25/05/2026

മരുമകൾ : ഭാഗം 51

രചന – ഗംഗ ശലഭം

കഴിഞ്ഞ മാസം ഏതാണ്ട് ഒരാഴ്ചയോളം ഡേറ്റ് മാറിയിരുന്നു. നല്ലോണം പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ദൈവം കനിഞ്ഞില്ല. ഇത്തവണയും രണ്ട് മൂന്ന് ദിവസം മാറിയിട്ടുണ്ട്. നേരിയൊരു പ്രതീക്ഷയുമുണ്ട്. ഹരിയേട്ടൻ പ്രഗ്നൻസി ടെസ്റ്റ്‌ കിറ്റ് വാങ്ങി വരാമെന്നൊക്കെ പറഞ്ഞിരുന്നപ്പോഴാണ് ആളിന് പനി പിടിച്ചത്.

ആളിന് മാത്രമല്ല അച്ഛനും തുടങ്ങി പനി. അച്ഛന് പിന്നെ ഒരു കുഞ്ഞ് ജലദോഷം വന്നാൽപോലും പണിയാണ്. എന്ത് അസുഖം വന്നാലും ബോണസായി ശ്വാസം മുട്ടലും കാണും.

അമ്മേടെ കാലിൽ അന്നത്തെപ്പോലെ പിന്നെയും ഇൻഫെക്ഷൻ ആയിട്ടുണ്ട്. കൂടെ നീരും….

അച്ഛൻ ആണേൽ രാവിലെ മുതൽക്കേ ഹോസ്പിറ്റലിൽ പോകണമെന്ന് പറഞ്ഞു കിടന്ന് ബഹളമാണ്.

അച്ഛൻ അങ്ങനെയാണ്. തലവേദന വന്നാലും ഡോക്ടറിനെ കാണണം. ഡോക്ടർ കുഴപ്പമില്ല എന്ന് പറഞ്ഞാലേ പുള്ളിക്കാരന് സമാധാനം ഉള്ളൂ. അതിനൊപ്പം കുറേ ഗുളികേം വേണം.

ഇനി പറയുന്ന സമയത്ത് ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ എങ്ങാനും പറ്റിയില്ലെങ്കിലോ, കൊണ്ട് പോകുന്നത് വരെ വേണ്ട ബഹളം ഒക്കെ ഉണ്ടാക്കിക്കളയും കക്ഷി. കൂടെ എഴുന്നേൽക്കാൻ വയ്യാത്ത പോലെ അവശത അഭിനയിച്ചു ഒരു കിടത്തമാണ്. ഇടയ്ക്കിടെ ‘അയ്യോ പോത്തോ ‘ ന്നും പറഞ്ഞു വിളിയും….

അമ്മായി നേരെ തിരിച്ചാണ്. എന്ത് അസുഖം വന്നാലും ആശുപത്രിയിൽ വരില്ല. പിടിച്ചു കെട്ടി കൊണ്ട് പോകണം. ഇനി കൊണ്ട് പോയാലോ ഡോക്ടർ പറയുന്നതൊന്നും സമ്മതിച്ചു കൊടുക്കേം ഇല്ല. കൊടുക്കുന്ന ഗുളിക നേരാം വണ്ണം കഴിക്കേം ഇല്ല.

🦋 🦋 🦋

ഇന്നും രാവിലെ മുതൽ അച്ഛൻ ഹോസ്പിറ്റലിൽ പോകണമെന്ന് പറഞ്ഞു ബഹളം തുടങ്ങിയിട്ടുണ്ട്.

ഹരിയേട്ടന് കൂടെ പോകാൻ പറ്റാത്തത് കൊണ്ട്, ഞാൻ അച്ഛനെ ഞാൻ ഹോസ്പിറ്റലിൽ കൊണ്ട് പൊയ്ക്കോളാമെന്ന് ഹരിയേട്ടനോട് പറഞ്ഞിട്ട്, അത് പറയാൻ അവരുടെ മുറിയിലേക്ക് ചെന്നപ്പോഴുണ്ട് മുറി അടഞ്ഞു കിടക്കുന്നു. അകത്തു നിന്നും അമ്മായി എന്തോ മുറുമുറുക്കുന്നു.

