17/04/2026

ഈ നിമിഷം : ഭാഗം 18

രചന – രോഹിണി ആമി

തന്റെ ജീവിതത്തിലെ മാധവൻ എന്ന അദ്ധ്യായം അടഞ്ഞുവെന്ന് തോന്നി പദ്മക്ക്.. പൂർണ്ണമായും ഉപേക്ഷിക്കാൻ സാധിക്കാത്തത് കൊണ്ടാവും എന്നും ജനാലയിൽ കൂടി നോക്കാറുണ്ട്.. ആ മുഖം ഒന്ന് കാണാൻ .. പക്ഷേ അവിടൊരു നിഴൽ പോലും ഉണ്ടാവാറില്ല.. മിന്നു വരാറുണ്ട്.. പക്ഷേ അവൾക്കും എന്തോ ഒരു അകലം പോലെ തോന്നുന്നു.. പഠിക്കും,പോകും.. അമ്മേയെന്നുള്ള വിളി കേട്ടിട്ട് തന്നെ ദിവസങ്ങളായി.. ചോദിക്കാൻ പേടിയാണ്.. ഇനി വിളിക്കില്ലെന്ന് പറഞ്ഞാലോ.. സ്കൂളിൽ പോകുമ്പോൾ ചുമ്മാതെ ആണെങ്കിലും തോട്ടത്തിലേക്ക് ഒന്ന് നോക്കും.. ഒന്നുമുണ്ടാവില്ല.. തന്റെ മുന്നിൽ വരാതെ മാറി മാറി നടക്കുകയാണ് ആള്.. കണ്ടിട്ട് കുറച്ചായി.. എന്നാലും അടുത്ത് തന്നെ ഉണ്ടല്ലോ.. അത് മതി..

“പരീക്ഷ കഴിഞ്ഞു അച്ഛന്റെ വീട്ടിലേക്ക് പോകുന്നുണ്ട് അച്ഛനും മോളും.. അവിടെയൊക്കെ കാണാൻ നല്ല രസവാ എന്ന് അച്ഛൻ പറഞ്ഞു.. ട്രെയിനിലാ പോകുന്നേ”.. വലിയ ഉത്സാഹത്തിൽ മിന്നുവിന്റെ കുഞ്ഞുവായിൽ നിന്ന് കേട്ടപ്പോളെ മനസ്സിലായി ഒളിച്ചോട്ടത്തിന് പ്ലാൻ ഇടുവാണെന്നും.. ഓരോന്നും പറഞ്ഞു കൊതിപ്പിച്ചു മിന്നുവിനെക്കൊണ്ട് സമ്മതിപ്പിക്കുകയാണെന്നും.. മാധവൻ പറഞ്ഞ പ്രകാരം അയാൾക്കവിടെ ആരുമില്ല.. അമ്മയെ കൊന്ന അച്ഛൻ അല്ലാതെ.. അയാളിപ്പോൾ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോന്ന് മാധവന് പോലും അറിയില്ല.. എന്തായാലും അയാൾക്കരികിലേക്ക് മിന്നുവിനെ കൊണ്ടുപോകില്ലെന്ന് ഉറപ്പാണ്.. തനിക്ക് അരികിൽ നിന്നും എന്നെന്നേക്കുമായി പോകാനുള്ള പ്ലാൻ ആണ് അണിയറയിൽ നടക്കുന്നത്.. എങ്കിലും മിന്നൂട്ടാ നിനക്ക് എങ്ങനെ എന്നെ പിരിഞ്ഞു നിൽക്കാൻ കഴിയും, അയാളുടെ കാര്യം പോട്ടേ.. ഞാൻ മാത്രമേ സ്നേഹിച്ചുള്ളൂ എന്നു വെക്കാം.. പക്ഷേ നിനക്കോ..

“എന്നെ പേടിച്ചാണോ നിങ്ങൾ മിന്നുവിനെയും കൂട്ടി പോകാനൊരുങ്ങുന്നത്”..

പദ്മയുടെ ശബ്ദം കേട്ട് മാധവൻ പെട്ടെന്ന് തിരിഞ്ഞു നോക്കി..

“ഒളിച്ചോടുന്നിടത്തൊക്കെ ഞാൻ തേടി വന്നാൽ എന്തു ചെയ്യും നിങ്ങൾ .. ഓടി തളരുമ്പോൾ എന്നോട് തോൽവി സമ്മതിക്കുവോ”.. പദ്മയെ മറികടന്നു പോകാനൊരുങ്ങിയ മാധവന്റെ മുന്നിലേക്ക് നിന്നു പദ്മ..

“ഞാൻ.. ഞാനെന്തു തെറ്റ് ചെയ്തിട്ടാ ഇങ്ങനെ നിങ്ങൾ ഒഴിഞ്ഞു മാറുന്നെ”.. മാധവൻ മുഖത്തേക്ക് നോക്കാതെ വേറെങ്ങോ നോക്കി നിൽക്കുകയാണ്..

