രചന – ഗംഗ ശലഭം
” ഏഴല്ലേ ആയുള്ളൂ? നമുക്ക് ചുമ്മാ പാർക്കിൽ ഒന്ന് പോയിട്ട് വരാം…. ”
ഇവിടെ അടുത്തൊരു പാർക്കുണ്ട്. പൂച്ചെടികളും, സ്റ്റോൺ ബെഞ്ചുകളും, ഫൗണ്ടനും, രാവിലെയും വൈകിട്ടും നടക്കാൻ വരുന്നവർക്ക് സൗകര്യത്തിന് നടക്കാനുള്ള ചെറിയ വഴിയുമൊക്കെയായിട്ട്…. ഒന്ന് രണ്ട് വട്ടം ഞങ്ങൾ അവിടെ പോയിട്ടുണ്ട്. രസമാണ്…. അവിടേക്ക് പോകാമോ എന്നാണീ ചോദിക്കുന്നത്.
” ബോർ അടിക്കുന്നെടോ… പോകാം? ”
ഒന്നൂടെ ചോദിച്ചപ്പോ ഞാനും സമ്മതം മൂളി.
റൂമിലേക്ക് ചെന്ന് പോകാനായി തയാറായിക്കഴിഞ്ഞപ്പോഴാണ് ടേബിളിന് മുകളിൽ ഇരിക്കുന്ന എന്റെ മൊബൈൽ കണ്ണിൽപ്പെട്ടത്. രാവിലെ കേട്ടതൊക്കെ പിന്നെയും കൂർത്ത കത്തി മുന പോലെ നെഞ്ചിലൊരു പോറൽ വീഴ്ത്തിക്കൊണ്ട് ഉള്ളിൽ കടന്ന് കൂടി. പതിയെ മൊബൈൽ കയ്യിൽ എടുത്തു. വോയിസ് റെക്കോർഡർ ഓൺ ചെയ്തു.
അത്രയും ചെയ്തപ്പോ തന്നെ എന്തോ വലിയ കുറ്റം ചെയ്യാൻ ഒരുങ്ങുന്നത് പോലെ എന്റെ നെഞ്ച് ഉച്ചത്തിൽ മിടിക്കാൻ തുടങ്ങിയിരുന്നു. ഉള്ളം കയ്യൊക്കെ വിയർപ്പിൽ കുതിർന്നു.
” ഞാൻ… ഞാനൊന്ന് വെള്ളം കുടിച്ചിട്ട് വരാവേ…. ”
തിരിഞ്ഞു നോക്കാതെ ഹരിയേട്ടനോട് പറഞ്ഞു. എന്തോ തെറ്റ് ചെയ്യാൻ പോകുന്നു എന്നൊരു തോന്നലാണ്.
മൊബൈലും കയ്യിൽ ഒതുക്കിപ്പിടിച്ചു ടി വി റൂം വരെ ചെന്നു. അതെവിടെ വയ്ക്കും എന്നതായിരുന്നു പിന്നീട് ടെൻഷൻ. ഹരിയേട്ടൻ റെഡിയായി വരും മുന്നേ എവിടെങ്കിലും വയ്ക്കണം. മറ്റ് രണ്ടെണ്ണവും കാണാനും പാടില്ല.
ടി വി റൂമിന്റെ സൈഡിലായി ഒരു ബുക്ക് ഷെൽഫുണ്ട്. അതിൽ നിറയെ ബുക്‌സും.
വരാന്തയിലെ വലിയ ക്ലോക്ക് ഏഴു വട്ടം ശബ്ദിക്കുന്നത് കേട്ടു. ഇപ്പൊ രണ്ടാളും സീരിയൽ കാണാൻ വരും. പിന്നെ എട്ട് മണി വരെ ഇവിടുന്ന് മാറില്ല.
ഞാൻ കയ്യിലെ മൊബൈൽ ബുക്കുകൾക്കിടയിൽ തിരുകി. ടി വി റൂമിൽ നിന്നോ ഡെയിനിങ് റൂമിൽ നിന്നോ എന്തെങ്കിലും പറഞ്ഞാൽ ക്ലിയർ ആയിട്ട് ഇതിൽ കിട്ടും.
വച്ചു കഴിഞ്ഞപ്പോ പിന്നെയും ഒരു ടെൻഷൻ. കയ്യും കാലമൊക്കെ വിറയ്ക്കുന്നുണ്ട്. ഇതൊന്നും എനിക്ക് പറ്റില്ല എന്ന് മനസ്സിലാക്കി തിരിച്ചെടുക്കാൻ കൈ നീട്ടിയതും അമ്മയും അച്ഛനും കൂടി കേറി വന്നു. കൂടെ ‘ ഇത് വരെ വെള്ളം കുടിച്ച് കഴിഞ്ഞില്ലേ ദേവൂ? ‘ ന്നുള്ള ഹരിയേട്ടന്റെ വിളിയും.
