രചന – രോഹിണി ആമി
മിന്നു വൈകുന്നേരം ഉറങ്ങി എഴുന്നേറ്റപ്പോൾ മുതൽ മൂഡ് ഓഫ് ആണ്.. കാരണം അവളുടെ അമ്മ തന്നെ.. കുഞ്ഞല്ലേ.. എത്ര പറഞ്ഞു കൊടുത്താലും ചിലപ്പോൾ മനസ്സിൽ കയറിയെന്ന് വരില്ല.. അമ്മമാർ അടുത്തിരുന്നു ഓരോന്നും കൊടുക്കുന്നുമുണ്ട് പറയുന്നുമുണ്ട്.. പക്ഷേ കണ്ണുകൾ ഇടയ്ക്കിടെ പദ്മയെ തേടി വരുന്നത് അറിഞ്ഞു.. പദ്മ കൈകാട്ടി വിളിച്ചു.. മെല്ലെ അവളുടെ മടിയിൽ കൈകുത്തി മുഖത്തേക്ക് നോക്കി നിന്നു.. അവളെ എടുത്തു ചേർത്ത് പിടിച്ചു മുറിയിലേക്ക് നടന്നു.. കെട്ടിപ്പിടിച്ചു കുറച്ചു നേരം കിടന്നു.. നെറ്റിയിൽ ഉമ്മ കൊടുത്തു.. മുഖത്തേക്ക് നോക്കി കിടക്കുന്നവളുടെ മനസ്സിൽ എന്താന്ന് പിടികിട്ടുന്നില്ല.. എന്തോ ഒന്ന് തന്നോട് ചോദിക്കാൻ ആയുന്നുണ്ട്.. പിന്നെ അവൾ തന്നെ വേണ്ടാന്ന് വെക്കുന്നുണ്ട്.. നെഞ്ചിലെ ചൂടു തട്ടിയപ്പോ ഉറക്കം വന്നു.. ആർക്ക്.. എനിക്ക് തന്നെ.. കുറുമ്പിയെ ചേർത്തു പിടിച്ചു ഒന്ന് കണ്ണടച്ചു തുടങ്ങിയേ ഉള്ളൂ.. “അമ്മേ”..
വളരെ.. വളരെ പതുക്കെ.. അടുത്ത് ചെവി ഇരുന്നത് കൊണ്ട് മാത്രം പദ്മ കേട്ടു.. കണ്ണു വലിച്ചു തുറന്നു മിന്നുവിനെ നോക്കി.. ആ കണ്ണുകളിൽ താൻ എന്തോ തെറ്റു ചെയ്തത് പോലെ.. മുഖം കുനിച്ചു പിടിച്ചു.. പേടി കൊണ്ട് അവളുടെ നെഞ്ച് പടപടാന്ന് മിടിക്കുന്നത് പദ്മയ്ക്ക് അറിയാൻ കഴിഞ്ഞു.. കയ്യിൽ വിറയലുണ്ട്.. പദ്മയുടെ ചുണ്ടിൽ ചെറിയൊരു ചിരി വന്നു പോയി… അവളുടെ ചെവിക്കരികിൽ ചുണ്ടു വെച്ചു.. “എന്തോ”…
മുഖത്തു നോക്കാതെ മുറുക്കി കെട്ടിപ്പിടിച്ചു.. അവളുടെ പേടി കുറഞ്ഞു കുറഞ്ഞു വരുന്നത് അറിഞ്ഞു.. “ഇതായിരുന്നോ ഇത്രേം നേരം ഈ കുഞ്ഞ് മനസ്സിൽ ചിന്തിച്ചു കൂട്ടിയത് മിന്നൂട്ടാ “..
“മ്മ്.. ഞാൻ ടീച്ചറിനെ അമ്മേന്ന് വിളിച്ചോട്ടെ.. എന്നെ വഴക്ക് പറയുവോ”..
“ഇല്ലാട്ടോ.. അങ്ങനെ വിളിച്ചോ.. പക്ഷേ ആരും ഇല്ലാത്തപ്പോൾ മാത്രം”..
അവൾ സംശയത്തോടെ ഒന്നു നോക്കി.. അത്രയും തെറ്റാണോ അത്.. എന്ന ചോദ്യം ആ കണ്ണുകളിൽ ഉണ്ടായിരുന്നു..
