22/04/2026

പ്രണയവർണ്ണങ്ങൾ : ഭാഗം : ഭാഗം 08

രചന – സിന്ധു അപ്പുക്കുട്ടൻ

“ഞാൻ പോയ്‌ കുടിക്കാനെന്തെങ്കിലും വാങ്ങിക്കൊണ്ടു വരാം. വല്ലാത്ത ദാഹം.”

അരുൺ മണലിൽ കൈകുത്തി മെല്ലെ എഴുന്നേറ്റു.

ആതിര ഓർമ്മകളുടെ വേലിയേറ്റത്തിൽപ്പെട്ട് ഇടറിത്തുടങ്ങിയിരിക്കുന്നു എന്നവൻ തിരിച്ചറിഞ്ഞു.

അല്പനേരമവൾ തനിച്ചിരിക്കട്ടെ.

അരുൺ ഓർത്തു

വെൺനുരകൾ ബാക്കിയാക്കി തിരിഞ്ഞോടുന്ന അലകളെ നോക്കി ആതിര കാൽമുട്ടുകളിൽ മുഖം ചേർത്തുവെച്ചു

അസ്തമയ സൂര്യൻ നനഞ്ഞമണലിലേക്ക് സ്വർണ്ണമുരുക്കിയൊഴിക്കാൻ തുടങ്ങിയിരുന്നു.

ഏറെ നേരം കഴിഞ്ഞാണ് അരുൺ തിരിച്ചെത്തിയത്.

“എങ്ങോട്ട് തിരിഞ്ഞാലുമുണ്ട് പിന്നീന്നു വിളിച്ച് അളിയോ നീയെന്താ ഇവിടെ എന്നും ചോദിച്ചു കയറി വരുന്ന ഒരു കൂട്ടുകാരൻ തെണ്ടി.

ദാ ഇപ്പോഴും കണ്ടു ഒരുത്തനെ. അവനവിടെ പിടിച്ചു നിർത്തി. സോറി ട്ടോ ആതു ഒറ്റക്കിരുന്നു ബോറടിച്ചില്ല ല്ലോ?

അവൻ ആതുവിനരികിലേക്കിരുന്നുകൊണ്ട് കയ്യിലിരുന്ന ജ്യൂസും മുളക് ബജിയും അവൾക്കുനേരെ നീട്ടി.

“അയ്യോ.. കഴിക്കാൻ ഒന്നും വേണ്ടിയിരുന്നില്ല. ജ്യൂസ്‌ മാത്രം മതിയാരുന്നു.

“എനിക്ക് നല്ല വിശപ്പ്. അതോണ്ട് മേടിച്ചതാ. ഞാൻ കഴിക്കുമ്പോ താൻ നോക്കിയിരിക്കണ്ട. കഴിച്ചോളൂ ഒരെണ്ണം.

“സാവിത്രിയാന്റി വിഷ്ണുവിനെക്കുറിച്ച് കുറച്ചൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട് എങ്കിലും അതിനൊരു പൂർണ്ണതയില്ലായിരുന്നു.

ജ്യൂസ് ബോട്ടിൽ തുറന്ന് അല്പം കുടിച്ചിറക്കി അരുൺ.

എൻഗേജ്മെന്റ്ന് ഡേറ്റ് കുറിച്ച്, ആളുകളെയെല്ലാം ക്ഷണിച്ച് പന്തലുമിട്ട് എല്ലാ ഒരുക്കങ്ങളും കഴിഞ്ഞിരുന്നു എന്നൊക്കെ പറഞ്ഞു കേട്ടപ്പോൾ എനിക്കു വല്ലാത്ത വേദന തോന്നി. തന്നോട് ഇഷ്ടം തോന്നാൻ അതും ഒരു കാരണമായിരുന്നു ട്ടോ.

“ഉം… ആതിര വെറുതെ മൂളി.

വിഷ്ണുവിന് പകരമാകാനൊന്നും എനിക്കാവുമെന്ന് തോന്നുന്നില്ല. പക്ഷേ കൂടെയുള്ളിടത്തോളം ജീവനെപ്പോലെ സ്നേഹിക്കാൻ എനിക്ക് കഴിയും.അതെന്റെ വാക്കാണ്.