“എനിക്ക് എന്റെ ഇഷ്ടം പറഞ്ഞറിയിക്കാനേ അറിയൂ.. അതിനു ഒരിക്കൽ കൂടി ശ്രമിക്കുകയാണ് ഞാൻ.. നാണം കെട്ടിട്ടാണെങ്കിൽ കൂടി.. പിന്നീട് ഒരിക്കൽ ഒന്ന് കൂടി ശ്രമിച്ചിരുന്നെങ്കിൽ നടന്നേനെ എന്ന് തോന്നാതിരിക്കാൻ… കുറ്റബോധം തോന്നാണ്ടിരിക്കാൻ”.. പദ്മയുടെ ശബ്ദം ഇടറി..

“എനിക്കൊരു ഓട്ടം ഉണ്ട്.. പോകണം”.. മാധവൻ പറഞ്ഞു..

“എനിക്ക് പറയാനുള്ളത് മുഴുവൻ കേൾക്കാതെ നിങ്ങൾ പോകില്ല ഇവിടെ നിന്ന്.. ഈ ഭാരം മനസ്സിൽ നിന്ന് ഇന്ന് കളയണം എനിക്ക്.. എന്നെക്കൊണ്ട് പറ്റുന്നില്ല ഇതിങ്ങനെ ചുമക്കാൻ”..പദ്മ ദേഷ്യത്തിൽ പറഞ്ഞു..

“ഇത് ഭാരം ആണെന്ന് സ്വയം തോന്നിയില്ലേ.. ഈയൊരു ചിന്ത മനസ്സിൽ നിന്നും കളഞ്ഞാൽ മതി.. തനിയെ ഭാരം കുറഞ്ഞോളും”..മാധവന് തന്നോട് ഒട്ടും ദയ പോലും ഇല്ലേയെന്ന് തോന്നിപ്പോയി ഈ മറുപടി കേട്ടപ്പോൾ..

“നിങ്ങളെ ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണങ്ങൾ ഒന്നുമില്ല എന്റെ കയ്യിൽ.. നിങ്ങളും മിന്നുവും ഇപ്പോൾ എന്റെ ജീവിതത്തിന്റെ ഭാഗമാണ്.. എപ്പോളെന്നോ എങ്ങനെയെന്നോ അറിയില്ല.. ഇഷ്ടപ്പെട്ടു പോയി.. വേണ്ടെന്ന് വെക്കാൻ ആവുന്നില്ല എനിക്ക്”.. തിരിഞ്ഞു നിൽക്കുന്ന മാധവനോട് അത്രയും പറഞ്ഞപ്പോളേക്കും രണ്ടു തുള്ളി കണ്ണിൽ നിന്നും പൊഴിഞ്ഞിരുന്നു.. അത് തുടച്ചു മാറ്റി.. കണ്ണുനീർ കണ്ട് ആർക്കും സിംപതി തോന്നേണ്ടന്നു വെച്ചു..

“എനിക്കങ്ങനെയൊന്നും കാണാൻ കഴിയില്ല .. തകർന്നു വീണപ്പോൾ ഒരു താങ്ങു തന്നതാണ്.. സ്നേഹം ഉണ്ട്.. അതിലുപരി കടപ്പാട് ഉണ്ട്.. എനിക്കും മിന്നുവിനും.. ജീവൻ ഉള്ളിടത്തോളം അത് മറക്കാനും സാധിക്കില്ല “..

“ഈ കടപ്പാടും നന്ദിയും ഉള്ളത് കൊണ്ടാണോ എന്റെ സ്നേഹം വേണ്ടാന്ന് വെക്കുന്നത്.. ആണോ “..

“എന്നെ ഇങ്ങനെ നിർബന്ധിക്കരുത്.. അച്ഛനെ മുഷിപ്പിക്കാൻ സാധിക്കില്ല.. ആരും എന്നെ ഒരു ചതിയനായി കാണുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല.. പ്രേത്യേകിച്ച് അച്ഛൻ.. അച്ഛൻ എന്താണെന്നും ആ സ്നേഹം എങ്ങനെ ഉള്ളതാണെന്നും അറിയുന്നത് ഇവിടുത്തെ അച്ഛനെ കണ്ടതിനു ശേഷമാണ്.. മറ്റാരുടെ ഇഷ്ടത്തിനേക്കാൾ എനിക്ക് വലുത് ആ അച്ഛന്റെ സ്നേഹം ആണ്.. അത് കളയാൻ ഞാനിഷ്ടപ്പെടുന്നില്ല”.. മാധവൻ അറുത്തു മുറിച്ചു പറഞ്ഞു..

“അപ്പോൾ… അച്ഛൻ സമ്മതിച്ചാൽ… സമ്മതിക്കുമോ.. എന്നെ സ്വീകരിക്കുമോ”.. പദ്മ പ്രതീക്ഷയോടെ ചോദിച്ചു.. സ്വരത്തിന്റെ ടോൺ മാറുന്നില്ലെന്നേ ഉള്ളൂ.. താൻ മാധവനോട് കെഞ്ചുകയാണെന്ന് അവൾക്ക് തന്നെ അറിയാം..