വേറൊന്നും അല്ല, ആർക്ക് അസുഖം വന്നാലും കാരണക്കാരി ഞാൻ ആണല്ലോ? അത് കൊണ്ട് കുറ്റം മുഴുവൻ ഇപ്പോഴും എന്റെ തലയിൽ തന്നെ…! ഞാൻ വന്നതു മുതൽ ഈ വീട്ടിലെ എല്ലാർക്കും മാറാതെ അസുഖം ആണെന്നാണ് പുതിയ കണ്ട് പിടിത്തം. അതാണ്‌ മുറിക്കുള്ളിലെ ചർച്ചാ വിഷയം. അങ്ങനെ തന്നെ ഇരിക്കട്ടെ….

ഇപ്പൊ കുറച്ചായി ഇത് പോലെ എന്തെങ്കിലും കേട്ടിട്ട്. അമ്മായി നന്നായി എന്ന് കരുതിയ ഞാൻ എത്ര മണ്ടിയാണ് അല്ലെ?

വാതിലിൽ മുട്ടി വിളിച്ച് അച്ഛനോട് ഹോസ്പിറ്റലിൽ പോകാൻ തയാറാക്കാൻ പറഞ്ഞിട്ട് ഞാൻ അടുക്കളയിലേക്ക് നടന്നു.

ഒരു ബോട്ടിലിൽ വെള്ളവുമെടുത്ത് മുറിയിലേക്ക് നടക്കും വഴി അമ്മായി അമ്മാവനെ ശകാരിക്കുന്നത് കേട്ടു.

” ഒരു ചെറിയ പനി വന്നാ അപ്പൊ ആശൂത്രീപോണം അല്ലെ? എന്നാലേ കൊറയൂ…? കാണിക്കണത് കണ്ടാ ഇപ്പ ചത്തു പോവൂന്ന് തോന്നുമല്ലോ? വല്ലാത്ത അഭിനയം തന്നെ…! ഈ അഭിനയം സിനിമേൽ ആയിരുന്നേ പത്ത് പൈസ എങ്കിലും കിട്ടിപ്പോയേനെ…. ”

പുറമേ സ്നേഹം കാണിക്കുന്നുണ്ടെങ്കിലും ഞാൻ അമ്മേടെ ശത്രു അല്ലെ? എന്റെ ഒപ്പം അച്ഛൻ ഹോസ്പിറ്റലിൽ വരുന്നത് ആളിന് ഇഷ്ടപ്പെടുന്നുണ്ടാവില്ല. അതാണ്‌ ഇപ്പൊ അച്ഛനെ ചീത്ത പറഞ്ഞതിന് പിന്നിലെ ചേതോവികാരം എന്നാണ് എനിക്ക് തോന്നിയത്.

പക്ഷെ അമ്മ ആ പറഞ്ഞത് എനിക്ക് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു കേട്ടോ..?

ഇതേ ഡയലോഗ് മറ്റൊരു രീതിയിൽ ഇയാൾ എന്നോട് പറഞ്ഞിട്ടുണ്ട്. അന്ന് രാജേഷ് ചേട്ടന്റെ മുന്നിൽ അമ്മായി അഭിനയിച്ചു തകർത്ത അന്ന്, ഞാൻ ചങ്ക് പൊട്ടി കരഞ്ഞപ്പോൾ, എന്റെ മുന്നിൽ വന്ന് നിന്ന് ഈ മനുഷ്യൻ ചോദിച്ചിരുന്നു. “നന്നായി അഭിനയിക്കുന്നല്ലോ? സിനിമയിൽ അഭിനയിച്ചു കൂടെ” എന്ന്…

ഇന്ന് അതേ കാര്യം മറ്റൊരു രീതിയിൽ പുള്ളിക്കാരന് കേൾക്കേണ്ടി വന്നില്ലേ? അതും സ്വന്തം ഭാര്യേടെ അടുത്ത് നിന്ന്.

