രചന – അഞ്ജു തങ്കച്ചൻ
രാധേച്ചീ….ഇന്ന് കോളേജിൽ കൊണ്ടുപോകാൻ കറികൾ ഇത്തിരി കൂടുതൽ വച്ചേക്കണേ, ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന ചില കൂട്ടുകാർക്ക് മിക്കവാറും ദിവസങ്ങളിൽ സാമ്പാറും, പരിപ്പ് കറിയുമാണ്,അതും ഒരു രുചിയുമില്ലാത്ത കറി.അവർക്ക് രാധ ചേച്ചി വയ്ക്കുന്ന കറികളുടെ സ്വാദ് വലിയ ഇഷ്ട്ടമാണ്.
അതിനെന്താ ചിന്നൂ കൂടുതൽ വച്ചേക്കാം.
ചിന്നു വീടിന് മുറ്റത്ത് ധാരാളം ചെടികൾ നട്ട് പിടിപ്പിച്ചിട്ടുണ്ട്. അവയെ പരിചരിക്കുന്നതിൽ അവൾ ഒരു മുടക്കവും വരുത്താറുമില്ല.
ചെടികൾക്ക് വെള്ളമൊഴിച്ചിട്ട്.അവൾ രാവിലെ തന്നെ പുഴയിൽ മുങ്ങിക്കുളിച്ചു.
അമ്മയുണ്ടായിരുന്ന കാലത്ത് മിക്കവാറും പുഴയിൽ കുളിക്കാൻ വരും.പിറകിൽ തന്നെയും വച്ച് ഒരു മത്സ്യത്തിന്റെ
മെയ് വഴക്കത്തോടെ അമ്മ നീന്തി തുടിക്കുമായിരുന്നു.അന്നൊന്നും തനിക്ക് നീന്തൽ വശമില്ലായിരുന്നു.
പിന്നീട് ഒറ്റക്കായപ്പോൾ താൻ പുഴയരുകിലിരുന്ന് എത്ര കണ്ണീർ വാർത്തിരിക്കുന്നു.
എത്രയെത്ര വേദനകളെ പുഴയിലെ കുഞ്ഞോളങ്ങൾ തഴുകി മാറ്റിയിരിക്കുന്നു.
അതുകൊണ്ടാണോ എന്നറിയില്ല,
കാലത്ത് പുഴയിൽ മുങ്ങിനിവരുമ്പോൾ അമ്മ തഴുകും പോലെ ഒരാശ്വാസമാണ്
കുളികഴിഞ്ഞ് നീളൻ മുടി കുളിപ്പിന്നലിട്ട്,അവൾ ഒരുങ്ങിയിറങ്ങി.
സ്ത്രീസഹജമായ അണിഞ്ഞൊരുങ്ങലോ, ആഭരണ പ്രിയമോ അവൾക്കില്ല.കണ്ണുകളിൽ അഞ്ജനമെഴുതും,ചിലപ്പോൾ കൈകളിൽ കറുത്ത കുപ്പികൾ അണിയാറുണ്ട്,അത്രമാത്രം.
രാധേച്ചിയെ… ഞാൻ ഇറങ്ങുവാണെ,ഗോകുൽ മോന് ഇന്നലെ വാങ്ങിയ മിഠായി എന്റെ മുറിയിലെ ടേബിളിൽ ഇരിപ്പുണ്ട്.എടുത്ത് കൊടുത്തേക്കണേ.
ശരി മോളേ…..
ഇന്നവൾ കുറച്ച് ധൃതിയിലാണ് നടക്കുന്നത്.കാരണം മറ്റൊന്നുമല്ല.ഇന്നലെ ടൗണിൽ ചുമടെടുക്കുന്നവരുടെ കൂട്ടത്തിൽ അവൾ അയാളെ കണ്ടിരുന്നു.തന്റെ മനസും, ചിന്തകളും മോഷ്ടിച്ചെടുത്ത നരേന്ദ്രനെ.
