രചന – മിയ അവ
അന്ന് ഞാൻ വീട്ടിലേക്ക് മടങ്ങിയത് നല്ല സന്തോഷത്തിലാണ്. ഹാളിലേക്ക് കയറിയപ്പോൾ മായ മോളും മഹിയും ഇരുന്നു ടീവി കാണുന്നുണ്ടായിരുന്നു. അമ്മയും വലിയമ്മയും ആമിയും അടുക്കളയിലാണ്. അച്ഛനും വലിയച്ഛനും എത്തിയിട്ടില്ലെന്ന് തോന്നുന്നു. ഞാൻ വേഗം കയ്യിലുള്ള പൊതികൾ ടേബിളിലേക്ക് വെച്ചു.
“അമ്മാ… ഇന്നത്തെ ഫുഡ് ഒക്കെ എടുത്തു ഫ്രിഡ്ജിൽ വെച്ചേക്ക്.. ഞാൻ എല്ലാർക്കും ബിരിയാണി കൊണ്ട് വന്നിട്ടുണ്ട്…”
അത് കേട്ടപ്പോൾ അമ്മയും വലിയമ്മയും അവളും അടുക്കളയിൽ നിന്ന് പുറത്തേക്ക് വന്നു എന്നെയൊന്നു നോക്കി.
“ഇന്നെന്താ സ്പെഷ്യൽ.. ബിരിയാണിയൊക്കെ വാങ്ങാൻ…”
“ഹാ.. ഇന്ന് സ്പെഷ്യൽ തന്നായിരുന്നു അമ്മ.. ഇന്ന് ഞാൻ ഞങ്ങടെ കമ്പനിയുടെ ഇവിടുത്തെ ബ്രാഞ്ചിൽ എം ഡിയായി ജോയിൻ ചെയ്തു… ഫസ്റ്റ് ഡേ തന്നെ പുതിയ സ്റ്റാഫിനെ സെലക്ട് ചെയ്യാൻ ഇന്റർവ്യൂ ഉണ്ടായിരുന്നു.. ഹോ കിടു അല്ലായിരുന്നോ… കണ്ട കഴുതകളെയൊന്നുമല്ല.. നല്ല കഴിവുള്ള ഒരു കൊച്ചിനെയാ സെലക്ട് ചെയ്തത്… അതിന്റെ ചെറിയ ആഘോഷം.. വാ.. വന്നേ.. കഴിക്കാം…”
പറഞ്ഞു തീർന്നതും എന്നെയൊന്നു തറപ്പിച്ച് നോക്കി അവൾ അമ്മയുടെ റൂമിലേക്ക് പോയി കതകടയ്ക്കുന്നത് കണ്ടു. അത് കണ്ടു ഞാനൊരു വിജയ ചിരി ചിരിച്ചു. അപ്പോ ദേ അവൾക്ക് പിന്നാലെ മായ മോളും മഹിയും ടീവിയും ഓഫ് ചെയ്ത് അവരുടെ റൂമിലേക്ക് പോവുന്നു.
