19/04/2026

പെയ്തൊഴിയാതെ : ഭാഗം 20

രചന – മിയ അവ

പരിചിതമായ നമ്പർ കണ്ട് അവൻ വേഗം തന്നെ ഫോൺ ചെവിയിലേക്ക് വെച്ചു.

“ഹലോ ശ്യാം… ഇതെവിടെയാടോ… കുറെ ആയിട്ട് ഒരു വിവരവും ഇല്ലല്ലോ….”

“ബിസി ലൈഫ് ആണ് മോനെ… ഒന്നും പറയണ്ട… ഇവിടുത്തെ എം ഡി ഒന്ന് നിവർന്നു നിൽക്കാൻ കൂടി ടൈം തരുന്നത് വല്ലപ്പോഴുമാണ്….”

“ഹ ഹ ഹ… നിന്നോട് ഞാൻ എത്ര തവണ പറഞ്ഞതാ അവിടെ നിർത്തി എന്റെ കമ്പനിയിലേക്ക് പോരെന്നു… കേൾക്കണ്ടേ നീ….”

“ഹാ ബെസ്റ്റ്… ഇവിടെ ഒന്നുല്ലെങ്കിലും നിവർന്നു നിൽക്കാൻ പറ്റിയില്ലെങ്കിലും എനിക്ക് ശ്വാസം വിടാൻ ടൈം കിട്ടുന്നുണ്ട്… നിന്റെ കൂടെ കൂടിയാൽ എന്റെ ശ്വാസം പോലും പിടിച്ചു വെച്ച് നീ പണിയെടുപ്പിക്കൂലേടാ സാമ ദ്രോഹി…….”

“ഈൗ.. തീർച്ചയായും ടാ…”

“ഹും… അവൻ വിളിക്കുന്നെ കേട്ടാൽ തോന്നും സ്നേഹം കൊണ്ട് പൊതിയാനാവും അങ്ങോട്ട്‌ വിളിക്കുന്നതെന്ന്.. അല്ല പിന്നെ….”

“അത് പിന്നെ ഞാൻ ഇവിടുത്തെ എം ഡി ആയിപ്പോയില്ലേ… കോളേജിലെ പോലെ നിന്റെ തോളിൽ കയ്യിട്ട് നിന്റെ താളത്തിന് അനുസരിച്ചു തുള്ളാൻ പറ്റില്ലല്ലോ….”

“വോ.. അയിന് കോളേജിൽ പഠിക്കുമ്പോ നീ എപ്പോഴാ എന്റെ താളത്തിന് നിന്നിട്ടുള്ളെ… മൂക്കത്ത് ദേഷ്യവും വെച്ചല്ലേ നീ വരാറ്.. തമാശയിൽ പോലും വല്ലതും പറഞ്ഞാൽ അപ്പോ ചൂടാവും… ഹും….”

“ഹോ.. അല്ല നീയിപ്പോ സമയം കണ്ടെത്തി വിളിച്ചത് എന്റെ കുറ്റങ്ങൾ നിരത്തി വെയ്ക്കാനാണോ…. ആണെങ്കിൽ കേട്ട് നിൽക്കാൻ ഇപ്പോ ടൈം ഇല്ല.. വിശന്നിട്ടു

വയ്യ സർ ഫോൺ വെച്ചു പോയാൽ എനിക്ക് താഴെ പോയി വല്ലതും കഴിക്കായിരുന്നു……”

“അയ്യോ പറഞ്ഞ പോലെ അത് മറന്നു പോയി.. ഞാൻ വിളിച്ചത് വേറൊരു കാര്യം ചോദിക്കാനാ…”

“ചോദിക്കാനോ… എന്ത്… എന്താ കാര്യം.. ബിസിനെസിൽ വല്ല ടിപ്സും ആണോ മിസ്റ്റർ ശ്യാം…”

“ഓ.. തത്കാലം ഇവിടുത്തെ കമ്പനി ഓടാൻ നിന്റെ ടിപ്സ് വേണ്ട.. അതൊക്കെ ഞങ്ങടെ എം ഡി നോക്കിക്കോളും…”

“ഓഹോ.. എന്നാ വിളിച്ച കാര്യം എന്താണ് വെച്ചാൽ പറഞ്ഞിട്ട് പോടാ….”