‘ഇതാണ് കാലത്തിന്റെ കാവ്യ നീതി’ എന്നൊക്കെ പറയാനും മാത്രം ഇത് ഉണ്ടോ എന്നൊന്നും എന്നെനിക്ക് അറിയില്ല. അമ്മാവന് അന്ന് എന്നോട് പറഞ്ഞത് ഓർമ്മയുണ്ടോ എന്ന് പോലും അറിയില്ല. പക്ഷെ എനിക്ക് അത് നല്ലോണം ഓർമ്മയുണ്ട്. ഇവരിൽ നിന്നൊക്കെ കേട്ട പലതും മരിക്കും വരെ മറക്കാൻ പറ്റാത്തതാണല്ലോ?

അത് കൊണ്ട് തന്നെ എനിക്ക് ഇപ്പൊ കേട്ടത് വല്ലാതെ സന്തോഷം തരുന്നുണ്ട്. അന്ന് എന്നെ പറഞ്ഞതിന് പകരമാണ് ഇന്ന് അങ്ങേർക്ക് കേൾക്കേണ്ടി വന്നത് എന്ന് വിശ്വസിക്കാൻ തന്നെയാണ് എനിക്കിഷ്ടം. എന്റെ മനസ്സിന് ഞാൻ തന്നെ കൊടുക്കുന്ന ആശ്വാസമാണത്. കാര്യം ഇത്ര നിസ്സാരം ആണെങ്കിലും ഇപ്പൊ ഈ കേട്ടതിൽ അകമഴിഞ്ഞ് സന്തോഷിക്കുന്നൊരു കുഞ്ഞ് സൈക്കോ എന്റെ ഉള്ളിലും ഉണ്ടെന്നേ….

🦋🦋🦋🦋🦋

ഹോസ്പിറ്റലിൽ ചെന്നപ്പോ അവിടെ മുഴുവൻ പനികാരെക്കൊണ്ട് നിറഞ്ഞിരിപ്പാണ്. ഡോക്ടറിനെ കാണാൻ തന്നെ നേരം കുറേ എടുത്തു. ബ്ലഡ്‌ ടെസ്റ്റ്‌ന് പറഞ്ഞിരുന്നത് കൊണ്ട് ഡോക്ടറിനെ കണ്ട് കഴിഞ്ഞു ഹോസ്പിറ്റലിലെ തന്നെ ലാബിലേക്ക് പോയി. അവിടെയും ഉണ്ടായിരുന്നു നല്ല തിരക്ക്.

ബ്ലഡ്‌ എടുത്തു കഴിഞ്ഞപ്പോ അമ്മാവന് ചെറിയ തലചുറ്റൽ. ഒരു കോഫി കിട്ടീല്ലേൽ ഒരടി നടക്കാൻ വയ്യാന്നും പറഞ്ഞു ലബോറട്ടറിടെ മുന്നില് കുറ്റി അടിച്ച പോലെ ഒരേ നിൽപ്പ്. കയ്യില് കരുതിയിരുന്ന കരിങ്ങാലി വെള്ളം കൊടുക്കാന്നു പറഞ്ഞിട്ടൊന്നും ആൾക്ക് വേണ്ട. “എന്റെ ഹരിയോ കുമാരിയോ ആയിരുന്നേൽ ചായ വാങ്ങിത്തന്നേനെ” എന്നൊരു പറച്ചിലും.

‘ എന്നാപ്പിന്നെ കുമാരി കൊണ്ട് വന്നിട്ട് വന്നാപ്പോരായിരുന്നോ? ‘എന്ന ചോദ്യം നാവിന്റെ തുമ്പത് വന്നതാണ്. ഹോസ്പിറ്റലിൽ ആയിപ്പോയി…!

