22/04/2026

വധു : ഭാഗം 21

രചന – ആയിഷ അക്ബർ

മുത്തശ്ശനും മുത്തശ്ശിയും അത്ഭുതത്തോടെ അവളെ നോക്കി നിൽക്കുകയാണ്…

അതിലേറെ അവരുടെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു തൂവിയിരുന്നു….

ആണോ മോളേ…..
മുത്തശ്ശി വിശ്വസിക്കാൻ കഴിയുന്നില്ലെന്ന വണ്ണം അവളോട് ചോദിച്ചു….

മ്മ്…..
അവൾ തല താഴ്ത്തി നിന്ന് തന്നെ ഒന്ന് മൂളി….

പ്രഭ ക്ക് താൻ എല്ലാവരുടെയും മുമ്പിൽ അപമാനിക്കപ്പെട്ടത് പോലെയാണ് തോന്നിയത്….

അയാൾക്ക് ദേഷ്യവും മനസ്സിന്റെ പിരി മുറുക്കവും സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല….

പവിയും രേണുവും മഹിയും എല്ലാം കേട്ടത് സത്യം തന്നെയാണോ എന്ന മട്ടിലങ്ങനെ നിൽക്കുകയാണ്…..

സായു കണ്ണിമ വെട്ടാതെ അവളെ നോക്കിയങ്ങനെ നിന്നു…..

എങ്ങനെ…. ഇതെങ്ങനെ സംഭവിച്ചു…..
ഇത്ര വലിയ പഠിപ്പുള്ള ഒരു പെൺകുട്ടിക് കൂലിക്ക് തന്റെ ഭാര്യയായി അഭിനയിക്കേണ്ടി വന്നതെന്ത് കൊണ്ടാണെന്ന് അവന്റെ മനസ്സ് ചോദിച്ചു കൊണ്ടേയിരുന്നു……

ഓഹ്… അപ്പൊ താൻ പഠിത്തം ഇടക്ക് വെച്ച് നിർത്തിയതിനു കാരണം ഇതായിരുന്നല്ലേ…..

മാളു പുഞ്ചിരിച്ചു കൊണ്ടാണത് ചോദിച്ചതെങ്കിലും ആ വാക്കുകളിലൊരു നൊമ്പരം തെളിഞ്ഞു നിന്നിരുന്നു……

അവൾ പതിയേ മാളുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചെന്ന് വരുത്തി….

പക്ഷെ തന്നിൽ നിന്നും ഇമ വെട്ടാതെ നിൽക്കുന്ന അവനെ അവനിലേക്ക് നോക്കാതെ തന്നെ അവൾക്കറിയാൻ കഴിഞ്ഞിരുന്നു….

മാളുവിന്റെ ആ ചോദ്യം എല്ലാവർക്കും വിശ്വാസ യോഗ്യമായിരുന്നെങ്കിൽ കൂടി അത് സത്യമല്ലെന്ന് അറിയുന്ന അവനിൽ നിന്നുയരുന്ന ചോദ്യങ്ങൾക്ക് താൻ മറുപടി പറയേണ്ടി വരിക തന്നെ ചെയ്യുമെന്ന് അവൾക്കുറപ്പായിരുന്നു….

പഠിത്തം പോലും വേണ്ടെന്ന് വെച്ചാണോ സായുവിനെ ….

മുത്തശ്ശി അത്ഭുതത്തോടെ അതിലേറെ നിറഞ്ഞ ചിരിയോടെ അവളുടേ അടുത്തേക്ക് വന്നത് ചോദിച്ചു……

അവൾ പുഞ്ചിരിക്കാൻ വല്ലാതെ പ്രയാസപ്പെടുന്നത് സായുവിനു മനസ്സിലാവുന്നുണ്ടായിരുന്നു…..

എന്നിട്ട് ഞങ്ങളോടിതൊന്നും പറഞ്ഞില്ലല്ലോ….
മുത്തശ്ശനും അത് പറഞ്ഞോന്നു പുഞ്ചിരിച്ചു….

പ്രഭക്ക് അവിടെ ഇനിയും നിൽക്കാൻ കഴിയില്ലെന്ന വണ്ണം അകത്തേക്കൊരോറ്റ പോക്കായിരുന്നു….

എല്ലാവരും ഒരു നിമിഷം അയാളിലേക്കൊന്ന് നോക്കി…..

മരുമോൾ ഡോക്ടറാണെന്ന് അറിഞ്ഞ സന്തോഷം കൊണ്ട് പോയതാവും….