“വേണ്ട.. പഠിപ്പില്ല.. കയ്യിൽ സമ്പാദ്യം ഒന്നുമില്ല.. മാത്രമല്ല ഞാൻ വിവാഹിതൻ ആണ്.. ഇപ്പോൾ ഒരു കുട്ടിയുമുണ്ട്.. അതൊന്നും ശരിയാവില്ല”..

“അതൊക്കെ ഒരു കുറവാണെങ്കിൽ ഞാനും രണ്ടാം കെട്ടാണ്.. ഒരാൾക്കൊപ്പം കുറച്ചു ദിവസങ്ങൾ കഴിഞ്ഞതാണ്.. ഇപ്പോൾ ഡിവോഴ്‌സി ആണ്..അതും ഒരു കുറവല്ലേ”..

“മതി.. നിർത്തിക്കോ.. എനിക്ക് താല്പര്യം ഇല്ലെന്ന് ഞാൻ പറഞ്ഞില്ലേ.. പിന്നെന്തിനാ ഇങ്ങനെ നിർബന്ധിക്കുന്നത്.. ഒന്നുകിൽ എന്നോട് അല്ലെങ്കിൽ മിന്നുവിനോടുള്ള സഹതാപം മാത്രമാണ് ഈയൊരിഷ്ടം”.. മാധവൻ പറഞ്ഞപ്പോൾ നെഞ്ചിൽ അത്രയും വിഷമം തിങ്ങി… പദ്മ തല കുനിച്ചു നിന്നു.. “വേറെ നല്ലൊരു ബന്ധം കിട്ടും.. ചിലപ്പോൾ ഹരി തന്നെ.. അയാൾ തെറ്റ് മനസ്സിലാക്കി വന്നില്ലേ.. ഒന്നുമല്ലെങ്കിലും വിവാഹം വരെ എത്തിയതല്ലേ.. കുടുംബം കൊണ്ടും വിവരം കൊണ്ടും എല്ലാം നല്ലത് ഹരി തന്നെയാ”..

മാധവന്റെ മുഖത്ത് ആഞ്ഞടിച്ചുകൊണ്ടായിരുന്നു അതിനുള്ള മറുപടി പറഞ്ഞത്.. “എന്നെ വേണ്ടാന്നു വെച്ചു സഹോദരനായി കൊടുത്തവനാണ് ഹരി.. ആത്മാഭിമാനം എന്നൊന്നുണ്ട് എനിക്ക്.. ഇപ്പോൾ നിങ്ങളും ഹരിയും തമ്മിൽ എന്ത് വിത്യാസം ആണുള്ളത്.. ഇഷ്ടമില്ലെങ്കിൽ അത് പറഞ്ഞാൽ മതി.. വേറൊരാൾക്ക് നേരെ നീട്ടാൻ നിൽക്കണ്ട.. ഞാൻ അത്രയ്ക്കും മോശം ആണോ നിങ്ങൾക്കൊക്കെ .. അതോ എനിക്ക്.. എനിക്ക്.. ഒരാൾക്കൊപ്പം ജീവിക്കാനുള്ള യോഗ്യത ഇല്ലേ.. ഇങ്ങനെ തട്ടിക്കളിക്കാൻ മാത്രം……….”പദ്മ ബാക്കി പൂർത്തിയാക്കാതെ കരഞ്ഞു പോയി.. മാധവൻ ഒരു വാക്ക് കൊണ്ടുപോലും ആശ്വസിപ്പിക്കാൻ തുനിഞ്ഞില്ല.. ഇനിയും നിന്നാൽ തന്റെ ബാക്കി ഉള്ള അഭിമാനവും കൂടി നഷ്ടപെടുന്ന രീതിയിൽ കാലിൽ പിടിച്ചു കെഞ്ചുമെന്ന് തോന്നി പദ്മക്ക് .. കണ്ണുകൾ അമർത്തി തുടച്ചു..

“ഞാൻ കാരണം ഇവിടെ നിന്നും പോകരുത്.. നിങ്ങൾ പറഞ്ഞത് പോലെ അച്ഛന് അത് സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല.. ഇനി ഞാൻ ഈ കാര്യം പറഞ്ഞു ശല്യം ചെയ്യില്ല.. മുന്നിൽ വരിക പോലുമില്ല.. വാക്കാണ്”.. പദ്മ വാതിലിൽ മുറുക്കി പിടിച്ചു അത്രയും പറഞ്ഞിട്ട് വീട്ടിലേക്ക് മെല്ലെ നടന്നു.. വിഷ്ണുവിന്റെ വീട്ടിൽ നിന്ന് വന്നതിന് ശേഷം ഇതിപ്പോൾ ആദ്യമായിട്ടാണ് ഇങ്ങനെ നെഞ്ചു പൊട്ടി കരയുന്നത്..