ഉയർന്ന നെഞ്ചിടിപ്പോടെ സ്റ്റാൻഡിലേക്ക് നീണ്ട കൈ ഞാൻ പിൻവലിച്ചു. ഞങ്ങൾ ഇറങ്ങുമ്പോഴേക്കും അവർ ടി വി ഇട്ട് കാണാൻ തുടങ്ങിയിരുന്നു.
🦋 🦋 🦋
പാർക്കിൽ അധികം തിരക്കൊന്നും ഉണ്ടായിരുന്നില്ല. കുറച്ചു ദൂരം നടന്നു. ഹരിയേട്ടൻ എന്റെ കയ്യിൽ കോർത്തു പിടിച്ചിരുന്നു. ആള് എന്തൊക്കെയോ പറയുന്നുണ്ട്. എനിക്ക് അതൊന്നുമേ ശ്രദ്ധിക്കാൻ പറ്റുന്നില്ല. ഫോൺ അവരെങ്ങാനും കാണുമോ, തിരികെ ചെല്ലുമ്പോ ഹരിയേട്ടൻ കാണാതെ അത് എടുക്കാൻ പറ്റുമോ എന്നൊക്കെയുള്ള പേടിയാണ് ഉള്ള് നിറയെ…
കുറച്ചു നടന്നിട്ട് ഞങ്ങൾ ഫൗണ്ടന് അടുത്തായിട്ടുള്ള ഒരു സ്റ്റോൺ ബെഞ്ചിൽ ഇരുന്നു.
” എന്ത് പറ്റി? വയ്യേ…? ”
എന്റെ മുഖത്തെ തെളിച്ചമില്ലായ്മ കണ്ടാവണം ഹരിയേട്ടൻ ചോദിച്ചത്.
” മ്മ്… തലവേദന…. ”
അല്ലാതെന്തു പറയാൻ?
” എന്നാ നമുക്ക് പോകാം… നീ പറയാത്തതെന്താ വയ്യാന്ന്? എങ്കിൽ വരണ്ടായിരുന്നല്ലോ ? ”
” അപ്പൊ ഇത്രേം കുഴപ്പമില്ലായിരുന്നു. ”
എന്ന് പറഞ്ഞൊഴിഞ്ഞു ഞാൻ….
അധികം വൈകാതെ വീട്ടിലേക്ക് വന്നു. അപ്പോഴും അമ്മയും അച്ഛനും ടി വി യുടെ മുന്നിൽ തന്നെ.
എഴേ മുക്കാലായതേയുള്ളൂ…. എട്ട് മണിവരെ സീരിയൽ കണ്ടിരിക്കുന്നതാണ് പതിവ്. ഇനിയിപ്പോ അവര് എഴുന്നേറ്റ് പോയാലേ റെക്കോർഡ് ചെയ്യാൻ വച്ച എന്റെ ഫോൺ ഒന്ന് തിരികെ എടുക്കാൻ പറ്റൂ….
ആരും കാണാതെ അത് തിരികെ എടുക്കുന്നത് എങ്ങനെയാന്നുള്ളതാണ് ഇപ്പോഴത്തെ ടെൻഷൻ. ആ മീനൂണ് ഇതൊക്കെ അങ്ങ് പറഞ്ഞാ മതി. ഇവിടെ കിടന്ന് വിഷമിക്കുന്നത് ഞാനല്ലേ?
ഹരിയേട്ടൻ ആദ്യം ഡ്രസ്സ് ചേഞ്ച് ചെയ്തു പുറത്തേക്കിറങ്ങി. അതിന് പിറകെ ഞാനും റൂമിൽ കയറി ഡ്രസ്സ് മാറ്റി പുറത്ത് വന്നപ്പോഴുണ്ട് ഹരിയേട്ടൻ അതാ ബുക്ക് ഷെൽഫിൽ എന്തോ തിരയുന്നു. ഒരു നിമിഷം കൊണ്ട് എന്റെ ശ്വാസം നിന്ന് പോയീന്നു പറഞ്ഞാൽ മതിയല്ലോ?
ഞാൻ ധൃതിയിൽ അടുത്തേക്ക് ചെന്നു.
” എ…. എന്താ…. തിരയുന്നേ….? ”
ശബ്ദം വിറച്ചു പോയിരുന്നു.
