22/04/2026

ആത്മരാഗം : ഭാഗം 40

രചന – ഗൗരി ലക്ഷ്മി

റോയിച്ചനിതെന്നാ പറയുന്നത്..

ജോയിച്ചൻ തെല്ല് നീരസത്തോടെ ചോദിച്ചു..

ആ സൈമന്റെ മോനാ അവൻ.. അവനെ തന്നെ വേണോ ആദിയുടെ സ്ഥാനത്തേയ്ക്കിരുത്താൻ..

ജോയിച്ചന്റെ ചോദ്യത്തിൽ വേദന നിറഞ്ഞിരുന്നു..

വേറെ വഴിയില്ല ജോയിച്ചാ.. ആദി ഇപ്പൊ തൽക്കാലത്തേയ്ക്കിനെങ്കിലും കമ്പനിയിൽ നിന്ന് പുറത്താണ്.. അപ്പൊ അവന്റെ സ്ഥാനത്ത് ആരെങ്കിലും വേണ്ടേ.. ചീഫ് മാർക്കറ്റിംഗ് ഓഫീസറാണ് അവൻ.. മാർക്കറ്റിങ് വീക്ക് ആയാൽ ഓഫീസ് പ്രവർത്തിച്ചിട്ടു കാര്യമുണ്ടോ..

റോയിച്ചൻ ദയനീയമായി ചോദിച്ചു..

എന്നു വെച്ചു.. കമ്പനിയിൽ വേറെ സ്റ്റാഫ് ഒന്നുമില്ലേ.. കഴിവുള്ളവർ.. ഉള്ളത് പറയാല്ലോ റോയിച്ചാ.. എനിക്കിപ്പോഴും ആദിയുടെ കയ്യിൽ നിന്നാ ഫയൽ പോയതിൽ പോലും അവനെയാണ് സംശയം.. ചിലപ്പോ ഇതിനൊക്കെ പിന്നിൽ അവൻ തന്നെയാകും..

ഇത് ഞാനും ചോദിച്ചതാണ്.. അല്ലിയും ക്രിസ്റ്റിയും പറയുന്നത് അതിനൊരു സാധ്യതയും ഇല്ലെന്നാണ്.. ഒന്നാമത് ഇങ്ങനെ ഒന്ന് നടന്നാൽ ആദ്യം സംശയിക്കുന്നത് അവനെ തന്നെയാകും എന്നുറപ്പല്ലേ..

എന്നു വെച്ചവൻ പുണ്യാളനാണെന്നാണോ.. ആ സൈമൻ.. അവന് പണ്ടേ ഈ കണ്ട സ്വത്തിലൊക്കെ ഒരു കണ്ണുണ്ട്.. കഴിഞ്ഞാണ്ട് നിങ്ങടെ വെഡിങ് ആനിവേഴ്സറി ദിവസം അവൻ പിള്ളേരെ കുറിച്ചൊക്കെ എന്നോട് ചോദിച്ചതാ.. സാറ മോള് പോയി.. ഞങ്ങൾക്കും മക്കളില്ല.. അപ്പൊ ഇതിലൊക്കെ ഒരു കണ്ണ് വെയ്ക്കാല്ലോ എന്ന രീതിയാണ് അവനു..

ജോയിച്ചൻ പറഞ്ഞു.. റോയ് ഒന്നാലോചിച്ചു..

എന്നായാലും പിള്ളേര് അവനെ അപ്പോയിന്റ് ചെയ്യട്ടെ ജോയിച്ചാ.. അവിടിരുന്നു അവൻ ഇതുപോലെ വല്ലോം ചെയ്താൽ പിടിക്കാനും എളുപ്പമാണ്.. ആ സെക്കൻഡിൽ അവനെ പറഞ്ഞു വിടാമല്ലോ..

റോയിച്ചൻ പറഞ്ഞു..

മ്മ്.. ഞാൻ പറഞ്ഞെന്നേയുള്ളൂ.. സ്റ്റെഫി അന്നേ പറഞ്ഞതാ അവനെ ഓഫീസിൽ എടുക്കാൻ കൂട്ടു നിൽക്കരുതെന്ന്… അന്ന് ഞാൻ അവളുടെ വാക്ക് കേട്ടില്ല.. ഇപ്പൊ പഴയപോലെ ആയിരുന്നേൽ എന്നേം ചീത്ത പറഞ്ഞോടി നടന്നേനെ അവൾ..

