22/04/2026

ഓർമ്മകളിലൂടെ : ഭാഗം 04

രചന – മിയ അവ

പിറ്റേന്ന് ഞാൻ എഴുന്നേറ്റു കണ്ണും തിരുമ്മി വരുമ്പോൾ ദേ എന്നേക്കാൾ മുന്നെ എഴുന്നേറ്റു റെഡിയായി ഒരുത്തി കണ്ണാടിക്ക് മുന്നിൽ നിൽക്കുന്നു.

“നീയിത് എവിടെക്കാ രാവിലെ തന്നെ റെഡിയായി?..”

“ആഹാ.. അത് നല്ല ചോദ്യം.. കോളേജിൽ പോവണ്ടേ…”

“അടിപൊളി.. അപ്പോൾ നീ ഇന്ന് വരുന്നുണ്ടോ.. പനിയൊക്കെ വിട്ടോ ശരിക്കും..”

“ആട.. കുറവുണ്ട്.. ഇന്നും കൂടി ലീവ് എടുത്താൽ ശരിയാവില്ല.. എക്സാം അടുത്തില്ലേ..”

“വോ.. ഒരു എക്സാം.. മനുഷ്യന് ഇവിടെ പേരിനെങ്കിലും ഒരു പനി വന്നിരുന്നെങ്കിൽ മൂന്നാൽ ദിവസം അതും പറഞ്ഞു ചുരുണ്ടു കൂടാമെന്ന് കരുതി ഇരിക്കുമ്പോഴാ.. ന്നാലും ഇന്നലെ അത്രയും മഴ നനഞ്ഞിട്ടും എന്താ എനിക്ക് പനി വരാഞ്ഞത് ആവോ…”

“നീ ഇന്നലെ എപ്പോൾ മഴ നനഞ്ഞു.. മഴയത്തു പുറത്തിറങ്ങിയോ നീ..”

“എന്റെ പൊന്നോ.. ഞാൻ പുറത്തിറങ്ങിയതല്ല.. ആ കാലൻ ഇന്നലെ എന്റെ കുടയും തട്ടിപ്പറിച്ചു കൊണ്ടു പോയപ്പോൾ നനഞ്ഞതാ… ഹും..”

“കാലനോ..ഏത് കാലൻ..?..”

“വോ.. നിന്റെ ആ മനുവേട്ടൻ…”

“മനുവേട്ടനോ.. അപ്പോൾ നിങ്ങൾ വീണ്ടും ഉടക്കിയോ…”

“ഞാൻ ഉടക്കാൻ ഒന്നും ചെന്നില്ല.. അങ്ങേരാ ഇന്നലെ… ആ.. അത് പറഞ്ഞപ്പോഴാ.. അങ്ങേര് ഇന്നലെ നിന്റെ ഫോണിലേക്ക് വിളിച്ചിരുന്നു.. ഞാൻ വിട്ടു പോയി പറയാൻ.. നീ ഒന്ന് തിരിച്ചു വിളിച്ചു നോക്ക് ട്ടോ…”

“അടിപൊളി.. എന്നിട്ടു ഇപ്പോഴാണോടി പറയുന്നേ.. വല്ല അത്യാവശ്യത്തിനും ആണെലോ…”

“ഈൗ.. അത് പിന്നെ മറന്നു പോയി…”

“ഉവ്വ.. നല്ല ആളാ.. എന്തായാലും നീ എഴുന്നേറ്റു ചെന്നു കുളിച്ചേ.. ഞാൻ ഒന്ന് മനുവേട്ടനെ തിരിച്ചു വിളിച്ചു നോക്കട്ടെ..”

“വോക്കെ.. ഫൈവ് മിനുട്സ്.. ഇപ്പോ വരാം..”

“ഈ പെണ്ണ്…”

എന്നെ നോക്കി ചിരിച്ചു അവൾ ഫോണും എടുത്തു ബാൽക്കണിയിലേക്ക് നടന്നു.

