Karimizhi

The World of Malayalam Stories

തുടർക്കഥകൾ

അതിസുന്ദരി : ഭാഗം 40

രചന – ആയിഷ അക്ബർ

ഞങ്ങൾ തറവാട്ടിലേക്കെത്തുമ്പോൾ നേരം ഇരുട്ടിയിരുന്നു…..

കാശി പറഞ്ഞത് പോലെ തന്നെ എന്നെയും കാത്തു മുത്തശ്ശനും മുത്തശ്ശിയും ആ ഉമ്മറത്തു തന്നെയുണ്ടായിരുന്നു….

കണ്ട പാടേ ഓടി ചെന്നവരെ കെട്ടിപ്പിടിക്കുമ്പോൾ എന്നെ പോലെ അവരുടെ മിഴികളും നിറഞ്ഞിരുന്നു….

മോളേ…. നിനക്ക് സുഗാണോ…..

ചോദിക്കുമ്പോൾ ആ വാക്കുകൾ എന്നെ കണ്ട സന്തോഷത്തിലാവാം ഇടറിപ്പോയത്…..

മ്മ്….
ഒന്ന് മൂളുക മാത്രം ചെയ്ത് വീണ്ടും അവൾ മുത്തശ്ശിയുടെ നെഞ്ചിലേക്ക് ചാഞ്ഞു….

തന്നെയും കൂടെ വീണയെയും ചേർത്ത് പിടിച് അവർ വിശേഷങ്ങൾ തിരക്കുമ്പോൾ എന്നത്തേയും പോലെ തന്നെ കൂടുതൽ പരിഗണിക്കുന്നു എന്നൊരു ദേഷ്യം വീണയിലും ചെറിയമ്മയിലും ഉണ്ടായിരുന്നു…..

അതൊന്നും കാണാൻ നിൽക്കാതെ അവൾ മുറിയിലേക്ക് നടന്നു…..

മുറി തുറന്നതും താൻ പേപ്പർ വെചുണ്ടാക്കിയ പൂക്കളും പൂമ്പാറ്റയും എല്ലാമായിരുന്നു കണ്ണിലുടക്കിയത്….

എന്നാൽ മിഴികൾ പാറി വീണതത്രയും അച്ഛന്റെയും അമ്മയുടെയും ഫോട്ടോയിലേക്കായിരുന്നു….

അവളതൊന്നു തൊട്ട് നോക്കി…..

നിറയെ പൊടിയുണ്ട്….

കൈ കൊണ്ട് തന്നെ അവളത് തുടച്ചു നീക്കി….

ഒന്ന് തുമ്മിയെങ്കിലും പിന്നീട് ആണിയിൽ നിന്ന് ഒന്നുയർത്തി അവളത് കയ്യിലെടുത്തു…..

ദിവസങ്ങളിത്ര കഴിഞ്ഞു ഞാൻ വരുമ്പോൾ എന്റെ മിഴികൾക്ക് നിങ്ങളെ കാണണമായിരുന്നു….

മിഴികൾ നിറഞ്ഞു വന്നു….

അവൾ കട്ടിലിലേക്ക് മലർന്നു കിടന്നു….

കിടന്നപ്പോൾ തന്നെ നടുവിലൂടെ ഒരു മിന്നൽ പോയ പോലെ തോന്നി…

ഒത്തിരി നേരം ഇരുന്നു യാത്ര ചെയ്തത് കൊണ്ടാകുമൊരു പക്ഷെ….

അവളാ ഫോട്ടോ നെഞ്ചോട് ചേർത്ത് പിടിച്ചു…..

ക്ഷീണം കൊണ്ടാകാം കണ്ണുകൾ താനേ അടഞ്ഞു പോകുന്നു….

മോളേ… സൂര്യാ….

മുത്തശ്ശിയുടെ വിളിയാണവളെ ഉറക്കത്തിൽ നിന്നുമുണർത്തിയത്…..

നീ വന്ന പാടേ കിടക്കാണോ കുട്ടീ ചെയ്തത്…..

