22/04/2026

ഈ നിമിഷം : ഭാഗം 16

രചന – രോഹിണി ആമി

ഹോസ്പിറ്റലിൽ ചെന്നപ്പോഴേ കണ്ടു ഒബ്സെർവേഷൻ റൂമിന് ഫ്രണ്ടിൽ ഇരിക്കുന്ന അമ്മയെ.. പദ്മയെ കണ്ടതും കണ്ണു രണ്ടും നിറഞ്ഞൊഴുകി.. പദ്മ അമ്മയെ ചേർത്തു പിടിച്ചു…

“അമ്മ കണ്ടോ അച്ഛനെ.. മിണ്ടിയോ “..

മ്മ്.. നിന്നെ ചോദിച്ചു.. മാധവൻ ഉണ്ടായിരുന്നത് കൊണ്ട് പെട്ടെന്ന് കൊണ്ടുപോകാൻ പറ്റി.. ഇല്ലായിരുന്നെങ്കിൽ ഞാനും കൂടി വീണു പോയേനെ.. മോള് പേടിക്കേണ്ട.. ഇപ്പോൾ കുഴപ്പമൊന്നും ഇല്ലെന്നാ ഡോക്ടർ പറഞ്ഞത്..

“ചേച്ചിയെ അറിയിക്കണ്ടേ അമ്മേ.. പോയിട്ടുണ്ടാവില്ല.. വീട്ടിൽ കാണും “..

“വേണ്ട.. അവളുടെ സമയം നമ്മളായിട്ട് കളയണ്ട.. വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറഞ്ഞു പോയിട്ടല്ലേ ഇപ്പോ നിന്റെ അച്ഛൻ ഇങ്ങനെ.. സ്വന്തം കൂടപ്പിറപ്പാണെന്ന വിചാരം പോലുമില്ലാതെ.. എങ്ങനെ തോന്നുന്നോ എന്തോ ഇങ്ങനെ ഒക്കെ പറയാൻ “..

അമ്മ പറയുന്നതൊക്കെയും മാധവൻ കേൾക്കുമല്ലോ എന്നു തോന്നിയപ്പോൾ ചെറിയൊരു ചമ്മൽ തോന്നി പദ്മയ്ക്ക്.. മിന്നു മാധവന്റെ മടിയിൽ ഇരുപ്പുണ്ട്.. ഈ നേരം വരെ അവളെയൊന്നു ശ്രദ്ധിച്ചു കൂടിയില്ല.. കൈ നീട്ടി അവളെ വിളിച്ചു മടിയിൽ വെച്ചു.. അപ്പൂപ്പൻ ആ റൂമിൽ മാത്രമാണെന്ന് അവൾക്ക് അറിയാം.. എല്ലാവർക്കുമൊപ്പം അവളും കാത്തിരുന്നു…

കയറിക്കാണാൻ പറ്റിയപ്പോൾ പദ്മ ഓടി ചെന്നു അച്ഛന്റെ കയ്യിൽ കൂട്ടിപ്പിടിച്ചു .. “ഒന്നുമില്ല മോളേ.. ചെറിയൊരു ക്ഷീണം മാത്രമേ ഉള്ളൂ.. നീ വിഷമിക്കല്ലേ”.. അച്ഛൻ ആശ്വസിപ്പിച്ചു.. അച്ചന്റെ കയ്യിൽ ഉമ്മ വെച്ചു.. പോകല്ലേ അച്ഛാ മോൾക്ക് ആരുമില്ലന്ന് അവൾ പറയാതെ പറഞ്ഞു.. അയാൾക്കും ശരിക്കറിയാം പദ്മയുടെ ജീവൻ നിലനിൽക്കുന്നതേ അച്ഛനേയും അമ്മയേയും ചേച്ചിയെയും ചുറ്റിപ്പറ്റിയാണെന്ന്.. അതിലൊരാൾ നഷ്ടമായാൽ അവൾ തകരും.. അതിനു മുൻപ് അവൾക്ക് ഇഷ്ടപ്പെട്ട ഒരാളുമായി ചേർത്തുവെക്കണം..

“ആരെങ്കിലും ഒരാൾ നിന്നാൽ മതിയേ .. നാളെ റൂമിലേക്ക് മാറ്റും.. ഇനി അപ്പോളേ കാണാൻ പറ്റൂ”.. നഴ്സ് പറഞ്ഞു..