പിന്നെ അവിടെ ഒരു കസേരയിൽ പിടിച്ചിരുത്തീട്ട് ക്യാന്റീനിൽ പോയി കോഫി വാങ്ങിക്കൊണ്ട് വന്ന് കൊടുത്തു. അത് കുടിച്ചതിന് ശേഷമാണ് കൂടെ വരാൻ തയാറായത്.

ഇരുപത്തി നാല് മണിക്കൂറും ചീത്ത പറയുകേം കളിയാക്കുകേം ഒക്കെ ചെയ്യുന്ന ഭാര്യയോട് ഇങ്ങേർക്ക് എങ്ങനെ ഇത്രേം സ്നേഹം വരുന്നു എന്നാണ് ഓട്ടോയിൽ ഇരുന്നപ്പോ മുഴുവൻ ഞാൻ ചിന്തിച്ചത്.

🦋 🦋 🦋

ആകെ മൊത്തം tired ആയിട്ടാണ് വീട്ടിൽ വന്ന് കേറിയത്. അപ്പോഴേക്കും ഉച്ചയായിരുന്നു. ഊണ് കഴിഞ്ഞപ്പോഴേ അമ്മായി വയ്യാന്നും പറഞ്ഞു പോയി കിടപ്പായി. പത്രങ്ങളും കഴുകി അടുക്കളയും ഒതുക്കി കഴിഞ്ഞപ്പോഴേക്കും കണ്ണ് തുറന്ന് നിൽക്കാൻ വയ്യാത്ത പോലെ ഉറക്കം വന്ന് കണ്ണിൽ മൂടി.

ഹരിയേട്ടന് പനി വിട്ടിട്ടില്ല. ആള് ഊണും കഴിച്ചു ഗുളികേം കഴിച്ചിട്ട് കിടന്ന് ഉറങ്ങുന്നുണ്ട്. അത് കണ്ടിട്ട് എനിക്കും കിടന്ന് ഉറങ്ങാൻ കൊതി തോന്നി. എന്നിട്ടും കിടന്നില്ല. കിടന്നാൽ ഉറങ്ങിപോകും. വൈകിട്ട് അച്ഛന്റെ ബ്ലഡ്‌ ടെസ്റ്റ്‌ന്റെ റിസൾട്ട്‌ വാങ്ങാൻ ഹോസ്പിറ്റലിൽ പോകേണ്ടതാണ്. കട്ടിലിലേക്ക് ചാരി ഇരുന്ന് കുറച്ചു നേരം മയങ്ങി. അത് കഴിഞ്ഞു എഴുന്നേറ്റ് പാലും തിളപ്പിച്ച്‌ കട്ടനും ഇട്ട് വച്ചപ്പോ അമ്മായി ഉറക്കം കഴിഞ്ഞു വന്നു.

ചായയും കുടിച്ചിട്ട് ഹോസ്പിറ്റലിലേക്കിറങ്ങി. അച്ഛന്റെ ബ്ലഡ്‌ റിസൾട്ട്‌ വാങ്ങി നോക്കിയപ്പോ dengu പോസിറ്റീവ് ആണ്.

ഞാൻ ഒന്ന് പേടിച്ചു. ഇനി എങ്ങാനും വന്ന് അഡ്മിറ്റ് ആകാൻ പറയുവോ? എന്നാൽ തീർന്നു. ഹരിയേട്ടന് കൂടെ നിൽക്കാൻ ഒന്നും പറ്റില്ല. തീരെ വയ്യ ആളിന്. അമ്മായിയും വയ്യാന്നും പറഞ്ഞു നിൽക്കില്ല. പിന്നെ ഇപ്പൊ എന്തോ ചെയ്യും എന്നാകെ ടെൻഷൻ അടിച്ചാണ് ഡോക്ടറിന്റെ ക്യാബിനിലേക്ക് കയറി ചെന്നത്.

