രചന – ഗൗരി ലക്ഷ്മി
ആദി..
കാർത്തിയുടെ വിളികേട്ടാണ് ആദി കണ്ണു തുറന്നത്..
തനിക്കരുകിൽ നിൽക്കുന്ന കാർത്തിയെ കണ്ടതും ആദി പിടഞ്ഞെഴുന്നേറ്റു..
എ.. എന്താ..
ആദി ചോദിച്ചു..
ഞാൻ പറഞ്ഞില്ലേ.. ഞാൻ അല്ലിയെ കൊണ്ടുപോകാൻ വന്നതാ ആദി..
ആദി ഞെട്ടി അല്ലിയെ നോക്കി.. സുഖം ഉറക്കമാണ് അവൾ..
നീ. നീ പോ..
ആദി പറഞ്ഞു..
ഇല്ല.. അല്ലി എന്റെയല്ലേ.. എന്റെ. ഞാൻ കൊണ്ടുപോകും..
പറയുന്നതിനൊപ്പം അവൻ ചെന്നു അല്ലിയെ പിടിച്ചിരുന്നു..
അല്ലി ഞെട്ടി പിടഞ്ഞെഴുന്നേറ്റു..
കാർത്തിയെ കണ്ടതും പകപ്പോടെ അവൾ ആദിയെ നോക്കി..
എ. എന്താ കാർത്തി..
നമുക്ക് പോകാം അല്ലി..
എങ്ങോട്ട്..
എങ്ങോട്ടെങ്കിലും.. നീ പറഞ്ഞോ.. ഈ ലോകത്തിന്റെ ഏതു കോണിൽ വേണമെങ്കിലും പോകാം.. നമുക്ക് ഒന്നിച്ചു ജീവിക്കാം അല്ലി.. എനിക്കിങ്ങനെ ഒറ്റയ്ക്ക് വയ്യ.. നിനക്കറിയില്ലേ എന്നെ.. വാ അല്ലി..
ആദിയെ അല്ലി നോക്കി..
അവനോട് ഞാൻ പറഞ്ഞു.. പോകാം അല്ലി.. പ്ലീസ്..
കാർത്തി ഇപ്പൊ പോ.. നമുക്ക് പിന്നെ സംസാരിക്കാം..
വേണ്ട.. വാ..
അതും പറഞ്ഞവനവളെ വലിച്ചെഴുന്നേല്പിച്ചു..
ആദി..
അല്ലി നിസ്സഹായയായി വിളിച്ചതും ആദി ചെന്നവന്റെ കൈകൾ പിടിച്ചു മാറ്റാൻ ശ്രമിച്ചു.. കാർത്തി ബലമായി ആദിയെ പിടിച്ചു തള്ളി..
ഇവളെന്റെയാ.. നിനക്കിവളിൽ എന്താ അവകാശം.. ഈ താലിയോ..
അതും ചോദിച്ചു കാർത്തി അല്ലിയുടെ താലി പൊട്ടിച്ചു നിലത്തുകിടന്ന ആദിയുടെ മുഖത്തേയ്ക്കേറിഞ്ഞു..
അല്ലി കരയുന്നുണ്ടായിരുന്നു..
ഇവളെന്റെയാ.. എന്റെ മാത്രം..
അതും പറഞ്ഞു കാർത്തി അവളെയും വലിച്ചു പോയി..
ആദി പിന്നാലെ ചെന്നവന്റെ പുറത്തേയ്‌ക്ക് ആഞ്ഞു തൊഴിച്ചു..
ആ തൊഴിയിൽ കാർത്തി മുഖമടച്ചു വീണു.. പിന്നിലേയ്ക്ക് വേച്ചുപോയ അല്ലിയെ ആദി താങ്ങി തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു..
ഇവളെന്റെയാ.. ഈ ആദികേശവിന്റെ ഭാര്യ.. എന്റെ അല്ലിയാ.. ഇനി വന്നാൽ കൊല്ലും ഞാൻ..
ആദി അലറി..
കാർത്തി പൊട്ടിച്ചിരിച്ചു..
ഇവൾ നിന്റെ ഭാര്യയോ.. ഇവൾ നിന്റെ ഫ്രണ്ടാ..വെറും ഫ്രണ്ട്… ഇവൾ പ്രണയിച്ചതും ഇവളെ പ്രണയിച്ചതും ഞാനാ.. ഈ ഞാൻ മാത്രം..