പലവട്ടം തേടിയിട്ടും കാണത്ത ആളെ ഇന്നലെ പെട്ടന്ന് കണ്ടപ്പോൾ ഉണ്ടായ വെപ്രാളം കാരണം,അയാൾ തന്നെ കാണാതെ താൻ മാറി നിന്നു.
അയാളെ കണ്ടമാത്രയിൽ അതിദ്രുതം മിടിച്ച ഹൃദയം…. പൊടുന്നനെ ഉടലിൽ പടർന്ന വിറയൽ…അതൊക്കെ എന്താണ് സൂചിപ്പിച്ചത്?
അയാളെ താൻ അത്രയും സ്നേഹിക്കുന്നു എന്നല്ലേ?അതെ, അല്ലെങ്കിൽ പിന്നെന്തിനാണ് ഇത്രയും നേരത്തെ താൻ ഇറങ്ങിയത് അയാളെ ഒരു നോക്ക് കാണാനുള്ള മോഹം മാത്രമല്ലേ ഇത്??
ആ മനുഷ്യനിന്ന് തന്റെ എല്ലാമായിരിക്കുകയാണ്.
അവളുടെ കാലുകൾക്ക് വേഗമേറി.
ടൗണിനടുത്തുതന്നെയാണ് കോളേജ്.
ടൗണിലെക്കെത്തും മുൻപ് വിശാലമായ കാടുണ്ട്. സർക്കാർ ഭൂമി ആയതുകൊണ്ട് മനുഷ്യരുടെ കടന്നുകയറ്റമില്ലാതെ നിറയെ മരങ്ങളും, വന്മരങ്ങളിൽ പടർന്നു കയറിയ കാട്ടു വള്ളികളും,പുല്ലുകളുമൊക്കെയായി അവിടം ഒരു തണുപ്പ് എപ്പോഴും ഉണ്ട്.
അവിടെ എത്തിയപ്പോൾ അവൾ കുറച്ചൂടെ സ്പീഡിൽ നടന്നു…
പെട്ടന്ന് ഇരമ്പിയാർത്ത് ഒരു ടിപ്പർ ഇടതു വശത്തേക്ക്,തന്റെ നേർക്ക് കുതിച്ചു വരുന്നത് കണ്ടതും ഞെട്ടിത്തരിച്ചവൾ കണ്ണുകൾ ഇറുക്കി അടച്ചു.
പെട്ടന്നവളെ ആരോ പിന്നിലേക്ക് തള്ളിയെറിഞ്ഞു.
ആ നിമിഷത്തിൽ തന്നെ ടിപ്പർ പാഞ്ഞു പോകുന്നത്കണ്ട് അവളിൽ നിന്നൊരു നിശ്വാസം ഉതിർന്നു.
പെട്ടന്ന് അവൾ ചാടിയെഴുന്നേറ്റു, ആരോ അടുത്തു കമിഴ്ന്ന് കിടപ്പുണ്ട് അയാളിൽ നിന്നും പടർന്ന രക്തം മണ്ണിൽ പുരണ്ടിട്ടുണ്ട്.
അയ്യോ… അവൾ അയാളെ കുലുക്കി വിളിച്ചു.
അയാൾ പതിയെ എഴുന്നേറ്റു. ആ മുഖം കണ്ടതും അവൾ ഞെട്ടി പോയി. നരേന്ദ്രൻ.
അയാൾ കണ്ണ് തുറന്ന് ചുറ്റിലും നോക്കി. നെറ്റി പൊട്ടി രക്തം വരുന്നുണ്ട്.
ദൈവമേ….വല്ലാതെ മുറിഞ്ഞല്ലോ, വാ നമുക്ക് ആശുപത്രിയിൽ പോകാം.
അവൾ അയാളുടെ കൈ പിടിച്ചു.
ഓ… പിന്നെ ഇതിനും വേണ്ടി ആശുപത്രിയിൽ പോകേണ്ട കാര്യം ഒന്നും ഇല്ല.