പോയി കുളിച്ചിട്ട് വരൂ…അത്താഴം കഴിക്കണ്ടേ…..

മുത്തശ്ശിയത് പറയുമ്പോഴും അവളുടേ കണ്ണുകൾ മുഴുവനായും തുറന്നിരുന്നില്ല…..

നിങ്ങള് കഴിച്ചോ മുത്തശ്ശി… ഞാൻ കുറച്ച് നേരം കൂടിയൊന്ന് കിടക്കട്ടെ…..

കളിക്കല്ലേ കുട്ടി…. എഴുന്നേറ്റേ… മുത്തശ്ശനും കൂടി നിന്നെ കാത്താണ് കഴിക്കാതിരിക്കുന്നത്…….

മുത്തശ്ശി ശാസനയോടെ അത് പറഞ്ഞതും അവൾ ഉറക്ക ചടവോടെ എഴുന്നേറ്റു……

അവളുടേ കയ്യിലെ ഫോട്ടോ അവർ വാങ്ങി മേശ മേൽ വെക്കുമ്പോൾ നിറഞ്ഞ അവരുടെ കണ്ണുകൾ അമർത്തി തുടക്കുന്നത് ഉറക്ക ചടവിലും അവൾ കണ്ടിരുന്നു….

മുത്തശ്ശി…. ഞാൻ കുളത്തിൽ പോയി കുളിച്ചോളാം…..

അവളത് പറഞ്ഞപ്പോൾ മുത്തശ്ശിയവളെ കടുപ്പിച്ചൊന്നു നോക്കി….

ഈ നേരത്തോ…. അസമയത് അങ്ങോട്ട് പോകരുതെന്ന് നിനക്കറിയില്ലേ…….
ഇനി നാളെയാവാം കുട്ടീ….

പ്ലീസ് മുത്തശ്ശി…. ഒരുപാടായില്ലേ….
എനിക്കൊന്ന് മുങ്ങിക്കുളിക്കണം….

അവളത് പറയുമ്പോൾ വാക്കുകളിൽ ഒരു തരം തളർച്ചയുണ്ടായിരുന്നു….

എങ്കി നടക്കു… ഞാനും കൂടെ വരാം…..

അവരത് പറഞ്ഞതും ഒരു പുഞ്ചിരിയോടെ അവൾ മുറിയിലെ മേശ വലിപ്പിൽ നിന്നും പഴയൊരു പാവാടയും കുപ്പായവുമാണെടുത്തത്…

എന്തോ ഇവിടെത്തിയതിൽ പിന്നെ താനാ പഴയ സൂര്യയായി മാറാൻ മനസ്സ് കൊണ്ട് ആഗ്രഹിക്കുകയാണ്….

കാശി പറഞ്ഞത് ശെരിയാണ്..

താനത്ര മേൽ ഇവിടം
മിസ്സ്‌ ചെയ്യുന്നുണ്ടെന്നത് താൻ പോലും അറിഞ്ഞിരുന്നില്ല….

കാശിയെന്ന ഓർമ തന്നെ ഏതോ ഒരു നോവിൽ തളച്ചിടുന്നത് കൊണ്ട് തന്നെ അവനെ മനപ്പൂർവം മറക്കാൻ ശ്രമിച്ചു…..

പക്ഷെ എണ്ണ തേക്കാനായി മുടിയിൽ തൊട്ടപ്പോഴാണ് ആ മുല്ലപ്പൂ അവളുടേ കൈകളിൽ തടഞ്ഞത്…..

മറക്കാൻ ശ്രമിക്കുന്ന അത്രയും ശക്തിയോടെ അവൻ തന്നിലേക്ക് വീണ്ടും വരുന്നു….

അവളതഴിച്ചെടുത്തു മുറിയുടെ ജനലിൽ വെച്ചു….

വാടിയെങ്കിലും എന്തോ അതവൾക് കളയാൻ തോന്നിയില്ല……

വീടിന്റെ നേരെ പിറകിലാണ് കുളക്കടവ്….

