25/05/2026

പെയ്തൊഴിയാതെ : ഭാഗം 31

രചന – മിയ അവ

ഇവിടെ അടുത്തേക്കെന്ന് പറഞ്ഞ് പോയിട്ട് കുറെ നേരമായിട്ടും പാറുവിനെ കാണാഞ്ഞപ്പോൾ ശിവ മായയെ കാറിലേക്കിരുത്തി മറ്റൊരു വഴിയിലൂടെ ആ കാടിന്റെ താഴേക്ക് ഇറങ്ങിയതായിരുന്നു. കാറിൽ വരുന്ന വഴി ദൂരെയായി കോട്ടപഴങ്ങൾ നിറയെ ഉണ്ടാവുന്ന മരങ്ങൾ കണ്ടപ്പോൾ മായയാണ് പറഞ്ഞത് ഒരുപക്ഷെ പാറു അവിടെ ഉണ്ടാവുമെന്ന്. അങ്ങനെയാണ് ശിവയും മായയും അവിടേക്ക് എത്തിയത്. വണ്ടി അവിടെ നിർത്തി ശിവ കാറിൽ നിന്നിറങ്ങി പാറുവിനെ അന്വേഷിച്ച് പോവാൻ നിന്നപ്പോൾ..

“ശിവ.. എന്നെ കൂടിയൊന്ന് ഇറക്കെടാ… എന്തായാലും ഈ ഭാഗത്തേക്ക്‌ വന്നതല്ലേ.. നമുക്ക് കുറച്ചു നേരം ഇവിടെ കൂടി ഇരുന്നിട്ട് പോവാം…..”

ശിവ തിരിഞ്ഞു നിന്ന് അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു കൊണ്ട് കാറിൽ നിന്ന് വീൽ ചെയർ എടുത്തു പുറത്തേക്ക് വെച്ച് അതിലേക്ക് മായയെ എടുത്തിരുത്തി. അവളെയും ഉരുട്ടി ആ മരങ്ങളുടെ സൈഡിൽ കൂടെയങ്ങനെ പാസ് ചെയ്തു പോവുമ്പോഴാണ് അരികിലെവിടെയോ നിന്ന് ആരുടെയോ കരച്ചിൽ ചീളുകളുടെ ഞരക്കം രണ്ടു പേരും കേട്ടത്. സംശയത്തോടെ അവർ പരസ്പരം നോക്കി.

“ശിവ.. നീ കുറച്ചു കൂടി മുന്നോട്ട് നടന്നു നോക്കിയേ.. ചിലപ്പോൾ അടുത്ത് എവിടെയെങ്കിലും ആർക്കെങ്കിലും വല്ല അത്യാഹിതവും സംഭവിച്ചതാണെങ്കിലോ… കാടല്ലേ… വല്ലതും പറ്റിയാപ്പോലും രക്ഷിക്കാൻ അധികമാരും കാണില്ല ഈ കാട്ടിലൊന്നും…. നമുക്കൊന്ന് പോയി നോക്കാടാ….”

“മ്മ് ശരി…”

അവിടുന്ന് മൂന്നോ നാലോ അടി മുന്നോട്ടു വെച്ചപ്പോഴേക്കും കാണുന്നത് ആ മരങ്ങൾക്കിടയിലൂടെ രണ്ടു മൂന്നു പേർ ചേർന്ന് ഏതോ ഒരു സ്ത്രീയെ ബലമായി പിടിച്ചമർത്തുന്നതാണ്. അത് കണ്ടതും വീൽ ചെയർ അവിടെയൊരു സൈഡിലേക്ക് ഒതുക്കി വെച്ച് ശിവ മുന്നോട്ട് ആഞ്ഞതും ആ ആളുകൾ തല തിരിച്ചതും ഒന്നിച്ചായിരുന്നു. വാ പൊത്തി കാലുകളിൽ പൊക്കിയെടുത്ത് കൊണ്ട് ആ സ്ത്രീയുടെ മുഖം കണ്ടതും ശിവയുടെ നെഞ്ചോന്ന് കത്തി.

“പാറു….”

അവന്റെ നാവ് മന്ത്രിച്ചു. എന്നാൽ അടുത്ത് നിന്ന മായയുടെ കണ്ണുകൾ പതിഞ്ഞത് മറ്റൊരു മുഖത്തായിരുന്നു. ആ മുഖം കണ്ടതും അവളുടെ മുഖം വലിഞ്ഞു മുറുകി കണ്ണുകളിൽ തീക്ഷണത ഉരുണ്ടു കൂടി.

“ശിവ….. ഷാജി… അവനാ… ആ വെട്ട് പോത്ത്….”

കണ്ണുകളിൽ രൗദ്ര ഭാവം നിറച്ച് അവന്റെ പേര് ഉച്ചരിച്ച മായയെ തിരിഞ്ഞോന്ന് നോക്കിയ ശിവയുടെ ഭാവവും ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒന്നിലേക്ക് രൂപ പകർച്ച

ചെയ്യുകയായിരുന്നു. തന്റെ സ്വപ്നങ്ങളെ ഇല്ലാതാക്കിയവൻ…തനിക്ക് പ്രിയപ്പെട്ടതിനെ ഒരു ജീവശവം കണക്കെ കിടത്തി കളഞ്ഞവൻ… തന്റെ ജീവിതത്തെ മറ്റൊരു തലത്തിലേക്ക് വഴി തിരിച്ചു വിട്ടവൻ…. മനസ്സിൽ എന്നോ അക്കമിട്ട് വെച്ചിരുന്നു അവനോടുള്ള പക ഓരോന്നായി… ഇന്നിതാ അവന്റെ അടുത്ത ഇരയെ ചാടിപ്പിടിക്കാൻ എത്തിയിരിക്കുന്നു…. തങ്ങളുടെ സന്തോഷത്തെ വീണ്ടും അണയ്ക്കാനായി കലി പൂണ്ടു നിൽക്കുന്ന വെട്ടു പോത്ത് ഷാജിക്ക് മുന്നിൽ ശിവയും തന്റെ രൗദ്ര ഭാവത്തെ തന്നിലേക്ക് ആവാഹിക്കുകയായിരുന്നു ആ നിമിഷം. അസുരനെ ഉന്മൂലനം ചെയ്യുന്ന സാക്ഷാൽ സംഹാര മൂർത്തിയുടെ നിയോഗമായിരുന്നു അപ്പോൾ ശിവയ്ക്ക്.

