രചന – സിന്ധു അപ്പുക്കുട്ടൻ
“അമ്മേ, നമ്മളെന്നാ വീട്ടിൽ പോകുന്നെ.?
രാവിലെ ഉറക്കമുണർന്ന നന്ദൂട്ടി സന്ധ്യയോട് തിരക്കി.
“ഇനി നമ്മുടെ വീട് ഇതാ നന്ദു..
“അപ്പൊ അച്ഛനോ..?
“അച്ഛൻ….. സന്ധ്യ പാതിയിൽ നിർത്തി.
അച്ഛനും അച്ഛമ്മയും അവിടെ ഉണ്ടല്ലോ.
അച്ഛനേം നമുക്ക് ഇങ്ങോട്ടു കൊണ്ട് വരാം. നന്ദൂട്ടിക്ക് അച്ഛനേം വേണം അമ്മേം വേണം.
സന്ധ്യ മോളോട് എന്തു പറയണം എന്നറിയാതെ കുഴങ്ങി.
മോള് എണീറ്റ് പല്ല് തേക്ക്. എന്നിട്ട് നമുക്ക് ചായകുടിക്കാം. അനന്തു ചേട്ടനും, അച്ചുചേച്ചിയും മോളെ കാത്തിരിപ്പുണ്ട് അവിടെ.
സന്ധ്യ വേഗം വിഷയം മാറ്റി.
പിന്നെ അവളെയെടുത്തു ബാത്റൂമിൽ ആക്കി പേസ്റ്റും ബ്രഷും എടുത്തു കൊടുത്തു.
പ്രാതൽ കഴിക്കാനിരിക്കുമ്പോ ജയകൃഷ്ണൻ ഓഫീസിൽ പോകാനുള്ള വേഷത്തിൽ സ്റ്റേർകേസിറങ്ങി വന്നു.
“ഏട്ടൻ കഴിക്കാതെ പോകുകയാണോ..?
അവനുള്ള ഇഡ്ഡലി പ്ലേറ്റിൽ ഇരിക്കുന്ന കണ്ടിട്ടും പുറത്തേക്കിറങ്ങിയ ജയകൃഷ്ണനോട് ദീപ്തി വിളിച്ചു ചോദിച്ചു.
“വിശപ്പില്ല ദീപാ… നിങ്ങൾ കഴിച്ചോളൂ.
സന്ധ്യക്കും അയാളൊരു പുഞ്ചിരി കൈമാറി.
ദീപ്തിയും മക്കളും കഴിച്ചു കഴിഞ്ഞ് പോകാനിറങ്ങി.
“നന്ദൂട്ടി… ഞങ്ങൾ പോയി വരാമേ. ഇന്നെങ്കിലും ഞങ്ങളോട് സെറ്റാവണം പതുങ്ങിയിരിക്കാതെ.
അശ്വതി അവളുടെ കവിളിൽ നുള്ളി
പ്ലസ് ടു വിദ്യാർത്ഥിനിയാണ് അശ്വതി.അനന്തു ഭാവിയിൽ ഡോക്ടറാകാനുള്ള ഒരുക്കത്തിലും.
“കല്യാണം കഴിക്കേണ്ട പ്രായത്തിൽ അതൊക്കെ നടന്നിരുന്നെങ്കിൽ നന്ദൂട്ടിക്ക് ഇന്ന് അനന്തുന്റെ പ്രായം ഉണ്ടായേനെ.
സന്ധ്യ ദീപ്തിയെ നോക്കി ചിരിച്ചു.
“ഉവ്വ… എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ കല്യാണോം കഴിച്ച് ജീവിതം എന്താന്നു അറിയണെന് മുന്നേ രണ്ടു പിള്ളേരും ആകുന്നതല്ലേ പെണ്ണിന്റെ യോഗംന്ന് പറയുന്നത്.
എന്റെ സന്ധ്യേ ഒന്നോർത്താ കല്യാണം കഴിക്കാത്തതാ പെണ്ണെ സുഖം.. അവനവനെ മാത്രം നോക്കിയാ മതിയല്ലോ നമുക്ക്.
ഏട്ടനെ കണ്ടില്ലേ . കുടുംബവും വേണ്ട കുട്ടികളും വേണ്ട എന്നും പറഞ്ഞു ലൈഫ് അടിച്ചു പൊളിക്കുവാ.
“എന്തെ ഏട്ടൻ അങ്ങനെയൊരു തീരുമാനമെടുത്തെ..?
