25/05/2026

ഗൗരി കല്യാണി : ഭാഗം 41

രചന – കണ്ണന്റെ മാത്രം

ദേവ് മാളിൽ എത്തി കല്ലുവിന്റെയും ദേവൂട്ടിയുടെയും ഗൗരിയുടെയും മൊബൈലിൽ മാറി മാറി വിളിച്ചെങ്കിലും എല്ലാതും സ്വിച്ച് ഓഫ്‌ ആയിരുന്നു. അവൻ വേഗം കാറിൽ നിന്നും ഇറങ്ങി ഓരോരോ ഫ്ലോർ ആയി അവരെ തപ്പി തുടങ്ങി. എവിടെയും അവരെ കാണാതായതോടു കൂടി അവന് പേടിയായി തുടങ്ങി. ആ സമയത്താണ് ദേവിന്റെ ഫോൺ അടിച്ചത്.

ദേവ് നീ എവിടെയാ.. ദേവ് ഫോൺ എടുത്തതും കണ്ണൻ ചോദിച്ചു.

ഞാൻ സെക്കന്റ്‌ ഫ്ലോറിൽ ഉണ്ട്. കണ്ണാ… അവരെ എവിടെയും കാണാൻ ഇല്ല. വിളിച്ചിട്ടും കിട്ടുന്നില്ല…. ദേവ് പേടിയോടെ പറഞ്ഞു.

മ്മ്.. നീ ഗ്രൗണ്ട് ഫ്ലോറിലേക്ക് വായോ.. ഞാനും അച്ചുവും അവിടെ ഉണ്ട്. അതും പറഞ്ഞു കണ്ണൻ ഫോൺ വച്ചു.

ദേവ് ഗ്രൗണ്ട് ഫ്ലോറിൽ എത്തുമ്പോൾ കണ്ണനും അച്ചുവും അവിടെ ഉണ്ട്. അച്ചു ആരോടോ ഫോണിൽ സംസാരിക്കുന്നും ഉണ്ട്.

ആ സമയത്താണ് ആ മാളിന്റെ മാനേജർ അങ്ങോട്ട് വന്നത്. അയാൾ നേരെ അച്ചുവിന് അടുത്ത് വന്നുകൊണ്ട് ചോദിച്ചു.

എന്താ സാർ എന്നെ വിളിപ്പിച്ചു എന്ന് പറഞ്ഞു..

ആ എനിക്ക് ഇവിടത്തെ സർവെയിലൻസ് ക്യാമറ ഫൂട്ടേജ് ഒന്ന് കാണണം. അതു എവിടെയാ..
അച്ചു ചോദിച്ചു

അതു സെക്യൂരിറ്റി റൂമിൽ ആണ്. എന്താ സാർ കാര്യം.. അയാൾ ചോദിച്ചു

അതൊക്കെ പറയാം താൻ ആദ്യം അങ്ങോട്ട് കൊണ്ട് പോ ഞങ്ങളെ…

ശരി സാർ വരൂ..അതും പറഞ്ഞു അവർ നേരെ സെക്യൂരിറ്റി റൂമിൽ പോയി വീഡിയോ ഫൂട്ടേജ് ഒക്കെ ചെക്ക് ചെയ്യ്തു തുടങ്ങി.

…………

കല്ലു ഒന്ന് ഞെരങ്ങിക്കൊണ്ട് കണ്ണുകൾ പതുക്കെ തുറന്നു. കുറച്ചുനേരത്തേക്ക് അവൾക്ക് ഒന്നും മനസ്സിലാകുന്നുണ്ടായില്ല. തലക്ക് വല്ലാത്ത ഭാരവും തോന്നി. അവൾ കുറച്ചുനേരം കൂടി കണ്ണടച്ചിരുന്നു. അപ്പോഴാണ് അവൾക്ക് മാളിൽ വച്ച് ഉണ്ടായ കാര്യങ്ങൾ പതിയെ ഓർമ വന്നു തുടങ്ങിയത്.