പിന്നീടുള്ള ദിവസങ്ങൾ ഒരുതരം ഒളിച്ചുകളിയായിരുന്നു പദ്മ .. ഇരുൾ മാറും മുന്നേ മുറ്റം തൂക്കുക.. മഴ ഉണ്ടെങ്കിൽ കൂടി സ്കൂട്ടിയിൽ തന്നെ പോകുക.. കൊണ്ടുവിടാൻ അച്ഛനോട് പറഞ്ഞാൽ ഉടനെ മാധവനെ നീട്ടി വിളിക്കും.. അതൊഴിവാക്കി.. മിന്നുവിനോട് പഴയ ടീച്ചർ ആയി.. ആവശ്യമില്ലാത്ത ഒരു ഗൗരവത്തിന്റെ മുഖംമൂടി എടുത്തണിഞ്ഞു.. പഠിക്കുന്നതിനിടയിൽ കൊതിയോടെയുള്ള ആ നോട്ടം പൂർണ്ണമായും അവഗണിച്ചു.. വഴക്ക് പറയുമ്പോൾ കണ്ണു നിറച്ചു ഒരു നോട്ടമാണ്.. പണ്ടൊക്കെ ഓരോ വഴക്കിനും പഠിത്തം കഴിഞ്ഞ് എണ്ണിയെണ്ണി ഉമ്മ മേടിച്ചിരുന്നവളാണ്.. തന്നെ ഭയം ആണ് ഇപ്പോൾ .. തനിക്കൊരു ഉമ്മ തരാൻ പോലും അതിനെക്കൊണ്ടാവുന്നില്ലപേടിച്ചിട്ട് .. വിഷമം ആണ് മുഖം നിറയെ.. അതിലേറെ നെഞ്ചുനീറി ആവും അവൾക്കൊപ്പം പദ്മ ഇരിക്കുന്നത്.. പോകുമ്പോൾ തിരിഞ്ഞു തിരിഞ്ഞുള്ള നോട്ടം കാണുമ്പോൾ കൈനീട്ടി നെഞ്ചിൽ ചേർക്കാൻ തോന്നും… പിന്നെ എന്തൊക്കെയോ ഓർമ്മ വരുമ്പോൾ കണ്ണും പൂട്ടി എല്ലാം സഹിക്കും.. ഫൈനൽ എക്സാം സമയത്തു ചിലപ്പോൾ അവളെ കൂട്ടാതെ രാവിലെ പോകും.. പോകും വഴി മുഴുവൻ ആ കുഞ്ഞുമുഖം ആവും മനസ്സിൽ.. അച്ഛൻ ആശ്വസിപ്പിക്കും ടീച്ചറിന് നേരത്തെ പോകേണ്ട ആവശ്യം ഉണ്ടെന്ന്.. പിന്നെ വിഷമത്തോടെ മാധവനോട് “അമ്മ കൊണ്ടോയില്ല”ന്ന് പറയുന്നതും ഉണ്ടക്കവിളിലൂടെ കണ്ണീർ ഒഴുകുന്നതും അയാൾ സ്കൂളിൽ കൊണ്ടു വിടുന്നതുമെല്ലാം മനസ്സിൽ കാണും..

ക്ഷമിക്ക് പൊന്നേ അമ്മയോട്.. നിന്റെ അച്ഛന് വാക്കുകൊടുത്തു പോയി.. ഒരുവിധത്തിലും നിങ്ങളുടെ ജീവിതത്തിൽ ശല്യം ചെയ്യില്ലെന്ന്.. നടക്കില്ലാത്ത കാര്യത്തിന് കുഞ്ഞു മനസ്സിൽ ആശ പാകാൻ ഇഷ്ടമില്ലാഞ്ഞിട്ടാ.. കുറച്ചു കഴിയുമ്പോൾ ഈ അമ്മയെ നീ മറന്നോളും.. പിന്നെ നിനക്ക് ടീച്ചർ മാത്രം ആവും.. ചില രാത്രികൾ അവളെ ഓർത്ത് കണ്ണു നിറയ്ക്കും.. ഒന്ന് കെട്ടിപ്പിടിച്ചു കിടക്കാനുള്ള ആഗ്രഹം മനസ്സിൽ ഒതുക്കി വെച്ചു..

വിഷാദം മൂടി മുഖത്തെ പ്രസാദം ഒക്കെയും നഷ്ടപ്പെട്ടു , ചെയ്യുന്നതിൽ ഒന്നും മനസ്സു ഉറച്ചു നിൽക്കുന്നില്ല..നേരെചൊവ്വേ ഭക്ഷണം പോലും ഇല്ലാതായി.. അച്ഛൻ കണ്ടുപിടിക്കാൻ താമസം ഉണ്ടായില്ല.. ചോദിക്കാനും..