അത് പറയുമ്പോൾ ജോയിച്ചന്റെ കണ്ണു നിറയുന്നത് റോയ് കണ്ടു.. റോയിച്ചൻ അയാളെ ചേർത്തുപിടിച്ചു..

അവളെ നമ്മൾ പഴയപോലെ ആക്കും ജോയിച്ചാ.. അതിനിനി എന്റെ സമ്പാദ്യം മൊത്തം മുടക്കണേൽ അതിനും തയാറാ ഞാൻ..

റോയിച്ചൻ പറഞ്ഞതും അയാളുടെ കണ്ണു നിറഞ്ഞൊഴുകി..

പുണ്യാളനോട് മുട്ടിപ്പായിൽ പ്രാർത്ഥിക്കുന്നുണ്ട് ഞാൻ.. ഒന്ന് വീണു പോകുമ്പോഴാ റോയിച്ചാ അവരൊക്കെ നമുക്കെത്രത്തോളം പ്രിയപ്പെട്ടവരാണെന്നും നമ്മുടെ ജീവിതത്തിൽ അവർക്കുള്ള സ്ഥാനമെന്താണെന്നും മനസ്സിലാകുന്നത്..

കൂടെ ജീവിക്കുമ്പോ വഴക്കും പിണക്കവും കളിയും ചിരിയുമായി എന്നും കൂടെ ഉണ്ടായിരുന്നു അവൾ.. എന്റെ മുഖമൊന്ന് വാടിയാൽ.. മനസ്സൊന്നിടറിയാൽ.. ഞാനൊന്നും പറയേണ്ട.. അവൾക്കെല്ലാം അറിയാമായിരുന്നു.. ഒന്നും വേണ്ട.. ജോയിച്ചാന്നും വിളിച്ചോന്നെന്റടുത്തേയ്ക്ക് വന്നാൽ മതി..

അയാൾ കണ്ണുകളൊപ്പി..

ജോയിച്ചാ.. അത് വിട്.. ഒക്കെ ശെരിയാകും.. ആദ്യം ഓഫീസിലെ കാര്യങ്ങൾ ശെരിയാകണം.. എന്നിട്ട് ഇതൊക്കെ ഒന്ന് പഴയപോലെ ആക്കണം..

അല്ലി എന്തോ വാശി പോലെയാ നടക്കുന്നെ.. പിള്ളേരുടെ ജീവിതവും ഒന്ന് നേരെയാകണം.. എന്നിട്ട് സ്റ്റെഫിയെയും കൊണ്ട് പോകാം നമുക്ക്.. ഈ ലോകത്തിന്റെ ഏതു കോണിലേയ്ക്ക് വേണേലും.. ഏറ്റവും നല്ല ചികിത്സ കൊടുത്തവളെ പഴയപോലെ ആക്കാം.. ഇതെന്റെ വാക്കാ ജോയിച്ചാ..

അയാൾ പറഞ്ഞതും ജോയിച്ചൻ റോയിച്ചനെ കുറേകൂടി മുറുകെ ആലിംഗനം ചെയ്തു..

കൂടെയുണ്ടെന്ന പോലെ..

*********************

തുടരെയുള്ള കോളിംഗ് ബെൽ ശബ്ദം കേട്ട് നിയ വന്നു വാതിൽ തുറന്നതും മുൻപിൽ നിൽക്കുന്നവരെ കണ്ടൊന്നു പുഞ്ചിരിച്ചു..

ജോളിമ്മ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു..

ആദിയുടെ ഫോണിൽ ഫോട്ടോ കണ്ട പരിചയമേയുള്ളൂ അവളെ.. ഇടയ്ക്ക് രണ്ടു വട്ടം വിഡിയോ കോൾ ചെയ്തപ്പോൾ കണ്ടിരുന്നു.. ഒന്ന് ചിരിച്ചു കാട്ടി.. അത്രമാത്രം..

അവൾ മാറി നിന്നു കൊടുത്തതും അവർ അകത്തേയ്ക്ക് കയറി.. അവളോട് ഒന്നും ചോദിക്കാതെ തന്നെ കയ്യിലിരുന്ന കവറുകൾ ടീപ്പോയിൽ വെച്ചു..