ശ്വാസം കിട്ടാതെ പാറു അവന്റെ കൈയിൽ കിടന്നു പിടയുന്ന കാഴ്ച കണ്ണിൽ പതിയും തോറും ശിവയുടെ ഉള്ളിലെ കോപാഗ്നി ആളി കത്തി. വലിഞ്ഞു മുറുകിയ മുഖത്തോടെ ഷാജിയെ പിന്നിൽ നിന്ന് ചവിട്ടി വീഴുത്തുമ്പോൾ അവിടെ അസുരന് മേല് ദേവന്റെ വിജയത്തിന് കാഹളം മുഴങ്ങുകയായിരുന്നു.

കത്തുന്ന കണ്ണുകളാൽ മുന്നിൽ

നിൽക്കുന്ന ശിവയെയും തൊട്ട് പുറകിലായി വീൽ ചെയറിൽ മായയെയും കണ്ടപ്പോൾ ഷാജിയുടെ കണ്ണുകളിലും രക്തം തിളച്ചു. വീണിടത്തു നിന്ന് അവൻ ചാടിയെഴുന്നേറ്റു.

“ആഹാ… ഇത്തവണ പാർവതിയ്ക്ക് രക്ഷയായി ശിവൻ തന്നെ നേരിട്ട് അവതരിച്ചിരിക്കുകയാണോ….”

“ആ കഴുത്തിൽ കിടക്കുന്ന താലി ഞാൻ കെട്ടിയതാണെങ്കിൽ പാർവതിയെ രക്ഷിക്കാൻ ശിവന് അവതരിക്കാതെ വയ്യല്ലോ  ഷാജി….”

“ഓഹോ… അപ്പോ കെട്ടിയ താലി സംരക്ഷിക്കാൻ ഇറങ്ങിയതാണോ നീ… എടാ ചെക്കാ.. ദേ ഈ അടുത്ത് നിൽക്കുന്നവളെ  ഒന്ന് അനങ്ങാൻ പോലും ആവാത്ത പരുവത്തിൽ മുന്നിൽ കൊണ്ട് ഇട്ടു തന്നിട്ടും നിനക്ക് മനസ്സിലായില്ലേടാ ഈ ഷാജി ആരാണെന്ന്…..ഇല്ലെങ്കിൽ പോയി സിറ്റിയിലൊക്കെ അന്വേഷിച്ചിട്ട് വാ അപ്പോ അറിയാം വെട്ടു പോത്ത് ഷാജിയുടെ പവർ എന്താന്ന്…..”

“സിറ്റിയിലൊക്കെ അന്വേഷിച്ച് നിന്റെ ഹിസ്റ്ററി എടുത്തു വരുന്ന വരെ കാത്തു നിൽക്കാൻ എനിക്കും നിനക്കും ടൈം

ഇല്ലല്ലോ ഷാജി…ഇന്ന്..ഈ നിമിഷം ശിവ നിന്റെ മുന്നിൽ എത്തിയിട്ടുണ്ടെങ്കിൽ… നിന്റെ ആയുസ്സിന്റെ ചീട്ട് സാക്ഷാൽ മഹാദേവൻ അങ്ങ് കീറി കളഞ്ഞുന്നാണർത്ഥം…..”

“അത്രയ്ക്ക് ധൈര്യം നിനക്ക് ഉണ്ടോടാ… നരിന്ത് ചെക്കാ….”

“ഉള്ളതോണ്ടാണല്ലോടാ നിനക്ക് മുന്നിൽ വന്നു ഞാനിങ്ങനെ നിൽക്കുന്നത്….അന്ന് എന്റെ സ്വപ്നങ്ങൾ നീ കാരണം തകർന്നപ്പോൾ ഓങ്ങി വെച്ചതായിരുന്നു നിനക്ക് ഞാൻ…എന്നിട്ടും നീ ജയിലിൽ നിന്നിറങ്ങിയപ്പോൾ തേടി വരാഞ്ഞത് പേടിച്ചിട്ടല്ല.. നിന്റെ നിഴൽ പോലും ഇനിയെന്റെ കുടുംബത്തിൽ വീഴാൻ ഞാനായിട്ട് അവസരം ഉണ്ടാക്കേണ്ടെന്ന് കരുതിയിട്ടാ….. പക്ഷെ ഇപ്പോ വീണ്ടും എന്റെ കുടുംബത്ത് കയറി കളിക്കാൻ  നീ ഒരുമ്പെട്ടിറങ്ങുമ്പോൾ നോക്കി നിൽക്കാൻ ശിവയ്ക്ക് കഴിയില്ലല്ലോ….. ഇനിയൊരിക്കലും എന്റെ കുടുംബത്തിനൊരു ഭീഷണിയായി നീ ഉണ്ടാവാൻ പാടില്ല…..”

“അത്രയ്ക്ക് തിളയ്ക്കുന്നുണ്ടെങ്കിൽ വാടാ.. വന്നു ഷാജിയുടെ കൈ കൊണ്ട് ചാവ്….”