“ഓ… അല്ല മോനെ.. എന്ത് പറ്റി കണിയോത്ത് തറവാടിന്റ നിധി ശേഖരണം ഒക്കെ നശിക്കാൻ തുടങ്ങിയോ… പക്ഷെ K & K കമ്പനി ഇപ്പോഴും ടോപ്പിൽ തന്നെയാണെന്നാണല്ലോ ഞാൻ കേട്ടത്… ഇനി നിന്നെ മറ്റെയാൾ അവിടുന്ന് ചവിട്ടി പുറത്താക്കുക വല്ലോം ചെയ്തോടാ….”

“വാട്ട്.. നീ എന്തൊക്കെ വട്ടാ ഈ വിളിച്ചു പറയുന്നത്….”

“അല്ല ഞാൻ മനസ്സിലാക്കിയിടത്തോളം നിന്റെ കണിയോത്ത് ഫാമിലിയിൽ കാരണവന്മാർ ഉണ്ടാക്കി വെച്ച സ്വത്ത് തന്നെ കുമിഞ്ഞു കൂടി കിടക്കുവാന്നാ കേട്ടത്.. അതിന്റെ കൂടെ കമ്പനിയിൽ നിന്നുള്ള  വരുമാനവും കൂടിയാവുമ്പോൾ… അവിടെ ആർക്കും ഒരു ജോലി അന്വേഷിച്ച് തെണ്ടി തിരിയേണ്ട ഗതികേട് ഒന്നും ഉണ്ടാവാൻ സാധ്യത കാണുന്നില്ലല്ലോ…പിന്നെന്ത്‌ പറ്റി….”

“അതിന് ഇവിടുന്ന് ആര് ജോലി അന്വേഷിച്ചു നടന്നുന്നാ നീയീ പറയുന്നത്….”

“ആഹാ.. നീ അതും അറിഞ്ഞില്ലേ… വേറാര് നിന്റെ വൈഫി തന്നെ…. എന്താടാ ഇനി നീ അവൾക്ക് ചിലവിനൊന്നും കൊടുക്കുന്നില്ലേ….”

“വാട്ട്… ആര്… യു മീൻ…പാർവതി…?….”

“അല്ലാതെ പിന്നെ ആര്… നീ താലി കെട്ടിയ പെണ്ണ് അവൾ മാത്രം അല്ലേ ഉള്ളു… ഇനി ഞാൻ അറിയാത്ത വേറെയും ഉണ്ടോ….”

“ച്ചീ… അനാവശ്യം പറഞ്ഞാൽ ആ നാവ് ഞാൻ പിഴുതെടുക്കും… ശിവയെ നിനക്ക്

അറിയാലോ…”

“ഓഹ്.. ഇപ്പോ ഞാൻ അനാവശ്യം പറഞ്ഞത് ആയോ കുറ്റം.. സ്വന്തം ഭാര്യ നാട് നീളെ ജോലി അന്വേഷിച്ച് നടക്കുന്നത് അവൻ അറിഞ്ഞിട്ടില്ല… എന്നിട്ട് എന്റെ മെക്കിട്ട് കേറാൻ വരുന്നു….”

“ഒഹ്.. ഷിറ്റ്… നീ അവളെ തന്നെയാണോ കണ്ടത്.. ഉറപ്പുണ്ടോ നിനക്ക്….”

“ഹാ.. ആണെന്ന്… അവൾ ഇന്ന് ഞങ്ങളുടെ കമ്പനിയിൽ ഇന്റർവ്യൂന് വന്നിരുന്നു… അവൾ എന്നെ കണ്ടില്ല… കണ്ടാലും എന്നെ മനസ്സിലാവാൻ വഴിയില്ല അവൾക്ക്.. നിങ്ങടെ കല്യാണത്തിന്റെ അന്ന് കണ്ടതല്ലേ.. ഓർമ്മ കാണില്ല… പക്ഷെ എനിക്കവളെ പെട്ടെന്ന് മനസ്സിലായി.. നിന്നെ പോലൊരു കലിപ്പനെ ജീവിതക്കാലം മുഴുവൻ സഹിക്കാൻ പോവുന്ന പെണ്ണിനെ ഞങ്ങൾ അന്നേ നന്നായി നോക്കി വെച്ചിരുന്നല്ലോ…. ഹി ഹി ഹി….”