കണ്ണനും അച്ചുവിനും ഉള്ള ഡ്രെസ്സ് എടുത്തു കഴിഞ്ഞപ്പോഴേക്കും ദാഹിക്കുന്നു എന്ന് ദേവൂട്ടി ലഹള ആയി. അപ്പൊ നേരെ തേർഡ് ഫ്ലോറിൽ ഉള്ള ഫുഡ്‌ കോർട്ടിലേക്ക് പോകാം എന്നും പറഞ്ഞു പോകാൻ ഇറങ്ങി. എസ്‌ക്കിലേറ്റർ ഗൗരിക്ക് പേടിയായതുകൊണ്ടാണ് ലിഫ്റ്റ് നോക്കി പോയത്. അങ്ങനെ ലിഫ്റ്റിനു അടുത്തേക്ക് പോകുമ്പോൾ ആണ് പർദ്ദ ഇട്ട രണ്ടു സ്ത്രീകൾ വന്നു ദേവൂട്ടിയും ആയി കൂട്ടിമുട്ടുന്നതും അതിൽ ഒരാളുടെ കൈയിൽ ഉണ്ടായിരുന്ന ചോക്ലേറ്റ് ഷേക്ക്‌ മുഴുവൻ ദേവൂട്ടിയുടെ മേലെ ആയതും. അപ്പോൾ അവർ പറഞ്ഞു..

അയ്യോ സോറി മക്കളെ. ഞങ്ങൾ സംസാരിച്ച് വരുന്നതിനു ഇടയിൽ കണ്ടില്ല നിങ്ങളെ. ആകെ ഡ്രെസ്സ് ചീത്ത ആയല്ലോ. ഇനിപ്പോ എന്താ ചെയ്യാ..അതിൽ ഒരാൾ വിഷമത്തോടെ ചോദിച്ചു. ബുർഖ കൂടി ധരിച്ചിട്ടുള്ളത് കൊണ്ട് അവരുടെ മുഖം കാണുന്നുണ്ടായില്ല.

അതു സാരമില്ല ചേച്ചി.. ഞങ്ങൾ കഴുകിക്കോളാം.. ദേവൂട്ടി പറഞ്ഞു..

ആണോ എങ്കിൽ നിങ്ങൾ വാ അവിടെ ഒരു വാഷ്റൂം ഉണ്ട്. അവിടെ പോയി കഴുകാം… മറ്റേ ചേച്ചി പറഞ്ഞു. അയാളുടെ സംസാരം കേട്ടപ്പോൾ ഒരു കേട്ടുപരിചയം പോലെ തോന്നി. പക്ഷേ എവിടെ എന്ന് പിടികിട്ടിയില്ല.

 

വേണ്ട ചേച്ചിമാരെ ഞങ്ങൾ പോയി കഴുകിക്കോളാം… ഗൗരി പറഞ്ഞു.

അതു സാരമില്ല മക്കളെ കഴുകാൻ ഞങ്ങൾ സഹായിക്കാം. ഇല്ലെങ്കിൽ അതു ഒരു വിഷമം ആയി കിടക്കും മനസ്സിൽ. നിങ്ങൾ വാ..

അതും പറഞ്ഞു അവർ ബാത്‌റൂമിന്റെ അവിടേക്ക് കൊണ്ട്പോകുന്നതിന്റെ ഇടയിൽ ആണ് എന്തോ സ്പ്രേ ചെയ്യുന്ന പോലെ ശബ്ദം കേൾക്കുന്നത്. തിരിഞ്ഞു നോക്കുമ്പോഴേക്കും കല്ലുവിന്റെ മുഖത്തേക്കും അവർ സ്പ്രേ ചെയ്തിരുന്നു. പെട്ടന്നാണ് കല്ലുവിന് ഗൗരിയെയും ദേവൂട്ടിയെയും കുറിച്ച് ഓർമ വന്നത് അവൾ വേഗം കണ്ണ് തുറന്നു ചുറ്റും നോക്കി. ഗൗരിയെയും ദേവൂട്ടിയെയും തന്നെ പോലെ തന്നെ ഒരു കസേരയിൽ കെട്ടിയിട്ടിരിക്കുന്നതാണ് കല്ലു കണ്ടത്. അവൾ പേടിയോടെ ചുറ്റും നോക്കി വേറെ ആരെയും തന്നെ കണ്ടില്ല. അവൾ കെട്ടഴിക്കാൻ ശ്രമിച്ചുകൊണ്ട് തന്നെ ഗൗരിയെയും ദേവൂട്ടിയെയും വിളിച്ചുകൊണ്ടിരുന്നു.

