22/04/2026

സ്വന്തം : ഭാഗം 07 & 08

രചന – ജിഫ്ന നിസാർ

ഹാളിൽ അക്ഷമരായിരിക്കുന്നവരെ, മുത്തശ്ശിയുടെ മുറിയിൽ നിന്നിറങ്ങി വന്നപ്പോൾതന്നെ കണ്ണൻ കണ്ടിരുന്നു.

ഒരു വിചാരണയ്ക്കുള്ള വകുപ്പുണ്ടാവും എന്നതാണ് ആ ഇരുത്തം കണ്ടപ്പോൾ അവന് മനസ്സിലായത്.

അതറിയാമായിരുന്നിട്ടും അവർക്ക് നേരെ നേർത്തൊരു പുഞ്ചിരി നീട്ടിയിട്ട് കണ്ണൻ പുറത്തേക്ക് നടന്നു.

“കിരണൊന്നു നിന്നേ അവിടെ”

മഹേഷിന്റെതാണ് ആജ്ഞ.

കണ്ണൻ അതേ ചിരിയോടെതന്നെ അവരെ തിരിഞ്ഞു നോക്കി.

ഒരുവിധപ്പെട്ട എല്ലാവർക്കും ഇപ്പോൾ ഇവിടെ വന്നിരിക്കാൻ സമയമുണ്ടോ എന്നാണ് അത്രയുമാളുകളെ ഒരുമിച്ച് കണ്ടപ്പോൾ കണ്ണന് തോന്നിയത്.

അവരുടെ ഭാഷയിൽതന്നെ പറയുമ്പോൾ നിന്നുതിരിയാൻ സമയമില്ലാത്ത വിധം തിരക്കുള്ളവരാണ്.

“അച്ഛനും ചെറിയച്ഛനുമൊന്നും ഇവിടെ കാറ്റ് കൊള്ളാൻ വന്നിരുന്നതല്ല”

മഹേഷിന്റെ ശബ്ദത്തിൽ ദേഷ്യമാണ്.

“അതിനാണെന്ന് ഞാനും പറഞ്ഞില്ലല്ലോ മഹീ”

ശാന്തമായിരുന്നു കണ്ണന്റെ വാക്കുകൾ.

“നിന്നോട് സംസാരിക്കാൻ വന്നിരുന്നതാണ് ഇവരെല്ലാം. എന്നിട്ടും നിനക്കെന്താ അവരോട് മിണ്ടാനൊരു മടി”

ജിതേഷ് കൂടി മഹിക്ക് പിന്തുണയുമായി വന്നു.

“എന്റെ വിശേഷമറിയാനും എന്നെ സ്നേഹിക്കാനും എന്തായാലും നിങ്ങളിത്ര പേര് നിരന്നിരിക്കില്ലെന്ന് എനിക്കുമറിയാം. പിന്നെ, എന്തെങ്കിലുമുണ്ടെങ്കിൽ അതിവര് പറയാതെ ഞാനെങ്ങനെ അറിയാനാണ് ജിത്തൂ. എന്നോട് സംസാരിക്കാനുണ്ടെങ്കിൽ അത് എന്നോടല്ലേ പറയേണ്ടത്”

കണ്ണൻ ചിരിച്ചുകൊണ്ടാണ് ചോദിക്കുന്നത്.

അതായിരുന്നു അവരുടെ ദേഷ്യവും. ഇത്രയൊക്കെ ദേഷ്യത്തോടെ പറഞ്ഞിട്ടും പരമാവധി അവഗണിച്ചിട്ടും അവന് ചിരിക്കാൻ കഴിയുന്നു. ശാന്തത വിടാതെ സംസാരിക്കാൻ കഴിയുന്നു. അതവന്റെ വിജയമാണല്ലോ.

“എന്താ നിന്റെ ഉദ്ദേശം?”

രവിവർമ്മയുടേതാണ് ചോദ്യം.

അവിടെയും അനന്തിരവനോടുള്ള സ്നേഹത്തിന്റെ ചെറിയൊരു കണിക പോലുമില്ല.

“എനിക്ക് ചോദ്യം മനസ്സിലായില്ല അമ്മാവാ” കണ്ണനും തിരിച്ചു ചോദിച്ചു.

“നീ എന്താ പൊട്ടനാണോടാ?” വീണ്ടും മഹിയുടെ പരിഹാസത്തോടെയുള്ള ചോദ്യം.

“എനിക്കാ ചോദ്യം മനസ്സിലായില്ല എന്നത് സത്യമാണ് മഹീ. പിന്നെ, അനാവശ്യമായി ദേഷ്യപെടുന്നവരും പകകൊണ്ട് നടക്കുന്നവരും കൂടി പൊട്ടന്മാരാണ്”

ഇപ്രാവശ്യം കണ്ണന്റെ മുഖം മാറിത്തുടങ്ങി. പതിവുചിരി മാഞ്ഞ്, പകരമവിടെ ഗൗരവമായി മാറി.

“ബാംഗ്ലൂരിൽ ഉണ്ടായിരുന്ന ജോലിയും രാജിവെച്ചിട്ട് ഇവിടെ വരാൻ മാത്രം എന്താണ് നിന്റെ ഉദ്ദേശമെന്നാണ് രവി ചോദിച്ചത്”

രവിമാമയുടെ ചോദ്യം പ്രതാപ് വർമ്മയെന്ന വല്യമ്മാമ ഏറ്റെടുത്ത് കഴിഞ്ഞെന്ന് കണ്ണന് മനസ്സിലായി.

അവൻ അവിടെ ചുറ്റുമൊന്ന് കണ്ണോടിച്ചു.

തറവാട്ടിലെ ഏറെക്കുറെ എല്ലാവരുമുണ്ട് ആ സഭയിൽ.

പ്രതാപ് വർമ്മ.. കണ്ണന്റെ വല്യമ്മാവൻ. അയാളുടെ ഭാര്യ സാവിത്രി. പിന്നെ ആദിയും സ്വാതിയും..

രവിവർമ്മ രണ്ടാമത്തെയാളാണ്. ഭാര്യ ഭാമ. അവരുടെ മക്കളാണ് മഹേഷ്‌ വർമ്മ, സിദ്ധാർഥ് വർമ്മ, മാനസ

അതിൽ മാനസ മാത്രമേ അവിടെയില്ലാത്തതൊള്ളൂ.

പിന്നെയുള്ളത് സുധീഷ് വർമ്മ. അയാളുടെ ഭാര്യ രാധിക. മക്കളാണ് ജിതേഷ്.. ഹർഷ.. വർഷ.