Dengu പോസിറ്റീവ് ആണേലും പ്ളേറ്റ്ലേറ്റ് count അധികം കുറഞ്ഞിട്ടില്ല. ഹോസ്പിറ്റലിൽ ആകെ പനിക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നോണ്ട് ബെഡും ഒഴിവില്ല. അച്ഛനാണെൽ COPD patient ഉം. അതൊക്കെ കൊണ്ടാകണം ഡോക്ടർ വന്ന് അഡ്മിറ്റാകാൻ പറഞ്ഞില്ല.

പ്ളേറ്റ്ലെറ്റ് count കൂടുന്നത് വരെ എല്ലാ ദിവസവും count നോക്കണമെന്നും, count വല്ലാതെ കുറഞ്ഞാലോ, മറ്റ് അസ്വസ്ഥതകൾ എന്തെങ്കിലും തോന്നിയാലോ വന്ന് അഡ്മിറ്റ് ആകണമെന്നും ഡോക്ടർ നിർദ്ദേശിച്ചപ്പോ സമ്മതിച്ചു തലയാട്ടികൊണ്ട് പ്രിസ്ക്രിപ്ഷനും വാങ്ങി പുറത്തിറങ്ങി.

ഹോസ്പിറ്റൽ ഫാർമസിയിൽ ചെന്ന് മെഡിസിൻ വാങ്ങിയ കൂട്ടത്തിൽ ഒരു പ്രെഗ്നൻസി test കിറ്റ് കൂടി വാങ്ങി. അത് വാങ്ങി കയ്യിൽ പിടിക്കുമ്പോ ഇത്തവണ വാങ്ങിയത് വെറുതെ ആവില്ല എന്നൊരു തോന്നൽ ഉണ്ടായിരുന്നു മനസ്സില്.

🦋🦋🦋🦋🦋

ഫാർമസിയിൽ നിന്നും മരുന്നും വാങ്ങി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ആരോ ദേവികാന്നും വിളിച്ച് തോളത്ത് അടിച്ചത്.

ഇവിടെ ആരപ്പാ എന്നെ പേരെടുത്തു വിളിക്കാൻ എന്ന അന്ധാളിപ്പോടെ തിരിഞ്ഞ് നോക്കുമ്പോ ഡിഗ്രിക്ക് ഒപ്പം പഠിച്ച മേഘയാണ്. അവളെന്നെ കെട്ടിപ്പിടിച്ചപ്പോ ഞാൻ തന്നെ അന്തിച്ചു പോയി. അത്ര വലിയ അടുപ്പം ഒന്നും ഉണ്ടായിരുന്നില്ല അവളുമായിട്ട്. അവളൂടെന്നല്ല ആരോടും അങ്ങനെ അടുത്ത സൗഹൃദം ഒന്നും ഉണ്ടായിരുന്നില്ലെനിക്ക്.

അവളുടെ വയറു നന്നായി ഉന്തി നിൽപ്പുണ്ട്. ഒൻപതാം മാസം ആണത്രേ. ഗൈനക്കോളജിയിൽ കാണിക്കാൻ വന്നതാണ് കക്ഷി. കൂടെ ഹസ്ബൻഡും ഉണ്ട്. അവളെന്നെ ആളിന് പരിചയപ്പെടുത്തി.

” എന്നാ നിങ്ങള് സംസാരിക്ക്. ഞാൻ മരുന്ന് വാങ്ങീട്ട് വരാം. ”

എന്നും പറഞ്ഞു പുള്ളിക്കാരൻ അവളെ എന്റെ അടുത്താക്കീട്ട് ഫാർമസിയിലേക്ക് കയറിപ്പോയി.

അവളെന്നെ അടുത്തൊരു ഒഴിഞ്ഞ ചെയറിലേക്ക് പിടിച്ചിരുത്തി കത്തി വയ്ച്ചു തുടങ്ങി. ഡിഗ്രിക്ക് പഠിക്കുമ്പോ എന്നെപ്പോലെ അധികം ആരോടും മിണ്ടാത്ത ടൈപ്പ് ആയിരുന്നു മേഘയും. ഇപ്പൊ വല്ലാത്ത വായാടി ആയിട്ടുണ്ടാള്. എനിക്ക് എന്തോ അവളുടെ സംസാരം കേട്ടിട്ട് മീനൂനെ ഓർമ്മ വന്നു.

