്ലേ സ്കൂളിൽ ജോയിൻ ചെയ്യേണ്ടത്. എനിക്ക് എന്തോ ഒരു ടെൻഷൻ പോലെ. എനിക്ക് നന്നായി ഒക്കെ പഠിപ്പിക്കാൻ പറ്റില്ലേ എന്നൊക്കെ ഒരു ചിന്ത ആണ്.

എന്റെ പെണ്ണേ നിനക്ക് എന്തിന്റെ കേടാ അങ്ങനെ ഒരു ടെൻഷനും വേണ്ട. നിന്റെ അത്രപോലും പെർഫോമൻസ് ഇല്ലാതിരുന്ന ഞാൻ ഇവിടെ ഫ്രീ ആയിരിക്കുന്നു അപ്പോഴാണ് ടീച്ചിങ് പ്രാക്ടിസിന്റെ സമയത്ത് ബെസ്റ്റ് ആയിരുന്ന നിനക്ക് ഇത്ര ടെൻഷൻ. അതൊന്നും വേണ്ട. രണ്ടുദിവസം ക്ലാസ്സിൽ പോയാൽ നിന്റെ ടെൻഷൻ ഒക്കെ മാറും. നീയൊരു കാര്യം ചെയ്യ്‌ ഒന്ന് പള്ളിയിലൊക്കെ പോയി വായോ. അപ്പൊ ഒരു സമാധാനം കിട്ടും. അപ്പൊ ശരി മോളെ ജെനികുട്ടാ എനിക്ക് കുറച്ച് പണിയുണ്ട്. പിന്നെ വിളിക്കാം..

എന്താണാവോ ഇത്ര പണി.. ജെനി ചോദിച്ചു.

അവിടെ എളേമ്മ ചിക്കൻ വറക്കുന്നുണ്ട്. ഇപ്പൊ പോയില്ലെങ്കിൽ ആ അലനും കൂട്ടരും കൂടി തീർക്കും. അതാ..

ആ.. അങ്ങനെ വരട്ടെ. ഞാനും കരുതി എന്റെ അന്നമ്മ അങ്ങ് നന്നായി പോയെന്ന്.. അപ്പൊ ശരി നീ വിട്ടോ. ഇനി ചിക്കൻ ഫ്രൈ കിട്ടാതെ ഇരിക്കേണ്ട.

ഹിഹി.. ശരിയെന്നാ..

അത് പറഞ്ഞു ജെനി ഫോൺ വച്ചു പിന്നെ യാത്ര ആയി മാത്യുവിനോടും മേരിയമ്മയോടും പറഞ്ഞിട്ട് പള്ളിയിലേക്ക് പോയി.

കർത്താവിന്റെ തിരുസന്നിധിയിൽ എത്തിയപ്പോൾ തന്നെ അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. ഒന്നിനെ കുറിച്ചും ചിന്തിക്കാതെ ഒന്നും ആലോചിക്കാതെ അവൾ ആ തിരുരൂപത്തിൽ തന്നെ കണ്ണും നട്ടിരുന്നു. അങ്ങനെ കുറച്ചുനേരം ഇരുന്നപ്പോൾ തന്നെ അവളുടെ ഉള്ളം ശാന്തമാകുന്നത് അവൾക്ക് അറിയാൻ കഴിഞ്ഞു. കുറച്ചുനേരംകൂടി അവിടെ ചിലവഴിച്ചിട്ട് അവിടെ നിന്ന് ഇറങ്ങുമ്പോൾ അവൾക്കുള്ളം നല്ല തെളിഞ്ഞ ആകാശം പോലെ ആയിരുന്നു. അതുവരെ മനസ്സിനെ മതിച്ചിരുന്ന എല്ലാ ചിന്തകളും അവളെ വിട്ട് പോയിരുന്നു.

