രചന – കണ്ണന്റെ മാത്രം
എല്ലാവരും അവളോട് എന്ത് മറുപടി പറയും എന്നാലോചിച്ചു നിന്നു.
എന്നോട് പിണങ്ങിയിട്ട് പോയതാവും ഡീ അന്നമ്മേ. ഓരോ പ്രാവശ്യവും ഇച്ചാ… അല്ല.. അയാൾ എന്നെ അവഗണിക്കുമ്പോഴും ഞാൻ എന്റെ കുഞ്ഞിനോട് പറയാറുണ്ട്. പപ്പക്ക് എന്തൊക്കെയോ ടെൻഷൻ ഉണ്ട്. അതുകൊണ്ടാണ് നമ്മളെ ശ്രദ്ധിക്കാത്തത്. നമ്മളെ നല്ല ഇഷ്ടമാണെന്നൊക്കെ . ഇന്നലത്തോടെ അയാൾക്ക് ഞങ്ങളോട് ഒരു തരി പോലും ഇഷ്ടമോ ആത്മാർത്ഥതയോ ഇല്ലാന്ന് മനസിലായില്ലേ. അപ്പൊ ഇത്രേം നാളും അവനെ പറഞ്ഞ് പറ്റിച്ചതിന് എന്നോട് പിണങ്ങി പോയതാ. പക്ഷേ അവൻ ഒരു കാര്യം ആലോചിച്ചില്ല. അവനും കൂടി പോയ ഈ അമ്മക്ക് ആരും ഇല്ലാതാവും എന്ന്. അതിന് അവനോട് ഞാനും പിണക്കം ആണ്. അവനോട് ഞാൻ എപ്പോഴും പറയാറുണ്ട് അമ്മയുണ്ടാവും എപ്പോഴും കൂടെ എന്ന്. എന്നിട്ടും എന്നോട് പിണങ്ങി പോയില്ലേ. ചിലപ്പോ അവന്റെ പപ്പക്ക് തോന്നിയപോലെ ഈ അമ്മ പോരെന്ന് അവനും തോന്നിക്കാണും അതാവും അവനും എന്നെ വിട്ട് പോയത്. സാരല്ല എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട അത്രേ ഉള്ളൂ. അല്ല അന്നമ്മേ എന്ത് കുട്ടിയായിരുന്നു. മോനോ മോളോ. മോൻ ആയിരിക്കും. കാര്യം എനിക്ക് പെൺകുട്ടിയെ ആയിരുന്നു ഇഷ്ടം എങ്കിലും എന്തോ പ്രെഗ്നന്റ് ആയതു മുതൽ ഇതൊരു ആൺകുഞ്ഞാണ് എന്നാ എനിക്ക് തോന്നിയിരുന്നേ. എന്തായാലും എന്താ എന്നോട് പിണങ്ങി പോയില്ലേ. ഞാനും പിണക്കം ആണ്… ഹും…
ഇതൊക്കെ പറയുമ്പോഴും അവളുടെ കണ്ണിൽ നിന്ന് ഒരു തരി കണ്ണീർ പോലും വന്നിരുന്നില്ല. ഒരുതരം നിർവികരത ആയിരുന്നു അവളുടെ കണ്ണുകളിൽ.
അവളുടെ ഈ സംസാരം മുഴുവൻ കേട്ട് ആ റൂമിൽ ഉണ്ടായിരുന്ന എല്ലാവരും കരഞ്ഞുപോയി. ചിറയത്തുകാർക്ക് കുറ്റബോധം കാരണം അവളുടെ മുഖത്ത് പോലും നോക്കാൻ സാധിക്കുന്നുണ്ടായില്ല. അവൾ അലക്സിൽ നിന്ന് ഇത്രേം അവഗണന ഏറ്റു വാങ്ങിയിരുന്നു എന്ന് തങ്ങൾക്ക് മനസിലായില്ലല്ലോ എന്ന് ആലോചിച്ചിട്ട്. അവളുടെ ഓരോ വാക്ക് കേൾക്കും തോറും ക്രിസ്റ്റിയുടെ ഉള്ളിൽ അലക്സിനോടുള്ള പക കൂടികൊണ്ടിരുന്നു. അവനെ വെറുതെ വിടില്ല എന്നവൻ മനസ്സാൽ ഉറപ്പിച്ചു.
മോളെ ജെനി… മേരിയമ്മയുടെ വിളി ആണ് എന്തൊക്കെയോ ആലോചിച്ചു കൂട്ടുന്നതിൽ നിന്ന് അവളെ പുറത്തേക്ക് കൊണ്ട് വന്നത്.