“ആരെങ്കിലും കേട്ടാൽ അവരും ടീച്ചർ എന്നുള്ള വിളി നിർത്തില്ലേ പൊന്നേ.. പിന്നെ സ്കൂളിൽ ഉള്ള എല്ലാവരും എന്നെ അമ്മേ ന്ന് ആവില്ലേ വിളിക്കുക.. നിന്റെ അച്ഛൻ പോലും ചിലപ്പോ അമ്മേന്ന് കേറി വിളിച്ചു കളയും “..
“മ്മ്ഹും.. വേണ്ടാ.. എന്റെ അമ്മയാ.. ഞാൻ ആരും കേൾക്കാതെ വിലിച്ചോളാം… വേറെ ആരും വിളിക്കണ്ട”.. വീണ്ടും കെട്ടിപ്പിടിച്ചു..
“ഗുഡ് ഗേൾ”… മിന്നുവിന്റെ നെറ്റിയിൽ ഉമ്മ വെച്ചു പറഞ്ഞു.. വേറെ ആരും ഇത് കേട്ടിട്ട് ഒരു തെറ്റിദ്ധാരണ വേണ്ടാ.. അവളുടെ കുഞ്ഞു സംശയം തീർക്കുമ്പോൾ പദ്മ അത്രയുമേ ഉദ്ദേശിച്ചുള്ളൂ..
“നിനക്ക് നിന്റെ അമ്മയെ അത്രയ്ക്കിഷ്ടമാണോ മിന്നൂട്ടാ”..
മ്മ്..
അവളുടെ മറുപടി എവിടെയൊക്കെയോ നോവിച്ച പോലെ തോന്നി പദ്മയ്ക്ക്.. പെറ്റമ്മയ്ക്കൊപ്പം ആവില്ലല്ലോ പോറ്റമ്മ..
“ജ്യോതിയമ്മയെ അല്ല ഈ അമ്മയെയാ മിന്നൂനു ഇഷ്ടം”.. കേട്ടപ്പോൾ എവിടെയോ പോയ ജീവൻ തിരിച്ചു വന്നപോലെ തോന്നി പദ്മയ്ക്ക്..
“ജ്യോതിയമ്മ ചീത്തയാന്നാ അമ്മച്ചി പറഞ്ഞത് .. അച്ഛനേം എന്നേം ഒത്തിരി വിഷമിപ്പിച്ചു.. അച്ഛൻ എന്നെ കെട്ടിപ്പിടിച്ചു ഒത്തിരി കരഞ്ഞു ജ്യോതിയമ്മ പോയപ്പോൾ.. ജ്യോതിയമ്മയെ കാണാൻ ഞാനും അച്ഛനും കുഞ്ഞാവയും കൂടി പോയതാ അവിടെ.. പക്ഷേ ഞങ്ങളെ കാണണ്ടന്ന് പറഞ്ഞു.. അത് കഴിഞ്ഞാ അച്ഛൻ കുടിക്കുവേം വലിക്കുവേം ഒക്കെ ചെയ്യുന്നേ.. നല്ല അച്ഛൻ ആരുന്നു മോൾടെ”.. അവളുടെ അച്ഛനെപ്പറ്റി പറയുമ്പോൾ നൂറു നാവാണ് അവൾക്ക്..
“സാരമില്ല.. അതൊക്കെ പോട്ടെ.. ഇനി നിന്റെ അമ്മ വന്നു വിളിച്ചാൽ ഈ അമ്മേനെ വിട്ടു പോകുവോ നീ”.. പദ്മ ഒരുറപ്പിന് വേണ്ടി ഒന്നുകൂടി ചോദിച്ചു.. ചോദിക്കുമ്പോളും ഒരു വിങ്ങൽ ഉണ്ടായിരുന്നു ഉള്ളിൽ..
