22/04/2026

മരുമകൾ : ഭാഗം 32

രചന – ഗംഗ ശലഭം

” നിങ്ങൾ ഇവിടെ നിക്കാണോ? ”

പിറകിൽ ആരുടെയോ സംസാരം കേട്ടാണ് ഞങ്ങൾ തിരിഞ്ഞു നോക്കിയത്.

” ഹാ…. സാറിതെപ്പോ വന്നു….? ഞങ്ങൾ വന്നപ്പോ ആരും ഇല്ല. വെറുതെ അവിടെ ഇരുന്ന് ബോർ അടിക്കണ്ട എന്ന് കരുതി കോളേജ് ഒക്കെ ഒന്ന് കാണാന്ന് കരുതി ഇറങ്ങിയതാ…. ”

അത്രയും ആ സാറിനോടായി പറഞ്ഞിട്ട് ഹരിയേട്ടൻ എന്റെ നേർക്ക് തിരിഞ്ഞു.

” ഇത് മഹേഷ്‌ സാറ്. ഇത് സാറിന്റെ വൈഫ്….”

ഞാനും അവരെ നോക്കി ചിരിച്ചു. മഹേഷ്‌ സാറിന്റെ വൈഫ്‌ ഏതോ ബാങ്കിൽ വർക്ക്‌ ചെയ്യുകയാണത്രേ… പക്ഷെ ജാഡ ഒന്നും ഇല്ലാത്ത ഒരു പാവം. മഹേഷ്‌ സാറും അങ്ങനെ തന്നെ.

ഞങ്ങൾ പിന്നീട് ഒരുമിച്ചാണ് നടന്നത്.

കുറച്ചു കൂടി മുന്നോട്ട് നടന്നപ്പോ ഒരു ഭാഗത്ത് പലതരം കൃഷി കണ്ടു. ചീരയും വെള്ളരിയും വേണ്ടയും പയറും അങ്ങനെ എന്തൊക്കെയോ…

ചുവന്ന പട്ട് വിരിച്ചത് പോലെ ചീര വളർന്ന് നിൽക്കുന്നത് കാണാൻ വല്ലാത്ത ഒരു ഭംഗി ഉണ്ടായിരുന്നു.

” ഹാ… ഇത് ഹരീഷ് സാറിന്റെ കൃഷിയിടമാ…. ഈ കോളേജിലെ കർഷക ശ്രീയാ ഈ നിക്കണത്…. ”

മഹേഷ്‌ സാർ എന്നോടായി പറഞ്ഞു കൊണ്ട് ഹരിയേട്ടനെ കളിയാക്കുന്നുണ്ട്. ഞാൻ ഒന്നും മനസ്സിലാവാതെ ആളിനെ നോക്കി.

” ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ? കോളേജിലെ കൃഷിയെപ്പറ്റി? ആ കൃഷിയാണ് ഈ കൃഷി…. ”

ഹരിയേട്ടൻ വിശദമാക്കിയപ്പോഴാണ് ഞാനും അത് ഓർത്തത്. കോളേജിലെ നേച്ചർ ക്ലബ്‌ ന്റെ കോർഡിനേറ്റർ ഹരിയേട്ടൻ ആണെന്നും, നേച്ചർ ക്ലബ്‌ ഇത്തവണ കോളേജിൽ എന്തൊക്കെയോ കൃഷി ചെയ്യുന്നുണ്ടെന്നും ഒക്കെ ഇടയ്ക്ക് ആള് പറഞ്ഞിരുന്നു. അതാവും ഇത്.

” സാറേ…. നിങ്ങടെ വളമിടാത്ത പച്ചക്കറി ഞാൻ കഴിക്കാൻ എടുക്കാണ് ട്ടോ…. ”

എന്നും പറഞ്ഞ് മഹേഷ്‌ സാറ് രണ്ട് മൂന്ന് വെള്ളരിക്ക പിഞ്ച് പൊട്ടിച്ചെടുത്തു. അടുത്തുള്ള ഒരു ടാപ്പ് തുറന്ന് സാറ് തന്നെ അത് കഴുകീട്ട് ഓരോന്ന് ഹരിയേട്ടനും സാറിന്റെ വൈഫിനും കൊടുത്തു. ഒന്ന് എനിക്കും നീട്ടി. ഞാൻ ഒന്ന് മടിച്ചു നിന്നെങ്കിലും ഹരിയേട്ടൻ കണ്ണ് ചിമ്മി കാണിച്ചപ്പോ ഞാനും അത് കൈ നീട്ടി വാങ്ങി.