“അതൊക്കെ ഞാൻ പറയാം. ഇപ്പോത്തന്നെ ലേറ്റായി. ഞാൻ ഷോപ്പിലേക്കു ചെല്ലട്ടെ. ഇല്ലേൽ ഒക്കെ ഫോണും തോണ്ടി അവിടെയും ഇവിടെയും ഇരിക്കുവായിരിക്കും. നീ രണ്ടു ദിവസം കൂടി ഇവിടെ ഇരിക്ക്. അതു കഴിഞ്ഞു ഒന്നിച്ചു പോകാം നമുക്ക്.
ശരി.. പോയി വാ ദീപു.
ആ… പിന്നേ വാതിൽ എപ്പോഴും തുറന്നിടരുത്. ആരെങ്കിലും വന്നാൽ ജനൽ മാത്രം തുറന്ന് കാര്യം തിരക്കുക. നിന്റെ പുളിക്കക്കടവല്ല ഇത്.
“ഉം.. ഞാൻ ശ്രദ്ധിച്ചോളാം ദീപു. നീ പോയി വാ.
നന്ദു മോളേ, റ്റാറ്റാ…
കൈവീശി അവൾ ഗേറ്റ് കടന്ന് മറഞ്ഞു.
തന്റെ ജീവിതത്തിൽ സംഭവിക്കുന്നതൊക്കെ സത്യമോ മിഥ്യയോ എന്ന് വേർതിരിച്ചെടുക്കാനാകാതെ സന്ധ്യ കുഴങ്ങിപ്പോയി.
പുളിക്കക്കടവ് എന്ന ഗ്രാമം വിട്ട് എവിടേക്കും പോയിട്ടില്ലാത്ത താനിന്നു തിരുവനന്തപുരം എന്ന മഹാ നഗരത്തിൽ എത്തിപ്പെട്ടിരിക്കുന്നു.ഒരിക്കൽ പോലും ഒരു സ്വപ്നത്തിലൂടെയെങ്കിലും കണ്ടിട്ടില്ലാത്ത ലോകമാണ് കണ്മുന്നിൽ നിറഞ്ഞാടുന്നത്.
ഇനിയുള്ള വേഷങ്ങൾ തന്നെ എവിടെ കൊണ്ടെത്തിക്കും എന്ന ആകുലതയോടെ സന്ധ്യ സെറ്റിയിൽ തളർന്നിരുന്നു.
അവളുടെ ഭാവമാറ്റം ഉറ്റു നോക്കി നന്ദൂട്ടിയും.
*********************************
“നീയിങ്ങനെ കള്ളും കുടിച്ച് ഇവിടിരുന്നാൽ പോയവള് തിരിച്ചു വരുമോടാ.. എവിടാന്നു വെച്ചാ പോയി അന്വേഷിക്കേടാ. അല്ലേൽ പോലീസിൽ ഒരു പരാതി കൊടുക്ക്.
കുടിച്ച് ബോധം മറഞ്ഞു തുടങ്ങിയിട്ടും വീണ്ടും ടീപ്പോയിലിരുന്ന മദ്യക്കുപ്പിയെടുത്തു വായിലേക്ക് കമിഴ്ത്തുന്ന മഹേഷിനെ നോക്കി ഇന്ദിരാമ്മ ഒച്ചവെച്ചു.
രാവിലെ മുതൽ അവൻ സന്ധ്യയുടെ ഫോണിലേക്കു വിളിക്കുന്നുണ്ട്. ഓരോ തവണയും അത് സ്വിച്ചോഫാണെന്ന് ഒരു കിളിനാദം അവന്റെ ചെവിയിൽ മുഴങ്ങി. വീണ്ടും വീണ്ടും അതാവർത്തിക്കപ്പെടുമ്പോൾ അവൻ കയ്യിൽ കിട്ടിയതൊക്കെയെടുത്തു വലിച്ചെറിഞ്ഞ് തന്റെ ദേഷ്യം തീർത്തു.
പിന്നെ കട്ടിലിൽ മലർന്ന് കിടന്നു.
സന്ധ്യ തന്നോട് ചോദിക്കാതെ മോളെയും കൂട്ടി പുറത്തു പോയി എന്നറിഞ്ഞ ദിവസം കൈകുഴയും വരെ അവളെ തല്ലിയിരുന്നു. തലേ രാത്രിയുടെ ഓർമ്മകൾ കൂടിയായപ്പോൾ എതിർക്കാൻ ഇട കിട്ടാത്ത വിധം കൈകൾ കൊണ്ടും കാലുകൾ കൊണ്ടും അവനവളോടുള്ള ദേഷ്യം തീർത്തു.
