രചന – മിയ അവ
ദൂരെ നിന്ന് നോക്കിയപ്പോഴേ ഗേറ്റിന് മുന്നിലായി പാറി പറക്കുന്ന വിവിധ കൊടികൾ കാണാൻ കഴിയുന്നുണ്ടായിരുന്നു. അതിൽ ഏറ്റവും ഉയർന്നു നിൽക്കുന്നത് നേതാവിന്റെ പാർട്ടിയുടെ കൊടി തന്നെയാണ്. ആ കൊടിയിലേക്ക് ലോ അവിടെ തല ഉയർത്തി നിൽക്കുന്നത് നേതാവ് തന്നെയാണോ എന്ന് തോന്നി പോയി. അതിൽ അത്ഭുതവുമില്ല. മറ്റു പല വമ്പൻ പാർട്ടികളും പ്രവർത്തകരും ഉണ്ടെങ്കിൽ പോലും തന്റെ പ്രവർത്തനം കൊണ്ടും അതിനേക്കാൾ സ്നേഹം കൊണ്ടും ഈ ക്യാമ്പസിലെ ഓരോ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നോൺ ടീച്ചിംഗ് സ്റ്റാഫ്സിന്റെയുമെല്ലാം ഹൃദയത്തിൽ ഇടം നേടിയ വ്യക്തി.. അത് നേതാവ് തന്നെയാണ്. ആശയപരമായി അവരുടെ പാർട്ടിയോട് എതിർപ്പുള്ള ഞാൻ അടക്കമുള്ള സഖാക്കൾ വരെ അംഗീകരിച്ചു പോയ വ്യക്തിത്വം. ഓരോന്ന് ഓർത്തു അങ്ങനെ നടക്കവേയാണ് കൈ കൂപ്പി ചിരിച്ചു കൊണ്ട് നിൽക്കുന്ന നേതാവിന്റെ ഫോട്ടോയിൽ കണ്ണുകളുടക്കിയത്. കുറച്ചു നേരം ആ ഫോട്ടോയിലേക്ക് തന്നെ നോക്കി നിന്ന് പോയി. ആ കണ്ണുകൾ തന്നെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. അതിലേക്ക് നോക്കും തോറും ഞാൻ ഇല്ലാതായി പോവുന്നത് പോലെ. ഇന്നലെ അമ്മുവിന്റെ ഇഷ്ട്ടം അറിയുന്നത് വരെ എന്റേതെന്ന് മനസ്സിൽ ചേർത്ത് വെച്ച മുഖം ഇന്ന് എനിക്ക് അന്യമാണെന്നത് ഓർക്കുമ്പോൾ ഹൃദയം വിലങ്ങുന്ന പോലെ തോന്നി. നെഞ്ചിൽ എന്തോ ഒന്ന് കൊത്തി വലിക്കുന്നു.
“ആമി.. ദേ മനുവേട്ടൻ വരുന്നു..”
അമ്മുവിന്റെ വാക്കുകൾ വീണത് കാതുകളിൽ അല്ല ഹൃദയത്തിൽ ആണെന്ന് തോന്നി. മനുവെന്ന പേര് കേൾക്കുമ്പോൾ ആ മുഖം കാണാൻ ഹൃദയം അത്രമാത്രം തുടിക്കുന്നുണ്ടെന്ന് മനസ്സിലായത് അമ്മുവിന്റെ വാക്കുകൾക്കൊപ്പം തന്നെ…അത്രയും വേഗതയിൽ അവിടെമാകെ ആ മുഖത്തിന് വേണ്ടി പരതി നടന്ന എന്റെ കണ്ണുകളിലൂടെയാണ്. ഒടുക്കം അത് അതിന്റെ ഇണയെ കണ്ടതും വല്ലാത്തൊരു ആവേശത്തോടെ കാലുകൾ മുന്നോട്ടു ചലിച്ചു. മൂന്നോ നാലോ അടി ദൂരം പിന്നിട്ടപ്പോഴേക്കും ആരോ പിടിച്ചു നിർത്തിയ പോലെ കാലുകൾ നിശ്ചലമായി.