പ്രഭ പോയ വഴിയേ എല്ലാവരും കണ്ണ് നട്ട് നിൽക്കുന്നത് കണ്ട് മഹിയാണത് പറഞ്ഞത്…

മുത്തശ്ശനും മുത്തശ്ശിയും മുഖത്തോട് മുഖം നോക്കി ചിരിച്ചു…..

പിന്നേയ്…. നിർത്തി വെച്ച പഠിത്തം മുഴുമിപ്പിക്കണം….
കേട്ടല്ലോ…..
പ്രേമവും വിവാഹവും ഒക്കെ വേണ്ടത് തന്നെ….
പക്ഷെ…. കഴിവുള്ളതിനെ അടിച്ചമർത്തി അതിനു മേലെയാവരുത് ഇതൊന്നും….. അതിനോടൊപ്പമാവണം….

വല്യച്ഛൻ അവളുടേ അടുത്തേക്ക് വന്നു അതും പറഞ് പോകുമ്പോൾ അവളൊന്ന് പുഞ്ചിരിച്ചു….

നിനക്കെങ്കിലും ഒന്ന് പറയാമായിരുന്നു സായു….

മുത്തശ്ശൻ അവനോടത് പറഞ്ഞപ്പോഴാണ് അവൻ മിഴികൾ അവളിൽ നിന്നും അടർത്തി മാറ്റിയത്……

അവനൊന്നും പറഞ്ഞില്ലെന്നു മാത്രമല്ല…..
പിന്നെ കൂടുതൽ അവിടെ നിന്നില്ല….

വേഗം മുറിയിലേക്ക് നടന്നു…..

ശ്രീ ബാല ഒരു നിസ്സംഗതയോടെ അവനെ നോക്കി നിന്നു….

പവിയുടെ മുഖം പതിവിലേറെ തെളിഞ്ഞിരുന്നു….
ഇത് വരെ അവളോടുണ്ടായിരുന്ന അവഗണയും ദേഷ്യവും കുറഞ്ഞത് പോലെ….

മാളുവിന്‌ അവളോടെന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നെങ്കിൽ കൂടി ഉള്ളിലെന്തോ ഒരു ഗദ് ഗദം വന്നു നിറഞ്ഞു…..

മോളെന്നാൽ മുറിയിലേക്ക് പൊയ്ക്കോ……

മാളുവിന്റെ മുഖത്തെ പ്രയാസം തിരിച്ചറിഞ്ഞെന്ന വണ്ണം ശ്രീ ബാലയെ അതും പറഞ്ഞവിടെ നിന്നും പറഞ്ഞയച്ചത് മുത്തശ്ശി തന്നെയായിരുന്നു….

ശ്രീ ബാല മുറിയിലേക് നടക്കുമ്പോഴും മനസ്സ് ആകെ അസ്വസ്ഥതയിലായിരുന്നു….

അവൻ എന്തെങ്കിലും ചോദിച്ചാലോ…..

എന്തിനാണ് ഇതെല്ലാം മറച്ചു വെച്ചതെന്ന് അവൻ ചോദിച്ചാൽ താനെന്ത് പറയും……

അവൻ അതിനെ കുറിച് ഒന്നും ചോദിക്കരുതേ എന്ന പ്രാർഥനയോടെ അവൾ നടന്നു…..

അവൾ മുറിയിലേക്കെത്തുമ്പോൾ താൻ നിൽക്കുന്ന സ്ഥാനത് അവനാണ് നിൽക്കുന്നത്….

ആ ജനലഴികളിൽ പിടിച്ചങ്ങനെ പുറത്തേക്ക് നോക്കി …..

അവളുടേ കാൽ പെരുമാറ്റം അറിഞ്ഞെന്ന വണ്ണം അവൻ പിറകിലേക്ക് തിരിഞ്ഞു…..

ആ വാതിൽ കുറ്റിയിട്….

അവനത് പറയുമ്പോൾ വാക്കുകളിലുള്ള ഗൗരവം അവളെ ഭയപ്പെടുത്തി…

അവൾ പതിയെ വാതിലടച്ച് കുറ്റിയിട്ടു ….

ഇത് വരെ നിന്നെ കുറിച് കേട്ടറിഞ്ഞ കാര്യങ്ങളൊന്നും നല്ലതല്ലെങ്കിൽ കൂടി അതിനെ കുറിച് നിന്നോടൊന്നും ചോദിക്കാതിരുന്നത് ആ കേട്ടതും നീയുമായി പൊരുത്തമില്ലാത്തത് കൊണ്ട് തന്നെയാണ്…..