അതും പറഞ്ഞെഴുന്നേറ്റ് ആദിക്കരികിൽ വന്നു..
നീ .. നീ അല്ലിയെ പ്രേമിക്കുന്നുണ്ടോ.. പറ ആദി നീ ഇവളെ പ്രണയിക്കുന്നോ..
ആദി നിശ്ചലനായിപോയി..
കാർത്തി അല്ലിയെ ആദിയുടെ കയ്യിൽ നിന്ന് മോചിപ്പിച്ചു പിടിച്ചു വലിച്ചു കൊണ്ടു പുറത്തേയ്ക്ക് പോയി..
അല്ലി…
സ്വബോധം കിട്ടിയവനെ പോലെ ആദി അലറി വിളിച്ചുകൊണ്ട് പിടഞ്ഞെഴുന്നേറ്റത്തും മുറിയിൽ ലൈറ്റ് തെളിഞ്ഞു.
ആദി.. ആദി..
അല്ലി അവനെ തട്ടി വിളിച്ചു.
ആദി അവളെ നോക്കി..
പിന്നെ ചുറ്റും നോക്കി..
എന്താടാ. എന്തുപറ്റി.. വയ്യേ.. ഹോസ്പിറ്റലിൽ പോണോ..
അല്ലി നെറ്റിയിലും കഴുത്തിലും കൈചേർത്തു ആധിയോടെ ചോദിച്ചതും ആദി ഒന്നുമില്ലെന്ന് തലയാട്ടി…
അല്ലി പേടിച്ചുപോയിരുന്നു..
എന്താടാ..
സ്വപ്നം..
ആദി ശാന്തമായി പറഞ്ഞു.. അല്ലിക്ക് എന്നിട്ടും ആ ഭയം വിട്ടുമാറിയിരുന്നില്ല.
അല്ലി.. എനിക്കിത്തിരി വെള്ളം തരുമോ..
മ്മ്..
അല്ലി എഴുന്നേറ്റ് അവനു വെള്ളമെടുത്തു നൽകി.. വെള്ളം കുടിച്ചു അല്പം ശാന്തമായതും ആദി കിടന്നു..
അവനെ ഒന്ന് നോക്കി അല്ലിയും..
മുറിയിൽ വീണ്ടും ഇരുട്ട് പടർന്നു..
നീ ഇവളെ പ്രണയിക്കുന്നുണ്ടോ..
ആ ചോദ്യം ആദിയുടെ സിരകളിൽ മുഴങ്ങി..
ആ ചോദ്യം അവൻ സ്വയം ചോദിക്കുകയായിരുന്നു..
പ്രണയമാണോ തനിക്കിവളോട്.. തന്റെ അല്ലിയോട് തനിക്ക് പ്രണയമാണോ..
ആ ചോദ്യം ആദ്യമായി അവന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചു..
മെല്ലെ മെല്ലെ അല്ലി അവന്റെ മനസ്സിൽ നിറഞ്ഞു..
അവളോടൊപ്പമുള്ള ഓരോ നിമിഷങ്ങളും..
മുൻപ് കഴിച്ച ഗുളികയുടെ എഫക്ടിൽ കണ്ണുകൾ നിദ്രയിൽ മൂടപ്പെടുമ്പോഴും അവൻ്റെ മനസ്സിൽ നിറഞ്ഞു നിന്നത് ആ ചോദ്യമായിരുന്നു..
ആദി അല്ലിയെ പ്രണയിക്കുന്നുവോ..
***********************
കോളിംഗ് ബെല്ലിന്റെ തുടർച്ചയായ ശബ്ദം കേട്ടതും നിയ അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്നു..
അപ്പോഴേയ്ക്കും മുകളിൽ നിന്നെത്തിയ അന്നമ്മാമ്മ വാതിൽ തുറന്നിരുന്നു..
ആഹാ.. ആരായിത്.. റീത്താമ്മയോ… ഒറ്റയ്ക്ക് വന്നോ നീ..
ഓ ഇല്ല നാത്തൂനെ.. ബോബി കൊണ്ട് വിട്ടു.. അവന്റെ പെമ്പ്രന്നോരുമുണ്ട്..
റീത്താമ്മ അതും പറഞ്ഞകത്തേയ്ക്ക് കയറിയതും അവർ വന്ന കാർ തിരികെ പോയി..
ബോബി കേറാതെ പോയോ..