അത് മനസ്സിലായിട്ടാവണം ഹരിയേട്ടൻ ഒന്ന് തിരിഞ്ഞു നോക്കി.
” താൻ എന്താ ഇങ്ങനെ പേടിച്ച് നിക്കണേ…? ”
” ഒ… ഒന്നൂല്ല…. ”
ഒന്ന് വിളറി ചിരിച്ചു.
” എസ് ഫൈവ്കാർക്ക് ക്ലാസ്സ് തുടങ്ങി. കുറച്ചു നോട്സ് പ്രിപയർ ചെയ്യാനുണ്ട്. ഞാൻ ഒരു ടെക്സ്റ്റ് നോക്കുന്നതാ… ”
പറഞ്ഞിട്ട് പിന്നെയും തിരിഞ്ഞു ബുക്കുകൾക്കിടയിൽ തിരയുന്നു.
എന്റെ കാലു മുതൽ ഒരു വിറയൽ ദേഹത്തേയ്ക്ക് പടർന്നു കയറി. പെട്ടെന്ന് നോക്കിയാൽ കാണില്ല. പക്ഷെ ആളെങ്ങാനും ഓരോ ബുക്കായി മാറ്റി നോക്കിയാൽ ഉറപ്പായും കണ്ട് പിടിക്കും…
എന്ത് ചെയ്യുമെന്ന് ആകെ ടെൻഷൻ അടിച്ച് നഖം കടിച്ച്, പേടിച്ച് നിന്നപ്പോഴാണ് “ഹാ കിട്ടി ” എന്നും പറഞ്ഞ് ഒരു ബുക്കുമെടുത്തു ഹരിയേട്ടൻ നിവർന്നത്.
ഞാൻ നെഞ്ചിൽ കൈ വച്ചൊന്ന് ശ്വാസം എടുത്ത് വിട്ടു. ഇതൊന്നും എനിക്ക് പറ്റിയ പണിയല്ല. ഇങ്ങനെ ടെൻഷൻ അടിച്ച് ചാവാൻ വയ്യെനിക്ക്. നെഞ്ചൊന്ന് അമർത്തി തടവി.
ഹരിയേട്ടൻ ബുക്കുമെടുത്തു റൂമിലേക്ക് പോയി. ഞാൻ ഇവിടെക്ക് വരുന്നതിന് മുന്നേ തന്നെ അമ്മ ദോശ ഉണ്ടാക്കാൻ അടുക്കളയിലേക്കും അച്ഛൻ ടി വി ഓഫാക്കി അവരുടെ മുറിയിലേക്കും പോയിരുന്നു.
എല്ലാടോം നോക്കി ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി ഞാൻ എന്റെ മൊബൈൽ ബുക്കുകൾക്കിടയിൽ നിന്നും പുറത്തെടുത്തു. അപ്പോഴും റെക്കോർജിങ് ഓടിക്കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് അത് ഓഫ് ചെയ്തു സേവാക്കി.
ഹരിയേട്യന്റെ ഹെഡ്സെറ്റ് ടി വി റൂമിലുള്ള ചെറിയ ടേബിളിന്റെ പുറത്ത് കിടക്കുന്നത് കണ്ടതും വാതിലോളം ചെന്ന് ഞങ്ങളുടെ മുറിയിലേക്കൊന്ന് എത്തിച്ചു നോക്കി. തുറന്ന് കിടക്കുന്ന ഡോറിലൂടെ ഹരിയേട്ടൻ തിരിഞ്ഞിരുന്ന് എന്തോ എഴുതുന്നത് കാണാം.
ഹെഡ് സെറ്റെടുത്തു കുത്തി റെക്കോർഡഡ് വോയിസ് പ്ളേ ചെയ്തു. കിട്ടിയോ എന്നറിയണമല്ലോ? സീരിയലിന്റെ ശബ്ദം മാത്രമാണ് ആദ്യം കേട്ടത്. കുറച്ചൊന്നു ഫോർവേഡ് അടിച്ച് നോക്കി.
എന്റെ അമ്മയെ പേരെടുത്തു പറഞ്ഞ് കണ്ണ് പൊട്ടുന്ന ചീത്ത വിളിക്കുന്നുണ്ടവര്…. കേട്ടതേ ഞാനത് ഓഫാക്കിക്കൊണ്ട് വായ പൊത്തിപ്പോയി. എന്തിനാണാവോ? കാരണം അറിയില്ല… ഇപ്പൊ കേൾക്കാനും വയ്യ. ഇത്ര കേട്ടപ്പോഴേ നെഞ്ച് കനക്കുന്നു. ബാക്കി കൂടി കേട്ട് പോയാൽ ഉറപ്പായും കരഞ്ഞു പോകും ഞാൻ…..
