രചന – ആയിഷ അക്ബർ
താഴെക്കിറങ്ങുമ്പോഴും അവളോടുള്ള ദേഷ്യത്തെക്കാൾ അവൾ മുത്തശ്ശിയോടൊ മുത്തശ്ശനോടൊ എന്തെങ്കിലും അനിഷ്ടം കാണിക്കുമോയെന്നൊരു ആശങ്കയായിരുന്നു മനസ്സ് നിറയെ……
തന്റെ ഭാര്യ യെന്ന സ്ഥാനം അർഹതയില്ലാത്ത ഒരുത്തിക്ക് താൻ വെച്ചു നീട്ടി എന്നതിന് പുറമെ ഇനി തന്റെ മുത്തശ്ശനും മുത്തശ്ശിയും കൂടി അതിനു വേദനിക്കരുതെന്ന് അവന് നിർബന്ധമുണ്ടായിരുന്നു….
ഊണു മേശക്ക് അരികിലെത്തിയതും അവനൊരു കസേരയിലേക്കിരുന്നു…..
അവൾ ഇരിക്കാതെ അവിടെ തന്നേ നിൽക്കുകയാണ്…..
തന്നോടുള്ള ദേഷ്യം അവൾ വീട്ടിലുള്ള വരോട് പ്രകടിപ്പിക്കുമോയെന്നോർത്ത് അവന്റെ ചങ്കിടിപ്പ് കൂടി….
തന്റെ ഭാര്യാ സങ്കല്പം അവളിൽ സുരക്ഷിതമാണെന്ന് ആദ്യം താൻ കണക്ക് കൂട്ടിയിരുന്നു….
തന്റെ കുടുംബത്തിലേക്ക് അവളിണങ്ങുന്നവളാണെന്ന് തോന്നിയിരുന്നു….
എന്നാൽ തന്റെ കണക്ക് കൂട്ടലുകൾ എല്ലാം പിഴച്ചു കൊണ്ടിരിക്കുകയാണ് അവളുടേ കാര്യത്തിൽ…..
അവൻ ഏറിയ ഭയത്തോടെയാണ് അവളിലേക്ക് നോക്കിയതെങ്കിലും മുഖത്തെ ഗൗരവം നീങ്ങി പോയിട്ടുണ്ടായിരുന്നില്ല….
ഇരിക്ക്…. എന്നു പറഞ്ഞാൽ താൻ അവൾക്ക് മുന്പിൽ തോറ്റു പോകുമോയെന്നൊരു ഭയം കൊണ്ടവന് വാക്കുകൾ പുറത്ത് വന്നില്ല……
അവൾ നിന്ന നിൽപ്പിൽ ചുറ്റുമോന്ന് നോക്കി…
അപ്പോഴാണ് രേണു വല്യമ്മ അങ്ങോട്ട് വരുന്നത്…..
അവരെ കണ്ടതും അവൾ പുഞ്ചിരിച്ചു….
അവർ അവൾക്കായൊരു ചിരി മുഖത്ത് വരുത്തി തീർത്തു……
ഇത്…. വല്യമ്മയാണ്….
അവൻ അവളോട് അത് പറയുമ്പോൾ ആ വാക്കുകളിലെ സൗമ്യത അവളിൽ അത്ഭുതം ജനിപ്പിച്ചു…..
അവൾ പെട്ടെന്ന് അവനെയൊന്നു നോക്കി…
അവൻ അവളിലേക്ക് മുഖം നൽകാതെ ഇഡ്ഡലി പാത്രത്തിലേക്കിട്ടു…..
ഇങ്ങോട്ടിരുന്നോളൂ….
അവൾ കഴിക്കാതെ നിൽക്കുന്നത് കണ്ടപ്പോഴാണ് പതിഞ്ഞ ശബ്‍ദത്തിൽ രേണുവത് പറയുന്നത്…..
നിങ്ങൾ… നിങ്ങളെല്ലാവരും വന്നിട്ട് മതി…..
അവൾ സൗമ്യമായി അത് പറഞ്ഞതും രേണുവിന്റെ മുഖം ഒന്ന് തെളിഞ്ഞു….
സായു അവളെ ഒരു നിമിഷം നോക്കിയിരുന്നു….