“ഇതെന്ത് ആർക്കും ഫുഡ് വേണ്ടേ…”
“മനൂ.. നീ ഈ ചെയ്തു കൂട്ടുന്നത് ഒക്കെ എത്ര വലിയ തെറ്റാണെന്ന് ഇന്ന് നിനക്ക് മനസ്സിലാവില്ല… കാരണം ഇന്ന് നിന്റെ മനസ്സ് നിറയെ ആരോടൊക്കെയോ ഉള്ള ദേഷ്യവും വാശിയുമാണ്… ആ കുട്ടി ഒരുപാട് ആഗ്രഹിച്ചാണ് ഇന്നാ ഇന്റർവ്യൂന് വന്നത്… നിന്റെ കമ്പനി ആണെന്ന് അറിയാതെയാണ് പ്രതീക്ഷയോടെ അവൾ ഇവിടുന്ന് ഇറങ്ങി പോയത്… ഒരു ജോലിയുടെ വില നിനക്കും അറിയാവുന്നതല്ലേ…”
“വോ.. അതിന് ഇത്ര ദുഃഖിക്കാൻ അവൾ ഇവിടെ പട്ടിണിയൊന്നുമല്ലല്ലോ.. ജോലി ഇല്ലെങ്കിലും ഒരു കുറവുമില്ലാതെ ജീവിക്കാനുള്ളത് ഒക്കെ ഇവിടുണ്ടല്ലോ…”
“എന്ന് കരുതി.. ജോലി വേണ്ടെന്നാണോ.. നിനക്കും ജോലിക്ക് പോയില്ലേൽ കഴിയാനുള്ളത് ഇവിടുണ്ടല്ലോ.. എന്നിട്ട് നീ എന്തിനാ ജോലിക്ക് പോവുന്നത്.. സ്വന്തമായി ഒരു വരുമാനം വേണമെന്നുള്ളത് നിന്റെ ആഗ്രഹം അല്ലായിരുന്നോ… അതുപോലെ തന്നെയാ മനു എല്ലാവരും.. പഠിച്ചു നല്ല വിദ്യാഭ്യാസം നേടുമ്പോൾ ഒരു ജോലിയും സ്വന്തമായി ഒരു വരുമാനവും എല്ലാവരുടെയും ആഗ്രഹം ആണ്.. സ്വപ്നം ആണ്… അവിടെ അവഗണിക്കപ്പെടുമ്പോഴുള്ള വേദന കുറച്ചൊന്നുമല്ല ഉണ്ടാവാ.. അതും മനഃപൂർവം അപമാനിക്കാൻ നോക്കുമ്പോൾ ആർക്കും അത് സഹിക്കില്ല… ഇന്ന് നീ ഇല്ലാതാക്കിയത് അതാണ്…”
അമ്മയുടെ വാക്കുകൾക്ക് മറുപടിയില്ലാതെ ഞാൻ നിന്നു.
“അനുവാദം ഇല്ലാതെ അതിന്റെ കഴുത്തിൽ താലി കെട്ടിയതും പോരാഞ്ഞ് അതിനെ ഇങ്ങനെ ഇട്ട് വേദനിപ്പിക്കും ചെയ്യുന്നു അവൻ… ഇതൊക്കെ ചെയ്യുമ്പോ നീ ഒന്നോർക്കണം.. നിന്നെ ചതിച്ചത് ആമിയല്ല.. അമ്മുവാ..അത് മറന്നു പോവരുത് നീ… നോക്കി നിൽക്കണ്ട.. കഴിച്ചോ.. എല്ലാവർക്കും ഉള്ളത് നീ തന്നെ അങ്ങ് കഴിക്ക്.. ആ കുട്ടിയുടെ കണ്ണീർ കണ്ടിട്ട് ഇവിടെ വേറെയാർക്കും ബിരിയാണി കഴിക്കണ്ട…ഒന്ന് ഞാൻ പറഞ്ഞേക്കാം ഇത്രയും കാലം നാട്ടുകാരുടെയും വീട്ടുക്കാരുടെയുമെല്ലാം കൂടെ നിന്ന് അവരുടെ കണ്ണീരോപ്പുന്ന നിന്നെ കുറിച്ച് എനിക്ക് അഭിമാനമായിരുന്നു.. എന്നാൽ ഇന്ന് ഞാൻ നിന്നെയോർത്ത് ഉരുകുവാ.. എന്റെ മോൻ ഇങ്ങനെ മനസാക്ഷി ഇല്ലാത്തവൻ ആയല്ലോന്നു ഓർത്ത്….”
കണ്ണ് തുടച്ചു കൊണ്ട് അമ്മയും ഉള്ളിലേക്ക് പോയി.
“നിനക്ക് അവളെ സെലക്ട് ചെയ്‌യായിരുന്നു മനുക്കുട്ടാ..അതിന് നന്നായി വേദനിച്ചിട്ടുണ്ട്…..”
തലയിൽ ഒന്ന് തലോടി വലിയമ്മയും ഉൾവലിഞ്ഞു. കുറച്ചു നേരം വാങ്ങി കൊണ്ട് വെച്ച ബിരിയാണി പൊതിയിലേക്ക് നോക്കി നിന്ന് ഒന്നും മിണ്ടാതെ ഞാൻ മുകളിലേക്ക് കയറി. പോക്കറ്റിൽ നിന്ന് കീ എടുത്തു റൂം തുറന്നു ഉള്ളിലേക്ക് കയറി. ബെഡിൽ കിടന്നു അമ്മയുടെ വാക്കുകൾ വീണ്ടും വീണ്ടും ഓർത്തപ്പോൾ ചെയ്തത് തെറ്റായിപ്പോയി എന്ന് തോന്നി. പെട്ടെന്നാണ് ഫോൺ റിങ് ചെയ്തത്. നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പർ ആണ്. ആരാവുമെന്നോർത്ത് കോൾ ബട്ടൺ അമർത്തി.