” നീ നന്നായിട്ട് സംസാരിക്കാൻ പഠിച്ചു ട്ടോ മേഘാ…. ”

ഞാൻ അവളോട് പറയുകേം ചെയ്തു.

” അതിന് കാരണം എന്റെ അമ്മായിയാ ദേവികേ…. ആളൊരു സംസാര പ്രിയയാണ്. കൂടെക്കൂടി ഞാനും ഇങ്ങനായി. ”

അവള് ചിരിയോടെ പറയുകയാണ്.

” നീ പക്ഷെ ഒന്നൂടെ ഒതുങ്ങിപ്പോയി. ”

അവളെന്റെ കയ്യിൽ പിടിച്ചു പറഞ്ഞപ്പോ അവള് പറഞ്ഞ അതേ ഡയലോഗ് തന്നെയാണ് ഞാനും ഓർത്തത്. എന്റെ കാര്യത്തിലും കാരണക്കാരി അമ്മായി തന്നെ എന്ന്….. പക്ഷെ അവളോട് അത് പറഞ്ഞില്ല.

ഡിഗ്രി സെക്കന്റ്‌ ഇയർ ആയപ്പോഴേ കല്യാണം കഴിഞ്ഞതാണ് മേഘയുടെ.

അവളിപ്പോ രണ്ടാമത് ഗർഭിണിയാണ്. ഇപ്പൊ ഒൻപത് മാസം ആകുന്നു അത്രേ.
മൂത്ത ആൾക്ക് രണ്ടര വയസ്സായി.

ഭർത്താവിന്റെ അമ്മയെക്കുറിച്ച് പറയാൻ നൂറ് നാവാണ് അവൾക്ക്.

ആദ്യത്തെ പ്രസവത്തിനു വീട്ടിലേക്ക് വീട്ടില്ലാത്രേ… ഇപ്പോഴും അവള് സ്വന്തം വീട്ടിലേക്ക് പോകുന്നില്ല എന്നാ പറയുന്നത്. ഞാൻ ആണേൽ ഒന്ന് വീട്ടിൽ പോയാൽ മതി എന്നാണ് ഓരോ നിമിഷവും ആശിക്കുന്നത്.

” വീട്ടിലോട്ട് പോയി നിക്കാൻ എനിക്കാടി ഒട്ടും താല്പര്യം ഇല്ലാത്തത്. ചേട്ടന്റെ അമ്മ എന്നെ പൊന്ന് പോലാ നോക്കണത്. അവിടെ എന്റെ വീട്ടില് ചെന്നാല് എന്റെ അമ്മയ്ക്ക് നൂറ് കൂട്ടം കുറ്റങ്ങളാ… ഇവിടെ എനിക്ക് സ്വർഗ്ഗം ആണ്. സ്വന്തം വീട് പോലെ സ്വാതന്ത്ര്യം.

പിന്നെ ഒരൊറ്റ കുഴപ്പമുള്ളത് എന്താണെന്ന് വച്ചാൽ…. അമ്മയ്ക്ക് എന്തെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിൽ അതപ്പോ തന്നെ മുഖത്ത് നോക്കി പറയും. നമ്മൾ അത് കേക്കണം എന്നൊന്നും ഇല്ല. കേട്ടാലും ഇല്ലേലും പുള്ളിക്കാരിക്ക് അതൊരു വിഷയമല്ല. എനിക്ക് പറയാനുള്ളത് ഞാൻ ഇനി ദൈവം തമ്പുരാന്റോടെ ആയാലും മുഖത്ത് നോക്കി പറയും എന്ന് ആള് ഇടയ്ക്കിടെ പറയേം ചെയ്യും.