ഇവിടെ വേറാരും ഇല്ലേ..

കൈകൊണ്ട് അവർ ചോദിച്ചത് അവൾക്ക് ശെരിക്ക് മനസ്സിലായില്ല.. കുറച്ചു സമയമെടുത്താണ് അവൾ കാര്യം മനസ്സിലാക്കിയത്..

അല്ലി വന്നില്ല. ആദി റൂമിൽ ഉണ്ട്..

അവൾ പറഞ്ഞു..

അവർ ചെന്നു ഡോറിൽ തട്ടിയതും ആദി വാതിൽ തുറന്നു..

ജോളിമ്മേ..

അവൻ സന്തോഷത്തോടെ അവരെ ചേർത്തുപിടിച്ചു..

ഒറ്റയ്ക്കെയുള്ളൂ.. റോയിച്ചനെന്തിയെ.. വരുന്നെന്നു പറഞ്ഞേയില്ലല്ലോ..

പിന്നേ.. നിന്നോട് പറഞ്ഞനുവാദം വാങ്ങിയല്ലേ ഞാൻ എപ്പോഴും വരുന്നത്..

അവർ ചോദിച്ചതും അവൻ ചിരിയോടെ അവരുടെ നെറ്റിയിൽ ചുംബിച്ചു.. അവരും സന്തോഷത്തോടെ അവനെ തഴുകി..

എന്തിയെ അല്ലി..

അവൾ എത്തിയില്ല.. ക്രിസ്റ്റിയുടെ കൂടെ എങ്ങോട്ടോ പോയി.. ജോളിമ്മ ഇരിക്ക്..

അവൻ പറഞ്ഞു..

നീ വല്ലോം കഴിച്ചോ..

വിശപ്പില്ല..

അവൻ പറഞ്ഞതും അവർ അവന്റെ കയ്യിൽ ചെറുതായി അടിച്ചു..

ശേഷം നേരെ അടുക്കളയിലേക്ക് നടന്നു..

നിയ അവർ പോകുന്നതും നോക്കി നിന്നു.. പിന്നെ തിരിഞ്ഞ് ആദിയെ നോക്കി..

വന്നപ്പോ മുതൽ മൂകമായി ഇരുന്നവനല്ല ഇപ്പോൾ.. ആ മുഖത്ത് നിറഞ്ഞ സന്തോഷമാണ്.. കുറുമ്പാണ്‌..

അപ്പോഴേയ്ക്കും പ്ലേറ്റ് കഴുകി അവർ ഡൈനിങ് ടേബിളിൽ വെച്ചു..

ഞാനിത്തിരി കഴിഞ്ഞു കഴിക്കാം..

അവൻ പറഞ്ഞു..

അവർ ആ കവർ കൊണ്ടുവരാൻ പറഞ്ഞു..

അവനാ കവറെടുത്തു മണപ്പിച്ചു നോക്കി..

ഐവാ.. ബിരിയാണി..

അവർ ചിരിയോടെ തലയാട്ടി..

അത് അവർക്ക് കൊണ്ടു കൊടുത്തതും അവർ നിയയെ നോക്കി.. ശേഷം അവൾ കഴിച്ചോ എന്നാദിയോടായി അവർ ചോദിച്ചു..

നീ കഴിച്ചോ..

മ്മ്..

ആദിയുടെ ചോദ്യത്തിന് അവൾ മൂളി..

എന്നാലും വാ.. ജോളിമ്മേടെ മട്ടൻ ബിരിയാണി അടിപൊളിയാണ്..

അവൻ ചിരിയോടെ പറഞ്ഞു..

അവൾ അവരെ നോക്കി.. അവർ പുഞ്ചിരിയോടെ രണ്ടു പ്ലേറ്റ് എടുത്തു ബിരിയാണി വിളമ്പി..

ഒപ്പം സാലഡും നാരങ്ങാ അച്ചാറും ചെറുതായി മുറിച്ചു കാച്ചിയ പപ്പടവും എടുത്തു വെച്ചു..

ആദി കൈകഴുകി വന്നതും അവർ വേണ്ടാന്നു കൈകൊണ്ടു കാണിച്ചു..