“മനുവല്ലേ.. ഞാൻ കൃഷ്ണ മാഷാണ്.. ആമിയുടെ അച്ഛൻ…”
“ഓഹ്.. അത്..സർ…പറയൂ…”
“ആമിയുടെ ഭർത്താവ് ഞങ്ങൾക്ക് ഞങ്ങടെ സ്വന്തം മകനാണ്… മനുവിന് എന്നെ അച്ഛാന്നു വിളിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവും… അത് ഞാൻ കാര്യം ആക്കുന്നില്ല…പക്ഷെ.. ആമി.. അവൾ ന്റെ പ്രാണനാണ്…അവൾ വേദനിച്ചാൽ നിക്കത് താങ്ങില്ല…”
“അത്.. ഞാൻ…”
“അറിയാം.. ഒരു തെറ്റിദ്ധാരണയുടെയും വാശിയുടെയും പുറത്താണ് മനു ന്റെ കുട്ടിയെ വിവാഹം കഴിച്ചത്… പക്ഷെ താൻ ഇഷ്ട്ടം ആണെന്ന് പറയുന്നതിന് മുന്നെ തന്നെ ഇഷ്ട്ടം ആണെന്ന് പറയുമെന്ന് പറഞ്ഞു നടന്നിരുന്നൊരു ആമിയുണ്ടായിരുന്നു…പിന്നെ ആ തീരുമാനം മാറ്റിയതും തന്നെ വെല്ലുവിളിച്ചതും എന്തിനാണെന്നൊക്കെ ഇന്നല്ലെങ്കിൽ നാളെ നീ അറിയും…ഇന്ന് ചെയ്തു കൂട്ടുന്നതിന് ഒക്കെ അന്ന് കുറ്റബോധം തോന്നും… താൻ വാശി കാണിച്ചോളൂ.. ദേഷ്യം തീർത്തോളൂ… പക്ഷെ അത് ന്റെ കുഞ്ഞിന്റെ ഭാവി വെച്ച് ആവരുത്…നാളെ നീ ഉപേക്ഷിച്ചു പോയാലും ന്റെ കുഞ്ഞിന് ജീവിക്കണം…വെയ്ക്കുവാ…”
ആ പറഞ്ഞതിന്റെയൊക്കെ പൊരുൾ മുഴുവനായി എനിക്ക് മനസ്സിലായിരുന്നില്ല.. കൂടുതൽ എന്തെങ്കിലും ചോദിക്കുന്നതിന് മുന്നെ കോൾ കട്ട് ആയിരുന്നു. പതിഞ്ഞ സ്വരത്തിൽ ആണെങ്കിലും ദൃഡമായിരുന്നു ആ വാക്കുകൾ.
ഒരിക്കൽ കൂടി മനസ്സിൽ ആ വാക്കുകളുടെ പൊരുൾ തേടാൻ ഒരുങ്ങിയതും ഉള്ളിലെ റൂമിൽ നിന്ന് എന്തൊക്കെയോ തട്ടും മുട്ടും വീണു പൊട്ടുന്ന സൗണ്ടും ഒക്കെ കേട്ട് ഞാൻ വേഗം ഫോൺ ബെഡിലിട്ട് അവിടേക്ക് ഓടി. ഡോർ തുറന്നു നോക്കിയപ്പോൾ ആമി ദേഷ്യത്തിൽ അമ്മുവുമൊത്തുള്ള ഞങ്ങടെ ഫോട്ടോസ് ഒക്കെ ചുവരിൽ നിന്ന് പറിച്ചെടുത്ത് നിലത്തെറിഞ്ഞു പൊട്ടിക്കുന്നതും വലിച്ചെറിയുന്നതുമാണ് കണ്ടത്.