“എന്താ നിനക്ക് പറ്റിയത്.. കുറച്ചു ദിവസമായി ഇങ്ങനെ.. സ്വന്തം വീട്ടിലും ആരെയാണ് നീ ഒളിച്ചു നടക്കുന്നത്”.. വിളക്ക് വെച്ചിട്ട് അതിലേക്ക് എല്ലാം മറന്ന് നോക്കിയിരിക്കുമ്പോൾ അച്ഛൻ അടുത്ത് വന്നു ചോദിച്ചു..

ചിരിയോടെ ഒന്നുമില്ലെന്ന് പറഞ്ഞു മറയ്ക്കാൻ നോക്കി.. പക്ഷേ ചിരിക്കാൻ മാത്രം സാധിച്ചില്ല..

“നിനക്കും മാധവനും ഇടയിൽ എന്താണ് പ്രശ്നം.. അവനെ കാണാൻ തുടങ്ങിയിട്ട് കുറച്ചേ ആയുള്ളൂ എങ്കിലും അവന്റെ മാറ്റം അച്ഛന് ശരിക്കും മനസ്സിലാവും.. ഒന്നിലും ഒരുത്സാഹവും ഇല്ല രണ്ടാൾക്കും.. പണ്ടത്തെ ആ വഴക്കില്ല.. കുറച്ചു ദിവസമായില്ലേ ഇങ്ങനെ നീ .. നിന്റെ മാറ്റത്തിൽ ആ കുഞ്ഞ് വിഷമിക്കുന്നത് കാണുന്നില്ലേ.. കഴിഞ്ഞ ദിവസം നീ പോയീന്നു കേട്ടപ്പോൾ ആ കുഞ്ഞു വിതുമ്പി കരഞ്ഞു.. അറിയോ നിനക്ക്.. അമ്മയാ ഒന്ന് ആശ്വസിപ്പിച്ചത് “.. അച്ഛന്റെ തോളിലേക്ക് തല വെച്ചു പദ്മ.. കണ്ണുകൾ നിറഞ്ഞൊഴുകി..

“ഇങ്ങനെ കരയാൻ മാത്രം പ്രശ്നം എന്താ എന്റെ മോൾക്ക്”.. മറുപടി ഒന്നും ഇല്ലെന്ന് തോന്നിയപ്പോൾ വീണ്ടും ചോദിച്ചു..”അച്ഛന് തോന്നിയതാണോ ന്ന് അറിയില്ല.. എങ്കിലും ഒരു സംശയം പോലെ.. തെറ്റാണെങ്കിൽ വിട്ടേക്ക്… നിനക്ക്… നിനക്ക് മാധവനെ ഇഷ്ടമാണോ”..അച്ഛൻ ചെറിയൊരു സംശയത്തോടെ ചോദിച്ചു..

അച്ഛന്റെ കയ്യിൽ കെട്ടിപ്പിടിച്ചു.. കരച്ചിലിന് കുറച്ചുകൂടി ശക്തി കൂടിയെന്ന് തോന്നി.. അയാൾ പദ്മയുടെ നെറുകയിൽ മെല്ലെ തലോടിക്കൊണ്ടിരുന്നു.. മനസ്സ് ഒന്നു ശാന്തമായപ്പോൾ പദ്മ മെല്ലെ പറഞ്ഞു തുടങ്ങി എല്ലാം .. അവളെ ഏറെ വേദനിപ്പിച്ചത് എല്ലാം അറിഞ്ഞു വെച്ചിട്ടും മാധവൻ അവളെ ഹരിയ്ക്ക് വീണ്ടും ആലോചിച്ചതിലാണ്..

“സഹതാപം കൊണ്ടുണ്ടായത് അല്ല അച്ഛാ.. എനിക്ക് മിന്നുവിനെയും അയാളെയും ശരിക്കും ഇഷ്ടമായിട്ട് തന്നെയാ.. മിന്നുവിനോടുള്ള എന്റെ ഇഷ്ടം മറ്റാരേക്കാളും നന്നായിട്ട് അയാൾക്കറിയുകയും ചെയ്യാം .. എന്നിട്ടും എനിക്ക് സഹതാപം ആണ് പോലും.. അതിനാലാണോ അച്ഛാ ഞാൻ ഇത്രയും ചെയ്തത്.. എങ്ങനെ അയാൾക്ക് പറയാൻ തോന്നി”…

“മോളേ നീ എല്ലാം ചിന്തിച്ചിട്ടാണോ ഈ പറയുന്നത്.. നിന്റെ ഇഷ്ടത്തിന് അച്ഛൻ എതിരൊന്നുമല്ല.. നീ തെറ്റായതൊന്നും കണ്ടുപിടിക്കില്ലെന്നും അറിയാം.. ഒരിക്കൽ അച്ഛന് തെറ്റ് പറ്റിയതാ.. നിന്റെ ഈ ജീവിതം വെച്ച് ഇനിയും, അച്ഛന് പേടിയാണ്”.. അച്ഛൻ സംശയത്തോടെ ഒന്ന് പദ്മയെ നോക്കി..