“അല്ല.. എന്റേത് അല്ല.. എന്റെ ആരും അല്ല..എനിക്കൊരു അവകാശവും ഇല്ല…”
ഉള്ളിലിരുന്നാരോ പറയുന്നത് പോലെ തോന്നി.
..ശരിയാണ് ആവേശത്തോടെ അടുക്കാൻ… സ്നേഹത്തോടെ ആ മുഖത്തേക്ക് ഉറ്റു നോക്കാൻ എനിക്കെന്ത് അവകാശമാണ്… പാടില്ല.. ഞാൻ അമ്മുവിനെ മറക്കാൻ പാടില്ല.. അവളുടേത് ആണ്… അവളുടേത് ആവണം….
കണ്ണുകളടച്ച് നീണ്ട ഒരു ശ്വാസത്തെ പുറത്തേക്ക് വിട്ട് ഒന്നും നോക്കാതെ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ എന്നെ അമ്മു തടഞ്ഞു നിർത്തി.
“ആമി.. നീയെങ്ങോട്ടാ.. ദേ ഏട്ടൻ ഇവിടെ എത്താറായി.. നമുക്ക് ഒന്ന് സംസാരിച്ചിട്ട് പോവാടി.. ഒരു ഓൾ ദി ബെസ്റ്റ് പറയാം.. പോവല്ലെടി…”
“ഓ.. അതൊക്കെ നീ തന്നെ അങ്ങ് പറഞ്ഞാൽ മതി.. എന്നെ കൊണ്ടൊന്നും വയ്യ..”
“നിനക്ക് ഇപ്പോഴും ഏട്ടനോട് ദേഷ്യം ആണോ ആമി.. എല്ലാം നിന്റെ തെറ്റിദ്ധാരണ ആയിരുന്നുവെന്ന് മനസ്സിലായതല്ലേ.. പിന്നെയും എന്തിനാ ഏട്ടനോട് ഈ ദേഷ്യം കാണിക്കുന്നെ.. ഇനി ഏട്ടൻ നിന്റെ എതിർ പാർട്ടി ആയത് കൊണ്ടാണോ ഈ ദേഷ്യം…”
“എനിക്ക് ആരോടും ഒരു ദേഷ്യവും ഇല്ല.. നല്ല തലവേദന എടുക്കുന്നു.. ഞാൻ കാലത്ത് പറഞ്ഞതല്ലേ നിന്നോട്.. നീ ചെല്ല്.. സംസാരിക്ക്..നിനക്കല്ലേ അങ്ങേരെ വിഷ് ചെയ്യണ്ടേത്.. എനിക്ക് അങ്ങേര് ജയിച്ചാലും ഇല്ലെങ്കിലും ഒരുപോലാ… അതോണ്ട് നീ ഒറ്റയ്ക്ക് പോയാൽ മതി..ഞാൻ ക്ലാസിലേക്ക് ചെന്ന് കുറച്ചു കിടക്കട്ടെ… വോട്ടിങ് തുടങ്ങുമ്പോൾ വിളിച്ചാൽ മതി…”
“മ്മ്.. ശരി…”
“മ്മ്..”
അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ മനസ്സിലായി ഞാൻ പറഞ്ഞത് അവൾക്ക് വേദനിച്ചിട്ടുണ്ടെന്ന്. ശരിയാണ് കുറച്ചു കടുപ്പത്തിൽ തന്നെയാണ് പറഞ്ഞത്. പക്ഷെ അപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്. ഇല്ലെങ്കിൽ ഞാൻ അവിടെ നിന്ന് പൊട്ടി കരഞ്ഞേനെ..നേതാവിനെ അടുത്ത് കണ്ടാൽ ഞാൻ…. ഞാൻ അവളെ മറന്ന്…അവളുടെ സ്നേഹം മറന്ന്..ഓടിപ്പോയി ആ നെഞ്ചിൽ വീണെന്നേ…അത് കണ്ടു നെഞ്ച് പൊട്ടി നിൽക്കുന്ന അമ്മുവിനെ കാണുന്നതിലും ഭേദം ഇതാണ്.. ഞാൻ ആയിട്ട് ഒഴിഞ്ഞു മാറണം..നേതാവുമായുള്ള എല്ലാ കൂടിക്കാഴ്ചയിൽ നിന്നും ബോധപൂർവം തന്നെ ഒഴിഞ്ഞു മാറണം…
ക്ലാസ്സിൽ എത്തിയപ്പോഴേക്കും തലയ്ക്കു നല്ല ഭാരം പോലെ തോന്നി. ബാഗ് അവിടെ വെച്ചു ഡെസ്ക്കിൽ തല വെച്ചു കിടന്നു. ഇന്നലെ തീരെ ഉറങ്ങാത്തതിന്റെ ക്ഷീണം കാരണമോ എന്തോ അവിടെ കിടന്നു ഉറങ്ങി പോയി. വോട്ടിംഗ് സമയമായപ്പോൾ അമ്മു വിളിച്ചാണ് ഉണർന്നത്. പോവാൻ ഒട്ടും താല്പര്യമില്ലാഞ്ഞിട്ടും പോളിംഗ് ബൂത്തിൽ പോയി വോട്ട് ചെയ്തു. ഓപ്പോസിറ്റ് പാർട്ടിയാണെങ്കിലും നേതാവിന് തന്നെയാണ് ഞാനും വോട്ട് ചെയ്തത്. മനു ശങ്കർ എന്ന പേരിൽ വിരലമർത്തുമ്പോൾ വലിയ ഭൂരിപക്ഷത്തോടു കൂടി തന്നെ അദ്ദേഹം വിജയിക്കണേന്ന് മനസ്സാൽ പ്രാർത്ഥിച്ചു.
വോട്ട് ചെയ്തു പോവാനൊരുങ്ങിയ എന്നെ അമ്മു നിർബന്ധിച്ച് റിസൾട്ട് വരുന്നത് വരെ പിടിച്ചു ഇരുത്തി. റിസൾട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും നേതാവ് തന്നെ ജയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. എനിക്ക് മാത്രമല്ല ഒരുവിധം എല്ലാവരുടെ മനസ്സിലും ആ ഉറപ്പുണ്ടാവും. കാരണം ഈ കാലയളവിൽ തന്നെ അങ്ങേര് ക്യാമ്പസിന്റെ മൊത്തം പ്രിയങ്കരനായി തീർന്നിരുന്നു.
കാത്തിരിപ്പുകളെ അണച്ചു കൊണ്ട് ആ ഫലം അവിടെ മുഴങ്ങി. ഒരിക്കൽ കൂടി ക്യാമ്പസിന്റെ നേതൃത്വം അലങ്കരിക്കാൻ യൂണിയൻ ചെയർമാനായി സെക്കന്റ് എം ബി എ വിദ്യാർത്ഥി മനു ശങ്കർ തിരഞ്ഞെടുക്കപ്പെട്ടു. ഈ ക്യാമ്പസിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് അടുപ്പിച്ച് രണ്ടാം തവണയും ഒരാൾ തന്നെ ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നതെന്ന് കൂടി നിന്ന അധ്യാപകരിൽ ചിലർ അഭിപ്രായപ്പെടുന്നത് കേട്ടപ്പോൾ എന്തിനോ വേണ്ടി എന്റെ കണ്ണുകൾ നിറഞ്ഞു. ഉള്ളിൽ അദ്ദേഹത്തെ കുറിച്ചുള്ള അഭിമാനം തലയുയർത്തി നിന്നു. വിജയാഘോഷത്തിന്റെ ഭാഗമായി വെടിക്കെട്ടും ബാൻഡ് മേളങ്ങളും അരങ്ങ് തകർത്തു. സന്തോഷ തിമർപ്പിൽ കോളേജ് ഒന്നാകെ നൃത്തച്ചുവടുകൾ കൊണ്ട് ഗ്രൗണ്ടിനെ ഇളക്കി മറിച്ചു. ആരവങ്ങൾക്കിടയിലൂടെ ചില കുട്ടികൾ ചേർന്ന് നേതാവിനെ തോളിലേറ്റി ഉയർത്തി നിർത്തിയപ്പോൾ ആയിരം നക്ഷത്രങ്ങൾ ഒന്നിച്ചു മിന്നിയ പോൽ ആ മുഖം ശോഭിച്ചു നിന്നു. അങ്ങോട്ട് തന്നെ നോക്കി നിന്നപ്പോൾ ആ കണ്ണുകൾ ആൾക്കൂട്ടത്തിൽ ആരെയോ തേടുന്നത് പോലെ എനിക്ക് തോന്നി. അവസാനം അത് എന്റെ കണ്ണുകളുമായി കോർത്തപ്പോൾ തെളിഞ്ഞൊരു പുഞ്ചിരി ആ മുഖത്ത് നിറയുന്നത് ഞാൻ കണ്ടു. തിരിച്ചും അതേ പുഞ്ചിരി പകരം നൽകാനേ എനിക്കപ്പോൾ ആയുള്ളു.