പിറ്റേന്നവൾ ബാഗുമെടുത്തിറങ്ങിയപ്പോൾ, ഒന്നുകിൽ സ്വന്തം വീട്ടിലേക്ക് അല്ലെങ്കിൽ ആനിയമ്മച്ചിയുടെ വീട്ടിലേക്ക് എന്നേ കരുതിയുള്ളു.
ഇനി തിരിച്ചു വരാത്ത വിധം അവളെങ്ങോപോയെന്ന തിരിച്ചറിവ് അവനെ ഭ്രാന്ത് പിടിപ്പിച്ചു.
മനസ്സിലെ വേവ് ഒന്നാറ്റി തണുപ്പിക്കാൻ, വൈകുന്നേരം പതിവുള്ള വെള്ളമടി കൂട്ടായ്മയിൽ മഹേഷ് സന്ധ്യയെ എവിടെച്ചെന്നന്വേഷിക്കുമെന്നുള്ള ആവലാതി പറഞ്ഞു തുടങ്ങി.അത് കേട്ടതും ജെയിംസ് ഉറക്കെ ചിരിച്ചു.
“ഹഹഹ… അവള് നിന്നെക്കാൾ മെച്ചപ്പെട്ട ഏതോ ഒരുത്തനെ കണ്ടുപിടിച്ചു കാണും. നീയിങ്ങനെ കള്ളും കുടിച്ച് തോന്നിയ പോലെ നടന്നാൽ ആരെങ്കിലും വക വെക്കുമോ.. ഇനിയെന്റെ കാശിന്റെ കാര്യം ന്താകുമോ എന്തോ.. ഇവൻ തന്നില്ലെങ്കിൽ ലവളെ വഴിയിൽ തടഞ്ഞു നിർത്തിയെങ്കിലും മേടിക്കാം എന്നൊരു സമാധാനമായിരുന്നു. അതും പോയി. നീ ഇങ്ങനെ ഒരു ഊളയായിപ്പോയല്ലോടാ.
“ഊള നിന്റെ തന്ത”
ജെയിംസ് പറഞ്ഞു നിർത്തിയതും മഹേഷ് ചാടിയെഴുന്നേറ്റ് അവന്റെ കവിളിൽ ആഞ്ഞടിച്ചു.
അടുത്ത നിമിഷം അതേ ആയത്തിൽ ജെയിംസിന്റെ കൈ മഹേഷിന്റെ കവിളിലും വന്നു വീണു.
കൂടെയുണ്ടായിരുന്ന അശോകനും, ഷാജിയും രണ്ടുപേരെയും പിടിച്ചു മാറ്റാൻ വല്ലാതെ പണിപ്പെട്ടു.
മഹേഷിന് അതോർക്കും തോറും കോപം നുരഞ്ഞു പൊന്തി. എല്ലാദേഷ്യവും അവൻ സന്ധ്യയെ തെറി വിളിച്ചു തീർക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
“ഹും… നമുക്ക് കാണാം ആ ഞൊണ്ടിക്കാലി എവിടെ വരെ പോകുമെന്ന്. രണ്ടു ദിവസം കഴിയുമ്പോ തലയും താഴ്ത്തി കയറി വന്നോളും ഇങ്ങോട്ടു തന്നെ. അപ്പൊ ഞാൻ കാണിച്ചു കൊടുക്കാം പുലയാടി മോൾക്ക്.ആണിനെ വെല്ലുവിളിക്കാൻ ഇറങ്ങി തിരിച്ചേക്കുന്നു. ചോറ് വെക്കാൻ നല്ല നേരം നോക്കുന്ന കുടുംബത്ത് ജനിച്ച അലവലാതി.
അവൻ നിർത്താതെ പുലമ്പിക്കൊണ്ടിരുന്നു.
ഇന്ദിരാമ്മ അവന്റെ ചേഷ്ടകളും, ആക്രോശങ്ങളും കണ്ടും കേട്ടും താഴെ കാലും നീട്ടിയിരുന്നു.
സന്ധ്യ മോളെയും കൊണ്ട് മരിക്കാൻ ഇറങ്ങിയതാണോ എന്ന പേടിയായിരുന്നു അവർക്ക്. രാവിലെ അയൽക്കാരി അമ്മിണിയോട് അവരത് പറയുകയും ചെയ്തു.
“എന്റെ പേടി വേറൊന്നുമല്ല അമ്മിണി. അവള് വല്ല കത്തും എഴുതി വെച്ച് തീവണ്ടിക്ക് തലവെക്കോ, ആറ്റിൽ ചാടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാനും മോനും തൂങ്ങും.