കോളേജിൽ എത്തിയത് മുതൽ ഞാൻ അമ്മുവിനെ നിരീക്ഷിക്കുകയായിരുന്നു. അമ്മു ഇന്ന് പതിവിലും ഉത്സാഹവതിയായി തോന്നി. തലേന്ന് രാത്രി വരെ പനി പിടിച്ചു വിറച്ചു കിടന്നവൾ ആണെന്ന് തോന്നുക പോലും ഇല്ല. എല്ലാ പീരിയഡും ഭയങ്കര ആക്റ്റീവ് ആയി ശ്രദ്ധിച്ചു ഇരിക്കലും നോട്സ് എഴുതലും.. എന്താവോ ഇന്ന് ഇത്ര സന്തോഷം..ഇനി ഇവൾക്ക് വല്ല ലോട്ടറിയും അടിച്ചോ ഇന്നലെ രാത്രി” എന്നൊക്കെ ഓർത്തു അവളെ തന്നെ വീക്ഷിച്ചു ഇരിക്കുമ്പോഴാണ് ഒരു ചോക്ക് വന്നു മുഖത്തു ഏതാണ്ട് കണ്ണിന്റെ അടുത്തായി തന്നെ വന്നു പതിച്ചത്.. ഒരല്പം കൂടി നീങ്ങിയിരുന്നേൽ ന്റെ മുത്തപ്പാ ന്റെ കണ്ണ്.. ആരാടാ ഇത്ര കറക്റ്റ് ആയി എറിഞ്ഞത് ഓർത്തു നാല് തെറി പറയാൻ തിരിഞ്ഞപ്പോൾ ദേ മെൽവിൻ സർ എന്നെ തന്നെ നോക്കി നിൽക്കുന്നു.

“ആമികയെന്താ ഇവിടെയൊന്നും അല്ലേ.. ഞാൻ ക്ലാസ്സ്‌ എടുക്കുമ്പോൾ ഇയാളുടെ ശ്രദ്ധ മുഴുവൻ അമൃതയുടെ മുഖത്ത് ആണല്ലോ…”

“ആ.. അത്.. അത് പിന്നെ.. സർ ഞാൻ ഇവളിന്ന് നല്ല ഭംഗി ആയിട്ടുണ്ടല്ലോന്ന് ഓർക്കുവായിരുന്നു…”

“ഓഹോ.. എന്റെ ക്ലാസ്സിൽ ഇരുന്നു സൗന്ദര്യം ആസ്വദിക്കുകയാണ് തന്റെ പണി അല്ലേ..ഞാൻ ഈ വായിട്ടലയ്ക്കുന്നത് ഒക്കെ വെറുതെ..”

“അത് പിന്നെ ആസ്വദിക്കണമെന്ന് തോന്നുമ്പോൾ സാറിന്റെ ക്ലാസ്സ്‌ ആണോ അല്ലേ ഒന്നും മനസ്സ് ചിന്തിക്കില്ലല്ലോ സർ..”

“ഓഹ്.. തർക്കുത്തരത്തിന് ഒരു കുറവും വേണ്ട.. താൻ ഇനി പുറത്തു ഇരുന്നു സൗന്ദര്യം ആസ്വദിച്ചാൽ മതി.. ഗെറ്റ് ലോസ്റ്റ്‌ ഫ്രം മൈ ക്ലാസ്സ്‌…”

“വോ.. വോക്കെ സർ… താങ്ക്സ്..”

അങ്ങേർക്കിട്ട് നല്ല പുച്ഛം വാരി എറിഞ്ഞു ബാഗും എടുത്തു ഇറങ്ങുമ്പോൾ അമ്മു ചോദിച്ചു.

“ഡീ.. നീയിത് എങ്ങോട്ടാ..”

“അങ്ങേര് ഗെറ്റ് ഔട്ട്‌ അടിച്ചത് കേട്ടില്ലേ നീ.. പിന്നെ ഞാൻ എന്ത് കാഴ്ച കാണാൻ നിൽക്കുവാ ഇവിടെ.. പുറത്തെങ്ങാൻ ഉണ്ടാവും..പുല്ല്..”