അവളിൽ നിന്ന് താൻ ഇതല്ല പ്രതീക്ഷിക്കുന്നത് എന്ന പോൽ……
ഞങ്ങളെല്ലാവരും കഴിച്ചതാണ്….. മോളിരുന്നോളൂ…..
രേണുവിന്റെ ശബ്ദം ഒന്ന് കൂടി നേർത്തതായി…..
അവർ അവൾക്കായൊരു കസേര വലിച്ചിട്ടു….
അവൾ പതിയേ ആ കസേരയിലേക്കമർന്നു…..
പാത്രം എടുത്ത് അവൾക്ക് ഇഡ്ഡലിയും ഇട്ട് കൊടുത്ത ശേഷമാണ് അവർ അകത്തേക്ക് പോയത്…..
അവളെ നന്നേ ബോധിച്ചിട്ടുണ്ടെന്നു അവരുടെ മുഖത്തെഴുതി വെച്ചതായി അവന് തോന്നി….
അവന്റെ മുഖം ഒന്ന് പ്രകാശിച്ചു ……
ഭക്ഷണം കഴിക്കുമ്പോൾ അവളുടെ നോട്ടം പല പ്രാവശ്യമായി അവനിലേക്ക് പാറി വീഴുന്നുണ്ടെങ്കിൽ കൂടി അവൻ കഴിക്കുന്നതിൽ മാത്രം ശ്രദ്ധ വെച്ചിരിക്കുന്നത് പോലെയവൾക്ക് തോന്നി….
അത് കൊണ്ട് തന്നെ അവൻ പെട്ടെന്ന് കഴിച്ചെഴുന്നേറ്റു……
അവൾ അൽപ സമയം കൂടിയിരുന്നാണ് കഴിച്ചത്….
കഴിച്ച് കഴിഞ്ഞതും പാത്രമെടുത്തു അടുക്കളയിലേക്ക് പോകാൻ നിൽക്കുമ്പോൾ അവൻ കഴിച്ച പാത്രം ടേബിളിൽ ഉണ്ടെങ്കിൽ കൂടി അതെടുക്കാൻ മനസ്സനുവദിച്ചിരുന്നില്ല….
എന്നാൽ തങ്ങൾക്കിടയിലെ പ്രശനങ്ങൾ ഇവിടെ അറിയാൻ പാടില്ലല്ലോ എന്ന തോന്നലിൽ അവളതും കൂടിയെടുത്തു….
എന്ത് തന്നെയായാലും താനീ വിവാഹത്തെ ബഹുമാനിക്കേണ്ടിയിരിക്കുന്നു…..
അവൾ പാത്രങ്ങളെടുത്തു അടുക്കളയെന്ന് തോന്നിക്കുന്ന ആ ഭാഗത്തേക്ക് നീങ്ങിയതും അവിടെ കണ്ട ആളുകളുടെ എണ്ണം അവളെ വല്ലാതെ ഭയപ്പെടുത്തി…..
അങ്ങേയറ്റം വിശാലമായ ആ അടുക്കളയിൽ ഒരുപാട് പേര് ജോലികളിൽ ഏർപ്പെട്ടിരുന്നതായി അവൾ കണ്ടു…..
അവൾ ആ പാത്രവും പിടിച്ചു അൽപ നേരമങ്ങനെ നിന്നു….
അപ്പോഴാണ് അതിൽ ഉയരം കുറഞ്ഞു വെളുത്തൊരു സ്ത്രീ തന്നെ കാണുന്നത്….
അവളൊന്നു അവരോട് പുഞ്ചിരിക്കാൻ ശ്രമിച്ചു….
അവർ തന്നെ കണ്ടില്ലെന്ന മട്ടിൽ മുഖം തിരിച്ചു….
അവൾക്കെന്തോ ഒരു വല്ലായ്മ തോന്നി…..അപ്പോഴാണ് അടുപ്പിൽ എന്തോ പാചകത്തിലായിരുന്ന മുത്തശ്ശി തിരിഞ്ഞതും തന്നെ കാണുന്നത്……
വല്ലായ്മയോടെ നിൽക്കുന്ന അവളെ അവർ നോക്കി….