“ഒന്ന് പോടാ… കോപ്പ്…..”

“വോ.. എന്നെ തെറി വിളിക്കാതെ ഭാര്യ രാവിലെ ഇറങ്ങി പോവുന്നത് എന്തിനാന്നൊക്കെ ഒന്ന് അന്വേഷിക്കാൻ

നോക്ക്… ഐ തിങ്ക് അവൾക്ക് എന്തോ ഫിനാൻഷ്യൽ പ്രോബ്ലം ഉണ്ട്… ഈ ജോലി അത്രയും അത്യാവശ്യം ആണെന്ന് ഒക്കെ എം ഡിയോട് പറഞ്ഞെന്ന് കേട്ടു.. പിന്നെ അവളെ ഇതിന് മുൻപ് മറ്റൊരു ജോബ് ഇന്റർവ്യൂ നടക്കുന്ന സ്ഥലത്തു വെച്ച് കണ്ടിരുന്നുവെന്ന് എന്നോട് നമ്മുടെയാ.. മാത്യു  ഇല്ലേ അവൻ പറഞ്ഞിരുന്നു… അന്ന് ഞാനത് അവൾ ആയിരിക്കില്ല അവന് ആള് മാറിയതാവുന്നൊക്കെ പറഞ്ഞു വിട്ടതാ.. പക്ഷെ ഇന്ന് ഞാൻ നേരിട്ട് കണ്ടു… സോ കാര്യമായി തന്നെ ജോലി അന്വേഷണത്തിലാണ് കക്ഷി….”

“മ്മ്മ്….”

ശിവ കൂടുതലൊന്നും പറഞ്ഞില്ല.. വെറുതെയൊന്ന് മൂളി.

“എന്താടാ… നിങ്ങൾ തമ്മിൽ എന്തെങ്കിലും ഇഷ്യൂ ഉണ്ടോ… നിന്നോട് പറയാതെ അവൾ ജോലിയ്ക്ക് ഒക്കെ ശ്രമിക്കുന്നു… എനി പ്രോബ്ലം….”

“ഹേയ്.. നതിങ്… ഞാൻ.. ഞാൻ ഒന്ന് അവളോട് ചോദിക്കട്ടെ….”

“മ്മ് മ്മ്മ്… ഹോ എന്നാലും നിന്റെയൊരു ഗതികേട്… സ്വന്തം ഭാര്യയുടെ ലൈഫിൽ

എന്തൊക്കെ നടക്കുന്നുവെന്ന്  അവളോട് അങ്ങോട്ട്‌ ചോദിച്ചിട്ട് വേണം അറിയാൻ… ഇവിടെ ഞങ്ങടെ ഭാര്യന്മാർ ഒക്കെ ഒരു മൊട്ട് സൂചി വാങ്ങിക്കാൻ പുറത്തു പോയാൽ പോലും ഞങ്ങളോട് ചോദിച്ചിട്ടെ പോവൂ… എന്താടാ കോളേജിൽ പുലിയായി നടന്നവൻ ഭാര്യയുടെ മുന്നിൽ പൂച്ചയാണോ… അതോ ഇനി… അവൾ നിന്റെ ഭാര്യ തന്നെയല്ലേ….”

“ച്ചീ… വെച്ചിട്ട് പോടാ.. മേലിൽ ഇത്തരം അനാവശ്യം പറയാൻ എന്നെ വിളിച്ചു പോവരുത്….. ഗെറ്റ് ലോസ്റ്റ്‌….”

