22/04/2026

രൗദ്രം : ഭാഗം 53

രചന – ജിഫ്ന നിസാർ

തന്നെ ദയനീയമായി നോക്കുന്ന സ്റ്റീഫന്റെ നോട്ടത്തെ പാടെ അവഗണിച്ചു കൊണ്ടാണ് രുദ്രൻ കയറി ചെന്നത്..

“പ്ലീസ്…ഇവനെ ഒന്ന് ഹോസ്പിറ്റലിൽ എത്തിക്ക്.. ഞാൻ നിന്റെ കാല് പിടിക്കാം. അവൻ ചെയ്ത തെറ്റിനുള്ളത് നിയമം കൊടുക്കട്ടെ.”
കരഞ്ഞു കൊണ്ട് കൈ കൂപ്പി പറയുമ്പോൾ അയാൾ വെറുമൊരു അച്ഛൻ മാത്രമാണ്.

“ഇവനൊന്നും ആയിട്ടില്ല സ്റ്റീഫാ. ഞാൻ തുടങ്ങിയിട്ടേ ഒള്ളു.. ഇതൊക്കെ എന്ത് ”
രുദ്രൻ ചെന്നിട്ട് ജെറിന്റെ നെഞ്ചിലേക്ക് തൂങ്ങി കിടന്ന തലയൊന്ന് പിടിച്ചു പൊക്കി.

കണ്ണ് തുറക്കാതെ അവനൊന്നു ഞരങ്ങി.

ജീവനും ശ്രീയും ഒന്നേ നോക്കിയൊള്ളു.

ചീർത്തൊരു തടി കഷ്ണം പോലെ.. ബോധമില്ലാതെ.. ഒടിഞ്ഞു തൂങ്ങിയിരിക്കുന്നു ജെറിൻ.

അവനാകെ ഒരു നീല നിറമായിട്ടുണ്ട്.
മനസ്സ് മടുപ്പിക്കുന്ന ആ കാഴ്ച കണ്ടിട്ട് പോലും രുദ്രന്റെ കണ്ണുകൾ ഇമ ചിമ്മിയില്ല.
പകരം വല്ലാത്തൊരു തിളക്കമാണ്.

“ഇനിയെന്താ ടാ നിന്റെ പ്ലാൻ. ഇങ്ങനെ വെച്ചേണ്ടിരുന്ന ഇവൻ ചത്തു പോകുമല്ലോ ”
ജെറിനെ തുറിച്ചു നോക്കി.. സ്വയം മറന്നു നിൽക്കുന്ന രുദ്രനെ പിടിച്ചു കുലുക്കി കൊണ്ട് ശ്രീ ചോദിച്ചു..

“ചത്തു പോവുന്നത് ഇവനുള്ള രക്ഷയാണ് ശ്രീയേട്ടാ. അത് പാടില്ല. ഇവനെത്ര നരകിക്കാൻ കിടക്കുന്നു ഇനിയും.”

രുദ്രൻ പറയുമ്പോൾ അവന്റെ കണ്ണുകൾ സ്റ്റീഫന് നേരെ ചെന്നു.

ഒറ്റ ദിവസം കൊണ്ടയാൾ പാതിയായി പോയിട്ടുണ്ട്..

കണ്ണുകളിലെ കഴുകൻ ഭാവം മാറി പകരം ദയനീയത മാത്രം.

“എത്ര പേർ.. ചെയ്ത തെറ്റ് എന്താണെന്ന് പോലുമറിയാതെ എത്ര പേർ നീ കാരണം നരകിച്ചു തീർന്നിട്ടുണ്ട്. നിന്റെ മോൻ കാരണം ജീവിതം വെറുത്തിട്ടുണ്ട്.”

രുദ്രന്റെ കണ്ണിൽ പകയാണ് തിളങ്ങുന്നത്.

“ഇത് പോലെ നിന്നെ വേദനിപ്പിക്കാൻ എനിക്കറിയാഞ്ഞല്ല. നിന്നോട് സിമ്പതി തോന്നിയിട്ടുമല്ല. നിനക്കുള്ള ഏറ്റവും വലിയ ശിക്ഷ ഇതാണ് ”
രുദ്രന്റെ കണ്ണുകൾ വീണ്ടും ജെറിന്റെ നേരെ നീണ്ടു.

“ഇന്നൊരു ദിവസം കൂടി വേദന എന്തെന്ന് നീയും ഇവനും അറിയണം. നാളെ നിനക്കുള്ള വിധി പറയാൻ ഞാൻ വീണ്ടും വരും ”

രുദ്രന് നേരെ നോക്കാൻ കൂടി സ്റ്റീഫന് ഭയം തോന്നി.. ആ നിമിഷം.
❣️❣️❣️❣️

രണ്ടു ദിവസം നിന്ന് തിരിയാനാവാത്ത വിധം തിരക്കുകൾ കൊണ്ട് നട്ടം തിരിഞ്ഞു നടപ്പായിരിന്നു എന്നത് കൊണ്ട് തന്നെ,അഞ്ജലിയെ ശ്രദ്ധിക്കാനോ… പിടിച്ചു നിർത്തി എന്താണ് നിന്റെ പ്രശ്നം എന്ന് ചോദിക്കണോ അവന് കഴിഞ്ഞിട്ടില്ല.

മനസ്സ് തുറന്നു സംസാരിക്കാൻ ശ്രമിക്കാതെ മനസ്സിലിട്ട് നീറ്റി നടന്നാൽ പ്രശ്നം കൂടുതൽ വഷളാവുകയുള്ളു എന്നവന് തോന്നി.

തുറന്നു സംസാരിക്കാൻ ശ്രമികാത്തയിടങ്ങളിൽ പ്രശ്നങ്ങൾ ആൽമരം പോലെ വേര് പടർത്തി കളയും.

അഞ്ജലി തികച്ചും മൗനമാണ്.

അവനെത്തും മുന്നേ കയറി കിടന്നുറങ്ങും..
അവൻ എഴുന്നേൽക്കും മുന്നേ.. അടുക്കളയിൽ പോയി ചുറ്റി തിരിയും.

അവൾക്കൊരു പിണക്കമുണ്ട്.

അത് പറഞ്ഞു തീർക്കേണ്ടതാണ് എന്നും അവനറിയാം.
അത് കൊണ്ട് തന്നെയാണ് അന്ന് വൈകുന്നേരം യാതൊരു വിധ തിരക്കുകൾക്കും പിടി കൊടുക്കാതെ.. രുദ്രൻ നേരെ വീട്ടിലോട്ട് വന്നത്.

കയറി ചെല്ലുമ്പോൾ ശിവയ്‌ക്കൊപ്പം സിറ്റൗറ്റിൽ വർത്താനം പറഞ്ഞിരിക്കുന്നവളെ നോക്കാനെ പോയില്ല.

അങ്ങോട്ടും ഒരു കള്ള പിണക്കം നടിച്ചു.
വേഗം പോയി ഡ്രസ്സ് മാറി അവരുടെ അരികിൽ തന്നെ പോയിരുന്നു.

“ഒരു ചായ വേണം ശിവ “എന്ന് പറഞ്ഞത് മനഃപൂർവമാണ്.

വാടിയ അഞ്ജലിയുടെ മുഖം അവനിൽ അപ്പോൾ സന്തോഷമാണ് നൽകിയത്.

