രചന – കണ്ണന്റെ മാത്രം
ഗൗരി ചായയും കൊണ്ട് ചെല്ലുമ്പോൾ അച്ചു നല്ല ഉറക്കത്തിൽ ആണ്. അവൾ അവനെ കുറച്ചുനേരം നോക്കി നിന്നു പോയി അത്രേം നിഷ്കളങ്കമായിട്ടാണ് അവൻ ഉറങ്ങുന്നത്. അവൾ കട്ടിലിനടുത്തേക്ക് പോയി ചായ അതിനടുത്തുള്ള ടീപ്പോയിയിൽ മൂടി വച്ചു. എന്നിട്ട് അവനടുത്തേക്ക് വന്നിട്ട് അവന്റെ മുടിയിൽ കൂടി ഒന്നു പതിയെ തലോടി. തിരിച്ചു പോകാൻ വേണ്ടി തിരിഞ്ഞതും കൈയിൽ പിടി വീണതും ഒരുമിച്ചായിരുന്നു. അവൻ കുറച്ചു നീങ്ങി കിടന്ന് അവളെ അവന് അടുത്തായി പിടിച്ചിരുത്തി. എന്നിട്ട് ചോദിച്ചു…
ചായയും കൊണ്ട് വന്നിട്ട് അതു വിളിച്ചുണർത്തി തരാതെ പോകുവാണോ എന്റെ ദുർഗപെണ്ണ്.
അതുപിന്നെ അച്ചേട്ടൻ ഉറങ്ങല്ലേ എന്ന് കരുതിയാണ് വിളിക്കാഞ്ഞത്. കുറേ വൈകിയല്ലേ ഇന്നലെ കിടന്നത്. ഉണർന്ന് കിടക്കാണെന്നു അറിഞ്ഞില്ല… അവൾ ഒരു ചിരിയോടെ മറുപടി പറഞ്ഞു.
മ്മ്… ഇന്നലെ മാമയും ആയി സംസാരിച്ചിരുന്നിട്ട് വൈകി കുറേ. അതാ പിന്നെ ഇന്നലെ പോകാതെ ഇവിടെ തങ്ങാം എന്ന് കരുതിയത്… അച്ചു പറഞ്ഞു..
എന്നോട് ഉമ്മി പറഞ്ഞു അത്.. ഗൗരി ഒരു ചിരിയോടെ പറഞ്ഞു.
അച്ചു ഗൗരിയുടെ സന്തോഷം നിറഞ്ഞ മുഖത്തേക്ക് കുറച്ചുനേരം നോക്കിയിരുന്നു. പിന്നെ ചോദിച്ചു…
ദുർഗാ… നീ ഹാപ്പി അല്ലേ. നിന്റെ മുഖത്തെ ഈ സന്തോഷം സത്യം തന്നെ അല്ലേ..
ഞാൻ ഒരുപാട് ഹാപ്പി ആണ് അച്ചേട്ടാ…എന്റെ ലൈഫിൽ ഇത്രേം സന്തോഷത്തോടെ ഞാൻ ഇരിക്കുന്നത് കല്ലുവിന്റെ കൂടെ മാത്രം ആയിരുന്നു. പക്ഷേ ഇപ്പൊ അങ്ങനെ അല്ല.. അച്ചേട്ടൻ വിഷമിക്കണ്ട കേട്ടോ…
മ്മ്.. അതുകേട്ടാൽ മതി. നമ്മുടെ കല്യാണം കഴിഞ്ഞാലും എനിക്ക് ഇവിടെ നിന്ന് മാറ്റം കിട്ടുന്നത് വരെ നമ്മൾ ഇവിടെ ആവും നിൽക്കുക. എനിക്കും സ്റ്റേഷനിൽ പോകാൻ ഇതാകും സുഖം…
അച്ചുവിന്റെ വായിൽ നിന്നും കല്യാണക്കാര്യം കേട്ടതും എത്ര വേണ്ടെന്നു വച്ചിട്ടും ഗൗരിയുടെ മുഖം തുടുത്തു. അവൾ നാണത്തോടെ മുഖം കുനിച്ചു…
ആഹാ.. എന്റെ കൊച്ചിന് നാണം വന്നല്ലോ….അച്ചു ഒരു കുസൃതി ചിരിയോടെ പറഞ്ഞു.