ഇച്ചായൻ വൈകീട്ട് ഇങ്ങോട്ട് വരും അന്നമ്മച്ചി..
അതും പറഞ്ഞു ബോബിയുടെ ഭാര്യ അനിത അകത്തേയ്ക്ക് കയറി..
യ്യോ.. ഇതെന്നാ അന്നമ്മച്ചി നല്ലോലെ ക്ഷീണിച്ചല്ലോ..
വന്നു കയറിയപാടെ അനിത ചോദിച്ചു..
ഓ.. നന്നായിരുന്നിട്ട് എന്നാത്തിനാ കൊച്ചേ.. കാണാനുള്ളതെല്ലാം കണ്ടു.. കേൾക്കാനുള്ളതും കേട്ടു.. ഇനി കർത്താവ് തമ്പുരാൻ വിളിക്കുമ്പോ അങ്ങു പോണം..
അന്നമ്മച്ചി ഈയടുത്തു വല്ല ധ്യാനത്തിനും പോയോ.. മൊത്തത്തിൽ കർത്താവ് മയം..
അനിത കളിയായി ചോദിച്ചവരുടെ താടിയ്ക്ക് പിടിച്ചു കൊഞ്ചി..
പോ പെണ്ണേ.. അല്ല നിങ്ങള് വന്ന കാലേൽ നിക്കാതെ ഇരിക്ക് പെണ്ണുങ്ങളെ..
അന്നമ്മാമ്മ പറഞ്ഞു..
ഓ ഞങ്ങൾ കാറിൽ നിന്നൊന്നുമല്ലെന്റെ നാത്തൂനെ വന്നത്..
റീത്താമ്മ പറഞ്ഞു..
അപ്പോഴാണ് അനിത നിയയെ കണ്ടത്..
അയ്യോ.. ഇതാണല്ലിയോ ജിജോയുടെ പെണ്ണ്..
അതും പറഞ്ഞനിത അവൾക്കരുകിൽ വന്നു..
നല്ല തങ്കം പോലത്തെ കൊച്ച്.. അല്ലെ അമ്മച്ചി.. വെറുതെയല്ല ജിജോ മൂക്കും കുത്തി വീണത്..
നിയ അന്നമ്മാമ്മയെ നോക്കി..
അവർ കേട്ടത് ഇഷ്ടപ്പെടാത്ത പോലെ മുഖം തിരിച്ചു കളഞ്ഞിരുന്നു..
എന്നെ മനസ്സിലായോ കൊച്ചിന്..
അനിത ചോദിച്ചതിന് ഇല്ലെന്നവൾ ഉത്തരം നൽകി..
നിന്റെ കെട്ട്യോന്റെ ആന്റിയാണ് ഞാൻ.. ജോസപ്പ് എന്റെ അനിയനാ..പേര് റീത്ത.. ഇത് അനിത എന്റെ മൂത്ത മോൻ ബോബിയുടെ ഭാര്യയാണ്.. അവനിളയത് രണ്ടെണ്ണം കൂടിയുണ്ട്.. ജാസ്മിനും ജെറിയും.. ഇരട്ടകളാണ്..
മറുപടി പറഞ്ഞത് റീത്താമ്മയാണ്…
നിയ എന്തിനോ വേണ്ടി തലയൊന്നനക്കി..
റീത്താമ്മ സോഫയിലേയ്ക്കിരുന്നു..
അന്നമ്മാമ്മ അനിതയെ പിടിച്ചുകൊണ്ടുപോയി ഇരുത്തി അവളുടെ കൂടെയിരുന്നു..
അവിടെ താലപ്പൊലി എടുത്തോണ്ട് നിക്കാതെ പോയി ഇവർക്ക് കുടിക്കാൻ എന്നേലും എടുക്കു കൊച്ചേ.. വീട്ടിൽ ആര് വന്നാലും മോന്തേം ഏറ്റിപ്പിടിച്ചൊരു നിപ്പാ.. അഹങ്കാരി..
അന്നമ്മാമ്മ പറയുന്നത് കേട്ടതും നിയയ്ക്ക് ചെറിയ വേദന തോന്നി.. എങ്കിലും ഒന്നും പറയാതെ അവൾ തിരിഞ്ഞു നടന്നു..
അടുക്കളയിൽ ചെന്നതും കത്രീനച്ചേട്ടത്തി ജ്യൂസ് എടുക്കുകയായിരുന്നു..
ആ റീത്താമ്മ വന്നല്ലെയോ..