“മ്മ്.. ഞാൻ ഒരുപാട് ഒരുപാട്.. ചിന്തിച്ചു അച്ഛാ.. എനിക്ക് ഇഷ്ടമാണ് ന്ന് തന്നെയാണ് മനസ്സിൽ..അതല്ലേ ഞാനിങ്ങനെ വേദനിക്കേണ്ടി വന്നത് “..

“നിനക്ക് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ, അത്രയും ഉറപ്പുണ്ടെങ്കിൽ അച്ഛനൊന്ന് സംസാരിക്കട്ടെ മാധവനോട്”..

“വേണ്ട.. അച്ഛന് മാധവനെ ഇഷ്ടമാണെന്ന് എനിക്ക് അറിയാം.. ഒരു വിവാഹം കഴിഞ്ഞതോ കുട്ടി ഉള്ളതോ അച്ഛൻ നോക്കുന്നില്ലെന്നും അറിയാം .. എന്നെ സന്തോഷമാക്കി കൊണ്ടു നടക്കുമോ എന്നു മാത്രമേ നോക്കൂന്നും അറിയാം”..

“അച്ഛനെ ഇത്രയും മനസ്സിലാക്കിയിരുന്നെങ്കിൽ പിന്നെന്താ മോള് അച്ഛനോട് ഒന്നും പറയാഞ്ഞത്.. എങ്കിൽ ഇങ്ങനെ തനിച്ച് ഇരുന്നു വിഷമിക്കേണ്ടി വരില്ലായിരുന്നല്ലോ”.. പദ്മയുടെ നെറുകിൽ ഉമ്മ വെച്ചു ചോദിച്ചു..

“അച്ഛൻ പറഞ്ഞാൽ മാധവൻ അനുസരിക്കും.. അത് നന്ദിയുടെ പുറത്താവില്ലേ അച്ഛാ.. അച്ഛനോടുള്ള സ്നേഹം കൊണ്ട് ആവരുത് എന്നെ അയാൾ ജീവിതത്തിലേക്ക് കൂട്ടാൻ.. അതാണ്‌ ഞാൻ നേരിട്ട് ചോദിച്ചത്.. അതിനുള്ള മറുപടിയും അറിഞ്ഞു.. എന്നെ അങ്ങനെ കാണാൻ സാധിക്കില്ലെന്ന്.. അദ്ദേഹത്തിന് ഒന്ന് ചിന്തിക്കേണ്ടി വന്നു പോലുമില്ല എന്റെ ഇഷ്ടം വേണ്ടെന്ന് വെക്കാൻ.. അതിനേക്കാൾ മുൻ‌തൂക്കം അച്ഛനോടുള്ള സ്നേഹത്തിനാണത്രേ.. അതിലെനിക്ക് വിഷമം ഒന്നുമില്ല.. അതങ്ങനെ തന്നെ ഇരുന്നോട്ടെ “..

“നീയിങ്ങനെ വിഷമിക്കാതെ.. അച്ഛൻ സംസാരിക്കാം”..പദ്മയുടെ വിഷമം കണ്ടു വേദനയോടെ അദ്ദേഹം പറഞ്ഞു..

“വേണ്ട.. ഇനി അതിനെക്കുറിച്ചു സംസാരിക്കില്ലെന്ന് അയാൾക്ക് വാക്ക് കൊടുത്തു.. ഇനി നാണംകെടാൻ വയ്യാ.. അത്രയ്ക്കും ഞാൻ കെഞ്ചി പറഞ്ഞു, എന്നിട്ടും.. ഇനി അച്ഛനും ഒന്നും ചോദിക്കേണ്ട.. ഒന്നും പറയുകയും വേണ്ടാ.. ഇതിവിടെ അവസാനിപ്പിച്ചു ഞാൻ.. ഒരാൾ കൂടി എന്നെ വേണ്ടെന്ന് വെച്ചു അത്രേയുള്ളൂ.. വിഷ്ണു പോയപ്പോൾ ആശ്വാസമായിരുന്നു.. പക്ഷേ ഇത്.. ഇതെനിക്ക് നന്നായിട്ട് വേദനിക്കുന്നുണ്ട് അച്ഛാ “.. ഒന്നുകൂടി വിതുമ്പി കരഞ്ഞു.. എല്ലാമൊന്ന് അച്ഛനോട് പറഞ്ഞു കഴിഞ്ഞപ്പോൾ പദ്മയ്ക്ക് ഒരാശ്വാസം തോന്നി.. എങ്കിലും ആ തോളിൽ നിന്നു തല മാറ്റിയില്ല.. വിഷമം മാറും വരെ അച്ഛൻ പദ്മയെ തലോടിയിരുന്നു..