“ഏട്ടന്റെ ഭാര്യയല്ലേ ഈ ഇരിക്കുന്നത്. അങ്ങോട്ട് പറ എന്ന് ശിവ വിളിച്ചു പറഞ്ഞപ്പോൾ എനിക്ക് ചായ വേണ്ടന്ന് പറഞ്ഞിട്ട് ഫോണിലെക്ക് മുഖം താഴ്ത്തിയിരുന്നു രുദ്രൻ .

പറയാതെ തന്നെ അഞ്ജലി പോകുമെന്ന് അവനുറപ്പുണ്ട്.
പ്രതീക്ഷിച്ചത് പോലെ തന്നെ പത്തു മിനിറ്റ് കൊണ്ട് ചായ കയ്യിലെത്തി..

അവളെ നോക്കാതെ അത് കൈ നീട്ടി വാങ്ങി.

പിന്നെയും അവിടെ ചുറ്റി തിരിഞ്ഞു നിന്നിട്ടും അവൻ ഒന്ന് നോക്കുന്നു പോലുമില്ല എന്നായപ്പോൾ അഞ്ജലി വേഗം അകത്തേക്ക് വലിഞ്ഞു.

ശിവയോട് ആണേൽ അവൻ ഒടുക്കത്തെ വർത്താനവും

അവളെ നോക്കാതെയാണ് ഇരിപ്പെങ്കിലും അവൾ ഒന്നനങ്ങുന്നത് പോലും അവന് അറിയാൻ കഴിഞ്ഞിരുന്നു..

അന്ന് കിടക്കും വരെയും അഞ്ജലി പിന്നെയവന്റെ മുന്നിലേക്ക് വന്നതേയില്ല.

ഇടക്കിടെ അവളെ തിരയുന്ന കണ്ണുകളെ… ശിവയുടെ ചുമ ഉയർന്നു കേട്ടത്തോടെ രുദ്രൻ അടക്കി പിടിച്ചിരുന്നു.

നേരത്തെ തന്നെ കയറി മൂടി പുതച്ചു കിടക്കുന്നവളെ കണ്ടിട്ടാണ് അവൻ കുളി കഴിഞ്ഞു ഇറങ്ങി വന്നത്.

കള്ളത്തരം കാണിക്കുന്ന പോലുള്ള ആ കിടപ്പ് കണ്ടപ്പോൾ അവന് ചിരി വരുന്നുണ്ട്.

വാതിലടച്ചു കുറ്റിയിട്ട് അവൾക്കരികിൽ പോയി കിടന്നു.

ശ്വാസം വിടുന്ന ശബ്ദം പോലും കേൾക്കാൻ കഴിയുന്നില്ല.

ഡീ… യൂദാസേ. ശ്വാസം വിടെടി. ഇല്ലെങ്കിൽ ജീവൻ പോകും ”

അവൾക്കടിത്തേക്ക് ചെരിഞ്ഞു കിടന്നു കൊണ്ട് രുദ്രൻ പറഞ്ഞു.

അഞ്ജലി അന

ഡീ.. രുദ്രൻ വീണ്ടും വിളിച്ചു നോക്കി.

കുട്ടി മിണ്ടുന്നില്ല!

“നിനക്കെന്നോട് പിണക്കമാണോ യൂദാസേ…

രുദ്രന്റെ സ്വരം നേർത്തു.

അഞ്ജലി പതിയെ അവനെ തിരിഞ്ഞു നോക്കി.

” ഞാൻ പറഞ്ഞതല്ലേ യൂദാസേ.. നിന്നോടുള്ള ഇഷ്ടം ഒരിക്കലും നിന്റെ അപ്പനെയും ചേട്ടനെയും രക്ഷിക്കില്ലയെന്ന്. ഈ ലോകത്ത് ആരോട് ക്ഷമിച്ചാലും അവരോട് ക്ഷമിക്കണം എങ്കിൽ… രുദ്രൻ മരിക്കണം. അത്ര മാത്രം ഞാൻ വേദനിച്ചിട്ടുണ്ട്.നിനക്കറിയില്ലേ അതെല്ലാം.”

അഞ്ജലിയെ നോക്കി കൊണ്ട് അവൻ പറഞ്ഞു.

അവൾ പുതപ്പ് വലിച്ചു മാറ്റി കൊണ്ട് എഴുന്നേറ്റു ഇരുന്നു.

“എനിക്കറിയാം രുദ്രേട്ടാ.. പക്ഷേ അങ്ങനൊരു അപ്പന്റെ മകളാണ്.. അത്രയും നീചനായ ഒരേട്ടന്റെ അനിയത്തിയാണ് എന്ന് കരുതി എന്നെ അകറ്റി നിർത്തണോ.. ഞാൻ… ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നില്ലേ ”

അഞ്ജലിയുടെ കണ്ണ് നിറഞ്ഞു.

രുദ്രന് അവൾ പറയുന്നത് മനസ്സിലായില്ല.

“അതിന് ഞാൻ എപ്പഴാ യൂദാസേ നിന്നെ മാറ്റി നിർത്തിയത്. നീ അല്ലേ എന്റെ കണ്മുന്നിൽ വരാതെ ഒളിച്ചു കളിച്ചത്.

അവനും എഴുന്നേറ്റു ഇരുന്നു കൊണ്ട് അഞ്ജലിയെ നോക്കി കണ്ണുരുട്ടി.

“എനിക്കറിയാം… അപ്പനോടും ചേട്ടായിയോടും ഉള്ള ദേഷ്യം എന്നോടും കാണും ”
എണ്ണി പെറുക്കി പതം പറയുന്നവളെ കണ്ടപ്പോൾ അവന് ചിരി വരുന്നുണ്ട്.

“ആണോ.. വേറെ നിനക്കറിയാത്ത പലതും എനിക്കറിയാം. ഇങ്ങ് അടുത്ത് വാ പറഞ്ഞു തരാം ”
അഞ്ജലി എന്തെങ്കിലും പറയുന്നതിന് മുന്നേ രുദ്രൻ അവളെ വലിച്ചടുപ്പിച്ചു കൊണ്ട് കഴുത്തിൽ കയ്യിട്ട് ചേർത്ത് പിടിച്ചു.

“എന്റെയോ നിന്റെയോ തെറ്റല്ല യൂദാസേ. നമ്മൾക്കിത്തിരി സ്നേഹം കൂടി പോയി.. അതിന്റെ പ്രശ്നമാണ് ”

ചാരി ഇരുന്നു കൊണ്ട് രുദ്രൻ അഞ്ജലിയുടെ തോളിൽ താടി ചേർത്ത് വെച്ചു പറഞ്ഞു.

ദേഹം മൊത്തം പാഞ്ഞു കയറിയ വിറയൽ രുദ്രൻ അറിയാതിരിക്കാൻ അഞ്ജലി ശ്വാസം പിടിച്ചിരുന്നു.

“എന്തിന് പോയെന്ന് നീ എന്താ യൂദാസേ എന്നോട് ചോദിക്കാഞ്ഞത് ”
രുദ്രൻ വീണ്ടും ചോദിച്ചു.

“എനിക്കറിയാം..”
അഞ്ജലി അവന്റെ നേരെ തല ചരിച്ചു നോക്കി കൊണ്ട് പറഞ്ഞു.

“അവനെന്തു പറ്റിയെന്നു അറിയണോ നിനക്ക് ”
രുദ്രന്റെ സ്വരം കടുത്തു.

“വേണ്ട ”
അവളും അതേ ഭാവത്തിൽ തന്നെയായിരുന്നു.