അവിടെ തന്നെ പടർന്നു പന്തലിച്ച കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല തിരുമി അതിന്റെ നീരിറ്റിച്ചതും, നീറ്റൽ സഹിക്കാതെ അയാൾ തല കുടഞ്ഞു.
തന്നെ രക്ഷിക്കാനായി തള്ളിയിട്ടപ്പോൾ കൂടെ വീണുപോയതാണ് ആൾ,കമിഴ്ന്നു വീണതുകൊണ്ട് നെറ്റി ശക്തിയിൽ നിലത്തിടിച്ചാണ് മുറിവുണ്ടായത്.
വരൂ നമുക്ക് ഒന്ന് ഹോസ്പിറ്റലിൽ പോയിട്ട് വരാം. നെറ്റിയല്ലേ മുറിഞ്ഞത്.
കുട്ടി മര്യാദക്ക് കോളേജിൽ പോകാൻ നോക്ക്. നേരം വൈകും.
അത് സാരമില്ല.
ഓഹ് ഈ ചെറിയ മുറിവും കൊണ്ട് ആശുപത്രിയിൽ പോകാനൊന്നും ഞാനില്ല.
അയാൾ എഴുന്നേറ്റ് റോഡിലേക്ക് കയറി സ്പീഡിൽ നടന്നു.
അതെ ഒന്ന് നിൽക്ക്…
അയാൾ അത് കേട്ടിട്ടും, കേട്ടതായി ഭാവിക്കാതെ മുന്നിലേക്ക് നടന്നു.
ഒന്ന് നിൽക്കു… ഞാനും അങ്ങോട്ടാണ്..
ഓഹ് എന്തൊരു നടത്തമാണ് ഇത്
ഒന്ന് പതിയെ പൊയ്ക്കൂടേ ഈ മനുഷ്യന്.
ഹേയ് നിൽക്ക്.
എന്താ കുട്ടീ….
ഞാൻ അത്ര കുട്ടിയൊന്നും അല്ല എന്നെ പേര് വിളിച്ചാൽ മതി.
ഓ ആയ്ക്കോട്ടെ
ചേട്ടന് ഇത് തന്നെയാണോ പണി?
ഏത്?
എന്നെ രക്ഷിക്കൽ
ശരി.ഇനി രക്ഷിക്കാൻ വരുന്നില്ല പോരെ
അവൾ അയാൾക്കൊപ്പം നടക്കാൻ ശ്രെമിച്ചു.
ഓഹ്… ഇപ്പോൾ വണ്ടിക്കാര് ഒക്കെ എന്ത് പോക്കാ പോകുന്നത്. റോഡിലൂടെ മനുഷ്യർ നടക്കുന്നത് പോലും ശ്രെദ്ദിക്കുന്നില്ല.ചേട്ടൻ വന്നില്ലായിരുന്നെങ്കിൽ ഞാൻ ചമ്മന്തി ആയി പോയേനെ.
അയാൾ പെട്ടന്ന് നിന്നു.
ചിന്നൂ…. ആ വണ്ടി നിന്റെ ജീവൻ എടുക്കാൻ തന്നെയാണ് വന്നത്.
അവൾ അയാളെ മിഴിച്ചു നോക്കി.
അതിന്റെ ഡ്രൈവിംഗ് സീറ്റിൽ രഘുവായിരുന്നു.
രഘുവോ ?
നീ അപകടത്തിലാണ് ചിന്നൂ… എപ്പോഴും ഒരു ശ്രെദ്ധ വേണം.
അവൾക്ക് കാര്യത്തിന്റെ ഗൗരവം മനസിലായി.
സദാ സമയവും നിനക്ക് സ്വയം ഒരു ശ്രെദ്ധ വേണം.
ഉം…
ഭയപ്പെടേണ്ട… കോളേജിലേക്ക് പൊയ്ക്കോളൂ.
ശരി.
അവൾ മുന്നോട്ട് നടന്നു.
***************
മേനക ഫോൺ എടുത്ത് രഘുവിനെ വിളിച്ചു.
