22/04/2026

ഈ നിമിഷം : ഭാഗം 32

രചന – രോഹിണി ആമി

ആ ഹോസ്പിറ്റലിൽ ഇരിക്കുമ്പോൾ പലവട്ടം മൊബൈൽ എടുത്തതാണ് വിഷ്ണുവിന്റെ അമ്മയെ ഒന്നു വിളിക്കാൻ.. പിന്നെ ഓർത്തു അച്ഛന്റെ തീരുമാനം വേണ്ടാ എന്നായതുകൊണ്ട് വേണ്ടാന്ന്.. പ്രായം ചെന്നയാളാണ്, മരുമകൾക്ക് സ്നേഹം ഇല്ലെങ്കിലും ആ അമ്മയ്ക്ക് തിരിച്ചു സ്നേഹം ഉണ്ട്.. വെപ്രാളം പിടിച്ചു എങ്ങാനും ഓടിവന്നാൽ.. എന്തെങ്കിലും സംഭവിച്ചാൽ.. ഓർത്തപ്പോൾ വേണ്ടാന്ന് വെച്ചു പദ്മ..ചുമ്മാതെ ഇരുന്നപ്പോൾ മാധവേട്ടനെ കാണാൻ തോന്നുന്നു.. അച്ഛനും അമ്മയും തനിച്ചായതുകൊണ്ട് വരില്ല.. ആ മനുഷ്യനെ കാണാതെ ഇന്നത്തെ രാത്രി എങ്ങനെ തള്ളിനീക്കും ദൈവമേ.. മൊബൈലിൽ മൂന്നാളുടെയും ഫോട്ടോയിൽ നോക്കിയിരുന്നു.. മിന്നൂട്ടൻ ഇന്ന് സംശയം ചോദിച്ചു ചോദിച്ചു അപ്പൂപ്പനെയും അമ്മമ്മയെയും കുഴപ്പിക്കും.. അവളെ ഓർത്തപ്പോഴേ കൈ അറിയാതെ വയറിൽ തടവി.. ചെറിയൊരു ചിരിയോടെ ദീർഘശ്വാസം വിട്ടുകൊണ്ട് ഒന്നുകൂടി നിവർന്നിരുന്നു..

ഹിമയെ റൂമിലേക്ക് മാറ്റി.. തന്നെ ഒന്ന് നോക്കി പിന്നെ ഇതേവരെ ആ നോട്ടം എത്തിയില്ല.. ഫാനിൽ നോക്കി കിടക്കുകയാണ്.. കഴുത്തിൽ ചുവന്ന പാട് പടർന്നു കിടക്കുകയാണ്.. നാളുകൾ കൂടി ആദ്യമായിട്ടാ എന്റെ ചേച്ചിയെ പച്ചയ്ക്ക് കാണുന്നത്.. മേക്കപ്പ് ഒന്നുമില്ലാതെ.. കണ്ണൊക്കെ വീർത്തിരിക്കുന്നു.. ഒരു ചെയർ നീക്കിയിട്ട് അവൾക്കരികിൽ ഇരുന്നു.. മെല്ലെ കയ്യിൽ തലോടി.. കൈ വലിക്കുമെന്ന് വിചാരിച്ചു.. ഉണ്ടായില്ല.. കമഴ്ന്നിരിക്കുന്ന ആ കൈ തിരിച്ചു വെച്ചു അതിൽ കവിൾ വെച്ചു ചേച്ചിയുടെ വയറിൽ കെട്ടിപ്പിടിച്ചു കിടന്നു..

“നിന്നെ മേക്കപ്പ് ഇല്ലാതെയാടീ ചേച്ചീ കാണാൻ ഭംഗി.. കണ്ണിന് താഴെ കുറച്ചു കറുപ്പ് ഉണ്ടെന്നേ ഉള്ളൂ.. ഉള്ള ക്രീം ഒക്കെ വാരിത്തേച്ചു മുഖത്തെ സ്കിൻ നോക്ക് ഒരുമാതിരി കണ്ണാടി പോലെ”.. കവിളിലൂടെ കയ്യോടിച്ചുകൊണ്ട് പറഞ്ഞു.. പദ്മ പറയുന്നതൊക്കെ കേൾക്കുന്നുണ്ട്.. പക്ഷേ അവളെ നോക്കാതെ വേറെങ്ങോ ആണ് ശ്രദ്ധ..

