രചന – ജിഫ്ന നിസാർ
അലാറം അടിക്കുന്നതിനു മുന്നെ തന്നെ കണ്ണ് തുറന്നു കിടക്കുന്ന എന്നെ കണ്ടാണ് പിറ്റേന്ന് അമ്മു എഴുന്നേറ്റത്.
“ഡീ.. ആമി.. നീ എന്താ ഇത്ര ഗാഡമായി ആലോചിക്കുന്നേ…”
“ഏഹ്.. ഞാനോ.. എന്ത് ആലോചിക്കാൻ.. ഒന്നുല്ല..”
“പിന്നെ നീയെന്താ തനിയെ ചിരിക്കൂന്നേ.. അല്ല നീയെന്താ ഇന്നിത്ര നേരത്തെ എഴുന്നേറ്റെ.. അലാറം പോലും അടിച്ചില്ലല്ലോ.. സാധാരണ അടിഞ്ഞു അടിഞ്ഞു അലാറത്തിന് പോലും മടുത്താലും ഉറക്കമുണരാത്ത ആളാണല്ലോ നീ.. എന്ത് പറ്റി.. നീ ഇന്നലെ ഉറങ്ങിയില്ലേ…”
“ഹോ. ന്റെ അമ്മു ഒറ്റ ശ്വാസത്തിൽ നീ എത്ര ചോദ്യമാടി ചോദിച്ചേ.. ഒന്ന് നിർത്തി നിർത്തി ചോദിക്കെടി..”
“എങ്ങനെ ചോദിച്ചാലെന്താ നിനക്ക് കാര്യം മനസ്സിലായല്ലോ.. പറഞ്ഞേ എന്താ പറ്റിയത് നിനക്ക്..”
“ഏഹ്.. എനിക്കെന്ത് പറ്റാൻ.. ഒരൂസം അറിയാതെ ഒന്ന് നേരത്തെ എഴുന്നേറ്റു പോയത് ഇത്ര തെറ്റാണോടി..”
“അല്ല.. സാധാരണ ഇങ്ങനെ അല്ലല്ലോ.. അതോണ്ട്..”
“അതോണ്ട്.. അതോണ്ടെന്താ.. ഇതിപ്പോ എനിക്ക് പോലും അറിയില്ല ഞാൻ ന്താ ഇത്ര നേരത്തെന്ന് അപ്പഴാ.. ഹും..”
“മ്മ്.. ഇന്നലെ ഉറങ്ങിയില്ലേ നീ മുഖം ഒക്കെ വല്ലാതെ ഉണ്ടല്ലോ..”
“ഏഹ്.. ഓ.. ഉറങ്ങാതെ പിന്നെ.. നന്നായിട്ട് തന്നെ ഉറങ്ങിയല്ലോ.. പിന്നെ മുഖം അത് കൂടുതൽ ഉറങ്ങി പോയതോണ്ട് ആവും.. അപ്പഴേ നിന്റെ ചോദ്യം ചെയ്യൽ കഴിഞ്ഞെങ്കിൽ ഞാനൊന്ന് പോയി ബ്രെഷ് ചെയ്തു കുളിച്ചോട്ടെ..”
“ഈൗ… വോക്കെ..”
“ഹാവൂ.. ഹും..”.
അവളെ നോക്കി കൊഞ്ഞനം കുത്തി ഞാൻ ബ്രേഷും എടുത്തു ബാത്റൂമിൽ കയറി. പോവുന്ന വഴിയെ ഓർത്തു
“ഇനി അവൾ ചോദിച്ച പോലെ ഞാൻ ഉറങ്ങിയില്ലേ രാത്രി… ഹാ. ഓർമ്മയില്ല..എന്തേലും ആവട്ട്..”
വേഗം തന്നെ ബ്രെഷ് ചെയ്തു കുളിച്ചു പുറത്തേക്കിറങ്ങി. ഷെൽഫിൽ നിന്നുംഒരു ടോപ് എടുത്തു ഇട്ടു മുടിയും കെട്ടി കഴിഞ്ഞു താഴെ പോയി മെസ്സിൽ നിന്ന് ഞങ്ങൾക്ക് രണ്ടിനുമുള്ള ഫുഡ് എടുത്തു വന്നപ്പേക്കും അമ്മുവും കുളിച്ചു റെഡിയായി നിൽക്കുന്നുണ്ടായിരുന്നു. ഒന്നിച്ചിരുന്ന് കഥകൾ പറഞ്ഞു ഞങ്ങൾ ഫുഡ് കഴിച്ചു ബാഗും എടുത്തു ഇറങ്ങി.