“അച്ഛാ.. മിന്നുവും മാധവനും ഇവിടെ നിന്നും പോകാനൊക്കെ ചെറിയ പ്ലാൻ ഇടുന്നുണ്ട്.. അവരെ വിടരുത്.. പോകാൻ അച്ഛൻ സമ്മതിക്കരുത്.. വേറൊന്നും കൊണ്ടല്ല.. അന്യനാട്ടിൽ, അയാൾ പണിക്ക് പോയാൽ പിന്നെ, മിന്നു തനിയെ.. ഇപ്പോളത്തെ കാലമാണ്.. അവളെ തനിച്ചു വിടാൻ എനിക്ക് പേടിയാണ് അച്ഛാ .. അയാളെക്കൊണ്ട് പോവില്ലെന്ന് ഉറപ്പ് വാങ്ങണം അച്ഛൻ.. ഇല്ലെങ്കിൽ ഒരു സമാധാനം ഉണ്ടാവില്ല.. അവൾക്ക് പുതിയൊരു അമ്മ വരുംവരെയെങ്കിലും”.. അവസാനം പറഞ്ഞപ്പോൾ ശബ്ദം അടഞ്ഞു പോയിരുന്നു അവളുടെ..

“മ്മ്.. മനസ്സിലായി അച്ഛന്.. അല്ലേലും അങ്ങനെ പോകാൻ അവനെക്കൊണ്ട് പറ്റുമോ”..

“ഞാൻ ഇവിടെ ഉള്ളപ്പോൾ ചിലപ്പോൾ അയാൾ അങ്ങനെ ഒക്കെ ചിന്തിച്ചെന്നും വരാം..ജീവിതകാലം മുഴുവൻ ഇവിടെ നിൽക്കാൻ പറയാൻ നമുക്ക് അവകാശമില്ലല്ലോ.. പക്ഷേ മിന്നുവിന്റെ ലൈഫ് സേഫ് ആക്കണം, അയാൾക്ക് നിലയുറച്ചു നിൽക്കാൻ കയ്യിൽ സമ്പാദ്യം ഉണ്ടാവണം .. എന്നിട്ട് ഇഷ്ടമാണെങ്കിൽ പൊക്കോട്ടെ”..

“അവൻ മിടുക്കനാ.. തെളിയിച്ചതല്ലേ അവൻ.. രണ്ടു മൂന്നു വട്ടം കൂടി കൃഷി ഇറക്കി വിളവെടുപ്പ് നടത്തിയാൽ ആ സ്ഥലം വാങ്ങാനുള്ളത് അവന്റെ കയ്യിൽ കിട്ടും.. പക്ഷേ മോള് പറഞ്ഞത് പോലെ മാധവൻ ഒരു അച്ഛൻ എന്ന രീതിയിൽ എത്ര വിജയം ആണെന്ന് എനിക്കറിയില്ല.. എനിക്ക് പോലും വിജയിക്കാൻ സാധിച്ചിട്ടില്ല.. മിന്നൂട്ടി ഇപ്പോളാ ഒന്ന് സന്തോഷം അറിഞ്ഞു വരുന്നേ.. പാവം.. ആ നോക്കാം”.. അച്ഛൻ പദ്മയുടെ മുടിയിൽ തലോടി..

“നാളെ എക്സാം കഴിയുകയാണ്..പിന്നെ അവധി അല്ലേ.. ഞാൻ ഒന്ന് അമ്മേടെ വീട്ടിൽ പോയിട്ട് വരട്ടേ അച്ഛാ.. ഇവിടിപ്പോൾ മാധവൻ ഉണ്ടല്ലോ.. എന്നേക്കാൾ നന്നായിട്ട് അയാൾ നിങ്ങളെ രണ്ടാളെയും നോക്കുമെന്ന് എനിക്കുറപ്പുണ്ട്.. പൊക്കോട്ടെ”.. പദ്മ അച്ഛന്റെ മുഖത്തേക്ക് നോക്കി കൊഞ്ചി..

“ഒളിച്ചോട്ടം ആണോ മോളേ”.. അച്ഛൻ ചിരിയോടെ ചോദിച്ചു..

“മ്.. ചെറുതായിട്ട്.. ഇവിടെ നിൽക്കാൻ ഇപ്പോൾ ഒരു സുഖമില്ല.. അയാൾക്കും ഞാൻ ഇവിടെ ഇല്ലാത്തതാവും ആശ്വാസം.. വെക്കേഷന് എല്ലാവരും വരില്ലേ വീട്ടിൽ .. എന്റെ മുറച്ചെറുക്കന്മാർ ഉൾപ്പെടെ.. ആരെയെങ്കിലും കെട്ടിയിട്ട് ഞാൻ ഇയാളുടെ മുന്നിലൂടെ നടക്കും നോക്കിക്കോ.. അന്നും ഇങ്ങേരു തൂമ്പയും പിടിച്ചു നടക്കുവായിരിക്കും.. കാലൻ.. എന്നെ വേണ്ടവരും ഉണ്ടെന്ന് ഞാൻ ഇങ്ങേരെ കാണിച്ചു കൊടുക്കും”.. ചുണ്ടിലൊരു ചിരിയോടെ, വാശിയോടെ അതിലേറെ വിഷമത്തോടെ പറഞ്ഞു…