മ്മ്..
നിയ ഒന്ന് മൂളി..
ഇനി ഇവിടെ ഇങ്ങനെ തന്നെയാ.. ഇങ്ങനെ ബഹളം വെച്ചോണ്ടിരിക്കും.. കൊച്ചമ്മയ്ക്കാണേൽ ആ അനിത കൊച്ചിനെ വല്യ ജീവനാ.. പിന്നെ റീത്താമ്മയോടും..
മ്മ്..
നിയ ഒന്ന് മൂളി..
അനിത കൊച്ചു കൊച്ചമ്മേടെ അനിയത്തിയുടെ മോളാണെ.. അതിനെ കൊണ്ടുനടന്നു വളർത്തിയത് ഇവിടുത്തെ കൊച്ചമ്മയാ.. റീത്താമ്മേടെ മോന് കെട്ടിച്ചു കൊടുക്കാൻ ഇവിടുത്തെ കൊച്ചമ്മയ്ക്ക് തീരെ ഇഷ്ടോന്നുമല്ലായിരുന്നു..
പിന്നെ അവളാരാ മോള്.. പഠിക്കാൻ വിട്ടിടത്തു നിന്ന് ഒരു ചെക്കനെ പ്രേമിച്ചു.. അത് നാട്ടുകാര് പൊക്കി നാണം കെട്ടപ്പോ പിന്നെ കെട്ടിച്ചതാ ബോബി സാറിനെകൊണ്ട്.. പിന്നിവിടെയൊക്കെ പറച്ചില് ബോബി സാറിനെ തന്നാ അനിതകൊച്ചു പ്രേമിച്ചതെന്നാണെ..
റീത്താമ്മയ്ക്ക് പണ്ടേ ജാഡയാണ്.. മട്ടും മാതിരിയും കണ്ടാൽ വായില് വെള്ളിക്കരണ്ടി കൊണ്ട് ജനിച്ചു വീണതാന്ന് തോന്നും..
ഈ റീത്താമ്മയും ഞാനും ഒരേ സ്കൂളിലാ പഠിച്ചത്.. ഒരു നേരത്തെ അന്നത്തിനു വകയില്ലായിരുന്നു ഇവർക്കന്ന്.. പിന്നെ പത്തു ഇരുപത് വയസ്സുള്ളപ്പോ ഈ ബോബിസാറിന്റെ അപ്പൻ കണ്ട് മോഹം തോന്നി കെട്ടിയതാ ഇവരെ… അന്നങ്ങേർക്ക് വയസ്സ് പത്തു മുപ്പത്തഞ്ച് കഴിഞ്ഞതാണെ.. അങ്ങേര് ഇവിടുത്തെ പ്രമാണി ആയിരുന്നു..
അങ്ങനെ റീത്താമ്മ രക്ഷപെട്ടു.. പിന്നെ അങ്ങേരുടെ തണലിൽ അവരിവിടുത്തെ വല്യ സാറിനെ പഠിപ്പിച്ചു.. അങ്ങേരുടെ കൂടെയായിരുന്നു ഇവിടുത്തെ സർ ആദ്യം.. പിന്നെ അങ്ങേരെ തട്ടിച്ചും വെട്ടിച്ചും സ്വന്തമായി കമ്പനി തുടങ്ങി..
ഈ റീത്താമ്മ എല്ലാത്തിനും കൂട്ടു നിന്നു..അങ്ങനെയാ ഇവരിവിടുത്തെ പ്രമാണിമാരായത്.. അതൊക്കെ ചരിത്രം..
ജ്യൂസ് തയാറാക്കി ഗ്ലാസിലേയ്ക്ക് പകരും വഴി കത്രീനച്ചേട്ടത്തി പറഞ്ഞു..
നിയ ഒന്നും മിണ്ടിയില്ല..
എന്നാലും ഈ നല്ലൊരു തറവാട്ടിൽ പിറന്ന കൊച്ചിനീ ഗതി വന്നല്ലോന്നു ആലോചിക്കുമ്പോഴാ.. ആ കർത്താവ് തമ്പുരാൻ വിധിച്ചേയ്ക്കുന്നു.. നമ്മക്ക് വേറെ വഴിയുണ്ടോ..
നിയ ഒന്നും മിണ്ടിയില്ല.. ജ്യൂസുമായി അവൾ പുറത്തേയ്ക്ക് ചെന്നു..