രേണു…. ആ കുട്ടിക്ക് എന്താന്ന് വെച്ചാൽ കൊടുക്കു….
മുത്തശ്ശി വല്യമ്മയോടത് പറഞ് വീണ്ടും പാചകത്തിലേക്ക് തിരിഞ്ഞു…..
മോളെന്തിനാ പാത്രമെടുത്തത്…..
കൈ കഴുകി എഴുന്നേറ്റാൽ പോരാമായിരുന്നോ…..
തന്റെ കയ്യിലുള്ള പാത്രങ്ങൾ വാങ്ങി കൊണ്ട് വല്യമ്മ അത് പറഞ്ഞതും അവളൊന്ന് പുഞ്ചിരിച്ചു…
അവൾ കൈ കഴുകി ചുറ്റുമോന്ന് കണ്ണോടിച്ചു….
വലിയ വലിയ പാത്രങ്ങളിൽ ഭക്ഷണങ്ങൾ തയ്യാറായി കൊണ്ടിരിക്കുകയാണ്….
ചിലർ തന്നെ ഇടം കണ്ണിട്ട് നോക്കുന്നുണ്ട്…..
ചിലർ കണ്ടെങ്കിലും മുഖത്തേക്ക് നോക്കില്ലെന്ന വാശിയിൽ നിൽക്കുന്നു….
അവരുടെ ഓരോരുത്തരുടെയും മനസ്സിലെ ചിന്തകൾ പലതാവില്ലേ…..
ഓരോരുത്തരുടെ മനസ്സിലും അവനുള്ള സ്ഥാനത്തിനനുസരിച്ചായിരിക്കും തന്നോടുള്ള സമീപനമെന്നവളോർത്തു….
മോള് വാ……
മുറിയിൽ പോയി അൽപ നേരം കിടന്നോളു…. യാത്രാ ക്ഷീണം കാണും…..
താൻ അടുക്കള യിൽ നാലുപാടും നോക്കി നിൽക്കുന്നത് കണ്ടിട്ടോ എന്തോ വല്യമ്മയെ വിളിച്ചു മുത്തശ്ശിയെന്തോ പറഞ്ഞപ്പോഴാണ് അവരതും പറഞ്ഞ് തന്നെ അടുക്കളയിൽ നിന്നും കൂട്ടി കൊണ്ട് പോയത്…..
ഇവരൊക്കെ ഈ…. വീട്ടിൽ തന്നെ യുള്ളവരാണോ…
അവളല്പം അത്ഭുതം കലർത്തി അത് ചോദിച്ചപ്പോൾ അവരൊന്നു പുഞ്ചിരിച്ചു…
മ്മ്…. അതിൽ രണ്ട് പേര് മാത്രം ഇവിടെ അടുക്കളയിൽ സഹായത്തിനു വരുന്നവരാണ്….
മറ്റുള്ളവരെല്ലാം ഈ വീട്ടിൽ തന്നെയുള്ളവരാണ്….
സായുവിന്റെ അപ്പച്ചിമാരാണ് അവർ മൂന്ന് പേരും……
രണ്ട് ജോലിക്കാർ….. മൂന്ന് അപ്പച്ചിമാർ…. മുത്തശ്ശി…. വല്യമ്മ……
അവൾ മനസ്സിലൊന്ന് കണക്ക് കൂട്ടി…..
അപ്പൊ അയാളുടെ അച്ഛനും അമ്മയും എവിടെ യായിരിക്കും…..
അവൾ സംശയത്തിൽ അകപ്പെട്ടു….
ചോദിക്കാൻ നാവ് തുടങ്ങിയെങ്കിലും മനസ്സതിനെ വിദഗ്ധമായി പിടിച്ചു നിർത്തി….
ആവശ്യമില്ലാത്ത ഒന്നിലും ഇടപെടേണ്ടെന്ന് അവൾ കണക്ക് കൂട്ടി….
ഇനി ഒരു പക്ഷെ അവൻ അനാഥ നായിരിക്കുമോ….
പലവിധ ചോദ്യങ്ങൾ അവളിൽ നിറഞ്ഞെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ അവൾ മുറിയിലേക്ക് നടന്നു….