നിയയോട് ഇരിക്കാൻ പറഞ്ഞ ശേഷം അവർ ആദിക്ക് ഉരുളയാക്കി വായിൽ വെച്ചു കൊടുക്കുന്നത് നിയ തെല്ല് അത്ഭുതത്തോടെയാണ് നോക്കിയിരുന്നത്..

നീ കഴിക്കുന്നില്ലേ..

കഴിക്കുന്നതിനിടയിൽ ആദി ചോദിച്ചതും നിയ ഒന്ന് പുഞ്ചിരിച്ചു തന്റെ പാത്രത്തിലേക്ക് ശ്രദ്ധ തിരിച്ചു..

അടിപൊളി ബിരിയാണി.. അല്ലേലും എന്റെ ജോളിമ്മ പൊളിയല്ലേ..

കഴിച്ചു കഴിഞ്ഞതും അവരുടെ കവിളിൽ പിടിച്ചു വലിച്ചവൻ പറഞ്ഞത് കേട്ട് ജോളിമ്മയിൽ നിറഞ്ഞ ചിരി വിരിഞ്ഞു..

ജോളിമ്മ കഴിക്കുന്നില്ലേ..

അവൻ ചോദിച്ചു..

റോയിച്ചന്റെ കൂടെ കഴിച്ചു എന്നവർ പറഞ്ഞതും അവൻ പുഞ്ചിരിച്ചു..

ഇന്നെന്താ ബിരിയാണി സ്‌പെഷ്യൽ..

വെറുതെ എന്നവർ കാണിച്ചു..

നിയ കഴിച്ചെഴുന്നേറ്റതും അവർ തന്നെ ബലമായി അവളുടെ പാത്രങ്ങൾ കൂടെ വാങ്ങി അടുക്കളയിലേക്ക് പോയി..

ജോളിമ്മയ്ക്ക് ആദിയെ വല്യ ഇഷ്ടമാ അല്ലെ..

എന്നെ മാത്രമല്ല.. ഞങ്ങളെ എല്ലാവരെയും ജോളിമ്മയ്ക്ക് ഇഷ്ടമാണ്..

അവൻ പറഞ്ഞു..

ആദിയുടെ അമ്മേ പോലെ തോന്നി.. വാരി തന്നപ്പോ..

അവൾ പറഞ്ഞു..

എന്റെ അമ്മ തന്നെയാണ്.. ഞങ്ങൾക്ക് അങ്ങനെയാ.. ഒരുപാട് അമ്മമാരും അച്ഛന്മാരും ഒക്കെയുണ്ട്.. അവർക്കൊക്കേം എല്ലാത്തിലും വലുത് ഞങ്ങളുടെ സന്തോഷവുമാണ്..

അതും പറഞ്ഞവൻ അടുക്കളയിലേക്ക് നടന്നതും നിയയുടെ ചുണ്ടിലെ പുഞ്ചിരി മെല്ലെ മാഞ്ഞുപോയിരുന്നു..

ആ കണ്ണിൽ ആ നിമിഷം തെളിഞ്ഞത് സ്വന്തം മകളെ ഭീഷണിപ്പെടുത്തി മരുമകനൊപ്പം ജീവിക്കാൻ വിട്ട ഒരച്ഛന്റെയും അമ്മയുടെയും മുഖമായിരുന്നു..

അവളുടെ കണ്ണുകൾ ആ നിമിഷം പെയ്തു തുടങ്ങിയിരുന്നു..

നിസ്സഹായമായി.. നിശബ്ദമായി..

************************

ജോളിമ്മയ്ക്ക് തോന്നുന്നുണ്ടോ ഞങ്ങൾ ആദിയെ ഒഴിവാക്കുമെന്ന്..

അല്ലി ജോളിമ്മയെ നോക്കി.. അവരപ്പോഴും മടിയിൽ കിടക്കുന്ന അവളുടെ മുടിയിഴകൾ കോതിക്കൊണ്ട് അവളെ നോക്കിയിരിക്കുകയായിരുന്നു..

ആദിയെ അങ്ങനെ ഒഴിവാക്കാൻ പറ്റുമോ ജോളിമ്മേ ഞങ്ങൾക്ക്.. അവൻ ഞങ്ങളുടെ പ്രാണനല്ലേ.. പിന്നെ ഇതൊക്കെ ഒരടവല്ലേ..

എന്ത് അടവ് എന്നവർ ചോദിച്ചു..