അടുക്കളയിലൂടെ പുറത്തേക്കിറങ്ങി….

തേഞ്ഞു കനം കുറഞ്ഞ ചെറിയമ്മയുടെ ഹവാക്കറിന്റെ ചെരുപ്പെടുത്തിട്ട് അവൾ നടക്കുമ്പോഴും അടുക്കളയിൽ നിന്ന് സാമ്പാർ തിളയ്ക്കുന്ന മണം അടിച്ചു വീശുന്നുണ്ടായിരുന്നു…..

അവൾക്ക് പിറകെയായി റാന്തൽ വിളക്കും പിടിച്ചു മുത്തശ്ശിയും നടന്നു…..

മുത്തശ്ശി വിളക്ക് താഴെ വെച്ചു കൊണ്ട് പടികളിലൊന്നിലിരുന്നു….

ഉടുത് മാറാൻ കയ്യിൽ പിടിച്ചിരുന്ന തുണികൾ താഴെ വെച്ചു അവൾ കുളത്തിലേക്കോരോറ്റ ചാട്ടമായിരുന്നു…..

പിന്നീട് മതി വരുവോളം വെള്ളത്തിൽ നീന്തി….

ആകെ നനഞ്ഞാൽ കുളിരില്ലെന്നൊക്കെ വെറുതെ പറയുന്നതാ മുത്തശ്ശി….

പടവിലേക്ക് അല്പം നീങ്ങിയിരുന്നു സോപ്പ് മേലാകെ തേക്കുമ്പോൾ കിടു കിടു വിറച്ചു കൊണ്ടായിരുന്നു അവളത് പറഞ്ഞത്…..

കൂട്ടി മുട്ടുന്ന അവളുടേ ചുണ്ടുകൾ നോക്കി ചിരിച്ചു കൊണ്ട് മുത്തശ്ശിയങ്ങനെ ഇരുന്നു……

എന്താ മോളേ അവിടുത്തെ വിശേഷം….
ജാനിക്ക് നിന്നെ കാര്യമല്ലേ…..

മുത്തശ്ശിയത് ചോദിക്കുമ്പോൾ മകളെ കുറിച്ചൊരു ഉത്സാഹം ആ വാക്കുകളിലുണ്ടായിരുന്നു….

അവളുടേ മുഖത്തൊരു ദുഃഖം നിഴലിച്ചു….

എങ്കിലും ആ പാവത്തിനെ വേദനിപ്പിക്കേണ്ടല്ലോ എന്നോർത്തു കൊണ്ട് തന്നെ അവളത് സമർത്ഥമായി മറച്ചു കൊണ്ട് അതേയെന്ന അർത്ഥത്തിലൊന്ന് പുഞ്ചിരിച്ചു……

കാശ്ശിയോ…..

മുത്തശ്ശി പെട്ടെന്നത് ചോദിച്ചതും മനസ്സിലൊരു പിടപ്പവൾക്ക് അനുഭവപ്പെട്ടു…..

അത് വരെ മനസ്സിൽ എന്തൊക്കെ തോന്നലുകളും ചിന്തകളും വന്നിരുന്നോ അവയെല്ലാം മനസ്സിന്റെ ഒരു മൂലയിലേക്ക് മാറി നിന്നു….

ഹൃദയം മുഴുവൻ അവന്റെ മുഖമായിരുന്നു….

തന്നെ പാടേ അവഗണിച്ചു നടന്നിരുന്നവന്റെ മിഴികൾ തന്നിൽ പതിച്ചത് മുതൽ ഇന്ന് താൻ അവിടെ നിന്ന് പോരുമ്പോൾ ആ കണ്ണുകളിൽ കണ്ട നോവോളം എത്തി നിന്നിരുന്നാ ഓർമ്മകൾ…

എന്താ മോളേ കാശിക്ക് നിന്നെ സ്നേഹമല്ലേ….