“എനിക്ക് ഈ അമ്മേനെ മതി.. എന്റെ പൊന്ന് അമ്മയാ “.. കെട്ടിപ്പിടിച്ചു കൊഞ്ചുന്ന പെണ്ണിനെ പൊക്കിയെടുത്തു എണീപ്പിച്ചിരുത്തി.. “പൊന്നമ്മയല്ലെടി തങ്കമ്മ “.. കൈ നീട്ടി പിടിച്ചു അവളെ എടുക്കാൻ.. “” ശ്ശേ.. ഈ അമ്മേടെ വയറ്റിൽ നിന്ന് വന്നാ മതിയാരുന്നു “.. വയറിൽ മുഖം ചേർത്തു വെച്ചിട്ടുള്ള നിഷ്കളങ്കമായ അവളുടെ പറച്ചിൽ കേട്ടപ്പോൾ കുറച്ചു അഹങ്കാരവും അഭിമാനവും തോന്നി പദ്മയ്ക്ക്..
“വാ നമുക്ക് ഡ്രസ്സ് ഒക്കെ എല്ലാവർക്കും കൊടുക്കാം.. നീ ഉറങ്ങി എണീക്കാൻ കാത്തിരുന്നതാ ഞാൻ”… പദ്മ കവർ എല്ലാം എടുത്തു മിന്നുവിനൊപ്പം അമ്മമാരുടെ അടുത്തേക്ക് പോയി.. ഓരോന്നും വീതം വെച്ചു.. സാരി കയ്യിൽ പിടിച്ചു അമ്മ പറഞ്ഞു..” ഞാൻ വീട്ടിലേക്ക് പോയാലോന്നു ചിന്തിക്കുവാ.. കുറച്ചു ഏറെ ദിവസങ്ങൾ ആയില്ലേ.. മക്കളും തനിച്ച് മടുത്തു കാണും”..
പദ്മ സാരി തിരിച്ചു വാങ്ങി.. “ഇനിയൊന്നൂടെ ആലോചിച്ചു നോക്കിക്കേ പോണോന്ന്”…
“നീയൊന്നു പോയേ പെണ്ണേ.. ഇത് ഞാൻ കുറച്ചു ദിവസമായി രാധയോട് പറയുന്ന കാര്യവാ.. ഹിമ പോലും ഇല്ലാത്തതല്ലേ.. അവന്മാരും തനിച്ചിരുന്നു മടുത്തു കാണും”.. അമ്മ അത്രയും പറഞ്ഞപ്പോളേക്കും പദ്മയുടെ മുഖം വാടി.. രാധയുടെയും അവസ്ഥയും അതൊക്കെ തന്നെ ആയിരുന്നു.. ഹിമയുടെ കാര്യം കൂടി പറഞ്ഞതുകൊണ്ട് പിടിച്ചു നിർത്താനും രണ്ടാൾക്കും കഴിഞ്ഞില്ല.. എന്നായാലും പോകുമെന്ന് അറിയാമായിരുന്നു.. പക്ഷേ.. ഇത്ര പെട്ടെന്ന്..
വിഷമിച്ചു നിൽക്കുന്ന പദ്മയുടെ താടിയിൽ പിടിച്ചു അമ്മ ചോദിച്ചു.. “നീ ഇങ്ങനെ വിഷമിക്കാതെ.. എനിക്ക് നിന്നെ കാണണം ന്ന് തോന്നുമ്പോൾ ഞാൻ ഓടി വരില്ലേ.. എന്റെ മോളല്ലേ നീ.. ഇപ്പോൾ അമ്മ പോകട്ടെ.. അവന്മാർ എന്നും വിളിക്കുമ്പോൾ ഒക്കെയും വിഷമത്തോടെയാ സംസാരിക്കുന്നത് “.. പിന്നെയും വിഷമം മാറ്റാതെ നിൽക്കുന്ന പദ്മയോടായി പറഞ്ഞു.. “അമ്മ ഇപ്പോൾ നോർമൽ ആണ് മോളേ .. ഇനി പഴയ ആ അവസ്ഥയിലേക്ക് പോകില്ല.. അതോർത്തിട്ടാണെങ്കിൽ നീ പേടിക്കേണ്ട.. അങ്ങനെ എന്തെങ്കിലും വിഷമം എനിക്ക് തോന്നിയാൽ ഒരു ഫോൺ കാൾ.. നീ ഉണ്ടാവുമല്ലോ എന്നെ വന്നു കൂട്ടികൊണ്ട് പോരാൻ “..