തിരിച്ചു റോഡിന്റെ ഒരരികുപ്പറ്റി വീട്ടിലേക്ക് നടക്കുമ്പോൾ പെട്ടന്നാണ് അവളുടെ അടുത്തായി ഒരു കാർ നിർത്തിയത്. അവൾ ഞെട്ടിക്കൊണ്ട് ഒന്ന് പിന്നിലേക്കാഞ്ഞു. പിന്നെ നേരെ നിന്നുകൊണ്ട് കാറിലേക്ക് നോക്കിയപ്പോൾ കാണുന്നത് അവളെ നോക്കി ചിരിക്കുന്ന റീനാമ്മയെയും അവരുടെ കൈയിൽ ചിണുങ്ങികരഞ്ഞു കൊണ്ടിരിക്കുന്ന ജാനി മോളെയും ആണ്.

ജെനിമോള് എവിടെ പോയിവരുന്ന വഴിയാണ്..

റീനാമ്മയുടെ സ്വരം ആണ് ജാനിമോളെ തന്നെ നോക്കികൊണ്ടിരുന്ന ജെനിയുടെ ശ്രദ്ധ തിരിച്ചത്. അത് ഞാൻ പള്ളിയിലേക്ക് ഒന്ന് ഇറങ്ങിയതാണ് ആന്റി. അല്ല മോൾക്ക് എന്ത് പറ്റി ആകെ ക്ഷീണിച്ചിരിക്കുന്നു..

മമ്മി ഇവിടെ ഇങ്ങനെ നിർത്താൻ പറ്റില്ല. അയാളോട് വണ്ടിയിലേക്ക് കയറാൻ പറയ്‌.. ഡേവി അത് പറഞ്ഞപ്പോൾ ആണ് ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന ഡേവിയെ ജെനി കാണുന്നത്.

ആ മോളെ നീ ഇങ്ങോട്ട് കയറ്. ഞങ്ങൾ വീട്ടിൽ ആക്കാം..

വേണ്ട ആന്റി ഇതിപ്പോ പത്തുമിനിറ്റ് നടക്കാനേ ഉള്ളൂ. ഞാൻ പൊക്കോളാം..

ഹാ.. ഇങ്ങോട്ട് കേറ് കൊച്ചേ..

അപ്പോഴേക്കും അവരുടെ സംസാരം കേട്ട ജാനിമോൾ ജെനിയെ കണ്ടിരുന്നു. പിന്നെ അവളുടെ നേരെ കൈ നീട്ടി ആയി കരച്ചിൽ. അതോടെ ജെനി കാറിലേക്ക് കയറി. ജെനി കയറിയതും ജാനിമോള് വേഗം ജെനിയുടെ കൈയിലേക്ക് ചാടി അവളുടെ നെഞ്ചിലേക്ക് പതുങ്ങി കിടന്നു. ജെനിയും മോളെ വാത്സല്യത്തോടെ ചേർത്ത് പിടിച്ചു. ഡേവി അതൊന്നു നോക്കിയിട്ട് വണ്ടി മുന്നോട്ട് എടുത്തു.

എന്താ പറ്റിയത് ആന്റി മോൾക്ക് ചൂട് തോന്നുന്നുണ്ടല്ലോ.. പനിയാണോ..

ഏയ്യ്..വാക്‌സിൻ എടുക്കുന്ന ദിവസം ആയിരുന്നു. അതെടുത്തിട്ട് വരുന്ന വഴി  ഇവന് ഓഫീസിൽ ഒന്ന് കയറേണ്ടി വന്നു. അപ്പൊ വാക്‌സിൻ എടുത്തിട്ട് കുറച്ചായില്ലേ പനി തുടങ്ങിയിട്ടുണ്ട്. അതാ പിന്നെ ഈ വഴി ഇങ്ങോട്ട് പോന്നത്. ഇതാവുമ്പോ കുറച്ചുകൂടി നേരത്തെ എത്തില്ലേ.

പനിടെ മരുന്ന് കൊടുത്തില്ലേ ആന്റി.