…………….

ഗൗരിയെയും കല്ലുവിനെയും ദേവൂട്ടിയെയും മയക്കിയ ശേഷം അവിടെ അടുത്തായിട്ടുള്ള ലിഫ്റ്റ് ഓപ്പൺ ആയി മാസ്ക് ധരിച്ച രണ്ടുമൂന്നുപേർ ഇറങ്ങി വരുന്നതും എല്ലാവരും കൂടി ഇവരെയും കൊണ്ട് പോകുന്നതും അവർ കണ്ടു. ആ ഭാഗം ഇത്തിരി വിജനമായ ഭാഗം ആയതുകൊണ്ട് ഇതൊന്നും ആരും കണ്ടില്ല.

അച്ചു വേഗം ബേസ്മെന്റിന്റെ cctv ഫൂട്ടേജ് നോക്കി. അപ്പൊ അവർ മൂന്നുപേരെയും കൊണ്ട് ഒരു ഇന്നോവയിൽ കയറി പോകുന്നതാണ് കണ്ടത്. ഇതെല്ലാം കണ്ടതും അച്ചു കുറച്ചുനേരം കണ്ണടച്ചിരുന്നു. പിന്നെ പെട്ടന്നു തന്നെ അവിടെ നിന്നും ഇറങ്ങി. അച്ചുവിന് പിന്നിലായി കണ്ണനും ദേവും ഇറങ്ങി. പുറത്തേക്ക് ഇറങ്ങിയതും ദേവ് കണ്ണനോട് ചോദിച്ചു..

കണ്ണാ.. എന്തൊക്കെയാടാ നടക്കുന്നെ. ആരാ നമ്മുടെ മക്കളെ ഇങ്ങനെ കൊണ്ട് പോയത്.. എനിക്ക് ഒന്നും മനസിലാവുന്നില്ല….

കണ്ണൻ അച്ചുവിനെ ഒന്ന് നോക്കിയിട്ട് അച്ചു പറഞ്ഞതു മുഴുവൻ ദേവിനോട് പറഞ്ഞു.

ഇത്രയൊക്കെ ഉണ്ടായോ.. എന്നിട്ടെന്താ ഒന്നും പറയാതിരുന്നേ. അങ്ങനെ ആണെങ്കിൽ ഞാൻ അവരെ ഇവിടെ ഇറക്കി വിട്ടിട്ട് പോകില്ലായിരുന്നല്ലോ… ഇനിപ്പോ എന്താ ചെയ്യാ.. ദേവ് ആകുലതയോടെ ചോദിച്ചു.

അതു സാരമില്ല ദേവ് ഇതു പ്രതീക്ഷിച്ചതാണ്. എന്തായാലും ഇതിനൊക്കെ ഒരു അവസാനം വേണം. എത്രനാൾ ഇങ്ങനെ പേടിച്ചിരിക്കും. എത്രേം പെട്ടന്നാവുന്നോ അത്രേം നല്ലത്. നിങ്ങൾ വാ നമുക്ക് പോകാം. ദേവ്, കണ്ണാ നിങ്ങൾ എന്റെ വണ്ടിയെ ഫോളോ ചെയ്ത് വായോ.. രുദ്രനെയും വിളിച്ചോ.. തല്ക്കാലം വീട്ടിൽ വേറെ ആരും അറിയണ്ട. ഞാൻ മാമയെ ഒന്ന് വിളിക്കട്ടെ…

അങ്ങനെ അച്ചു ഹരിയെ വിളിച്ച് ഇന്ന് ഉണ്ടായത് മുഴുവൻ പറഞ്ഞു..