“നിന്റെ.. ചേട്ടനല്ലേ യൂദാസേ ”
രുദ്രൻ വീണ്ടും അവളെ നോക്കി.

“ആയിരുന്നു. ഒറ്റയ്ക്കാണ് ഞാൻ എന്നറിഞ്ഞും എന്റെ അടുത്തേക്ക് ജസ്റ്റിൻ എന്നൊരു ക്രിമിനലിലെ പറഞ്ഞു വിട്ടവനിൽ ഞാൻ എന്റെ കൂടപ്പിറപ്പിനെ കണ്ടിട്ടില്ല രുദ്രേട്ടാ.. ജസ്റ്റിനെ പോലെ മറ്റൊരു ക്രിമിനൽ. അത്രേം ഒള്ളു എനിക്കും. അതിൽ എന്റെ ചേട്ടനില്ല ”

“സ്വന്തം ശത്രുവിന്റെ മകളാണ് എന്നറിഞ്ഞു കൊണ്ട് എന്റെ സ്വീകരിക്കാൻ മനസ്സ് കാണിച്ച നിങ്ങളെക്കാൾ … സ്വന്തം കൂടപ്പിറപ്പാണ് എന്ന് പോലും ഓർക്കാതെ എന്റെയടുത്തേക്ക് ജസ്റ്റിനെ പറഞ്ഞു വിട്ട ജെറിൻ എനിക്ക് വലുതല്ല. എനിക്കൊന്നും അറിയേം വേണ്ട.എനിക്കോർക്കാൻ കൂടി വയ്യ രുദ്രേട്ടാ.. അതൊരിക്കൽ കൂടി ”

ഉറപ്പോടെ പറയുമ്പോൾ അഞ്ജലിയുടെ വിരലുകൾ രുദ്രന്റെ കയ്യിൽ മുറുകി.

“എനിക്കിനി അമ്മയല്ലാതെ ആരുമില്ല. ”

അവളുടെ വാക്കുകൾക്ക് കണ്ണീർ നനവ്.
രുദ്രന്റെ കൈകൾ ഒന്നൂടെ മുറുകി.

“അപ്പൊ ഞാനോ യൂദാസേ.. ഞാൻ നിനക്കാരുമല്ലേ?”

കാതിൽ ചോദ്യത്തിനൊപ്പം അവന്റെ മീശ കൂടി ഉമ്മ വെച്ചു.

അവളൊന്നും മിണ്ടാതെ കണ്ണുകൾ ഇറുക്കി അടച്ചു..

“പറ.. രുദ്ര ദേവ് അഞ്‌ജലിക്ക് ആരാണ് ”

വീണ്ടും അവനാ ചോദ്യം ആവർത്തിച്ചു.

അഞ്ജലി ഉത്തരം ഒന്നും പറഞ്ഞില്ല.
പകരം തിരിഞ്ഞു കൊണ്ടവന്റെ നെഞ്ചിൽ മുഖം ചേർത്ത് വെച്ചു.

“കാരണങ്ങളുണ്ടാക്കി നിന്നിൽ നിന്നും അകലാനല്ല യൂദാസേ.. കൂടുതൽ നിന്റെ ഹൃദയത്തിനാഴങ്ങളിൽ അലിയാനാണ് എനിക്കിഷ്ടം.

അവൻ അവളെ ഒന്നൂടെ പൊതിഞ്ഞു പിടിച്ചു.

“എന്റെ അച്ഛനെ ഇല്ലാതെയാക്കിയവരോടുള്ള പ്രതികാരം മാത്രം നിറഞ്ഞ എന്റെ മനസ്സിലേക്ക് നീയാണ് നിന്നെ ചേർത്ത് വെച്ചത്. പക്ഷേ ഇനി നിനക്ക് തിരിച്ചിറങ്ങി പോവാനാവാത്ത വിധം എന്റെ സ്നേഹം നിന്നിൽ പടർന്നു പിടിക്കണം ”

രുദ്രൻ അവളെ കൂടുതൽ കൂടുതൽ വരിഞ്ഞു മുറുക്കി..

“നിനക്കാരുമില്ലല്ലോ എന്നതാണ് നിന്റെ വേദന എങ്കിൽ.. നീ എനിക്കെന്റെ സ്വന്തമാണല്ലോ എന്നതാ എന്റെ അഹങ്കാരം ”
രുദ്രന്റെ ചുണ്ടുകൾ അഞ്ജലിയുടെ നെറ്റിയിൽ അമർന്നു.

അവൾ കൂടുതൽ അവന്റെ നെഞ്ചിലേക്ക് ഒതുങ്ങി കൂടി.

ഒരാളുടെ മൗനം അത്രമേൽ നമ്മളെ അസ്വസ്ത്ഥത പെടുത്തുന്നുവെങ്കിൽ, അതാണ്‌..അയാളോടുള്ള ഇഷ്ടത്തിന്റെ അളവ്കോല്.

എന്നോടെത്ര ഇഷ്ടമുണ്ടെന്നു കൂടെ കൂടെ ചോദിക്കുമ്പോൾ നഷ്ടമാവുന്നത്, സ്വന്തം പ്രണയത്തിലുള്ള ആത്മവിശ്വാസം തന്നെയല്ലേ….

“ജീവിതമുള്ളടത്തോളം കാലം രുദ്രന്റെ ജീവനായിരിക്കും നീ..”

മുഖം പിടിച്ചുയർത്തി അവളുടെ കണ്ണിലേക്കു നോക്കി ചോദിക്കുമ്പോൾ അവന്റെ സ്വരം തീ പിടിച്ചത് പോലായിരുന്നു.

“ഞാൻ നിന്നെ എത്ര സ്നേഹിക്കുന്നു എന്ന് പറഞ്ഞു തരട്ടെ ഞാൻ ”

രുദ്രന്റെ വിരലുകൾ അഞ്ജലിയുടെ മുഖമാകെ ഓടി നടന്നു.
ഒടുവിൽ അവളുടെ ചുണ്ടുകളിൽ തലോടി കൊണ്ട് രുദ്രൻ ചോദിച്ചു.

അവൾക്കൊരക്ഷരം മിണ്ടാൻ ആവുന്നില്ല അവന്റെയാ ഭാവത്തിന് മുന്നിൽ.

“വേദനിപ്പിക്കുന്ന എല്ലാം മറന്നു കളഞ്ഞേക്ക്.. എനിക്ക് നീയും നിനക്ക് ഞാനുമില്ലേ യൂദാസേ ”

വീണ്ടും കുളിരണിയിച്ചു കൊണ്ടവന്റെ ആർദ്രമായ വാക്കുകൾ.

അഞ്ജലി അവനിൽ പിടി മുറുക്കി.

പ്രണയം അടയാളപെടുത്താനല്ല.. അവളിലെ പ്രണയത്തിനാഴങ്ങളിലേക്ക് അലിയാനുള്ള കൊതിയാണ്..

സിരകളിൽ ചൂട് പകർത്തുന്ന ആക്നിയും… കെടും മഞ്ഞിലെ നേരിപോടും പോലെ മാറി മറിയുന്ന അവന്റെ ഭാവങ്ങൾ..

അഞ്ജലി തീർത്തും അവനിൽ ഒഴുകി തുടങ്ങിയിരുന്നു..

❣️❣️❣️❣️❣️

“ഇനിയും കിടന്ന ഞാനും നീയും പോവാൻ വൈകും ട്ടോ യൂദാസേ ”
അള്ളി പിടിച്ചു കിടക്കുന്നവളുടെ കാതിൽ നല്ലൊരു കടി വെച്ചു കൊടുത്തു കൊണ്ട് രുദ്രൻ പറഞ്ഞു.