“ഡീ..നീ എന്തുവാ ഈ കാണിച്ചു കൂട്ടുന്നത്..”
“എന്താണെന്ന് കാണാൻ നിങ്ങൾക്ക് കണ്ണില്ലേ…”
“കണ്ടത് കൊണ്ട് തന്നെയാ ചോദിച്ചേ… നിനക്ക് എന്താ ഭ്രാന്തായോ…”
“ഉവ്വ്.. ആയി.. എനിക്ക് ഭ്രാന്തായി…ഇവൾ കാരണം അല്ലേ.. ഇവൾ നിങ്ങളെ ഉപേക്ഷിച്ചു പോയതിന്റെ വാശിയല്ലേ നിങ്ങൾ എന്നോട് കാണിക്കുന്നത്…ഇവളുടെ ഫോട്ടോ ഇവിടെ വെയ്ക്കാൻ ഞാൻ സമ്മതിക്കില്ല…”
“ഇതൊക്കെ ഞാൻ കാശ് മുടക്കി ചെയ്യിച്ചതാ.. ഇതൊന്നും നശിപ്പിക്കാൻ ഞാനും സമ്മതിക്കില്ല…”
“വോ.. എന്നാ കൊണ്ട് പോയി പൂജിക്ക്.. നിങ്ങളെയും പറ്റിച്ച് സ്വന്തം ജീവിതം നോക്കി പോയവളെ ഇനിയും പൂജിച്ച് ഇരുത്ത്… പക്ഷെ ഒന്നോർത്തോ.. ആമിയെ തോൽപ്പിക്കാൻ നോക്കിയാൽ.. നടക്കില്ല… നിങ്ങടെ മുന്നിൽ തോൽക്കില്ല ഈ ആമി…”
പറയുമ്പോൾ ദേഷ്യത്തിനൊപ്പം അവളുടെ കണ്ണുകൾ ഈറനണിയുന്നുണ്ടായിരുന്നു.
ഞാൻ ഇന്ന് ചെയ്തത് അവളെ നന്നായി വിഷമിപ്പിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. എന്നെ തട്ടി മാറ്റി നടന്നു പോവുന്നവളെ അല്പം വേദനയോടെ ഞാൻ നോക്കി. പിന്നെ ചിലത് മനസ്സിലുറപ്പിച്ച് ആ റൂം പൂട്ടി ഞാൻ ലാപ്ടോപും എടുത്തു ബാൽകണിയിലേക്ക് പോയി.
കുറെ വൈകിയാണ് ഞാൻ അവിടെ നിന്നും തിരിച്ചു റൂമിലേക്ക് വന്നത്. അപ്പോഴേക്കും ആമി ഉറക്കം പിടിച്ചിരുന്നു. ഭക്ഷണം കഴിച്ചിട്ടില്ലെന്ന് തോന്നുന്നു. വെറുതെ അവളെയൊന്നു നോക്കി ഞാനും ഉറങ്ങാനായി കിടന്നു.
പിറ്റേന്ന് ഞാൻ ഉറക്കമുണർന്നപ്പോഴേക്കും അവൾ താഴേക്ക് പോയിരുന്നു. ഇന്നെന്ത് പാട്ടും കൂത്തും ഒന്നും ഇല്ലേന്നോർത്ത് കൊണ്ട് എഴുന്നേറ്റു ഞാൻ ബാത്‌റൂമിൽ പോയി മുഖം കഴുകി പല്ല് തേപ്പും കഴിച്ചു. ജോഗിംഗിന് വേണ്ടി ഡ്രസ്സ് ചേഞ്ച് ചെയ്തു ഞാൻ ഇറങ്ങി. പോവുമ്പോൾ അടുക്കളയിലേക്ക് പാളി നോക്കിയെങ്കിലും അവളെ കണ്ടില്ല. കുറെ നേരം ജോഗിംഗ് ചെയ്ത് തിരിച്ചു വരുന്ന വഴി ഞാൻ പുഞ്ചപ്പാടത്ത് കൂടിയൊക്കെ ചുമ്മാ നടന്നു. ഇളം മഞ്ഞിൽ മനസ്സും തണുക്കുന്ന പോലെ തോന്നി.