എല്ലാം കേട്ട് കഴിഞ്ഞതും ഹരി പറഞ്ഞു..
അച്ചു മക്കൾക്കൊന്നും ഒരു പോറലും ഏൽക്കാതെ എനിക്ക് കിട്ടണം. ബാക്കി എന്തു സംഭവിച്ചാലും കുഴപ്പം ഇല്ല. പിന്നെ അവർ ആരും തന്നെ നിരപരാധികൾ അല്ല. അതുകൊണ്ട് ആ വിഷമവും വേണ്ട. കൂടെ നിന്നു ചതിക്കുന്നവരെ ഒരിക്കലും വെറുതെ വിടരുത്..

ശരി മാമേ.. ഞാൻ വേണ്ടപോലെ നോക്കിക്കോളാം…

മ്മ്.. എല്ലാം സൂക്ഷിച് ചെയ്യ്‌. ഒരു തെളിവും ബാക്കി വേണ്ട. എനിക്കറിയാം നീ നോക്കിയും കണ്ടും ചെയ്തോളും എന്ന്.. എന്നാലും പറഞ്ഞന്നേ ഉള്ളൂ…വിളിക്കണം..

മ്മ്.. അതിന് അച്ചു ഒന്ന് മൂളിക്കൊണ്ട് ഫോൺ കട്ട്‌ ചെയ്യ്തു.

അച്ചു കണ്ണനോടും ദേവിനോടും അവന് പിന്നാലെ വരാൻ പറഞ്ഞു വണ്ടിയെടുത്തു.

കണ്ണനും ദേവും കണ്ണന്റെ വണ്ടിയിൽ അച്ചുവിനെ ഫോളോ ചെയ്യ്തു. അതിനിടയിൽ അവർ ഫോൺ എടുത്ത് രുദ്രനെ വിളിക്കാനും മറന്നില്ല. പോകുന്ന വഴിയിൽ നിന്നും രുദ്രനും അവരെ ജോയിൻ ചെയ്യ്തു.

വണ്ടി ഓടിക്കുന്നതിനു ഇടയിൽ അച്ചു ഫോൺ എടുത്തു ആരോടോ അവനെയും പൊക്കി അവരുടെ സ്ഥിരം സ്ഥലത്ത് എത്താൻ നിർദേശം കൊടുത്തു. എന്നിട്ട് തന്റെ ലക്ഷ്യസ്ഥാനത്തേക്ക് വണ്ടി പറത്തി..

………….

കല്ലുവിന്റെ വിളിയാണ് ഗൗരിയെയും ദേവൂട്ടിയെയും ബോധത്തിലേക്ക് കൊണ്ട് വന്നത്. അവർക്ക് രണ്ടാൾക്കും തലക്ക് ആകെ ഒരു ഭാരം തോന്നി. അവർ കൈകൊണ്ടു തല തടവാൻ നോക്കുമ്പോൾ ആണ് അവരുടെ കൈകെട്ടിയിട്ടുള്ളത് അവർക്ക് മനസിലായത്. അവർ ഞെട്ടികൊണ്ട് പരസ്പരം നോക്കിയപ്പോൾ ആണ് തങ്ങളെ നോക്കി വിഷമിച്ചിരിക്കുന്ന കല്ലുവിനെ അവർ കാണുന്നത്. അവളും ബന്ധനത്തിൽ തന്നെ ആയിരുന്നു.

കല്ലു… എന്താ ഇതൊക്കെ..ഗൗരി കണ്ണ് നിറച്ചുകൊണ്ട് വിളിച്ചു..

എനിക്കറിയില്ല പെണ്ണേ.. ആരെയും കാണാനും ഇല്ല.. ആരെങ്കിലും വന്നിരുന്നെങ്കിൽ എന്താ കാര്യം എന്നെങ്കിലും മനസിലാകുമായിരുന്നു.. നീ അപ്പോഴേക്കും കരയല്ലേ..കല്ലു വിഷമത്തോടെ പറഞ്ഞു.