കയ്യിൽ നനവറിഞ്ഞു ഹിമ.. പദ്മ കരയുവാണെന്ന് മനസ്സിലായി.. കയ്യിലിരുന്ന അവളുടെ മുഖം പിടിച്ചുയർത്തി.. ആ കൈ സ്വന്തം കൈക്കുള്ളിൽ പൊതിഞ്ഞു പിടിച്ചു പദ്മ ചോദിച്ചു.. “എങ്ങനെ തോന്നിയെടീ ചേച്ചീ നിനക്ക് നമ്മുടെ അച്ഛനും അമ്മയ്ക്കും ഇങ്ങനൊരു വിഷമം കൊടുക്കാൻ.. ചങ്കുപൊട്ടിയാ ഇത്രയും നേരം നിനക്കായിട്ട് ഇവിടെ കാത്തിരുന്നത്. അറിയ്യോ.. പറഞ്ഞു പരിഹരിക്കാൻ പറ്റാത്ത എന്തു പ്രശ്നമാണ് നിനക്കുള്ളത്.. പൈസ പ്രശ്നം ആണെങ്കിൽ ഉള്ളതെല്ലാം വിറ്റുപെറുക്കി തീർക്കാം.. അതല്ല ജീവിതത്തിൽ എന്തേലും പ്രശ്നം ആണോ, നിന്റെ അച്ഛനും അമ്മയും അനിയത്തിയും ജീവിച്ചിരുപ്പില്ലേ ഇപ്പോഴും , തീർത്തു തരില്ലേ ഞങ്ങൾ.. നീ തനിച്ചിങ്ങനെ കിടന്നു അലഞ്ഞു പൈസ ഉണ്ടാക്കുന്നത് ആർക്കു വേണ്ടിയാ”..

നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകളിലേക്ക് ഹിമ നോക്കിയില്ല.. വിഷമം വന്നിട്ട് ഒന്ന് ഉമിനീര് പോലും ഇറക്കാൻ വയ്യ.. അത്രയും വേദന എടുക്കുന്നു തൊണ്ടയിൽ.. കണ്ണടച്ചു പിടിച്ചു.. “നീ എപ്പോഴും പറയും പോലെ ഞാൻ ഇമോഷണൽ ഫൂൾ ആണ്.. എനിക്ക് വിഷമം വരും നീ ഇങ്ങനെ ഒക്കെ ചെയ്താൽ.. എനിക്ക് നീയൊരു കൂടപ്പിറപ്പേ ഉള്ളൂ,നിനക്ക് വേണ്ടെങ്കിലും എനിക്ക് വേണം നിന്നെ.. ഇങ്ങനെ കിടക്കുന്നത് കണ്ടിട്ട് ചങ്കു പൊട്ടുവാ”.. ഹിമയെ ഒന്നുകൂടി ഇറുക്കി കെട്ടിപ്പിടിച്ചു പദ്മ.. പിന്നീട് പദ്മ ഒന്നും മിണ്ടിയില്ല.. എങ്കിലും കണ്ണുനീർ തീർന്നില്ലെന്ന് ഹിമയ്ക്ക് മനസ്സിലായി.. അവളെ ഒന്ന് തിരിച്ചു തലോടാൻ പോലും തന്റെ കൈ മറന്നത് പോലെ..

പദ്മയുടെ മൊബൈൽ ബെല്ലടിച്ചു.. കണ്ണു തുടച്ചു മൊബൈൽ നോക്കി.. മാധവേട്ടൻ.. കാൾ എടുത്തപ്പോഴേ “അമ്മേ” ന്ന് കേട്ടു.. മനസ്സിലേക്ക് മഞ്ഞിട്ടത് പോലെ തോന്നി പദ്മയ്ക്ക്… ചിരിയോടെ “എന്തോ” ന്ന് വിളി കേട്ടു.. ഇത്രയും നേരം വിങ്ങിപ്പൊട്ടിയിരുന്നവൾ ഇപ്പോൾ ദേ ചിരിച്ചു വർത്തമാനം പറയുന്നു.. ഹിമ അത്ഭുതത്തോടെ അവളെ നോക്കി.. ഹിമ നോക്കുന്നത് കണ്ടപ്പോൾ പദ്മ കാൾ സ്പീക്കറിൽ ഇട്ടു.. “എന്റെ പൊന്ന് വല്ലതും കഴിച്ചോടാ”..