അതും കടിച്ച് തിന്ന് എന്തൊക്കെയോ സംസാരിച്ചു കൊണ്ടാണ് ഫങ്ക്ഷൻ നടക്കുന്നിടത്തേയ്ക്ക് ഞങ്ങൾ നടന്നത്. മഹേഷ് സാറിന്റെ വൈഫിന്റെ പേര് ലക്ഷ്മി. എന്നേക്കാൾ മുതിർന്നതാണ്. പത്തു മുപ്പത് വയസ്സ് വരും. എങ്കിലും ജാഡ ഇടാതെ നന്നായി സംസാരിക്കുന്നൊരു ചേച്ചി.

ഓഡിറ്റോറിയത്തിൽ വച്ചാണ് ഫങ്ക്ഷൻ. സാമാന്യം വലിപ്പമുണ്ടവിടെ. ഞങ്ങൾ ചെല്ലുമ്പോൾ ഒത്തിരി പേര് വന്നിരുന്നു. ലേഡീ ടീച്ചേർസ് എല്ലാം ഇങ്ങോട്ട് വന്ന് മിണ്ടി. എന്റെ അമ്മേടെ പ്രായം ഉള്ളവരാണ് പലരും. അവരൊക്കെ മകളോടെന്ന പോലെയൊക്കെയാണ് സംസാരിച്ചത്.

അമ്മ പറഞ്ഞത് പോലെ ആരിലും ഞാൻ ആഡംബരവും തലക്കനവും ഒന്നും കണ്ടില്ല. ഒന്ന് രണ്ട് ടീച്ചേർസ് ഒക്കെ ഹൈലി മോഡേൺ ആണെന്ന് തോന്നി എങ്കിലും സൗഹൃദത്തിൽ തന്നെയാണ് അവരെന്നോട് ഇടപഴകിയത്.

ഹരിയേട്ടൻ കൂടെയുള്ള അദ്ധ്യാപകരുടെ ഒപ്പം പോയപ്പോ ഞാൻ ആ ടീച്ചർസിന്റെ കൂടെയാണ് ഇരുന്നത്. ലക്ഷ്മി ചേച്ചി എന്റെ അടുത്ത് തന്നെ ഇരുന്നത് എനിക്ക് ആശ്വാസമായി തോന്നി.

ഞങ്ങൾ അങ്ങനെ വട്ടത്തിൽ കസേരയിട്ടിരുന്ന് സംസാരിച്ചിരിക്കുകയായിരുന്നു….. ഞാൻ അധികം സംസാരിക്കാത്ത കൂട്ടത്തിൽ ആണെന്ന് മനസ്സിലായത് കൊണ്ടാകും ലക്ഷ്മി ചേച്ചി അവരുടെ സംസാരത്തിൽ എന്നെകൂടി ഇൻവോൾവ് ചെയ്യിക്കാൻ ശ്രമിക്കുന്നുണ്ട്.

” ഇതാരാ…? ഇന്ദു ടീച്ചറിന്റെ മോളാണോ? ”

തല ചരിച്ചു നോക്കുമ്പോ ഇച്ചിരി പ്രായമുള്ള ഒരദ്ധ്യാപകനാണ്. എന്നെയും ഇന്ദു ടീച്ചറിനെയും മാറി മാറി നോക്കുന്നു.

” ഇത് ഹരീടെ വൈഫാ…. ”

ടീച്ചർ ചിരിയോടെ പറഞ്ഞു.

” ആണോ? ഞാൻ കരുതി ടീച്ചറിന്റെ ഇളയ മോളാകുമെന്ന്. ”

സാർ എന്തൊ അബദ്ധം പിണഞ്ഞത് പോലെ പറയുന്നുണ്ട്.

” അതിനെന്താ സാറേ….? എന്റെ ദച്ചൂട്ടി ഈ ദേവൂട്ടിയേക്കാൾ മൂത്തതാകാനെ വഴിയുള്ളൂ….. ”

എന്റെ കയ്യിൽ പിടിച്ചു കൊണ്ട് ഇന്ദു ടീച്ചർ പറഞ്ഞപ്പോ അറിയാതെ എന്റെ ചുണ്ടിലും ചിരി വിരിഞ്ഞു.

പ്രിൻസിപ്പൽ വന്നതും ഫങ്ക്ഷൻ തുടങ്ങി. ആരൊക്കെയോ വന്ന് സംസാരിച്ചു. ഇടയ്ക്ക് ഹരിയേട്ടനും സംസാരിക്കുന്നത് കണ്ടു. ആള് സ്റ്റാഫ്‌ ക്ലബ്‌ന്റെയും ട്രഷററോ മറ്റോ ആണ്.

” ഹരി ഈ കോളേജിലെ ആൾ ഇൻ ആൾ ആണ് ” എന്ന് ഇടയ്ക്ക് ഏതോ ടീച്ചറിന്റെ കമെന്റും കേട്ടു. അത് കേട്ടപ്പോ എനിക്ക് ചെറിയ രീതിയിൽ അഭിമാനം ഒക്കെ തോന്നി. അവര് പറഞ്ഞ ആ ഹരി എന്റെ സ്വന്തം ആണല്ലോ?