“ഞാൻ നിന്നോളാം ഇവിടെ.. അമ്മയേയും ടീച്ചറിനെയും ഞാൻ കൊണ്ടാക്കാം .. എന്നിട്ട് രാവിലെ വന്നു കൂട്ടിക്കോളാം… അത് മതി.. ഇവിടെ നിന്നാലും അച്ഛനെ കാണാൻ പറ്റില്ലല്ലോ”.. മാധവൻ പറഞ്ഞപ്പോൾ എതിർക്കാൻ തോന്നിയില്ല.. മിന്നുവിന്റെ കയ്യും പിടിച്ചു മാധവൻ മുന്നിലും, വരാൻ മടിച്ച അമ്മയുടെ കയ്യിൽ പിടിച്ചു പിറകെ ഞാനും…

രാത്രിയിൽ അമ്മയെ കെട്ടിപ്പിടിച്ചു കിടന്നു.. മിന്നു മറ്റൊരു സൈഡിൽ തന്നെ ഒട്ടി കിടന്നു.. അമ്മ ഉറങ്ങിയിട്ടില്ലെന്ന് മനസ്സിലായി.. തോട്ടത്തിൽ പോകുമ്പോളല്ലാതെ അച്ഛനും അമ്മയും അങ്ങനെ മാറി നിന്നിട്ടില്ല.. “അമ്മയ്ക്ക് ഇപ്പോൾ ഉള്ള ടെൻഷൻ എന്നെയോർത്തിട്ടാണോ അതോ ചേച്ചിയെ ഓർത്തിട്ടോ”.. പദ്മയുടെ ചോദ്യത്തിന് അമ്മ അവളുടെ കയ്യിൽ തലോടി.. “ഞങ്ങൾ ഇല്ലാതായാൽ നിനക്ക് ആരുണ്ട് മോളേ.. ഹിമ എങ്ങനെയും ജീവിക്കും.. സ്വന്തം കാര്യം അവൾക്ക് സേഫ് ആക്കാൻ അറിയാം.. പക്ഷേ നീ.. ഞങ്ങൾ ഇല്ലാതെ.. നിനക്ക് വേണ്ടി ജീവിക്കാൻ നിനക്കറിയില്ല മോളേ.. ഒരു താങ്ങില്ലാതെ.. അതാണ് പേടി.. അച്ഛൻ ഇത് പറഞ്ഞിരുന്നപ്പോളാ പെട്ടെന്ന് തളർന്നത് “..

അച്ഛനും അമ്മയ്ക്കും തന്റെ കാര്യത്തിലുള്ള ടെൻഷൻ പദ്മയ്ക്ക് അറിയാവുന്ന കാര്യമാണ്. പക്ഷെ അച്ഛനെ ഹോസ്പിറ്റലിൽ കയറ്റാൻ മാത്രം അതിനു ശക്തിയുണ്ടെന്ന് അറിഞ്ഞില്ലന്നു മാത്രം .. അമ്മ ഉറങ്ങിയെന്നു ഉറപ്പായതിന് ശേഷമാണ് ഒന്ന് കണ്ണടച്ചത്..

പിറ്റേന്ന് മാധവൻ രാവിലെ എത്തി.. മുഖത്ത് നല്ല ഉറക്കക്ഷീണം ഉണ്ട്.. മിന്നൂട്ടിയെ സ്കൂളിൽ വിട്ടിട്ടു ഹോസ്പിറ്റലിലേക്ക് പോയി.. ഞാൻ ഇല്ലെങ്കിൽ സ്കൂളിൽ പോകാൻ പെണ്ണിനും മടിയാണ്.. ടൂർ പോകുവല്ല ഹോസ്പിറ്റലിൽ പോകുവാണെന്നു പറഞ്ഞു നിർബന്ധിച്ചു വിട്ടതാ.. സ്കൂളിൽ പോകുന്നില്ലെങ്കിലും എന്തെങ്കിലും കുരുത്തക്കേട് കാണിച്ചു കണ്ടുപിടിച്ചാലും സോപ്പ് ഇട്ട് പതപ്പിക്കുന്നത് പദ്മയെ ആണ്.. അച്ഛനേക്കാൾ വല്യ പുള്ളിയാണ് ടീച്ചർ എന്ന് അവൾക്ക് കുറച്ചു ദിവസങ്ങൾ കൊണ്ട് മനസ്സിലായി..

അച്ഛനൊപ്പം അമ്മ നിന്നോളാമെന്ന് പറഞ്ഞു വൈകുന്നേരം പദ്മയെ വീട്ടിലേക്ക് വിട്ടു.. താൻ നിന്നാൽ അച്ഛൻ അമ്മയോട് ഒരിക്കലും മനസ്സ് തുറക്കില്ല.. രണ്ടാളും എല്ലാ ടെൻഷനും പറഞ്ഞു തീർത്ത് ഇരിക്കട്ടെ എന്നു വെച്ചു.. സ്കൂളിൽ കയറി മിന്നുവിനെയും കൂട്ടി.. ഹോസ്പിറ്റലിലേക്കുള്ള ഭക്ഷണം കൊടുത്തു വിട്ടിട്ടു മാധവനെയും നോക്കിയിരുന്നു.. പെട്ടെന്ന് തന്നെ മാധവൻ തിരിച്ചെത്തി.. അച്ഛൻ പറഞ്ഞു വിട്ടതാവും ഞങ്ങൾ തനിച്ചായതുകൊണ്ട് .. മിറ്റത്തെ സ്റ്റെപ്പിൽ മിന്നുവും ആയിട്ട് അവളുടെ നൂറു സംശയങ്ങൾക്ക് മറുപടി കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു പദ്മ.. തങ്ങളിൽ നിന്നും കുറച്ചു മാറി വന്നിരിക്കുന്നയാളെ പദ്മ കുറച്ചൊരത്ഭുതത്തോടെ നോക്കി.. സാധാരണ അച്ഛൻ ഉള്ളപ്പോളല്ലാതെ ഇങ്ങനെ ഒന്നും കൂടെ ഇരിക്കാറുള്ളതല്ല.. തന്റെയും മിന്നുവിന്റെയും സംസാരം കേട്ട് ഇടയ്ക്കിടെ ചിരിക്കുന്നുണ്ട്.. എവിടെ ഒക്കെയോ ഒരു കുട്ടിത്തം ഉണ്ട് മാധവന്.. അച്ഛനോട് ശരിക്കും ഒരു മകൻ എങ്ങനെയാണോ അങ്ങനെയാണ് പെരുമാറുന്നത്.. ഇടയ്ക്കിടെ അനുസരണ ഉള്ള കുട്ടിയായിട്ട് ആവും തന്റെ അടുത്തും…