ഒന്നും മിണ്ടാത്തെ ദൂരേക്ക് നോക്കി ആലോചനയിലെന്ന പോലിരിക്കുന്നവളോട് അവരത് ചോദിക്കുമ്പോൾ അവളുടേ ചുണ്ടിൽ വിരിഞ്ഞ ചിരിക്ക് വല്ലാത്തൊരു ഭംഗി അവർക്ക് തോന്നി….

സോപ്പ് മേല് മുഴുവൻ തേച്ചെന്ന് തോന്നിയതും അവൾ പെട്ടെന്ന് വെള്ളത്തിലേക്കെടുത്തു ചാടി…..

അപ്പോഴും ചുണ്ടിലെ ആ ചിരി അല്പം പോലും മങ്ങിയിട്ടുണ്ടായിരുന്നില്ല….

എല്ലാവർക്കും നിന്റെ കാശിയെ കുറിച്ചു പറയാൻ നൂറു നാവാണ്….

നിനക്കിത്ര ചേലുള്ളൊരു ചെക്കനെ കിട്ടില്ലെന്ന്‌ എല്ലാവരും വിചാരിച്ചിരുന്നു പോലും…..

അവരൽപം ദേഷ്യത്തോടെ അത് പറയുമ്പോൾ സൂര്യ ചിരിയോടെ അവരെ നോക്കി വെള്ളത്തിൽ തന്നെ കിടന്നു…..

എനിക്കറിയാമായിരുന്നു നിനക്ക് വരാൻ പോകുന്നതൊരു രാജ കുമാരനാണെന്ന്…..

അത് പറയുമ്പോൾ ആ കണ്ണുകളിലെ തിളക്കവും അഭിമാനവും അവളിലും സന്തോഷം നിറച്ചിരുന്നു….

അവൾക്ക് വെള്ളത്തിൽ കിടന്ന് മതിയായില്ലെങ്കിൽ കൂടി നേരം വൈകിയത് കൊണ്ട്തന്നെ അവൾ വേഗം കയറി….

പാതിരാക്കാറ്റടിക്കുമ്പോൾ നനഞ്ഞൊട്ടിയ അവളുടേ ദേഹം തണുത്തു വിറക്കുന്നുണ്ടായിരുന്നു….

അവൾ വേഗം മറപ്പുരയിലേക്ക് കയറി വസ്ത്രം മാറി…..

വെള്ളം ഇറ്റി വീഴുന്ന മുടി തുമ്പിൽ മുത്തശ്ശി ഒന്ന് കൂടി തോർത്തി കൊടുത്തു…..

വീട്ടിലെത്തിയതും നീരിറങ്ങും കുട്ടീ എന്ന് പറഞ്ഞ് സ്നേഹത്തോടെ നെറുകെയിൽ രാസനാദി പൊടി തിരുമ്മി തരുമ്പോൾ അവളാ പഴയ സൂര്യയായി മാറുകയായിരുന്നു….

ഹൃദയം ആ ഒരുവനിൽ മാത്രം കുരുങ്ങി കിടക്കുന്നു എന്ന വ്യത്യാസം മാത്രം….

എല്ലാവർക്കും ഒപ്പമിരുന്നു ഭക്ഷണം കഴിക്കുമ്പോഴും എന്തോ ഒരു പ്രയാസം അവളിൽ നിറഞ്ഞു നിന്നിരുന്നു…..

ആ മുഖം മനസ്സിൽ തന്നെ തങ്ങി നിൽക്കുന്നത് കൊണ്ടാവാം……

കുറെ നേരം മുത്തശ്ശിയോടും മുത്തശ്ശനോടും വാർത്തമാനം പറഞ്ഞിരിക്കുന്ന പതിവുണ്ടായത് കൊണ്ട് തന്നെ അവരുടെ അരികിലായിരുന്നു…..

പക്ഷെ എന്തോ മുമ്പത്തെ പോലെ അവരോട് സംസാരിക്കാൻ കഴിഞ്ഞില്ല…..

മുത്തശ്ശിയുടെ മടിയിലേക്ക് പതിയേ ചാഞ്ഞു..