കോളേജിൽ എത്തി ഗേറ്റ് കടന്നപ്പോൾ തൊട്ട് എന്തിനോ വേണ്ടി കണ്ണുകൾ ചുറ്റിലും പരതി. തേടിയതെന്തോ കിട്ടാതെ വന്നപ്പോൾ ഉള്ളിൽ ഒരു വിങ്ങൽ നിറയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. എന്നിട്ടും ഏറെ പ്രതീക്ഷയോടെ പാർട്ടി പ്രവർത്തകർ തടിച്ചു കൂടുന്നിടത്തും കണ്ണുകൾ പാഞ്ഞു. പക്ഷെ നിരാശയായിരുന്നു ഫലം.
“ഇന്ന് ഇനി ലീവാവോ..”
വെറുതെ മനസ്സിലോർത്തു. അപ്പോഴൊക്കെ എനിക്ക് എന്താ സംഭവിക്കുന്നതെന്ന് അറിയില്ല. പക്ഷെ കൊതിച്ചിരുന്നു ആ മുഖമൊന്ന് കാണാൻ.അത് കാണാൻ പറ്റാത്തതിന്റെ ചടപ്പ് അന്ന് ആകെ ബാധിച്ചു. ഓരോ ടീച്ചേർസ് വന്നു ക്ലാസ്സ് എടുക്കുമ്പോഴും മനസ്സ് മറ്റെവിടെയോ അലഞ്ഞു തിരിഞ്ഞു. ഒരു പക്ഷെ അത് മനു എന്നയാളിൽ കുടുങ്ങി കിടക്കുകയാണെന്ന് വരെ തോന്നി. കാണാൻ ആഗ്രഹിച്ചിട്ടും കാണാൻ കഴിയാത്തതിലുള്ള അമർഷം മനസ്സിലിട്ട് അരച്ച് അരച്ച് ഒടുക്കം ഭ്രാന്ത് പിടിക്കുമെന്ന് തോന്നിയപ്പോൾ ഇടയിലൊരു ഗ്യാപ്പിൽ ഞാൻ അമ്മുവിനോട് ലൈബ്രറിയിൽ കാണുമെന്നു പറഞ്ഞു ക്ലാസ്സ് വീട്ടിറങ്ങി.
പുറത്തിറങ്ങിയിട്ടും ലൈബ്രറിയിൽ പോവാനോ ബുക്സ് വായിക്കാനോ ഒന്നും ഒരു മൂഡ് തോന്നിയില്ല. മനസ്സിന് ആവിശ്യം മറ്റെന്തോ ആണെന്ന് തോന്നി. പിന്നെ ഒരു ലക്ഷ്യബോധമില്ലാതെ ചുമ്മാ ഇങ്ങനെ നടന്നു. എവിടെയും കണ്ണും മനസ്സും ഉറയ്ക്കുന്നില്ലായിരുന്നു. അലസമായി.. അതിലേറെ മൂകതയോടെ ഞാൻ നടന്നു.