കൂട്ടത്തിൽ ജിതേഷിനെ മാറ്റിനിർത്തിയാൽ ഇത്തിരി മനസ്സാക്ഷിയുള്ളതും കണ്ണനോട് അൽപ്പമെങ്കിലും സ്നേഹമുള്ളതും സുധീഷിന്റെ കുടുംബത്തിനാണ്.

“നിനക്കൊന്നും പറയാനില്ലേ?”

വീണ്ടും രവിമാമയുടെ കനപ്പിച്ച ചോദ്യം. കണ്ണൻ ചുവരിൽ ചാരി നിന്നു.

“പറയാനുണ്ട് നിങ്ങളോടെനിക്ക്.. ഒരുപാട് പറയാനുണ്ട്. പക്ഷേ എന്റെ പപ്പ പറഞ്ഞിട്ടുണ്ട് അർഹതയുള്ളത് തരാത്തവരോട് കെഞ്ചരുതെന്ന്”

കണ്ണൻ വീണ്ടും ചിരിച്ചു.

“ഇതാണോടോ ചെറിയച്ഛൻ ചോദിച്ചതിനുള്ള ഉത്തരം?” വീണ്ടും മഹേഷിന്റെ ദേഷ്യം.

“നീ ഒന്നടങ്ങി നിൽക്ക് മഹീ. കണ്ണൻ പറയും” ആദിയുടെ സ്വരമുയർന്നു.

അവന് മേൽ ദേഷ്യത്തിന്റെ കുറെയേറെ കണ്ണുകൾ ഒരുമിച്ച് പതിഞ്ഞു.

“എന്റെ ഉദ്ദേശം എന്താണെന്നതല്ലേ നിങ്ങളുടെ ചോദ്യം? ആദ്യം ഞാനതിനുള്ള ഉത്തരം തരാം” വീണ്ടും കണ്ണൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“യാതൊരു ഉദ്ദേശത്തോടെയുമല്ലായിരുന്നു ഞാൻ കഴിഞ്ഞത്തവണ ഇവിടെ വന്നിറങ്ങിയത്. ഒരുപാട് ഒറ്റപ്പെടൽ ഫീൽ ചെയ്ത ഏതോ ഒരു നിമിഷം, അമ്മയുടെ കുടുംബക്കാരെ തേടിയിറങ്ങിവന്ന എനിക്ക് നിങ്ങൾ രാജകീയ സ്വീകരണമായിരുന്നല്ലോ തന്നത്. ഓർമ്മയില്ലേയത്? നിങ്ങള് മറന്നാലും ഞാനത് മറക്കാൻ പാടില്ലല്ലോ”

അവന്റെ സ്വരത്തിൽ പരിഹാസമായിരുന്നു.

ചുറ്റുമുള്ളവരുടെ മുഖം ഒന്നുക്കൂടി വലിഞ്ഞു മുറുകി.

“അത് കഴിഞ്ഞു. ഇനിയെനിക്ക് പറയാനുള്ളത് ഈ വരവിനെ കുറിച്ചാണ്. ഈ തറവാട്ടിൽ എന്റെമ്മയ്ക്ക് കൂടി അവകാശമുണ്ടെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും എന്റെ പപ്പ ഒരിക്കലുമത് ചോദിച്ചു വന്നിട്ടില്ല. അമ്മയെ വിട്ടിട്ടുമില്ല. എന്നോട് അത് ചോദിച്ചു വാങ്ങണം എന്ന് പറഞ്ഞിട്ടുമില്ല”

കണ്ണന്റെ കണ്ണുകൾ ചുറ്റും ഒന്നുകൂടി ഓടിത്തീർത്തു.

കേൾക്കാൻ പേടിയുള്ളതെന്തോ കേൾക്കാനിരിക്കുന്നവരുടെ വിളറിയ മുഖം.
അവന് വീണ്ടും ചിരി വന്നു.

“പക്ഷേ ഇപ്പോൾ വന്നത് തീർച്ചയായും എന്റെ അമ്മയുടെ അവകാശം ചോദിച്ചു മേടിക്കാൻ തന്നെയാണ്. എനിക്ക് വേണ്ടതെല്ലാം എന്റെ പപ്പ ഒരുക്കിത്തന്നിട്ടുണ്ട്. പോരാത്തതിന് നല്ല അന്തസ്സുള്ളൊരു ജോലിയും എനിക്കുണ്ട്. ഞാനത് രാജി വെച്ചിട്ടാണ് വന്നതെന്ന് നിങ്ങളുടെ തെറ്റിദ്ധാരണ മാത്രമാണ്. പക്ഷേ, കിട്ടാനുള്ളത് വാങ്ങിച്ചിട്ടേ ഇനി ഒരു മടക്കമൊള്ളൂ. എനിക്ക് വേണ്ടിയിട്ടല്ല. എന്നാലും ഞാനത് പിടിച്ചു വാങ്ങും. അതിനുവേണ്ടി ഈ കിരൺ എന്തും ചെയ്യും”

കണ്ണന്റെ സ്വരം പതിവിലും കടുത്തു പോയിരുന്നു അത് പറഞ്ഞപ്പോൾ.

“നീയൊരു ചുക്കും ചെയ്യില്ല. വന്നത് പോലെത്തന്നെ നീ തിരിച്ചു പോകും. ഇല്ലെങ്കിൽ ഓടിക്കും നിന്നെ”

പ്രതാപ് വർമ്മയുടെ സ്വരം തീ പിടിച്ചത് പോലെയായിരുന്നു അത് പറയുമ്പോൾ.

“ഞാൻ ചോദിക്കുന്നത് നിങ്ങളുടെ ഔദാര്യമല്ലല്ലോ വല്ല്യമ്മാമേ. എന്റമ്മയുടെ അവകാശമാണ്. സ്വന്തം കൂടപ്പിറപ്പിന്റെ മകനെ…അതായത് ഈ എന്നെ, ആ സഹോദരിയും ഭർത്താവും ജീവനോടെയില്ലാഞ്ഞിട്ട് കൂടിയും ചേർത്ത് പിടിക്കാൻ മനസ്സ് കാണിക്കാത്ത നിങ്ങളൊന്നും ആ ഓഹരി അർഹിക്കുന്നില്ല. നിങ്ങൾക്കത് വിട്ട് നൽകിയാൽ എന്റമ്മയുടെ ആത്മാവ് പോലും എന്നോട് പൊറുക്കില്ല”

കണ്ണന്റെ മുഖവും ചുവന്ന് പോയിരുന്നു.

സങ്കടവും ദേഷ്യവും അവനെ ഒരുപോലെ പൊള്ളിച്ചു.

“നീ ആരെയാ വെല്ലുവിളിക്കുന്നത് എന്നറിയാവോടാ നിനക്ക്.. അഹങ്കാരി..”