അതോ.. നമ്മുടെ കമ്പനിയിൽ ഒരു തൊരപ്പനെലി കേറിയിട്ടുണ്ട്.. അതിങ്ങനെ വല്യ വല്യ ഫയലൊക്കെ കരണ്ട് നശിപ്പിക്കുവാ..

അപ്പൊ അതിനെ പിടിക്കാൻ ചെറിയൊരു ചീനികഷ്ണം വച്ചൊരു കെണി വെച്ചു.. അത്രേയുള്ളൂ..

എലിയോ..

ജോളിമ്മ ചോദിച്ചു..

അതൊരു എക്‌സാമ്പിൾ അല്ലെ. ഇവിടെ എലിക്ക് പകരം നിധിൻ ആണ്.. ചീനിക്ക് പകരം ആദിയുമായുള്ള വഴക്കും.. അതല്ലാതെ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല..

അല്ലി പറഞ്ഞു..

ഉറപ്പാണോ..

എന്റെ ജോളിമ്മയാണേ ഉറപ്പ്..

അവൾ പറഞ്ഞതും അവർ ചിരിയോടെ അവളുടെ കവിളിൽ പിച്ചി..

പിന്നേ.. ഇതൊന്നും ആരോടും പറയേണ്ട.. റോയിച്ചനോടും അറിഞ്ഞ ഭാവം കാണിക്കേണ്ട.. നമുക്കൊക്കെയിടയിൽ സ്പൈ വർക്ക് നടക്കുന്നുണ്ട്.. അതുകൊണ്ടീ പ്രശ്നം സോൾവ് ആകും വരെ ഇതിങ്ങനെ പോട്ടെ..

റോയിച്ചന് അറിയുമോ എന്നവർ ചോദിച്ചു..

പിന്നെ.. അറിയാതെ.. റോയിച്ചനോടും ഇങ്ങനെ പറഞ്ഞിട്ടുണ്ട്.. തൽക്കാലം വീട്ടിലും ഫോണിലും ഒന്നും ഇക്കാര്യം മിണ്ടേണ്ട..ജോളിമ്മ ഒന്നും അറിഞ്ഞിട്ടില്ല.. ഞങ്ങളും ഒന്നും അങ്ങോട്ടുമിങ്ങോട്ടും പറയില്ല.. കേട്ടോ..

അവൾ പറഞ്ഞതും അവർ തലയാട്ടി സമ്മതിച്ചു..

ഫോൺ കോൾ ഒക്കെ ഈ കാലത്ത് ടേപ്പ് ചെയ്യാൻ ഈസിയാണ്.. ഫ്ലാറ്റിലും വീട്ടിലും ഒക്കെ നമ്മൾ പോലുമറിയാതെ ഓഡിയോ ഡിവൈസ് വെയ്ക്കാനും ഇപ്പൊ എളുപ്പമാണ്.. അതുകൊണ്ടാ ഒന്നും ഇതേപ്പറ്റി സംസാരിക്കേണ്ടാന്ന് പറയുന്നത്..

വിശാലമായ ടെറസിൽ ജോളിമ്മയുടെ മടിയിൽ നിലാവ് നോക്കി കിടന്നവൾ പറഞ്ഞു..

നിങ്ങളിവിടെ ഇരിക്കുവാണോ.. അവിടെ റോയിച്ചൻ വന്നു ജോളിമ്മയെ തിരക്കുന്നുണ്ടേ..

ആദി വന്നു പറഞ്ഞതും ജോളിമ്മ അവനെ അടുത്തേയ്ക്ക് വിളിച്ചു..

അവനെ അരികിൽ പിടിച്ചിരുത്തി അല്ലിയുടെ കൈപിടിച്ചന്റെ കയ്യുമായി കൂട്ടിച്ചേർത്തു പിടിച്ചു..

ഞങ്ങളെ പിന്നേം കെട്ടിക്കാൻ പോവാണോ..

കളിയായി അവൾ ചോദിച്ചതും അവർ തലയാട്ടി.. ശേഷം രണ്ടാളും ഒരിക്കലും ഒന്നിന്റെ പേരിലും പിരിയരുത് എന്നവർ പറഞ്ഞതും ആദി അല്ലിയെ നോക്കി..