എന്താ അമ്മച്ചി.. അവൾ അവരെ നോക്കി കൊണ്ട് ചോദിച്ചു.
എന്തൊക്കെയാ മോളെ നീ പറയുന്നേ… അവർ കരച്ചിലോടെ ചോദിച്ചു.
അമ്മച്ചി എന്തിനാ കരയുന്നത്. എനിക്ക് പ്രശ്നം ഒന്നും ഇല്ല. എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട. അവന് അവന്റെ അമ്മയെ വേണ്ടാത്തത് കൊണ്ടല്ലേ അവൻ തിരിച്ച് ദൈവത്തിന്റെ അടുത്തേക്ക് പോയത്. അപ്പൊ എനിക്കും അവനെ വേണ്ട… അത്രേ ഉള്ളൂ. അമ്മച്ചി വിഷമിക്കണ്ട ട്ടോ.. എനിക്ക് ഉറക്കം വരുന്നുണ്ട്. ഞാൻ കുറച്ചുനേരം ഒന്ന് ഉറങ്ങട്ടെ.. അവൾ റൂമിൽ ഉള്ള എല്ലാവരെയും നോക്കി പറഞ്ഞുകൊണ്ട് കണ്ണുകൾ അടച്ചു കിടന്നു. അതോടെ അവളെ ഉറങ്ങാൻ വിട്ടിട്ട് അന്ന ഒഴികെ ബാക്കി എല്ലാവരും റൂമിനു പുറത്തേക്ക് വന്നു.
അവർ റൂമിന് പുറത്തേക്ക് വന്നപ്പോൾ ആണ് ഡേവിയെ അവിടെ കണ്ടത്.
ആ ചേട്ടായി എപ്പോ വന്നു… എബി ചോദിച്ചു.
ദേ ഇപ്പൊ വന്നേ ഉള്ളൂ. ഡോറിൽ തട്ടാൻ പോകുന്ന നേരത്താ നിങ്ങൾ പുറത്തേക്ക് വന്നത്. എന്തായി അയാൾക്ക് ബോധം വന്നോ…
മ്മ്.. വന്നു. പക്ഷേ.. എബി പറയുമ്പോഴേക്കും..
എന്റെ കുഞ്ഞ് ഒന്നു കരഞ്ഞുപോലും ഇല്ലല്ലോ ഇച്ചായാ.. എനിക്ക് ആകെ പേടിയാകുന്നു അവളുടെ മട്ടും ഭാവവും കണ്ടിട്ട്.. മേരിയമ്മ കരച്ചിലോടെ പറഞ്ഞു…
ശരിയാ മോള് ഒന്നു കരഞ്ഞില്ലെങ്കിൽ അത് ബുദ്ധിമുട്ടാവില്ലേ മോനെ.. വല്യപ്പച്ചൻ എബിയോടായി ചോദിച്ചു.
മ്മ്.. ജെനി ഒന്ന് കരഞ്ഞൊഴിയുന്നതാണ് നല്ലത്. ഇല്ലെങ്കിൽ അത് കൂടുതൽ പ്രശ്നം ആവും. ഞാൻ എന്തായാലും
Dr. നിഖിലയെ ഒന്ന് കാണട്ടെ. അവരുടെ അഭിപ്രായം ഒന്ന് അറിയട്ടെ.
എബി അത് പറഞ്ഞുകൊണ്ട് Dr.നിഖിലയെ കാണാൻ പോകാനായി നടന്നു. അവന്റെ കൂടെ തന്നെ ക്രിസ്റ്റിയും ഡേവിയും പോയി.
ജോസഫ് പതുക്കെ മാത്യൂസിനു അടുത്തേക്ക് പോയിട്ട് അയാളുടെ കൈകൾ കൂട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.