“മ്മ്.. ദീപു ഭയ്യാ നമ്മുടെ പശുമാമയുടെ പാല് എടുത്തു.. അമ്മമ്മ അത് തന്നു”.. പദ്മ അത്ഭുതത്തോടെ ആണോ ന്ന് ചോദിക്കുന്നുണ്ട്..

ഈയൊരു ചെറിയ കാര്യത്തിന് ഇത്രയും സന്തോഷം പ്രകടിപ്പിക്കുന്ന പദ്മയെ ഹിമ നോക്കിയിരുന്നു.. രണ്ടാളും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്, കൊഞ്ചിയും അല്ലാതെയും ഒക്കെ.. എല്ലാം ശ്രദ്ധിച്ചിരുന്നപ്പോളാണ് മിന്നു ചോദിക്കുന്നത് കേട്ടത് “ചേച്ചിയമ്മയ്ക്ക് ഉവ്വാവ് മാറിയോന്ന്.. എന്നാ വരിക” എന്നും.. പദ്മ ഹിമയെ ഒന്നു നോക്കി എന്നിട്ട് പറഞ്ഞു “ഉവ്വാവ് കുറഞ്ഞു.. നാളെ വരും” ന്ന്.. അമ്മമ്മയെ അധികം ശല്യപ്പെടുത്തരുതെന്ന് പറഞ്ഞു കുറച്ചു ഉമ്മകൾ കൈമാറി കാൾ കട്ട്‌ ചെയ്തു..

“ഞാൻ ചേച്ചീ ന്ന് വിളിക്കുന്നത് കേട്ട് അവളും ചേച്ചീന്ന് വിളിച്ചതാ.. വഴക്ക് പറഞ്ഞപ്പോൾ അവൾ തന്നെ കണ്ടുപിടിച്ചതാ ചേച്ചിയമ്മ എന്ന്.. എന്റെ കുഞ്ഞിന് വരെ വിഷമം വന്നു നിന്റെ കാര്യം ഓർത്ത്.. അപ്പോൾ നീ നമ്മുടെ അച്ഛന്റെയും അമ്മയുടെയും കാര്യം ഒന്നോർത്തു നോക്ക്”.. ഇത്രയും നേരം സന്തോഷത്തോടെ ഇരുന്നവളുടെ മുഖം മങ്ങുന്നത് ഹിമ അറിഞ്ഞു..

“കുഞ്ഞിലേ മുതൽ മക്കളുടെ ഓരോ വളർച്ചയും ആസ്വദിച്ചു കാണുന്നവരാ ഓരോ അച്ഛനും അമ്മയും.. പൊന്നുപോലെ അല്ല നമ്മളെ വളർത്തിയതെന്ന് നിനക്ക് നെഞ്ചിൽ കൈ വെച്ചു പറയാൻ പറ്റുവോ.. എന്നിട്ടും.. അച്ഛനോ അമ്മയ്ക്കോ ഇത് കണ്ടിട്ട് എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ.. അത് ചിന്തിച്ചോ നീ”… കുറച്ചു നേരം മൗനമായിരുന്നു പദ്മ…

“നീ നാവ് പൂട്ടിയിരിക്കുമ്പോളേ എനിക്ക് വല്ലതും പറയാൻ പറ്റൂ.. ഇല്ലെങ്കിൽ നീ ഒന്നും കേൾക്കാൻ നിൽക്കില്ല.. വല്യ പുള്ളിയല്ലേ.. ഇത് എന്തിനാ ചെയ്തതെന്ന് ആരും നിന്നോട് ചോദിക്കില്ല നീ പറയും വരെ.. അതോർത്തിട്ട് ഇനി ടെൻഷൻ ഒന്നും വേണ്ടാ.. പക്ഷേ ഒന്നോർത്തു വെച്ചോ.. നിനക്ക് എന്തു പ്രശ്നം വന്നാലും അച്ഛനും അമ്മയും ഞാനും നിനക്കൊപ്പം എന്നും കൂടെ ഉണ്ടെന്ന്. അത് മാത്രം മറക്കരുത് “.. അത്രയും പറഞ്ഞിട്ട് പദ്മ എഴുന്നേറ്റു പോയി മുഖം ഒക്കെ കഴുകി വന്നു… കർച്ചീഫ് നനച്ചു ഹിമയുടെ മുഖവും വളരെ പതുക്കെ കഴുത്തും തുടച്ചു കൊടുത്തു .. ഹിമ തട്ടി മാറ്റാൻ നോക്കി.. പദ്മ രണ്ട് കയ്യും പിടിച്ചു വെച്ചു പൂർത്തിയാക്കി.. എന്നിട്ട് സാരിയുടെ തുമ്പിൽ മുഖം തുടച്ചു കൊടുത്തു.. ഹിമ അവളെ സൂക്ഷിച്ചു നോക്കുന്നുണ്ട്.. “ഓ പിന്നേ.. ഇതിലും വലിയൊരു വെട്ടുപോത്തിനെ മര്യാദ പഠിപ്പിച്ചതാ ഞാൻ .. പിന്നെയാ നീ.. അതുകൊണ്ട് നോക്കിപ്പേടിപ്പിക്കണ്ട”.. പദ്മ അതു പറയുമ്പോഴും ഹിമയുടെ മുഖത്ത് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല..