എല്ലാം കഴിഞ്ഞിട്ട് വിളിക്കാം എന്നവൻ പറഞ്ഞതാണ്.
എന്നിട്ടും ഇത് വരേയും വിളിച്ചില്ല, ഇനിയും കാത്തിരിക്കാൻ വയ്യാ. എത്രയും വേഗം ആ സന്തോഷ വാർത്ത തനിക്ക് കേൾക്കണം.
ഹലോ… രഘുവിന്റെ ശബ്ദം കേട്ടതുംഅവൾ തിടുക്കം കൂട്ടി
എന്തായി കഴിഞ്ഞോ അവൾ ചോദിച്ചു.
ഇല്ല പറ്റിയില്ല.
അതെന്ത് പറ്റി അവൾ നിരാശയോടെ ചോദിച്ചു.
ഇവിടെ ഡ്രൈവർ പണിക്ക് ഒരുത്തൻ നിന്നില്ലേ, നരേന്ദ്രൻ. അവൻ അവളെ രക്ഷിച്ചു. അവൻ വന്നില്ലായിരുന്നെങ്കിൽ ഇപ്പോൾ അവൾ ജീവനോടെ ഉണ്ടാകുമായിരുന്നില്ല.
അവൾ നിന്നെ കണ്ടോ?
ഇല്ല.
ഇനി എന്ത് ചെയ്യും രഘൂ..
സാരമില്ല.നാളെ അവൾ പോകുമ്പോൾ എന്ത് വിലകൊടുത്തും ഞാൻ അവളെ അപകടപ്പെടുത്തും.
ഇനിയൊരു അബദ്ധം ഉണ്ടാകരുത് രഘൂ…
നമുക്ക് വേണ്ടി, നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി, ഏത് വഴി സ്വീകരിച്ചും ചിന്നുവിനെ തീർക്കണം.
അവളെ തീർത്തിട്ട് വേണം. ഇവിടുത്തെ പെണ്ണുപിടിയൻ കിളവനെ വകവരുത്താൻ.
അയാളെ പിന്നെ എന്തെങ്കിലും കലക്കി കൊടുത്തു ഞാൻ തീർത്തോളാം.
ഇനിയൊരു അബദ്ധം ഉണ്ടാകില്ല.
എല്ലാം കഴിഞ്ഞിട്ട് ഞാൻ വരും. മംഗലത്തുതറവാട്ടിലേക്ക്.
ശരി രഘൂ…
**************
വൈകിട്ട് കോളേജ് കഴിഞ്ഞ് ടൗണിൽ എത്തിയപ്പോൾ ചിന്മയി അവിടം മുഴുവൻ നോക്കിയിട്ടും നരന്ദ്രനെ കണ്ടില്ല.
ആളുടെ വീട് എവിടെയെന്നും അറിയില്ല.
നെറ്റിയിലെ മുറിവും, രക്തവും ഒക്കെ കണ്ടിട്ടാവും ഒരു സമാദാനവും ഇല്ലായിരുന്നു. ക്ലാസ്സിൽ ശ്രെദ്ദിക്കാൻ പോലും പറ്റുന്നില്ലായിരുന്നു.
ഒടുവിൽ,ചില ചുമട്ടുകാർ കടയുടെ മുന്നിലെ സ്റ്റെപ്പിൽ ഇരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു.
രണ്ടും കല്പ്പിച്ചു അവൾ അവരുടെ അടുത്തു ചെന്നു.
എന്താ മോളേ അവർ ചോദിച്ചു.
അല്ല… ഈ നരേന്ദ്രൻ എന്ന് പറയുന്ന ഒരാൾ ഇവിടെ ചുമടെടുക്കുന്നില്ലേ അയാൾ എന്തിയേ?
അവൻ ഇന്ന് രാവിലേ വന്നിട്ട് അപ്പോൾ തന്നെ പോയി. രാവിലെ അവനെ ഒരു ബൈക്ക് തട്ടിയെന്ന്.നെറ്റിമുറിഞ്ഞിരുന്നു. അതുകൊണ്ട് വേദനയുണ്ട് ചുമടെടുക്കാൻ വയ്യാ എന്നും പറഞ്ഞ് അവൻ പോയി.