മാത്യുസേ താൻ ഞങ്ങളോട് ക്ഷമിക്കെടോ. ജെനിമോള് അവിടെ അവനിൽ നിന്നും ഇത്രേം അവഗണന നേരിട്ടിരുന്നു എന്ന് അറിയില്ലായിരുന്നെടോ. അലക്സ്.. അവൻ ഇത്രേം അധപ്പതിച്ചു പോയത് ഞങ്ങൾ അറിഞ്ഞില്ല. എന്തോ ഞങ്ങളുടെ ശ്രദ്ധയില്ലായ്മ ആണ് ഇതിനൊക്കെ കാരണം എന്നൊരു തോന്നൽ. നിങ്ങൾ എന്ത് തീരുമാനം എടുത്താലും ഞങ്ങൾ കൂടെ ഉണ്ട്. അവനെതിരെ കേസ് കൊടുക്കണമെങ്കിൽ അതും ആവാം. കേസ് കൊടുത്താലും മോളുടെ നഷ്ടത്തിന് പകരം ആവില്ല. എങ്കിലും അവളുടെ മനസ്സിന് ഒരു ശാന്തി കിട്ടാൻവേണ്ടി എന്ത് ചെയ്യാനും ഞങ്ങൾ കൂടെ ഉണ്ടാവും.. പറഞ്ഞു കഴിയുമ്പോഴേക്കും അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഏയ്യ്.. താൻ വിഷമിക്കേണ്ട ജോസഫേ. ഇതിൽ നിങ്ങൾ തെറ്റുകാരാണെങ്കിൽ അതേ പോലെ തെറ്റുകാർ തന്നെ ആണ് ഞങ്ങളും. ഞങ്ങളും മോള് അവിടെ ഉരുകി തീരുന്നത് മനസിലാക്കിയില്ലല്ലോ. അവളുടെ മുഖത്തെ ചിരിക്ക് പിന്നിലെ സങ്കടം മനസിലാക്കിയില്ലല്ലോ. ഞങ്ങൾ അവളുടെ മാതാപിതാക്കൾ ആയിട്ട് അത് മനസിലാക്കിയില്ല. ആ ഞങ്ങൾക്ക് നിങ്ങളെ കുറ്റം പറയാനുള്ള ഒരു അവകാശവും ഇല്ല. പിന്നെ ഇനി അങ്ങോട്ട് ഉള്ള കാര്യങ്ങൾ അത് മോളുടെ ഇഷ്ടത്തിന് വിടാം. അവന് എതിരെ കേസ് കൊടുക്കാൻ ആണ് അവളുടെ ആഗ്രഹം എന്നുണ്ടെങ്കിൽ അങ്ങനെ അല്ലെങ്കിൽ വേണ്ട അത്രേ ഉള്ളൂ.. മാത്യൂസ് ജോസഫിനെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു.
മ്മ്.. അയാൾ അതിന് ഒന്ന് മൂളിക്കൊണ്ട് എബിയൊക്കെ തിരിച്ച് വരുന്നതിനായി കാത്തു നിന്നു.
………………
എബിയും ഡേവിയും ക്രിസ്റ്റിയും കൂടി
Dr. നിഖിലയുടെ കാബിന്റെ ഡോറിൽ ഒന്നുതട്ടി. ഉള്ളിലേക്ക് വരാൻ അനുവാദം കിട്ടിയതും അവർ ഉള്ളിലേക്ക് കയറി.
ഡോക്ടർ അവരെ നോക്കി ചിരിച്ചുകൊണ്ട് ഇരിക്കാൻ ആയി പറഞ്ഞു.
ഹായ് ഞാൻ Dr. എബിൻ ജോൺ. കൊട്ടാരത്തിൽ ഹോസ്പിറ്റലിന്റെ MD ആണ്.
അറിയാം സാർ. ഇത്രേം ഫേമസ് ആയ സർജനെ അറിയാത്ത ഡോക്ടർസ് ഉണ്ടാവോ.. നിഖില ഒരു ചിരിയോടെ പറഞ്ഞു.
ഇത് എന്റെ ബ്രദർ ആണ്. ഇത് അളിയനും. എബി ഡേവിഡിനെയും ക്രിസ്റ്റിയെയും കാട്ടി കൊണ്ട് പറഞ്ഞു.
ഞങ്ങൾ വന്നത് ജെനിഫറിനെ കുറിച്ച് സംസാരിക്കാൻ ആണ് വന്നത്.
എന്താ കാര്യം. ആൾ കോൺഷ്യസ് ആയിട്ടുണ്ടാവാൻ സാധ്യത ഉണ്ടല്ലോ…ആയി ഡോക്ടർ. ആൾക്ക് ഉണർന്നപ്പോൾ മനസിലായിട്ടുണ്ടായിരുന്നു കുഞ്ഞ് മരിച്ച കാര്യം. പക്ഷേ പ്രശ്നം അതല്ല. ആള് അതിനെക്കുറിച്ച് സംസാരിച്ചെങ്കിലും ഒന്ന് കരയുക പോലും ചെയ്തില്ല. പിന്നെ എബി ജെനി എഴുന്നേറ്റപ്പോൾ മുതൽ ഉണ്ടായത് മുഴുവൻ പറഞ്ഞു.