ദേഷ്യത്തിൽ വായിൽ വന്ന ചീത്തയെല്ലാം അവനെ വിളിച്ച് ശിവ ഫോൺ കട്ട്‌ ചെയ്തു. എത്ര വലിയ സുഹൃത്ത് ആണെങ്കിലും സ്ത്രീകളോട് റെസ്‌പെക്ട് ഇല്ലാതെ സംസാരിക്കുന്നതിനോട് ശിവയ്ക്ക് ഒട്ടും യോജിക്കാൻ പറ്റില്ലായിരുന്നു. ഫോൺ വെച്ച് കഴിഞ്ഞപ്പോഴാണ്  രാവിലെ അവൾ ബാഗും എടുത്തു പോയതും അമ്മ ചോദിച്ചപ്പോൾ മുത്തശ്ശിയുടെ അടുത്തേക്കാണെന്ന് പറയുമ്പോൾ അവൾ പതറി കളിച്ചതും ഇതിന് മുന്നേയും പല കാരണങ്ങൾ പറഞ്ഞു മുത്തശ്ശിയെ കാണാൻ പോയിട്ടുണ്ടെന്ന് അമ്മ പറഞ്ഞതുമെല്ലാം അവന്റെ

ഓർമ്മയിലേക്ക് വന്നു. ഈയൊരു മാസം കൂടി കഴിഞ്ഞ് ഇവിടുന്ന് ഇറങ്ങേണ്ടി വന്നാൽ ജീവിക്കാനുള്ള ഒരു മാർഗം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അവളെന്ന് അവന് അപ്പോൾ മനസ്സിലായി. അങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ട് താഴേക്കു ഇറങ്ങുമ്പോഴാണ് മുറ്റത്ത് ഒരു ഓട്ടോ കൊണ്ട് നിർത്തിയ സൗണ്ട് കേട്ടത്. അത് അവൾ ആവുമെന്ന് അവൻ ഊഹിച്ചു.

“ഹോ.. ഇങ്ങ് എത്തിയല്ലോ എന്റെ കുഞ്ഞ്… അമ്മയും അച്ഛമ്മയും അച്ചാച്ചനുമൊക്കെ ഇവിടെ പേടിച്ച് തീ തിന്നുവായിരുന്നു…”

അവളെ കണ്ടപ്പോഴുള്ള ശ്രീദേവിയുടെ സംസാരം അവൻ ഉള്ളിൽ നിന്നും കേട്ടു.

“ഓ.. പിന്നെ.. ഇവിടെ വേറൊന്നും കഴിക്കാൻ ഇല്ലാഞ്ഞിട്ടാണല്ലോ ഇവരൊക്കെ തീ എടുത്തു കഴിക്കുന്നത്… ഈ അമ്മയെ കൊണ്ട്…”

അവൻ മനസ്സിൽ പറഞ്ഞു.

“അതെ.. പിന്നെ മോളെ വിളിച്ചിട്ടും കിട്ടുന്നില്ലെന്ന് ശ്രീദേവി പറഞ്ഞപ്പോൾ ഒരു ആന്തലായിരുന്നു അച്ഛമ്മേടെ ഉള്ളിൽ…

അവൻ.. ആ ഷാജി ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞു ഇറങ്ങിയതാണല്ലോ…എന്തും സംഭവിക്കാലോ…പ്രാർത്ഥിച്ചു ഇരിക്കുവായിരുന്നു ഞാനും അച്ചാച്ചനുമൊക്കെ….”

അച്ഛമ്മയുടെ വായിൽ നിന്ന് ഷാജിയെന്ന പേര് കേട്ടപ്പോഴാണ് അങ്ങനെയൊരു അപകടത്തെ പറ്റി ശിവയും പെട്ടെന്ന് ഓർത്തത്.

“ഒഹ്.. അതെന്തേ ഞാൻ അന്നേരം ഓർക്കാഞ്ഞത്.. ഷാജി… എന്റെ ജീവിതം ഇങ്ങനെ ആക്കിയവനെ ഞാൻ മറക്കാൻ പാടില്ലാത്തതാണല്ലോ……”

അപ്പോഴേക്കും ശിവയുടെ കണ്ണിൽ അഗ്നി എരിഞ്ഞിരുന്നു. കൈ മുഷ്ടി ചുരുട്ടി പിടിച്ചവൻ ദേഷ്യത്തെ അടക്കി ടേബിളിന്റെ അടുത്തേക്ക് ഇരുന്നു.