അവളപ്പോഴും കുറുമ്പോടെ എന്തൊക്കെയോ ജോളിമ്മയോട് പറഞ്ഞു ചിരിക്കുകയാണ്..

പതിയെ അവരിൽ നിന്ന് കൈകൾ പിൻവലിച്ചെഴുന്നേറ്റു തിരികെ നടക്കുമ്പോഴും അല്ലിയുടെ തീരുമാനം ഭാവിയിൽ ഈ കുടുംബങ്ങളിലുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചോർക്കുകയായിരുന്നു അവൻ.. ഭയത്തോടെ..

***********************

കയ്യിൽ കിട്ടിയ പോസ്റ്റിംഗ് ഓർഡർ കണ്ട ഒന്നും മനസ്സിലാകാതെ നിധിൻ അല്ലിയെ നോക്കി..

എന്താ നിധിൻ.. ഒന്നും പറയാനില്ലേ തനിക്ക്..

ക്രിസ്റ്റിയാണ് ചോദിച്ചത്..

അല്ല ക്രിസ്റ്റി.. അത്.. ഈ പോസ്റ്റ്.. ആദി..

ആദി നിലവിൽ സസ്‌പെൻഷനിൽ അല്ലെ നിധിൻ..

അല്ലി ചോദിച്ചു..

പക്ഷെ ഞാൻ.. ഞാൻ ഇവിടെ വന്നിട്ട് അധികമായിട്ടില്ലല്ലോ..

സോ വാട്ട്.. നിധിനീ പോസ്റ്റ് ഹാൻഡിൽ ചെയ്യാനുള്ള കഴിവുണ്ടെന്ന് മാനേജ്‌മെന്റിന് തോന്നിയത് കൊണ്ടാണ് ഇത്രയും പെട്ടെന്നിങ്ങനെ ഒരു തീരുമാനം.. അത് മാത്രമല്ല.. വളരെ കോണ്ഫിഡൻഷ്യൽ ആയിട്ടുള്ള പല വിവരങ്ങളും ഹാൻഡിൽ ചെയ്യേണ്ട പോസ്റ്റ് ആണ് സി എം ഓ എന്നത്.. മാർക്കറ്റിംഗ് നമ്മുടെ നട്ടെല്ലാണ്.. സോ അതിൽ ഏറ്റവും എഫിഷ്യൻറ് ആയിട്ടുള്ള ഒരാൾ തന്നെ വേണമെന്നത് നമ്മുടെ ആവശ്യവുമാണ്..

അല്ലി പറഞ്ഞു..

ഇവിടെ നിധിൻ റോയിച്ചന്റെ ഒരു റിലേറ്റിവ് കൂടിയല്ലേ.. സോ അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനം..

ക്രിസ്റ്റി കൂട്ടിച്ചേർത്തു..

ഇപ്പോൾ കമ്പനിക്കുണ്ടായ നഷ്ടം മെൻറെയ്ന ചെയ്യേണ്ടത് നിഥിന്റെ ഉത്തരവാദിത്വമാണ് ഇനി.. അത് താൻ ഏറ്റവും നന്നായി മാനേജ് ചെയ്യും എന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷയും..

താങ്ക്യൂ ക്രിസ്റ്റി.. എന്നിൽ ഇത്രയ്ക്കൊരു പ്രതീക്ഷ തന്നതിൽ.. എന്നിൽ മാനേജ്‌മെന്റ് തന്നിരിക്കുന്ന ഉത്തരവാദിത്വം ഏറ്റവും നന്നായി ചെയ്യാൻ ഞാൻ ശ്രമിക്കാം..

ഓകെ.. ദെൻ നിധിൻ പൊയ്ക്കോളൂ.. ഈ പോസ്റ്റിംഗിന്റെ കാര്യത്തിൽ നാളത്തെ ബ്രീഫിങ്ങിൽ സംസാരിക്കാം.. ഓഫിഷ്യലി മാനേജ്‌മെന്റ് തന്നെ നിഥിന്റെ പോസ്റ്റിംഗ് ഡിക്ലയർ ചെയ്യും..

താങ്ക്യൂ..

അവൻ പറഞ്ഞു..