വിശേഷണം നൽകിയത് സാവിത്രിയമ്മായിയാണ്.

“ശെരിക്കുമറിയാം അമ്മായി. ഈ വല്ല്യമ്മാമയും അമ്മായിയും കൂടെ ചേർന്നല്ലേ കഴിഞ്ഞ വരവിൽ എനിക്കാ സർപ്രൈസ് ഒരുക്കിയത്. അതിനുള്ള നന്ദിയായി കണ്ടാൽ മാത്രം മതി”

കണ്ണൻ യാതൊരു കൂസലുമില്ലാതെ പറഞ്ഞു.

“നീ എങ്ങോട്ടാടാ ഈ തുള്ളിപ്പോണത്. നീ ഒറ്റയ്ക്കാണ്. അതോർമ്മ വേണം”

ജിതേഷിന്റെ ക്രൂരത നിറഞ്ഞ ചിരി.

കണ്ണനും ചിരിച്ചു.

“അവനൊറ്റക്കല്ല. ഞാനും ആദിയുമൊക്കെ കണ്ണനൊപ്പമാണ്. പിന്നെ മുത്തശ്ശിയും. അവന്റെ ഭാഗത്താണ് ന്യായം”

സിദ്ധു കണ്ണന്റെ അരികിൽ പോയി നിന്നിട്ട് പറഞ്ഞു.

“അത് നീ തീരുമാനിച്ചാൽ മതിയോടാ” ഭാമ സിദ്ധുവിന്റെ കയ്യിൽ നല്ലൊരു അടിക്കൊടുത്തു കൊണ്ട് കണ്ണുരുട്ടി.

“ഈ കാര്യം എനിക്ക് തീരുമാനിക്കാവുന്നതേ ഒള്ളൂ” സിദ്ധു നിസ്സാരമായി പറഞ്ഞു.

അവനെയും ആദിയെയും തുറിച്ചു നോക്കുന്ന കണ്ണുകളെ അവർ പുച്ഛത്തോടെ നേരിട്ടു.

“ഞാൻ പോവാൻ വന്നവനാണ് സിദ്ധു. എനിക്ക് വേണ്ടി നിങ്ങൾ തമ്മിൽ തല്ലി പിരിയരുത്. ചുറ്റുമുണ്ടാവുമ്പോൾ ഒരു വിലയുമുണ്ടാവില്ല ബന്ധങ്ങൾക്ക്. തിരിച്ചു കിട്ടാത്ത വിധം സ്വന്തമെന്ന് കരുതുന്നവർ നഷ്ടപെടണം സിദ്ധു.. അപ്പോഴറിയാം നമ്മൾക്ക് അവർ എത്രമാത്രം ആശ്വാസമായിരുന്നുവെന്ന്. അത് ശെരിക്കുമറിയാവുന്നത് കൊണ്ട് തന്നെ പറയുന്നു.. എനിക്ക് വേണ്ടി ദയവ് ചെയ്ത് നീ ഇവരോട് ഇടയാൻ നിൽക്കരുത്. പ്ലീസ്”

ആരും മിണ്ടുന്നില്ല. ചെയ്യുന്നതിലെ തെറ്റുകൾ അവർക്കെല്ലാമറിയാം. പക്ഷേ കിട്ടാനുള്ള ലക്ഷങ്ങളുടെ കണക്കെടുപ്പിൽ ആ നന്മയെ കുഴിച്ചു മൂടുകയാണ്.

“അപ്പൊ പറഞ്ഞു വന്നത്.. ഞാനെന്ത് ഉദ്ദേശം വെച്ചാണോ വന്നത് അത് നേടിയിട്ട് തന്നെയേ തിരിച്ചു പോകൂ. അപ്പൊ അതിനൊരു തീരുമാനമായില്ലേ. ഇനിയുമുണ്ടാവും നിറയെ ചോദ്യങ്ങൾ. തത്കാലം എനിക്ക് സമയമില്ല. ഞാനും നിങ്ങളും ഇവടെത്തന്നെയുണ്ടല്ലോ. അപ്പൊ വിചാരണ ഇനി വേറൊരു ദിവസത്തേക്കായി നീട്ടി വെച്ചതറിയിക്കുന്നു. എല്ലാവർക്കും പിരിഞ്ഞു പോകാം”

കണ്ണൻ അത്രയും പറഞ്ഞിട്ട് തിരിഞ്ഞു നടന്നു.

പിറകിൽ നിന്നും കേൾക്കുന്ന മുറുമുറുപ്പുകൾ അവന്റെ ചുണ്ടിൽ ചിരിയാണ് നൽകിയത്.

“കണ്ണാ…. ” പുറകിൽ നിന്നും വിളിച്ചുകൊണ്ട് ആദി ഓടി വന്നു.

“എന്താടാ” കണ്ണൻ അവനോട് ചോദിച്ചു.

“പുറത്ത് പോവുകയല്ലേ നീ?. ഇതാ എന്റെ വണ്ടിയെടുത്തോ”

ആദി കൈയ്യിലുള്ള കീ കണ്ണന് നേരെ നീട്ടി.

“വേണ്ടടാ. റോഡിലിറങ്ങിയാൽ ഓട്ടോ കിട്ടും. ഞാനൊരു വണ്ടി നോക്കാനാ പോവുന്നതും”

കണ്ണൻ ചിരിച്ചു കൊണ്ട് അത് നിരസിച്ചു.

“അവരുടെ കൂട്ടത്തിലേക്ക് നീ എന്നെയും സിദ്ധുവിനെയും കൂടി ചേർത്തെഴുതരുത്. അപേക്ഷയാണ്”

ആദി കണ്ണന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

“ഏയ്.. ഇതത് കൊണ്ടന്നുമല്ലടാ. പറഞ്ഞത് സത്യമാണ്. ഇനി അതും വിശ്വാസമില്ലെങ്കിൽ നീ കൂടെ വാ. ഞാൻ തനിച്ചു പോവണ്ടല്ലോ”

കണ്ണൻ ആദിയുടെ തോളിൽ തട്ടി.

“സിദ്ധു.. വാ ”

ഒന്നാലോചിച്ചു പോലും നോക്കാതെ ആദി സിദ്ധുവിനെയും വിളിച്ചുകൊണ്ട് കണ്ണനൊപ്പമിറങ്ങി.

❣️❣️❣️❣️

“അവന് കുറുമ്പ് പറയാനും കുസൃതി കാണിക്കാനുമൊന്നും ആരുമില്ലല്ലോ സീതേ”

വീണ്ടും മുത്തശ്ശി കണ്ണന് വേണ്ടിയാണ് വാദിക്കുന്നത്.

സീതയുടെ കണ്ണുകൾ കൂർത്തു.