“ടീച്ചറിനെ ഓർത്ത് അച്ഛന് നല്ല വിഷമം ഉണ്ട്.. എന്നോട് എപ്പോളും പറയുന്ന കാര്യം ആണ് ടീച്ചറിനൊരു ജീവിതം കിട്ടണം എന്നുള്ളത്”..

മാധവൻ പറയുന്നത് കേട്ടാണ് അയാളിൽ നിന്നും ഞെട്ടി കണ്ണു മാറ്റിയത്.. “എന്താ.. എന്താ പറഞ്ഞത്”.. പദ്മ ചോദിച്ചു..

“ഒരു വിവാഹത്തേക്കുറിച്ച് ഇനി ചിന്തിച്ചു കൂടെ.. അല്ലെങ്കിൽ ആ ഹരിയെ തന്നെ ആലോചിച്ചു കൂടെ.. അതാകുമ്പോൾ ഒന്നും പറഞ്ഞു മനസ്സിലാക്കേണ്ടി വരില്ലല്ലോ.. അവിടുത്തെ അമ്മയും ആഗ്രഹിക്കുന്നത് ഇതുതന്നെ ആവില്ലേ”..

“ജ്യോതി ഇനി വന്നാൽ നിങ്ങൾ സ്വീകരിക്കുമോ”… മാധവനിൽ നിന്നും മറുപടി ഒന്നുമുണ്ടായില്ല.. “ഒരിക്കൽ നമ്മളെ വേണ്ടെന്ന് വെച്ചു പോയവരെ തിരികെ വീണ്ടും ജീവിതത്തിലേക്ക് കേറ്റാൻ കുറച്ചു ബുദ്ധിമുട്ട് ആണ്.. എനിക്കത് സാധിക്കില്ല.. എന്തൊക്കെ ന്യായങ്ങൾ നിരത്തിയാലും “.. രണ്ടാളും കുറച്ചു നേരത്തേക്ക് മിണ്ടാതെ ഇരുന്നു.. മിന്നു മടിയിലേക്ക് പയ്യെ കിടന്നു.. അവളുടെ തലയിൽ തലോടി പദ്മ പറഞ്ഞു..

“ഞാൻ ഇനി വിവാഹം കഴിക്കുകയേ ഇല്ലാന്ന് ഒന്നും പറഞ്ഞിട്ടില്ലല്ലോ.. അച്ഛനെയും അമ്മയെയും ഞാൻ ആയിട്ട് വിഷമിപ്പിക്കില്ല.. കൂടെ കൂടുന്ന ആൾ എന്നെ സ്വീകരിക്കും പോലെ എന്റെ അച്ഛനെയും അമ്മയെയും സ്വീകരിക്കണം.. അത് മാത്രമേ ഒരു നിബന്ധന ഉള്ളൂ.. സമയം വരട്ടെ.. കാത്തിരിക്കാം “.. പദ്മ ഒരു ദീർഘശ്വാസം വിട്ടു…

മടിയിൽ തല വെച്ചു കിടന്ന് മിന്നു ഉറങ്ങി.. “എങ്കിൽ പോയി കിടന്ന് ഉറങ്ങിക്കോ”..

“കുറച്ചു നേരം കൂടി ഇരിക്കുവോ.. ഉറക്കം വരുന്നില്ല.. ആദ്യമായിട്ടാ ഈ വീട്ടിൽ അമ്മ പോലുമില്ലാതെ കഴിയുന്നത്.. വല്ലാത്തൊരു പേടി പോലെ ഒക്കെ തോന്നുന്നു”..

“ഞാനുള്ളപ്പോൾ ടീച്ചർ എന്തിനാ പേടിക്കുന്നത്.. എന്നെ മറികടന്നു കാറ്റുപോലും വീശില്ല ഇങ്ങോട്ടേക്കു” .. ചിരിയോടെ പദ്മയെ നോക്കി പറഞ്ഞു.. ഓഹോ ഈ മനുഷ്യന് ഇത്രയും ഭംഗിയിൽ ചിരിക്കാനൊക്കെ അറിയുമോ, പദ്മ ആലോചിച്ചു..