കോണിപ്പടികൾ കയറി അകത്തേക്ക് പോകുമ്പോഴും കണ്ണുകൾ അവനെയൊന്ന് തിരഞ്ഞു…
ഇല്ലാ…. അവിടെയെങ്ങുമില്ല….
അവൾ ചാരി വെച്ചിരുന്ന മുറിയുടെ വാതിൽ തുറന്നതും കട്ടിലിൽ കിടന്നുറങ്ങുന്ന വനെയാണ് കണ്ടത്…..
അവൾക്ക് പിന്നെ മുറിയിലേക്ക് കടക്കാൻ തോന്നിയില്ല…..
അവൾ പുറത്തേക്ക് നടന്നു…..
എങ്ങോട്ട് പോകണമെന്നോ ആരോട് മിണ്ടണമെന്നോ ഒക്കെ അറിയാതൊരു അവസ്ഥ….
അവൾക്ക് മനസ്സിന് വല്ലാത്തൊരു ഇടുക്കം തോന്നി….
ഇത്ര വലിയൊരു തറവാട്ടിലേക്ക് കയറി വന്നിട്ടും മനസ്സിപ്പോഴും ഇടുക്കത്തിൽ തന്നെയാണ് ….
അവൾ ആ വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഒന്ന് നടന്നു…..
അപ്പോഴാണ് കയ്യിൽ അലക്കിയ തുണികളുമായി മുകളിലേക്കു നടന്ന് വരുന്നൊരു പെൺകുട്ടിയെ ബാല കാണുന്നത്…..
അവൾ ഒരു പുഞ്ചിരി നൽകിയെങ്കിലും അവളത് കാണാത്ത ഭാവത്തിൽ അങ്ങനെ നടന്നു പോയി …..
എല്ലാവരും തന്നോടിങ്ങനെയാണ്…..
ആർക്കും താൻ വന്നത് ഇഷ്ടപ്പെട്ടിട്ടില്ല….
പിന്നെന്തിനാവും അയാളിങ്ങനൊരു കാര്യം ചെയ്തത്……
എപ്പോഴുമുള്ള ചോദ്യങ്ങൾ പല വിധത്തിൽ മനസ്സിൽ കുമിഞ്ഞു കൂടി……
കുറച്ച് സമയം കഴിഞ്ഞ് അവൾ തിരിച്ചു താഴേക്ക് പോകാൻ വരുമ്പോൾ അവളുടേ കയ്യിൽ തുണികളുണ്ടായിരുന്നില്ല….മുകളിൽ കെട്ടിയ അയയിൽ തുണികൾ വിരിച്ചാവാം അവൾ തിരിച്ചു വരുന്നതെന്ന് ബാലക്ക് തോന്നി…..
എന്താ പേര്……
തലയിൽ കെട്ടിയ തോർത്തഴിച്ചെടുത്തു കൊണ്ട് ബാലയൊടത് ചോദിക്കുമ്പോഴും അവൾക്ക് ഒട്ടും താല്പര്യമില്ലാത്തത് പോലെ ബാലക്ക് തോന്നി..
ശ്രീ ബാല..
അവൾ പതിയേ പറഞ്ഞു …
ഞാൻ ഗോപിക……
സിന്ധു അപ്പച്ചിയുടെ മകൻ വരുണിന്റെ ഭാര്യ യാണ്……
അവൾ സ്വയം പരിചയപ്പെടുത്തിയപ്പോൾ ബാലയോന്ന് പുഞ്ചിരിച്ചു….
അവനെ ശെരിക്ക് അറിഞ്ഞു വെച്ചിട്ട് തന്നെയാണോ അവന്റെ കൂടെ കുട്ടി ഇറങ്ങി വന്നത്…..
ഗോപിക പെട്ടെന്നത് ചോദിച്ചതും എന്ത് തിരിച്ചു പറയണമെന്നറിയാതെ അവളങ്ങനെ നിന്നു…..
സ്വന്തം തന്തയെയും തള്ളയേയും പോലും അനുസരിക്കാതെ ഊര് തെണ്ടി നടന്നിരുന്നവനാ…
എവിടെ യൊക്കെ പോയി എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് ആര് കണ്ടു……
ആരുടെയൊക്കെയോ കൂടെയായിരുന്നു പൊറുതിയെന്ന് വരുണേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്……
അവളത് പറയുമ്പോൾ ബാലക്കെന്ത് മറുപടി പറയണമെന്ന് അറിയില്ലായിരുന്നു….