“അവനാരുമില്ലെന്ന് കരുതി എന്റെ നെഞ്ചിലേക്കാണോ പാഞ്ഞു കയറേണ്ടത്”

സീതയുടെ ദേഷ്യം പോയിട്ടില്ല.

“അവനുള്ളിൽ വലിയൊരു മുറിവുണ്ട് മോളേ. അതിന്റെ നീറ്റൽ പുറമെ കാണിക്കാതെക്കൊണ്ട് നടക്കുകയാണ് എന്റെ കുട്ടി”

മുത്തശ്ശിക്ക് വീണ്ടും സങ്കടം. സീതയൊന്നും മിണ്ടിയില്ല.

ഒറ്റരാത്രികൊണ്ട് ഒറ്റക്കായിപ്പോയവനാണ്. ഈ കളിയും ചിരിയുമൊക്കെയുണ്ടന്നേ ഒള്ളൂ. ഉള്ളിൽ അവനൊരു സങ്കടം എപ്പോഴും മൂടി വെച്ചിട്ടുണ്ട്. നിനക്കറിയോ അത്?”

മുത്തശ്ശി വീണ്ടും സീതയെ നോക്കി.

ഒരു രാത്രി ഉറങ്ങിയെഴുന്നേറ്റു വരുമ്പോൾ മുറ്റത്ത് മുഴുവനും വെറുപ്പ് നിറഞ്ഞ മുഖത്തോടെ നാട്ടുകാർ. അവരുടെ സംസാരത്തിൽ നിന്നാണ് അമ്മ ഒളിച്ചോടിപോയതാണ് എന്നറിഞ്ഞത്.

ഒറ്റ രാത്രികൊണ്ട് മുന്നിലെ ജീവിതം കറുത്ത് പോയവൾക്ക് ആ സങ്കടം മനസ്സിലാവുമായിരുന്നു.

അന്ന് വൈകുന്നേരം തിരിച്ചു പോകും വരെയും പിന്നെ അവനെ കണ്ടിട്ടില്ല.

❣️❣️❣️❣️❣️

“ദേ ചിറ്റ വന്നു”

ഹരിയുടെ മടിയിലിരുന്നാണ് ലല്ലു കൈ ചൂണ്ടി കാണിക്കുന്നത്.അതുവരെയും ഉണ്ടായിരുന്ന മാനസിക സംഘർഷം തന്നിൽനിന്നും പതിയെ വിട്ട് മാറുന്നത് സീതയറിഞ്ഞു.

ചിരിച്ചുകൊണ്ടാണ് അവളും കയറിച്ചെന്നത്.

ഉമ്മറത്തെ വെറും നിലത്ത് ലല്ലുവിനെയും മടിയിൽ വച്ച് ഹരി ഇരിക്കുന്നു. കുറച്ചു മാറി ചുവരിൽ ചാരി പാർവതിയും.

“നീ എപ്പൊ വന്നു ഹരി?” സീത അവനെ നോക്കി ചോദിച്ചു.

“ഇത്തിരി നേരമായെടി. ഞങ്ങളോരോന്നും പറഞ്ഞിരുന്നു പോയി”

ഹരി പാർവ്വതിയെ തിരിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞു.

“ഓ.. അതെനിക്ക് പറയാതെതന്നെ മനസ്സിലായി. രണ്ടാളും നല്ലോണം പഴയകാര്യങ്ങൾ അയവിറക്കിക്കാണുമെന്ന്” സീത പുച്ഛത്തോടെ പറഞ്ഞു.

പാർവ്വതി, കരഞ്ഞുചുവന്ന മുഖം ഒന്നുകൂടി അമർത്തിത്തുടച്ചു.

“അങ്ങനെ തുടച്ചുകളയാൻ പാകത്തിനുള്ള വേദനകളല്ല ചേച്ചീ നിനക്കാ വൃത്തികെട്ടവൻ തന്നിട്ടുള്ളത്. പിന്നെയും അതോർത്ത് കരയാൻ നിനക്ക് നാണമില്ലേടി”

അതുവരെയുമുണ്ടായിരുന്ന ചിരിയപ്പോൾ സീതയിൽ ഇല്ലായിരുന്നു.

“നീ നിന്റെ ഗീരീഷേട്ടനെ ചതിച്ച് പോന്നതായിരുന്നില്ല. അയാളുടെ കുഞ്ഞിന് ജന്മം കൊടുക്കാനായിരുന്നു. അത് പോലും മറന്ന് പോയൊരാൾക്ക് വേണ്ടി ഇനിയുമിങ്ങനെ കരഞ്ഞിരിക്ക് നീ. ദേ അത് കേട്ടിരിക്കാൻ ഇവനും. എന്നാണ് നിനക്കൊക്കെ ഇനിയൊന്ന് വെളിവ് വെക്കുന്നത്?”

സീത ഹരിയുടെ തോളിൽ ഒരടി കൊടുത്തുകൊണ്ട് അകത്തേക്ക് കയറിപ്പോയി.

ഹരി തോളുഴിഞ്ഞുകൊണ്ട് പാർവ്വതിയെ നോക്കി.

“ആ ദേഷ്യം കാര്യമാക്കേണ്ട. അത് നമ്മളോടല്ല”

അവൻ ചിരിച്ചു കണ്ണടച്ച് കാണിച്ചു.

“എനിക്കറിയാം ഹരി. അവളും കുറേ സഹിക്കുന്നുണ്ട്. ആരുമറിയാതെ എല്ലാം ചങ്കിൽകൊണ്ട് നടക്കാനേ അവൾക്കറിയൂ. പണ്ട് മുതലേ അവളങ്ങനെയാണ്”

പാർവ്വതിയുടെ വാക്കിൽ അനിയത്തിയോടുള്ള സ്നേഹമായിരുന്നു നിറഞ്ഞ് നിന്നത്.

“ഞാനവൾക്ക് ചായ കൊടുക്കട്ടെ” പാർവ്വതി അത് പറഞ്ഞിട്ട് വേഗം അകത്തേക്ക് പോയി.

മടിയിലിരുന്നിട്ട് അവന്റെ ഫോണിൽ നോക്കുന്ന ലല്ലുവിനെ നോക്കിയിരുന്നു ഹരി.
അവൾ ഫോണിൽ ലയിച്ചിരിപ്പാണ്.

“നീ അകത്തേക്ക് കയറിയിരിക്ക് ഹരീ”

കൈയ്യിലൊരു ഗ്ലാസ്‌ ചായയുമായി വന്ന് സീത പറഞ്ഞത് കേട്ട് അവൻ തല ചരിച്ചുനോക്കി.