ആദ്യമൊക്കെ എനിക്ക് വിഷമം തോന്നീരുന്നു. ഇപ്പൊ അങ്ങനെ ഒന്നും ഇല്ല. അമ്മയ്ക്ക് അല്ലേലും പറയുമ്പം മാത്രേ. ഒള്ളൂ… ഒന്നും മനസ്സില് വച്ചേക്കൂല്ല. പാവവാ… ”

അവള് അമ്മായിയെക്കുറിച്ചു പറഞ്ഞു ചിരിക്കയാണ്. മനസ്സ് നിറഞ്ഞ സന്തോഷത്തില്….

എന്റെ അമ്മായിയോ? നേരിൽ ചിരിച്ചു കാണിച്ചിട്ട് കേൾക്കാതെ കുറ്റം പറയും? അതോർക്കേ എനിക്കും ചിരി വന്നു. എന്റെ ചിരിയിൽ വല്ലാത്തൊരു വീർപ്പു മുട്ടൽ ഉണ്ടായിരുന്നു എന്ന് മാത്രം….!

എത്ര വിചിത്രവും വ്യത്യസ്തവുമായ സ്വഭാവക്കാരാണല്ലേ ഓരോ മനുഷ്യരും?

” എന്റവിടെ പിന്നെ അമ്മയ്ക്ക് പെണ്മക്കൾ ഇല്ല. അതിന്റെ ഒരു സ്നേഹം കൂടെ ഒണ്ടേ… പെണ്മക്കൾ ഇല്ലാത്ത വീട്ടിലോട്ടാണ് നമ്മള് കേറി ചെല്ലണതെങ്കി ആ സ്നേഹം കൂടെ നമ്മക്ക് കിട്ടും. എന്റെ അനുഭവം ആണേ….”

അവള് നിർത്താതെ പറയുന്നുണ്ട്.

എന്നിട്ടും എന്റെ അനുഭവം മാത്രം എന്തെ ഇങ്ങനെ എന്ന് ഞാനും അന്നേരം ഓർക്കാതെയിരുന്നില്ല. അല്ല, എന്റെ അമ്മായിക്കും പെണ്മക്കൾ ഇല്ലല്ലോ?

” നീ ഒരുപാട് മെലിഞ്ഞു പോയി കേട്ടോ ദേവികേ… അമ്മായി പ്രശ്നം ആണോ? അതോ ഭർത്താവോ? ”

രഹസ്യം പോലെ അവളെന്റെ ചെവിക്കരികെ ചോദിക്കുന്നേരം എന്ത് പറയണമെന്ന് ഒരു നിമിഷം ആലോചിച്ചു ഞാൻ. പിന്നെ അങ്ങും ഇങ്ങും തൊടാതെ ഒരൊഴുക്കൻ മട്ടിൽ ” ഏയ്‌… അങ്ങനെയൊന്നും ഇല്ല ” എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി.

എന്ത് കൊണ്ടോ അവളുടെ മുന്നിൽ എന്റെ വിഷമങ്ങൾ പറയാൻ എന്റെ അപകർഷധാ ബോധം അനുവദിച്ചില്ല.

” അങ്ങനെ നീ പറയണ്ട. എന്തോ വിഷമം ഉണ്ട് നിനക്ക്. അമ്മായി ആണ് പ്രശ്നം എങ്കിൽ നീ വിഷമിക്കണ്ട കേട്ടോ? എന്റെ അമ്മയും ആദ്യം ഇത്ര സ്നേഹം ഒന്നും ഇല്ലാരുന്നു. ഞാൻ എന്റെ പാച്ചു നെ ഗർഭിണി ആയെ പിന്നാ അമ്മയ്ക്ക് എന്നോട് സ്നേഹം കൂടിയത്. പ്രസവം വരെ താഴത്തും തലയിലും വയ്ക്കാതാ എന്നെ നോക്കിയത്. ഇപ്പൊ എന്റെ മൂത്തതിനെ നോക്കണതും അമ്മ തന്നാ… അവനും അച്ഛമ്മ മതി എല്ലാത്തിനും. ഒരു കൊച്ചൊക്കെ ആവുമ്പം എല്ലാം ശെരിയാവൂടി. മോന്റെ കൊച്ചിനെ കണ്ടാ മനസ്സലിയാത്ത അമ്മായിമാരോന്നും ഒരിടത്തും കാണൂല്ലന്നെ…. ”