പറയലും കൈ ഉയർത്തി ശിവയെ തല്ലാൻ ഓങ്ങിയ അവന്റെ കൈ ഒരു പിടിത്തതിൽ തടഞ്ഞു നിർത്തി ശിവ. പിടി മുറുകുന്നതിനനുസരിച്ച് രണ്ടു പേരുടെയും കണ്ണുകളിൽ ചോര പടരുന്നുണ്ടായിരുന്നു. മറു കൈ കൊണ്ട് വീണ്ടും അവൻ ശിവയെ അടിക്കാൻ ഓങ്ങിയപ്പോൾ ആ കയ്യും തടുത്ത് ശിവ അവനെ പിന്നിലേക്ക് ആഞ്ഞു ചവിട്ടി. അപ്പോഴേക്കും അവന്റെ കൂട്ടാളികളും ശിവയെ തടയാൻ മുന്നിലേക്ക് എടുത്തു ചാടി. അവന്മാരുടെ കൈ പിടിച്ച്  ശിവ തിരിച്ചതും ഷാജി എഴുന്നേറ്റു വന്നിരുന്നു. കൂട്ടത്തിൽ ഒരുത്തന്റെ കൈ ചുറ്റിപ്പിടിച്ച് അവനെയൊന്നാകെ കറക്കി ശിവ എഴുന്നേറ്റ് വന്ന ഷാജിയുടെ ദേഹത്തേക്ക് എറിഞ്ഞു. അവർ രണ്ടു പേരും കൂടി വീണ്ടും ഉരുണ്ടു കെട്ടി വീണു. തന്നെ വട്ടം പിടിച്ച ബാക്കിയുള്ളവന്മാരെ കൂടി അടിച്ചു പതം വരുത്തുന്നതിനിടയിൽ ഷാജി അവിടെ നിന്നും കാട്ടുവള്ളികൾ വലിച്ചെടുത്ത് അതുകൊണ്ട് ശിവയുടെ കഴുത്തിൽ കുരുക്കിട്ടു പിന്നിലേക്ക് വലിച്ചു. അവന്റെ കഴുത്തിലെ ഞരമ്പുകൾ ആ കുരുക്കിൽ മുറുകി അവന് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തോന്നി. ഷാജിയുടെ കുരുക്കിൽ ഞെരി പിരി കൊള്ളുന്ന ശിവയെ കണ്ടപ്പോൾ പാറുവിന്റെ കണ്ണിൽ വറ്റാത്ത നീരൊഴുകി. തന്റെ താലിയിൽ മുറുക്കെ പിടിച്ച് കണ്ണടച്ച്

അവൾ ഭഗവാനെ വിളിച്ച് നെഞ്ചുരുകി പ്രാർത്ഥിച്ചു. മായയാണേൽ ആ കാഴ്ച കണ്ട് ശിവയോട് ആക്രോശിക്കുന്നുണ്ട്.

“ശിവ… കിൽ ഹിം…. നമുക്കിടയിൽ ഇനിയവൻ ഉണ്ടാവാൻ പാടില്ല… കൊന്നു കളയ്യ് അവനെ….”

ആളി പടരുകയായിരുന്നു അവളിലെ ദേഷ്യം. പിടയുന്ന നോവിൽ തല ചെരിച്ചൊന്ന് നോക്കിയ ശിവ കാണുന്നത് താലിചരടിൽ മുറുക്കെ പിടിച്ച് തന്റെ പ്രാണന് വേണ്ടി ഈശ്വരന്മാരോട് യാചിക്കുന്ന പാറുവിനെയും തങ്ങൾക്കിടയിൽ വില്ലനായി ഭവിച്ചവന്റെ അന്ത്യം കാണാൻ ആക്രോശം കൂട്ടുന്ന മായയുടെ ഉള്ളിലെ ഇനിയും കെട്ടടങ്ങാത്ത കനലുമായിരുന്നു. തന്റെ പ്രാണനായ രണ്ടു പേർ… ഒരാൾ ഉള്ളുരുകിയുള്ള പ്രാർത്ഥനയിലൂടെയും മറ്റെയാൾ തന്റെ ഉള്ളിലെ ആവേശം ആളി കത്തിച്ച് കൊണ്ടും മുന്നേറാൻ തനിക്ക് ഊർജ്ജം പകരുമ്പോൾ കണ്ണുകൾ കൂട്ടിയടച്ച് അവനൊന്നു ഉയർന്നു പൊങ്ങി കാലുകൾ കൊണ്ട് ഷാജിയുടെ അടി വയറ്റിലേക്ക് ആഞ്ഞു ചവിട്ടി. ചവിട്ടിന്റെ ആഘത്തത്തിൽ ഷാജിയുടെ കഴുത്തിലുള്ള പിടി അഴിഞ്ഞു. വള്ളിയിലുള്ള അവന്റെ പിടിത്തം ഒന്നഴഞ്ഞത് കണ്ടതും ശിവ ആ

വള്ളിയിൽ ആഞ്ഞു വലിച്ച് അത് തന്റെ കൈപിടിയിലൊതുക്കി. നീളമുള്ള ആ വള്ളി വട്ടത്തിൽ ചുഴറ്റി ചുറ്റിലും ഉള്ളവന്മാരെയെല്ലാം അത് കൊണ്ട് വീശിയടിച്ചു കൊണ്ടിരുന്നു. അപ്പോഴേക്കും കൂട്ടത്തിലൊരുത്താൻ ഓടിപ്പോയി ജീപ്പിൽ നിന്നും ഒരു കത്തിയെടുത്ത് ഷാജിയുടെ കൈകളിലേക്ക് ഇട്ടു കൊടുത്തു.

“ഷാജിയണ്ണ…. കത്തി….”