അവിടുന്നിറങ്ങി തന്റെ ക്യാബിനിലേയ്ക്ക് നടക്കുമ്പോഴും കയ്യിലിരിക്കുന്ന പോസ്റ്റിംഗ് ഓർഡറിന്റെ സന്തോഷം അവന്റെ മുഖത്തു പ്രതിഫലിക്കുന്നുണ്ടായിരുന്നു..

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റെ ലക്ഷ്യത്തിലേക്ക് കൂടുതൽ അടുക്കാൻ കഴിഞ്ഞതിൽ അവനു ആത്മവിശ്വാസം തോന്നി..

അവന്റെ പോക്ക് നോക്കിയിരുന്ന അല്ലിയുടെ ചുണ്ടിൽ ഗൂഢമായ ഒരു ചിരി വിരിഞ്ഞു..

ചൂണ്ടയിൽ ഇര കൊത്തി അല്ലെ..

ക്രിസ്റ്റി ചോദിച്ചു..

മ്മ്.. ഇനി ശെരിക്ക് കുരുങ്ങട്ടെ എന്നിട്ട് ഒരൊറ്റ വലി..

അല്ലി പറഞ്ഞു.. ക്രിസ്റ്റി പുഞ്ചിരിച്ചു..

ആ പുഞ്ചിരിയിൽ നിധിനോടുള്ള സർവ്വ ദേഷ്യവും അടങ്ങിയിരുന്നു.

അത്രമേലാഴത്തിൽ..

*************************

നീയെന്റെ മോൻ തന്നാണോടാ..

പോസ്റ്റിംഗ് ഓർഡറും പിടിച്ചു സന്തോഷത്തോടെ മുൻപിൽ നിൽക്കുന്ന നിധിനോട് അയാൾ ചോദിച്ചു..

പപ്പയ്ക്കെന്താ.. കമ്പനിയുടെ മാനേജ്‌മെന്റ് തന്നെ ഇപ്പോ എന്നെ ഇങ്ങനെ പോസ്റ്റ് ചെയ്തതല്ലേ.. അതിൽ സന്തോഷിക്കാതെന്ത് ചെയ്യണം..

നിധിൻ ചോദിച്ചു..

എടാ.. അവർ നിനക്കിട്ട് ഏറ്റോം നല്ലൊരു പാരയല്ലേ വെച്ചേയ്ക്കുന്നത്..

എന്ത് പാര…

പാരയല്ലാതെ എന്താ.. നീ ആദിയുടെ സ്ഥാനത്തിരുന്നാൽ നമ്മുടെ പഴയ പരിപാടി എങ്ങനെ നടത്തും.. നീ അവന്റെ സ്ഥാനത്തിരുന്നു പ്രോജക്ടുകൾ ചോർത്തിയാൽ അവർക്ക് എളുപ്പം നിന്നെ പൂട്ടാം.. അതിനാണ് അവർ നിനക്കിങ്ങനെ ഒരു പോസ്റ്റിംഗ് തന്നത്.. അത് ചിന്തിക്കാൻ പോലും ബുദ്ധിയില്ലാതായല്ലോ നിനക്ക്..

സൈമൻ ചോദിച്ചു..

ഇത് ചിന്തിക്കാഞ്ഞിട്ടല്ല.. ഞാൻ പപ്പയോട് ഒരു കാര്യം പറയാം.. ആരാന്റെ വാക്കും കേട്ട് പപ്പ ഈ എടുത്തുചാടുന്നത് എന്തിനാ എന്നെനിക്കറിയില്ല.. പക്ഷേ ഒന്നുണ്ട്.. നമ്മൾ നമ്മുടെ ഭാഗം സേഫ് ആക്കി വെയ്ക്കണം.. ഈ സി എം ഓ പോസ്റ്റ് ശെരിക്കും എനിക്കൊരു കച്ചിത്തുരുമ്പാണ്..

നല്ലതുപോലെ ശ്രദ്ധിച്ചു നീങ്ങിയാൽ അധികം വൈകാതെ ആദിയെ പുറത്താക്കിയത് പോലെ ആ ക്രിസ്റ്റിയെയും പുറത്താക്കാം.. ഇപ്പോഴത്തെ സാഹചര്യം കുറച്ചൂടെ വഷളായാൽ അല്ലി സ്വയം ആദിയിൽ നിന്നൊഴിയും.. അവൾക്ക് വേറെ ഒരുത്തനുമായി ബന്ധമുണ്ട്.. അവനെയങ്ങു നൈസ് ആയി ഒഴിവാക്കിയാൽ അല്ലിയെ എന്റെ കയ്യിലെ പാവയായി കിട്ടും.. ഇല്ലേൽ അങ്ങനെ ആക്കും ഞാൻ..