” ഈ വീട്ടിൽ നടന്നതൊക്കെ ഞാൻ അറിഞ്ഞു.. ടീച്ചറിന്റെ ചേച്ചി വന്നതും സംസാരിച്ചതും എല്ലാം.. അതിന്റെ ബാക്കി ആയിട്ടാണ് അച്ഛൻ ഹോസ്പിറ്റലിൽ ആയതെന്നും എല്ലാം”..

“ഓഹോ..അപ്പോൾ ഉള്ള ദുഃശീലങ്ങളുടെ കൂടെ ഒളിഞ്ഞു കേൾക്കുന്ന ശീലവും ഉണ്ടോ”.. പദ്മ കളിയാക്കി ചോദിച്ചു..

“ചെറുതായിട്ട് ഉണ്ട്.. ഇത്രയും ഉച്ചത്തിൽ പറഞ്ഞാൽ ആരാണെങ്കിലും കേട്ടു പോകില്ലേ.. ഞാനും അതേ ചെയ്തുള്ളു.. പിന്നെ ഇപ്പോൾ എന്റെ കയ്യിൽ ദുഃശീലങ്ങൾ ഒന്നും ഇല്ലല്ലോ.. അതൊക്കെ ചിലർ പേടിപ്പിച്ചു കളഞ്ഞു.. മാധവൻ ഒന്ന് ചിരിച്ചു.. അയാളുടെ ചിരി കണ്ടപ്പോൾ പദ്മയും കൂടെ ചിരിച്ചു … “ആര് എന്തൊക്കെ പറഞ്ഞാലും വിഷമിക്കരുത് .. കൂടെ എല്ലാവരും ഉണ്ട് ടീച്ചറേ .. ഓരോന്ന് ഓർത്ത് കരയാൻ നിന്നാൽ അതിനല്ലേ സമയം കാണൂ”..

“ഓഹോ… എന്നെ ഉപദേശിക്കാനൊക്കെ ആയോ ഇദ്ദേഹം.. പിന്നെ ഞാൻ എന്തു വേണമെന്നാ പറയുന്നത്.. കള്ളു കുടിച്ചു മറ്റുള്ളവരെ ചീത്ത പറഞ്ഞു നടക്കണോ”.. പദ്മ ചിരിയോടെ ചോദിച്ചു.. ചമ്മിയ മുഖം പദ്മയെ കാണിക്കാതെ മാധവൻ സമർഥമായി മറച്ചു.. “എന്റെ കൂടെ ഉണ്ടെന്ന് കരുതിയവർ തന്നെയാ എന്നെ ഏറെ വിഷമിപ്പിക്കുന്നതും.. അതുകൊണ്ട് ഇപ്പോൾ വലുതായിട്ട് വിഷമിക്കാറില്ല “..

കുറച്ചു നേരത്തെ മൗനത്തിനു ശേഷം പദ്മ ചോദിച്ചു..”ഞാൻ മുന്നേ ചോദിച്ചതിന് എന്താ മറുപടി തരാഞ്ഞത് “..

ന്ത്‌.. മാധവൻ തിരിഞ്ഞിരുന്നു ചോദിച്ചു..

“ജ്യോതി തിരിച്ചു വന്നാൽ എല്ലാം മറന്ന് അവരെ സ്നേഹിക്കുമോ ഇനി, കൂടെ ജീവിക്കുമോ”.. പദ്മ ചോദിച്ചപ്പോൾ മാധവൻ ഒന്നും പറഞ്ഞില്ല.. മറുപടിക്ക് താമസം വന്നപ്പോൾ പദ്മ മിന്നുവിനെ കയ്യിലെടുത്തു എഴുന്നേറ്റു..

“ഇല്ല.. അങ്ങനെ ഒരിക്കലും ഉണ്ടാവില്ല ഇനി ജീവിതത്തിൽ.. ജ്യോതി ഒരു ഭാര്യ മാത്രമല്ലായിരുന്നല്ലോ ഒരമ്മ കൂടെ ആയിരുന്നില്ലേ.. എനിക്ക് മാത്രമാണ് ദ്രോഹം ചെയ്തതെങ്കിൽ ഞാൻ ക്ഷമിച്ചേനെ.. ഇത് പക്ഷേ”.. അയാൾ ഇടയ്ക്ക് വെച്ചു നിർത്തി

“അപ്പോൾ മിന്നു.. അവൾക്ക് ഉണ്ടാവില്ലേ ആഗ്രഹങ്ങൾ”…

“ഇനി വരുന്നവരും ജ്യോതിയെപ്പോലെ തന്നെ ആയാലോ.. ഒരിക്കൽ ചൂടുവെള്ളത്തിൽ വീണതാ ഞാൻ .. ഇനിയൊന്ന് അറയ്ക്കും.. മാത്രമല്ല ഇനി എന്റെ ജീവിതം മിന്നുന് വേണ്ടി മാത്രമുള്ളതല്ലേ.. അവളെ പഠിപ്പിക്കണം.. ടീച്ചറിനെപ്പോലെ ആക്കണം.. മറ്റുള്ളവരെ വേദനിപ്പിക്കാതെ, എല്ലാവരെയും തന്നാൽ കഴിയും പോലെ സഹായിച്ചു, മനുഷ്യനായിട്ട് വളർത്തണം”.. മാധവന്റെ നാവിൽ നിന്ന് തന്നെപ്പറ്റി കേൾക്കാൻ ഒരു സുഖം ഉണ്ട്.. പദ്മ അയാളെ നോക്കിയിരുന്നു ആദ്യമായി കാണുംപോലെ…