പോ.. അച്ചേട്ടാ.. ഞാൻ പോവാണ്. ഗൗരി കെർവിച്ചുകൊണ്ട് എഴുന്നേറ്റ് പോകാൻ നോക്കി..
ഹാ..പോകല്ലേ അങ്ങനെ.
എന്തായാലും വന്നതല്ലേ അച്ചേട്ടന് ഒരു മോർണിംഗ് ഗിഫ്റ്റ് തന്നിട്ട് പൊക്കൊ… അച്ചു അവളുടെ കൈപിടിച്ച് നിർത്തികൊണ്ട് പറഞ്ഞു.
അയ്യടാ മനമേ… നടക്കൂല മോനെ പോയി ഫ്രഷ് ആയി ചായ കുടിക്കാൻ നോക്ക് അതാണ് ബെസ്റ്റ് മോർണിംഗ് ഗിഫ്റ്റ്.. അച്ചുവിന്റെ കയ്യകലത്തിൽ നിന്നും കുതറി മാറി നിന്നുകൊണ്ട് അതുംപറഞ്ഞു അവൾ അവിടെ നിന്നും ഓടി..
ഗൗരിയുടെ ചിരിയും കളിയും കുറുമ്പുമെല്ലാം അവൻ നിറഞ്ഞ സന്തോഷത്തോടെ ആണ് ആസ്വദിച്ചത്.
………..
ദിവസങ്ങൾ വളരെ പെട്ടന്ന് തന്നെ കടന്നുപോയി. ഗൗരി എല്ലാ രീതിയിലും സുലുവിന്റേം ഹരിയുടെയും മകളായി. അവൾ ഇപ്പോൾ അവളുടെ പഴയ ലൈഫിനെ കുറിച്ച് ചിന്തിക്കുന്നത് തന്നെ ഇടക്ക് ബാലൻ അവളെ ഓഫീസിൽ കാണാൻ വരുമ്പോൾ മാത്രം ആണ്. ബാക്കി എല്ലാവരും ആയിട്ടുള്ള ബന്ധം അവസാനിപ്പിച്ചെങ്കിലും ബാലന് ഇപ്പോഴും ഗൗരി ആ പഴയ സ്നേഹം കൊടുക്കുന്നുണ്ട്. ബാലനും ഇപ്പോഴാണ് മനസ്സ് തുറന്ന് അവളെ സ്നേഹിക്കുന്നത്. വൈകിപോയെങ്കിലും ഇപ്പൊ അയാൾക്കറിയാം തന്റെ തെറ്റ്. അതുകൊണ്ട് തന്നെ ഇപ്പൊ അയാൾ എന്തിനും ഗൗരിക്ക് സപ്പോർട്ട് ആണ്. അച്ചുവിനെയും അംഗീകരിച്ചു.
നവീനിന്റെ ഭാഗത്തു നിന്നോ മാനവിന്റെ ഭാഗത്തു നിന്നോ ഒരു ആക്രമണം ഉണ്ടാവാത്തത് ഹരിയെയും അച്ചുവിനെയും സമാധാനത്തിൽ ആക്കിയെങ്കിലും ഏതു നിമിഷവും അവർ അതു പ്രതീക്ഷിക്കുന്നുണ്ട്.