“അതിന്റെയാവിശ്യമില്ല. ഞാൻ ഇവിടിരിക്കാടി”

ഹരി പറഞ്ഞപ്പോൾ സീതയും അവനരികിൽ പോയിരുന്നു.

“നിനക്കിനി ചായ വേണോ ടാ? നീ കുടിച്ചെന്ന് ചേച്ചി പറഞ്ഞു” സീത ചോദിച്ചു.

ഹരി വേണ്ടന്ന് തലയാട്ടി കാണിച്ചുകൊണ്ട് അവളെത്തന്നെ സൂക്ഷിച്ചു നോക്കി.

“എന്താടാ?” ഹരിയുടെ നോട്ടം കണ്ടിട്ട് സീത ചോദിച്ചു.

“നിന്റെ കലിപ്പൊക്കെ പോയോ? ഇന്നവിടെ ആരെക്കടിച്ചു പറിച്ചുള്ള വരവാണ് നീ?”

ഹരി ചിരിച്ചുകൊണ്ട് ചോദിക്കുമ്പോൾ സീതയുടെ മുഖത്തും ചെറിയൊരു ചിരിയുണ്ടായി.

“നീ എന്തിനാടി എപ്പോഴുമിങ്ങനെ ദേഷ്യം കാണിച്ചു നടക്കുന്നത്? നിനക്ക് ചിരിക്കാനറിയില്ലേ. ഇങ്ങനെ ബലം പിടിച്ചുനടന്നാൽ പ്രശ്നങ്ങൾ ഉണ്ടാവില്ലെന്നുള്ള വല്ല തോന്നലുമുണ്ടോ നിനക്കിനി”

ഹരി, ലല്ലു മോളെ ഒന്നുയർത്തി നേരെ ഇരുത്തിക്കൊണ്ട് സീതയെ നോക്കി.

“ഈ ജന്മം എന്റെ പ്രശ്നങ്ങളൊന്നും തീരില്ലെന്നറിയാം ഹരി. പിന്നെ ബലം പിടിച്ചു നടക്കുന്നത് മറ്റൊന്നും കൊണ്ടല്ല. എനിക്ക് തന്നെ ഒരുറപ്പ് കിട്ടാനാ. സെന്റിയായ സീതാലക്ഷ്മി ഭയങ്കര ബോറാണ് ചെങ്ങായി”

സീത ഹരിയെ നോക്കി പറഞ്ഞു.

“പോടീ അവിടുന്ന്. അവളുടെയൊരു കണ്ടു പിടുത്തം. അല്ലെങ്കിലും നീ മാറാനൊന്നും പോവണ്ടടി. നിനക്കീ കൂതറ സ്വഭാവം തന്നെയാണ് ചേരുന്നത്”

ഹരി അവളുടെ തലയിലൊന്ന് തട്ടിക്കൊണ്ട് പറഞ്ഞു.

തുടരും.

 

“ഇനിയാ ജോലി ഇവിടെയെവിടേലും നോക്കിക്കൂടെ കണ്ണാ നിനക്ക്?”

മടിയിൽ കിടക്കുന്ന അവന്റെ തലയിൽ തലോടി മുത്തശ്ശി ചോദിച്ചു.

“അതിനെനിക്കിവിടെയാരാണുള്ളത് മുത്തശ്ശീ?”

കണ്ണൻ അവരെ നോക്കാതെതന്നെ ചോദിച്ചു.

മുടിയിൽ തലോടുന്ന ആ കൈകൾ ഒന്ന് വിറച്ചു.

“ഇവർക്കെന്താ എന്നോടിത്ര വിരോധം? അതാണ്‌ എനിക്കിപ്പോഴും മനസ്സിലാവാത്തത്. പപ്പയോ അമ്മയോ ഞാനോ.. ഞങ്ങളിലാരും ഇവരോട് തെറ്റൊന്നും ചെയ്തിട്ടില്ല. ഇക്കാലമത്രയും സ്വത്തിനെ കുറിച്ചോ അവകാശത്തെ കുറിച്ചോ വെറുതെപോലും ഒരന്വേഷണവും നടത്തിയിട്ടില്ല. പിന്നെങ്ങനെയാവും ശത്രുവായി പ്രഖ്യാപിച്ചത്?”

കണ്ണൻ മുത്തശ്ശിയെ ഒന്ന് നോക്കി.

അവരുടെ ചുളിവ് വീണ മുഖത്തും സങ്കടമായിരുന്നു അവനപ്പോൾ കണ്ടത്.

“എനിക്കറിയില്ല മോനേ നിന്നോടെന്ത് പറയണമെന്ന്”

ആ കൈകൾ കണ്ണനെ തലോടി.

“വല്ല്യ സ്നേഹമായിരുന്നു ഏട്ടന്മാർക്ക് ദേവയോട്. നിന്റെ പപ്പയെ ഇഷ്ടമാണെന്ന് ഇവിടെ വന്നു പറഞ്ഞപ്പോഴും ജാതിയോ മതമോ സ്വത്തോ ഒന്നുമല്ല അവര് നോക്കിയത്. ദേവയുടെ സന്തോഷമാണ്. അച്ഛനില്ലാത്ത കുഞ്ഞല്ലേ. അവളുടെ മനസ്സ് വിഷമിപ്പിക്കാൻ പാടില്ലെന്ന് അവർക്ക് നിർബന്ധമായിരുന്നു”

മധുരമുള്ള കുറെയേറെ ഓർമകൾ മുത്തശ്ശി കണ്ണന് മുന്നിൽ കുടഞ്ഞിട്ട് കൊടുത്തു.

അവൻ അതിൽനിന്നും സ്വന്തം അമ്മയുടെ സന്തോഷം മാത്രം പെറുക്കിക്കൂട്ടിയെടുത്തു.

പിന്നീടെപ്പോഴോ അവരെല്ലാം സ്വന്തം കുടുംബം.. സ്വന്തം കുട്ടികൾ.. അവർക്ക് വേണ്ടിയുള്ള ജീവിതം എന്നീ തിരക്കുകളിലേക്ക് മാറി. നിന്റമ്മ പോലും”

മുത്തശ്ശി വീണ്ടും കണ്ണനെ നോക്കി.

“എനിക്ക് മനസ്സിലാവും മുത്തശ്ശി. പപ്പയും അമ്മയുമുണ്ടായിരുന്നപ്പോൾ ഒരിക്കൽ പോലും ഇങ്ങോട്ട് വരണമെന്നോ ഇവരുടെ സ്നേഹം നേടണമെന്നോ എനിക്കൊരിക്കലും തോന്നിയിട്ടില്ല. ആ തോന്നൽ ഇന്നുമില്ല കേട്ടോ. എനിക്കാരുമില്ലെന്ന് തോന്നിയിട്ടും ഇവരെന്റെ ബന്ധങ്ങളാണ് എന്നൊരു ഫീൽ ഇന്നുവരെയും എനിക്ക് തോന്നിയിട്ടില്ല”

കണ്ണൻ പതിയെ എഴുന്നേറ്റതിന് ശേഷം, കിടക്കയിൽ നിന്നും കാൽ തൂക്കിയിട്ട് കൈ കുത്തിയിരുന്നു.