“എന്തായാലും ജ്യോതി എന്ന അമ്മ ഇനിയവൾക്ക് വേണ്ട.. എല്ലാം മനസ്സിലാക്കാനുള്ള കഴിവ് ഇത്രയും ചെറുതിലെ മിന്നുന് ഉണ്ട് “.. മാധവൻ ഒന്ന് ദീർഘശ്വാസം വിട്ടു പറഞ്ഞു..

“എങ്കിൽ ടീച്ചർ പോയിക്കിടന്നോളൂ.. അകത്തേക്ക് കയറിയതിനു ശേഷമേ ഞാൻ പോകൂ”.. ജ്യോതിയെക്കുറിച്ച് അധികം സംസാരിക്കാൻ താല്പര്യം ഇല്ലാത്തത് പോലെ മുണ്ട് മടക്കി കുത്തി മാധവൻ മിറ്റത്തേക്ക് ഇറങ്ങി.. പദ്മ മിന്നുവിനെയും കൂട്ടി അകത്തേക്ക് കയറി .. വാതിൽ അടയ്ക്കുമ്പോളും മാധവൻ വെളിയിൽ തന്നെ നിൽപ്പുണ്ടായിരുന്നു.. കിടക്കുമ്പോൾ പദ്മ ചിന്തിച്ചത് മുഴുവൻ ജ്യോതിയെക്കുറിച്ച് അങ്ങനെ ഒന്നും അയാളോട് ചോദിക്കേണ്ടിയിരുന്നില്ല എന്നാണ്.. അയാൾക്ക് എന്ത് തോന്നിക്കാണും..

രണ്ടു ദിവസം കഴിഞ്ഞപ്പോൾ അച്ഛൻ ഡിസ്ചാർജ് ആയി വന്നു.. വീണ്ടും വീടൊന്ന് ഉണർന്നു.. വീണ്ടും മാധവനൊപ്പം കൂടി.. ഇടയ്ക്ക് തോട്ടത്തിൽ പോയി, കൂടെ മാധവനെയും കൂട്ടി.. രണ്ടാളും വന്നത് പിറ്റേന്ന് ഒക്കെയാണ്.. അച്ഛൻ മാധവനൊപ്പം ഭയങ്കര സന്തോഷവാൻ ആണ്.. ഒത്താൽ മാധവനെ എല്ലാം എല്പിച്ചിട്ട് വിശ്രമജീവിതം നയിക്കുമെന്ന് തോന്നുന്നു.. അതിനുള്ള എല്ലാ സാധ്യതയുമുണ്ട്..

പദ്മയെയും മിന്നുവിനെയും അമ്പലത്തിൽ കൊണ്ടുപോയിട്ട് തിരികെ കൊണ്ടുവന്നതാണ് മാധവൻ.. തുള്ളിക്കൊരു കുടം കണക്കെ മഴ തിമിർത്തു പെയ്യുകയാണ്.. വീട്ടിലേക്ക് വന്നപ്പോൾ മുറ്റത്തു വിലങ്ങനെ ഒരു കാർ കിടപ്പുണ്ട്… ആകെയുള്ള ഒരു കുടയിൽ പദ്മ മിന്നുവിനെ കൂട്ടി പോർച്ചിൽ കൊണ്ടു നിർത്തി.. വീണ്ടും കുടയുമായി തിരികെ ചെന്നു മാധവനോട് വരാൻ പറഞ്ഞു.. ഒന്നു മടിച്ചെങ്കിലും കൂടെ ചെന്നു.. കൂടെ നടക്കുമ്പോൾ പദ്മ പറഞ്ഞു..”മര്യാദക്ക് വലി നിർത്തിക്കോ.. എന്തോരു നാറ്റവാ.. എങ്ങനെ ഇതൊക്കെ വലിച്ചു കേറ്റുന്നോ എന്തോ “..

മിന്നൂട്ടി വളരെ ശ്രദ്ധയോടെ പാട്ടുപാവാടയിൽ വീണ വെള്ളം മുഴുവൻ കുടഞ്ഞു കളയുകയാണ് ..

“ടീ കുഞ്ഞിപ്പെണ്ണേ”.. ഒച്ച കേട്ടിടത്തേക്ക് മൂന്നാളും നോക്കി.. വിഷ്ണുവിന്റെ അമ്മയാ.. മിന്നു തുള്ളിച്ചാടി ചെന്നു അമ്മയെ കെട്ടിപ്പിടിച്ചു… അപ്പോഴാണ് മാധവനും പദ്മയും മറ്റുള്ളവരെ ശ്രദ്ധിച്ചത്..