മ്മ്.. ഇത് ഞാൻ പ്രതീക്ഷിച്ചിരുന്നതാണ്. അയാള് ആ കുട്ടിക്ക് വേണ്ടി ഒരുപാട് ആഗ്രഹിച്ചിരുന്നു. അപ്പോൾ അത് നഷ്ടമായി എന്നറിയുമ്പോൾ അതും ഇങ്ങനെ ഒരു സിറ്റുവേഷനിൽ ആർക്കായാലും സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല. പക്ഷേ ഇതിങ്ങനെ മുന്നോട്ട് പോയാൽ പറ്റില്ല. അയാൾ കരയണം ഇല്ലെങ്കിൽ അത് മറ്റുപല രീതിയിലും അയാളെ ബാധിക്കും.
മ്മ്.. അത് ചോദിക്കാൻ ആണ് ഞാൻ വന്നത്. ഒരു കൗൺസിലിംഗിന്റെ കാര്യം ഡോക്ടർ പറഞ്ഞല്ലോ. എന്റെ ഒരു ഫ്രണ്ട് ഉണ്ട് Dr. ദീപ്തി. അവർ ഇവിടെ വന്നു ജെനിയോട് സംസാരിച്ചോളും. പക്ഷേ ജെനിയുടെ ഫിസിക്കൽ കണ്ടീഷൻ എന്താണ് ഇപ്പൊ അവസ്ഥ… എബി ചോദിച്ചു.
ഫിസിക്കലി അയാള് ഒക്കെ ആണ്. Bp ഇപ്പോഴും ഹൈ ആണ്. അത് പക്ഷേ ആൾടെ മെന്റൽ പ്രഷർ മാറാതെ നോർമൽ ആകാൻ ബുദ്ധിമുട്ടാണ്. അയാള് ഒന്ന് കരഞ്ഞിരുന്നെങ്കിൽ കുറേ ഒക്കെ ശരിയാവുമായിരുന്നു. ഇതിപ്പോ അതില്ലാത്ത സ്ഥിതിക്ക് എത്രേം പെട്ടന്ന് കൗൺസിലിംഗ് കൊടുക്കുന്നോ അത്രേം നല്ലത്. പിന്നെ ദീപ്തി ഡോക്ടർ പെർഫെക്ട് ആണ്. ഞാനും കേട്ടിട്ടുണ്ട് ആളെ കുറിച്ച്.
ശരി ഡോക്ടർ അത് അറിയാൻ വേണ്ടിയിട്ടായിരുന്നു വന്നത്. എന്നാൽ ഞങ്ങൾ വരട്ടെ… അതും പറഞ്ഞ് അവർ പോകാനായി എഴുന്നേറ്റു.
അവർ തിരിച്ചു പോകുന്ന വഴിക്ക് തന്നെ എബി dr. ദീപ്തിയെ വിളിച്ച് കാര്യങ്ങൾ സംസാരിച്ചു. പിന്നെ ജെനിയുടെ ഇപ്പോഴത്തെ അവസ്ഥയും അങ്ങനെ ഒരു അവസ്ഥയിലേക്ക് നയിച്ച കാര്യങ്ങളും പറഞ്ഞു.
മ്മ്… ആൾക്ക് രണ്ട് ഷോക്ക് ഒരുമിച്ചു ആയതിന്റെ പ്രശ്നം ആണ്. ഇത് അത്ര പേടിക്കാൻ ഉള്ള കാര്യം ഒന്നും ഇല്ല എബി. ആള് രണ്ട് കാര്യങ്ങളും ഉൾക്കൊണ്ടിട്ടുണ്ട്. പക്ഷേ ആ വിഷമം അങ്ങ് ഒഴുക്കികളയാൻ ഉള്ളൊരു തടസ്സം. അത് ചെറിയ ഒരു കൗൺസിലിങ്ങിലൂടെ റെഡി ആയിക്കോളും. ടെൻഷൻ അടിക്കാനും മറ്റും ഉള്ള പ്രശ്നം ഒന്നും ഇതിൽ ഇല്ല.