അതിനൊക്കെ ഇടയിൽ ലോട്ട് എടുക്കലും സമ്മാനവിതരണവും അന്താക്ഷരിയും ഒക്കെയായി സമയം പോയത് അറിഞ്ഞതേയില്ല. ഓരോരുത്തരുടെയും കളിയും ചിരിയും തമാശ പറച്ചിലും ഒക്കെ കാണുമ്പോ ഇവരൊക്കെ അദ്ധ്യാപകരാണോ എന്ന് പോലും തോന്നിപ്പോയി.

ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോഴാണ് പിന്നീട് ഹരിയേട്ടനും മഹേഷ്‌ സാറുമൊക്കെ അടുത്ത് വരുന്നത്. എനിക്ക് ഒരു പ്ളേറ്റിലേക്ക് ഫുഡ്‌ എടുത്തു തന്ന ശേഷമാണ് ഹരിയേട്ടനും മറ്റൊരു പ്ളേറ്റിലേക്ക് പകർന്നെടുത്തത്. കൂടുതലും നോൺ വെജ് വിഭവങ്ങളാണ്.

ഞാനും ഹരിയേട്ടനും മഹേഷ്‌ സാറും ലക്ഷ്മി ചേച്ചിയും കൂടി ഒരു ടേബിളിന് ചുറ്റും കഴിക്കാൻ ഇരുന്നപ്പോ മാനേജർ അച്ചനും കൂടി ഫുഡുമായിട്ട് ഞങ്ങളുടെ അടുത്ത് വന്നിരുന്നു.

കണ്ടാൽ വലിയ ഗൗരവക്കാരൻ ആണെന്ന് തോന്നുമെങ്കിലും ആള് കൊച്ച് പിള്ളെരെക്കാൾ കഷ്ടമാണെന്ന് സംസാരിച്ചു തുടങ്ങിയപ്പോഴാണ് മനസ്സിലായത്. നൂറ്റാണ്ടുകൾക്ക് മുൻപുള്ള ചളിയൊക്കെ പറഞ്ഞു തനിയെ ചിരിക്കുന്നുണ്ട്.

ഇപ്പോ മീനു എങ്ങാനും ഉണ്ടായിരുന്നെങ്കിൽ കുറേ കൗണ്ടറുകൾ കേൾക്കാമായിരുന്നു എന്നോർത്തപ്പോ എനിക്കും ചിരി വന്നു. ഞാൻ ചിരിച്ചത് അച്ചന്റെ ചളി കേട്ടിട്ടാണ് എന്ന് തോന്നിയാകും മാനേജർ അച്ചൻ പിന്നെ നിർത്താതെ സംസാരമായിരുന്നു.

ഇതൊക്കെ എന്റെ അസ്ഥാനത്തെ ചിരി വരുത്തി വച്ച വിനയാണെന്ന് മനസ്സിലായിട്ടാകും ഹരിയേട്ടനും മഹേഷ്‌ സാറും കൂടി എന്നെ നോക്കി കണ്ണുരുട്ടി പേടിപ്പിക്കുന്നുണ്ട്. ലക്ഷ്മി ചേച്ചി പിന്നെ ചിരിയോടെ ഒരേ ഇരിപ്പാണ്. ഞാൻ അവരെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ച് ഇരുന്നു.

അല്ല അവരേം കുറ്റം പറയാൻ പറ്റില്ല…
സത്യം പറയട്ടെ….. അച്ചന്റെ തമാശ കേട്ടാൽ ഇക്കിളി ആക്കിയാൽ പോലും ചിരിക്കാൻ തോന്നൂല്ല. കരച്ചിലെ വരൂ…. നമ്മുടെ ശ്രീനിവാസന്റെ ‘ ബാർബർ ഷോപ്പിലെ തമാശ ‘ പോലെ ചിലത്….

ഫുഡ്‌ ഒക്കെ കഴിഞ്ഞ് ഇറങ്ങിയപ്പോ ഏതാണ്ട് പത്തരയോളമായി.

” സാറേ…. നിങ്ങള് ബൈക്കിൽ അല്ലെ? ”

മഹേഷ്‌ സാർ ചോദിച്ചപ്പോ ഹരിയേട്ടൻ അതേന്ന് പറയുന്നത് കേട്ടു.

” എന്നാ മുത്തപ്പൻ സാറിന്റെ കൂടെ ഇറങ്ങിയാ മതി. ”

എന്നും പറഞ്ഞ് മഹേഷ്‌ സാർ തന്നെ മുത്തപ്പൻ സാറിനെ വിളിച്ചു. മുത്തപ്പൻ സാറ് ഒറ്റയ്ക്കാണ് വന്നത്. ഫാമിലി ഇല്ല. സാറിനൊപ്പം വേറെ രണ്ട് അദ്ധ്യാപകരും കൂടി ഉണ്ടായിരുന്നു.