ചേച്ചി തന്നെ ഹരിയുടെ വീട്ടിൽ എല്ലാം പറഞ്ഞിട്ടുണ്ടാവും എന്നാണ് വിചാരിച്ചത്.. ഉണ്ടായില്ല എന്നറിയുന്നത് ഇപ്പോഴാണ് .. പോകാനിറങ്ങിയ മാധവനെ അച്ഛൻ പിടിച്ചു നിർത്തി .. അപ്പോഴേ ഹരിക്കും വിഷ്ണുവിനും മനസ്സിലായി മാധവന് ആ വീടുമായുള്ള ബന്ധം.. പിന്നെ ആരുണ്ടെങ്കിലും വന്ന കാര്യം അവതരിപ്പിച്ചിട്ടേ പോകൂ എന്ന മട്ടിലായിരുന്നു ഹരി..

വിഷ്ണുവും ഹരിയും ആണ് സംസാരത്തിന് തുടക്കം ഇട്ടതും കാര്യം പറഞ്ഞതും .. അവർക്കൊപ്പം കൂടെ ഇരുന്നുവെന്നല്ലാതെ അമ്മ ഒന്നും തന്നെ സംസാരിച്ചില്ല…. ചേച്ചിയും വിഷ്ണുവും തമ്മിൽ ഇതിനെച്ചൊല്ലി സംസാരം നടന്നിട്ടുണ്ടായിരിക്കണം. അതിന്റെയൊരു ബുദ്ധിമുട്ടും വൈഗ്ലഭ്യവും ആ മുഖത്ത് ഉണ്ടായിരുന്നു.. അച്ഛൻ തീർത്ത് പറഞ്ഞു ഇതിന്റെ തീരുമാനം എടുക്കേണ്ടത് പദ്മയാണെന്ന്..

ഹരിക്ക് പദ്മയോടൊന്ന് സംസാരിക്കണമെന്ന് പറഞ്ഞു.. പദ്മ തന്നെയാണ് “വരൂ” ന്ന് പറഞ്ഞു ഹരിയെ കൂട്ടി പോയത്.. മഴ നോക്കി ഒരു കൂസലുമില്ലാതെ നിൽക്കുന്ന പദ്മയെ കണ്ടപ്പോൾ ഹരി കുറച്ചൊന്നു വിറച്ചു..

“പദ്മേ.. എനിക്ക് എന്താ പറയേണ്ടതെന്ന് അറിയില്ല.. അന്ന് ഞാൻ ചെയ്തത് തെറ്റാണെന്ന് മനസ്സിലായത് ഏട്ടന്റെ പദ്മയോടുള്ള പെരുമാറ്റം കണ്ടപ്പോളാണ്.. പക്ഷേ ഞാൻ അതറിയാൻ ഒരുപാട് താമസിച്ചു പോയിരുന്നു.. ഇപ്പോൾ ഒരു വിവാഹത്തേക്കുറിച്ച് ചിന്തിച്ചു തുടങ്ങിയപ്പോൾ ആദ്യം മനസ്സിലേക്ക് വന്നത് പദ്മയാണ്..താൻ സമ്മതിക്കില്ലെന്ന് അറിയാം എങ്കിലും എനിക്കൊരു സെക്കന്റ്‌ ചാൻസ് തന്നുകൂടെ.. പ്ലീസ് “..

“സ്ഥാനം കൊണ്ട് കുറച്ചു ദിവസമെങ്കിലും ഞാൻ നിങ്ങളുടെ ഏട്ടന്റെ ഭാര്യ ആയിരുന്നില്ലേ.. അതായത് ഏട്ടത്തിയമ്മ.. ആ ഞാൻ എങ്ങനെ ഏട്ടൻ ഉപേക്ഷിച്ചുവെന്ന് വെച്ച് അനിയനെ കെട്ടുക.. എനിക്ക് മനസ്സെന്ന ഒരു സാധനം ഇല്ലേ… ഞാൻ ഒന്നു ചോദിക്കട്ടെ.. ഹരി എന്നെ വിവാഹം കഴിച്ചിട്ടാണ് നിങ്ങളുടെ ഏട്ടന് ഇങ്ങനെ ഒക്കെ സംഭവിച്ചിരുന്നതെങ്കിൽ അയാൾക്ക് നേരെ അന്നും വെച്ചു നീട്ടുമായിരുന്നോ ഈ എന്നെ”.. ഹരിയ്ക്ക് പദ്മയെ നോക്കാൻ തന്നെ ബുദ്ധിമുട്ട് തോന്നി..

“ഇന്നിങ്ങനെ സംസാരിക്കാൻ തോന്നിയ തോന്നൽ വിവാഹത്തിന്റെ അന്ന് തോന്നിയിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ.. എങ്കിൽ പിന്നെ ഈ സംസാരത്തിന്റെ ആവശ്യം നമുക്കിടയിൽ വേണ്ടി വരില്ലായിരുന്നു”..