അത് കഴിഞ്ഞാൽ കമ്പനി എന്റെ വിരൽത്തുമ്പിൽ കറങ്ങും..

നിധിൻ പറഞ്ഞു..

നിനക്കാ പെണ്ണിനെ അറിയാഞ്ഞിട്ടാ. കാഞ്ഞ വിത്താണ് അവൾ.. ഒരിക്കൽ ആ കമ്പനി നിലം പൊത്തിയതാണ്.. അല്ല പൊത്തിച്ചതാണ് ഞാൻ.. അവിടുന്നാ അവൾ ആ കമ്പനിയെ ഉയർത്തി കൊണ്ടുവന്നെ.. അന്ന് വരെ ഒറ്റയാൾ പട്ടാളം പോലെ നിന്ന് റോയിക്ക് അന്ന് മുതൽക്കാ ബലം വെച്ചു തുടങ്ങിയത്.. നീ അതുകൊണ്ട് അവളെ പാവയാക്കി നിർത്താൻ നോക്കേണ്ട.. അവൾ അതിന് നിൽക്കുമെന്ന് തോന്നുന്നില്ല..

അയാൾ പറഞ്ഞു..

അവളിനി എത്ര ബുദ്ധിമതി ആണേലും അവള് വെറും പെണ്ണാണ് പപ്പേ.. പിന്നെ.. അവളെ കണ്ടപ്പോ മുതൽ മനസ്സിൽ ഉറപ്പിച്ചതാണ് ചില കാര്യങ്ങൾ.. അത് നടത്താതെ നിധിൻ എങ്ങും പോകില്ല.. ഇതുവരെ ഞാൻ ആശിച്ചതൊന്നും നേടാതെ ഇരുന്നിട്ടില്ല.. അത് പണമായാലും പെണ്ണായാലും.. അതിൽ പപ്പ ഇടപെടേണ്ട..

വേണ്ട.. ഇക്കാര്യത്തിൽ ഞാൻ ഇടപെടില്ല.. പക്ഷെ ഒന്ന് പറയാം.. പഴയ കാലമല്ല.. അവൾക്ക് എന്തേലും പറ്റിയാൽ റോയ് അടങ്ങിയിരിക്കുകയുമില്ല..

സൈമൻ പറഞ്ഞു.. അവനൊന്ന് ചിരിച്ചു..

പിന്നെ പപ്പ ഇതൊക്കെ മനസ്സിൽ വെച്ചാൽ മതി.. പപ്പേടെ ആ ബോസ് ഇല്ലേ.. അയാൾ തൽക്കാലമൊന്നും അറിയേണ്ട ഇപ്പൊ..

ടാ.. നീ ഈ കളിക്കുന്നത് തീക്കളിയാണ്.. അയാളെ വെറുപ്പിച്ചാൽ ചിലപ്പോ ജീവൻ പോലും നഷ്ടപ്പെടും.. വെറുതെ ആവശ്യമില്ലാതെ ഓരോന്ന് ചെയ്യാതെ അയാളെ അനുസരിക്കുന്നതാണ് നല്ലത്..

സൈമൻ ഓർമിപ്പിച്ചു..

പപ്പ പേടിക്കേണ്ട.. ഇത് ഞാൻ നോക്കിക്കോളാം.. ആർക്കേലും വേണ്ടി കഷ്ടപെട്ടവസാനം ഒന്നുമില്ലാതെ ഇറങ്ങാൻ എനിക്ക് വട്ടൊന്നുമില്ല..

പപ്പ ഇതൊന്നും കേട്ടിട്ടുമില്ല അറിഞ്ഞിട്ടുമില്ല..അത്രേം കരുതിയാൽ മതി ഇപ്പൊ..

നിധിൻ പറഞ്ഞിട്ട് നടക്കുമ്പോഴും അവൻ ചെന്നു ചാടാൻ പോകുന്ന അപകടമോർത്തുള്ള ആധിയിലായിരുന്നു സൈമൻ..

അത്യധികം ഭയത്തോടെ..

തുടരും.