ഏതൊരു കോളേജിനെയും എക്കാലത്തും മനോഹരിയാക്കുന്ന…പല കഥകളിലും കവിതകളിലും പോലും നിറഞ്ഞു നിന്ന് മനസ്സിനെ സ്വാധീനിക്കുന്ന ഒരു വാകമരച്ചുവട് ഞങ്ങളുടെ കോളേജിലും ഉണ്ടായിരുന്നു. അറിയാതെയാണെങ്കിൽ പോലും നടന്നെത്തിയത് അതിന്റെ തണലിലേക്കാണ്. വീശിയടിച്ച തണുത്ത കാറ്റിൽ താഴോട്ട് മാത്രം മിഴിയൂന്നി നടന്നിരുന്ന ഞാൻ വെറുതെയൊന്നു തല പൊക്കി. പാറി നടക്കുന്ന മുടിയെ കൈ കൊണ്ട് പിടിച്ചൊതുക്കി.. കാറ്റിനൊപ്പം ഉയർന്നു പൊങ്ങിയ പൊടി ഉള്ളിൽ കയറാതിരിക്കാൻ കൂട്ടി ചിമ്മിയ കണ്ണുകൾ പതിയെ തുറന്നത് കുറച്ചു ദൂരെയായി ആ പടർന്നു നിവർന്നു നിൽക്കുന്ന വാകമരത്തിന്റെ ചുവടിലായി ഇരുന്നു ഫോണിൽ നോക്കുന്ന മനുവെന്ന എന്റെ നേതാവിന്റെ നേർക്കാണ്. എവിടെ നിന്നോ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം ഉള്ളിലേക്ക് ഇരച്ചു കയറുന്നത് പോലെ തോന്നി. അതിന്റെ പ്രതിഫലണമെന്നോണം കണ്ണുകൾ പോലും ഈറനണിഞ്ഞു. അതൊരു പുതുമയുള്ള കാഴ്ചയായിരുന്നു. കാരണം ഈ കോളേജിൽ വന്നു ഇത്രയും നാളുകൾക്കിടയ്ക്ക് ഈ വാകമര ചുവട്ടിൽ ഈയൊരു മുഖം അന്നാദ്യമായി കാണുകയായിരുന്നു ഞാൻ. ആ ഒരു നിമിഷം മറ്റൊന്നും ഓർക്കാതെ അവിടേക്ക് ഓടിയടുത്തു. കാലുകളെക്കാൾ വേഗത്തിൽ ഓടിയെത്തിയത് ഒരു പക്ഷെ മനസ്സാകണം. കാരണം അത്രമേൽ ആ മുഖമൊന്ന് കാണാൻ അത് കൊതിച്ചു പോയിരുന്നു.പതിവായി എന്തെങ്കിലും വഴക്കുകളിലോ തർക്കുത്തരങ്ങളിലോ മാത്രം തുടങ്ങുന്നതായിരുന്നു ഞങ്ങൾക്കിടയിലെ സംസാരം. അതുക്കൊണ്ട് തന്നെ ഇന്നീ ദിവസം എങ്ങനെ തുടങ്ങുമെന്നോർത്ത് തെല്ലൊരു നേരം ചിന്തിക്കേണ്ടി വന്നു. പിന്നെ കുറച്ചൊരു കുസൃതിയോടെ തന്നെ ചോദിച്ചു.
“ഇതെന്താ നേതാവേ..നിങ്ങൾ നേതാക്കന്മാരും ഞങ്ങടെ വാക മരങ്ങളെ പ്രണയിച്ചു തുടങ്ങിയോ…”
എന്റെ ചോദ്യം കേട്ട് തലയുയർത്തി നോക്കിയ നേതാവിന്റെ കണ്ണുകളും എന്നെ കണ്ടപ്പോൾ ഒന്ന് വിടർന്നതായി തോന്നി. ഇനിയിപ്പോ എന്നെ പോലെ നേതാവും ആഗ്രഹിച്ചു കാണുവോ എന്നെ കാണാൻ. അതോർത്തപ്പോൾ മനസ്സിലൊരു കുളിര് പടർന്നു. എന്നാലും അത് ബോധപൂർവം മറച്ചു പിടിച്ചു നേതാവിന്റെ കണ്ണുകളിലേക്ക് നോക്കി.
“അതെന്താ സഖാവേ.. നിങ്ങൾ സഖാക്കൾക്ക് മാത്രേ വാകയെ പ്രണയിക്കാവൂന്നുണ്ടോ..”
“അങ്ങനെയില്ല.. എന്നാലും ഇതൊരു പുതുമയുള്ള കാഴ്ചയാണല്ലോ.. നേതാവിന്റെ ഇവിടെയുള്ള ഈ ഇരുത്തം..”
“ഹാ.. എന്നും പതിവുള്ള കാഴ്ചകൾ മാത്രം കാണുന്നതിൽ ഒരു ത്രില്ല് ഇല്ലല്ലോ.. ഇടയ്ക്കൊക്കെ ചില പുതുമകളും വേണ്ടേ..”