പദ്മ ഒന്നു ചിരിക്കാൻ ശ്രമിച്ചു.. അമ്മ സാരി ഒക്കെ വെച്ചു നോക്കുന്നുണ്ട്.. നാളെ ഇത് ഉടുത്തു വേണം പോകാൻ എന്നൊക്കെ അമ്മയോട് പറയുന്നുണ്ട്.. അപ്പോഴേക്കും മിന്നു ഫ്രോക് ഒക്കെ ഇട്ടു പല പോസിൽ നിൽക്കാൻ തുടങ്ങി.. ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല ആ പെണ്ണിന്റെ ഓരോരോ കാട്ടായം കണ്ടിട്ട്..
“അച്ഛേ.. പൂയ്… അച്ഛേ.. കൂയ് “.. മിന്നു കിടന്നു വിളിച്ചു കൂവുന്നത് കണ്ടിട്ടാ മിറ്റത്തേക്ക് ചെന്നത്.. ഒരു കൈ ചുണ്ടിനടുത്തു വെച്ചു മാധവനെ നീട്ടി വിളിക്കുകയാണ്.. അയാൾ വീട്ടിൽ നിന്നുകൊണ്ട് കൈകൊണ്ടു എന്താ ന്ന് ചോദിക്കുന്നുണ്ട്..
“ഞാൻ ഇന്ന് അമ്മേടെ.. സ്സ്.. അല്ല ടീച്ചറിന്റെ കൂടെയാ ഉറങ്ങുന്നേ.. അച്ഛൻ പ്രാർത്ഥിച്ചിട്ട് കിടന്നോ “..
“വേണ്ട..വേണ്ട.. ഇങ്ങു വാ.. ഇവിടെ കിടന്നാൽ മതി”.. മാധവൻ അങ്ങനെ പറഞ്ഞപ്പോൾ മിന്നുവിന്റെ മുഖം വളിച്ചു.. പദ്മയെ പ്രതീക്ഷയോടെ നോക്കി.. അപ്പോളേക്കും മാധവൻ അടുത്തേക്ക് വന്നിരുന്നു..
“അവൾ രാത്രിയിൽ കാലെടുത്തിടും ദേഹത്ത്.. എന്റെ അടുത്ത് കിടന്നാലേ അവൾ ഉറങ്ങൂ”.. മാധവൻ മിന്നുവിന്റെ കയ്യിൽ പിടിച്ചു..
“അങ്ങനെ ഒന്നുല്ല.. അച്ഛനാ ഞാൻ ഇല്ലെങ്കിൽ ഉറക്കം വരാത്തത്.. ഞാൻ ടീച്ചറിന്റെ കൂടെ കിടന്നോളാം.. അച്ഛ പൊക്കോ.. അല്ലേൽ പേടിയാണേൽ അച്ഛയും വാ.. ഇവിടെ കിടക്കാൻ”.. മാധവന്റെ കൈ വിടുവിച്ചു പദ്മയെ വന്നു കെട്ടിപ്പിടിച്ചു.. ഇനിയും ക്ഷമിച്ചു നിന്നാൽ ഈ പെണ്ണ് വേറെ വല്ലതും വിളിച്ചു പറയും.. പദ്മ മാധവനെ തടഞ്ഞു..
“ഞാൻ തിന്നത്തൊന്നുമില്ല.. നാളെ അങ്ങ് തന്നേക്കാം.. ഇന്ന് ഇവിടെ കിടന്നോട്ടെ.. രാത്രിയിൽ വെറുതെ കരയിപ്പിക്കണ്ട”.. അത് പറഞ്ഞതും കേട്ട പാതി കേൾക്കാത്ത പാതി മിന്നു അകത്തേക്ക് ചാടി കയറി പറഞ്ഞു .. “ഗുഡ് നൈറ്റ് അച്ഛേ “.. അവളെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട്
തിരുവായ്ക്ക് എതിർവാ ഇല്ലാത്തതു കൊണ്ടും മാധവൻ വാലും ചുരുട്ടി തിരിച്ചു പോയി..