നന്നായി വേദനിച്ചത് കൊണ്ട് തന്നെ അഞ്ജലി ചാടി എഴുന്നേറ്റു ഇരുന്നു കൊണ്ട് അവനെ നോക്കി കണ്ണുരുട്ടി കാണിച്ചു.

അവൻ നന്നായി ഒന്ന് ഇളിച്ചു കൊടുത്തു.

‘എഴുന്നേറ്റു പോയി ചായ എടുത്തിട്ട് വാടി ”

അവൻ മീശ പിരിച്ചു കൊണ്ടവളെ നോക്കി.

“ഓഹോ. എന്താണ്.. സാറിന് പുതിയൊരു ഇളക്കം. മ്മ് ”

അവൾ അവന്റെ നേരെ നോക്കി പുരികം പൊക്കി കൊണ്ട് ചോദിച്ചു.

“ഭാര്യമാർക്ക് അങ്ങനെ ചില ഉത്തരവാദിതങ്ങള് കൂടി ഉണ്ടെന്റെ യൂദാസേ ”
അവനും എഴുന്നേറ്റിരുന്നു കൊണ്ട് പറഞ്ഞു.

“ഇന്നലെ വരെയും ഞാൻ ഭാര്യയാണെന്ന് ഓർമയില്ലായിരുന്നോ ”

അഞ്ജലി ചോദിക്കുമ്പോൾ രുദ്രന്റെ മുഖം നിറച്ചും ഒരു കള്ളതരം ഉണ്ടായിരുന്നു.

അഞ്ജലി അവനെ നോക്കാതെ വേഗം കിടക്കയിൽ നിന്നും നിരങ്ങി ഇറങ്ങി.

❣️❣️❣️❣️❣️

പോവുന്നത് വരെയും അവന് മുന്നിൽ ചെന്നു നിൽക്കാൻ അഞ്ജലിക്ക് വല്ലാത്ത മടി തോന്നി.

സമയം പോയെന്ന് പറഞ്ഞു ഇല്ലാത്ത ധൃതി പിടിച്ചു കൊണ്ടവൾ അടുക്കളയിൽ നിന്ന് തന്നെ ഭക്ഷണം കഴിച്ചു.

“നീയും ഞാനും ഒരേ സ്ഥലത്തെക്കല്ലേ അഞ്ജുസേ പോണത് ”
അവളുടെ വെപ്രാളം കണ്ടിട്ട് ശിവ ചോദിച്ചു.

അഞ്ജലി അവളെ ഒന്ന് തുറിച്ചു നോക്കി.

“അല്ല. എനിക്കില്ലാത്ത എന്ത് തിരക്കാണ് നിനക്ക് എന്നറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചു പോയതാ ”
അവളുടെ നോട്ടം കണ്ടിട്ട് ശിവ കൈ കൂപ്പി.

“നിനക്കില്ലാത്ത ഒന്ന് എനിക്കുണ്ട്.. ആത്മാർത്ഥ ”
അഞ്ജലി വിട്ട് കൊടുക്കാതെ പറഞ്ഞു.

“ഉവ്വാ.. പക്ഷേ എന്റെ ഏട്ടനോടാണ് എന്ന് മാത്രം ”
അഞ്ജലി കയ്യിലുള്ളത് വെച്ചു ഏറിയും മുന്നേ ശിവ അത് പറഞ്ഞിട്ട് ഇറങ്ങി ഓടി കളഞ്ഞിരിന്നു.

“തൊടങ്ങി രണ്ടും. LKG പിള്ളേരാണന്നാ വിചാരം ”
അങ്ങോട്ട് വന്നു ലക്ഷ്മി പറയുമ്പോൾ അഞ്ജലി ചുണ്ട് കൂർപ്പിച്ചു.

ഞാനല്ല അമ്മേ. അവളാ ”
അഞ്ജലി ശിവ പോയ വഴിയേ കൈ ചൂണ്ടി.

“ഇത് തന്നെ.. അവളും പറഞ്ഞത് ”
ലക്ഷ്മിയും അവളെ നോക്കി പറഞ്ഞു.

വല്ല്യ ധൃതി ഉണ്ടെന്ന് പറഞ്ഞു നടന്നിട്ട്.. ഇപ്പൊ എന്തേ പോണില്ലേ “ലക്ഷ്മി അഞ്ജലിയെ നോക്കി ചിരിച്ചു..

പിന്നെ.. ദാ പോവല്ലേ ”

അവളും ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് തിരികെ നടന്നു.

രുദ്രൻ പോയെന്ന ആശ്വാസത്തിൽ മുറിയിലെത്തിയ അവളെ.. പിന്നിൽ നിന്നും അവൻ വട്ടം പിടിച്ചിട്ട് എടുത്തുയർത്തി..

“പോയില്ലായിരുന്നോ ”
അഞ്ജലി കുതറി കൊണ്ട് ചോദിച്ചു.

“ഇല്ലല്ലോ ”
രുദ്രൻ അവളെ തിരിച്ചു നിർത്തി.

“എന്താണ് വീണ്ടും ഒരു ഒളിച്ചു കളി.
കൈ കൊണ്ടവളെ ഒതുക്കി പിടിച്ചു കൊണ്ടവൻ ചോദിച്ചു.

ഒന്നുമില്ലെന്ന് തലയാട്ടി കൊണ്ട് അഞ്ജലി മുഖം കുനിച്ചു.

“നിനക്ക് നാണം ചേരില്ല യൂദാസേ ”
രുദ്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

അവളൊന്നും മിണ്ടാതെ അവനെ ചേർന്ന് നിന്നു.

ഒടുവിൽ ശിവ പുറത്ത് നിന്നും വിളിച്ചു കൂവും വരെയും.. അവർ പ്രണയിക്കയായിരുന്നു..

ആത്മാവിൽ അലിഞ്ഞു ചേരും പോലെ.. അത്രയും തീവ്രമായി..

തുടരും..

 

സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി കുറ്റം ചെയ്തതായി ഈ കോടതിക്ക് ബോധ്യപെട്ടിരിക്കുന്നു. കുറ്റം സമ്മതിച്ച പ്രകാരം, ഈ കേസിലെ പ്രതിയായ ജെറിൻ തോമസിനെ മരണം വരെയും തടവിലിടാൻ കോടതി ഉത്തരവിടുന്നു. ”

ശ്വാസം അടക്കി പിടിച്ചാണ് സ്റ്റീഫൻ അത് കേട്ടത്.

ജെറിന്റെ ഭയം നിറഞ്ഞ മുഖം അയാൾക്കുള്ളിൽ വലിയൊരു മുറിവ് തീർത്തു.

എത്രയൊക്കെ.. എങ്ങനൊക്കെയും അവനൊരു കുഴപ്പവും വരാത്ത രീതിയിൽ കേസ് ഒതുക്കി തീർക്കാൻ ഓടി പാഞ്ഞു നടന്നു.
സഹായിക്കാം എന്ന് വാക്ക് പറഞ്ഞവരിൽ ഏറെക്കുറെ ആളുകളും താൻ നീട്ടിയ കാശ് വാങ്ങി മറുകണ്ടം ചാടിയത് ആ നോവിലും അയാളെ ചൊടിപ്പിച്ചു.

“പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി നിരവധി തവണ പീഡിപ്പിച്ചു.അത് ചോദ്യം ചെയ്ത കുട്ടിയുടെ മാതാപിതാക്കളെ ദേഹോപദ്രവം ചെയ്തു എന്നതെല്ലാം സംശയാതീതമായി തെളിയിക്കപ്പെട്ടതാണ്… ആയതിനാൽ…”

കനത്ത നിശബ്ദതയെ ഭേദിച്ചു കൊണ്ടാ വാക്കുകൾ..

രുദ്രന്റെ മുഖത്ത് ഒരായിരം നക്ഷത്രങ്ങൾ ഒന്നിച്ചു വിരിഞ്ഞു.

സന്തോഷം കൊണ്ടവൻ അരുകിൽ ഇരുന്ന റെജിയുടെ കൈകളിൽ അമർത്തി പിടിച്ചു.

ഒന്നും വെറുതെയായില്ല.

നിരവധി പീഡനകേസുകൾ അവനെതിരെ ആരോപിക്കാൻ ഉണ്ടായിരുന്നു എങ്കിലും.. വെറും എട്ടു വയസ്സുള്ളൊരു കുഞ്ഞിനേയും കൊണ്ട് അതിന്റെ അമ്മ ജെറിനെതിരെ പരാതി പറഞ്ഞു വന്ന ദിവസം രുദ്രന് ഓർമ വന്നു.

ജെറിനെന്ന നികൃഷ്ട ജീവിയെ അന്നാണ് ശെരിക്കും അറിയാനായത്.

ബുദ്ധിയുറക്കാത്ത കുഞ്ഞുങ്ങളിൽ പോലും അവന്റെ പേകൂത്തുകളെ കുറിച്ച് ആ അമ്മ പറഞ്ഞത് കേൾക്കെ മനസ്സിൽ ഉറപ്പിച്ചു വെച്ചതാണ്… ആണത്തം അലങ്കാരമായി കൊണ്ട് നടക്കുന്നവനെ അതേ കാരണം കൊണ്ട് തന്നെ പൂട്ടണം എന്നത്.

ഇരയെന്ന വിളിപേരിനെ ഭയക്കാതെ ആ കുട്ടിയുടെ മാതാപിതാക്കൾ ഒപ്പം ചേർന്ന് നിന്നപ്പോൾ പിന്നൊന്നും പിറകോട്ടു വലിച്ചില്ല.

ഇനിയൊരു കുഞ്ഞിനും ഈ ഗതി വരരുത്. സ്വന്തം കണ്മുന്നിൽ വന്നു പെടുന്ന കുഞ്ഞിനെ കാണുമ്പോൾ ഉയരുന്ന പൗരുഷം.. മുന്നേ നടപ്പാക്കിയ വിധിയെ ഓർക്കുമ്പോൾ താനേ താഴണം. ആ വിധം വേണം നിയമം നടപ്പിലാക്കുവാൻ..

രുദ്രന്റെ കൈ വിരലുകൾ റെജിയും അമർത്തി പിടിച്ചു.

സ്റ്റീഫന് നേരെ വീണ്ടും പുച്ഛത്തോടെ ഒന്ന് നോക്കിയിട്ട് രുദ്രൻ പുറത്തേക്ക് നടന്നു.

ഇനി എന്തൊക്കെ കളികൾ ആര് കളിച്ചാലും ഈ ജന്മം പുറം ലോകം കാണാൻ കഴിയാത്ത വിധം സ്ട്രോങ്ങ്‌ ആണ് കേസൊരുക്കിയത് എന്നവന് ഉറപ്പാണ്.

ആ ഒരു ആത്മവിശ്വാസം ആവോളം ഉണ്ടായിരുന്നു.

പുറത്തിറങ്ങിയ അവനെ മിഡിയക്കാർ പൊതിഞ്ഞു.

“അവിടെ പറഞ്ഞതും.. മുന്നേ പറഞ്ഞതുമല്ലാത്ത ഒന്നും പുതുതായി എനിക്ക് നിങ്ങളോട് പറയാനില്ല. ദാറ്റ്‌ സോൾവിഡ്. ബൈ ‘

കൂടുതലൊന്നും പറയാൻ നിൽക്കാതെ അവൻ ഇറങ്ങി പോയി കാറിൽ കയറി.

മനസ് അലയൊതുങ്ങിയ കടൽ പോലെ ശാന്തമാണ്.

അവനച്ഛനെ ഓർമ വന്നു.
എത്ര ഒതുക്കിയിട്ടും.. പൊട്ടി വന്നൊരു കരച്ചിലിനെ കൈകൾ കൊണ്ട് മുഖം അമർത്തി തുടച്ചു കൊണ്ടവൻ തടഞ്ഞിട്ടു.

അതേ നിമിഷം തന്നെ അവന് അഞ്ജലിയെയും ഓർമ വന്നു.

ഇങ്ങനൊരു കേസിന്റെ പിറകെ ആണെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും.. അതിനെ കുറിച്ചവൾ ഒരിക്കലും ചോദിച്ചിട്ടില്ല.
വെറുതെ പോലും സംസാരിച്ചു കേട്ടിട്ടില്ല.
പകരം അപ്പനും ചേട്ടനും ചെയ്തു കൂട്ടിയ തെറ്റുകൾക്ക് സ്വന്തം സ്നേഹം കൊണ്ട് പ്രായക്ചിതം തീർക്കുന്ന അവളോടുള്ള പ്രണയം കൊണ്ടവന്റെ നെഞ്ച് വിങ്ങി.

കരച്ചിലിനെ തോൽപ്പിച്ചു കൊണ്ടവന്റെ മുഖം ഒരു ചിരി കടമെടുത്തു.

അറിയാതെ തന്നെ അവന്റെ വണ്ടിയുടെ സ്പീഡ് കൂടി പോയിരുന്നു.
അവൾക്കരികിൽ ചേർന്നിരിക്കാൻ വല്ലാത്ത കൊതി.

പ്രണയത്തിന്റെ അനുഭൂതിയിൽ അലിഞ്ഞു തീരാനുള്ള ഹൃദയത്തിന്റെ കൊതി..

❣️❣️❣️❣️

പതിയെ പോ അഞ്ജു.. ഏട്ടൻ എങ്ങും ഓടി പോവൂല ”
കേളേജിൽ നിന്നും വന്ന ഉടനെ തന്നെ പോർച്ചിൽ രുദ്രന്റെ വണ്ടി കിടപ്പുണ്ട് എന്നറിഞ്ഞവൾക്ക് വല്ലാത്ത ധൃതിയുണ്ടായിരുന്നു.

സ്കൂട്ടിയിൽ നിന്നും വേഗമിറങ്ങി അകത്തേക്ക് ഓടാൻ നിൽക്കുന്നവളെ നോക്കി ശിവ വിളിച്ചു പറഞ്ഞു.

“അങ്ങേര് ഇവളുടെ കെട്ടിയോൻ തന്നെ അല്ലേ. പോക്ക് കണ്ട കാമുകൻ ആണെന്ന് തോന്നും. ഇങ്ങനെയും ഉണ്ടോ ഒരു സ്നേഹം ”
അഞ്ജലിയുടെ ഓട്ടം കണ്ടിട്ട് ശിവ അവിടെ തന്നെ നിന്നിട്ട് പറഞ്ഞു.

അഞ്ജലിയുടെ കൂടി ബാഗ് വലിച്ചെടുത്തു കൊണ്ടാണ് അവൾ അകത്തേക്ക് കയറിയത്.