ഡോറിൽ ആരോ മുട്ടിയപ്പോൾ പോയി തുറന്നു.. മാധവൻ.. കയ്യിലൊരു ബാഗ് ഉണ്ട്.. കണ്ടതിന്റെ സന്തോഷം പദ്മയുടെ മുഖത്തുണ്ടായിരുന്നു.. “എനിക്ക് നീയില്ലാതെ ഉറക്കം വരില്ലെന്ന് പറഞ്ഞത് വെറുതെ അല്ല എന്റെ ടീച്ചറേ.. സത്യായിട്ടും അതാണ് സത്യം”..മാധവൻ പറയുന്നത് കേട്ടപ്പോൾ ഒരു കള്ളച്ചിരി പദ്മയുടെ മുഖത്തു തെളിഞ്ഞെങ്കിലും അതേപോലെ മങ്ങി.. “അച്ഛനും അമ്മയും തനിച്ചല്ല പേടിക്കേണ്ട.. അതുൽ വന്നിട്ടുണ്ട്.. ഞാൻ വിളിച്ചു വരുത്തിയതാ”.. മാധവൻ അവളുടെ മനസ്സറിഞ്ഞത് പോലെ പറഞ്ഞു.. എന്നിട്ട് കുട്ടികൾ കുരുത്തക്കേട് മറയ്ക്കാൻ ചിരിക്കും പോലെ ഒന്ന് ചിരിച്ചു കാണിച്ചു..

ഹിമയെ ഒന്നു നോക്കുന്നു പോലുമുണ്ടായിരുന്നില്ല മാധവൻ.. ഉള്ള സമയം മുഴുവൻ പദ്മയെന്ന സുന്ദരമായ കാഴ്ചയിലേക്ക് ആണ് ശ്രദ്ധ.. അവരുടെ സംസാരം നോക്കി കിടക്കുകയാണ് ഹിമ.. ഇവർക്ക് സംസാരിച്ചു മടുക്കില്ലേ.. ഇത്രയും വിഷയങ്ങൾ എവിടെ നിന്നും കിട്ടും.. സംസാരത്തിനിടയ്ക്ക് പദ്മയുടെ മുഖത്തേക്ക് പറന്നു വീഴുന്ന മുടി ഒതുക്കുന്നുണ്ട് മാധവൻ.. കണ്ണുകൾ പറിക്കാതെ അത്രയും ശ്രദ്ധയോടെയാണ് മാധവൻ അവളെ കേൾക്കുന്നത്..