ആകെ പുന്നാരം ആണ് ഇന്ന് പെണ്ണിന്.. മര്യാദക്ക് ചോറ് വാരിതിന്നോണ്ട് ഇരുന്നവളാ.. ഇന്നിപ്പോ ഞാൻ വാരിക്കൊടുക്കണം.. എന്നാ ഉണ്ടിട്ട് വന്നു മര്യാദക്ക് കിടക്കണ്ടേ.. അതുമില്ല.. ഞാൻ തോളത്തിട്ട് ഉറക്കണം പോലും.. പിന്നെ കുറച്ചു നേരം തോളിൽ ഇട്ടു തട്ടി.. അപ്പോൾ പറയുവാ “ഇനി നമുക്ക് ചാച്ചാം അമ്മേ ” ന്ന്.. അതുശരി അപ്പോൾ പിന്നെ ഇത്രയും നേരം തട്ടിയത് എന്തിനാണാവോ.. കയ്യും കാലും ദേഹത്തേക്ക് ഇട്ട് കിടപ്പുണ്ട്.. തവളയെപ്പോലെ ഇടയ്ക്കിടെ അമ്മേ ന്ന് വിളിച്ചു ഓരോന്ന് ചോദിക്കുന്നുണ്ട്.. അമ്മയെന്ന ഒരാളോടുള്ള അവളുടെ കൊതി ആ വിളിയിലും പ്രവൃത്തിയിലും കാണാമായിരുന്നു.. ഇടയ്ക്കിടെ പുന്നാരിച്ചും ഉമ്മ കൊടുത്തും പദ്മയും അവളുടെ ഇഷ്ടത്തിന് തുള്ളിക്കൊടുത്തു..
പിറ്റേന്ന് അമ്മയെ കൊണ്ടുവിടാനായി പദ്മ സ്കൂളിൽ പോയില്ല.. മിന്നുവിനും ഒരേ വാശി പോകുന്നില്ലെന്ന്.. ഒരുവിധം സോപ്പിട്ടു പതപ്പിച്ചു അച്ഛനൊപ്പം സ്കൂട്ടിയിൽ കയറ്റി വിട്ടു..പെണ്ണിന് ഇപ്പോ എന്റെ അടുത്ത് കൊഞ്ചൽ കൂടുതലാ.. ആരും അടുത്തില്ലെങ്കിൽ പിന്നെ പറയുകയേ വേണ്ടാ.. കാർ എടുക്കാമെന്ന് പറഞ്ഞപ്പോൾ അമ്മ സമ്മതിച്ചില്ല.. മാധവന് ഒരു ഓട്ടം കിട്ടട്ടെയെന്നു പറഞ്ഞു .. രാധമ്മയും അമ്മയും കെട്ടിപിടിച്ചു നിന്നു കുറച്ചേറെ നേരം.. രണ്ടാളും കുറച്ചു ദിവസങ്ങൾ കൊണ്ട് നല്ല കൂട്ടായി മാറിയിരുന്നു.. അമ്മയുടെ ബാഗ് എടുത്തു മാധവൻ ഓട്ടോയിൽ വെച്ചു.. പദ്മയ്ക്കൊപ്പം അമ്മയും കയറി.. വഴിയിൽ നീളെ അമ്മ മാത്രമാണ് സംസാരിച്ചത്.. മരുന്നും ഭക്ഷണവും സമയത്തു കഴിക്കണം എന്നു മാത്രമാണ് പദ്മ പറഞ്ഞത്..
അവിടെ ചെന്നിറങ്ങുമ്പോൾ വിഷ്ണുവും ഹരിയും ഉണ്ടായിരുന്നു… ഓടി വന്നു അമ്മയെ കെട്ടിപ്പിടിച്ചു.. അമ്മ വന്നതിന്റെ സന്തോഷം രണ്ടാൾക്കും ഉണ്ടായിരുന്നു.. മാധവനോടും പദ്മയോടും കയറി വരാൻ പറഞ്ഞു ഹരി.. പദ്മയുടെ മുഖത്തെ ബുദ്ധിമുട്ട് കണ്ടപ്പോൾ അമ്മ പറഞ്ഞു “മാധവന് ഓട്ടം ഉണ്ട് മോനേ.. അവർ പൊക്കോട്ടെ”.. ഹരിയുടെ മുഖം മങ്ങി.. പദ്മ അച്ഛന്റെ അടുത്ത് കുറച്ചു നേരം പോയി നിന്നു.. തിരിച്ചു വന്നു