അതും പറഞ്ഞു ബാഗും എടുത്തു ഞാൻ ഇറങ്ങി. എങ്ങോട്ട് പോവുമെന്നോർത്ത് നിൽക്കുമ്പോഴാണ് വയറു കറക്റ്റ് ആയി സിഗ്നൽ തന്നത്.. എന്നാ പിന്നെ അവിടേക്ക് തന്നെ ഉറപ്പിച്ചു കാന്റീനിലേക്ക് വിട്ടു.
വിശദമായി ഒരു ചോക്ലേറ്റ് ഷേക്കും രണ്ടു പപ്പ്സും തട്ടി ക്യാഷ് കൊടുക്കാൻ ബാഗ് തപ്പിയപ്പോഴാണ് ആ ചതി ഞാൻ മനസ്സിലാക്കിയത്… തിരക്കിട്ടു ഓടിയതിനിടയ്ക്ക് പേഴ്‌സ് എടുക്കാൻ മറന്നു.

“ഈശ്വര ഈ കാന്റീൻ ഏട്ടൻ എന്റെ അച്ഛന് വിളിക്കല്ലേ..”

എന്ന് മനസ്സിൽ ധ്യാനിച്ച് ഞാൻ ഒരു ഇളിഞ്ഞ ചിരി മുഖത്തു ഫിറ്റ് ചെയ്തു ആ ചേട്ടനെ ഒന്നു നോക്കി.

“അത് പിന്നെ ചേട്ടാ.. ഞാൻ പേഴ്‌സ് എടുക്കാൻ മറന്നു.. ക്യാഷ് നാളെ കൊണ്ട് തന്നാൽ മതിയോ…”

“ഹാ.. ഈ അടവൊക്കെ കുറെ കേട്ടതാ കൊച്ചേ… ഇവിടെ വന്നിരുന്നു മൂക്ക് മുട്ടെ കഴിച്ചിട്ട് പോവുന്ന പലരും പറയുന്ന ഡയലോഗ ഇത്.. ഒരാളും ഇന്നേ വരെ പൈസ കൊണ്ട് തന്നിട്ടില്ലന്ന് മാത്രം.. അതുക്കൊണ്ട് ആ അടവൊന്നും ഇവിടെ നടക്കില്ല.. മര്യാദയ്ക്ക് പൈസ എടുക്ക് കൊച്ചേ…”

“ദേ.. അങ്ങനെ പറഞ്ഞ വാക്കിനു വില ഇല്ലാത്തവരുടെ കൂട്ടത്തിൽ ചേട്ടൻ ആമിയെ കൂട്ടണ്ട… ഞാൻ നല്ല അന്തസ്സുള്ള വീട്ടിലെയാ..”

“എന്റെ കൊച്ചേ നിന്ന് ഡയലോഗ് അടിക്കാതെ പൈസ എടുക്ക്..”

“ഏട്ടാ സത്യം ആയിട്ടും എന്റേൽ ഇല്ല.. ഞാൻ പേഴ്‌സ് എടുത്തില്ല..”

“ഏട്ടാ എന്റെ ബിൽ എത്രയാ…”

പരിചയമുള്ള സൗണ്ട് കേട്ട് നോക്കിയപ്പോൾ ദേ അങ്ങേര് തൊട്ടടുത്ത്.

“ഈശ്വരാ ഇയാൾ കേട്ട് കാണല്ലേ….”

മനസ്സിൽ ഓർത്തതെ ഉള്ളു..