വള്ളി വീശി എല്ലാത്തിനെയും ചുഴറ്റിയടിക്കുന്ന ശിവയുടെ അടുത്തേക്ക് ഷാജി ആ കത്തിയുമായി നടന്നടുത്തെങ്കിലും ശിവ ആ വള്ളി അവന് നേരെയൊന്ന് ആഞ്ഞു വീശിയപ്പോൾ ആ ചുറ്റലിൽ ഷാജിയുടെ കയ്യിലുണ്ടായിരുന്ന കത്തി ദൂരേക്ക് തെറിച്ചു പോയി. എന്നാൽ ഉടനെ തന്നെ എല്ലാവരും ചേർന്ന് ശിവയുടെ കയ്യിലുള്ള ആ വള്ളിയിൽ പിടിത്തമിട്ട് അത് രണ്ടാക്കി നശിപ്പിച് ദൂരേക്ക് എറിഞ്ഞു. പിന്നെ ശിവയെ എല്ലാവരും കൂടി പൊതിഞ്ഞ സമയം ഇതൊന്നും കാണാനാവാതെ കണ്ണടച്ച് പ്രാർത്ഥിക്കുന്ന പാറുവിൽ വെട്ട് പോത്ത് ഷാജിയുടെ കണ്ണുടക്കി.  അവൻ വേഗം തന്നെ അവൾക്ക് നേരെ അലറി കൊണ്ടടുത്തു. അവന്റെ അലർച്ച കേട്ട ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കിയപ്പോഴാണ്

മായ ആ കാഴ്ച കാണുന്നത്. ഷാജിയുടെ പിടിയിൽ മുറുകിയിരിക്കുകയാണ് പാറുവിന്റെ കഴുത്ത്.

“ഈ ഷാജിയെ തോൽപ്പിച്ച് നീ ജീവിക്കില്ലെടി… എന്നെ തോൽപ്പിച്ചുവെന്ന് അഹങ്കരിക്കാൻ നിന്റെ മറ്റവനും കഴിയില്ല……അവൻ രക്ഷിക്കാൻ ശ്രമിക്കുന്നത് നിന്നെയാണെങ്കിൽ…. ആ നിന്നെ ഈ ഭൂമുഖത്ത് നിന്ന് തന്നെ പറഞ്ഞയച്ച് ശിവന്റെ ശിരസ്സ് ഓടിക്കും ഈ ഷാജി…..നിന്റെ പ്രാണനൊപ്പം ഈ ശരീരം കൂടി ഞാൻ മോഹിച്ചിരുന്നു… അതൊന്ന് ആസ്വദിക്കാൻ വേണ്ടിയാ ഇത്രയും നാൾ ഞാൻ നിന്നെ കൊല്ലാതെ വെറുതെ വിട്ടിരുന്നത്…. പക്ഷെ ഇന്നത് എനിക്ക് വേണ്ട….. പകരം ഇന്ന് ഷാജി നിന്റെ ജീവനിങ്ങ് എടുക്കുവാ….എന്നാലേ… എന്നാൽ മാത്രമേ അവൻ… നിന്റെ മറ്റവൻ ഈ ഷാജിക്ക് നേരെ കയ്യുയർത്തിയതിനു പശ്ചാത്തപിക്കുകയുള്ളു…. എന്നോട് കളിച്ചതിന് അവൻ ജീവിതകാലം മുഴുവൻ നീറണം… ഓർത്ത്‌ ഓർത്ത്‌ നീറി മരിക്കണം… അങ്ങനൊരു വിധിയാണ് ഷാജി അവന് വേണ്ടി നൽകാൻ പോകുന്നത്… അതിന് നിന്റെ ജീവൻ ഷാജി എടുക്കുവാ…. നിന്നെ അങ്ങ് കാലപുരിയിലേക്ക് പറഞ്ഞു വിടുവാ ഞാൻ….”

പറച്ചിലിനൊപ്പം മുറുകുന്ന അവന്റെ പിടിയിൽ ശ്വാസം കിട്ടാതെ പാറു പിടഞ്ഞു. കണ്ണുകൾ മേലോട്ട് ആഞ്ഞു… അവളുടെ കൈകൾ സാരിയിൽ തെരു പിടിച്ചു. പാദങ്ങൾ രണ്ടും മണ്ണിൽ നിന്നും ഉയർന്നു… മരണത്തെ മുന്നിൽ കണ്ട്….പാറുവിന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്ന കാഴ്ച മായയുടെ ഹൃദയത്തെ ഉലച്ചു. അവൾ ശിവയെ നോക്കി അലറി വിളിച്ചു.

“ശിവ… പാറു…. എടാ ഹെല്പ് ഹേർ…. ശിവ… നമ്മുടെ പാറുവിനെ അവൻ… പ്ലീസ് വാടാ… വാടാ ശിവ…..”

അവൾക്ക് വേണ്ടി മായ മുറവിളി കൂട്ടുമ്പോൾ തന്നിൽ നിന്ന് പ്രാണൻ എന്നേക്കുമായി അകലുകയാണെന്ന് തിരിച്ചറിയുമ്പോഴും പാറുവിന്റെ ഹൃദയം ഇടതടവില്ലാതെ ഒന്ന് മാത്രം പ്രാർത്ഥിച്ചു കൊണ്ടിരുന്നു… തന്റെ പ്രാണനായ രണ്ടു പേർ.. ഒരിക്കലും അകന്ന് പോവരുതേയെന്ന്…അവരുടെ കൂടിച്ചേരലിന് തടസ്സമായി നിൽക്കാതെ തന്റെ ജീവനിവിടെ പൊലിഞ്ഞാലെങ്കിലും ആപത്തൊന്നും കൂടാതെ അവർ രണ്ടും പരസ്പരം ഒന്ന് ചേരണേന്ന്….അതിനായി ആ മരണത്തെ ഹൃദയം കൊണ്ട് ഏറ്റു വാങ്ങാൻ തയ്യാറാവുകയായിരുന്നു പാറു.