എന്നാൽ ഇപ്പോഴെനിക്കറിയണം…
നീയാരാണെന്ന്….

നീയെന്തിനാണ് ഞാനുമായുള്ള കരാറിന് സമ്മതിച്ചതെന്ന്…

ഇനി നീ വന്നതിന് പിന്നിൽ മറ്റു വല്ല ഉദ്ദേശങ്ങളുമുണ്ടോയെന്ന്…
അതും മറ്റുള്ളവർ പറഞ്ഞല്ല…..

നിന്നിൽ നിന്ന്……

അവൻ അവൾക്ക് നേരെ നിന്നത് പറയുമ്പോൾ വാക്കുകൾ പരുഷമായിരുന്നു….

താൻ അനുഭവിച്ചു തുടങ്ങിയ അവന്റെ വാക്കുകളിലെ ആർദ്രത മാഞ്ഞു പോയത് അവളിലെന്തോ ഒരു മുറിവിനിടം നൽകിയിരുന്നു…..

അവൾക്ക് വാക്കുകളൊന്നും പുറത്തേക്ക് വരുന്നില്ലായിരുന്നു…..

ഇനി എസ് പി ഗ്രൂപ്പിന്റെ അതപതനത്തിന് വേണ്ടി നിന്നെ ആരെങ്കിലും പറഞ്ഞയച്ചതാണോ……

അല്ലാ…..

അവൻ അവളെ പാടേ കുറ്റപ്പെടുത്തി അത് പറഞ്ഞപ്പോഴേക്കും അത് വരെ നിശബ്ദമായിരുന്ന അവളുടേ ശബ്ദം അവന് നേരെ ഉയർന്നു…….

അവളുടേ കണ്ണുകളിൽ താനാ ചോദിച്ചത്തിലുള്ള മുഴുവൻ ദേഷ്യവും നിന്നെയെരിയുന്നുണ്ടായിരുന്നു….

സായു കൈ രണ്ടും മാറോടു പിണച്ചു കെട്ടി അവളെ നോക്കി നിന്നു….

പിന്നെന്തിനു എന്ന ചോദ്യം ചോദിക്കാതെ തന്നെ ആ മുഖത്ത് ബാക്കിയാവുന്നത് അവളറിഞ്ഞിരുന്നു….

എനിക്ക്….. അച്ഛനെ കണ്ട ഓർമയില്ല……

എനിക്ക് ഒരു വയസ്സ് തികയുന്നതിനു മുന്പേ മരിച്ചു പോയെന്നാണ് പറയുന്നത്…..

ഞാൻ ചെറുപ്പം തൊട്ടേ അമ്മ വീട്ടിലായിരുന്നു…

എനിക്ക് മൂന്നര വയസ്സുള്ളപ്പോൾ അമ്മ വേറെ വിവാഹം കഴിച്ചു…..

പിന്നീടങ്ങോട്ട് എല്ലാം മുത്തശ്ശിയായിരുന്നു….

അമ്മ ഭർത്താവിനോപ്പം ബോംബയിൽ ആയിരുന്നത് കൊണ്ട് തന്നെ പിന്നീട് ഇവിടേക്ക് വരുന്നത് കുറഞ്ഞു കുറഞ്ഞു വന്നു…..

ഇങ്ങനൊരു മോളേ കുറിച് പോലും മറന്ന് പുതിയ ജീവിതത്തോടെ ഇഴുകി ചേർന്നു……

അപ്പോഴും ഒരു അമ്മയുടെ വാത്സല്യം മുഴുവൻ തനിക്ക് തന്നത് മുത്തശ്ശിയായിരുന്നു….

അത് കൊണ്ട് തന്നെ അമ്മ യെന്ന എന്റെ വിളി അവരിലേക്ക് നീങ്ങി……

മുത്തശ്ശിയെ കൂടാതെ ആ വീട്ടിൽ അമ്മാവനും അമ്മായിയുമുണ്ട്…..

അവർക്ക് രണ്ട് മക്കളും….
അഞ്ജനയും അഭിജിത്തും….

അഞ്ചന തന്നേക്കാൾ രണ്ട് വയസ്സ് മൂത്തതാണ്…..
അഭിജിത് രണ്ട് വയസ്സ് ഇളയതും…..

ആരോരും ഇല്ലാത്ത നാത്തൂന്റെ മകളോട് അമ്മായിക്കുള്ള ദേഷ്യവും പുച്ഛവും കണ്ട് വളർന്നതാണെങ്കിലും അതിൽ അവരെ തെറ്റ് പറയേണ്ട കാര്യമില്ലെന്നു തനിക്കും തോന്നിയിരുന്നു….