ഒരുവിധം ആഘോഷങ്ങൾ ഒതുങ്ങിയപ്പോൾ ഞാൻ അമ്മുവിന്റെ കൈകളിൽ കയ്യമർത്തി.
“പോകാം..?..”
“എടി.. കുറച്ചു കൂടി കഴിഞ്ഞു പോകാം…അല്ലെങ്കിൽ നമുക്ക് ഏട്ടനെ കണ്ടോന്ന് സംസാരിച്ചിട്ട് പോവാടി..”
എന്റെ നിസ്സഹായാവസ്ഥ അവളെ പറഞ്ഞു മനസ്സിലാക്കിപ്പിക്കാൻ എനിക്ക് കഴിയില്ലായിരുന്നു. ദയനീയതയോടെ തന്നെ ഞാൻ പറഞ്ഞു.
“എനിക്ക് താല്പര്യമില്ല അമ്മു.. നിനക്ക് വേണേൽ സംസാരിച്ചു വരാം.. എന്നെ നിർബന്ധിക്കണ്ട..”
“മ്മ്.. എന്നാ ഞാൻ ഒന്ന് കണ്ടിട്ട് വരട്ടെ ടി..”
“മ്മ്.. പോയിട്ട് വാ..”
ആ സാഹചര്യത്തിൽ നിന്നൊന്ന് ഉൾവലിയാൻ ഞാൻ ആ വാക മരത്തിന്റെ ചുവട്ടിലേക്ക് നടന്നു. എന്തൊക്കെയോ ചിന്തകൾ മനസ്സിനെ പിടുത്തമിട്ടിരുന്നു. അത് എന്തൊക്കെയാണെന്ന് പോലും വേർതിരിച്ചെടുക്കാൻ ആവാതെ അവിടുത്തെ കാറ്റിൽ എന്റെ മനസ്സും ദിശയില്ലാതെ അലഞ്ഞു നടന്നു. എത്ര നേരം അവിടെ അങ്ങനെ ഇരുന്നുവെന്നറിയില്ല. ആരുടെയോ വിളി കേട്ട പോലൊരു തോന്നലുണ്ടായപ്പോൾ തല ചെരിച്ചൊന്ന് നോക്കി. രണ്ടും കയ്യും കെട്ടി എന്നെ നോക്കി ചിരിച്ചു നിൽക്കുന്ന നേതാവ്. ആ കാഴ്ചയിൽ കണ്ണുകൾക്കൊപ്പം മനസ്സും വിടർന്നിരുന്നു. ഓടി ചെന്നടുക്കാൻ തോന്നി. പിന്നെ എന്തോ അവിടെ തന്നെ പിടിച്ചിരുത്തി.
“എന്താ സഖാവേ… ഇവിടെ ഇരുന്നു പകൽ കിനാവ് കാണുവാണോ…”
“ഏയ്.. അത്..ഞാൻ.. വെറുതെ.. എനിക്ക്.. ഇല്ല ഒന്നും ഇല്ല ഇവിടെ ഇരുന്നെന്നേ ഉള്ളു..”