വിഷ്ണുവും ഇടയ്ക്കിടെ ഇങ്ങനെ തന്നെ പറയുമായിരുന്നു. കൂടെയുള്ളിടത്തോളം ജീവൻ തന്നുതന്നെ സ്നേഹിക്കുമെന്ന്.ഒരിക്കലും വിട്ടു പോകില്ലന്ന്… എന്നിട്ടും..

ആതുവിന്റെ മിഴികൾ നിറഞ്ഞൊഴുകി.

***************************************

“ദാ നോക്ക് എന്റെ മണിക്കുട്ടി എത്ര സുന്ദരിയാണെന്ന്.”

വിഷ്ണു ഫോൺ സ്ക്രീൻ അവളുടെ മുഖത്തിന് നേരെ കൊണ്ടുവന്നു.

“കൊണ്ടു പോ എനിക്ക് കാണണ്ട.

അവൾ ദേഷ്യത്തോടെ അവന്റെ കയ്യിൽ ഒരു തട്ട് കൊടുത്തു. അതിനിടയിലും ഓട്ടക്കണ്ണിട്ട് അവളാ സ്ക്രീനിലേക്ക് നോക്കി.

കടും മഞ്ഞ നിറത്തിൽ നിറയെ ഇതളുകളുമായി വിടർന്നു നിൽക്കുന്നൊരു പനിനീർപ്പൂവ്.

“ഞാനങ്ങോട്ട് വരുന്നവരെയല്ലേയുള്ളൂ നിന്റെ മണിക്കുട്ടീം, കിണിക്കുട്ടീമൊക്കെ. അത് കഴിഞ്ഞാ കാണാം.നിന്റെ കള്ളക്കാമുകിമാരെയൊക്കെ വലിച്ചു പറിച്ച് ഞാൻ നല്ല പച്ചക്കറി നടും.

“അതിനും മുൻപ് ആതിര എന്ന പേരിട്ട് ഒരു വെള്ള റോസ് ഞാൻ നടും മോളെ…”

ഉവ്വ.. കാണാം.

ആ… കാണാം..

അത് പോട്ടെ.. ഞാൻ എപ്പോ വിളിച്ചാലും നിന്റെ ടേപ്പ് റെക്കോർഡറിൽ കേൾക്കുന്ന ഒരു പാട്ടുണ്ടല്ലോ, സുഖമോ ദേവി….സുഖമോ ദേവി ന്ന്…ആരെ ഓർത്തോണ്ടാ അത് കേള്ക്കുന്നെ..?

അതെന്റെ ഇന്ദുമോളെ ഓർക്കുമ്പോ കേൾക്കുന്നതാടി.

“പട്ടി, തെണ്ടി… നിന്നെ കൊല്ലുമെടാ ഞാൻ.

ആതിര നിയന്ത്രിക്കാനാകാത്ത ദേഷ്യത്തോടെ വിഷ്ണുവിന്റെ മുതുകിൽ ആഞ്ഞിടിച്ചു. തുടരെത്തുടരെ..

ഹഹഹ…. എന്റെ പൊന്നു പെണ്ണുംപിള്ളേ, കല്യാണം കഴിഞ്ഞു കുനിച്ചു നിർത്തി മേടാൻ എന്റെ മുതുക് കുറച്ചെങ്കിലും ബാക്കി വെക്ക്…

******************************

“എടാ ഈ പിങ്ക് സാരിയുടെ കൂടെ ഗോൾഡൻ നിറമുള്ള ബ്ലൗസ് ചേരുമോ??

“ആതിര മടിയിലിരുന്ന കവറിൽനിന്നും ഇളം പിങ്ക് നിറമുള്ള സാരി പുറത്തെടുത്തു.”

ആ.. ചേരുമായിരിക്കും. എനിക്കീ കളർ കോമ്പിനേഷനും ഡ്രസ്സ്‌ സെലക്ഷനുമൊന്നും അറിയില്ല.

എൻഗേജ്മെന്റിനുള്ള ഡ്രസ്സുകൾ സെലക്ട്‌ ചെയ്തതിനു ശേഷം മറൈൻഡ്രൈവിലെ, വെയിലിനു കുടപിടിച്ചു നിൽക്കുന്ന വാകമരങ്ങളിലൊന്നിന്റെ കീഴിലിരിക്കുകയായിരുന്നു അവർ.