“ശരിയാണ്.. എന്റെ തെറ്റാണ്.. പക്ഷേ.. ഞാൻ.. ഏട്ടന് “..

“ഹരിയുടെ ഭാഗത്തു നിന്ന് നോക്കുമ്പോൾ അതിൽ എന്തെങ്കിലും ശരി ഉണ്ടാവും.. പക്ഷേ.. എനിക്ക് അങ്ങനെ അല്ല.. താലി കഴുത്തിൽ വീണതിന് ശേഷമാണ് ഞാൻ അറിയുന്നത്.. ഹരി ആയിരുന്നില്ല എന്റെ അടുത്ത് ഇരിക്കുന്നതെന്ന്.. എന്റെ അപ്പോളത്തെ അവസ്ഥ ആർക്കും പറഞ്ഞു തരാൻ കൂടി അറിയില്ല എനിക്ക്.. ഇപ്പോളും അറിയില്ല “.. കുറച്ചൊരു വിഷമത്തോടെ പദ്മ പറഞ്ഞു..

“മനസ്സിലാവും എനിക്ക് .. വേറെ ഒരാളെ ഇപ്പോൾ മനസ്സിലേക്ക് കൊണ്ടു വരാൻ തോന്നുന്നില്ല.. ഞാൻ കാരണം ആണല്ലോ പദ്മയ്ക്ക് ഇങ്ങനെ എന്നോർത്ത് വല്ലാത്ത വിഷമവും ഉണ്ട്.. നമ്മൾ രണ്ടാളും ആവുമ്പോൾ എല്ലാ കാര്യങ്ങളും അറിയാവുന്നതല്ലേ പരസ്പരം.. അതുകൊണ്ട് കൂടിയാണ് ഞാൻ….”..ഹരി പറഞ്ഞപ്പോൾ പദ്മ അയാളെ തടഞ്ഞു.. എന്നിട്ട് അകത്തേക്ക് ചെന്നു..

പദ്മ അമ്മയുടെ കൈരണ്ടും കൂട്ടിപിടിച്ചു.. “അമ്മ പറയ്.. ഞാൻ ആ വീട്ടിലേക്ക് മരുമകളായി വീണ്ടും വരണോ.. അമ്മ വരാൻ പറഞ്ഞാൽ ഞാൻ സമ്മതിക്കും.. എന്തിനും.. എന്നെ നന്നായിട്ട് മനസ്സിലാക്കിയ ആളല്ലേ അമ്മ.. ഹരിയ്ക്കുള്ള മറുപടി അമ്മ തന്നെ കൊടുക്കുവോ..”..

“എനിക്ക് വേണം നിന്നെ.. പക്ഷേ അത് എന്റെ മകന്റെ ഭാര്യ ആയിട്ടൊന്നും വേണ്ടാ.. മകൾ ആയിട്ട് വന്നാൽ മതി.. ഇവന്മാർക്കൊപ്പം ഞാൻ വന്നുന്നേ ഉള്ളൂ.. എന്റെ മോളോട് ഞാൻ പറഞ്ഞാൽ നീ ഹരിയുടെ ഭാര്യ ആവാൻ സമ്മതിക്കും.. അമ്മയ്ക്ക് ഉറപ്പുണ്ട്.. പക്ഷേ ഞാൻ പറയില്ല.. ഒരിക്കൽ അവന്റെ കയ്യിൽ വെച്ചു കൊടുത്തതാ, പക്ഷേ അവൻ തന്നെ അല്ലേ അതു തട്ടിയെറിഞ്ഞതും.. നിന്നെ അവന് വിധിച്ചിട്ടില്ല.. ശരിക്കും നിന്റെ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവരാ.. പിന്നെ വരാൻ പോകുന്ന ആളും”.. അവർ അവളുടെ നെറ്റിയിൽ ചുംബിച്ചു.. “നീ തന്നെ പറഞ്ഞു അത് അവൻ കേൾക്കണംന്ന് അമ്മയ്ക്കും ഉണ്ടായിരുന്നു .. ഒരിക്കൽ വരുന്ന ഭാഗ്യം തട്ടിക്കളഞ്ഞാൽ ദൈവം വീണ്ടും നീട്ടണമെന്നില്ല.. അത് എല്ലാവരും മനസ്സിലാക്കണം.. ആർക്കു മുന്നിലും സ്വന്തം അഭിമാനം കളഞ്ഞു ജീവിക്കരുത് നീ.. ഈ അമ്മയ്ക്കതു ഇഷ്ടമല്ല “.. അമ്മ പറഞ്ഞു…

“അവനൊരു വിവാഹം വേണമെന്ന് തോന്നിയപ്പോൾ പദ്മയെ ആണ് ആദ്യം ഓർത്തത്.. ഇവർ രണ്ടാളും ആകുമ്പോൾ പുതിയതായി ഒന്നും പറയേണ്ടി വരില്ലല്ലോ.. അത്രയുമേ ഓർത്തുള്ളൂ.. ഇനിയിപ്പോൾ അവനൊരു കുറ്റബോധത്തിന്റെ ആവശ്യം ഇല്ലല്ലോ.. ധൈര്യമായിട്ട് വേറെ പെണ്ണ് കാണാമല്ലോ “.. വിഷ്ണു ആശ്വാസത്തോടെ പറഞ്ഞു.. ഒപ്പം അനിയനെ അമ്മയുൾപ്പെടെ എല്ലാവരും അപമാനിച്ചതിന്റെ ദേഷ്യവും.. അയാളുടെ മുഖത്ത് ആദ്യം കണ്ട ആ ബുദ്ധിമുട്ട് ഇപ്പോ കാണാനില്ലായിരുന്നു ..