ഉള്ളിലെ വികാരങ്ങളെ അമർത്തി പിടിക്കുമ്പോൾ വാക്കുകൾ മുറിയുന്നത് ഞാൻ അറിഞ്ഞു. ഒന്ന് അമർത്തി മൂളി അങ്ങേര് എന്റെ അടുക്കൽ വന്നിരുന്നു. തൊട്ട് അടുത്തായി ആ സാനിധ്യം പതിഞ്ഞപ്പോൾ ശരീരം വിറയ്ക്കുന്നത് പോലെ തോന്നി. നെഞ്ചിടിപ്പ് നില തെറ്റുന്നുണ്ടായിരുന്നു. എഴുന്നേറ്റു ഓടിയാലോന്ന് വരെ ഒരു മാത്ര ചിന്തിച്ചു പോയി. നിശബ്ദത ഞങ്ങൾക്കിടയിൽ വീർപ്പു മുട്ടുന്നുണ്ടെന്ന് തോന്നിയതിനാലാവണം അങ്ങേര് ഒന്ന് മൂരി നിവർന്നു മുരടനക്കുന്നത് കണ്ടു. എന്നിട്ടും ഭാവഭേദമില്ലാതെ ഇരിക്കുന്ന എന്നെ നോക്കി അങ്ങേര് തന്നെ സംസാരിച്ചു തുടങ്ങി.
“ഇതെന്താ.. സഖാവേ പതിവില്ലാതെ ഒരു മ്ലാനത ഈ മുഖത്ത്…”
“എന്റെ മുഖത്തോ.. ഏയ് തോന്നുന്നതാവും..”
അപ്പോഴും ആ കണ്ണുകൾക്ക് മുഖം കൊടുക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു.
“ഓഹോ.. എന്നാ അങ്ങനെയാവും..”
“മ്മ്…”
ആ കണ്ണുകൾ എന്നെ തന്നെ ഉറ്റു നോക്കുന്നത് ഒളി കണ്ണാലെ ഞാൻ കാണുന്നുണ്ടായിരുന്നു.
“ഹാ.. ഇങ്ങനെ മുഖം താഴ്ത്തി ഇരിക്കാതെടോ..നിങ്ങളുടെ എതിരാളി ആയിട്ടാണെങ്കിലും ഇലക്ഷനിൽ ജയിച്ചു ഇരിക്കുവല്ലേ.. എന്റെ സന്തോഷത്തിൽ ഒന്ന് പങ്ക് ചേരേടോ.. അറ്റ്ലീസ്റ്റ് ഒരു വിഷസ് എങ്കിലും പറ..”
“ഓഹ്.. സോറി ഞാൻ മറന്നു.. കൺഗ്രാറ്റ്സ്..”
മുഖത്ത് ചിരി കഷ്ടിച്ചാണെങ്കിലും വരുത്തിച്ചു.
‘ഹോ.. സന്തോഷം.. ”
“മ്മ്..”
വീണ്ടും മൗനത്തിലേക്ക് മുങ്ങാൻ പോയതും നേതാവിന്റെ കൈകൾ എന്റെ കൈകൾക്ക് മേൽ പതിഞ്ഞു. ഒരു തരിപ്പ് ഒന്നാകെ പടർന്നു. ഞെട്ടലോടെ ഞാൻ ആ മുഖത്തേക്ക് നോക്കി. സൗമ്യമായൊരു പുഞ്ചിരിയായിരുന്നു അവിടെ.
” എടോ..ഞാൻ ഇപ്പോൾ പിജി സെക്കന്റ് ഇയറാണ്.. ഈ ഒരു കൊല്ലം കൂടിയേ ഇവിടെ കാണൂ..ദിവസം ദാ ന്ന് പറയുമ്പോഴേക്കും കഴിയും… അവസാന നിമിഷം വരെ ഉള്ളിലൊരു ഭാരം കൊണ്ട് നടക്കാൻ ഒട്ടും താല്പര്യമില്ല. അതോണ്ട് തുറന്നു പറയാ…”
പറഞ്ഞു വന്നത് ഒന്ന് നിർത്തിയപ്പോഴും എന്റെ കണ്ണുകൾ അവിടെ തന്നെ തറഞ്ഞിരിക്കുവായിരുന്നു. ഇനി പറയാൻ പോവുന്ന വാക്കുകൾ അറിയാതെ ശ്വാസം മുട്ടുന്നത് പോലെ ഞാൻ വിയർത്തു. അത് നോക്കി ചിരിച്ചു കൊണ്ട് വീണ്ടും പറഞ്ഞു തുടങ്ങി.