ശ്വാസം ഒന്ന് രണ്ട് വട്ടം വലിച്ച് വിട്ടു. എന്തായാലും ഇന്നിനിയിത് കേൾക്കാനുള്ള സൗകര്യം കിട്ടില്ല. നാളെ ഹരിയേട്ടൻ കോളേജിൽ പോയിക്കഴിഞ്ഞു കേൾക്കാം എന്ന് തീരുമാനിച്ചു.
എന്നിട്ടും മൊബൈൽ റൂമിലേക്ക് കൊണ്ട് വച്ചില്ല. എങ്ങാനും ഹരിയേട്ടൻ ഇതെടുത്തു നോക്കിയാലോ? റെക്കോർഡഡ് വോയിസ് കണ്ടാലോ എന്നൊക്കെയുള്ള പേടി.
നിറഞ്ഞ കണ്ണ് അമർത്തി തുടച്ച് മൊബൈൽ കയ്യിൽ പിടിച്ച് ടി വി റൂമിൽ നിന്ന് ഡെയിനിങ് റൂമിലേക്ക് കടക്കുന്നേരമാണ് അത് കേട്ടത്….
” ഇത് കൊള്ളാല്ലോ? വട്ടത്തിൽ അല്ലല്ലോ? എന്നാപ്പിന്നെ ഇത് കുമാരി തന്നെ എടുത്തോ. ”
അമ്മായിയച്ഛൻ കട്ലറ്റ് അവർക്ക് കൊടുക്കുന്നതാണ് എന്ന് ഊഹിച്ചിട്ടാണ് ഡെയിനിങ് റൂമിലേക്ക് ചെന്നത്. അപ്പഴേക്കും അവരത് വാങ്ങി ഒരു കടി കടിച്ചിരുന്നു. ഞാൻ നോക്കുമ്പോ അമ്മായീടെ വായിൽ ഇരിക്കുന്നുണ്ട് ചിക്കൻ കട്ലറ്റ്. വെജിറ്റേറിയൻ ആയ അമ്മായി ചിക്കൻ കട്ട്ലറ്റ് കഴിക്കുന്നു…!
അവരത് ചവച്ചിറക്കുന്നത് നോക്കി ഞാൻ നിന്നു. എന്തോ ക്രൂരമായ ഒരാനന്തം മനസ്സിൽ നിറയുന്നു. ഒരു കടി കൂടി കടിക്കട്ടെ…. എന്നിട്ടേ അത് നോൺ വെജ് ആണെന്ന് ഞാൻ അവരോട് പറയൂ…. പാവപ്പെട്ട എന്റെ അമ്മേ പറഞ്ഞതല്ലേ?
ചിക്കൻ എന്ന് കേട്ടാലേ മുഖം ചുളിക്കുന്നവരാണ്. കല്യാണത്തിനൊക്കെ ചിക്കൻ കണ്ടാൽ മൂക്ക് പൊത്തുന്നവരാണ്. അവരത് കഴിച്ചാൽ എങ്ങനെ ഇരിക്കും?
ഞാൻ വാതിലിനോട് ചേർന്ന് നിന്നു. അവരൊരിക്കൽ കൂടി കടിക്കുന്നത് നോക്കിയ ശേഷം സ്വാഭാവികതയോടെ മുന്നോട്ട് ചെന്നു.
” അയ്യോ… അമ്മാ അത് വെജ് അല്ല…. നോൺ വെജ്ആ… അച്ഛന്റെ കയ്യിൽ ഇരിക്കുന്നതാ വെജ്. ”
അമ്മായി വായിൽ ഇരുന്നത് മുഴുവൻ അപ്പോഴേക്കും ഇറക്കിക്കഴിഞ്ഞിരുന്നു.
അവര് എന്നെ ഒന്ന് മിഴിച്ച് നോക്കി. പിന്നെ കട്ട്ലറ്റിലേക്കും…. ശേഷം ഓക്കാനിച്ചു കൊണ്ട് എഴുന്നേറ്റ് പുറത്തേക്ക് ഒറ്റയോട്ടം….
പുറത്തിറങ്ങി വായ്ക്കകത്തു വിരലിട്ട് ശർദ്ദിക്കുന്നത് കണ്ടപ്പോ ആദ്യം ചിരിയാണ് വന്നത്. പക്ഷെ ശർദ്ദിൽ അവര് വിചാരിച്ചിടത് നിന്നില്ല എന്ന് തോന്നുന്നു. അവിടിരുന്ന് ശ്രദ്ദിച്ച് അവശയായിപ്പോയി. ശർദ്ദിച്ചു കുഴഞ്ഞപ്പോ മോളെ ദേവൂ ന്ന് എന്നെ നീട്ടി വിളിച്ചു.