ഭർത്താവെന്നല്ല ആരെയും ഡിപെൻഡ് ചെയ്തു ജീവിക്കാൻ തനിക്കിഷ്ടമല്ല.. അങ്ങനെ ഒരു ചിന്ത മനസ്സിൽ കടന്നു കൂടിയത് എന്നാണെന്നു പോലും അറിയില്ല.. ഇങ്ങനെ ഉള്ള കാട്ടായങ്ങൾക്ക് ഒക്കെയും മുഖം തിരിച്ചു കളയാറാണ് പതിവ്.. വെറും പ്രഹസനം ആയിട്ടേ തോന്നാറുള്ളൂ.. പക്ഷേ ഇവരുടെ സ്നേഹം നോക്കി നിന്നു പോകുന്നു ഇപ്പോൾ.. മടുപ്പില്ലാതെ.. കുളിർമ്മയുള്ളതെന്തോ കണ്ട സുഖത്തിൽ കണ്ണുകൾ അടഞ്ഞടഞ്ഞു പോയി.. നല്ലൊരു ഉറക്കത്തിലേക്ക് ഹിമ പോയീന്നു മനസ്സിലായപ്പോൾ മാധവൻ പദ്മയെ ചേർത്തു പിടിച്ചു.. പദ്മ ഹിമയെ ഒന്നു നോക്കിയിട്ട് മാധവന്റെ കൈക്കുള്ളിൽ ഒതുങ്ങി നിന്നു.. പദ്മയുടെ കണ്ണിന്റെ കോണിൽ നിന്നും വിരലിൽ കണ്മഷി തൊട്ടെടുത്തു ചെവിയുടെ പിറകിൽ തൊട്ടു.. “അമ്മയുടെ അസുഖം പകർന്നോ ന്റെ മാധവന്”.. മാധവന്റെ കവിളിൽ കുറുമ്പോടെ പിച്ചിപ്പറിച്ചു ചോദിച്ചു .. “എനിക്ക് ആകെ ഒന്നേയുള്ളു.. കണ്ണും ദോഷം കിട്ടിയാലേ എനിക്ക് സഹിക്കൂല”.. മാധവൻ പറയുന്നത് കേട്ടപ്പോൾ ഹിമയെ ഒന്നുകൂടി നോക്കിയിട്ട് ആ മീശയിൽ പിടിച്ചു മെല്ലെ വലിച്ചു.. ബാഗിൽ നിന്നും മാറാനുള്ള ഡ്രസ്സ്‌ എടുത്തു അവളുടെ കയ്യിൽ പിടിപ്പിച്ചു മാധവൻ.. പദ്മ പോയിടത്തേക്ക് നോക്കി ഇരുന്നു.. അവൾ തിരിച്ചു വരും വരെ ആ കണ്ണുകൾ വേറൊരു ദിശയിലേക്കും മാറിയില്ല..

ഹിമ ഒന്നും മിണ്ടുന്നില്ലെന്നും ഇങ്ങനെ ചെയ്യാനുള്ള കാരണം എന്താണെന്നോ ഒന്നും ഞാൻ ചോദിച്ചില്ല എന്നും മാധവനോട് പറഞ്ഞു.. പറയുമ്പോൾ പറയട്ടേ, ടെൻഷൻ കൊടുക്കണ്ട, ഇനി ശ്രദ്ധിച്ചാൽ മതിയെന്നുമായിരുന്നു മാധവന്റെ മറുപടി.. ഹിമയ്ക്ക് ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് മനസ്സിലാക്കി മാധവൻ ജ്യൂസ്‌ വാങ്ങി വന്നു .. ചേച്ചിയെയും അനിയത്തിയെയും സംസാരിക്കാൻ വിട്ടിട്ട് റൂമിന് വെളിയിലെ ചെയറിൽ പോയിരുന്നു..

“ടീ ചേച്ചീ നിനക്ക് ആരെയെങ്കിലും വിളിക്കുവോ കാണുകയോ വല്ലതും ചെയ്യണോ. ഞാൻ വിളിക്കാം”.. പദ്മ ചോദിച്ചു.. ഹിമ തലയാട്ടി വേണ്ടെന്ന് പറഞ്ഞു..

“വിഷ്ണുവിനെയോ”…..