ഷാജിയുടെ മുറുക്കലിൽ  സാരിയിൽ തെരു പിടിച്ച പാറുവിന്റെ കൈകൾ പതിയെ ബലം നഷ്ടപ്പെട്ട് അയഴുന്നതും കണ്ണുകൾ പതിയെ അടയുന്നതും കൂടി കണ്ടപ്പോൾ മായയുടെ നെഞ്ചിൽ ഭയം ഇരമ്പി.  അവൾ കൂടുതൽ ഉച്ചത്തിൽ അലറി കരഞ്ഞു.

“ശിവ… അവളെ രക്ഷിക്കെടാ… പ്ലീസ്… നമ്മുടെ പാറുനെ രക്ഷിക്കെടാ…… പ്ലീസ്… ടാ… ശിവാ….ഒഹ് ഗോഡ്….”

എന്നാൽ എല്ലാവരും കൂടി ചേർന്ന് പൊതിഞ്ഞിട്ട് അവനെ തല്ലുന്നതിനിടയിൽ മായയുടെ ശബ്ദം ശിവയുടെ കാതുകളിൽ പതിഞ്ഞില്ല.. അവളുടെ ഹൃദയ വേദനയും പാറുവിന്റെ ജീവ ശ്വാസം പിടയുന്നതും ശിവയറിഞ്ഞില്ല. ഉറക്കെയുറക്കെ  അലറി വിളിച്ചിട്ടും ശിവ വിളി കേൾക്കാതായപ്പോൾ പ്രതീക്ഷയറ്റ പോലെ മായയുടെ ഹൃദയം തേങ്ങി…കണ്ണുകളിൽ നിന്ന് കണ്ണുനീർ ചാലിട്ടൊഴുകാൻ തുടങ്ങി.  നെഞ്ചുരുകി.. പ്രാണൻ പൊടിഞ്ഞ് ആ കാഴ്ചയിലേക്ക് നോക്കി നിൽക്കുമ്പോൾ അവളുടെ ഹൃദയതാളം മുറുകാൻ തുടങ്ങി….ശ്വാസഗതി ക്രമം തെറ്റി മിടിക്കാൻ തുടങ്ങി…. തൊണ്ടക്കുഴിയിലെ ഞരമ്പുകൾ വലിഞ്ഞു….തന്റെ പൊന്നനിയത്തിയുടെ രക്ഷയ്ക്കായി

ആരും എത്തുന്നില്ലല്ലോന്നുള്ള ചിന്ത കനത്തപ്പോൾ… സങ്കടം  സഹിക്കാനാവാതെ പ്രാണന് വേണ്ടി മിടിക്കുന്ന ഹൃദയതുടിപ്പ് നില തെറ്റാൻ തുടങ്ങിയപ്പോൾ.. ഏതോ… ഏതോ ഒരു നിമിഷത്തിൽ ചലനമറ്റു പോയ മായയുടെ കൈകളിലേക്ക് ഒരു പെരുപ്പ് അരിച്ചു കയറി… വിറയൽ ശക്തമാവാൻ തുടങ്ങിയപ്പോൾ ജീവനറ്റു പോയിരുന്ന അവളുടെ കൈ വിരലുകളൊന്ന് പിടഞ്ഞു…മനസ്സിലെ വിറയൽ കാലുകളിലേക്കും പടർന്നപ്പോൾ തളർച്ച ബാധിച്ച കാൽ വിരലുകളൊന്ന് വെട്ടി വിയർത്തു….

ഒന്ന് തടയുക പോലും ചെയ്യാതെ അവൻ വിധിക്കുന്ന മരണത്തെ സ്വയമേ ഏറ്റു വാങ്ങുന്ന പോലെ നിർവികാരമായി നിൽക്കുന്ന പാറുവിന്റെ മുഖവും പ്രാണൻ പിടയുന്ന വേദനയിൽ അടഞ്ഞു പോവുന്ന അവളുടെ കണ്ണുകളും തന്റെ കാഴ്ച്ചയിൽ കൂടുതൽ തെളിഞ്ഞു നിൽക്കുന്നതിനിടയിൽ എപ്പോഴോ തെന്നി മാറി പോയ നോട്ടം നേരത്തെ ഷാജിയുടെ കയ്യിൽ നിന്നും തന്റെ അടുത്തേക്ക് തെറിച്ചു വീണ കത്തിയിൽ വന്നു പതിഞ്ഞപ്പോൾ… മായയുടെ കണ്ണുകളിൽ അഗ്നി ജ്വലിച്ചു… പക ആളി പടർന്നു…. പല്ലുകൾ ഞെരിഞ്ഞു…. ഞാഡീ

ഞരമ്പുകൾ വിറച്ചു…. കണ്ണുകൾ മുറുക്കിയടച്ച് സർവ്വ ശക്തിയും കൈകളിലേക്ക് ആവാഹിച്ച് തന്റെ കൈകളെ അവളൊന്ന് ആഞ്ഞു മുറുക്കി… ആ മുറുക്കലിൽ വാടി കൂമ്പി പോയ കൈകളിൽ ജീവൻ പിടഞ്ഞപ്പോൾ നെറ്റി തടത്തിലൂടെയും തൊണ്ട കുഴിയിലൂടെയും വിയർപ്പ് താഴേക്ക് അരിച്ചിറങ്ങി… മുറുക്കി പിടിച്ച കൈകളെ ശക്തിയിൽ വലിച്ച് വീൽ ചെയറിന്റെ പിടിയിലേക്ക് അമർത്തി പിടിച്ച് അതിൽ ബലം കൊടുത്ത് കൊണ്ട് കണ്ണുകളെ വീണ്ടും ശക്തിയിൽ മുറുക്കിയടച്ച് അവളൊന്ന് ആഞ്ഞു പൊങ്ങി… വിറച്ചു പോയ കാലടികൾ വീൽ ചെയറിൽ നിന്നും മണ്ണിലേക്ക് അമർന്നു… അപ്പോഴേക്കും വെട്ടി വിയർത്തു പോയിരുന്നു മായ.. എങ്കിലും മനോബലം കൈ വിടാതെ അവളുടെ നോട്ടം പോയത് തൊട്ട് അടുത്തായി മണ്ണിൽ വീണു കിടക്കുന്ന കത്തിയിലാണ്… മനസ്സിന്റെ വീര്യം കാലുകളിലേക്ക് കൂടി പകർന്നു കയറിയപ്പോൾ ആ കത്തിയ്ക്ക് നേരെ അവളുടെ കാലുകൾ ധൃതിയിൽ ചുവടു വെച്ചു.