അമ്മയെ കെട്ടിപ്പിടിച്ചു.. “കരയാൻ തുടങ്ങുവാണേൽ ഒരെണ്ണം വച്ചു തരും പെണ്ണേ ഞാൻ.. ഞാൻ ഇടക്ക് വരാം.. നിന്നെ കാണാൻ തോന്നുമ്പോൾ എല്ലാം ഓടി വരും.. പോയിട്ട് വാ”.. അവളെ അടർത്തി മാറ്റിയിട്ട് മാധവന്റെ അടുത്തേക്ക് ചെന്നു.. “വിളവെടുപ്പിന് അമ്മയെ വിളിക്കണം കേട്ടോ.. നമുക്ക് ഒരു ഉത്സവം ആക്കണം”.. മാധവൻ തലയാട്ടി.. രണ്ടാളും ഓട്ടോയിൽ കയറി.. അമ്മ അവരെ നോക്കാതെ അകത്തേക്ക് കയറി.. അവർ പോകുന്നത് കണ്ടു നിൽക്കാൻ അവർക്കാകുമായിരുന്നില്ല.. ഹരി മാധവന്റെ അടുത്ത് വന്നു പോക്കറ്റിൽ നിന്നും പൈസ എടുത്തപ്പോളേക്കും പദ്മ തടഞ്ഞു.. “വേണ്ട.. ഇദ്ദേഹം അമ്മയെ ഇവിടെ വരെ കൊണ്ടു വിട്ടത് കൂലി പ്രതീക്ഷിച്ചല്ല.. നമുക്ക് പോകാം “… മാധവനോട് പറഞ്ഞു..ഹരി അവൾ പോകുന്നതും നോക്കി നിന്നു..
മാധവന് ഹരിയോട് അങ്ങനെ പദ്മ പറഞ്ഞത് ഇഷ്ടായി.. എല്ലാം പണം കൊണ്ട് തീർക്കാൻ കഴിയുന്നതല്ലല്ലോ.. തിരിച്ചു പോകുമ്പോൾ ഇടയ്ക്കിടെ പദ്മ കണ്ണുനീരൊപ്പുന്നത് കണ്ടു.. രണ്ടു മൂന്നു ഗട്ടറിൽ ചാടി വണ്ടി കുലുങ്ങി.. ഒന്ന് ക്ഷമിച്ചു രണ്ടു ക്ഷമിച്ചു മൂന്നാമതും ചാടിയപ്പോൾ പദ്മ ദേഷ്യത്തിൽ മാധവനോട് ചോദിച്ചു..”ഇയാൾക്ക് കണ്ണ് കണ്ടൂടെ.. ഒറ്റ കുഴിയും കളയാതെ ചാടുന്നുണ്ടല്ലോ.. വണ്ടി ഓടിക്കാൻ അറിയില്ലെങ്കിൽ ഞാൻ വേറെ വല്ല ഓട്ടോയും വിളിച്ചു പൊക്കോളാം.. മനുഷ്യന്റെ നടുവ് പോയി”.. കൂടെ നടുവും തിരുമ്മി.. മാധവന്റെ മുഖത്തെ ചിരി പദ്മ കണ്ണാടിയിൽ കണ്ടു.. ഇങ്ങേരിത് മനഃപൂർവം ആണ്.. ഹരിയെയും വിഷ്ണുവിനെയും മാധവൻ മാറി മാറി നോക്കുന്നത് കണ്ടപ്പോൾ പദ്മ പ്രതീക്ഷിച്ചിരുന്നു പഴയ എന്തെങ്കിലും കാര്യങ്ങൾ ചോദിക്കുമെന്ന്.. പക്ഷേ ഉണ്ടായില്ല.. അതൊരു കണക്കിന് അവൾക്ക് ആശ്വാസമായിരുന്നു..
വീട്ടിൽ ചെന്നാലും ചടഞ്ഞു കൂടി ഇരിക്കുമെന്ന് തോന്നിയതുകൊണ്ട് നേരെ സ്കൂളിലേക്ക് പോയി.. ഇറങ്ങുമ്പോൾ പൈസ കൊടുത്തു.. ബാക്കിക്ക് വേണ്ടി വെയിറ്റ് ചെയ്തപ്പോൾ “കൈനീട്ടവാ.. ചില്ലറയില്ല.. പിന്നെ തരാം”ന്ന് പറഞ്ഞിട്ട് ഒറ്റപ്പോക്ക്.. നിലത്ത് ആഞ്ഞു രണ്ടു ചവിട്ട് ചവിട്ടി ദേഷ്യം തീർത്തു..