ആളുടെ വീട് എവിടെ ആണെന്ന് അറിയാമോ?
നേരെ പോയിട്ട് വലത്തേക്ക് ഒരു മൺ വഴിയുണ്ട് അതിലെ ഒരു ഇരുപത് മിനിട്ട് നടക്കണം.
ശരി.
അവൾ അവർ പറഞ്ഞ വഴിയേ നടന്നു.
അധികം വീടുകൾ ഒന്നുമില്ല.
നിറയെ കുരുമുളക് തോട്ടമാണ്. ചിലയിടത്ത് കമുകും, തെങ്ങുമൊക്കെ തലയുയർത്തി നിൽക്കുന്നു.
ഭൂമിക്ക് പോലും എന്തൊരു തണുപ്പാണ് ഇവിടം എന്തൊരു ഭംഗിയാണ്.
കുറച്ച് നടന്നുകഴിഞ്ഞപ്പോൾ ഇരുവശത്തും പാടം കാണറായി.വിളഞ്ഞു കിടക്കുന്ന വയലേലകളിലെങ്ങും പോക്കുവെയിൽ പലതരം വർണ്ണം വാരിവിതറിയിട്ടുണ്ട്.
അകലെയുള്ള ഗിരിനിരശൃംഗങ്ങൾ നേരമിരുളും മുൻപേ മഞ്ഞിന്റെ പുതപ്പിനടിയിൽ ഉറക്കമായിരിക്കുന്നു. മേഘങ്ങളെ ചുംബിച്ച് തഴുകി മതിയാവാതെ തെന്നൽ പാറിനടപ്പാണ്.
അവൾ മുന്നോട്ടു നടന്നു.
പൊള്ളിയടർന്ന മണ്ണിന്റെ മേനിയിലിലേക്ക്
എപ്പോഴോ പെയ്ത വേനൽ മഴ
പ്രണയത്തിന്റെ ബീജ വിത്തെറിഞ്ഞതിനാലാവണം മണ്ണിലെമ്പാടും പുതുനാമ്പുകൾ വളർന്നിട്ടുണ്ട്. കുളിരിൽ കുതിർന്ന് നനഞ്ഞു കിടക്കുന്ന മണ്ണിനപ്പോൾ ഋതുമതിയുടെ ചേലാണ്.
ഇണചേരുന്ന നാഗങ്ങളെ പോലെ ചുറ്റിപ്പിണഞ്ഞു മരത്തിൽ പടർന്നവള്ളിപടർപ്പു നിറയെ ചെറിയ ചുവന്ന പൂക്കൾ.. അതങ്ങനെ കാറ്റിന്റെ താളത്തിൽ ചാഞ്ചാടുന്നുണ്ട്.
ഉള്ളിലെവിടെയോ ഒരു മൃദുവികാരം ഉടലെടുത്തു കഴിഞ്ഞിരിക്കുന്നു.
തന്റെ ജീവനെടുക്കാൻ തക്കം പാർത്തിരിക്കുന്നവരെ കുറിച്ചൊന്നും അപ്പോൾ അവളുടെ മനസ്സിൽ ഉണ്ടായിരുന്നില്ല.
മുന്നിൽ വഴി അവസാനിച്ചിരിക്കുന്നു.
അവിടെ ചെറിയൊരു വീട് ഓലകൊണ്ട് മേഞ്ഞ,മൺചുവരുകൾ ഉള്ള ചെറിയ വീട്.
വീടിനു മുൻവശത്തു നിറച്ചുംപൂത്തുലഞ്ഞ ചെടികൾ.
വാതിൽ അടഞ്ഞാണ് കിടക്കുന്നത്.
ഇവിടെ ആരുമില്ലേ അവൾ ഉറക്കെ ചോദിച്ചു.
വാതിൽ തുറന്ന് നരേന്ദ്രൻ ഇറങ്ങി വന്നു.