കൊടുത്തതാ മോളെ. പക്ഷേ ഇത് ഒന്നര വയസ്സിന്റെ വാക്‌സിൻ അല്ലേ. എന്തായാലും പനി ഉറപ്പാ. പിന്നെ ആൾക്ക് നല്ല കാല് കടച്ചിൽ ഉണ്ടെന്ന് തോന്നുന്നു. കാല് തൊടീക്കുന്നില്ല.

ആണോ വാവേ.. ആന്റിടെ പൊന്നിനെ കുത്തിയോ സിസ്റ്റർആന്റി. നമുക്കേ അവരെ വെളിച്ചത്തു ചോറ് കൊടുത്തു ഇരുട്ടത്ത് കിടത്താം ട്ടോ.. ആന്റിടെ പൊന്ന് വിഷമിക്കണ്ട.. കാല് കാട്ടി എന്തൊക്കെയോ അവളുടെ ഭാഷയിൽ വിതുമ്പിക്കൊണ്ട് ജെനിയോട് പറയുന്ന മോളോടായി അവൾ പറഞ്ഞു.

എന്ത് മനസ്സിലായിട്ടാണാവോ എന്തോ അതോടെ ആള് ഡീസന്റ് ആയി അവളുടെ നെഞ്ചിലേക്ക് ചാഞ്ഞുകിടന്നു.

നാളെ അല്ലേ മോളെ സ്കൂളിൽ ജോയിൻ ചെയ്യേണ്ടത്.

ആ ആന്റി… അപ്പോഴേക്കും അവർ ജെനിയുടെ വീടിന്റെ മുന്നിൽ എത്തിയിരുന്നു. ജെനി അവളുടെ കൈയിൽ കിടന്ന് ഉറങ്ങുന്ന കുഞ്ഞിന്റെ നെറുകയിൽ ഒന്ന് മുത്തികൊണ്ട് പതുക്കെ റീനാമ്മയുടെ കൈയിലേക്ക് കൊടുത്തു. അവളുടെ ചൂടിൽ നിന്നും മാറ്റിയപ്പോൾ മോള് ഒന്ന് കരഞ്ഞെങ്കിലും പിന്നെ റീനാമ്മയുടെ കൈയിൽ പതുങ്ങി കിടന്നുറങ്ങി.

വീട്ടിൽ കേറിട്ട് പോകാം ആന്റി..

വേണ്ട മോളെ പിന്നെ ഒരിക്കൽ ആവാം. മോള് ഉണരുന്നതിനു മുൻപ് പോകട്ടെ അല്ലെങ്കിൽ പിന്നെ വാശി ആവും.

അതിന് ജെനി ഒന്ന് മൂളി. പിന്നെ റീനാമ്മയോട് യാത്ര പറഞ്ഞ് അവൾ കാറിൽ നിന്നും ഇറങ്ങി. മുന്നിൽ ഇരിക്കുന്ന ഡേവിയെ നോക്കി ഒന്ന് പുഞ്ചിരിക്കാനും അവൾ മറന്നില്ല. ഡേവിയും തിരികെ ഒരു ചിരി നൽകി.

എന്നാ പോട്ടെ മോളെ.. പിന്നെ കാണാം..

ശരി ആന്റി…

അവർ പരസ്പരം യാത്ര പറഞ്ഞതും ഡേവി വണ്ടി മുന്നോട്ട് എടുത്തു. ആ വണ്ടി കണ്ണിൽ നിന്നും മറയുന്നത് വരെ അവൾ അവിടെ തന്നെ നിന്നു. പിന്നെ വീട്ടിലേക്ക് കയറി പോയി..

ആരായിരുന്നു മോളെ അത്. ഞാൻ വരുമ്പോഴേക്കും വണ്ടി പോയിരുന്നു.