“ദ ഏട്ടാ ക്യാഷ് കൂട്ടത്തിൽ ദേ ഈ കുട്ടിയുടെ കൂടി എടുത്തോ…”

“ആ ശരി മോനേ…”

ഈ ചേട്ടൻ ഒരു നടയ്ക്ക് വിടാത്തതും കൊണ്ടും കയ്യിൽ ക്യാഷ് ഇല്ലാത്തതും കൊണ്ടും നിക്ക് അങ്ങേരെ എതിർക്കാൻ കഴിഞ്ഞില്ല. ക്യാഷ് കൊടുത്തു ഒന്നും മിണ്ടാതെ പോവാനൊരുങ്ങിയ അങ്ങേരെ മടിയോടെയാണെങ്കിലും ഞാൻ വിളിച്ചു.

“ഹലോ..”

“മ്മ്…ന്താ..”

“അത്.. ക്യാഷ് ഞാൻ നാളെ തന്നെ തന്നേക്കാം…”

“വോ.. ഇരുന്നു മൂക്ക് മുട്ടെ തട്ടുമ്പോൾ കയ്യിൽ പേഴ്‌സ് ഉണ്ടോന്നൊക്കെ നോക്കണ്ടടി..”

“ദേ.. മനുഷ്യാ..താഴ്ന്നു നിൽക്കുന്നവരെ വീണ്ടും ചവിട്ടി താഴ്ത്താൻ നോക്കല്ലേ..”

” ഓഹ്.. അപ്പോൾ താഴാൻ ഒക്കെ നിനക്ക് അറിയായിരുന്നോ… അഹങ്കാരത്തിന്റെ കൊടുമുടിയിൽ നിന്ന് ഇങ്ങോട്ട് താഴോട്ട് വരില്ലെന്ന ഞാൻ കരുതിയെ.. ”

“ഓവർ കിടന്നു ആളാവല്ലേ..ഒരു നിവർത്തിക്കേട് വന്നു പോയി.. അല്ലെങ്കിൽ…”

“അയ്യോ ദേ ഒരു കുട്ടി..”

പറഞ്ഞു മുഴുമിപ്പിക്കും മുന്നെ അടുത്ത് ഉണ്ടായിരുന്ന ഒരു പയ്യൻ ഉറക്കെ വിളിച്ചു പറയുന്നത് കേട്ട ഞങ്ങൾ ആ ഭാഗത്തേക്ക്‌ ശ്രദ്ധിച്ചത്.അവിടെ ഒരു പെൺകുട്ടി ബോധരഹിതയായി വീണു കിടക്കുന്നു . തല കറങ്ങിയതാണെന്ന് തോന്നുന്നു.വീഴ്ചയിൽ അവളുടെ നെറ്റി വാതിൽ പടിയിലെങ്ങാൻ ഇടിച്ചു പൊട്ടി ചോരയൊലിക്കുന്നുണ്ടായിരുന്നു. പെട്ടെന്നുള്ള ആ ഷോക്ക് മാറി ഞാൻ തിരിഞ്ഞതും ആളെ അവിടെ കണ്ടില്ല.നോക്കിയപ്പോൾ അങ്ങേര് അവിടെയെത്തി ആ കുട്ടിയെ എടുത്തു പൊക്കുന്നതാണ് കണ്ടത്. അവിടെയുള്ള കർട്ടൻ പിടിച്ചു വലിച്ചു കീറി അവളുടെ മുറിവിൽ വരിഞ്ഞു കെട്ടി അടുത്ത് നിന്ന കുട്ടിയോട് ബോട്ടിൽ വാങ്ങി വീണു കിടക്കുന്ന കുട്ടിയുടെ മുഖത്തേക്ക് തളിച്ചു. എന്നിട്ടും ആ കുട്ടി കണ്ണ് തുറക്കാത്തത് കണ്ടു അവളെ വാരിയെടുത്ത് വണ്ടിയുടെ അടുത്തേക്ക് ഓടുന്ന ആ മനുഷ്യനെ ഞാൻ നോക്കി കാണുകയായിരുന്നു. ഒരു പെൺകുട്ടിയെ പരസ്യമായി അപമാനിക്കുന്നവനെ സപ്പോർട്ട് ചെയ്ത് എത്തിയവനിൽ നിന്നും ഇന്നെന്റെ മുന്നിൽ കാണുന്ന ഈ വ്യക്തി എത്രയോ വിദൂരത്തിലാണ്. അയാളെ കുറിച്ച് എനിക്കുണ്ടായിരുന്നത് തെറ്റിദ്ധാരണകൾ ആണെന്ന് പലരും പറഞ്ഞു അറിഞ്ഞെങ്കിലും ഇന്ന് അയാളെന്ന മനുഷ്യനെ… മനുഷ്യ സ്നേഹിയെ.. നേതാവിനെ ഞാൻ നേരിൽ കാണുകയായിരുന്നു..അറിയുകയായിരുന്നു. ആ കുട്ടിയെ കാറിൽ കയറ്റി അകന്ന് പോകുന്നവനെ ഒരു നേർത്ത പുഞ്ചിരിയോടെ ഞാൻ നോക്കി നിന്നു.