നിനക്ക് കുശുമ്പ് ആണെടി പരട്ടെ ”
അകത്തേക്ക് പായുന്നതിനിടെ അഞ്ജലി വിളിച്ചു പറയുന്നത് കേട്ടപ്പോൾ ശിവ ചിരിച്ചു കൊണ്ട് തലകുലുക്കി.

❣️❣️❣️❣️❣️

അഞ്ജലി ചെല്ലുമ്പോൾ രുദ്രൻ കമിഴ്ന്നു കിടന്നു നല്ല ഉറക്കമാണ്.
വാതിൽ ചേർത്തടച്ചു കൊണ്ട് അവൾ അവന്റെ അരികിൽ പോയിരുന്നു..

നക്നമായ രുദ്രന്റെ പുറത്ത് കവിൾ ചേർത്ത് വെറുതെ കിടന്നു.

പിന്നെ എഴുന്നേറ്റു ഫ്രഷ് ആയി വന്നിട്ടും അവൻ അതേ കിടപ്പ് തന്നെ.

അവൾക്കവനോട് വല്ലാത്തൊരു വാത്സല്യം തോന്നി. കൈ ഉയർത്തി മുടിയിൽ തലോടി തിരിഞ്ഞു നടക്കാൻ ഒരുങ്ങിയവൾ ഒരൊറ്റ വലിക്ക് അവന്റെ നെഞ്ചിൽ വീണിരുന്നു.

“ഇന്നല്പം ലേറ്റായോ യൂദാസേ നീ?. ഞാൻ നോക്കിയിരുന്നു മടുത്തു.”
അഞ്ജലിയുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കൊണ്ടവൻ ചോദിക്കുമ്പോൾ അവൾ പിടഞ്ഞു കൊണ്ടവനെ കെട്ടിപിടിച്ചു.

“ഇച്ചിരി.. അവസാനത്തെ എക്സാം അല്ലേ. അത് കഴിഞ്ഞു കുറച്ചു പരിപാടികൾ ഉണ്ടായിരുന്നു ”
അവനോട് ചേർന്ന് കിടന്നു കൊണ്ട് തന്നെ അഞ്ജലി പറഞ്ഞു.

“രുദ്രേട്ടൻ ഇന്ന് നേരത്തെ വന്നോ ”

അവന്റെ മുഖം പിടിച്ചുയർത്തി കൊണ്ടവൾ ചോദിച്ചു.

“എനിക്ക് നിന്നെ കാണാൻ തോന്നിയെടി യൂദാസേ ”
അവന്റെ ചുണ്ടുകൾ അവളിൽ ഇടതടവില്ലാതെ പ്രണയം പങ്കിട്ടു കൊണ്ട് മറുപടി പറഞ്ഞു.

“ഓഹോ. അത് കൊണ്ട് ഓടി വന്നതാണോ ”

അഞ്‌ജലിയും കുറുമ്പോടെ അവനെ നോക്കി.

“മ്മ്. വന്നപ്പോ ഇവിടെ നീ ഇല്ല. അപ്പൊ പിന്നെ കിടന്നുറങ്ങി കളയാം എന്ന് തീരുമാനിച്ചു ”
അവനും അതേ കുറുമ്പോടെ അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.

“മാറങ്ങോട്ട്.. കഴിഞ്ഞ ഒരാഴ്ച ഈ സ്നേഹം എവിടെ ആയിരുന്നു. പാതിരാത്രി വരും. എന്ത് മിണ്ടിയാലും കണ്ണുരുട്ടി പേടിപ്പിക്കും. എന്തെല്ലാം പ്രഹസനങ്ങളായിരുന്നു. എന്നിട്ടിപ്പോ സ്നേഹമാണ് പോലും ”
അള്ളി പിടിച്ചു കിടക്കുന്നവനെ പിടിച്ചു തള്ളി കൊണ്ട് അഞ്ജലി ദേഷ്യത്തോടെ പറഞ്ഞു.
രുദ്രന് അപ്പോഴും ചിരിയാണ്.
അവനറിയാം.. എത്രയൊക്കെ ദേഷ്യം കാണിച്ചാലും ആ മനസ്സ് നിറയെ തന്നോടുള്ള പ്രണയം നിറഞ്ഞു നിൽപ്പുണ്ടെന്ന്.

അവൾ ഒന്ന് പിണങ്ങിയാൽ… അതൊരു പിണക്കമാണെന്ന് തനിക്ക് തോന്നാൻ വേണ്ടി അവൾ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ ഒന്ന് കാണേണ്ടത് തന്നെയാണ്.

പത്തു മിനിറ്റ് തികച്ചും എടുക്കാതെ വീണ്ടും പിണക്കം മറന്ന് ചിണുങ്ങി കൊണ്ട് അരികെ വരുന്നവളോട് സ്നേഹമല്ലാതെ വേറെ എന്താണ് തോന്നേണ്ടത്.

“എനിക്ക് തിരക്ക് കൊണ്ടൊന്നും അല്ലെന്റെ യൂദാസേ. നിനക്ക് എക്സാമായത് കൊണ്ടല്ലേ ഞാൻ അകറ്റി നിർത്തിയത്. അല്ലേൽ തന്നെ നിന്റെ മനസ്സിൽ ഏത് നേരവും ഈ ഞാനല്ലേ ഒള്ളു. എക്സാം ഷീറ്റിൽ എന്നെ വരച്ചു വെച്ചത് കൊണ്ടായില്ലല്ലോ. നീ പഠിച്ചത് വെറുതെയാവരുത് എന്ന് കരുതിയിട്ടല്ലേ ”

രുദ്രൻ അവൾക്ക് നേരെ ചെരിഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു.

“മ്മ്.. എനിക്കറിയാം ”

കുഞ്ഞു പിള്ളേരുടെ പോലെ വീണ്ടും അഞ്ജലി പറ്റി കൂടി കിടന്നു.

“നിനക്കെല്ലാം അറിയാം. എന്നാ ആവിശ്യനേരത്ത് ഒന്നും അറിയേം ഇല്ല. ഇങ്ങനൊരു സാധനം ”

രുദ്രൻ അവളെ കളിയാക്കി ചിരിച്ചു.

“നിനക്കെന്നോട് ദേഷ്യമുണ്ടോ യൂദാസേ ”
ചിരി മാഞ്ഞു പോയിരുന്നു അവനാ ചോദ്യം അവൾക്ക് നേരെ നീട്ടുമ്പോൾ.

ഇല്ലെന്ന് തലയാട്ടി കൊണ്ടവൾ അവന്റെ നെറ്റിയിൽ ഏന്തി വലിഞ്ഞു കൊണ്ട് ചുണ്ട് ചേർത്ത്.

ജെറിന് കിട്ടിയ ശിക്ഷയെ കുറിച്ച് അവൾക്കറിയാം എന്ന് അവനുറപ്പായിരുന്നു.

ഒരിക്കലും അതിനെ കുറിച്ച് അവൾ തന്നോട് ചോദിക്കില്ലെന്നും.

അയാളത് അർഹിക്കുന്നുണ്ട് രുദ്രേട്ടാ. അതിൽ സങ്കടപെട്ടിരിക്കാൻ ഒരു പെണ്ണെന്ന നിലയിൽ എനിക്ക് അപമാനമാണ്. എനിക്ക് നേരെയുള്ള അതിക്രമങ്ങളെ ഞാൻ വേണമെങ്കിൽ മറന്നു കളയാം. പക്ഷേ… പക്ഷേ. ഇത്തിരിയില്ലാത്ത കുഞ്ഞു പിള്ളേരുടെ ചിരിയിലേക്ക് നോക്കി പോലും ”

അവൾ രുദ്രന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു.