മടങ്ങി വന്നപ്പോൾ അച്ഛനും വലിയച്ഛനും വീട്ടിൽ ഇല്ലായിരുന്നു. കാലത്ത് തന്നെ എവിടെ പോയതാണോ എന്തോ.. കല്യാണം കഴിഞ്ഞതിൽ പിന്നെ രണ്ടു പേരും എന്നോട് അധികം മിണ്ടാറില്ല. ദേഷ്യം കാണും. ഞാൻ നേരെ അടുക്കളയിലേക്ക് ചെന്നു. എന്നെ കണ്ടതും അമ്മ കോഫി എടുത്തു മുന്നിലേക്ക് വെച്ച് മിണ്ടാതെ ജോലിയിൽ മുഴുകി. ഒന്ന് മൊത്തിയ കോഫി അവിടെ തന്നെ വെച്ച് ഞാൻ അമ്മയെ പിന്നിലൂടെ ചെന്ന് കെട്ടിപിടിച്ചു.
“സോറി അമ്മാ.. ഇങ്ങനെ മിണ്ടാതെ നടക്കല്ലേ… വേദനിക്കുന്നു മനസ്സ്…വല്ലാതെ ഒറ്റപ്പെടുന്ന പോലെ..”
“അപ്പോ ആ കുഞ്ഞിന്റെ മനസ്സോ മനു..അവൾ ആഗ്രഹിച്ച ജോലിയല്ലേ…”
“എനിക്കറിയാം.. സോറി… അത്രയ്ക്കു ഞാൻ ചിന്തിച്ചില്ല… പിന്നെ ഞാൻ സെലക്ട് ചെയ്തിരുന്നെങ്കിലും എന്റെ കമ്പനിയിൽ അവൾ വർക്ക് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല… ഞാൻ വഴി കണ്ടിട്ടുണ്ട്.. എന്റെ ശ്യാമ കുട്ടി ഈ ഗൗരവം ഒന്ന് വിട്ടേ.. പ്ലീസ്…”
ഒരു വിടർന്ന പുഞ്ചിരിയോടെ അമ്മ എന്നെ വാരി പുണർന്നു നെറുകയിൽ മുത്തി. അല്ലെങ്കിലും എന്റെ ശ്യാമ കൊച്ചിന് അധിക കാലമൊന്നും എന്നോട് പിണക്കം വെച്ച് നടക്കാൻ കഴിയില്ലെന്ന് എനിക്കറിയാം. ഞാനും അമ്മയെ കെട്ടിപിടിച്ചു കവിളിൽ ചുണ്ട് ചേർത്തു.
“അമ്മയുടെ കുട്ടി ഇനി തെറ്റൊന്നും ചെയ്യരുത്.. ആരുടേയും കണ്ണ് നീരിന് കാരണം ആവരുത്…”
“ഇല്ല അമ്മാ… ക്ഷെമി…”
“മ്മ്.. മോൻ പോയി കുളിച്ചിട്ട് വാ…”
അമ്മയുടെ കവിളിൽ ഒന്ന് നുള്ളി ഞാൻ മുകളിലേക്ക് കയറി. റൂമിലും അവളെ കണ്ടില്ല. നന്നായി വിയർത്തിരുന്നത് കൊണ്ട് വേഗം തന്നെ ഒരു ടീഷർട് എടുത്തു ബാത്‌റൂമിൽ കയറി.
കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ അവൾ അലക്കാനുള്ള ഡ്രസ്സ് ഒക്കെ ആയി പോവാനൊരുങ്ങുന്നത് കണ്ടു.
“ആമി…”
എന്റെ വിളി പ്രതീക്ഷിക്കാത്ത പോലെ അവൾ എന്നെയൊന്നു നോക്കി.
“ഇവിടെ ആലപ്പുഴയിൽ തന്നെ വി കെ ഗ്രൂപ്പിന്റെ ഒരു അലൈമെന്റ് ഗ്രൂപ്പ് ഉണ്ട്…ജിഎം പ്രൊഡക്ഷൻസ്… അവിടെ മാനേജരുടെ പ്രൈവറ്റ് സെക്രട്ടറി പോസ്റ്റ് പെന്റിങ് ഉണ്ട്… നീ ഇന്ന് പോയാൽ ജോയിൻ ചെയ്യാം…”
“നിങ്ങളുടെ റെക്കമെന്റേഷനിൽ ആവും അല്ലേ…”
“മ്മ്…ഓഫ്‌കോഴ്സ്… ഞാൻ ജസ്റ്റ് പറഞ്ഞിട്ടുണ്ട്… പിന്നെ…”
“ആമി ഒന്ന് കൂടി ജനിക്കണം…”
കേട്ടത് വിശ്വാസമാവാത്ത പോലെ ഞാൻ അവളെ നോക്കി.