“ഇവരോടൊന്നും വഴക്കിന് പോവല്ലേ കുഞ്ഞേ നീ. നിനക്ക് സ്വന്തമെന്ന് പറയാൻ മുത്തശ്ശിയില്ലേ കണ്ണാ”

വേവലാതിയോടെ നാരായണി മുത്തശ്ശി അവന്റെ കവിളിൽ തലോടി.
കണ്ണൻ ആ കൈകൾ പിടിച്ചിട്ട് അതിലൊരു ഉമ്മ കൊടുത്തു.

“മുത്തശ്ശിയുടെ സീതാലക്ഷ്മിക്ക് എന്നോട് ദേഷ്യമാണ്. അല്ലേ?”

കണ്ണൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

മുത്തശ്ശി അവനെ നോക്കി കണ്ണുരുട്ടി.

“എന്തിനാടാ ചെക്കാ നീയതിനെ വെറുതെ ദേഷ്യം പിടിപ്പിക്കുന്നത്. ഏഹ്..”

മുത്തശ്ശി അവന്റെ തോളിൽ ചെറിയൊരു അടി കൊടുത്തു.

“ഒരു രസം..”

കണ്ണ് ചിമ്മി ചിരിക്കുമ്പോൾ കണ്ണന് അത് വരെയും ഉണ്ടായിരുന്ന ഭാവമായിരുന്നില്ല.

അവന്റെ മുഖത്ത് പ്രണയം നിറഞ്ഞു നിന്നിരുന്നു.

“ഞാനിവിടെ വന്നത് ഷെയർ വാങ്ങി പോവാനൊന്നുമല്ല മുത്തശ്ശി. അതെല്ലാം അവരോട് അപ്പോഴത്തെ വാശിക്ക് പറഞ്ഞതല്ലേ. എനിക്ക് വേണ്ടത് അവളെയാണ്. ദുർഗാലക്ഷ്മിയെ. അവൾക്ക് വേണ്ടിയാണ് ഞാൻ വന്നത്”

മുത്തശ്ശിയുടെ കൈകളെടുത്ത്,അതിൽ തലോടിക്കൊണ്ടാണ് കണ്ണൻ പറയുന്നത്.

“എനിക്ക് മനസ്സിലാവും കണ്ണാ നിന്നെ. പക്ഷേ വെറുതെപോലും സീതയ്ക്ക് നീ സങ്കടപ്പെടാനുള്ള ഒരു കാരണമാവരുത്. ഒരുപാട് പ്രശ്നങ്ങൾ ഒറ്റയ്ക്ക് സഹിക്കുന്നവളാ ആ കുട്ടി. മനസ്സ് കരഞ്ഞാലും അതിന്റെ മുഖത്തൊരു ചിരിയേ കാണാനാവൂ. അങ്ങനെ ചെയ്യാനേ സീത പഠിച്ചിട്ടുള്ളു”

മുത്തശ്ശിയുടെ കണ്ണിൽ സീതയോടുള്ള സ്നേഹമുണ്ട്,വാത്സല്യമുണ്ട്.
കണ്ണൻ ഒന്നും മിണ്ടാതെ മുത്തശ്ശി പറയുന്നത് കേട്ടിരുന്നു.

“തണലാവേണ്ടവർതന്നെ പൊരിവെയിലിലേക്ക് ഇറക്കി വിട്ടതാണ് അവളെ. അവളുടെ സ്വപ്നങ്ങളെല്ലാം പാതിയിൽ വീണു പോയിട്ടും അവളെ തളർത്താനായിട്ടില്ല. സങ്കടങ്ങളെ കുറിച്ച് ചോദിച്ചാ അവൾക്കൊരു വർത്താനണ്ട്. സങ്കടങ്ങള് പങ്ക് വെക്കാനുള്ളതല്ലത്രേ. സന്തോഷങ്ങളെയാണ് പങ്ക് വെക്കേണ്ടതെന്ന്. അതിന്റെ നീറ്റലിൽ ഒറ്റക്ക് പിടയാനാണ് അവൾക്കിഷ്ടമെന്ന്”

മുത്തശ്ശി ചിരിച്ചുകൊണ്ടാണ് പറയുന്നത്. കണ്ണന്റെ മനസ്സിലപ്പോൾ സീതയുടെ ദേഷ്യം നിറഞ്ഞ മുഖമായിരുന്നു.

“ജീവിതം തന്നെ അവൾക്ക് മുന്നിലെ വെല്ലുവിളിയാണ് കണ്ണാ. അങ്ങനെയുള്ളവൾ അത്ര പെട്ടന്നൊന്നും നിന്റെ ഇഷ്ടം അംഗീകരിച്ച് തരുമെന്ന് നീ വെറുതെ മോഹിക്കരുത്. അതിന്റെ പേരിൽ അവളെ നിർബന്ധിക്കരുത്, ബുദ്ധിമുട്ടിക്കരുത്. നിനക്കവളോട് ശെരിക്കും സ്നേഹമുണ്ടെങ്കിൽ നീ അവളുടെ മനസ്സൊരുങ്ങും വരെയും കാത്തിരിക്കണം. അതും സ്നേഹമാണ് മോനെ”

കണ്ണൻ ചിരിച്ചു കൊണ്ട് തലയാട്ടി.

❣️❣️❣️❣️❣️

ഹരിയോട് സംസാരിച്ചിരിക്കുന്നതിന്റെ ഇടയിലാണ് അർജുൻ കയറി വന്നത്.

സീതയുടെ മുഖം പെട്ടന്ന് തന്നെ കടുത്തു പോയിരുന്നു. അത് ശ്രദ്ധയിൽപെട്ടിട്ടും ഹരിയപ്പോൾ ഒന്നും ചോദിച്ചതോ പറഞ്ഞതോയില്ല.

“ഹരിയേട്ടനെപ്പോ വന്നു?”

ഹരിയുടെ തൊട്ടരികിലിരിക്കുന്ന സീതയെ അർജുനോ അവനെ സീതയോ നോക്കുന്നുണ്ടായിരുന്നില്ല.

“ഞാനിന്നലെ വന്നെടാ. ഇവിടേക്ക് എത്തിയിട്ട് കുറച്ച്നേരമായി”

ഹരി ചിരിച്ചുകൊണ്ട് പറഞ്ഞു.