“കർമം എന്നൊന്നുണ്ട് രുദ്രേട്ടാ. ചെയ്തു കൂട്ടിയതിനൊക്കെ അതിനേക്കാൾ മനോഹരമായൊരു തിരിച്ചടി കിട്ടുന്നത്…കൊന്ന് കളയേണ്ടതാണ്. പക്ഷേ ഇവരെ പോലുള്ളവർക്ക് അതൊരു രക്ഷപെടലാണ്. അവിടെ കിടക്കട്ടെ. ചെയ്തു പോയതിൽ നീറി നീറി അങ്ങ് ഒതുങ്ങട്ടെ ”

ഇടറിയുള്ള വാക്കുകൾക്കൊപ്പം തന്നെ കണ്ണുനീർ തുള്ളികൾ കൂടി നെഞ്ചിൽ ഇറ്റി വീഴുന്നുണ്ട്.
രുദ്രന്റെ കൈകൾ അവളെ കൂടുതൽ മുറുക്കി പിടിച്ചു.

❣️❣️❣️❣️❣️

സന്തോഷമാണ്..

ഹൃദയം നിറഞ്ഞു കവിയുന്ന സന്തോഷം.
എന്നിട്ടും പക്ഷേ ഉള്ളിലെ നേർത്തൊരു വിങ്ങൽ.. അത് അവളെ പിരിയുന്നതോർത്തിട്ടാണ്.

ജീവന്റെ താലി അണിഞ്.. അതീവ സന്തോഷത്തോടെ അവനോട് ചേർന്ന് നിൽക്കുന്ന ശിവയിൽ ഒതുങ്ങി പോയിരുന്നു അഞ്ജലിയുടെ കണ്ണുകൾ.

എക്സാം കഴിഞ്ഞു പിറ്റേ ആഴ്ച കല്യാണത്തിന് ഡേറ്റ് നോക്കുമ്പോൾ ഒരേ സമയം രണ്ടു ഭാവങ്ങൾ അവളെ കീഴ്പ്പെടുത്തി കളഞ്ഞിരുന്നു.

ഇവിടെ വന്നത് മുതൽ നിഴൽ പോലെ കൂടെ ഉണ്ടായിരുന്നവളെ പിരിയേണ്ടി വരുന്നത്.. അതല്പം സങ്കടം നൽകുന്ന ഏർപാട് തന്നെയാണ്.
പക്ഷേ അവൾ യാത്ര പറയുന്നത് അവളെറെ കൊതിയോടെ.. സന്തോഷത്തോടെ കാത്തിരിക്കുന്ന അവളുടെ ജീവിതത്തിലെക്കാണ്.
അനിവാര്യമാണ്.. ഈ വേർപിരിയൽ.

ശ്രീഏട്ടനും രുദ്രേട്ടനും ആഘോഷങ്ങൾക്കിടയിൽ മത്സരിച്ചെന്ന പോലെ ഓടി തീർക്കുന്നുണ്ട്,തിരക്കുകൾ.

റീത്തയും ജോസും തലേന്ന് തന്നെ അങ്ങോട്ട്‌ എത്തി ചേർന്നിട്ടുണ്ട്.

ആർക്കും നികത്താൻ ആവാത്തൊരു വിടവ് തന്നിൽ തന്നിട്ടാണ് ശിവ യാത്ര പറയാൻ ഒരുങ്ങുന്നത് എന്നൊരു തിരിച്ചറിവ് വന്നത് തലേന്ന് മുതൽ കല്യാണതിരക്കുകളിൽ അവളും താനും അലിഞ്ഞു ചേർന്നപ്പോഴാണ്.

ചുറ്റും ഒരുപാട് ആളുകൾ ഉണ്ടായിട്ടും ആ ആൾക്കൂട്ടത്തിനിടെ.. ശിവ കൂടെ ഇല്ലാതെ ഒറ്റക്കായത് പോലെ.

രുദ്രേട്ടന് പോലും ആ ഫീൽ മനസ്സിലായത് കൊണ്ട് തന്നെയാണ്..

‘നീ ഇന്ന് വേണമെങ്കിൽ ശിവയ്‌ക്കൊപ്പം കൂടിക്കോ യൂദാസേ. അവൾക്കും നിനക്കും അത് ഒരു റിലീഫ് ആവും.. ഞാൻ ഇന്നൊരു ദിവസം ഈ തലയിണ കെട്ടിപിടിച്ചു കിടന്നോളാം” എന്ന് പറഞ്ഞത്.

കേൾക്കാൻ കൊതിച്ചത് പോലെ വേഗം ശിവയുടെ മുറിയിലേക്ക് ചെന്നു ..
താൻ വരുമെന്ന് അവൾക്ക് അറിയാവുന്ന പോലെ കിടക്കയിൽ തനിക്കായ് പാതി സ്ഥലം ഒഴിഞ്ഞു കിടക്കുന്നു.

തികട്ടി വന്ന കരച്ചിൽ ഒതുക്കി കെട്ടിപിടിച്ചു കിടക്കുമ്പോൾ.. അത് പോലൊരു കരച്ചിൽ അവളുടെ ഉള്ളിലും വിതുമ്പി നിൽപ്പുണ്ട് എന്നാരും പറഞ്ഞു തരേണ്ടിയിരുന്നില്ല.

രണ്ടാളും ഒന്നും മിണ്ടുന്നില്ല.

ആളും ബഹളവും പുറത്ത് അലയടിക്കുമ്പോൾ അതിനേക്കാൾ വലിയൊരു തിരയെ ഉള്ളിൽ ഒതുക്കി അഞ്‌ജലിയും ശിവയും കിടന്നു.

എന്തെങ്കിലും ഒന്ന് മിണ്ടി തുടങ്ങിയാൽ കരഞ്ഞു പോകുമെന്ന് ഉറപ്പായിരുന്നു.

“ഡീ.. യൂദാസേ ”

രുദ്രൻ തട്ടി വിളിക്കുമ്പോൾ അഞ്ജലി ഞെട്ടി കൊണ്ട് അവനെ നോക്കി.

“എന്തോർത്തു നിൽക്കുവാ. ശിവ പോവാനിറങ്ങി ”
രുദ്രൻ അഞ്ജലിയുടെ തോളിൽ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

വാ.. അവളുടെ നിൽപ്പ് കണ്ടിട്ട് അവൻ അലിവോടെ പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു.

ലക്ഷ്മി അമ്മയെ കെട്ടിപിടിച്ചു ചിരിച്ചു കൊണ്ട് യാത്ര പറയുന്ന ശിവയുടെ മുഖം ദൂരെ നിന്നേ അഞ്ജലി കണ്ടിരുന്നു.

“നീ എവിടെ പോയി കിടപ്പായിരുന്നു അഞ്ജുസേ. ഞാൻ പോവാടി ”
നിമിഷനേരം കൊണ്ട് പറച്ചിലും കരച്ചിലും കഴിഞ്ഞ്..
രുദ്രനെ വിട്ട് അഞ്ജലി ശിവയെ കെട്ടിപിടിച്ചു..

“കുഞ്ഞാന്റി പോയിട്ട് വാ. ഞാനും വാവേം കാത്തിരിക്കും ”
പതിയെ ശിവയുടെ ചെവിയിൽ അഞ്ജലി പറയുമ്പോൾ ശിവ ഒരു നിമിഷം അനങ്ങാതെ നിന്നു.