ഞാൻ ഒന്നും പറയാതെ തന്നെ എന്തൊക്കെയോ മനസ്സിലാക്കിയത് പോലെ അവൾ സംസാരിച്ച് നിർത്തി.

അപ്പോഴേക്കും അവളുടെ ചേട്ടൻ മരുന്നൊക്കെ വാങ്ങി മടങ്ങി വന്നിരുന്നു.

യാത്ര പറഞ്ഞു പോകുമ്പോ വീണ്ടും കാണാം എന്നവള് പറയുന്നുണ്ടായിരുന്നു.

തിരികെ വീട്ടിലേക്കുള്ള യാത്രയിൽ ഞാൻ ചിന്തിച്ചത് അവള് പറഞ്ഞതിനെക്കുറിച്ചാണ്. ഒരു കുഞ്ഞാകുമ്പോ അമ്മയ്ക്ക് എന്നോടുള്ള സമീപനം മാറുമായിരിക്കും.

അമ്മായി എന്നെ സ്നേഹിക്കണം എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് എന്റെ മറുപടി. അവരിനി എന്നെ എത്ര കണ്ട് സ്നേഹിച്ചാലും അവരിത്ര നാളും എന്നെയും എന്റെ വീട്ടുകാരെയും പറഞ്ഞതൊന്നും അത്ര പെട്ടെന്ന് എനിക്ക് മറക്കാൻ ഒക്കില്ലല്ലോ….? ആത്മാർത്ഥമായിട്ട് അവരെയിനി സ്നേഹിക്കാൻ പറ്റുമെന്നും എനിക്ക് തോന്നുന്നില്ല.

പക്ഷെ അവരെന്നെ ഇങ്ങനെ ആവശ്യത്തിനും അനാവശ്യത്തിനും കുറ്റം പറയുന്ന പരിപാടി നിർത്തിയിരുന്നെകിൽ എന്ന് ഞാൻ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്.

ഒരു കൂരയ്ക്ക് കീഴിയിൽ കഴിയുന്നവരിൽ ഒരാൾ നമ്മുടെ കുറ്റം പറയുന്നത് കേൾക്കുന്നത് അത്ര സുഖകരമായ കാര്യമല്ല. പ്രത്യേകിച്ച് അവരുടെ മുഖം ഇടയ്ക്കിടെ കാണേണ്ടി വരുന്ന സാഹചര്യം കൂടെ ഉണ്ടെന്നിരിക്കെ…. ചിലപ്പോ മനസ്സിന്റെ പിടിവിട്ട് പോകുന്നത് പോലെ തോന്നാറ് വരെയുണ്ട്.

ആ അവസ്ഥയിൽ നിന്നുമൊരു മോചനം. അത്രയേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ…. ഒരു കുഞ്ഞ് വരുമ്പോ ആ അവസ്ഥ മാറുമെങ്കിൽ….?

പ്രെഗ്നൻസി test കിറ്റ് അടങ്ങിയ ബാഗ് ഞാൻ എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു. വീട്ടിൽ പോയുടനെ നോക്കണം.
അതിൽ രണ്ട് ചുവന്ന വരകൾ തെളിഞ്ഞെങ്കിൽ എന്ന് ഞാൻ ഇപ്പൊ വല്ലാതെ ആശിക്കുന്നു… വല്ലാതെ….!

🦋🦋🦋🦋🦋

ബാക്കി വൈകാതെ തരാം.
അഭിപ്രായം മറക്കല്ലേ….