ഒരുമ്പെട്ടോള്. വയസ്സാം കാലത്ത് പോലീസിന്റെ തല്ല് കൊള്ളിക്കും എന്നാ തോന്നുന്നേ.
“നിന്റെ മോൻ പോത്തിനെ തല്ലുംപോലെയല്ലേ അതിനേ തല്ലിച്ചതക്കുന്നെ. അത് കണ്ടിട്ടും നോക്കി നിൽക്കല്ലാതെ, വേണ്ട മോനേ എന്നൊന്ന് ഗുണദോഷിക്കാൻ നീ ശ്രമിച്ചിട്ടുണ്ടോ ഇന്ദിരേ..?
അമ്മിണിയുടെ ചോദ്യം അവരെ കോപകുലയാക്കി.
“തല്ലുന്നുണ്ടെങ്കിൽ അതിന് കാരണവും ഉണ്ടെന്ന് കൂട്ടിക്കോ. അവനെ പട്ടിക്കു വക വെക്കില്ല അസത്ത്. പണിയെടുത്തു കിട്ടുന്നത് മുഴുവൻ അവള് തന്നെ തിന്നു തീർക്കും. എന്റെ മോൻ പണിയില്ലാതിരിക്കുമ്പോ ഒരു ചായക്കാശിന് അവളോട് ഇരക്കണം. എന്നാലും അവളത് കൊടുക്കില്ല. വാ തുറന്നാൽ തറുതലയല്ലാതെ വേറൊന്നും വീഴില്ല നാവീന്ന്.
ചെറുക്കൻ ഇത്തിരി കുടിച്ചിട്ട് വന്നാൽ നോക്കീം കണ്ടും നിൽക്കണ്ടേ. അതു ചെയ്യില്ല. “ദാരിയ വീരാ പോരിന് വാടാ” എന്ന രീതിയിലാ നിൽപ്പ്. അപ്പൊപ്പിന്നെ രണ്ടു പെടയൊക്കെ അവൻ കൊടുത്തെന്നിരിക്കും.
“എന്നാലും ഇന്ദിരേ, കാല് വയ്യാത്ത അതിനേ കണ്ടവന്റെ എച്ചിൽ പാത്രം കഴുകാൻ വിട്ടിട്ട് വേണോ നിന്റെ മോന് ജീവിക്കാൻ. അതിനും ആ കൊച്ചിനും ചിലവിനു കൊടുക്കാൻ അവനൊരാൾ മതിയല്ലോ. അത് ജീവിതം മടുത്തിട്ട് ഇറങ്ങിപ്പോയതാന്ന് ഈ നാട്ടുകാർ മുഴുവൻ സമ്മതിക്കും.”
“നാട്ടുകാർക്ക് ഇത്ര ദണ്ണമായിരുന്നെങ്കിൽ വിളിച്ചോണ്ട് പോയി ചിലവിനു കൊടുത്തൂടായിരുന്നോ. എന്തിനാ എന്റെ മോനെ കുറ്റം പറയുന്നേ. നാളെയിനി പോലീസ് വന്ന് ചോദിച്ചാലും നീയൊക്കെ ഇങ്ങനെ തന്നെ പറഞ്ഞു കൊടുക്കും എന്നെനിക്കറിയാടി.കൂടെ നിന്ന് ചതിക്കുന്ന പരട്ട.ഞാനും എന്റെ മോനും തുലഞ്ഞു പോകുന്ന കണ്ട് രസിക്കാൻ കാത്തു നിൽക്കുന്നു. ത്…ഫൂ
അവർ ഉച്ചത്തിൽ കാർക്കിച്ചു തുപ്പി
അവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നറിഞ്ഞ അമ്മിണി വേഗം വീട്ടിലേക്ക് കയറിപ്പോയി.
അവർ അകത്തു കയറി മറഞ്ഞിട്ടും ഇന്ദിര കൂക്കിവിളി തുടർന്നുകൊണ്ടിരുന്നു. നാവു കുഴയുവോളം.
ആ പെണ്ണ് എവിടേലും പോയി രക്ഷപെടട്ടെ. മരിക്കാനൊന്നും തോന്നിപ്പിക്കല്ലേ ഭഗവാനെ.ഇവളെയൊക്കെ സഹിക്കാൻ ആരെക്കൊണ്ട് പറ്റും.. അമ്മിണി മുകളിലേക്ക് നോക്കി കൈകൾ കൂപ്പി.
തുടരും.

by