പിന്നെ അഞ്ജലിയെ അടർത്തി മാറ്റി കൊണ്ട് സംശയത്തോടെ നോക്കി.
അഞ്ജലി ചിരിച്ചു കൊണ്ട് കണ്ണടച്ച് കാണിച്ചു. ശേഷം കൈവെള്ള തുറന്നു ശിവയ്ക്ക് കാണാനായി നീട്ടി പിടിച്ചു.
സന്തോഷം കൊണ്ട് ശിവ വീണ്ടും അവളെ കെട്ടിപിടിച്ചു.. മുഖം നിറയെ ഉമ്മ കൊടുത്തു.

കണ്ടു നിന്നവരിൽ പലർക്കും കണ്ണ് നിറഞ്ഞു പോയി. ആ സ്നേഹം കണ്ടപ്പോൾ.

എട്ടനോട് പറഞ്ഞില്ലേ അഞ്ജുസേ ”

ശിവ വീണ്ടും ചോദിച്ചു.

“ഇല്ല. ആദ്യം നീ അറിയണം എന്ന് കരുതി.. കുഞ്ഞാന്റിക്കുള്ള എന്റെ വിവാഹസമ്മാനം ”
ശിവയെ നോക്കി ചിരിച്ചു കൊണ്ട് അഞ്ജലി പറഞ്ഞു..

“ഏട്ടാ.. രുദ്രന്റെ നെഞ്ചിൽ ചേരുമ്പോൾ സന്തോഷവും സങ്കടവും ഒരുപോലെ തോന്നി ശിവയ്ക്ക്.

“സന്തോഷമായിട്ടിരിക്കണം. നിന്നെ പടിയടച്ചു വിടുകയല്ല ഏട്ടൻ. എപ്പോഴും ഇത് നിന്റെ വീട് തന്നെ ആവും. എപ്പോ വേണമെങ്കിൽ പോലും കയറി വരാൻ പാകത്തിന് ഈ വീടിന്റെ വാതിൽ നിനക്ക് വേണ്ടി തുറന്നു കിടക്കും ”

അതിൽ കൂടുതൽ ഒരു ഉറപ്പ് അവന് കൊടുക്കാനില്ലായിരിന്നു അപ്പോൾ.

“പോയിട്ട് വാ മോളെ ”
കരയാൻ ഒരുങ്ങി വരുന്നവളുടെ കവിളിൽ തട്ടി കൊണ്ട് ശ്രീയും പറഞ്ഞു.

ഒരിക്കൽ കൂടി യാത്ര പറഞ്ഞിട്ട് ജീവനൊപ്പം ശിവ പോയ കാർ നീങ്ങിയപ്പോൾ രുദ്രന്റെ കൈകളും അഞ്ജലിയെ പൊതിഞ്ഞു പിടിച്ചു.

❣️❣️❣️❣️❣️

വൈകുന്നേരം ജീവന്റെ വീട്ടിലാണ് ഫങ്ക്ഷൻ.
അതിന് പോവാൻ വേണ്ടി റെഡിയാവുകയാണ് രുദ്രൻ..

അതേയ്… അവനെ തന്നെ നോക്കി കിടക്കയിൽ ഇരിക്കുന്ന അഞ്ജലി ഇത്‌ കൂടി ചേർത്ത് അഞ്ചാം തവണയാണ് വിളിക്കുന്നത്.
അതിനും മുൻപ് ചെയ്തത് പോലെ രുദ്രൻ ഒന്ന് മൂളി.

അഞ്ജലി വീണ്ടും മുഖം വീർപ്പിച്ചു.

രുദ്രൻ ഗ്ലാസിലൂടെ കാണുന്നുണ്ട് അവളുടെ കുറുമ്പുകൾ.

അവൻ ഒരുങ്ങി തീരുന്നത് വരെയും പിന്നെ അവൾ മിണ്ടിയില്ല. പകരം ഏതോ മധുരസ്വപ്നങ്ങളും മനസ്സിൽ താലോലിചിരിപ്പാണ്.
ചുണ്ടിൽ അത്രയും മനോഹരമായൊരു ചിരിയുണ്ട്.

രുദ്രൻ പോയി അവളുടെ അരികിൽ ഇരുന്നു.

“ഇനി പറ യൂദാസേ .. എന്താ എന്നോട് ചോദിക്കാനുള്ളെ?”

രുദ്രനും അവളുടെ നേരെ നോക്കി ചിരിച്ചു.

“എനിക്ക് ചോദിക്കാനാ ഉള്ളത് ”
അഞ്ജലി അവന് നേരെ തിരിഞ്ഞിരുന്നു.

മ്മ്.. ചോദിക്ക് നീ. ”
രുദ്രനും പറഞ്ഞു.

“നമ്മൾക്ക് ഒരു കുഞ്ഞി വാവ വന്നാൽ.. നിങ്ങൾക്ക് എന്നോടാണോ അതിനോടാണോ കൂടുതൽ ഇഷ്ടം തോന്നുക?”

കുറുമ്പോടെയുള്ള ചോദ്യം.

രുദ്രന് ചിരി വന്നു.

അതിപ്പോ.. നീ എന്റെ പാതി.. അതെന്റെ ജീവൻ.. രണ്ടിനേം അതിന്റേതായ ഇഷ്ടത്തോടെ കാണണ്ടേ യൂദാസേ ”
രുദ്രൻ ചിരിയോടെ അവളുടെ തലയിൽ മേടി.

‘അത് പറ്റൂല.ആരോടാ ഇഷ്ടം എന്ന് കറക്റ്റ് ആയിട്ട് പറയണം. കൂടുതൽ ഡക്കറേഷൻ ഇട്ട് ഉടായിപ്പ് കാണിക്കുന്ന പരിപാടി ഈ കാര്യത്തിൽ നടക്കൂല. ”

അഞ്ജലി തീർത്തും പറഞ്ഞു.

“അതവിടെ നിക്കട്ടെ. ഈ ചോദ്യം. ഇപ്പൊ ചോദിക്കാനുള്ള കാരണമെന്താ യൂദാസേ ”
കണ്ണിലേക്കു നോക്കി രുദ്രൻ ചോദിക്കുമ്പോൾ അഞ്ജലിയുടെ മുഖം കുനിഞ്ഞു.

കവിളിൽ ചുവപ്പ് പടർന്നത് എത്ര പെട്ടന്നാണ്.

അത് കാണെ അവന്റെ കണ്ണുകളും വിടർന്നു.

കൈ കൊണ്ട് അവളുടെ മുഖം പിടിച്ചുയർത്തി.

ആ കണ്ണിലെ ചോദ്യം അറിഞ്ഞിട്ട് തന്നെ അഞ്ജലി അതേ എന്ന് തലയാട്ടി കാണിച്ചു.

ഒറ്റൊറ്റ നിമിഷം കൊണ്ടവൻ അവളെ പൊതിഞ്ഞു പിടിച്ചു.
ചുംബനങ്ങളുടെ പെരുമഴയിൽ അഞ്ജലി നനഞ്ഞു പോയിരുന്നു.

ഒടുവിൽ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടവൻ വേഗം പുറത്തേക്ക് ഇറങ്ങി പോയി.

അവൾക്കറിയാം.. ആ പോക്ക് അവസാനിക്കുന്നത് സേതുവിന്റെ അരികിലാവും എന്ന്.

തുടരും