ഞാൻ തന്നെയാണ് പോയി പിടിച്ച് കസേരയിലേക്ക് കൊണ്ട് ചെന്നിരുത്തിയത്.
” കള്ള കെളവൻ…. ഞാൻ ഇത് തിന്നൂല്ല എന്ന് അറിഞ്ഞൂടെ നിങ്ങക്ക്? എന്നിട്ട് എടുത്ത് തന്നേക്കാണ്…. ”
എന്നും പറഞ്ഞു തുടങ്ങീല്ലേ പിന്നെ….?
ഡിക്ഷണറിയിൽ പോലും ഇല്ലാത്ത പുതിയ ചീത്തകളൊക്കെ ഇറക്ക് മതി ചെയ്ത് അച്ഛനെ വിളിക്കുന്നത് കേട്ടു.
എന്താന്ന് അറിയില്ല. അതൊക്കെ കേട്ടപ്പോ പിന്നെയും ഒരു ചെറിയ മനസുഖം.
അയാളും അവരും കൂടി എന്നെ വിളിച്ച ചീത്തയുടെ നൂറിൽ ഒരംശം ആവില്ലെങ്കിലും, ചീത്ത കേൾക്കുമ്പോഴുള്ള സുഖം അങ്ങേരും അറിയട്ടേന്ന്….!
ചിക്കൻ കട്ട്ലറ്റിനു ഹാർട്ട് ഷേപ്പ് ആയിരുന്നേ….
പാവം അച്ഛൻ ഹൃദയസഖിക്ക് ഹൃദയം കൊടുത്താ… കോഴീടെ ഹൃദയം ആണെന്ന് പുള്ളിക്കാരൻ അറിഞ്ഞില്ലലോ?
എന്തായാലും ഇനിയും നിന്നാൽ അമ്മായി പുള്ളിക്കാരന്റെ ഹൃദയം മാത്രമല്ല, കംപ്ലീറ്റ് മാന്തി പുറത്തിടും എന്ന് തോന്നിയോണ്ടാവും ആള് പെട്ടെന്ന് മുറിയിലോട്ട് സ്കൂട്ടായി.
എന്നെ പറയാൻ മാത്രേ പുള്ളിക്ക് നാവുള്ളൂ… ഭാര്യേടെ മുന്നില് ഇപ്പോഴും സീരിയൽ അമ്മായ്യ്യപ്പൻ തന്നെ…!
ഹരിയേട്ടൻ നോട്ട്സ് എഴുതിക്കൊണ്ടിരുന്നത് കൊണ്ട് കഴിക്കാൻ വന്നിരുന്നില്ല.
കുറച്ചു കൂടി കഴിഞ്ഞ് ആള് കഴിക്കാൻ വന്നപ്പോഴും അമ്മായി തന്നെയാണ് ദോശ ഉണ്ടാക്കിക്കൊടുത്തത്. അത് പിന്നെ അവരുടെ കുത്തകയാണല്ലോ?
എനിക്ക് ഉണ്ടാക്കാൻ തുടങ്ങിയപ്പോ വേണ്ട… ഞാൻ തന്നെ ഉണ്ടാക്കിക്കോളാം എന്ന് പറഞ്ഞു…
” അതെന്താ മോളെ? ഞാൻ ഉണ്ടാക്കിത്തരാം…. ”
സ്നേഹനിധിയായ അമ്മായി സ്നേഹത്തിന്റെ കെട്ടഴിച്ചു.
” സാരമില്ല. ഞാൻ ഉണ്ടാക്കാം. ദോശ ഉണ്ടാക്കാൻ എനിക്കറിയാം. ”
” അവളുണ്ടാക്കട്ടെ അമ്മ… ”
ഹരിയേട്ടൻ കൂടി പറഞ്ഞപ്പോ മുഖം വീർപ്പിച്ചു കൊണ്ടവർ ചട്ടുകം എനിക്ക് നീട്ടി.
കഴിച്ച് പാത്രവും കഴുകി വച്ചിട്ട് ചെന്ന് കിടന്നിട്ടും ഉറക്കം വന്നില്ല. അവരെന്തൊക്കെയാവും പറഞ്ഞിട്ടുണ്ടാവുക എന്നോർത്തിട്ട് ഒരു സമാധാനവും കിട്ടിയില്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു.
🦋 🦋 🦋 🦋 🦋
ബാക്കി പിന്നെ….

by