പുച്ഛമാണ് തോന്നിയത് പദ്മയ്ക്ക് വിഷ്ണുവിനോട്.. ഇയാൾ നന്നാവില്ലെന്ന് തോന്നി.. ഒപ്പം ചേച്ചിയോട് സഹതാപവും.. അയാൾ നല്ലൊരു സഹോദരൻ മാത്രമാണ്.. നല്ലൊരു മകനോ ഭർത്താവോ അല്ലെന്ന് തോന്നി പദ്മയ്ക്ക്.. ഹരി ഒന്നും മിണ്ടാതെ ഇരിപ്പുണ്ടായിരുന്നു.. അമ്മ പറഞ്ഞാൽ പദ്മ സമ്മതിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു.. പക്ഷേ അമ്മയും കൂടി കാലു മാറുമെന്ന് ഹരി പ്രതീക്ഷിച്ചില്ല.. ചേട്ടൻ ആദ്യമേ എതിർത്തതാണ്, തന്റെയൊരു നിർബന്ധത്തിന് മാത്രമാണ് സമ്മതം മൂളിയത്.. കൂടുതൽ ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ട് ഇറങ്ങാം എന്നു വിഷ്ണു തീരുമാനിച്ചു.. അമ്മ വന്ന കാര്യം സാധിച്ചതിൽ അഭിമാനത്തോടെ പദ്മയുടെ നെറ്റിയിൽ ഉമ്മ വെച്ച് യാത്ര പറഞ്ഞിറങ്ങി..

ആരും ഒന്നും സംസാരിച്ചില്ല കുറച്ചു നേരത്തേക്ക്.. മൊബൈലിൽ മുഖം ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഒരാളെയായിരുന്നു പദ്മ നോക്കിയത് മുഴുവൻ.. ഹരിയോട് സംസാരിക്കുമ്പോളെല്ലാം തനിക്ക് നേരെ നീളുന്ന ആ കണ്ണുകളായിരുന്നു മനസ്സിൽ നിറയെ.. ഞങ്ങളെ ഒരുമിച്ച് കണ്ടപ്പോൾ ആ മുഖത്ത് എന്തോ ടെൻഷൻ ഉള്ള പോലെ.. മുഖത്തെ ആ ടെൻഷൻ ഒളിപ്പിക്കാൻ പാടു പെടും പോലെ.. തനിക്ക് തോന്നിയതാണോ ഇനി .. അല്ല.. എന്റെ നോട്ടം ചെല്ലുമ്പോളെല്ലാം കണ്ണുകൾ തമ്മിൽ കൂട്ടി മുട്ടുന്നുണ്ട്.. പെട്ടെന്ന് നോട്ടം മാറ്റുകയും ചെയ്യുന്നുണ്ട്.. പദ്മ എല്ലാം ഓർത്തെടുക്കുകയായിരുന്നു..

ആ നോട്ടവും സാമീപ്യവും ഇപ്പോൾ ഇഷ്ടമാകുന്നത് പോലെ.. താനേറെ ഇഷ്ടപ്പെടുന്ന അച്ഛനെയും അമ്മയെയും പൊന്നുപോലെ കൊണ്ടുനടക്കുന്നത് കൊണ്ടുള്ള ഇഷ്ടമാണെന്നാണ് ആദ്യം കരുതിയത്.. പക്ഷേ ഇപ്പോൾ ജ്യോതിയെക്കുറിച്ച് ഓർക്കുമ്പോളെല്ലാം ഒരുതരം വെപ്രാളമാണ് തനിക്ക്.. പണ്ടൊക്കെ ദേഷ്യത്തിൽ ആയിരുന്നു വഴക്ക് പറച്ചിൽ എങ്കിൽ ഇപ്പോൾ അത് മാറി സ്നേഹത്തോടെയും അധികാരത്തോടെയും ആണ്.. എന്താണ് ഇതിന്റെയൊക്കെ അർത്ഥം.. ഇതേവരെ ജീവിതത്തിൽ ഇങ്ങനെയൊരു വികാരവും വിചാരവും തോന്നിയിട്ടില്ല തനിക്ക്.. ഇത് തെറ്റാണോ ശരിയാണോന്ന് അറിയില്ല.. പക്ഷേ മനസ്സ് ചാഞ്ഞിരിക്കുന്നത് അങ്ങോട്ടേക്ക് തന്നെയാണ്.. ആ അപ്പനും മകൾക്കും അരികിലേക്ക്…

ഓടി വരും ♥️♥️♥️♥️♥️