ഇതൊന്നും അറിയാതെ അപ്പുറം ശിവ തന്റെ ചുറ്റിലും കൂടി നിൽക്കുന്നവന്മാരെ തല്ലിയൊതുക്കുന്ന തിരക്കിലായിരുന്നു. പാറുവാണെങ്കിൽ തന്റെ

പ്രിയപ്പെട്ടവരുടെയെല്ലാം മുഖം മനസ്സിലേക്കോർത്ത് ആ മരണത്തെ പുൽകാൻ തയ്യാറായി കഴിഞ്ഞിരുന്നു.

“ഡാാ…..”

അവിടം വിറച്ചു പോവുന്ന ഉച്ചത്തിൽ ഉയർന്ന അലർച്ചയ്ക്കൊപ്പം കഴുത്തിൽ അമർന്ന ഷാജിയുടെ കൈ അയഞ്ഞതും എന്തോ ഒന്ന് മുഖത്തേക്ക് തെറിച്ചത് കൂടിയായപ്പോൾ പാറു കണ്ണുകൾ തുറന്ന് …മുഖത്തേക്ക് തെറിച്ച വെള്ളത്തുള്ളിയെ കയ്യിലെടുത്തു നോക്കിയപ്പോൾ കയ്യിലേക്ക് പകർന്ന  രക്ത കറയുടെ ചൂടിൽ പാറുവൊന്ന് ഞെട്ടി തരിച്ചപ്പോഴേക്കും കുത്ത് കൊണ്ട് മണ്ണിലേക്ക് ഊർന്ന് വീണ ഷാജിയുടെ നെഞ്ചിലേക്ക് അടുത്ത കുത്തും ആഞ്ഞു കുത്തിയിരുന്നു മായ… അസുരന്റെ പ്രാണനെടുക്കുന്ന മായയുടെ ആക്രോശത്തിന്റെ മുറ വിളി ആ കാടിന്റെ നെഞ്ച് പിളർന്ന് അവിടെയൊന്നാകെയൊന്ന് അലയടിച്ചപ്പോൾ അതിന്റെ അലയടിയിൽ ശിവയും ബാക്കിയുള്ളവരുമൊന്ന് തിരിഞ്ഞു നോക്കി. കലി തീരാതെ വീണ്ടും വീണ്ടും ഷാജിയുടെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കുന്ന മായയെ ശ്വാസമെടുക്കാതെ ശിവയും പാറുവും

ബാക്കിയുള്ളവന്മാരും നോക്കി നിന്നു.

തങ്ങളുടെ തലവൻ അവിടെ കുത്തേറ്റ് പിടയുന്നത് കണ്ടപ്പോൾ എല്ലാവരുടെയും ശ്രദ്ധ അവിടേക്ക് തിരിഞ്ഞ നേരം നോക്കി ഷാജിയുടെ കൂട്ടാളികളെല്ലാം അവിടെ നിന്നും ഓടി രക്ഷപെട്ടു. ഷാജിയുടെ പ്രാണന്റെ അവസാന കണികയും അവനിൽ നിന്നകനെന്ന് ഉറപ്പാക്കിയേരെ മാത്രമാണ് മായ തന്റെ ദേഷ്യം അടക്കിയത്… കുത്തിയ കത്തി ആ മണ്ണിലേക്കെറിഞ്ഞ് അവൾ ഉറക്കെ… ഉറക്കെയുറക്കെ നെഞ്ച് പൊട്ടി ആർത്തു വിളിച്ചു കരഞ്ഞു… ആ കരച്ചിൽ കണ്ടു സഹിക്കാൻ വയ്യാതെ പാറു വേദനയോടെ കണ്ണുകൾ അടച്ചു…നിസ്സഹായതയോടെ ആ കാഴ്ച നോക്കി നിന്ന ശിവയുടെ കണ്ണിൽ നിന്നും കണ്ണുനീർ പെയ്തിറങ്ങി… അവന്റെ കൈകൾ പതിയെ മായയുടെ തോളിൽ പതിഞ്ഞു…അപ്പോൾ മാത്രം അവളൊന്ന് സ്വബോധത്തിലേക്ക് വന്നപോലെ അവന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞു..

“നമുക്ക് ജീവിക്കണം ശിവ….ഇനിയെങ്കിലും ഇവനെ ഭയക്കാതെ നമുക്കെല്ലാവർക്കും ജീവിക്കണം …എന്റെ പാറുന്റെ പ്രാണൻ അവന്റെ കയ്യിൽ കിടന്നു പിടയുന്നത് കണ്ടപ്പോൾ… സഹിച്ചില്ലടാ

എനിക്ക്…ഞാൻ… ഞാൻ കൊന്നു ശിവ അവനെ… ഇനിയൊരിക്കലും നമ്മുക്കിടയിലേക്ക് വരാത്ത വിധം അവനെ ഞാൻ കൊന്നു കളഞ്ഞെടാ…. എന്റെ.. എന്റെ പാറു ഇനിയെങ്കിലും ഒന്ന് ജീവിച്ചോട്ടെടാ… ആ പാവം ഒന്ന് ഇനിയെങ്കിലും സന്തോഷിച്ചോട്ടെടാ…..അതോണ്ട്….ഞാൻ… ഞാൻ കൊന്നവനെ…. എനിക്ക്…എനിക്കറിയില്ല ശിവ…നമുക്ക് മൂന്നാൾക്കും ഒന്ന് ജീവിക്കാൻ വേണ്ടിയാടാ ഞാൻ…. ഞാനൊരു കൊലപാതകി… ഈശ്വരാ…..”