ഇതെന്നാ കൊച്ചേ.. നീ ആപ്പിൾ മരം നട്ടുണ്ടാക്കി കായ പറിച്ചു ജ്യൂസ് ആക്കിയതാണോ ഇത്രേം വൈകാൻ..
റീത്താമ്മ ജ്യൂസ് എടുത്തുകൊണ്ട് ചോദിച്ചു..
നിയ മറുപടിയൊന്നും പറഞ്ഞില്ല..
അനിതയ്ക്ക് ജ്യൂസ് നീട്ടിയതും അന്നമ്മാമ്മ അതിലൊന്നെടുത്തു സ്നേഹത്തോടെ അവൾക്ക് നൽകി..
വേറെ ഒന്നുണ്ടായിരുന്നത് എടുത്തു കുടിച്ചുകൊണ്ട് അവർ നിയയെ നോക്കി..
എന്നാ ജ്യൂസാ ഇത്.. ഇത് ഫ്രഷ് ആപ്പിൾ അല്ലെ..
അതേ..
നിയ പറഞ്ഞു..
വകയ്ക്ക് കൊള്ളില്ല.. അതെങ്ങനാ.. വല്ലോം വെച്ചുണ്ടാക്കാൻ തള്ളമാരു പഠിപ്പിക്കേണ്ടേ.. പഠിപ്പിച്ചത് മതില് ചാട്ടവും..
നിയയ്ക്ക് ദേഷ്യം വന്നിരുന്നു..
ഇത് കുഴപ്പമില്ലല്ലോ അന്നമ്മച്ചി..
സാഹചര്യം തണുപ്പിക്കാൻ അനിത ഇടപെട്ടു..
ഇത് കൊള്ളില്ല മോളെ.. മധുരം കൂടുതലിട്ടടിച്ചത് അറിയാതിരിക്കാനാണ്..
അന്നമ്മാമ്മ വിട്ടില്ല..
അന്നമ്മാമ്മേ പ്ലീസ്.. ഞാനല്ല കത്രീനച്ചേട്ടത്തിയാണ് ജ്യൂസ് ഉണ്ടാക്കിയത്.. ഞാൻ നോക്കി നിൽക്കുവായിരുന്നു.. ഒരാപ്പിൾ പോലും കേടായതില്ലായിരുന്നു..
നിയ പറഞ്ഞു .
അതെന്നാ കൊച്ചേ നിനക്ക് കൈക്ക് മേലായ്ക വല്ലോം ഉണ്ടോ.. കത്രീന അടിച്ച ജ്യൂസ് തരാൻ.. അല്ല ഇവിടുന്നു ചാടിത്തുള്ളി അങ്ങോട്ട് പോയത് നോക്കി നിൽക്കാനാണോ..
റീത്താമ്മ ചോദിച്ചു..
നിയ ഒന്നും മിണ്ടിയില്ല..
അല്ലേലും അങ്ങനാ നാത്തൂനെ.. ഏത് നേരോം ഈ ദിവാസ്വപ്‍നോം കണ്ടുള്ള നിൽപ്പാ..
അന്നമ്മാമ്മ വിട്ടുകൊടുത്തില്ല.
അതുപിന്നെ കെട്ട് കഴിഞ്ഞിട്ട് മാസങ്ങളായതല്ലേയുള്ളൂ അന്നമ്മച്ചി..
സാഹചര്യത്തിന് ഒരയവു വരുത്താൻ അനിത വീണ്ടും ഇടപെട്ടു..
പിന്നെ.. നിനക്കെന്നാ അറിയാം മോളെ.. ഇവള് ദിവാസ്വപ്നം കാണുന്നത് അവടെ മറ്റവനെയാണ്.. മനസമ്മതത്തിന്റെ തലേന്നെന്റെ കൊച്ചനെ നാണം കെടുത്തി കണ്ടവന്റെ കൂടെ പോയവളാ ഇവള്..
അവന്റെ കൂടെ പൊറുത്തവളാണ്.. അവനു മതിയായപ്പോ കളഞ്ഞേച്ച് പോയി..പിന്നെയും ഈ നാശത്തെ എന്റെ ചെക്കൻ ചുമന്നോണ്ട് വന്നതാ..