കല്ലുവും കണ്ണനും കൂടുതൽ കൂടുതൽ ആഴത്തിൽ പരസ്പരം അറിഞ്ഞും മനസിലാക്കിയും മുന്നോട്ട് പോവുന്നുണ്ടെങ്കിലും രണ്ടും തമ്മിൽ ഉള്ള അടിക്ക് മാത്രം യാതൊരു കുറവും ഇല്ല. ദേവർമഠത്തിൽ ഉള്ളവർക്ക് ഇപ്പൊ അവരുടെ അടി ഒരു ശീലം ആയി കഴിഞ്ഞു. ഇപ്പൊ അവർ അടികൂടാതെ ഇരിക്കുമ്പോൾ ആണ് എല്ലാവരും അവരെ തുറിച്ചുനോക്കുന്നത്.
ഇന്ന് അങ്ങനെ ഒരു അടിക്കഴിഞ്ഞു രണ്ടും റൂമിന്റെ രണ്ട് മൂലക്ക് മുഖവും കയറ്റി ഇരിക്കുന്ന നേരത്താണ് ആരോ റൂമിന്റെ ഡോറിൽ മുട്ടിയത്. കല്ലു പോയി തുറന്നു നോക്കിയപ്പോൾ ഗൗരി ആയിരുന്നു.
ആ നീയോ… എപ്പോ വന്നു… എന്താ ഇത്ര രാവിലെ…കല്ലു ചോദിച്ചു.
ഞാൻ കുറച്ച് നേരം ആയി വന്നിട്ട്. ലച്ചുന്റെ അടുത്തായിരുന്നു. അവൾക്ക് പനിയാണെന്ന് ഇന്നലെയാണ് അച്ചേട്ടൻ പറഞ്ഞത്. അപ്പൊ പിന്നെ രാവിലെ തന്നെ ഇങ്ങോട്ട് പോന്നു. അല്ല ഇവിടെ എന്താ പ്രശ്നം. എന്താ രണ്ടിന്റേം മുഖം കുട്ടിക്കലം കമഴ്ത്തിയ പോലെ ഇരിക്കുന്നെ. പിന്നേം അടികൂടിയോ രണ്ടും..ഉള്ളിലേക്ക് ഒന്നു തലയെത്തി നോക്കി കണ്ണനെ ഒന്നു കൈ ഉയർത്തി കാണിച്ചുകൊണ്ട് ഗൗരി ചോദിച്ചു.
ഒന്നും പറയണ്ട മോളെ എനിക്ക് ഒന്നു പുറത്തു പോണം. അങ്ങേർക്ക് എന്തോ വീഡിയോ കോൺഫറൻസ് ഉണ്ട് അപ്പൊ എന്റെ കൂടെ വരാൻ പറ്റില്ല. ഞാൻ പറഞ്ഞതാ ദേവൂട്ടിയെയും കൂട്ടി പൊക്കോളാം എന്ന്. അപ്പോ അതും പറ്റില്ല. നീയൊന്ന് പറഞ്ഞു മനസിലാക്ക് നിന്റെ പുന്നാര ചേട്ടനെ.
അങ്ങനെ ഒന്നും അല്ല മോളെ. ഇവളോട് ഞാൻ പറഞ്ഞതാ വൈകിട്ട് പോകാം. അപ്പൊ ഞാനും കൂടി വരാം എന്ന്. അപ്പൊ അവൾക്ക് ഇപ്പൊ തന്നെ പോണം. ആ വാശി കണ്ടപ്പോ ആണ് എനിക്ക് ദേഷ്യം വന്നത്… കണ്ണൻ കല്ലുവിനെ കൂർപ്പിച്ചു നോക്കികൊണ്ട് പറഞ്ഞു.
നിങ്ങൾ ഒന്നു തല്ലുപിടിക്കണ്ടിരിക്ക്. ഞാനെ എനിക്കൊന്നു പുറത്തുപോവാൻ കല്ലുനെ കൂട്ടുവിളിക്കാൻ വന്നതാണ്. അപ്പൊ എന്തായാലും ഞങ്ങൾ പോയിട്ട് വരാം. ദേവൂട്ടിയെയും കൂടെ കൂട്ടാം…
ഗൗരി പറഞ്ഞു.