തിരിച്ചു പോകുന്നതെന്നായിരിക്കുമെന്ന് അവളാലോചിച്ചു….

പെട്ടെന്ന് വരാൻ പറഞ്ഞത് കൊണ്ട് തന്നെ വേഗം പോകാൻ പറ്റുമായിരിക്കും….

അയാളവന് നേരെ എന്തെങ്കിലും ചെയ്യും മുൻപ് തനിക്കവിടെ എത്തുകയും വേണം….

എല്ലാം അവനോടു തുറന്ന് പറയാനുള്ള ധൈര്യം ഈശ്വരെനെനിക്ക് തരണം …..

യാത്രാ ക്ഷീണണ്ടാകും…. പോയി കിടന്നോ കുട്ടീ..
ഇനി നാളെയാവാം ബാക്കി വിശേഷം പറച്ചിലെല്ലാം…

മുത്തശ്ശനത് പറഞ്ഞതും രണ്ട് പേരുടെയും കവിളിലോരോ ഉമ്മയും കൊടുത്ത് അവൾ മുറിയിലേക്ക് നടന്നു…

കട്ടിലിലേക്ക് മലർന്ന് കിടക്കുമ്പോഴും മനസ്സ് മുഴുവൻ അവനായിരുന്നു….

പോരാൻ നേരം സംസാരിച്ചു മതിയായില്ല തനിക്ക്…..

അവിടെ ആർക്കും തന്നോട് സ്നേഹമില്ല…

അവസരം കിട്ടിയാൽ കുറ്റപ്പെടുത്താൻ നിൽക്കുന്നവർ തന്നെയാണെങ്കിലും അതിനെയെല്ലാം മറി കടക്കാൻ തക്ക ശക്തിയുള്ള ഒന്നാണവൻ…

എന്റെ കാശി നാഥൻ….

അവളുടെയുള്ളിലൊരു പുഞ്ചിരിയൂറി…. അത് പതിയേ അദരങ്ങളിലേക്കും വ്യാപിച്ചു….

അവൾ വേഗം എഴുന്നേറ്റ് മൊബൈലെടുത്തു….

ഒന്ന് വിളിച്ചാലോ…..

ആ ശബ്ദം കേൾക്കാൻ അത്രയേറെ കൊതിച്ചിയുന്നെങ്കിലും എന്തോ വേണ്ടെന്ന് തോന്നി….

ചിലപ്പോ ഉറങ്ങിയിട്ടുണ്ടാകും…. നേരം ഇത്രയൊക്കെ ആയില്ലേ…..

എന്നാലും എത്തിയോ എന്ന് ചോദിച്ചു പോലും അവനൊന്നു വിളിച്ചില്ലല്ലോ എന്നൊരു പരിഭവവും അവളിൽ നിറഞ്ഞു…..

അവൾ മൊബൈൽ മാറ്റി വെച്ചു കിടന്നു….

ഉറക്കം വരുന്നില്ലെങ്കിൽ കൂടി കണ്ണുകളടച്ചു തന്നെ കിടന്നു…..

പെട്ടെന്നാണ് ഫോൺ റിങ് ചെയ്തത്…..

പെട്ടെന്ന് അവളുടേ ഹൃദയമിടിപ്പ് കൂടി….

അവനാകാണെയെന്നൊരു പ്രാർത്ഥന അവളറിയാതെ തന്നെ അവളിൽ നിന്നുയർന്നു…

വേഗം ഫോൺ കയ്യിലെടുക്കുമ്പോൾ ഡിസ്പ്ലേയിൽ തെളിഞ്ഞ കാശിയെന്ന പേര് അവളുടേ അത് വരെയുള്ള വികാരങ്ങൾക്കെല്ലാം ശക്തി കൂട്ടിയിരുന്നു….

ഹലോ…..

കാൾ അറ്റൻഡ് ചെയ്തതും മറു തലക്കൽ നിന്നും അവന്റെ ശബ്ദം….

ശരീരമാകേ ഒരുതരം വിറയൽ…

ഹ… ഹലോ…

വീട്ടിലെത്തിയില്ലേ…..