ആതിര വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നിട്ടും പതിവുള്ള സന്തോഷമോ, കലപിലയോ വിഷ്ണുവിൽ കണ്ടില്ല

“എന്താടാ..? ഇന്നെന്തുപറ്റി ഒരു മൂഡോഫ്.

“എന്തോ, മനസ്സിനൊരു സുഖം തോന്നുന്നില്ല ആതു.

അവന്റെ വിഷാദം കലർന്ന സ്വരം അവളിൽ പരിഭ്രാന്തിയുണർത്തി.

“എന്താടാ… എന്താന്ന്വെച്ചാ തുറന്നു പറ.

അന്നത്തെ റീ യൂണിയൻ കഴിഞ്ഞേപ്പിന്നെ അമ്മയുടെ പെരുമാറ്റത്തിൽ എന്തോ ഒരു മാറ്റം. കൃഷ്ണനുണ്ണിയങ്കിൾ ഒരുദിവസം വീട്ടിൽ വന്നപ്പോൾ രണ്ടു പേരും എന്തോ തമാശയൊക്കെ പറഞ്ഞു ചിരിച്ചെങ്കിലും കുറെ കഴിഞ്ഞ് അമ്മ അടുക്കളയിൽ നിന്ന് കരയുന്നത് ഞാൻ കണ്ടു.

അതിന് ശേഷം ഒന്ന് രണ്ടു തവണ ,ഇവരുടെ കൂടെയുണ്ടായിരുന്ന ടോമിയങ്കിളിനെ അപ്രതീക്ഷിതമായി കണ്ടു മുട്ടുകേം ചെയ്തു.

അദ്ദേഹം എന്നോടൊരു കാര്യം പറഞ്ഞു.അതു കേട്ടപ്പോൾ മുതൽ ഞാൻ വല്ലാത്തൊരു അവസ്ഥയിലാ.

നിന്നോട് പറയണ്ടന്ന് കരുതിയതാ.. പക്ഷേ ഇപ്പൊ….

അവൻ പാതിയിൽ നിർത്തി.

നീ കാര്യമെന്താന്ന്വെച്ചാ പറയ്‌. ഇങ്ങനെ ടെൻഷനാക്കാതെ.

അമ്മയും ഉണ്ണിയങ്കിളും നമ്മളെപ്പോലെ ഒരുപാട് സ്നേഹിച്ചിരുന്നവരായിരുന്നു ത്രേ.

ങേ !!!

ആതു അവനെ മിഴിച്ചു നോക്കി.

സ്കൂളിൽ എല്ലാർക്കുമറിയാമായിരുന്നു ആ ഇഷ്ടം. അമ്മ അന്നൊക്കെ നന്നായി പാടുമായിരുന്നു.അതും നിന്റെച്ചനുവേണ്ടി

പ്രീ ഡിഗ്രിക്ക് രണ്ടു പേരും വേറെ വേറെ കോളേജിലായിരുന്നു. എങ്കിലും ഉണ്ണിയങ്കിൾ അമ്മയെ കാണാനും, അമ്മയുടെ പാട്ട് കേൾക്കാനും പോകുമായിരുന്നു.

മുത്തശൻ പട്ടാളത്തിലായിരുന്നുലോ . ഒരു തവണ ലീവിന് വന്നപ്പോൾ ഇവരുടെ ബന്ധമറിഞ്ഞ് ഒരുപാട് എതിർത്തു. പക്ഷേ അമ്മ പിന്മാറാൻ തയ്യാറായില്ല. അങ്കിൾ വന്നു വിളിച്ചാൽ ഇറങ്ങിപ്പോകുമെന്ന് മുത്തശന്റെ മുഖത്തു നോക്കിപ്പറഞ്ഞു.

അതോടെ മുത്തശ്ശൻ അമ്മയുടെ പഠിത്തം നിർത്തി.

പിന്നെ അമ്മയേം മുത്തശ്ശിയേം കൊണ്ട് ഡെറാഡൂണിലേക്ക് പോയ്‌. അവിടെ വെച്ച് അച്ഛനുമായുള്ള കല്യാണവും നടത്തി.