ഒന്നും പറയാതെ മുഖം തിരിച്ചു…
സംശയത്തോടെ നോക്കിയ പദ്മയുടെ നോട്ടം ഹിമ അവഗണിച്ചു.. എന്തൊക്കെയോ ചേച്ചിയുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്.. ഇവൾ ഇങ്ങനെ ഒന്നും ആയിരുന്നില്ല.. വിഷ്ണുവിനെപ്പോലും വിളിക്കണ്ടന്ന് പറയുന്നുണ്ടെങ്കിൽ എന്തോ കാര്യമായിട്ട് ഉണ്ട്.. പറയാൻ നല്ല വൈഗ്ലഭ്യം ഉണ്ട്.. ജ്യൂസ്‌ മുഴുവൻ കുടിക്കും വരെ പദ്മ അരികിൽ ഇരുന്നു.. മുഴുവൻ കുടിക്കാതെ അവൾ മാറില്ലെന്ന് ബോധ്യമായതുകൊണ്ടോ എന്തോ ഹിമ സമയം എടുത്തിട്ടാണെങ്കിലും അത് പൂർത്തിയാക്കി.. ഇടയിൽ ഒന്ന് കണ്ണു തുറന്നപ്പോൾ ഹിമ കണ്ടു മാധവന്റെ മടിയിൽ തല വെച്ചു കിടന്നുറങ്ങുന്ന പദ്മയെ. ഒരാൾക്ക് മാത്രം കിടക്കാൻ പറ്റുന്ന ചെറിയൊരു ബെഡ് ആണത് .. അയാൾ ഉറങ്ങിയിരുന്നില്ല.. ഒരു കൈകൊണ്ട് പദ്മയുടെ മുടിയിൽ തലോടി മറുകൈ കൊണ്ട് കയ്യിൽ ചെറുതായി തട്ടിക്കൊടുത്തും കൊണ്ട് റോഡിൽ വാഹനങ്ങൾ പോകുന്നത് കാണുകയാണ്.. ഹിമ ചെറുതായ് ഒന്ന് ചുമച്ചത് കേട്ട് മാധവൻ നോക്കി.. പദ്മയോട് ഹിമയ്‌ക്കൊപ്പം കിടക്കാൻ കാണിച്ചു എന്നിട്ട് മാധവൻ അവിടെ കിടന്നോളാൻ.. “വേണ്ടാ.. ഹിമ കിടന്നോളൂ”.. മാധവൻ പറഞ്ഞു..

പിന്നേ.. ഈ സാധനത്തിനെ അങ്ങനെ വല്ലടത്തും വെയ്ക്കാൻ ഉള്ളതല്ല.. ആരും അവകാശം പറഞ്ഞു വരണ്ട.. അവിടേം ഇവിടേം കിടക്കാൻ ആയിരുന്നുവെങ്കിൽ പിന്നേ എനിക്ക് വീട്ടിൽ കിടന്നാൽ പോരായിരുന്നോ.. മാധവൻ ചിന്തിച്ചു.. കുറച്ചു നേരമായി ഹിമയുടെ കണ്ണുപറിക്കാതെയുള്ള നോട്ടം പദ്മയ്ക്ക് നേരെ ആണെന്ന് മാധവൻ അറിഞ്ഞു.. ഈ പെണ്ണിനെ മറുക് കുത്തി കുത്തി കണ്മഷി തീരുമല്ലോ ദൈവമേ.. പദ്മ പുതച്ചിരുന്ന ഷീറ്റ് വലിച്ചു അവളെ ഒന്നുകൂടി മൂടിപ്പുതപ്പിച്ചു മാധവൻ..

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ലെന്നറിഞ്ഞപ്പോൾ ഹിമ പതിയെ എഴുന്നേറ്റു.. ചെയറിലേക്ക് കാൽ കയറ്റി വെച്ച് ചാരിയിരുന്നു ഉറങ്ങുകയാണ് മാധവൻ.. കൈ അവളെ ചുറ്റിയും.. ശരീരത്തിന് നല്ല വേദന ഉണ്ട്.. കഴുത്തിൽ ഒന്നുഴിഞ്ഞു.. ശ്വാസം കിട്ടാതെ പിടഞ്ഞ നിമിഷം ഒന്നോർത്തു പോയി.. ഇനിയാണെങ്കിലും ആ സാഹസത്തിനു മുതിരാൻ ഒന്ന് ഭയക്കും .. അത്രയ്ക്കും ഭയന്നു.. ശ്വാസം ഒന്ന് ആഞ്ഞുവലിക്കാൻ പറ്റിയപ്പോൾ ആരുടെയോ മുടിയിലാണ് പിടുത്തം കിട്ടിയത്.. ആ വെപ്രാളത്തിൽ വലിച്ചു പറിച്ചു.. അത് ആരാണെന്ന് പോലും അറിയില്ല..