“എനിക്ക് തന്നെ ഇഷ്ട്ടമാണ്…നമ്മുടെ ആദ്യത്തെ കൂടി കാഴ്ചയിൽ തന്നെ..തന്റെ ആ വീറോടെയുള്ള വാക്കുകൾ നെഞ്ചിലാണ് കൊണ്ടത്…അന്ന് കാര്യം അറിയാതെയാണ് ഞാൻ നിന്നോട് അങ്ങനെ പ്രതികരിച്ചത്.. നീയും എന്നെ തെറ്റിദ്ധരിച്ചാണ് അന്ന് അങ്ങനെയൊക്കെ പറഞ്ഞത്.. പക്ഷെ തന്റെ സംസാരത്തിൽ ഞാൻ തറഞ്ഞു നിന്ന് പോയി… ഉള്ളിലെവിടെയോ നീ എനിക്ക് ആരൊക്കെയോ ആണെന്ന് തോന്നിപ്പോയി…തന്നോട് പിന്നീട് വഴക്ക് ഉണ്ടാക്കിയത് പോലും ഞാൻ ആസ്വദിക്കുവായിരുന്നു…ശരിക്കും ഇഷ്ട്ടപ്പെട്ടു പോയെടോ… ഈ തന്റേടിയെ… സഖാവിനെ.. എനിക്ക് വേണം…”
അറിയാതെ തന്നെ കണ്ണുകൾ തുളുമ്പി പോയിരുന്നു. ഞാൻ പറയാനാഗ്രഹിച്ച കാര്യം.. അതും ഞാൻ പറയാൻ ആഗ്രഹിച്ച ദിവസം തന്നെ അങ്ങേര് എന്നോട് പറഞ്ഞപ്പോൾ സന്തോഷാണോ സങ്കടാണോ തോന്നിയതെന്ന് അറിയില്ല… ശ്രദ്ധിച്ചിരുന്നു എന്നെ കാണുബോൾ വിടരുന്ന ആ കണ്ണുകളെ.. കണ്ടിരുന്നു ഞാൻ…അറിഞ്ഞിരുന്നു.. ആ കണ്ണുകളിൽ എനിക്കായി തെളിയുന്ന പ്രണയത്തെ… പക്ഷെ..പക്ഷെ ഇപ്പോൾ എനിക്ക് ആ പ്രണയത്തെ സ്വീകരിക്കാൻ ആവില്ലല്ലോ കൃഷ്ണ… എനിക്കും പ്രാണനാണെന്ന് പറയാൻ പറ്റില്ലല്ലോ…
നിറഞ്ഞു തൂവിയ കണ്ണുകളെ പതിയെ ചിമ്മിയപ്പോഴാണ് തലയിൽ പെരുപ്പ് കയറിയത്. പെട്ടെന്ന് തന്നെ കണ്ണുകൾ വലിച്ചു തുറന്നു. തിരിച്ചു പിടിച്ച സ്വബോധത്തിൽ ചാടിയെഴുന്നേറ്റു.
“ഏയ്.. അതൊന്നും നടക്കില്ല.. എനിക്ക്.. എനിക്ക് തന്നെ അങ്ങനെയൊന്നും കാണാൻ കഴിയില്ല… വഴക്ക് ഒക്കെ ഉണ്ടാക്കിയെങ്കിലും തന്നോട് എനിക്ക് ദേഷ്യമൊന്നുമില്ല…. പക്ഷെ പ്രണയവും..പ്രണയവും ഇല്ല…”
“കള്ളം.. പച്ചക്കള്ളമാണ് നീ പറയുന്നത്..നിനക്ക് എന്നെ ഇഷ്ട്ടമാണ്.. അത് നിന്റെ കണ്ണുകളിൽ ഞാൻ കണ്ടിട്ടുണ്ട്.. നിന്റെ സംസാരത്തിൽ എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്…ഇപ്പോ ഈ കണ്ണ് നിറഞ്ഞത് പോലും എനിക്ക് വേണ്ടിയല്ലേ…നീ കള്ളം പറയുവാ ആമി…”
ഹൃദയം ഒരു നിമിഷം നിലച്ചു പോയെന്ന് തോന്നിപ്പോയി. ഞാൻ പറയാതെ തന്നെ എന്റെ ഇഷ്ട്ടം അങ്ങേര് മനസ്സിലാക്കിയിരിക്കുന്നു. ഒരു തുറന്നു പറച്ചിലു പോലുമില്ലാതെ എന്റെ ഉള്ളറിയാൻ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു..ഞാൻ ഒന്നാകെ മരവിച്ചു പോയി. വാക്കുകൾ കിട്ടാതെയായി…തൊണ്ട വറ്റി വരളുന്ന പോലെ ദാഹം തോന്നി…എന്റെ അമ്മുവിനെ മറന്ന് ആ പ്രണയത്തിന് മുന്നിൽ ഞാൻ അടിമപ്പെട്ടു പോവുമോന്ന് പോലും ഭയന്ന് പോയി. പക്ഷെ അമ്മുവിന്റെ ചിരിക്കുന്ന മുഖം മനസ്സിലേക്ക് ആവാഹിച്ചപ്പോൾ മനസ്സിനെ കല്ലാക്കി ഞാൻ പറഞ്ഞു.