“ഹാ.. എന്തായാലും കുട്ടി ഇങ്ങ് വന്നല്ലോ… എല്ലാരും കൂടി പറഞ്ഞു അതിനെ കൂടി ടെൻഷൻ ആക്കണ്ട… അവൾ ഒന്ന് ഇങ്ങോട്ട് കേറിക്കോട്ടെ….ശ്രീദേവി നീ ചെന്നു അതിന് എന്തെങ്കിലും കുടിക്കാൻ കൊടുക്ക്…”

അച്ചാച്ചൻ പറഞ്ഞത് കേട്ട് ശ്രീദേവിയും

സരസ്വതിയമ്മയും പാറുവിനെയും കൂട്ടി അകത്തേക്ക് കയറി. അപ്പോഴാണ് അവിടെ ഇരിക്കുന്ന ശിവയെ ശ്രീദേവി കണ്ടത്.

“അയ്യോ മോനുള്ള കട്ടൻ അമ്മ തിളപ്പിച്ച് വെച്ചിട്ടുണ്ട്… ഇവളെ കണ്ട നേരത്ത് അതങ്ങ്  മറന്നു പോയി… അമ്മ ഇപ്പോ എടുത്തിട്ട് വരാ ട്ടോ മോനെ….”

“മ്മ്മ്….”

വെറുതെ മൂളി കൊണ്ട് അവന്റെ നോട്ടം പാറുവിലേക്ക് നീണ്ടു. അവളും അവനെ തന്നെ നോക്കി ദഹിപ്പിക്കുന്നുണ്ടായിരുന്നു. അങ്ങനൊരു അവസ്ഥയിൽ അവളെ കണ്ടിട്ടും ഒന്ന് മൈൻഡ് പോലും ചെയ്യാതെ താൻ പോന്നതിലുള്ള ദേഷ്യം ആ നോട്ടത്തിൽ നിന്നും അവന് മനസ്സിലാക്കാൻ കഴിഞ്ഞു.

“അല്ല മോളെ… എന്നാപ്പിന്നെ നീ എന്തിനാ ഇത്ര വൈകാൻ നിന്നത്… കുറച്ചു നേരത്തെ തന്നെ ഇറങ്ങായിരുന്നില്ലേ അവിടുന്ന്….”

ശിവയ്ക്കും പാറുവിനുമുള്ള ചായയുമായി വരുമ്പോൾ ശ്രീദേവി ചോദിച്ചു. വിശന്നു വലഞ്ഞുള്ള വരവായത് കൊണ്ട് ഒന്നും

നോക്കാതെ ശ്രീദേവിയുടെ കയ്യിൽ നിന്നും ചൂട് ചായ വാങ്ങി ഊതി വായിലേക്ക് വെയ്ക്കുന്നതിനിടയിൽ പാറു ഓർക്കാതെ തന്നെ മറുപടി പറഞ്ഞു.

“അത് പിന്നെ അമ്മേ ആ ഇന്റർവ്യൂ……”

പറഞ്ഞു കഴിഞ്ഞേരെയാണ് പറഞ്ഞു പോയ അബദ്ധം പാറുവിന് മനസ്സിലായത്. അവൾ വേഗം തന്നെ നാവ് കടിച്ചു. അത് വ്യക്തമായി തന്നെ ശിവ കാണുകയും ചെയ്തു.

“ഇന്റർവ്യൂവോ… ആർക്ക്….”

“അല്ല.. ഇന്റർവ്യൂ അല്ല.. ആ അതെ ഇന്റർവ്യൂ തന്നെ… ശ്രേയയ്ക്ക്.. അവൾ ഇന്നൊരു ഇന്റർവ്യൂന് പോയിരുന്നു… അത് കഴിഞ്ഞു വരുന്ന വരെ ഞാൻ അവിടെ മുത്തശ്ശിയ്ക്ക് കൂട്ടിരിക്കുവായിരുന്നു… അതാ നേരത്തെ ഇറങ്ങാഞ്ഞത്….”

“ഒഹ്.. ആ കുട്ടി ഇന്റർവ്യൂ ഒക്കെ അറ്റൻഡ് ചെയ്ത് വേറെ വല്ല ജോലിയും കിട്ടി പോയാൽ മുത്തശ്ശിയുടെ അടുത്ത് ആരാ പിന്നെ ഉണ്ടാവുക….”

“ഹാ…അപ്പഴേക്കും ഞാൻ മുത്തശ്ശിയെയും കൊണ്ട് താമസം മാറുവല്ലോ….”