എന്തിനോ ഉള്ളിൽ നിന്നൊരു വിതുമ്പൽ വരും പോലെ…..
തന്റെ ഭർത്താവിനെ കുറിച്ചാണ് അവൾ പറയുന്നെത്തെന്നൊരു ബോധ്യം മനസ്സിനുള്ളത് കൊണ്ടാവാം….
എന്നാൽ അവൻ മനസ്സ് കൊണ്ട് തനിക്കാരുമല്ലെന്ന് ഹൃദയം മനപ്പൂർവം മറക്കുന്നത് പോലെ…..
ഞങ്ങൾക്കെല്ലാവർക്കും കുട്ടിയോട് സഹതാപം മാത്രമേയുള്ളു….
അവന്റെ കൂടെ ജീവിക്കേണ്ട കാര്യമോർത്തു…..
പറ്റുന്നതും പെട്ടെന്ന്….
സങ്കടം കലർത്തി ഗോപിക പറഞ് മുഴുവനാക്കും മുന്പേയാണ് അവർക്ക് നേരെ മുമ്പിലുള്ള മുറിയുടെ വാതിൽ തുറക്കപ്പെട്ടത്……
മുന്പിൽ തന്നെ ഉറ്റു നോക്കി നിൽക്കുന്ന സായുവിനെ കണ്ടതും ഗോപിക ഒന്ന് വിറച്ചു…
അപ്പോഴാണ് ബാലയും അവനെ നോക്കുന്നത്….
അവന്റെ നോട്ടത്തിൽ ഗോപികയുടെ നാവ് പാടേ ഇറങ്ങി പോയിരുന്നു….
അവൻ മുറിയിലുള്ളത് അറിയാതെയാണ് അത്രയും
പറഞ്ഞത്….. എന്നാൽ താൻ പറഞ്ഞതൊക്കെ അവൻ കേട്ടിട്ടുണ്ടെന്ന് ആ നോട്ടത്തിൽ നിന്നു തന്നെ ഉറപ്പിക്കാൻ കഴിയും….
അവൾ സായുവിന് നേരെ ഒരു ചിരിയെറിഞ്ഞു കൊടുത്ത് കൊണ്ട് അവിടെ നിന്നും വേഗം നടന്നു നീങ്ങി…..
അവളിൽ പതിഞ്ഞിരുന്ന ആ കണ്ണുകൾ പതിയേ തന്നിലേക്ക് നീങ്ങിയത് അവളറിഞ്ഞു…..
അവൾ അവന് മുഖം കൊടുക്കാതെ തല താഴ്ത്തി…..
പിന്നീടവൻ താഴെക്കിറങ്ങി പോകുകയാണ് ചെയ്തത്…….
വീട്ടിലുള്ളവർ തന്നെ അവനെ കുറിച് മോശമായി പറയുമ്പോൾ ഒന്നും ചിന്തിക്കാതെ താൻ അവനോടൊപ്പം വന്നത് തെറ്റായി പോയെന്ന് മനസ്സ് പറയുന്നു…..
അവൾക്കെന്തോ ഒരു വിങ്ങൽ…..
ഞങ്ങൾ തമ്മിലുള്ള വിവാഹത്തിന് യാതൊരു അർത്ഥമില്ലെന്നറിയാം അവന്റെ മനസ്സിൽ തനിക്കൊരു സ്ഥാനമില്ലെങ്കിലും തനിക്കവനോട് പ്രണയമില്ലെങ്കിൽ കൂടി എന്തിനോ ഹൃദയം മുറിപ്പെടുന്നു…
അതവൻ തന്റെ കഴുത്തിൽ കെട്ടിയ ഈ താലി കൊണ്ടായിരിക്കാം……
ഏറിയൊരു വിങ്ങലോടെ അവൾ കട്ടിലേക്കിരുന്നു….
ഇനിയും എന്തൊക്കെയോ താൻ അവനെ കുറിച് അറിയാന്നുണ്ടെന്ന് മനസ്സ് പറയും പോലെ……..
(തുടരും)

by