എന്ത് കൂടോത്രമാണോ ഇവളും ഇവടെ തന്തേം തള്ളേം ചെയ്തതെന്നാ എനിക്ക് മനസ്സിലാകാത്തെ…
അന്നമ്മാമ്മയ്ക്ക് വിടാൻ ഭാവമില്ലായിരുന്നു.. കിട്ടിയ വാസരം അവർ നന്നായി ഉപയോഗിച്ചു..
നിർത്തുന്നുണ്ടോ..
നിയ അവർക്ക് നേരെ കൈചൂണ്ടി.. റീത്താമ്മയും അനിതയും അന്നമ്മാമ്മയും ഇരുന്നിടത്തുനിന്ന് എഴുന്നേറ്റുപോയി..
കഴിഞ്ഞ കുറെ നാളായി ഞാൻ സഹിക്കുന്നു.. ഇനി ആ ചോദ്യത്തിനുള്ള മറുപടി ഞാൻ തരാം.. എന്ത് കൂടോത്രമാ ചെയ്തേ എന്നല്ലേ.. എന്റെ പപ്പേടെ പണവും സ്വത്തും കണ്ട് പിന്നാലെ നടന്നു തന്നെയാ നിങ്ങടെ മോനെന്നെ കെട്ടിയത്.. അത് തന്നെയാണ് കൂടോത്രം..
ഒരുത്തന്റെ കൂടെ ഞാൻ പോയത് അറിയാഞ്ഞിട്ടൊന്നുമല്ലല്ലോ ജിജോ എന്നെ കെട്ടിയത്.. എല്ലാം അറിഞ്ഞൊണ്ട് എന്നെ കെട്ടിയെങ്കിൽ അവനും അതുപോലെ ലാഭമുണ്ടായിട്ട് തന്നെയാ..
പിന്നെ പറഞ്ഞു വരുമ്പോ ഈ വീടും സ്ഥലവും കമ്പനിയും ഒക്കെ എൻ്റെ പേരിലാണ് ഇപ്പൊ..
ഈ കയ്യിലിരിക്കുന്ന ഗ്ലാസിലെ ജ്യൂസ് പോലും എൻ്റെ കാശാ.. ഇനി എന്തേലും പറയുമ്പോ അതൂടെ മനസ്സിൽ വെച്ചിട്ട് പറയണം..
നിയ പറഞ്ഞു നിർത്തി റീത്താമ്മയെ നോക്കി..
എൻ്റെ കാശ് മുടക്കി ഞാനാണ് ഇപ്പൊ കത്രീനച്ചേട്ടത്തിയെ ഇവിടെ നിർത്തിയേക്കുന്നത്.. അതുകൊണ്ട് ഞാൻ പറയുന്ന പണി ചെയ്യും അവരു.. അങ്ങനെ നോക്കി നിൽകാനുള്ളത് സമ്പാദിച്ചെൻ്റെ പപ്പ വെച്ചിരിക്കുന്നുള്ളത് കൊണ്ടു തന്നാ ഇങ്ങനെ ഞെളിഞ്ഞു നിങ്ങടെ മുന്നിൽ നിൽക്കുന്നത്.. കേട്ടോ..
റീത്താമ്മയോടായി അതും പറഞ്ഞവൾ അനിതയെ നോക്കി.. അവളുടെ കയ്യിൽ പിടിച്ചു..
സോറി.. ഇതുവരെ എന്നോട് സ്നേഹത്തോടെയാ സംസാരിച്ചത്.. പക്ഷെ ആത്മാഭിമാനം നല്ലൊനമുണ്ടെനിക്ക്.. അതിങ്ങനെ ഓരോരുത്തരുടെയും മുന്പിലിട്ടു ചവിട്ടി തൂക്കുന്നത് സഹിക്കാൻ പറ്റണില്ല.. അതുകൊണ്ട് പറഞ്ഞു പോയതാ.. സോറി..
അതും പറഞ്ഞവൾ മുകളിലേയ്ക്ക് പോയി..
റീത്താമ്മ അന്നമ്മാമ്മയെ നോക്കി..
ഇവളെ നീ സൂക്ഷിച്ചോ.. ഇല്ലേൽ നീ പുറത്തും അവള് അകത്തുമാകും..
വാടി..
അതും പറഞ്ഞു അനിതയുടെ കയ്യും പിടിച്ചവർ ഇറങ്ങി..
എന്തേലും കഴിച്ചിട്ട് പോകാം നാത്തൂനെ..