“ആഹാ.. സാർ അപ്പോ പുതുമയുണ്ടാക്കാൻ ഇറങ്ങിയതാണല്ലേ..”
“മ്മ്.. ഒന്ന് ശ്രമിച്ചു നോക്കട്ടെ.. നടക്കുവോന്ന്..”
“മ്മ്.. മ്മ്.. നടക്കട്ടെ നടക്കട്ടെ..”
“സഖാവിനെന്താ ഈ അവർ ക്ലാസ്സ് ഇല്ലേ..”
“ക്ലാസ്സ് എന്നും ഉണ്ടല്ലോ… എന്നും അവിടെ കേറി ഇരിക്കുന്നതിലും ഒരു പുതുമയില്ലല്ലോ നേതാവേ…”
“അതെ..അതെ.. മ്മ്.. എങ്കിൽ ഇരിക്കെടോ.. വല്ലതും സംസാരിച്ചിരിക്കാം..”
ഉള്ളിൽ പൂത്തിരി മിന്നുന്നുണ്ടായിരുന്നു. എന്റെയീ നേതാവിന്റെ ചാരെ ഒരല്പ നേരം ഇരിക്കാൻ ഞാനും ആഗ്രഹിച്ചിരുന്നു അപ്പോൾ. കണ്ണുകളിലേക്ക് നോക്കി ഒരു പുഞ്ചിരിയോടെ തന്നെ അവിടെയിരുന്നു. സംസാരിക്കാമെന്ന് പറഞ്ഞു അരികിൽ ഇരുത്തിയിട്ടും നേതാവിന്റെ വായിൽ നിന്ന് ഒരു വാക്ക് പോലും പുറത്തേക്ക് വന്നില്ല. ഒന്നിന് പകരം പത്ത് പറഞ്ഞു പോരടിക്കുന്ന ഞങ്ങൾക്കിടയിൽ അന്ന് പതിവില്ലാതെ…എന്തിനെന്നു പോലുമറിയാതെ മൗനം കൂട്ടു പിടിച്ചു. പക്ഷെ ആ മൗനത്തിനും ഒരു സുഖം പകരാൻ കഴിയുന്നുണ്ടായിരുന്നു. ചുണ്ടിൽ ഒരു ചിരി വിരിയ്ക്കുന്ന സുഖം. അകമ്പടിയായി എത്തുന്ന കാറ്റും കൂടിയായപ്പോൾ മനസ്സ് ആ അന്തരീക്ഷത്തിൽ അങ്ങ് അലിഞ്ഞു ചേർന്നു.
“അമ്മു എന്തേ കൂട്ട് വരാഞ്ഞേ…”
കുറെ നേരത്തെ മൗനത്തിന് മുന്നിൽ നേതാവ് തന്നെ തോറ്റു തന്നു.
“അവൾ ക്ലാസ്സിൽ ഇരുന്നു.. പിന്നെ എന്തോ എനിക്ക് ഒരു മൂഡ് തോന്നിയില്ല ഇന്ന്…”
“അതെന്ത് പറ്റി..മൂഡ് എവിടെയെങ്കിലും കളഞ്ഞു പോയോ..”
ചോദ്യത്തിനൊപ്പം ആ ചുണ്ടുകളിലും ഒരു കുസൃതി ചിരി ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു.
“ആവോ.. പോയി കാണും…അല്ല നേതാവ് ഇന്ന് എവിടെയായിരുന്നു..പകലൊന്നും ഈ പരിസരത്തൊന്നും കണ്ടില്ല…”
“ആഹാ.. അന്വേഷിച്ചായിരുന്നോ എന്നെ..”
അപ്പോഴാണ് ചോദിച്ചതിലെ അമളി ഞാൻ മനസ്സിലാക്കിയത്.
“ഏയ്.. അന്വേഷിക്കാനോ.. എന്തിന്.. അതും തന്നെ..”
ഒരു വിധം തടി തപ്പാൻ നോക്കി.
“പിന്നെ എങ്ങനെ ഇന്ന് ഞാൻ ഇവിടില്ലായിരുന്നുവെന്ന് മനസ്സിലായി..”