“ഏഹ്.. എന്താ…”

“ഏഹ്.. അല്ല.. അപ്പോഴേക്കും മുത്തശ്ശിയെ അവർ അവിടുന്ന് താമസം മാറ്റുവായിരിക്കും.. അല്ലെങ്കിൽ വേറെ ഹോം നഴ്സിനെ നോക്കുമായിരിക്കും… ഈൗ ധൃതിയിൽ പറഞ്ഞു വന്നപ്പോ മാറി പോയതാ അമ്മേ….”

അവൾ ഒരുവിധം വായിൽ വന്ന നുണകൾ പറഞ്ഞൊപ്പിച്ച് ശ്രീദേവിയെ നോക്കിയൊന്ന് ഇളിച്ചു. അവളുടെ ഉരുണ്ടു കളി ഒരു ഇൻവെസ്റ്റിഗേറ്ററിന്റെ ലാഘവത്തോടെ ശിവ നോക്കി നിന്നു.

“ഹോ… വല്ലാത്ത കള്ളി തന്നെ ഇവൾ… എത്ര പെട്ടെന്നാ നുണകൾ ഉണ്ടാക്കുന്നത്…..”

അവൻ മനസ്സിലോർത്തു.

“മ്മ്.. എന്നാ മോള് പോയി ഫ്രഷ് ആയിക്കോ… അച്ഛമ്മ പൂജാ മുറിയിൽ വിളക്ക് വെച്ചിട്ടുണ്ടാവും.. ഒന്ന് തൊഴുതേക്ക്… കുറച്ചു നേരത്തേക്ക് എല്ലാവരും പേടിച്ചു പോയതല്ലേ… ഈശ്വരൻ കാത്തതാ….”

“മ്മ്.. ശരി അമ്മേ….”

അവൾ കുടിച്ച ഗ്ലാസ്‌ കഴുകി വെച്ച് വേഗം ഫ്രഷ് ആവാനായി മുകളിലെ മുറിയിലേക്ക് പോയി.

രാത്രി അത്താഴം കഴിഞ്ഞ് ശിവ റൂമിലേക്ക് കയറിയതാണ്. ലൈറ്റ് അണച്ച് കിടക്കാനായി നോക്കുമ്പോഴാണ് ചുവരിൽ തൂക്കിയിട്ടിരിക്കുന്ന കലണ്ടറിൽ അവന്റെ കണ്ണ് പതിഞ്ഞത്. അവൻ കലണ്ടറിലെ അക്കങ്ങളിലേക്ക് സൂക്ഷിച്ചു നോക്കി.

“അതെ.. രണ്ടാഴ്ച… ഇനി വെറും രണ്ടാഴ്ചയേ പാർവതിയും ഞാനുമായുള്ള ബോണ്ട്‌ അവസാനിക്കാനായുള്ളൂ…. അത് കഴിഞ്ഞാൽ……”

അവൻ ഒരു നിമിഷം എന്തോ ചിന്തിച്ച് പിന്നെ ഷെൽഫിൽ നിന്നും ഒരു താക്കോൽ എടുത്ത് തന്റെ മേശ വലിപ്പ് തുറന്നു. അതിലായിരുന്നു അവൻ ആ മുത്തശ്ശിയുടെ മക്കളിൽ നിന്നും ഒപ്പിട്ട് വാങ്ങിച്ച ഡോക്യുമെന്റ്സ് ഭദ്രമായി സൂക്ഷിച്ചിരുന്നത്. അത് പുറത്തെടുത്ത് അവൻ തിരിച്ചും മറിച്ചും ഒന്നൂടെയൊന്ന് വായിച്ചു നോക്കി. പിന്നെ അത് അവിടെ തന്നെ തിരികെ വെച്ച് താക്കോലിട്ട് പൂട്ടി. തിരിച്ചു വന്നു കയ്യിൽ തല വെച്ച് ബെഡിൽ

കിടക്കുമ്പോൾ ശിവയുടെ മനസ്സിൽ എന്തൊക്കെയോ കണക്കു കൂട്ടലുകൾ നടക്കുന്നുണ്ടായിരുന്നു. കൂട്ടിയും കിഴിച്ചും എന്തൊക്കെയോ മനസ്സിലുറപ്പിച്ച് അവൻ കണ്ണടച്ച് കിടന്നു.

(തുടരും )