എന്തെന്നാൽ താനവിടെ ഒരു അധിക പറ്റ് തന്നെയാണല്ലോ….

അമ്മാവന് തന്നോട് പ്രത്യേകിച്ചൊരു ഇഷ്ടമോ ഇഷ്ട കുറവോ ഇല്ലാ….

താനൊരാൾ അവിടെ ഉണ്ടെന്നു കണ്ടതായി പോലും ഭാവിക്കാറില്ല…..

അവരുടെ മക്കളെ കൊഞ്ചിക്കുകയും തമാശകൾ പറഞ് ചിരിപ്പിക്കുകയും ഒക്കെ ചെയ്യുമ്പോൾ ഒരു മൂലയിൽ അതെല്ലാം കണ്ട് ആഗ്രഹങ്ങൾ മനസ്സിലടക്കി നിന്നിരുന്ന തന്നെ ആരും കണ്ടിരുന്നില്ല….

എങ്കിലും മുത്തശ്ശി പറ്റുന്നതൊക്കെ ചെയ്തു തന്ന് കൊണ്ടിരുന്നു…..

അപ്പോഴും താൻ ആർക്ക് മുമ്പിലും കരയുകയോ വാത്സല്യത്തിനായി യാചിക്കുകയോ ചെയ്യാതെ തന്നിലേക്ക് മാത്രമായി അങ്ങനെ ഒതുങ്ങി നിന്നിരുന്നു…..

അങ്ങനെ കഷ്ടപ്പാടിന്റെയും ഒറ്റപ്പെടലിന്റെയും ഒക്കെ വർഷങ്ങൾ അങ്ങനെ കഴിഞ്ഞു കൊണ്ടിരുന്നു….

അഞ്ജനയും അഭിയും നല്ല പുതിയ വസ്ത്രങ്ങളിടുമ്പോൾ കൊതിയോടെ നോക്കിയിരുന്ന വർഷങ്ങൾ……

മുത്തശ്ശി കണ്ടും കാണാതെയും അമ്മായിയുടെ കുത്തു വാക്കുകൾ തന്നെ വീർപ്പു മുട്ടിച്ച വർഷങ്ങൾ….

തന്നെ കുറിച്ചോർത്തു കണ്ണ് നീർ പൊഴിച്ച മുത്തശ്ശിയുടെ മടിയിൽ കിടന്നു മുകളിലെ തട്ടിൻ പുറത്തേക്ക് കണ്ണും നട്ട് കിടന്ന വർഷങ്ങൾ……

എല്ലാവർക്കും അധിക പറ്റായി ജീവിച്ചു തീർത്ത വർഷങ്ങൾ…..

എന്നാൽ പഠിക്കാൻ താൻ മിടുക്കിയായിരുന്നു…..

അത് കൊണ്ട് തന്നെ യാണ് രണ്ട് വർഷമായി എൻട്രൻസ് കിട്ടാതെ റിപീറ്റ് ചെയ്തിരുന്ന അഞ്ജനയെ പാടേ തകർത്തു കൊണ്ട് പ്ലസ് ടു കഴിഞ്ഞ് എൻട്രൻസ് എഴുതിയതും റാങ്ക് ഹോൾഡർ ആയി തനിക്ക് മെഡിസിന് സീറ്റും കിട്ടിയത് ……

മുത്തശ്ശിക്ക് അത് മറ്റെന്തിനേക്കാളും സന്തോഷം നൽകിയിരുന്നു…

എന്റെ കുഞ്ഞിനെ കളിയാക്കിയവർക്കും പുച്ഛിച്ചവർക്കും ഒക്കെ മുമ്പിലൂടെ അവളൊരു ഡോക്ടറായി നടക്കുന്നത് കാണാം എന്ന് മുത്തശ്ശി അഭിമാനത്തോടെ പറഞ്ഞു…..

പൊതുവെ എന്നേ ശത്രുവായി കാണുന്നവർക്ക് ശത്രുത കൂടി ….

അഞ്ജന ആവശ്യമില്ലാതെ വഴക്കടിച്ചു കൊണ്ടിരുന്നു…

എന്നാൽ ആരുടേയും വഴക്ക് കേൾക്കാൻ നിൽക്കാതെ ഞാൻ ഹോസ്റ്റലിലേക്ക് താമസം മാറി…..

മുത്തശ്ശിയുടെ സ്വന്തമായുണ്ടായിരുന്ന ആ തുണ്ട് ഭൂമി വിറ്റിട്ടാണ് തന്നെ പഠിപ്പിക്കാനുള്ള പണം മുത്തശ്ശി കണ്ടെത്തിയത്…..