അതു വേണോ മോളെ. കുറച്ചുനേരം വെയിറ്റ് ചെയ്താൽ ഞാനും വരാം. കണ്ണൻ ചോദിച്ചു..
അതു സാരല്ല്യ കണ്ണേട്ടാ ഞങ്ങൾ ദേവേട്ടനെ കൂട്ടി പൊക്കോളാം.. ദേവേട്ടൻ താഴെ ഉണ്ട്. അങ്ങോട്ട് വന്ന ദേവൂട്ടിയാണ് അതു പറഞ്ഞത്.
മ്മ്.. എന്നാൽ ഒക്കെ ദേവിന്റെ കൂടെ പോയി അവന്റെ കൂടെ തന്നെ വന്നാൽ മതി. ഇടയിൽ ഒരുത്തിലും പോകണ്ട. കേട്ടല്ലോ…
ശരി കണ്ണേട്ടാ…. ഇതും പറഞ്ഞ് ദേവൂട്ടിയും ഗൗരിയും താഴേക്ക് പോയി.
കല്ലു കണ്ണനെ നോക്കിക്കൊണ്ട് ചോദിച്ചു…
എന്തിനാ ഇത്ര ടെൻഷൻ ഞങ്ങൾ മൂന്നുപേരില്ലേ… പിന്നെ ദേവേട്ടനും ഉണ്ട്.
എന്താന്ന് അറിയില്ല പെണ്ണേ.. ആകെ കൂടെ വല്ലാതെ തോന്നുന്നുണ്ട് അതാ….. സൂക്ഷിക്കണം….എന്തുണ്ടെങ്കിലും വിളിക്കണം.
ശരി.. ഞങ്ങൾ ശ്രദ്ധിച്ചു പോയി വരാം… അതും പറഞ്ഞ് കല്ലുവും താഴേക്ക് പോയി. പിന്നെ മൂന്നുപേരും കൂടി ദേവിന്റെ കൂടെ പുറത്തേക്കും പോയി.
………………
ഹരി വിളിപ്പിച്ചിട്ട് കമ്മീഷണർ ഓഫീസിൽ വന്നതാണ് അച്ചു.
എന്താ മാമേ വിളിപ്പിച്ചത്…
അച്ചൂ എനിക്കൊരു ന്യൂസ് കിട്ടി. നവീൻ നാട്ടിൽ എത്തിയിട്ടുണ്ടെന്ന്. രണ്ടു ദിവസം ആയിട്ടുണ്ട് വന്നിട്ട്.
മ്മ്.. ഞാൻ അറിഞ്ഞിരുന്നു മാമേ… ഒരു അറ്റാക്ക് ഞാൻ പ്രതീക്ഷിക്കുന്നുണ്ട് . ഇപ്പൊ രണ്ടുപേരും ഒരുമിച്ച് നിൽക്കുന്ന സ്ഥിതിക്ക് അവർ വെറുതെ ഇരിക്കാൻ സാധ്യത ഞാൻ കാണുന്നില്ല. ഞാൻ കണ്ണനോട് പറഞ്ഞിട്ടുണ്ട് ഒരു ശ്രദ്ധ വേണം എന്ന്.
മ്മ്… വാവ എന്തിയെ.. ഇന്ന് ദേവർമഠത്തിൽ പോകും എന്ന് പറഞ്ഞിരുന്നു.
ആ അവിടെ എത്തീട്ടുണ്ട്. എന്തോ പുറത്തുപോണം എന്ന് പറഞ്ഞിരുന്നു. ആരേലും കൂട്ടി പോയാൽ മതിയെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ഞാൻ പോട്ടെ മാമേ..
ശരി അച്ചു.. ഒരു ശ്രദ്ധ ഉണ്ടായിക്കോട്ടെ എല്ലാ കാര്യത്തിലും..