വായിൽ വന്നതൊക്കെ പുലമ്പി കൊണ്ട് അവന്റെ നെഞ്ചിലേക്ക് ബോധം മറിഞ്ഞ് ഊർന്ന് വീണവളെ തന്നിലേക്ക് മുറുക്കിയടുപ്പിച്ച് ആഞ്ഞു പുൽകിയവൻ. ആ മുഖത്തേക്ക് മുഖം അമർത്തി അവളുടെയൊപ്പം അവനും ഉറക്കെ.. വിങ്ങിപ്പൊട്ടി കരഞ്ഞു. ജീവനകന്ന പോലെ ആ കാഴ്ച്ചയിൽ വിറങ്ങലിച്ചു പോയ പാറു വെറും മണ്ണിലേക്ക് ഊർന്നിരുന്ന് പോയി… ചുടു കണ്ണുനീർ അവളുടെ കവിളിൽ പ്രളയം പോലൊഴുകി.

എത്ര മണിക്കൂറുകൾ ആ ഇരുപ്പ് ഇരുന്നെന്ന് അവർക്ക് പോലും അറിയില്ല… അവിടെ നിന്നും ഓടിപ്പോയ ഷാജിയുടെ കൂട്ടാളികളിൽ ആരോ പോയി പറഞ്ഞത് വെച്ച് വിവരമറിഞ്ഞ് ഒന്നോ രണ്ടോ പോലീസ് ജീപ്പുകൾ ആ കാടിന്റെ നിശബ്ദതയിലേക്ക് ഇരമ്പിയെത്തി… മുഖത്തും കൈകളിലും ചോരയുമായി ശിവയുടെ നെഞ്ചിലേക്ക് ചായ്ഞ്ഞു കിടക്കുന്ന മായയെയും അവന്റെ നെഞ്ചിലേക്ക് അവളെ ചേർത്ത് പിടിച്ചു കൊണ്ട് ഇരിക്കുന്ന ശിവയെയും ഒരു പ്രതിമ കണക്കെ വെറും മണ്ണിൽ എങ്ങോ മിഴി നട്ടിരിക്കുന്ന പാറുവിനെയും കണ്ട് അൽപ്പ നേരം ആ പോലീസുകാർ പോലും വാക്കുകളറ്റ് നിന്നു. കുറച്ചേറെ നേരം ആ ഇരുപ്പ് ഇരുന്നപ്പോഴേക്കും മായ തന്നിലെ സ്വബോധത്തെ വീണ്ടെടുത്ത് വിരസമായി എല്ലാവരെയും നോക്കിയൊന്ന് ചിരിച്ച്… അവിടെ അരികിലായി ശാന്തമായി ഒഴുകുന്ന അരുവിയിൽ നിന്നും കൈക്കുമ്പിളിൽ വെള്ളം നിറച്ച് മുഖത്തേക്കൊഴിച്ചു. അതിന്റെ വിറയ്ക്കുന്ന തണുപ്പിൽ അവൾ അവളുടെ ദുഃഖത്തെ ഒഴുക്കി… സന്തോഷത്തിന്റെ….സമാധാനത്തിന്റെ ദിനങ്ങളാണ് ഇനി വരാനിരിക്കുന്നതെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു… അപ്പോഴേക്കും ശിവയും പാറുവും അവൾക്കരികിലേക്ക് എത്തിയിരുന്നു… അവരെ നോക്കി മനോഹരമായി അവളൊന്ന് പുഞ്ചിരിച്ചു… ആ

പുഞ്ചിരിയ്ക്ക് പകരമായി ശിവയുടെ കവിളിൽ നിന്ന് ചുടു നീരിറങ്ങുന്നത് കണ്ട് മായ വേഗം തന്നെ അത് തന്റെ കൈകൾ കൊണ്ട് തുടച്ചു കൊടുത്തു..

“ഇത് സങ്കടപ്പെടാനുള്ള സമയമല്ല ശിവ… നീ കണ്ടില്ലേ ഇനിയൊരിക്കലും ആ ബെഡ് വിട്ട് എഴുന്നേക്കില്ലെന്ന് വൈദ്യ ശാസ്ത്രം വിധിയെഴുതിയ ഞാനാണ് നിനക്ക് മുന്നിലിങ്ങനെ നിവർന്നു നിൽക്കുന്നത്….. അത്ഭുതം തോന്നുന്നില്ലെടാ നിനക്ക്……എനിക്ക്.. എനിക്കൊരു പുതിയ ജീവിതമാണ് ശിവ കിട്ടിയിരിക്കുന്നത്…. ഇനിയെനിക്ക്…. ഇനിയെനിക്ക് ധൈര്യമായി സ്വപ്നങ്ങൾ കാണാലോടാ…. ആരെയും ഭയക്കാതെ നമുക്ക് ജീവിക്കാലോടാ…. അതിൽ സന്തോഷിക്കയല്ലേ വേണ്ടത്…. ഞാൻ… ഞാൻ ഉടനെ മടങ്ങി വരുവല്ലോടാ…. നിങ്ങളുടെയൊക്കെ പഴയ മായയായി… അന്ന് എനിക്ക് തരാൻ ഒരു ഗിഫ്റ്റ് ഉണ്ടാവണം നിന്റെയും പാറുവിന്റെയും കയ്യിൽ… ഇനി അത് വൈകിക്കൂടാ…..”