വൈകീട്ട് ഹോസ്റ്റലിൽ എത്തിയിട്ടും എന്റെ ചിന്തകൾ മനു ശങ്കർ എന്ന വ്യക്തിയിലും അന്നത്തെ കാഴ്ചകളിലും ചുറ്റി പറ്റി നടന്നു. പെട്ടെന്ന് ഒരു ഉൾപ്രേരണയിൽ ഞാൻ അമ്മുവിന്റെ ഫോൺ എടുത്തു. അമ്മു അപ്പോൾ കുളിക്കുകയായിരുന്നു. ബാത്‌റൂമിൽ കയറിയാൽ ആ പൂച്ചക്കുട്ടി ഇപ്പോഴൊന്നും ഇറങ്ങില്ലന്നൊരു ധൈര്യത്തിൽ ഞാൻ വിളിച്ചു ചോദിച്ചു.

“ഡീ.. നിന്റെ ഫോണിന്റെ പാസ്സ് വേർഡ്‌ ഒന്ന് പറഞ്ഞേ..”

“അതെന്തിനാ..നിനക്ക് എന്തിനാ എന്റെ ഫോൺ ”

ആ ചോദ്യത്തിൽ ഞാൻ ഒന്ന് പതറി. എന്ത് പറയും.. എന്തു കൊണ്ടോ അമ്മുവിനോട് അപ്പോൾ സത്യം പറയാൻ തോന്നിയില്ല. ഒരു പക്ഷെ അവളെക്കാൾ ആളുകളെ മനസ്സിലാക്കാൻ കഴിയുമെന്ന് വീര വാദം മുഴക്കി നടക്കുന്ന എനിക്ക് മനു എന്ന ആളിനെ കുറിച്ച് ഉണ്ടായിരുന്നത് എന്റെ തെറ്റിദ്ധാരണകൾ ആയിരുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞുവെന്ന് അംഗീകരിച്ചു കൊടുക്കാനുള്ള ഒരു അപകർഷത കൊണ്ടാവാം. ഞാൻ അമ്മുവിനോട് അപ്പോൾ തോന്നിയൊരു കള്ളം പറഞ്ഞു വിട്ടു.

“അത്.. എനിക്ക്.. എനിക്കൊരു ഫോട്ടോ നിന്റെ ഫോണിലെ ആപ്പിലിട്ടൊന്ന് എഡിറ്റ്‌ ചെയ്ത് എടുക്കാനാ…”

“മ്മ്.. എന്നാ എന്റെ ഡേറ്റ് ഓഫ് ബർത്ത് ആണ് പാസ്സ് വേർഡ്‌…”

“വോക്കെ ടി.. താങ്ക്സ്..”

ലോക്ക് മാറ്റി ഫോൺ ഓപ്പൺ ആക്കിയതും വിരലുകൾ ഓടിയത് കോൺടാക്ട് ബട്ടണിലേക്കാണ്. മനുവേട്ടൻ എന്ന കോൺടാക്ട് എന്റെ ഫോണിലേക്ക് സെന്റ് ചെയ്തു അവളുടെ വാട്സ്ആപ്പിൽ നിന്നും ആ മെസ്സേജ് ഡിലീറ്റ് ചെയ്തു ഞാൻ ഫോൺ തിരികെ വെച്ചു.