വൈകുന്നേരം മാധവൻ വരും എന്നറിയാമായിരുന്നു, സ്കൂട്ടി ഇല്ലാലോ.. സ്കൂൾ വരാന്തയിൽ ഒരു മൂലയിൽ ഇരുന്ന ഞങ്ങളുടെ അടുത്തേക്ക് വില കൂടിയ സാരിയും ഓർണമന്റ്സും ഒക്കെ അണിഞ്ഞു ഒരു സ്ത്രീ നടന്നു വരുന്നുണ്ട്.. പദ്മയ്ക്ക് പെട്ടെന്ന് ആളെ മനസ്സിലായില്ല.. പിന്നെ മിന്നു തന്റെ ദേഹത്തേക്ക് ചാരുന്നത് കണ്ടപ്പോൾ ആളെ മനസ്സിലായി.. അവർ അടുത്ത് വന്നു മിന്നുവിന് അടുത്ത് ഇരുന്നു.. “മോളേ മിന്നൂ.. അമ്മയാടാ.. വാ “.. അവർ മിന്നുവിന്റെ കയ്യിൽ പിടിച്ചു.. അവരുടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.. അവൾ കയ്യിൽ നിന്ന് പിടി വിടുവിക്കാൻ ശ്രമിക്കുന്നുണ്ട്.. പദ്മ എല്ലാം ശ്രദ്ധിച്ചുകൊണ്ട് അടുത്തിരുന്നു.. മാധവൻ ഒന്ന് പെട്ടെന്ന് വന്നിരുന്നെങ്കിലെന്ന് പദ്മ ആഗ്രഹിച്ചു.. അവർ മിന്നുവിന് അടുത്തിരിക്കുമ്പോൾ വല്ലാത്തൊരു ബുദ്ധിമുട്ട്.. മിന്നുവിനെ വിളിച്ചുകൊണ്ടു പോകണമെന്നുണ്ട് പക്ഷേ എന്ത് അവകാശത്തിലാ..
ഒരു ചോക്ലേറ്റ് ബോക്സ് അവൾക്ക് നേരെ നീട്ടി… മിന്നു പദ്മയെ നോക്കി.. പദ്മയുടെ നോട്ടം മുഴുവൻ ഗേറ്റിന് അരികിലേക്കാണ്.. വാങ്ങാനോ വേണ്ടന്നോ പറഞ്ഞില്ല പദ്മ.. മിന്നു രണ്ടു കയ്യും പിന്നിലേക്ക് വെച്ചു. അത് വാങ്ങിയില്ല..
“ഇതാരാ മോളേ”അവർ മിന്നുവിന്റെ കയ്യെടുത്തു കയ്യിലാക്കി ചോദിച്ചു..മിന്നു വീണ്ടും പദ്മയെ നോക്കി..
“മോളെന്താ അമ്മയോട് ഒന്നും മിണ്ടാത്തത്.. ആരാ ഇത്”.. അവർക്കത് അറിയണമെന്ന് നിർബന്ധം ഉള്ളത് പോലെ..
മാധവന്റെ ഓട്ടോ ഗേറ്റ് കടന്നു വരുന്നത് കണ്ടപ്പോൾ പദ്മ ഒന്നാശ്വസിച്ചു.. കൂടെ നല്ല ദേഷ്യവും വന്നു.. അല്ലാത്തപ്പോൾ കുറ്റീം പറിച്ചു വരുന്നതാ.. ഇത്രയും നേരം ഇയാൾ എവിടെ പോയി കിടക്കുവായിരുന്നു എന്ന് ചോദിക്കണം.. പദ്മ എഴുന്നേറ്റു.. കൂടെ ബാഗ് എടുത്ത് മിന്നുവും..
അപ്പോഴേക്കും മാധവൻ ഞങ്ങൾക്ക് അരികിൽ ഓട്ടോ കൊണ്ടു വന്നു നിർത്തിയിരുന്നു.. അയാൾ ജ്യോതിയെയും ഞങ്ങളെയും മാറി മാറി നോക്കി.. ഞങ്ങൾ കയറിയതും ഒന്നും മിണ്ടാതെ അയാൾ ഓട്ടോ തിരിച്ചു.. അവർ ഓട്ടോയ്ക്ക് സൈഡിൽ നിന്നിട്ട് പറഞ്ഞു..