ആ അവസാന വാക്കിൽ അവളുടെ കണ്ണുകൾ പാറുവിന്റെ മേലും പതിഞ്ഞു. ആ നേരം പാറുവും മനസിലാക്കുകയായിരുന്നു അവരെക്കുറിച്ച് തന്നിലുണ്ടായ

തെറ്റിദ്ധാരണകളെ….

“ഡീ.. കുറുമ്പി…ഈ പറഞ്ഞതൊക്കെ കേട്ടല്ലോ… നിന്നോട് കൂടിയാ ഇതൊക്കെ പറഞ്ഞത്… മര്യാദയ്ക്ക് അടങ്ങിയൊതുങ്ങി എന്റെ ചെക്കന്റെ കൂടെ നിന്നേക്കണം…. ഇവന്റെ ഉള്ളിൽ നിന്നോട് പറയാനൊരു കുഞ്ഞു രഹസ്യമുണ്ട്… അത് എന്താണെന്ന് ചോദിച്ചു മനസ്സിലാക്കി.. ഒടക്കൊക്കെ നിർത്തി രണ്ടും കൂടി ഇനിയെങ്കിലും ജീവിച്ചു തുടങ്ങണം….അതല്ല പതിവ് കുറുമ്പ് എടുക്കാനാ നിന്റെ ഭാവമെങ്കിൽ… ഞാൻ തിരികെ വരുമ്പോൾ  ചട്ടുകം പഴുപ്പിച്ച് നല്ല പെട തരുവേ ഞാൻ…. അറിയാലോ കയ്യും കാലും തളർന്നു സൈഡ് ആയിപ്പോയ മായയല്ല ഇപ്പോൾ… നിന്നെക്കാൾ ഒക്കെ നല്ല ആരോഗ്യമുള്ള.. ഉശിരുള്ള മായയാ… വെറുതെ എന്റെ കൈക്ക് പണി ഉണ്ടാക്കി വെയ്ക്കരുത് നീ….”

അത് കേൾക്കലും കരഞ്ഞു കൊണ്ട് അവളുടെ നെഞ്ചിലേക്ക് വീണ്..പാറു അവളെ പൂണ്ടടക്കം കെട്ടിപിടിച്ച് ചുംബനങ്ങൾ കൊണ്ട് മൂടി.. മായ അവളെയും സ്നേഹ ചുംബനം കൊണ്ട് പൊതിഞ്ഞു. അപ്പോഴേക്കും മായയെ കൊണ്ട് പോവാനുള്ള സമയമായിരുന്നു.

അവളുടെ കൈകളിൽ വിലങ്ങണിയാൻ വന്ന വനിതാ പോലീസിന് മുന്നിൽ ശിവ കേണപേക്ഷിച്ചപ്പോൾ വിലങ്ങണിയിക്കാതെ തന്നെ അവളെ കൊണ്ട് പൊയ്ക്കോളാമെന്ന് അവർ സമ്മതിച്ചു. ശിവ വിളിച്ചു പറഞ്ഞതനുസരിച്ച് മായയുടെ അമ്മ സുനിതയെയും ശ്രീദേവിയെയും കൊണ്ട് ഗൗതം അവിടെയെത്തിയിരുന്നു. അച്ഛൻ ഗോവിന്ദ് സിംഗപ്പൂർ തന്നെയായത് കൊണ്ട് അയാൾക്ക് എത്തിപ്പെടാൻ സാധിച്ചില്ല. കരഞ്ഞു നിന്ന അവരെയൊക്കെ പറഞ്ഞു ആശ്വസിപ്പിച്ച്..പുതിയൊരു ജീവിതത്തിലേക്ക് താൻ മടങ്ങി വരുമെന്ന് അവർക്കൊക്കെ വാക്ക് കൊടുത്ത് മായ പോലീസുകാർക്കൊപ്പം അവരുടെ ജീപ്പിലേക്ക് കയറി. കൈ വീശി റ്റാറ്റാ കൊടുത്തു കൊണ്ട് സന്തോഷത്തിൽ പോവുന്നവളെ നോക്കി ബാക്കിയുള്ളവരും കണ്ണ് തുടച്ചു.

അവർ പോയി കഴിഞ്ഞപ്പോൾ ശ്രീദേവിയെയും സുനിതയെയും കൊണ്ട് ഗൗതം തിരിച്ചു പോയി. കണ്ണിൽ ഉരുണ്ടു കൂടിയ കണ്ണുനീരിനെ തൂവാല കൊണ്ടൊപ്പി തിരിഞ്ഞു നടക്കാനൊരുങ്ങിയ ശിവയൊന്ന് നിന്നു. പുറം തിരിഞ്ഞു നിൽക്കുന്ന പാറുവിന്റെ കൈകളിലേക്ക് ചുണ്ടിൽ കുറുകിയ കള്ളച്ചിരിയോടെ അവൻ തന്റെ

കൈകൾ ചേർത്തു.. ഒരു പിടച്ചിലോടെ അവന്റെ മിഴികളിലേക്ക് നോക്കിയ പാറുവിന് കുസൃതിയിൽ…അതിലേറെ .പ്രണയത്തിൽ ചാലിച്ച നോട്ടത്തോടെ ഒരു പുഞ്ചിരി പകർന്ന് നിറഞ്ഞു തുളുമ്പി നിൽക്കുന്ന അവളുടെ കണ്ണുകളിലേക്ക് തന്റെ കണ്ണുകൾ കോർത്ത്… അവന്റെ നാവ് മൊഴിഞ്ഞു…

“അപ്പോ…എങ്ങനാ…അങ്കം നിർത്തി നമുക്കും തുടങ്ങിയാലോ…. ജീവിക്കാൻ……”

(തുടരും )