അത് എബി ചേട്ടായിടെ മമ്മിയും ചേട്ടായിയും ആണ് അപ്പച്ചാ. ഞാൻ പള്ളിയിൽ നിന്ന് ഇറങ്ങിയ നേരത്ത് അവരുടെ വണ്ടി കൊണ്ട് മുന്നിൽ നിർത്തിയത്. ജാനിമോളും ഉണ്ടായിരുന്നു. പിന്നെ മോള് കൈയിലേക്ക് വരാൻ വാശി പിടിച്ചപ്പോ ഞാൻ കയറിയതാണ് അതിൽ. പാവം അതിന് വാക്‌സിൻ അടിച്ചിട്ട് വരുന്ന വഴിയാണ്. പനി തുടങ്ങിയിട്ടുണ്ട്. പിന്നെ കാലും വേദന ഉണ്ടെന്ന് തോന്നുന്നു. നല്ല വാശി പുറത്താണ് ആള്. പക്ഷേ എന്റെ കൈയിൽ എനങ്ങാതെ കിടന്നു.

ഈ സമയം മുഴുവൻ മാത്യു നോക്കിയത് ആ കുഞ്ഞിനെ കുറിച്ച് പറയുമ്പോൾ ഉള്ള അവളുടെ ആ സന്തോഷം ആയിരുന്നു. അയാൾക്ക് വേദന തോന്നി. എത്രയൊക്കെ പുറമെ സന്തോഷം അഭിനയിക്കുന്നുവെങ്കിലും അവളുടെ കുഞ്ഞിനെ കുറിച്ചാലോചിച്ച്  ആ ഉള്ളം വേവുന്നത് അയാൾക്ക് മനസ്സിൽ ആകുന്നുണ്ടായിരുന്നു. അയാൾ അവളുടെ ശ്രദ്ധ കുഞ്ഞിൽ നിന്ന് മാറ്റാൻ എന്ന പോലെ പറഞ്ഞു.
സാരമില്ല മോളെ. കുത്തിവെയ്പ്പിന്റെ പനി രണ്ടു ദിവസം കൊണ്ട് മാറിക്കോളും. നീ ഇപ്പൊ പോയി ഈ കുപ്പായം ഒക്കെ മാറി വാ. നമുക്ക് കഴിക്കണ്ടേ സമയം 2 കഴിഞ്ഞു.

ഇശോയെ അത്ര ഒക്കെ ആയോ. ഞാൻ ഇപ്പൊ വരാം അപ്പച്ചാ..അമ്മച്ചി എന്തിയെ..

അവൾ അടുക്കളയിൽ ഉണ്ടാവും മോളെ. ഞാൻ ഭക്ഷണം എടുക്കാൻ പറയാം നീ പോയി കൈയും മുഖവും കഴുകിട്ട് വായോ..

ശരി.. അവൾ ഡ്രെസ്സ് മാറാനും മറ്റും ആയി റൂമിലേക്കും അയാൾ അടുക്കളയിലേക്കും പോയി.

……………..

എന്തൊരു പാവം മോളാണ് അല്ലേ ഡേവി. അതിന് ഇങ്ങനെ ഒരു അവസ്ഥ വന്നില്ലേ. തങ്കംപോലത്തെ ഈ കൊച്ചിനെ ഉപേക്ഷിച്ച് മുക്കുപണ്ടം തേടിപ്പോയ ആ അലക്സ് എന്തൊരു മണ്ടൻ ആണ് അല്ലേ… ജെനിയെ ഇറക്കി പോകുമ്പോൾ റീനാമ്മ ഡേവിയോടായി പറഞ്ഞു.

മ്മ്.. അതിന് ഡേവി ഒന്ന് മൂളിയതല്ലാതെ വേറെ ഒന്നും പറഞ്ഞില്ല. പിന്നെ അവരോടായി ചോദിച്ചു.

മമ്മി എവിടെ എങ്കിലും കഴിക്കാനായി നിർത്തട്ടെ. 2 മണി കഴിഞ്ഞില്ലേ. ഇനിയും ഒരു മണിക്കൂറിലും മേലെ എടുക്കും വീടെത്താൻ. ഇപ്പൊ എന്തായാലും മോള് ഉറങ്ങല്ലേ..