അച്ഛൻ പാവമായിരുന്നു. അമ്മയുടെ പ്രണയം അച്ഛനറിഞ്ഞിരുന്നോ എന്നൊന്നും എനിക്കറിയില്ല.പക്ഷേ അമ്മയെ ജീവനായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

അവരുടെ ദാമ്പത്യത്തിന് വെറും ആറുമാസമേ ആയുസ്സുണ്ടായുള്ളു. എന്നെ രണ്ടുമാസം ഗർഭിണിയായിരിക്കുമ്പോ ഒരാക്സിഡന്റിൽ അച്ഛൻ അമ്മയേം എന്നേം തനിച്ചാക്കി

അമ്മക്ക് അവിടെ ജോലി കിട്ടുമായിരുന്നു. പക്ഷേ അമ്മ നാട്ടിലേക്കു വരാൻ വാശി പിടിച്ചു.

മുത്തശ്ശൻ എതിരൊന്നും പറഞ്ഞില്ല. സ്വന്തം മോളുടെ ജീവിതം കൊണ്ടുള്ള കളിയിൽ അങ്ങേര് തോറ്റു പോയിരുന്നുലോ.

പിന്നെ അമ്മക്ക് ഞാനും എനിക്കമ്മയും മാത്രമായ്…

എനിക്കിപ്പോ തോന്നാ, നമ്മളല്ല ഒന്നിക്കേണ്ടിയിരുന്നത്. അമ്മയും നിന്റച്ഛനുമായിരുന്നു.

അമ്മ മരിച്ചതിൽ പിന്നെ അച്ഛനും തനിച്ചല്ലായിരുന്നോ. അതും വെറും മൂന്നു വർഷത്തെ ദാമ്പത്യത്തിനു ശേഷം.

രണ്ടുപേരും ജീവിതത്തിന്റെ നല്ല നാളുകളിൽത്തന്നെ ഒറ്റപ്പെട്ടുപോയി.

അവർക്ക് ഇനിയെങ്കിലും ഒരു ജീവിതം നേടി കൊടുക്കാൻ നമുക്ക് കഴിഞ്ഞെങ്കിൽ..!!

“നമ്മുടെ എൻഗേജ്മെന്റിന് ഇനി ഒരാഴ്ചയേ ഉള്ളു.. ക്ഷണിക്കാനുള്ളവരെയെല്ലാം ക്ഷണിച്ചു കഴിഞ്ഞു. ഇനിയിക്കാര്യം പറഞ്ഞു നമ്മൾ വിവാഹത്തിൽ നിന്ന് പിന്മാറിയാലും അച്ഛനും അമ്മയും സമ്മതിക്കോ ??

ആതിര ഒരേങ്ങലോടെ അവന്റെ തോളിലേക്ക് മുഖം ചേർത്തു.

എനിക്കും അറിയില്ല ആതു.. എന്ത് വേണമെന്ന്.നിന്നെ വേണ്ടെന്ന് വെക്കാനും എനിക്ക് കഴിയില്ല ആതു.

അവൻ അവളുടെ കവിളിലേക്ക് ചുണ്ടുകൾ ചേർത്തു.

തിരികെ വീട്ടിലേക്കുള്ള യാത്രയിൽ വിഷ്ണു നിശബ്ദനായിരുന്നു. ആതു എന്തിനെന്നറിയാതെ മൗനമായി കരഞ്ഞു കൊണ്ടിരുന്നു.

ഗേറ്റിനുമുന്നിൽ ബൈക്ക് നിർത്തി ഇറങ്ങുമ്പോൾ അവൾ അവന്റെ കഴുത്തിലൂടെ കയ്യിട്ട് ചേർത്തു പിടിച്ച് ആ കവിളിൽ ഒരുമ്മ കൊടുത്തു.

സൂക്ഷിച്ചു പോണെടാ.

“ഈ പെണ്ണിനിതെന്തുപറ്റി. നടു റോഡിൽ ആണോടി റൊമാൻസ്.. നാട്ടുകാർ മൊത്തം കണ്ടെന്നു തോന്നുന്നു.”

അവൻ ചുറ്റിലുമുള്ള വീടുകളിലേക്ക് നോക്കിക്കൊണ്ട് മുഖം ചുളിച്ചു.

“അവന്റെ മുഖചലനങ്ങളിലെ കുസൃതി കണ്ടിട്ടും അവൾക്ക് ചിരിക്കാൻ കഴിഞ്ഞില്ല.”