മ്മ്മ്…. കുറെ നേരമായി എത്തിയിട്ട്…..

നീ പോയ ഉടനെ ഓഫീസിൽ നിന്ന് അർജന്റ് കാൾ വന്നു അങ്ങോട്ട് പോകേണ്ടി വന്നു….
പിന്നെ ഇപ്പൊ എത്തിയതേയുള്ളൂ… അതാ വിളിക്കാൻ പറ്റാതിരുന്നത്…..

തന്റെ മനസ്സറിഞ്ഞെന്ന വണ്ണം അവനത് പറയുമ്പോൾ അവളൊന്ന് മൂളുക മാത്രം ചെയ്തു…

നീ…. ഭക്ഷണം കഴിച്ചോ…

മ്മ്…… ഇയാളോ….

മ്മ്……

പിന്നീട് ഇരുവർക്കുമിടയിൽ വല്ലാത്തൊരു നിശബ്ദത സ്ഥാനം പിടിച്ചു…..

പറയാനോത്തിരിണ്ടെങ്കിലും ഒന്നും പറയാൻ കഴിയാതോരവസ്ഥ….

ഫോൺ വെറുതെ കയ്യിൽ പിടിച്ചെങ്ങനെ നിൽക്കുമ്പോഴും അപ്പുറത് അവനുണ്ടെന്നതാണോ മനസ്സിൽ നിറയുന്ന സന്തോഷത്തിനു കാരണം….

പ്രണയം ശെരിക്കും ഒരത്ഭുതമാണ്..

മിഴികൾ മിഴികളോട് ചേർന്ന് നിൽക്കണമെന്നില്ല…

വാക്കുകൾ നിരത്തി ശബ്ദങ്ങളുണ്ടാക്കണമെന്നില്ല…..

അവൻ….. തനിക്ക് വേണ്ടി ഉണ്ടെന്ന ഒരൊറ്റ ചിന്ത മതി…….
മനസ്സ് അതിരില്ലാത്ത സന്തോഷത്തെ പേറാൻ….

പിന്നെന്താ…..

കയ്യിൽ പിടിച്ചിരുന്ന അവളുടേ കുഞ്ഞ് പൊട്ട് നോക്കിയായിരുന്നു അവനത് ചോദിച്ചത്…
അവളുടേ ഓർമകളാൽ അവനും തോന്നിയിരുന്ന ഒറ്റപ്പെടൽ ചെറുതായിരുന്നില്ല…..

പിന്നെന്താ…..
തിരിച്ചും അതേ ചോദ്യം അവനായി നൽകുമ്പോൾ അവളുടേ കണ്ണുകളും ജനാലയിൽ തൂക്കിയിട്ട വാടിയ ആ മുല്ലപ്പൂക്കളിലായിരുന്നു….

തന്റെ കണ്ണുകൾക്കെ അവ വാടിയിട്ടുള്ളു….

മനസ്സിലിപ്പോഴും പൂത്തങ്ങനെ നിൽക്കുവാ….

എങ്കി ശെരി…. നീ കിടന്നോ… ഞാൻ നാളെ വിളിക്കാം…..

മ്മ്മ്……
അവനത് പറയുമ്പോഴും ഫോൺ വെക്കരുതെന്ന് മനസ്സ് ഒരായിരം പ്രാവശ്യം പറയുന്നുണ്ടായിരുന്നെങ്കിലും ഒരു മൂളൽ മാത്രമാണ് പുറത്തേക്ക് വന്നത്….

മറു തലക്കൽ ഫോൺ കട്ടായതും എന്തോ ഉള്ളിലൊരു എരിച്ചിൽ…..

കണ്ണുകൾ നിറഞ്ഞു വരുമോയെന്നൊരു തോന്നൽ….

നാളെ വിളിക്കാം എന്ന വാക്കിനെ പ്രതീക്ഷിച്ചവൾ കണ്ണുകളടച്ചു കിടന്നു…..

(തുടരും)

LEAVE A RESPONSE