“അതിന് ആര് പറഞ്ഞു മനസ്സിലായെന്ന്… ഇവിടെ ഇല്ലായിരുന്നോ ചോദിച്ചതല്ലേ.. കാണാത്തത് കൊണ്ട്…”
“അപ്പോൾ കാണുന്നില്ലന്ന് അറിയണേൽ തേടണല്ലോ…”
“അ.. അത് പിന്നെ.. ഞാൻ.. അത്.. ആ. ഉവ്വ്.. അന്വേഷിച്ചായിരുന്നു.. തനിക്ക് ഞാൻ ക്യാഷ് തരാന്നില്ലേ.. അതുക്കൊണ്ട് അന്വേഷിച്ചു…”
“ഓഹോ.. പിന്നെ ആദ്യം എന്തിനാ അന്വേഷിച്ചില്ലെന്ന് പറഞ്ഞത്…”
“അത് പിന്നെ ഞാൻ പെട്ടെന്ന് ഓർത്തില്ല..അല്ല താനെന്താടോ ഒരുമാതിരി പോലീസ് ചോദ്യം ചെയ്യുന്ന പോലെ.. തനിക്ക് തന്റെ ക്യാഷ് കിട്ടിയാൽ പോരെ..”
“മ്മ്… മതി മതി..”
ഇടതു കയ്യിലെ കൈ വിരലുകൾ മടക്കി വെച്ച് ചുണ്ടിനെ മറച്ചു പിടിച്ച് താടിയ്ക്ക് കുത്ത് കൊടുത്ത് കൊണ്ട് നേതാവ് എന്നെ നോക്കി പറഞ്ഞു.
“ആ കണ്ണുകളിൽ എന്തോ ഗൂഢതയില്ലേ.. എന്റെ കള്ളം കണ്ടു പിടിച്ച പോലൊരു ഗൂഢത..”
മനസ്സിൽ അങ്ങനെ തോന്നിയെങ്കിലും വിട്ടു കൊടുക്കാൻ തയ്യാറാവാത്ത പോലെ ഞാൻ ബാഗ് തുറന്നു ക്യാഷ് എടുത്തു കയ്യിൽ കൊടുത്തിട്ട് അവിടുന്ന് എഴുന്നേറ്റു പോവാനൊരുങ്ങി. പെട്ടെന്നാണ് ഇന്നലത്തെ സംഭവം ഓർത്തത്. നിന്നിടത്ത് നിന്ന് തിരിഞ്ഞു നിന്ന് ചോദിച്ചു.
“ഇന്നലത്തെ ആ കുട്ടിയ്ക്ക് എങ്ങനെ ഉണ്ട്.. എന്തെങ്കിലും വിവരം അറിഞ്ഞോ..”
ചോദ്യത്തിന് ഒരു നേർത്ത പുഞ്ചിരിയോടെ മറുപടി കിട്ടി.
“കുറവുണ്ട്.. ഇപ്പോ ഓക്കേ ആണ്.. ഞാൻ അവിടെയായിരുന്നു ഇന്ന്.. ഉച്ച തിരിഞ്ഞ ഡിസ്ചാർജ് ചെയ്തേ.. വീട്ടിൽ ആക്കി കൊടുത്തു ഇങ്ങു പോന്നു…അതാ കാലത്ത് കാണാഞ്ഞത്”
“മ്മ്…”
തിരിച്ചും ഒരു പുഞ്ചിരി നൽകി ഞാൻ തിരിഞ്ഞു നടന്നു. നടക്കുമ്പോൾ ആ മനുഷ്യൻ കുറെ കൂടി എന്റെ ഉള്ളിൽ ഇടം നേടുകയായിരുന്നു.