ഹോ.. ആണോ. ഞങ്ങൾ ജെനിയുടെ മട്ടും പാടും കണ്ടപ്പോൾ ടെൻഷൻ ആയിടോ. തനിക്ക് ഒന്ന് വരാൻ പറ്റുമോ അയാളോട് ഒന്ന് സംസാരിക്കാൻ…
ഞാൻ സംസാരിക്കാമെടോ അതിന് മുൻപ് ആൾക്ക് ഒരുപാട് ഇന്റിമേറ്റ് ആയിട്ടുള്ള ആരെങ്കിലും അയാളോട് ഒറ്റക്ക് ഒന്ന് സംസാരിച്ചാൽ ചിലപ്പോ ആള് കരയാൻ സാധ്യത ഞാൻ കാണുന്നുണ്ട്. താൻ അങ്ങനെ ആരാണെങ്കിൽ അയാളോട് ഒന്ന് ആ കുട്ടിയോട് സംസാരിക്കാൻ പറയൂ. ഞാൻ നാളെ തന്നെ വരാം.
Thank you so much ദീപ്തി..
ഹാ.. വച്ചിട്ട് പോടോ അവന്റെ ഒരു താങ്ക്സ്.. നാളെ കാണാം.
അതുപറഞ്ഞു ദീപ്തി ഫോൺ വച്ചു. ഫോൺ വച്ചിട്ടും എബി സംശയിച്ചു നിൽക്കുന്നത് കണ്ടിട്ടാണ് ഡേവി അവനോട് കാര്യം ചോദിച്ചത്.
അവൻ അപ്പോൾ ദീപ്തി പറഞ്ഞ കാര്യങ്ങൾ മുഴുവൻ അവരോട് പറഞ്ഞു.
ക്രിസ്റ്റി ജെനി ആരുമായിട്ടാണ് ഏറ്റവും കൂടുതൽ അടുപ്പം നിങ്ങളിൽ.. എബി ക്രിസ്റ്റിയോടായി ചോദിച്ചു.
അപ്പച്ചനോടാണ് ചേട്ടായി. അപ്പച്ചനും അതേ ഇച്ചേച്ചി കഴിഞ്ഞിട്ടേ എന്തും ഉള്ളൂ. കല്യാണത്തിന് മുൻപ് വരെ ഇച്ചേച്ചി എന്ത് കാര്യവും അപ്പച്ചനോട് പറയുമായിരുന്നു.
ആ എന്നാൽ നമുക്ക് അങ്കിളിന്റെ അടുത്ത് ജെനിയോട് സംസാരിക്കാൻ പറയാം. അപ്പോൾ ചിലപ്പോ ഒരു മാറ്റം കാണാൻ ഉള്ള സാധ്യത ഉണ്ട്.
അവർ വേഗം ബാക്കി ഉള്ളവരുടെ അടുത്തേക്ക് പോയി. എല്ലാവരും ഡോക്ടർ എന്താ പറഞ്ഞതെന്ന് അറിയാനുള്ള ആകാംഷയിൽ ആയിരുന്നു. എബി അവരോട് Dr. നിഖില പറഞ്ഞതും പിന്നെ അവൻ ദീപ്തി ഡോക്ടറെ വിളിച്ച് സംസാരിച്ചപ്പോൾ പറഞ്ഞതും എല്ലാം പറഞ്ഞു. എന്നിട്ട് അവൻ മാത്യുവിനോട് ആയി പറഞ്ഞു.
അങ്കിളെ ജെനിയോട് അങ്കിൾ സംസാരിക്കുന്നതാവും കുറച്ചുകൂടി നല്ലത്. അത് കഴിഞ്ഞിട്ട് ദീപ്തി ഒരു കൗൺസിലിംഗ് പോലെ അയാളോട് സംസാരിച്ചോളും. ആദ്യം അങ്കിൾ ഒന്ന് സംസാരിച്ച് നോക്ക്. ചിലപ്പോ ആള് ഒന്ന് കരഞ്ഞാലോ..
മ്മ്.. അതിന് മാത്യു ഒന്ന് മൂളി.