അതിന് അച്ചു ഒന്നു മൂളി. പിന്നെ ഹരിയോട് യാത്ര പറഞ്ഞു പോയി.
……………….
ദേവൂട്ടിയും കല്ലുവും ഗൗരിയും കൂടി ഒരു മാളിലേക്ക് ആണ് പോയത്. അവർ അവിടെ ഇറങ്ങുന്ന നേരത്താണ് ദേവിന് ഓഫീസിൽ നിന്നും കാൾ വരുന്നത്. അത്യാവശ്യമായിട്ട് ഒന്നു അവിടെ എത്തേണ്ട കാര്യം പറഞ്ഞുകൊണ്ട്.
കല്ലു നിങ്ങൾ എന്താ വാങ്ങാൻ ഉള്ളതെങ്കിൽ വാങ്ങിയിട്ട് നിക്ക്. അപ്പോഴേക്കും ഞാൻ ഒന്നു ഓഫീസ് വരെ പോയിട്ട് വരാം…
ശരി ദേവേട്ടാ.. ഞങ്ങൾ ഇവിടെ വെയിറ്റ് ചെയ്യാം.. കല്ലു പറഞ്ഞു.
ദേവിന്റെ വണ്ടി കടന്നുപോയതും അവർ മൂന്നും ഉള്ളിലേക്ക് പോയി. എന്നാൽ ഇത്രേം നേരം അവരെ നോക്കി നിന്നിരുന്ന രണ്ടുപേരെ ആരും കണ്ടില്ല. അവർ ഫോൺ എടുത്ത് ഉടനെ ആർക്കോ വിളിച്ചു.
ഉള്ളിലേക്ക് പോയ കല്ലുവൊക്കെ നേരെ ജന്റ്സിന്റെ ഡ്രെസ്സ് കളക്ഷന്റെ അവിടേക്ക് ആണ് പോയത്.
ഓഹ് ഇപ്പോഴാണ് എന്താ എന്റെ ഏട്ടത്തിമാർക്ക് ഇന്ന് അവർ ആരും ഇല്ലാതെ പുറത്തുവരാൻ ഇത്രേം ആഗ്രഹം എന്ന് മനസിലായത്. അച്ചുവേട്ടനും കണ്ണേട്ടനും പിറന്നാളിന് ഡ്രെസ്സ് എടുക്കാൻ ആണല്ലേ…
പിന്നെ അല്ലാതെ.. നിന്റെ കണ്ണേട്ടന് ഇന്ന് വീഡിയോ കോൺഫറൻസ് ഉള്ളത് അറിഞ്ഞുകൊണ്ടാണ് ഞാൻ ഇന്ന് തന്നെ പോകാൻ പ്ലാൻ ചെയ്യ്തത്. ഇല്ലെങ്കിൽ കൂടെ വരില്ലേ. അപ്പൊ സർപ്രൈസ് കൊടുക്കാൻ പറ്റില്ലല്ലോ..കല്ലു ഒരു കുസൃതി ചിരിയോടെ പറഞ്ഞു.
വേഗം വായോ നമുക്ക് പെട്ടന്ന് വാങ്ങാം വാങ്ങാൻ ഉള്ളത്. ദേവേട്ടൻ വന്നാൽ ഒന്നും നടക്കില്ല..
അതും പറഞ്ഞു അവർ അച്ചുവിനും കണ്ണനും ഉള്ള ഡ്രെസ്സ് തിരച്ചിൽ മഹാമഹത്തിലേക്ക് കടന്നു.
…………..
വീഡിയോ കോൺഫറൻസ് കഴിഞ്ഞ സമയത്താണ് കണ്ണൻ ഫോൺ എടുത്ത് കല്ലുവിനെ വിളിച്ചത്. ഫോൺ സ്വിച്ച് ഓഫ് എന്ന മറുപടി ആണ് അവന് കിട്ടിയത്.