പിന്നീട് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ ഞങ്ങൾ ഒന്നാം വർഷ ഡിഗ്രിക്കാർ ഒന്നാം സെമെസ്റ്റർ എക്സാം ചൂടിലേക്കും കോളേജ് മൊത്തം ഇലക്ഷൻ ചൂടിലേക്കും കടന്നു. കൊണ്ടു പിടിച്ച ഇലക്ഷൻ പ്രവർത്തങ്ങൾ അരങ്ങു തകർത്തു കൊണ്ടിരിക്കുന്നു. എക്സാമിന്റെ പിറ്റേ ദിവസം തന്നെ ആയിരുന്നു ഇലക്ഷൻ ഡേറ്റ് വന്നത്. എക്സാം കഴിഞ്ഞു പിന്നെ കോളേജിൽ വരുന്നത് ഇലക്ഷന്റെ അന്ന് വോട്ട് ചെയ്യാനാവും. അതുക്കൊണ്ട് തന്നെ ഞങ്ങൾ ഫസ്റ്റ് ഇയർ വിദ്യാർത്ഥികൾക്ക് ഇലക്ഷൻ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാനുള്ള അവസരം നഷ്ട്ടമായിരുന്നു. ചെറുപ്പത്തിൽ അച്ഛനിൽ നിന്നും അച്ഛന്റെ പാർട്ടി പ്രവർത്തനങ്ങളും സമരങ്ങളും ഒക്കെ കേട്ട് വളർന്നത് കൊണ്ട് കോളേജ് ലൈഫെന്ന് പറയുമ്പോൾ തന്നെ മനസ്സിനെ ഏറെ ആകർഷിച്ചത് അവിടുത്തെ ഇലക്ഷനും അതിന്റെ ആരവങ്ങളും ഒക്കെ തന്നെയായിരുന്നു. ആ ഒരു പ്രതീക്ഷകളോടെ വന്നത് കൊണ്ട് ഒന്നാം വർഷത്തിൽ തന്നെ അതെല്ലാം നഷ്ട്ടമായി എന്നുള്ളത് എന്നെ നന്നായി വേദനിപ്പിച്ചിരുന്നു.അമ്മുവിനെ അത് അത്ര ബാധിച്ചതായി തോന്നിയില്ല. ഒരുപാട് ഓർമ്മകളെ കോർത്തെടുക്കേണ്ട സമയത്തും ബുക്കുമായി മല്ലിടേണ്ടി വന്നത് ഉള്ളിൽ മടുപ്പ് ഉണ്ടാക്കിയെങ്കിലും
മനസ്സിനെ ആവുന്നത് പോലെ പഠനത്തിൽ തളച്ചിടാൻ ശ്രമിച്ചു. എന്നിട്ടും അനുസരണക്കേട് കാണിച്ചു അത് ഇലക്ഷൻ കാര്യങ്ങളിലും പ്രേത്യേകിച്ചു നേതാവിലും ചുറ്റിപ്പറ്റി നിന്നു.
തോരണങ്ങളും പല പാർട്ടികളുടെ കൊടികളും കോളേജിൽ സ്ഥാനം പിടിച്ചു. ചുവര് പെയിന്റ് അടിക്കാനും ഇലക്ഷൻ പ്രചാരണങ്ങൾ പതിപ്പിക്കാനും പ്രവർത്തകർ ഓടി നടന്നു. ഞങ്ങൾക്ക് സ്റ്റഡി ലീവ് തുടങ്ങുന്നതിനു മൂന്നാല് ദിവസം മുന്നെ ആയിരുന്നു നോമിനേഷൻ സമർപ്പിക്കേണ്ട ലാസ്റ്റ് ഡേറ്റ്. അന്ന് ഉച്ച കഴിഞ്ഞു ഞാനും അമ്മുവും ക്ലാസ്സ് കട്ട് ആക്കി നേരത്തെ ഹോസ്റ്റലിൽ പോവാൻ തീരുമാനിച്ചു. ഗേറ്റ് എത്താറായപ്പോഴാണ് അമ്മുവിന് ലൈബ്രറി ബുക്ക് തിരിച്ചു കൊടുക്കേണ്ട കാര്യം ഓർമ വന്നത്. അവൾ അത് കൊടുത്തിട്ട് വരാമെന്ന് പറഞ്ഞു ലൈബ്രറിയിലേക്ക് പോയി. ഞാൻ അവളെയും കാത്ത് ഗേറ്റിനോട് ചേർന്നുള്ള മരത്തിന്റെ ചുവട്ടിലെ കല്ല് ബെഞ്ചിൽ ഇരുന്നു.