അർജുൻ തലയാട്ടി.

“എങ്ങനെ പോകുന്നു നിന്റെ പഠനം. നന്നായി പഠിക്കുന്നില്ലേ? അതോ കോളേജിൽ രാഷ്ട്രീയം കളിച്ചു നടപ്പാണോ കുട്ടി സഖാവ്”

ഹരിയത് ചോദിക്കുമ്പോൾ അർജുന്റെ കണ്ണുകൾ ദേഷ്യത്തോടെ സീതയുടെ നേരെയാണ് നീണ്ടത്.

അതറിഞ്ഞിട്ടും സീത അവനെ നോക്കാതെ ചായ കുടിക്കുന്നത് തുടർന്നു.

“ഞാൻ പഠിക്കാൻ തന്നെയാണ് പോവുന്നത്. എനിക്കറിയാം”

കടുപ്പത്തിൽ അത്രയും പറഞ്ഞുകൊണ്ട് അർജുൻ അകത്തേക്ക് കയറിപ്പോയി.

ഹരി ഒരു നെടുവീർപ്പോടെ സീതയെ നോക്കി.

അവൻ കുറച്ചുകൂടി അവളോട് ചേർന്നിരുന്നു.

“നീ വെറുതെ ടെൻഷനാവല്ലേ സീതേ. ഞാൻ സംസാരിക്കാം അജുവിനോട്. അവന് പറഞ്ഞാൽ മനസ്സിലാവും”

തോളിൽ ചേർത്ത് പിടിച്ചു തട്ടിക്കൊണ്ട് അവനത് പറഞ്ഞപ്പോൾ സീത തല വിലങ്ങനെയാട്ടി.

“നീ തളർന്നു പോവല്ലേടി. ഇതിനേക്കാൾ വല്ല്യ പ്രശ്നങ്ങൾ വന്നിട്ടും പിടിച്ചു നിന്നവൾക്കാണോ ഈ ചീള് കേസ്. ഞാനേറ്റടി പെണ്ണേ. നീ പറയാതെതന്നെ അവന്റെ കാര്യം ഞാനറിഞ്ഞു. എല്ലാം അറിഞ്ഞിട്ട് തന്നെയാണ് അങ്ങനൊരു ചോദ്യം അവനോട് ചോദിച്ചതും. ഞാൻ പോവുന്നുണ്ട് അവന്റെകൂടെ കോളേജിൽ”

ഹരി അത് പറയുമ്പോൾ സീത അവന്റെ നേരെയൊന്ന് നോക്കി.

“എനിക്കറിയാം നിന്റെ മനസ്സ്. സീതാലക്ഷ്മിയങ്ങനെ ആരുമില്ലാത്തവളാണോ? ഹരിപ്രസാദിന്റെ ചങ്കാണ്. അപ്പൊപ്പിന്നെ ഇങ്ങനൊരു പ്രശ്നമുണ്ടെന്ന് നീ പറഞ്ഞിട്ട് വേണോ ഞാനറിയാൻ. അറിഞ്ഞപ്പോൾ അതിന് വേണ്ടിത്തന്നെയാണ് ലീവെടുത്ത് പോന്നതും”

ഹരി അളുടെ തലയിൽ തന്റെ തല മുട്ടിച്ചു.

“എനിക്ക് മാത്രമെന്താ ഹരി എപ്പോഴുമിങ്ങനെ?”

സീതയുടെ സ്വരം നേർത്തു.

“എങ്ങനെ.. പിന്നേ.. നീയൊരു ദുരന്തനായിക. ഒന്നു പോയെടി അവിടുന്ന്. ആർക്കാടി പ്രശ്നങ്ങളില്ലാത്തത്. എല്ലാർക്കുമുണ്ട്. പക്ഷേ ഒരേ പ്രശ്നമാവില്ലെന്ന് മാത്രം”
ഹരി പറഞ്ഞിട്ടും സീതയുടെ മുഖം അൽപ്പംപോലും തെളിഞ്ഞിട്ടില്ല.

“പോസിറ്റീവായ് എടുത്താലും നെഗറ്റീവായി എടുത്താലും പ്രശ്നങ്ങൾ വരും. അപ്പോൾ പിന്നെ പോസിറ്റീവായി എടുക്കാനാണ് എന്റെ തീരുമാനമെന്ന് പറഞ്ഞിരുന്ന ഒരു കൂട്ടുകാരിയുണ്ടായിരുന്നു എനിക്ക്. അവളിപ്പോ എവിടെയാണാവോ?”

ഹരി സീതയെ നോക്കാതെ പറഞ്ഞു.

അൽപ്പം കഴിഞ്ഞ് ഇടംകണ്ണാലെ അവളെ നോക്കുമ്പോൾ സീതയുടെ ചുണ്ടിലൊരു ചിരിയുണ്ട്.

വളരെ മനോഹരമായൊരു ചിരി.

“അവനൊരുപാട് മാറിപ്പോയി ഹരി” ഹരിയെ നോക്കി സീത പറഞ്ഞു.
വീണ്ടും അവളിൽ പഴയഭാവം തന്നെ തിരികെ വന്നിരുന്നു.

“മാറ്റങ്ങൾ നല്ലതല്ലേടി പൊട്ടീ. പക്ഷേ നല്ല രീതിയിലാവണം ആ മാറ്റങ്ങൾ”
ഹരി കണ്ണടച്ച് കാണിച്ചു.

“ധൈര്യമായിട്ടിരിക്ക് സീതേ. നീ കൂടി തളർന്നു പോയാ ഈ വീടിന്റെ താളം പിഴച്ചു പോവുമെന്ന് ഞാൻ പറഞ്ഞു തരണ്ടല്ലോ നിനക്ക്. ഞാനുണ്ട് കൂടെ”

ഹരി അവളുടെ കൈ പിടിച്ചു.

“അജൂന്റെ കാര്യത്തിൽ എനിക്ക് നല്ല പേടിയുണ്ട് ഹരി. ഇത് വരെയുള്ള പ്രശ്നങ്ങളെ നേരിട്ടത് പോലെയല്ല. എന്റെ പ്രതീക്ഷയല്ലേ… അവന്റെ കയ്യിൽ പിടിച്ചു നിൽക്കാനാവും എന്നുള്ള എന്റെ വിശ്വാസമല്ലേ ഇല്ലാതായിപ്പോവുന്നത്. അവന്കൂടി വേണ്ടിയിട്ടല്ലേ ഞാൻ… എനിക്കിത് എല്ലാംക്കൂടി സഹിക്കാൻ വയ്യെടാ. ശ്വാസം മുട്ടുന്നു”

സീത അവനെ നോക്കാതെയാണ് പറയുന്നത്. പക്ഷേ, ആ പിടയുന്ന ഹൃദയമറിയാൻ ഹരിക്ക് അവളുടെ മുഖം കാണണമെന്നേ ഇല്ലായിരുന്നു.