അന്നമ്മാമ്മ പിന്നാലെ ഇറങ്ങി
നിൻ്റെ മരുമോടെ എച്ചികണക്കും കേട്ട് ജീവിക്കേണ്ട ഗതികേട് ദൈവം സഹായിച്ച് റീത്താമ്മയ്ക്കില്ല..
അതും പറഞ്ഞു അനിതയെയും കൂട്ടി അവർ പോകുന്നതും നോക്കി ബാൽകണിയിൽ നിൽക്കുമ്പോൾ നിയയുടെ കണ്ണിൽ അഗ്നിപോലെ പക കത്തുകയായിരുന്നു..
തനിക്കേറ്റ ഓരോ അപമാനത്തിനും മറുപടി നൽകാൻ അവളെ നിമിഷം മുതൽ തയാറെടുക്കുകയായിരുന്നു.. ഗൂഢമായി..
******************
ആ.. നിതിൻ.. ഇരിക്ക്..
അല്ലിയുടെ ക്യാബിനിലേയ്ക്ക് തന്നെ വിളിപ്പിച്ചത് പ്രകാരം എത്തിയതായിരുന്നു അവൻ..
അവൾക്കെതിരായി അവനിരുന്നു..
എങ്ങനെയുണ്ട് ജോലിയൊക്കെ..
നന്നായി പോകുന്നു.. അല്ലി വിളിപ്പിച്ചു എന്നു പറഞ്ഞു..
ഓ യെസ്… നിധിനു സന്തോഷം നൽകുന്ന കാര്യമാണ് പറയാൻ പോകുന്നത്..
അല്ലി തന്റെ ടേബിളിൽ നിന്നൊരു പേപ്പർ അവനെടുത്തു നൽകി..
മെയിൽ അയച്ചിട്ടുണ്ട്.. എന്തായാലും നോക്ക്..
അവനാ കവർ തുറന്നു ലെറ്റർ വായിച്ചു..
പിന്നെ അല്ലിയെ നോക്കി പുഞ്ചിരിച്ചു..
പ്രമോട്ടഡ് ആസ് എ ടീം ലീഡർ..
അല്ലി പുഞ്ചിരിയോടെ പറഞ്ഞു..
കൺഗ്രാറ്റ്‌സ്..
അല്ലി പറഞ്ഞതും അവൻ പുഞ്ചിരിച്ചു..
താങ്ക്സ് അല്ലി..
താങ്ക്സ് ഒക്കെ അവിടെ നിൽക്കട്ടെ.. സാധാരണയായി കമ്പനിയിൽ വന്നു രണ്ട് വർഷം എങ്കിലും കഴിഞ്ഞാലേ ടീം ലീഡർ ആക്കാറുള്ളൂ.. ഇവിടെ തന്റെ വർക്ക് കണ്ടിട്ടാണ് അതിലെ സിൻസിയോരിറ്റിയും ഡെഡിക്കേഷനും കണ്ടാണ് ഇത്രയും വേഗം തന്നെ ടീം ലീഡർ ആയി പ്രമോട്ട് ചെയ്യുന്നത്..
സോ ഇനി തുടർന്നും ഇതുപോലെ തന്നെ മുന്നോട്ട് പോകണം.
ഷുവർ..
അവൻ പറഞ്ഞു..
ദെൻ ഗോ എഹഡ്…
അല്ലി പറഞ്ഞതും അവൻ അവൾക്ക് താങ്ക്സ് പറഞ്ഞു പുറത്തേയ്ക്ക് പോയി..
എന്താണ് മുഖത്തൊരു ചിരി.. ഒരുമാതിരി പൂത്തിരി കത്തിച്ച പോലെ..
അല്ലിയുടെ ക്യാബിനിൽ നിന്ന് ചിരിയോടെ ഇറങ്ങിവരുന്ന നിധിനെ കണ്ടതും അവിടേയ്ക്ക് വന്ന ആദിയും ക്രിസ്റ്റിയും ചോദിച്ചു..
ടീം ലീഡർ പ്രമോഷന്റെ സന്തോഷം അല്ലെ..
ആദി ചോദിച്ചതും അവൻ ചിരിച്ചു..
ഹേയ്.. എന്നാലും.. ശരിക്ക് ആദ്യമായിട്ടാണ് ഇങ്ങനെ ഒക്കെ.. സാധാരണ ചത്തുകിടന്നു ജോലി ചെയ്താലും ചീത്ത മാത്രേ കിട്ടൂ.. അതായിരുന്നു മുൻപുള്ള കമ്പനിയിലൊക്കെ ശീലം..