“എനിക്ക് മിന്നൂനെ വേണം.. അവളെ ഞാൻ കൊണ്ടുപൊക്കോളാം”..
മാധവന്റെ നോട്ടത്തിൽ അവൾ ഒന്ന് ഭയപ്പെട്ടത് പോലെ തോന്നി.. “മിന്നു മാത്രമല്ലല്ലോ ഉണ്ടായിരുന്നത്.. ഒരു കുഞ്ഞും കൂടി ഇല്ലായിരുന്നോ.. അതിനെ വേണ്ടേ”.. മാധവന്റെ ചോദ്യത്തിന് അവരുടെ കയ്യിൽ മറുപടി ഇല്ലായിരുന്നു.. “വല്ലവന്റേം കൂടെ പോയപ്പോൾ ഈ മകളെ ഓർത്തില്ലായിരുന്നോ.. അന്നെന്തേ കൂടെ കൂട്ടിയില്ല.. ഇപ്പോളെവിടെ നിന്നും വന്നു ഈ സ്നേഹം.. ഇതെന്റെ മകളാണ് വല്ലവന്റേം വീട്ടിൽ വളർത്താനുള്ളതല്ല”..
ജ്യോതി മാറി നിന്ന് മിന്നുവിനെ തന്നെ നോക്കുന്നത് കണ്ടപ്പോൾ മാധവൻ അടുത്തേക്ക് ചെന്നു പറഞ്ഞു.. “കേസ് എങ്ങാനും പറഞ്ഞു എന്റെ കുഞ്ഞിനെ കൊണ്ടുപോകാമെന്ന് വിചാരിക്കുന്നുണ്ടേൽ വേണ്ട.. ഞാൻ തിരിച്ചും കൊടുക്കും ഒരു കേസ്.. പെറ്റിട്ട കുഞ്ഞിനെയും മകളെയും ഉപേക്ഷിച്ചു പോയ നിനക്കെതിരെ.. സ്വന്തം കുഞ്ഞിന്റെ മരണം അറിഞ്ഞിട്ടും ഒന്ന് കാണാൻ പോലും മനസ്സ് കാണിക്കാഞ്ഞ നിനക്കെതിരെ.. ഇപ്പോൾ ഉള്ള കെട്ടിയോന്റെ സ്റ്റാറ്റസ് ഒക്കെ നോക്കിയിട്ട് വേണം എന്നോട് കളിക്കാൻ വരാൻ.. നഷ്ടപ്പെടാൻ എനിക്ക് മിന്നു മാത്രേ ഉള്ളൂ.. അതും കൂടി നഷ്ടമായീന്ന് തോന്നിയാൽ മുന്നും പിന്നും നോക്കില്ല ഞാൻ.. ഓർത്തോ.. എന്റെ കൊച്ച് നീ കാണാൻ വരുന്നത് ഒരു ശല്യമാണെന്ന് എന്നോട് പറയുന്ന അന്ന് തീരും നീ.. കൊല്ലും ഞാൻ”.. മാധവൻ ഓട്ടോയിൽ കയറി സ്റ്റാർട്ട് ചെയ്തു സ്കൂൾ കോമ്പൗണ്ട് വിട്ടു.. പദ്മയും മിന്നുവും അന്തം വിട്ടിരുന്നു.. ഇങ്ങനൊരു മാധവനെ രണ്ടാൾക്കും അറിയില്ല.. ഇപ്പോളും കണ്ണുകളിൽ ദേഷ്യം ആണ്.. ഇങ്ങേരോട് ഇപ്പോൾ ചൂടാവാൻ നിന്നാൽ ശരിയാവില്ലെന്ന് പദ്മയ്ക്ക് മനസ്സിലായി.. രണ്ടാളും ഒരക്ഷരം മിണ്ടിയില്ല ഓട്ടോയിൽ ഇരുന്ന്..
വീടെത്തി മിന്നു അവളുടെ വഴിക്കും പദ്മ വേറെ വഴിക്കും നടന്നു… ഒന്ന് തിരിഞ്ഞു പോലും നോക്കാതെ.. മാധവൻ ഒരു ചിരിയോടെ രണ്ടിന്റേം പോക്ക് നോക്കി നിന്നു..
ഓടി വരും..

by