ആ എങ്കിൽ നിർത്തിക്കോ. എനിക്കും വിശന്നു തുടങ്ങി…

അവർ അത് പറഞ്ഞതും കുറച്ചങ്ങോട്ട് മാറി കണ്ട ഹോട്ടലിൽ അവൻ വണ്ടി നിർത്തി. വേഗം ഇറങ്ങി വന്ന് പതുക്കെ മോളെ റീനാമ്മയുടെ കൈയിൽ നിന്നും വാങ്ങി തോളിലിട്ടു. അവരും ഇറങ്ങിയപ്പോൾ വണ്ടി ലോക്ക് ചെയ്യത് ഹോട്ടലിന് ഉള്ളിലേക്ക് നടന്നു അവർ.

ഭക്ഷണം എല്ലാം കഴിഞ്ഞ് ഇറങ്ങാൻ നേരത്താണ് ആരോ ഡേവിയെ വിളിച്ചത്.

ഡേവിച്ചായാ…

ആ ശബ്ദം കേട്ടപ്പോൾ തന്നെ അവന്റെ മുഖം വലിഞ്ഞുമുറുകിയിരുന്നു. അവൻ തിരിഞ്ഞുനോക്കിയപ്പോൾ കാണുന്നത് ആൻസിയെയും അവളുടെ മാതാപിതാക്കളെയും ആണ്. അവരെ കണ്ടപ്പോൾ റാണിയമ്മയുടെ മുഖത്തും ദേഷ്യം നിറഞ്ഞു.

ഡേവിഡ് അതാണ് പേര്. അങ്ങനെ വിളിക്കാം. അല്ലാതെ കൂട്ടിച്ചേർക്കലുകൾ ഒന്നും വേണ്ട.. മനസ്സിലായോ.. അവൻ ഗൗരവത്തോടെ അവരോട് ചോദിച്ചു.

അത് പിന്നെ വിളിച്ച് ശീലിച്ചത് അതായിപ്പോയില്ലേ ഇച്ചായാ. മാറ്റാൻ പറ്റുന്നില്ല… ആൻസി ഒരു ചിരിയോടെ പറഞ്ഞു.

പ്ഫാ.. നിന്നോടെല്ലെടി നാ**** മോളെ പറഞ്ഞത് അങ്ങനെ ഒന്നും വിളിക്കേണ്ട എന്ന്. അത്യാവശ്യം ഉച്ചത്തിൽ തന്നെ ഡേവി പറഞ്ഞു.

ആൻസിയുടെയും അവളുടെ മാതാപിതാക്കളുടെയും മുഖം കടലാസ് പോലെ വിളറി വെളുത്തു. ഇങ്ങനെ ഒരു റിയാക്ഷൻ ഒരു പബ്ലിക് പ്ലെസിൽ വച്ച് ഡേവിയുടെ ഭാഗത്ത്‌ നിന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല. എപ്പോഴത്തെയും പോലെ അവൻ മിണ്ടാതെ പോകും എന്നെ അവർ കരുതിയിരുന്നുള്ളൂ. റീനാമ്മയും ഞെട്ടിപ്പോയി ഡേവിയുടെ പെരുമാറ്റത്തിൽ. ഇത്രേം നാളായിട്ടും ഇവർ എങ്ങനെ ചൊറിയാൻ വന്നാലും വേറെ ആര് ദേഷ്യപ്പെട്ടാലും ഡേവി എപ്പോഴും ശാന്തനായി നിൽക്കാറായിരുന്നു പതിവ്. ഇതിപ്പോ എന്ത് പറ്റിയോ ആവോ..അവർ ചിന്തിച്ചു.

അത് മോനെ അവള് പെട്ടന്ന്.. മേരി പറഞ്ഞു തുടങ്ങിയതും അവൻ തടുത്തിരുന്നു…

മോനോ ആരുടെ മോൻ.. നിങ്ങളോടും കൂടിയ പറഞ്ഞത് ഡേവിഡ് അങ്ങനെ വിളിക്കാം. വേറെ അലങ്കാരങ്ങൾ ഒന്നും വേണ്ട… കേട്ടല്ലോ. എന്തിനാ വിളിച്ചത്…..