“എന്താ..”
“നിങ്ങടെ റെക്കമെന്റേഷനിൽ കിട്ടുന്ന ജോലിക്ക് പോവാൻ ആമി ഒന്ന് കൂടെ ജനിക്കണമെന്ന്… അങ്ങനെ നിങ്ങടെ ഔദാര്യത്തിന് ഒത്ത് ജീവിക്കാൻ ആമിയെ കിട്ടില്ല….”
ഇന്നലെ അപമാനിക്കപ്പെട്ടത്തിന്റെ രോക്ഷം ആ വാക്കുകളിൽ പ്രകടമായിരുന്നു.
“ഓഹോ.. അങ്ങനാണോ…”
“ആണ്…”
“അപ്പോ നീ ഈ വീട്ടിൽ കഴിയുന്നതും എന്റെ ഔദാര്യത്തിൽ അല്ലേ..”
“അത് എന്റെ അവകാശം.. ഈ താലിയുടെ അവകാശം… അത് ചോദ്യം ചെയ്യാൻ നിങ്ങൾ വരുവാണേൽ.. ഈ ബന്ധം ഇപ്പോ…ഇവിടെ വെച്ച് അവസാനിപ്പിക്കണം നിങ്ങൾ…. തയ്യാറാണോ…”
കണ്ണിലേക്ക് ഉറ്റു നോക്കി കൊണ്ടുള്ള അവളുടെ ചോദ്യത്തിന് മുന്നിൽ എന്റെ നാവ് നിശബ്ദമായി പോയി. ചുണ്ട് കോട്ടി പുച്ഛത്തോടെ അവൾ അവിടെ നിന്നും ഇറങ്ങി പോയി. അവളുടെ മുന്നിൽ നന്നായി ഒന്ന് ചമ്മിയെന്ന് അറിയാം എന്നാലും ചമ്മൽ മാറ്റി വെച്ച് ഞാൻ വേഗം തന്നെ റെഡിയായി താഴോട്ട് ഇറങ്ങി. നല്ല വിശപ്പ് തോന്നിയത് കൊണ്ട് പെട്ടെന്ന് തന്നെ കൈ കഴുകി കഴിക്കാനിരുന്നു.
“അമ്മേ.. പെട്ടെന്ന് എടുത്തേ.. വിശക്കുന്നു…”
കൈ കൊണ്ട് നെറ്റിയിലൊന്നു തടവി മുന്നിലേക്ക് നോക്കിയ ഞാൻ ഇതെന്ത് എന്നുള്ള ഭാവത്തിൽ നിന്ന് പോയി. മുന്നിലേക്ക് ഒരു പ്ലേറ്റിൽ രണ്ടു കഷ്ണം ബ്രെഡും അതിൽ കുറച്ചു ജാമും പുരട്ടിയതും വെച്ച് അവൾ എന്റെ അടുത്ത് വന്നു നിൽക്കുന്നു. ഞാൻ അതിലേക്ക് ഒന്ന് നോക്കി പിന്നെ അവളുടെ മുഖത്തേക്കും.
“ഇതെന്തോന്ന്… “.
“ബ്രെഡും ജാമും…”
“അത് മനസ്സിലായി.. ഇതെന്തിനാ എനിക്ക്.. ഇവിടെ വേറൊന്നും ഇല്ലേ കഴിക്കാൻ… ”
“ഇന്ന് ഇവിടെ ഇതേ ഉള്ളു… വേണെങ്കിൽ കഴിച്ചിട്ട് എഴുന്നേറ്റു പോവാം…”
“ഡീ.. ചുമ്മാ കളിക്കല്ലേ.. വിശന്നാൽ എന്റെ സ്വഭാവം ഒട്ടും കൊള്ളില്ല.. കളിക്കാതെ കഴിക്കാൻ എടുത്തേ…”
“അല്ലെങ്കിൽ നിങ്ങടെ സ്വഭാവം നല്ലതാണോ…”
“ദേ പെണ്ണെ.. വേണ്ട വേണ്ട വെയ്ക്കുമ്പോൾ തലയിൽ കേറല്ലേ…”.