അതെല്ലാം മുത്തശ്ശിക് തിരികെ നല്കാനും മുത്തശ്ശിയെ പോന്നു പോലെ നോക്കാനും
ഞാൻ പഠിച്ചു തുടങ്ങി…..

കഴിഞ്ഞ എക്സാമുകളിലൊക്കെ നല്ല മാർക്കോടെ പാസ്സ് ആയി…

തന്റെ പ്രയാസങ്ങളെല്ലാം തീരാൻ പോകുന്നു എന്ന് കരുതിയ തനിക്ക് തെറ്റിയിരുന്നു…..

വിധി തന്നെ കാത്തു വെച്ചത് വീണ്ടും പരീക്ഷണങ്ങളുടെ പേമാരിയായിരുന്നു…..

താനൊരു ഡോക്ടറായി കാണാൻ അത്രയേറേ പ്രാർത്ഥനകളുമായി കാത്തിരുന്ന മുത്തശ്ശിയുടെ പ്രാർത്ഥന നിലച്ചു…..

ഹോസ്റ്റലിൽ നിന്നും അഭി വന്നെന്നെ കൂട്ടി കൊണ്ട് വരികയാണ് ചെയ്തത്….

നേരെ വന്നു കാണുന്നത് വെള്ള പുതച്ച ആ ശരീരമാണ്……

അവളുടേ കണ്ണുകളിൽ നിന്നും ഒരു തുള്ളി അടർന്നു വീണു…..

സായു നല്ലൊരു കേൾവിക്കാരനെന്ന പോൽ അവളെ തന്നെ നോക്കി നിൽക്കുകയാണ്….

അവളുടേ ഉള്ളം നോവുന്നതറിയുമ്പോൾ തന്റെ ഹൃദയവും പിടക്കുന്നില്ലേ…..

എല്ലാ ദാരിദ്ര്യത്തിൽ നിന്നും പ്രയാസത്തിൽ നിന്നും കര കയറ്റി മുത്തശ്ശിയെ നല്ല പോലെ നോക്കണമെന്ന് കരുതിയതെല്ലാം പാടേ തകർന്ന് പോയി…..

ചന്ദന തിരി അതിന്റെ സുഗന്ധത്തിനൊപ്പം വേദനയെ കൂടി പേറി…..

അവസാനമായി കുറച്ചധികം നേരം താൻ മുത്തശ്ശിയുടെ അടുത്തിരുന്നു…..

പിന്നെ ഒന്നും ഓർമയില്ല….

രണ്ട് ദിവസം കഴിഞ്ഞാണ് ഓർമ തിരിച്ചു കിട്ടിയത്…

വീണ്ടും ഹോസ്റ്റലിലേക്ക് തന്നെ തിരിച്ചു…..

കാത്തിരിക്കാനും തനിക്കിനി ആരുമില്ല എന്ന ചിന്ത തന്നെ ഒരു ജീവച്ഛവമായി മാറ്റിയിരുന്നു…..

ലീവിന് പോലും വീട്ടിലേക്ക് പോകാതായി….

അല്ലെങ്കിലും അത് തന്റെ വീടല്ലല്ലോ….
വീടും…. സ്വന്തവും ബന്ധവും…. ആരുമില്ല….
ശ്രീ ബാലക്ക് സ്വന്തമെന്ന് പറയാൻ ഈ ഭൂമിയിൽ ആരുമില്ലെന്ന തിരിച്ചറിവിലായിരുന്നു പിന്നീടുള്ള ദിവസങ്ങളത്രയും…..

എകസാം കഴിഞ്ഞുള്ള ലീവിന് എല്ലാവരും വീടുകളിലേക്ക് പോകേണ്ടത് നിർബന്ധമായത് കൊണ്ട് തന്നെയാണ് അന്ന് ഞാൻ വീട്ടിലേക്ക് പോയത്….

എന്നാൽ തന്നെ കാത്തിരിക്കുന്നത് മറ്റൊന്നായിരുന്നു…..
ജീവിതം ആകെ കീഴ് മേൽ മറിഞ്ഞ ആ പോക്ക്…….

അത് പറഞ് നിർത്തുമ്പോൾ അവൾ ഓർമകളിലെന്ന പോലൊന്നു പിടഞ്ഞു….

അപ്പോഴും സായു കണ്ണിമ വെട്ടാതെ അവളെ നോക്കി നിൽക്കുക യായിരുന്നു……

(തുടരും)