പിന്നെ എന്റെ ഫോണെടുത്തു ആ കോൺടാക്ട് സേവ് ചെയ്തു വെയ്ക്കുമ്പോൾ ഓർത്തു എന്ത് സേവ് ചെയ്യും……അമ്മുവൊക്കെ വിളിക്കുന്ന പോലെ മനുവേട്ടൻ.. ആ വിളി എനിക്ക് സെറ്റ് ആവോ.. ഏയ്‌.. നെവർ.. ഞാനും അങ്ങേരും തമ്മിലുള്ള ഒരു കിടപ്പു വശം വെച്ചു ഏട്ടൻ വിളിയൊക്കെ വൻ കോമഡിയാവും.. സോ ക്യാൻസൽ.. അതും പറഞ്ഞു ആ പേര് മെല്ലെ മായ്ച്ചു കളഞ്ഞു..പിന്നെ ചിന്തകളെ കുറച്ചു നേരം മനസ്സിലിട്ട് കുലുക്കി ഒരു കുസൃതി ചിരിയോടെ

“നേതാവ് ”

എന്ന് ഫീഡ് ചെയ്തു.
ഞാൻ പോലും അറിയാതെ വിരലുകൾ ആ നമ്പറിൽ അമർന്നു. രണ്ടോ മൂന്നോ റിങ്ങിന് ശേഷം ഹലോന്നുള്ള സ്വരം കാതിൽ പതിഞ്ഞപ്പോൾ ഒരു വിറയൽ ശരീരത്തിലൂടെ കടന്നു പോയി.അപ്പോഴാണ് ആ ബോധം ഉണ്ടായത്.

“യ്യോ ഞാൻ എന്ത് പറയും.. എന്തിനാ വിളിച്ചത് ചോദിച്ചാൽ..ഈശോയെ പെട്ടല്ലോ..”

മനസ്സിൽ ഓർത്തതും വീണ്ടും കേട്ടു.

“ഹലോ..”

“ഹലോ.. ഇത്.. ഞാൻ.. അത് പിന്നെ..”

വായിൽ വരുന്ന വാക്കുകളെ കോർത്തിണക്കാൻ വെറുതെ ഒരു പാഴ് ശ്രമം നടത്തി. തോറ്റു പോയി. ഒടുക്കം ഒന്നുല്ലന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു. ഇനി അങ്ങേര് എങ്ങാൻ ഈ നമ്പറിലേക്ക് തിരിച്ചു വിളിക്കുമോന്ന് ഭയന്ന് ഫോണും ഓഫ് ചെയ്തിട്ടു. ഒരു ഞൊടിയിടയിൽ കണ്ണ് ബാത്‌റൂമിന്റെ ഡോറിലേക്ക് പാഞ്ഞു അമ്മു കുളി കഴിഞ്ഞു ഇറങ്ങിയില്ലെന്ന് ഉറപ്പാക്കി. പിന്നെ ഒരു നിമിഷം കൊണ്ട് ക്രമാതീതമായി വർധിച്ച ശ്വാസഗതിയെ ഒരുവിധം നേരെയാക്കി നീണ്ടൊരു നെടു വീർപ്പിടുമ്പോൾ ചുണ്ടിൽ ഒരു കള്ളച്ചിരി ഉടലെടുക്കുന്നുണ്ടായിരുന്നു. അടുത്തിരുന്ന തലയിണയിൽ മുഖമമർത്തി ആ കള്ളച്ചിരി ഒളിപ്പിക്കുമ്പോൾ ഞാൻ അറിഞ്ഞു എന്നിൽ തളിർക്കുന്ന പുതിയ മാറ്റങ്ങളെ.

(തുടരും )