ചിന്നു എന്താ ഇവിടെ?എന്ത് പറ്റി എന്തേലും കുഴപ്പം ഉണ്ടായോ
ഇല്ല.
ചേട്ടന് എങ്ങനെ ഉണ്ടെന്ന് അറിയാൻ വേണ്ടി വന്നതാ.
അതിന് എനിക്കെന്ത് പറ്റി,ഇത്തിരി നെറ്റി മുറിഞ്ഞതല്ലേ ഉളളൂ…
എന്നിട്ടാണോ വേദനയാണെന്ന് പറഞ്ഞ് പോന്നത്.
ആരു പറഞ്ഞു.
ചേട്ടന്റെ കൂട്ടുകാർ പറഞ്ഞു.
അതിന് കുട്ടി ഇവിടെ വരെ വരേണ്ടിയിരുന്നില്ല
എനിക്ക് വരാൻ തോന്നി.വന്നു.അത്രതന്നെ.
ഇപ്പോൾ വേദന കുറവുണ്ടോ അവൾ അധികാരത്തോടെ അയാളുടെ നെറ്റിൽ പിടിച്ചു.
ചിന്നൂ….അയാൾ അവളുടെ കൈ പിടിച്ചു മാറ്റി.
നീ ചെറിയ കുട്ടിയാണ്. മനസ്സിൽ അരുതാത്ത എന്തെങ്കിലും ചിന്തയുണ്ടെങ്കിൽ അതങ്ങു മറന്നേക്കണം.
പഠിച്ച് ഒരു ജോലി നേടണം. നല്ല കുടുംബത്തിൽ നിന്ന് നല്ലൊരു പയ്യനെ കുട്ടിക്ക് കിട്ടും.
എനിക്ക് വേറെ പയ്യനെ വേണ്ടാ.., പിന്നെ പഠിച്ചു ജോലി നേടാൻ തന്നെയാണ് തീരുമാനം. ഒക്കെ നേടിയിട്ട് വരുമ്പോൾ നിങ്ങൾ എന്നെയും കൂടെ കൂട്ടുമോ എന്നാണ് അറിയേണ്ടത്.
ചിന്നൂ…നിനക്ക് പതിനെട്ടോ, പത്തൊൻപതോ വയസേ ആയിട്ടുള്ളൂ. ഞാൻ മുപ്പതുകളിൽ എത്തി.
അതിന്?
നിന്നെക്കാൾ ജീവിതമെന്തെന്ന് എനിക്കറിയാം അതുകൊണ്ടാണ് പറയുന്നത്. നിന്റെ ഈ പ്രായത്തിൽ നിനക്ക് പലതും തോന്നാം.
അതൊക്കെ പ്രായത്തിന്റെ ചാപല്യം മാത്രമാണ്.
കുട്ടി പോകാൻ നോക്ക്.
ഞാൻ പോകുകയാണ്. പക്ഷെ ഒന്ന് പറയാം. ഈ ജന്മം മുഴുവൻ ഞാൻ നിങ്ങളെ പ്രതീക്ഷിക്കും, എന്റെ അവസാനം വരെ.
മറ്റൊരാളും എന്റെ ജീവിതത്തിൽ ഉണ്ടാവില്ല.
അവൾ പോകുന്നത് അയാൾ നോക്കി നിന്നു.
നിന്നോട് സ്നേഹമില്ലാഞ്ഞിട്ടല്ല കുട്ടീ. നീയെന്റെ ജീവനാണ്. അതുകൊണ്ടാണ് നീയറിയാതെ നിനക്ക് പിന്നിൽ ഞാൻ ഉണ്ടാവാറുള്ളത്.
നിന്റെ ജീവന് കാവലായി, ഞാൻ എന്നും ഉണ്ടാകുകയും ചെയ്യും.
പക്ഷെ മറ്റൊന്നും ആശിക്കാൻ ഞാൻ അർഹനല്ല കുട്ടീ..
*************
തുടരും

by