നിധിൻ ചിരിയോടെ പറഞ്ഞു..
ഞങ്ങൾ വെറുതെ പറഞ്ഞതാടോ.. അല്ല ചിലവൊന്നുമില്ലേ..
ക്രിസ്റ്റി ചോദിച്ചു..
ഓ യെസ്.. വൈകുന്നേരം ഒരു പാർട്ടി അറേഞ്ച് ചെയ്യാം.. ചെറുതായിട്ട്..
അവൻ പറഞ്ഞു..
ദെൻ ഓകെ.. അതും പറഞ്ഞവർ അകത്തേയ്ക്ക് നടന്നു.. നിധിൻ പുറത്തേക്കും..
ആ സന്തോഷവാർത്ത ഓരോ സ്റ്റാഫിനോടും വളരെ ഫ്രണ്ട്ലി ആയി ചെന്നവൻ പറയുന്നത്
കണ്ടിരുന്ന അല്ലിയുടെ ചുണ്ടിലും മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു..
****************
റോയിച്ചാ..
ആഹാ എത്തിയോ കാന്താരി..
അല്ലി പിന്നിൽ വന്നു വിളിച്ചതും അടുപ്പിലിരുന്ന ബീഫ് റോസ്റ്റ് കയ്യിലെടുത്തു ഊതി ചൂട് മാറ്റി അയാൾ കൊണ്ട് അവളുടെ വായിൽ വെച്ചു കൊടുത്തു..
സ്..
ചൂടും കുരുമുളകിന്റെയും മസാലയുടെയും രുചിയും കൊണ്ടവളൊന്നു എരിവ് വലിച്ചു..
എപ്പടി…
അയാൾ ചോദിച്ചു..
ഗംഭീരം..
അവൾ കൈകാണിച്ചു..
ആഹാ.. കണ്ടോ ക്രിസ്റ്റി.. ഇവിടെ ഈ റോയിച്ചൻ കട്ട പാർഷ്യാലിറ്റി കാണിക്കുന്നത്. മോൾക്ക് മാത്രം ബീഫ്.. നമുക്ക് പച്ചവെള്ളം പോലുമില്ല..
ഓ.. മതിയെടാ.. നിനക്കൊക്കെ കുടിക്കാൻ വെള്ളം അവിടെ വെച്ചിട്ടുണ്ട്..
പറഞ്ഞതും അല്ലി ചെന്നതിൽ ഒരു ഗ്ലാസെടുത്തു മണപ്പിച്ചു നോക്കുന്നതും കണ്ടാണ് ജോളിമ്മ അവിടേയ്ക്ക് വന്നത്..
ഇതെന്നാടി മണം പിടിക്കുന്നോ..
റോയിച്ചൻ ചോദിച്ചു…
ഓ.. ഇത് ജ്യൂസ് തന്നെ ആണോന്നു അറിയേണ്ടേ.. ഇവിടെ ഇപ്പോഴും കാറ്റ് കൊള്ളൽ ഒക്കെയുണ്ടോ ആവോ..
അവളുടെ മറുപടി കേട്ട് ആദിയും ക്രിസ്റ്റിയും പരുങ്ങിയപ്പോൾ ജോളിമ്മയിൽ മാത്രമൊരു കുസൃതി ചിരി നിറഞ്ഞിരുന്നു..
നിഷ്കളങ്കമായ ഒരു പുഞ്ചിരി..
അപ്പോഴാണ് കിച്ചൻ സ്ലാബിലിരുന്നു റോയിയുടെ ഫോൺ ബെല്ലടിച്ചത്..
ആദി അതെടുത്തു നോക്കിയേടാ..
റോയിച്ചൻ പറഞ്ഞതും ആദി കോൾ അറ്റൻഡ് ചെയ്തു സ്പീക്കറിൽ ഇട്ടു..
ഹലോ.. മിസ്റ്റർ റോയ് കുരുവിള..
അപരിചിതമായ ഒരു സ്ത്രീ ശബ്ദം കേട്ടതും റോയ് അതെയെന്ന് മറുപടി നൽകി..
തുടർന്ന് അവർ പറഞ്ഞ കാര്യങ്ങൾ ആ വീടിന്റെ മൊത്തം സന്തോഷത്തെയും ഒരു നിമിഷം കൊണ്ടില്ലാതാക്കാൻ പോന്നവയായിരുന്നു..
തുടരും..

by