“ഓയ്.. സഖാവേ…”
ആ ശബ്ദം പരിചിതമായത് കൊണ്ട് പെട്ടെന്ന് തന്നെ ഞെട്ടി തിരിഞ്ഞു നോക്കി.
“എന്താടോ തനിച്ച് ഇവിടെ വന്നിരിക്കുന്നത്..”
“തനിച്ചല്ലായിരുന്നു അമ്മു ഉണ്ടായിരുന്നു കൂടെ.. ഞങ്ങൾ ഹോസ്റ്റലിലേക്ക് പോവാൻ നിൽക്കുവായിരുന്നു.. അപ്പഴാ അവൾക്ക് ലൈബ്രറി ബുക്ക് റിട്ടേൺ ചെയ്യാനുണ്ടെന്ന് പറഞ്ഞു പോയത്.. വെയിറ്റ് ചെയ്യുവാ..”
“ഓഹ്.. എന്ത് പറ്റി നേരത്തെ പോവുന്നെ..”
“ഏയ്. ചുമ്മാ..എക്സാം അടുത്തത് കൊണ്ട് ടീച്ചേർസ് വന്നാലും ക്ലാസ്സ് ഒന്നും എടുക്കുന്നില്ല.. ഇരുന്നു പഠിച്ചോളാന പറയുന്നേ.. അപ്പോ ഇവിടെ ഇരുന്നു പഠിക്കുന്നതിലും ബെറ്റർ ഹോസ്റ്റലിൽ പോയിരുന്ന് പഠിക്കുന്നതാ…”
“ആഹാ.. അത് ഏതായാലും നന്നായി..”
“മ്മ്.. ഇലക്ഷൻ വർക്ക് ഒക്കെ എന്തായി..”
“നടക്കുന്നു… തനിക്ക് നിൽക്കായിരുന്നില്ലേ ഇലക്ഷന്.. എന്നോട് ഏറ്റു മുട്ടാൻ കരുത്തുറ്റ ഒരു സഖാവിന്റെ കുറവുണ്ടായിരുന്നു…”
കണ്ണിറുക്കി കാണിച്ചു അല്പം കളിയായി പറഞ്ഞത് കേട്ടതും ഞാൻ കൈ ഉയർത്തി കൂപ്പി കൊണ്ട് പറഞ്ഞു.
“എന്റമ്മോ താങ്കളോട് മത്സരിക്കാൻ നമ്മളില്ലേ… കോളേജ് മൊത്തം നെഞ്ചിലേറ്റിയ നേതാവിനെ തോൽപ്പിക്കാൻ ഞാൻ മുട്ട് കുത്തിയിരുന്നു പ്രവർത്തിച്ചാലും നടക്കില്ല… ആ ട്രോഫി താങ്കൾ തന്നെ അങ്ങ് കൊണ്ട് പോയാൽ മതി…”
“ഹ.. ഹ.. ഹ..”
ഉറക്കെ ചിരിക്കുന്ന ആ മുഖത്തേക്ക് തന്നെ അറിയാതെ കുറച്ചു നേരം നോക്കി നിന്ന് പോയി. സ്വബോധം വന്നപ്പോൾ എന്നെ തന്നെ..എന്റെ കണ്ണിലേക്ക് നോക്കി നിൽക്കുന്ന നേതാവിനെയാണ് കണ്ടത്. കണ്ണുകൾ തമ്മിലിടഞ്ഞപ്പോൾ ഉള്ളിലൂടെ എന്തോ ആന്തലുണ്ടായി. അതിന്റെ ചൂടിൽ പെട്ടെന്ന് തന്നെ കണ്ണ് വലിച്ച് അമ്മുവിനെ നോക്കിയിട്ട് വരാമെന്ന് പറഞ്ഞു അവിടെ നിന്നും സ്കൂട്ടായി. പോവുമ്പോൾ ആ കണ്ണുകളിൽ തന്നോട് പറയാനായി എന്തോ ഉള്ളത് പോലെ തോന്നി. അത് ആ വായിൽ നിന്ന് തന്നെ അറിയാൻ ഒരു കൊതി…വരട്ടെ… നോക്കാമെന്നു മനസ്സിലുറപ്പിച്ച് അമ്മുവിന്റെ അടുത്തേക്ക് നടന്നു.
(തുടരും )

by