ഈ പെണ്ണിനോട് ആ ഫോണെന്നു ചാർജ് ചെയ്ത് കൊണ്ടുനടക്കാൻ എത്ര പറഞ്ഞാലും കേൾക്കില്ലല്ലോ.. ഇന്ന് ഇങ്ങോട്ട് വരട്ടെ അവൾടെ ഫോൺ ഞാൻ അടുപ്പിൽ വെക്കും. ഹും… ഇതെല്ലാം സ്വയം പറഞ്ഞുകൊണ്ട് അവൻ നേരെ ദേവിനെ വിളിച്ചു.
ആ ദേവ് ഫോൺ ഒന്നു കല്ലുന് കൊടുക്ക്. ദേവ് ഫോൺ എടുത്തതും ഒരു ഹലോ പോലും പറയാതെ കണ്ണൻ പറഞ്ഞു.
കണ്ണാ ഞാൻ അവരെ മാളിൽ ഇറക്കിയിട്ട് ഒന്ന് ഓഫീസിലേക്ക് പോയി അവിടെ നിന്നും കാൾ വന്നപ്പോ. ഇപ്പൊ ദേ തിരിച്ച് അവിടെ എത്താറാവുന്നതേ ഉള്ളൂ..നീ ഗൗരികുട്ടീടെ ഫോണിലോ ദേവൂട്ടിയെയോ വിളിച്ചു നോക്ക്…
ഛെ..നീ എന്തിനാടാ അവരെ തനിച്ചു വിട്ടത്. ഞാൻ എന്തായാലും അവരെ വിളിച്ചു നോക്കട്ടെ. നീ എത്രേം പെട്ടന്ന് അവിടെ എത്താൻ നോക്ക്..കണ്ണൻ ടെൻഷനോടെ പറഞ്ഞു.
എന്താടാ കാര്യം.. എന്തിനാ നീ ഇത്ര ടെൻഷൻ ആവുന്നത്…. ദേവിനും കണ്ണന്റെ സംസാരം കേട്ടപ്പോൾ ടെൻഷൻ ആയി.
അതൊക്കെ പിന്നെ പറയാം. നീ വേഗം അവിടെ എത്താൻ നോക്ക്..അതും പറഞ്ഞ് കണ്ണൻ വേഗം ഫോൺ കട്ട് ചെയ്യ്തു. എന്നിട്ട് ഗൗരിയുടെയും ദേവൂട്ടിയുടെയും ഫോണിൽ വിളിച്ചു നോക്കി. പക്ഷേ രണ്ടുപേരുടെ ഫോണും സ്വിച്ച് ഓഫ് തന്നെ ആയിരുന്നു. അവന് എന്തു ചെയ്യണം എന്ന് ഒരു പിടിയും കിട്ടിയില്ല. പിന്നെ അധികം ഒന്നും ആലോചിക്കാൻ നിക്കാതെ അവൻ ഫോൺ എടുത്ത് അച്ചുവിനെ വിളിച്ചു.
അതിനൊപ്പം തന്നെ കാറിന്റെ കീയും എടുത്ത് പുറത്തേക്ക് പാഞ്ഞു..
എന്താ കണ്ണാ… ഫോൺ എടുത്തതും അച്ചു ചോദിച്ചു..
കണ്ണൻ ഇന്ന് ഉണ്ടായത് മുഴുവൻ പറഞ്ഞു. ഇപ്പൊ അവരെ വിളിച്ചിട്ട് കിട്ടാത്തതും..
ഛെ… ഞാൻ ശ്രദ്ധിക്കണം എന്ന് പറഞ്ഞതല്ലേ കണ്ണാ… നീ വേഗം അവിടെ എത്താൻ നോക്ക്. ഞാനും അങ്ങോട്ട് വരാം.. ഇതും പറഞ്ഞു അച്ചു ഫോൺ വച്ചു..കണ്ണനും നേരെ മാൾ ലക്ഷ്യമാക്കി വണ്ടി പറത്തി…

by