“കേറിയാൽ ഇയാള് എന്നെ എന്തേയ്യും..”
“യ്യോ.. ഇവൾ.. അമ്മേ.. എനിക്ക് വിശക്കുന്നു.. കഴിക്കാൻ എടുത്തേ…”.
ഞാൻ ഉച്ചത്തിൽ അമ്മയെ വിളിച്ചു പറഞ്ഞു. അടുക്കളയിൽ നിന്നും അമ്മ ഒരു ആക്കി ചിരിയോടെ വന്നു എന്റെ മുന്നിൽ കൈ കൂപ്പി നിന്നു.
“എന്നോട് ഒന്നും ചോദിച്ചിട്ട് കാര്യമില്ല.. ഇന്ന് അടുക്കള ഭരണം മരുമോൾ ഏറ്റിരിക്കുവാ.. അവൾ തരുന്നത് കഴിച്ചിട്ട് പോവാൻ നോക്ക്….”
“ഇതെന്തോന്ന് അമ്മേ.. അമ്മയ്ക്ക് അറിയാലോ എനിക്ക് കാലത്തു നന്നായി ബ്രേക്ക് ഫാസ്റ്റ് കഴിച്ചില്ലേൽ ശരിയാവില്ലാന്ന്.. കളിക്കല്ലേ അമ്മാ..”
“അതിന് ഞാൻ അല്ല നിന്റെ ഭാര്യയാ പറഞ്ഞത് ഇന്ന് ഒന്നും ഉണ്ടാക്കേണ്ടന്ന്…”
“ഓഹ്.. അപ്പോ നിങ്ങള് ഒരു ടീമാണല്ലേ.. എവിടെ വല്യമ്മ.. എനിക്ക് എന്റെ വല്യമ്മ തരും ഫുഡ്…”
“അയ്യോ മനുക്കുട്ടാ..ഞാൻ ഹെല്പ്ലെസ്സ് ആണേ ഈ കാര്യത്തിൽ… അടുക്കള ഇനി മരുമോളുടെ മേൽനോട്ടത്തിലാ… എനിക്ക് പോലും ഒന്നും കിട്ടിയില്ലടാ…”
“പുല്ല്.. പഞ്ചാസാരയേത് ഉപ്പ് ഏത് അറിയാത്ത ഇവളെയാണോ അടുക്കള ഏല്പിക്കുന്നെ.. എനിക്ക് വിശക്കുന്നുണ്ട്..”
“ഡോ.. തന്നോടാരാ പറഞ്ഞേ എനിക്ക് ഉപ്പും പഞ്ചാസാരയും അറിയില്ലെന്ന്.. താൻ വാടോ അടുക്കളയിലേക്ക് ഞാൻ കാണിച്ചു തരാം ഏതാന്ന്…”
“ഒന്ന് പോടീ.. എനിക്ക് വല്ലതും കഴിക്കാൻ തരുന്നുണ്ടോ ഇല്ലയോ..”.
“..ഇയാള് ഇവിടെ കിടന്നു എത്ര ചവിട്ടി തുള്ളിയിട്ടും കാര്യമില്ല..ഇന്ന് ഇതല്ലാതെ ഒരു വസ്തുവും തനിക്ക് ഇവിടുന്ന് വേറെ കിട്ടില്ല…”
“ഓഹോ.. അപ്പോ നീ രണ്ടും കല്പിച്ചു ആണല്ലേ…”
“അതേലോ… തന്നെ ഞാൻ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ…”
“ഹാ.. കാണാടി.. എന്നെ പട്ടിണിക്കിട്ടത്തിന് നീ അനുഭവിക്കും… നോക്കിക്കോ…”
“വോ.. കണ്ടോളാം..”
“പോടീ അഹങ്കാരി…”
അവളെ നോക്കി പല്ലുരുമ്മി ഞാൻ ബാഗും എടുത്തു ഇറങ്ങി.
(തുടരും )

by