പിന്നെ അന്ന് ഉച്ച കഴിഞ്ഞപ്പോൾ ആണ് ജെനി ഉണർന്നത്. കിടക്കയുടെ തല ഭാഗം മാത്രം ഒന്ന് ഉയർത്തി. ജെനിയെ ചാരി ഇരിക്കുന്ന പോലെ ആക്കി മേരിയമ്മ അവൾക്ക് കുറച്ച് കഞ്ഞിക്കൊടുത്തു. ആദ്യം ഇരിക്കാൻ ഒരു ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നെ അവൾക്ക് കുഴപ്പം ഒന്നും തോന്നിയില്ല. കഞ്ഞിക്കൊടുത്തുകഴിഞ്ഞു കിടക്ക താഴ്ത്താൻ പോയപ്പോൾ അവൾ തന്നെ കുറച്ചുനേരം ഇരുന്നിട്ട് കിടക്കാം എന്ന് പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ ഓരോരുത്തർ ആയി റൂമിൽ നിന്നും ഇറങ്ങി. അവസാനം മാത്യു മാത്രം റൂമിൽ ആയി. എന്തൊക്കെയോ ചിന്തിച്ചു കൂട്ടി ഇരുന്നിരുന്ന ജെനി ഇത് അറിഞ്ഞില്ല.
മോളെ.. എന്താ മോള് ഇത്രേം ചിന്തിച്ചു കൂട്ടുന്നെ.. മാത്യുവിന്റെ ചോദ്യം ആണ് അവളെ ബോധത്തിലേക്ക് കൊണ്ടുവന്നത്.
ഒന്നുമില്ല അപ്പച്ചാ.. ഞാൻ ചുമ്മാ ഇങ്ങനെ ഓരോന്നും ആലോചിച്ച് ഇരുന്നതാണ്.
അപ്പോൾ അയാൾ അവളുടെ അടുത്തേക്ക് ഇരുന്നിട്ട് അവളെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.
എന്റെ മോള് ആവശ്യം ഇല്ലാത്ത ഒരു കാര്യവും ചിന്തിച്ചു കൂട്ടണ്ട. അപ്പച്ചൻ ആദ്യം പറഞ്ഞത് തന്നെയേ ഇപ്പോഴും പറയുന്നുള്ളൂ ഞങ്ങൾക്ക് നീ കഴിഞ്ഞിട്ടേ വേറെ എന്തും വേറെ ആരും ഉള്ളൂ. കേട്ടല്ലോ. ശരിയാ അപ്പച്ചന് ഒരു തെറ്റുപറ്റി. ഇത്രേം ചെറിയ പ്രായത്തിൽ നിന്റെ കല്യാണം ഞാൻ നടത്താൻ പാടില്ലായിരുന്നു. അതിന് മോള് അപ്പച്ചനോട് ക്ഷമിക്ക്..
എന്തൊക്കെയാ അപ്പച്ചാ പറയുന്നേ. എന്റെ അപ്പച്ചൻ എനിക്ക് വേണ്ടി എന്ത് ചെയ്താലും അത് എന്റെ നന്മ മാത്രം മുന്നിൽ കണ്ടിട്ടാവും എന്ന് എനിക്കറിയാം. എന്നോട് ക്ഷമ ചോദിക്കല്ലേ.. അത് പറഞ്ഞു കഴിയുമ്പോഴേക്കും അവൾ കരഞ്ഞു തുടങ്ങിയിരുന്നു.
എന്നാൽ എന്റെ മോള് ഇങ്ങനെ എല്ലാം നഷ്ടപെട്ട പോലെ ഇരിക്കല്ലേ. അപ്പച്ചന് കണ്ടിട്ട് സഹിക്കുന്നില്ല. അപ്പച്ചന് മാത്രം അല്ല ആർക്കും സഹിക്കുന്നില്ല. പോകുന്നവർ ഒക്കെ പോട്ടെ മോളെ. എന്റെ മോൾക്ക് ഞങ്ങൾ എല്ലാവരും ഇല്ലേ. നീ ഒരിക്കലും എനിക്കൊരു ബാധ്യത അല്ല.
ജെനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അയാൾ അവളുടെ തലയിൽ തലോടികൊണ്ട് പറഞ്ഞു.. എന്റെ മോള് കരഞ്ഞോ എത്ര വേണേൽ കരഞ്ഞോ പക്ഷേ അത് കഴിഞ്ഞാൽ എനിക്ക് എന്റെ പഴയ ജെനിമോളെ തിരിച്ചു കിട്ടണം. ഒരു 6കൊല്ലം മുന്നത്തെ ജെനിമോളെ. എന്നോട് എല്ലാം തുറന്നു പറയുന്ന എന്റെ പൊന്നുമോളെ.. അതുംകൂടി ആയതും ജെനിയുടെ കരച്ചിൽ ഉച്ചത്തിൽ ആയി.
അവൾ അയാളെ ഇറുക്കെ കെട്ടിപിടിച്ചുകൊണ്ട് ഉറക്കെ ഉറക്കെ കരഞ്ഞു.

by