“നീയിങ്ങനെ പ്രാകല്ലേ മോളേ അവനെ.. മാധവൻ നല്ലൊരു പയ്യനാ.. അവന് ഇങ്ങനെ പെരുമാറാനെ സാധിക്കൂ.. പാവമാ.. അച്ഛന് അവനെ നന്നായിട്ടറിയാം”.. അച്ഛൻ ഒന്നാലോചിച്ചിട്ട് പദ്മയോട് ചോദിച്ചു.. “അല്ലാ.. ഇനി വിവാഹം കഴിക്കാത്ത മുറച്ചെറുക്കന്മാർ അതിനു നിനക്കുണ്ടോ.. എല്ലാ അവന്മാരുടേം കല്യാണം കഴിഞ്ഞില്ലേ”..

“ഓഹോ ഇപ്പോ അതാണോ വല്യ കാര്യം.. നിങ്ങൾ രണ്ടു പേരും ഇപ്പോൾ ഒറ്റക്കെട്ടായി.. ഞാൻ പുറത്തും”..

അച്ഛൻ ഒന്നു ചിരിച്ചു… “എന്റെ മോളല്ലേ അച്ഛന് എന്നും വലുത്… അമ്മയുടെ വീട്ടിലേക്ക് ആയതുകൊണ്ട് നിന്റെ അമ്മയ്ക്കും പറഞ്ഞു വിടാൻ സന്തോഷം ആവും.. അമ്മയോട് അച്ഛൻ എല്ലാം പയ്യെ പറഞ്ഞോളാം.. മോള് ധൈര്യമായി പോയിട്ടു വാ.. അപ്പോൾ എപ്പോഴാ യാത്ര”..

“നാളെ ഉച്ചക്ക്.. എക്സാം കഴിഞ്ഞ ഉടനെ.. പാക്ക് ചെയ്യട്ടെ ഞാൻ”.. പദ്മ മെല്ലെ എഴുന്നേറ്റു.. എന്തോ ഓർത്തത് പോലെ വീണ്ടും തിരിഞ്ഞു.. “പിന്നേ.. അച്ഛാ… എന്റെ ഒരു കാര്യവും അയാളോട് പറയണ്ട കേട്ടോ.. വിവാഹക്കാര്യം ഒട്ടും വേണ്ടാ.. അമ്മയോടും പറഞ്ഞേക്ക് “..

“അപ്പോൾ മിന്നൂട്ടി ചോദിച്ചാൽ എന്തു പറയണം മോളേ ഞാൻ “… അച്ഛന്റെ ചോദ്യത്തിന് അവളുടെ കയ്യിലും മറുപടി ഇല്ലായിരുന്നു.. അവൾ തന്നെ തേടും.. കാണാതായാൽ വിഷമിക്കും.. സാരമില്ല അമ്മ കൂടെ കൊണ്ടു നടത്തിക്കോളും.. അവൾ തനിച്ചാവില്ല.. പദ്മ ഒന്നും മിണ്ടാതെ എഴുന്നേറ്റു മുറിയിലേക് പോയി.. അവളെ നോക്കി പദ്മയുടെ അച്ഛൻ ഒന്ന് നെടുവീർപ്പെട്ടു..

പിറ്റേന്ന് എക്സാം ഒക്കെ കഴിഞ്ഞു സ്കൂളിൽ നിന്ന് നേരെ സ്റ്റാൻഡിലേക്ക് അച്ഛൻ കൊണ്ടു വിട്ടു.. ബസ് വന്നപ്പോൾ അച്ഛന്റെ കയ്യിൽ പിടിച്ചു… “തിരിച്ചു അച്ഛന്റെ പഴയ പദ്മ ആയിട്ട് വരണം കേട്ടോ .. നിന്റെ മനസ്സൊന്നു തണുക്കട്ടെ എന്ന് വിചാരിച്ചു മാത്രമാ അച്ഛൻ ഇതിന് സമ്മതിച്ചത് .. എന്നും വിളിക്കണം”.. അച്ഛൻ തന്ന ഉമ്മയും വാങ്ങി നിൽക്കുമ്പോളും അവൾക്കെന്തോ പറയാനുണ്ട് പക്ഷേ മടിക്കുന്നുമുണ്ട് .. അത് മനസ്സിലാക്കി അച്ഛൻ പറഞ്ഞു..”മോള് ധൈര്യമായിട്ട് പോയിട്ടു വാ.. മിന്നൂട്ടിയെ അച്ഛൻ നോക്കിക്കോളാം”.. ഒരു ചിരിയോടെ കണ്ണും നിറച്ചു ബസിൽ കയറി.. ബസ് ദൂരേക്ക് മായും വരെ അച്ഛൻ നോക്കി നിന്നു.. കർച്ചീഫ് എടുത്തു കണ്ണു തുടച്ചു കാർ എടുത്തു വീട്ടിലേക്ക് പോയി..

ഓടി വരും…