“അധികം സ്പീഡിൽ പോണ്ടാട്ടോ.”

ഇടറുന്ന സ്വരത്തിൽ പിന്നെയും അവൾ ഓർമിപ്പിച്ചു.

“നീയൊന്ന് ചുമ്മാതിരിയെടി പൊണ്ടാട്ടി. സ്പീഡോക്കെ നോക്കി ഓടിക്കാൻ എനിക്കറിയാം. ദേ അച്ഛൻ അവിടെ നിന്ന് നോക്കുന്നുണ്ട്. ഞാൻ പോണ്. ഇല്ലേൽ ഇനി നിന്റെയച്ഛന്റെ കത്തിയടിയും കൂടിയാവുമ്പോ എന്റെ സമയം വേസ്റ്റാവും.

ഇനി അടുത്ത സൺ‌ഡേ കാണാം.

പോട്ടെ…

അവൻ ബൈക്ക് സ്റ്റാർട്ടാക്കി അവൾക്ക് നേരെ കൈവീശിയിട്ട് ഓടിച്ചു പോയ്‌.

ആതിര പിന്നെയും കുറച്ചു നേരംകൂടി അവിടെത്തന്നെ നിന്നു. എന്തിനെന്നറിയാതെ വേദനിക്കുന്ന മനസ്സും നിറ കണ്ണുകളുമായി.

കൃഷ്ണനുണ്ണി പലവട്ടം ചോദിച്ചിട്ടും വേദനിക്കുന്ന മനസ്സിനെ അയാൾക്ക് മുന്നിൽ കുടഞ്ഞിടാൻ ആതിരക്ക് കഴിഞ്ഞില്ല

രാത്രി

കൃഷ്ണനുണ്ണിയുടെ ഫോണിലേക്ക് ഒരു കാൾ വന്നു.

അപ്പുറത്ത് പ്രഭാകരനായിരുന്നു.

ഏട്ടാ.. ഒരു സാഡ് ന്യൂസുണ്ട്. വിഷ്ണുവിന് ഒരപകടം പറ്റി. എലൈറ്റ് ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി എന്നറിയുന്നു.ഞാനങ്ങോട്ടു വരുവാ. ഏട്ടൻ റെഡിയായി നിന്നൊ. നമുക്കൊന്ന് പോയിട്ട് വരാം.

ഉള്ളൊന്നു പിടഞ്ഞെങ്കിലും, കയ്യോ കാലോ എവിടേലും ചെന്ന് തട്ടിയിട്ടുണ്ടാകും എന്ന മനസ്സിന്റെ ഉറപ്പിൽ അയാൾ പോകാൻ റെഡിയായി.

ആതുവിനോട് കള്ളം പറഞ്ഞ് പ്രഭാകരനൊപ്പം ഹോസ്പിറ്റലിലേക്ക് പോകുമ്പോഴും കൃഷ്ണനുണ്ണിയുടെ മനസ്സിൽ വരാൻ പോകുന്ന നിമിഷങ്ങളെക്കുറിച്ച് യാതൊരു വേവലാതിയുമില്ലായിരുന്നു.

ഹോസ്പിറ്റൽ കോമ്പൗണ്ടിൽ വണ്ടി നിന്നതും പ്രഭാകരൻ പുറത്തിറങ്ങി കൃഷ്ണനുണ്ണിയുടെ കൈയിൽ പിടിച്ചുകൊണ്ട് മുന്നിൽ കണ്ട വരാന്തയിലേക്ക് കയറി.

. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ട് കൃഷ്ണനുണ്ണി അമ്പരപ്പോടെ അനിയനെ ഉറ്റുനോക്കി.

എന്താ ടാ.. എന്തിനാ നീ കരയുന്നെ..?

പ്രഭാകരൻ ശബ്ദം നഷ്ടപ്പെട്ട് തലതാഴ്ത്തി നിന്നു.

അപ്പോഴാണയാൾ വരാന്തയുടെ നടുവിൽ അടഞ്ഞു കിടക്കുന്ന വാതിലിനു മുന്നിലുള്ള ബോർഡ് കണ്ടത്.

അതിൽ,കറുത്ത നിറമുള്ള ചായത്തിൽ മോർച്ചറി എന്നെഴുതി വെച്ചിട്ടുണ്ടായിരുന്നു.

തുടരും…