ടേബിളിൽ ഇരിക്കുന്ന പദ്മയുടെ മൊബൈൽ എടുത്തു.. മെല്ലെ ഡോർ തുറന്നു പുറത്തേക്കിറങ്ങി.. പദ്മ മൊബൈൽ ലോക്ക് ചെയ്യാറില്ലായിരുന്നു പണ്ട്.. ഇപ്പോഴും ഇല്ലെന്ന് ഹിമയ്ക്ക് ഓപ്പൺ ചെയ്തപ്പോൾ മനസ്സിലായി.. മൂന്നാളും ചിരിയോടെ നിൽക്കുന്ന പിക് സ്‌ക്രീനിൽ തെളിഞ്ഞു.. ഓരോ നമ്പറും വിറച്ചു വിറച്ചു തൊട്ടിട്ടു കാൾ ചെയ്തു.. ചെവിയിലേക്ക് അടിപ്പിച്ചു പിടിച്ചു .. കുറച്ചേറെ ബെല്ലിന് ശേഷം അപ്പുറത്തു നിന്നും “ഹലോ” എന്നു കേട്ടു.. ഹിമ വായ പൊത്തിപ്പിടിച്ചു.. മിണ്ടാതെ ഇരുന്നപ്പോൾ വീണ്ടും പരിഭ്രമത്തോടെയുള്ള ആ ശബ്ദം കേട്ടു.. “പദ്മാ.. എന്താ.. എന്തുപറ്റി.. എന്താ ഈ നേരത്ത്”.. അപ്പോൾ തന്റെ നമ്പർ മാത്രമേ ബ്ലോക്ക്‌ ആക്കിയിട്ടുള്ളൂ.. പദ്മയുടെ നമ്പർ സേവ് ആക്കി വെച്ചിട്ടുണ്ടോ…

“വിഷ്ണുവേട്ടാ”… പുറത്തേക്ക് വരുന്ന കുറച്ചു ശബ്ദത്തിൽ ഹിമ വിളിച്ചു.. മറുവശത്തു നിന്നും മറുപടി ഒന്നുമുണ്ടായില്ല.. കാൾ കട്ട്‌ ആയതറിഞ്ഞു.. ഭിത്തിയിൽ ചേർന്നു നിന്നു.. കണ്ണുരണ്ടും നിറഞ്ഞൊഴുകി.. തുടച്ചു കളയും തോറും വീണ്ടും ഒഴുകികൊണ്ടേയിരുന്നു.. ഭിത്തിയിലൂടെ ഊർന്ന് താഴേക്ക് വീഴാൻ പോയപ്പോൾ ആരോ കയ്യിൽ പിടിച്ചു നേരെ നിർത്തി.. മാധവൻ.. വിതുമ്പി കരയുന്ന ഹിമയുടെ മുഖത്തേയ്ക്കൊന്നു നോക്കി, മൊബൈൽ വാങ്ങി പോക്കറ്റിൽ ഇട്ടിട്ടു പറഞ്ഞു.. “വാ റൂമിൽ പോകാം”..

കൈപിടിച്ച് നടക്കുന്ന മാധവന് പിറകെ അനുസരണയുള്ള കുട്ടിയെപ്പോലെ നടന്നു.. കയ്യുംകെട്ടി ഡോറിൽ ചാരി നിൽക്കുന്ന പദ്മയെ ഒന്നു നോക്കാൻ കൂടി ആയില്ല ഹിമയ്ക്ക്.. ഒന്നും ചോദിച്ചില്ല രണ്ടാളും.. പദ്മ ഹിമയ്ക്ക് കുടിക്കാൻ വെള്ളം കൊടുത്തു.. കണ്ണുരണ്ടും തുടച്ചു കൊടുത്തു എന്നിട്ട് പിടിച്ചു കിടത്തി.. അരികിൽ കയ്യിൽ മെല്ലെ തലോടി ഇരുന്നു.. ഹിമ ഉറങ്ങിയെന്നു മനസ്സിലായപ്പോൾ മാധവൻ പദ്മയ്‌ക്കരികിൽ വന്നിരുന്നു തന്റെ തോളിലേക്ക് ആ മുഖം ചേർത്തു വെപ്പിച്ചു.. കുറച്ചു വിഷമത്തോടെ ഇരിക്കുന്നവളുടെ നെറുകയിൽ ചുണ്ട് ചേർത്തു.. “സാരമില്ല.. എല്ലാം ശരിയാകും.. ഞാനില്ലേ കൂടെ”.. ഉറപ്പ് കൊടുക്കും പോലെ പദ്മയുടെ വിരലുകൾ കൊരുത്ത് പിടിച്ചു മാധവൻ .. അതൊരു വെറുംവാക്കല്ലെന്ന് മറ്റാരേക്കാളും നന്നായി പദ്മയ്ക്കറിയാം.. ആ ഒരാശ്വാസത്തിൽ ചേച്ചിയെ ഒന്നുകൂടി നോക്കിയിട്ട് കണ്ണടച്ചു..