അതു തന്നെ വിഷമിക്കല്ലേ ഗൗരിയേട്ടത്തി.. ഒന്നുമില്ലെങ്കിൽ ഒരു പോലീസ്‌കാരന്റെ ഭാര്യ ആവാൻ പോകുന്നതല്ലേ ഇത്രക്ക് പേടിക്കല്ലേ.. എന്റെ ഏട്ടന്മാർ വരും നമ്മളെ രക്ഷിക്കാൻ.. പേടിയുണ്ടെങ്കിലും ദേവൂട്ടി പറഞ്ഞൊപ്പിച്ചു..

അതുതന്നെ നീ വിഷമിക്കല്ലേ പെണ്ണേ… കല്ലുവും ഗൗരിക്ക് ധൈര്യം കൊടുത്തുകൊണ്ടിരുന്നു..

എനിക്ക് ആകെ പേടിയാകുന്നു കല്ലു. എന്നോട് അച്ചേട്ടൻ പ്രത്യേകം പറഞ്ഞതാണ് ശ്രദ്ധിക്കണം എന്ന്. എന്നിട്ടും ഇതൊക്കെ സംഭവിച്ചില്ലേ. എന്റെ അശ്രദ്ധ കാരണം അല്ലെ ഇതൊക്കെ..

ഇതിലിപ്പോ എന്താ മോളെ നിന്റെ തെറ്റുള്ളത്. നീ അങ്ങനെ ഒന്നും ചിന്തിച്ചു വിഷമിക്കണ്ട.. എന്തായാലും ആരെങ്കിലും വരുന്നവരെ കാത്തിരിക്കാം. അപ്പോഴേ എന്താ കാര്യം എന്ന് നമുക്ക് മനസ്സിലാവൂ…

പെട്ടന്നാണ് അവരെ ബന്ധിച്ചിട്ടുള്ള റൂമിന്റെ ഡോർ ആരോ തുറന്നത്. ഡോറിലൂടെ ഉള്ളിലേക്ക് വരുന്ന ആളെ കണ്ടതും എല്ലാവരും ഞെട്ടിപ്പോയി..

………………

അച്ചുവിന്റെ വണ്ടി നേരെ ചെന്ന് നിന്നത് ഒരു ഉള്ളേരിയയിൽ ഉള്ള ഒഴിഞ്ഞ ഒരു ബിൽഡിങ്ങിനു മുന്നിൽ ആണ്. കുറച്ചു നേരത്തിനു ശേഷം കണ്ണന്റെ വണ്ടിയും രുദ്രന്റെ വണ്ടിയും അവിടെ എത്തി. അവർ വന്നതും അച്ചു ഇറങ്ങി നേരെ അതിനുള്ളിലേക്ക് പോയി. അവന് പിന്നാലെ കണ്ണനും രുദ്രനും ദേവും കയറി ചെന്നു.

എന്താ അച്ചു നമ്മൾ ഇവിടെ.. നമുക്ക് അവരെ കണ്ടത്തേണ്ടേ..
കണ്ണൻ ചോദിച്ചു.

5 മിനിറ്റ് കണ്ണാ അതിനുള്ളിൽ നമുക്ക് എല്ലാ വിവരങ്ങളും കിട്ടും. രണ്ടുപേർകൂടി ഒന്ന് വന്നോട്ടെ..

അതാരാ അച്ചുവേട്ടാ.. രുദ്രൻ ചോദിച്ചു..

അതിന് മറുപടി പറയാൻ അച്ചു തുടങ്ങുന്ന സമയത്താണ് പുറത്ത് ഒരു വണ്ടി വന്നുനിൽക്കുന്ന ശബ്ദം എല്ലാവരും കേട്ടത്. അതോടെ അച്ചുവിന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു..

കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഉള്ളിലേക്ക് കയറി വരുന്നവരെ കണ്ട അച്ചു ഒഴികെ ബാക്കി ഉള്ളവരുടെ പുരികം സംശയത്താൽ ചുളിഞ്ഞു..