അവനവളുടെ കൈകളിൽ കൂടുതൽ മുറുക്കി പിടിച്ചു.

“ഞാനൊന്ന് പുറത്ത് പോവുകയാണ്. വരാനിത്തിരി വൈകും”
പിറകിൽ നിന്നും അർജുന്റെ ശബ്ദം കേട്ടാണ് സീതയും ഹരിയും തിരിഞ്ഞ് നോക്കിയത്.

ഒരു ബനിയൻ കഴുത്തിലൂടെ വലിച്ചിറക്കി മുറ്റത്തേക്കിറങ്ങുന്ന അർജുന്റെ മുഖത്തിന് അപ്പോഴും വല്ലാത്ത കനമുണ്ട്.

സീതയുടെ മുഖവും വലിഞ്ഞു മുറുകി.

ഹരി അവളെ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചു.

“എങ്കിൽ നിൽക്കെടാ. ഞാനും വരുന്നുണ്ട്”

ഹരിയും എഴുന്നേറ്റു.

“പോയിട്ട് വരാടി” അവൻ പറയുമ്പോൾ സീത തലയാട്ടി.

“പാറൂ…” അകത്തേക്ക് നോക്കി ഹരി ഉറക്കെ വിളിച്ചു.

ലല്ലു മോളാണ് ആദ്യം ഓടിയിറങ്ങി വന്നത്.

“നിന്റെ അമ്മയെന്ത്യേ മോളെ?” ഹരി കുനിഞ്ഞ് നിന്നിട്ട് ലല്ലുവിന്റെ കവിളിൽ നുള്ളിക്കൊണ്ട് ചോദിച്ചു.

“നീ പോവാനായോടാ?” ലല്ലു ഉത്തരം പറയും മുന്നേ പാർവതി ചോദ്യത്തോടെ ഇറങ്ങി വന്നു.

“മ്മ്… ഇനി പിന്നെ വരാം. പോട്ടെ”

അവൻ അവളെ നോക്കി ചിരിച്ചുകൊണ്ട് തലയാട്ടി.

സീതയെ നോക്കിയപ്പോൾ, അവളുടെ ശ്രദ്ധ മുഴുവനും ഹരി, യാത്ര പറയുന്നതും നോക്കി നിൽക്കുന്ന അർജുന്റെ നേരെയാണ്.

അവന്റെ മുഖത്തെ അസഹിഷ്ണുത അവളുടെ നെറ്റി ചുളിക്കുന്നു.

ഹരിയേട്ടായെന്നും വിളിച്ച് ആ പുറകിൽ നിന്നും മാറാത്ത ചെക്കനായിരുന്നു.
ഇന്നവന് രണ്ടു വാക്ക് തികച്ചും മിണ്ടാൻ നേരമില്ല.

“ഇനി ഇവിടിരുന്ന് ആലോചിച്ചു കൂട്ടിയത് മതിയെടി. എണീറ്റ് അകത്തു പോ”

സീതയെ നോക്കി ഹരി വീണ്ടും പറഞ്ഞു. അവളൊന്നും പറയാതെ അവനെ നോക്കിയിരുന്നു.

“നാളെ കാണാം”

കാത്തുനിന്ന് മടുത്തത് പോലെ ഇറങ്ങിനടന്ന അർജുന്റെ നേരെ ധൃതിയിൽ നടക്കുന്നതിനിടെ ഹരി വിളിച്ചു പറഞ്ഞു.

❣️❣️❣️❣️❣️

“രണ്ടിനോടുംകൂടിയാ എനിക്ക് പറയാനുള്ളത്. എനിക്ക് വേണ്ടി ഇവിടാരോടും നിങ്ങൾ തല്ല് പിടിക്കരുത്. ഞാൻ പോയാലും നിങ്ങൾക്കിവിടെ നിൽക്കാനുള്ളതാ. അത് മറക്കരുത്”

കണ്ണൻ അൽപ്പം ഗൗരവത്തിൽ പറഞ്ഞിട്ടും ആദിക്കും സിദ്ധുവിനും പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ല.

“അവരോട് വിളിച്ചു പറഞ്ഞത് പോലെ സ്വത്ത് മോഹിച്ചൊന്നും വന്നതല്ല ഞാൻ”

കണ്ണൻ വീണ്ടും രണ്ടാളെയും മാറിമാറി നോക്കുന്നുണ്ട്.

“പിന്നെന്തിനാ നീ ഇപ്പൊ ഇത്രേം കഷ്ടപ്പെട്ട് ഇങ്ങോട്ട് വന്നത്. ഇവിടാരെ കാണാനാ?”

ആദി ഒരു കള്ളച്ചിരിയോടെ കണ്ണനെ നോക്കി ചോദിച്ചു.

കണ്ണൻ ആദിയെ തുറിച്ചു നോക്കി.

“എനിക്ക് പറയാൻ സൗകര്യമില്ലെങ്കിലോ?”

കണ്ണനും തിരിച്ചു ചോദിച്ചു.

“ഓ.. അല്ലെങ്കിലും അതിപ്പോ നീ പറഞ്ഞിട്ട് വേണമല്ലോ ഞങ്ങൾക്കറിയാൻ. രാമൻ സീതയെ തേടിവന്നതാണെന്ന്”

സിദ്ധു ചിരിച്ചുകൊണ്ട് പറയുമ്പോൾ ആ ചിരി പതിയെ കണ്ണനിലേക്കും പടർന്നു.

“അതിനി എന്നാടാ അവളൊന്ന് തിരിച്ചറിയുന്നേ?”
കണ്ണന്റെ സ്വരം ആർദ്രമായി.

“എന്റെ അഭിപ്രായത്തിൽ അതിന് വേണ്ടി നീ വെറുതെ നിന്റെ വിലപ്പെട്ട സമയം കളയേണ്ടന്നാണ്. കാരണം അവളൊരിക്കലും ഇത് പോലൊരു ബന്ധം അംഗീകരിച്ച് തരുമെന്ന് എനിക്ക് തോന്നുന്നില്ല ”

കണ്ണന് സങ്കടമാവുമെന്ന് കരുതിതന്നെയാണ് സിദ്ധുവത് പറഞ്ഞത്.

പക്ഷേ, കണ്ണന്റെ ചിരി അൽപ്പംപോലും മാഞ്ഞിട്ടില്ല.

പകരം, അവളുടെ ഓർമ്മയിൽ ആ ചിരിക്ക് കൂടുതൽ മനോഹാരിതയേറി….

തുടരും