“ഇയാൾ ഇത് എന്തൊക്കെയാടോ പറയുന്നേ… എനിക്ക് തന്നോട് പ്രണയം ആണെന്നോ.. കൊള്ളാം.. നല്ല കണ്ടുപിടിത്തം.. താൻ പോയേ പോയേ.. എനിക്ക് വേറെ പണിയുണ്ട്..”
“അപ്പോ പിന്നെ ഞാൻ ഇത് പറഞ്ഞപ്പോൾ നിന്റെ കണ്ണ് നിറഞ്ഞത് എന്തിനാ..”
“ഹാ.. അതിന് എനിക്ക് എന്റേതായ കാരണങ്ങൾ ഉണ്ടാവും.. അതൊക്കെ തന്നോട് പറയണമെന്നുണ്ടോ…”
ദേഷ്യം കൊണ്ടാണോ എന്തോ അങ്ങേര് കണ്ണുകൾ കൂട്ടിയടയ്ക്കുന്നത് കണ്ടു. പല്ലുകൾ കടിച്ചു പിടിക്കുന്നുണ്ട്. ഒരു ദീർഘ നിശ്വാസം എടുത്ത ശേഷം വീണ്ടും എന്നെ നോക്കി.
“ആമി.. നീ എന്താ മറച്ചു പിടിക്കാൻ ശ്രമിക്കുന്നത്…എന്താ നിന്റെ ഉദ്ദേശം.. പറ…”
“എന്ത് ഉദ്ദേശം.. ഹാ.. ഇയാൾക്ക് എന്താ പറഞ്ഞാൽ മനസ്സിലാവില്ലേ.. എനിക്ക് തന്നെ ആ രീതിയിൽ കാണാൻ കഴിയില്ല.. അത്രേ ഉള്ളു.. വേറൊന്നും പറയാനില്ല.. ഞാൻ പോവുന്നു…”
ഇനിയൊരു നിമിഷം കൂടി അവിടെ നിന്നാൽ പിടി വിട്ട് പോവുമെന്ന് തോന്നിയത് കൊണ്ട് മറു വാക്ക് കേൾക്കാൻ നിൽക്കാതെ ഞാൻ പിന്തിരിഞ്ഞു നടന്നു.
ഒട്ടും പ്രതീക്ഷിക്കാതെയാണ് ശര വേഗത്തിൽ ആ കൈകൾ വീണ്ടും എന്റെ കയ്യിൽ വന്നു ശക്തിയായി പിടിത്തമിട്ടത്.
“ആമി.. പ്ലീസ്.. കുട്ടിക്കളിയല്ല ഇത്.. ആം സീരിയസ്.. എനിക്ക് നീയില്ലാതെ പറ്റില്ല..”
നുരഞ്ഞു പൊന്തിയ സങ്കട കടൽ എന്റെയുള്ളിലെ പ്രണയത്തെ പുറത്തു കൊണ്ട് വരുമെന്ന് തോന്നിയപ്പോൾ ദേഷ്യത്തെ തന്നെ കൂട്ട് പിടിച്ചു. കത്തുന്ന കണ്ണുകളോടെ ഞാൻ അങ്ങേരെ നോക്കി.
“കയ്യിന്ന് വിടെടോ… എടോ തന്നോടാ എന്റെ കയ്യിന്ന് വിടാൻ പറഞ്ഞത്…”
അതൊരു അലർച്ചയായിരുന്നു.
(തുടരും )

by