ഞങ്ങൾ ഒരുമിച്ചിറങ്ങി.

മഹേഷ്‌ സാറും ലക്ഷ്മി ചേച്ചിയും യാത്ര പറഞ്ഞു പോയി.

സിറ്റി റോഡിലേക്ക് കേറും വരെ മുത്തപ്പൻ സാറിന്റെ കാർ ഞങ്ങളുടെ ബൈക്കിന് പിറകെ ഉണ്ടായിരുന്നു. അത് കഴിഞ്ഞു സാറും കാറിലിരുന്ന് കൈ വീശി വേറെ വഴി പോയി.

” നമ്മൾ വന്ന വഴിയില്ലേ? രാത്രി വരാൻ അത്ര ബെറ്റർ അല്ല. മോഷണം ഒക്കെ ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതാണ്‌ മുത്തപ്പൻ സാറും കൂടി വന്നത്. നീയും കൂടി ഉള്ളതല്ലേ? ഞാൻ ഒറ്റയ്ക്കാണേൽ പിന്നേം കുഴപ്പമില്ല. ”

എനിക്ക് തോന്നിയ സംശയം ഹരിയേട്ടൻ തന്നെ ക്ലിയർ ചെയ്തു തന്നു.

വീട്ടിൽ എത്തുമ്പോ ഏതാണ്ട് പതിനൊന്നരയോളം ആയിരുന്നു. അച്ഛൻ ഉറങ്ങിക്കഴിഞ്ഞിരുന്നു. അമ്മ എന്തോ പുരാണപുസ്തകം വായിച്ചിരിപ്പുണ്ട്.

ഞങ്ങളെ കണ്ടതും ഒന്ന് മൈൻഡ് പോലും ചെയ്യാതെ എഴുന്നേറ്റ് അകത്തേയ്ക്ക് പോകുന്നത് കണ്ടു. ഞാൻ ഹരിയേട്ടന്റെ മുഖത്ത് നോക്കുമ്പോ ആള് കണ്ണ് ചിമ്മി കാണിച്ചു. അവിടെ പിന്നെ എപ്പോഴും അങ്ങനെ ആണല്ലോ?

റൂമിൽ കയറി ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്തു ഫ്ലാസ്ക്കും എടുത്ത് അടുക്കളയിൽ വെള്ളമെടുക്കാനായി ചെല്ലുമ്പോ അമ്മ അവിടെയുണ്ട്.

” നിങ്ങള് നോൺ വെജ് കഴിച്ചോ? ”

ചോദ്യത്തിലൊക്കെ ഒരു മയമുണ്ട്. പക്ഷെ മുഖത്ത് വലിയ തെളിച്ചമില്ല.

” കഴിച്ചമ്മേ…. ”

ഞാൻ ഫ്ലാസ്ക്കിലേക്ക് വെള്ളം ഒഴിച്ചെടുക്കുന്നതിനിടയിൽ പറഞ്ഞു.

” ഹ്മ്മ്… നാളെ കോവിലിൽ പോണില്ലേ? ”

” പോകുന്നുണ്ട്. രാവിലെ അഞ്ചരയ്ക്ക് പോകാന്നാ പറഞ്ഞത്. ”

” മ്മ്… ”

അതിനും ഒന്നിരുത്തി മൂളി കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അമ്മ അടുക്കളയിൽ നിന്നും ഇറങ്ങിപ്പോയി.

ഇതെന്ത് കൂത്ത്? നാളത്തെ യാത്ര മുടക്കാനുള്ള പുതിയ പ്ലാൻ ഉണ്ടാക്കുന്നതിന്റെ മുന്നോടിയാണോ ഈ പിണക്കം എന്ന് ആലോചിച്ച് കുറച്ചു നേരം അവിടെത്തന്നെ നിന്നു ഞാൻ….

നാളെ ഇടാനുള്ള ഡ്രസ്സ്‌ ഒക്കെ രാവിലെ തന്നെ അയൺ ചെയ്തു വച്ചിരുന്നു. അത് കൊണ്ട് വെള്ളവും എടുത്തു റൂമിലേക്ക് ചെന്ന പാടേ കട്ടിലിലേക്ക് കയറി കിടന്നു. കുടന്നതേ ഉറങ്ങിപ്പോയി. പിന്നീട് ഉണർന്നത് നാല് മണിക്കുള്ള അലാറം കേട്ടിട്ടാണ്.

ഞാൻ എഴുന്നേറ്റ് ഒന്ന് ഫ്രഷായി അടുക്കളയിലേക്ക് ചെല്ലുമ്പോഴും അമ്മ എഴുന്നേറ്റിയിരുന്നില്ല.

🦋 🦋 🦋 🦋 🦋