രചന – ഭാഗ്യലക്ഷ്മി
രാവണപാതി💔
“ഇന്നൊരു രാത്രിയിലേക്ക് തൻ്റെ മോളെ അങ്ങോട്ട് പറഞ്ഞ് വിട്ടേക്ക്… തരാനുള്ള കാശങ്ങ് ഞാൻ എഴുതി തള്ളിയേക്കാം..”
കൈയ്യിലിരിക്കുന്ന പാതിയെരിഞ്ഞ സിഗരറ്റ് ഒന്നും കൂടെ ആഞ്ഞ് വലിച്ചു കൊണ്ടവൻ ഉറച്ച സ്വരത്തിൽ പറഞ്ഞതും ആ വൃദ്ധൻ നടുങ്ങി….
കിടക്കയിൽ കിടന്നു കൊണ്ടയാൾ അവന് നേരെ ചീറി… ചലിപ്പിക്കാനാവാത്ത തൻ്റെ കാലുകളെ അയാൾ ശപിച്ചു…
“എടാ…!!” അവന് നേരെ വിരൽ ചൂണ്ടി അയാൾ എരിയുന്ന മിഴികളോടെ നോക്കി….
“എന്ത് പറ്റിയെടോ…?? മേലേടത്ത് ഇന്ദ്രൻ്റെ കൈയ്യീന്ന് കാശ് വാങ്ങിക്കോണ്ട് പോയപ്പോൾ അത് തിരികെ തരണമെന്ന് കാർന്നോർ ഓർത്തില്ലായിരുന്നോ…? താൻ പണം തരാമെന്ന് പറഞ്ഞ അവസാന ദിവസം കഴിഞ്ഞിട്ട് ഇന്നേക്ക് മൂന്ന് മാസം ആയി… താൻ ആക്സിഡൻ്റ് വന്ന് കിടപ്പിലായത് കൊണ്ട് കാശ് തരെണ്ടാന്ന് വെച്ചോ…?? ഇന്ദ്രനെ തനിക്കറിയില്ല…!! മാന്യതയാണെങ്കിൽ മാന്യത… അല്ല ചതിക്കാനാണ് ഭാവമെങ്കിൽ……!!”
അവൻ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞ് നിർത്തിയതും വാതിലിന് പിന്നിൽ നിന്ന് എല്ലാം മറഞ്ഞ് കേട്ട വൈദേഹിയുടെ മിഴികൾ നിറഞ്ഞൊഴുകി…
“ഇന്ദ്രാ… നിന്നെ ചതിക്കാൻ ആരും ശ്രമിച്ചിട്ടില്ല… നിൻ്റെ പണം തിരികെ തരാൻ തന്നെയാണ് വാങ്ങിയത്… പക്ഷേ… പക്ഷേ ഞാനീ അവസ്ഥയിൽ ആയി പോയില്ലേ… ഞങ്ങളുടെ കിടപ്പാടം പോലും പണയത്തിൽ ആണ്… ഒരു നിവൃത്തിയും ഇല്ല ഇന്ദ്രാ എനിക്ക്…..”
ഇടർച്ചയോടെ അത് പറയുമ്പോൾ അയാളുടെ നിസ്സഹായവസ്ഥ ഇരു മിഴികളിലും പ്രകടമായിരുന്നു…
“അത് തന്നെ അല്ലേടോ ഞാനും പറഞ്ഞത്… കാശില്ലെങ്കിൽ അവളുണ്ടല്ലോ തൻ്റെ മോള്… അവളെ അങ്ങോട്ട് വിട്ടേക്ക്…”
“ഇന്ദ്രാ…. പറ്റില്ല… അത് മാത്രം പറ്റില്ല…”
അയാൾ ഉറച്ച സ്വരത്തിൽ പറഞ്ഞു…
“എടോ….” ദേഷ്യത്തിൽ ഇന്ദ്രൻ അയാളുടെ കൊങ്ങയിൽ കുത്തിപ്പിടിച്ചു….
അത് കണ്ടതും വൈദേഹി ഓടി മുറിയിലേക്ക് കയറി…
“വേണ്ട… വേണ്ട… അച്ഛനെ ഒന്നും ചെയ്യരുത്…” അവൾ യാചന നിറഞ്ഞ സ്വരത്തിൽ പറഞ്ഞു….
“ങും…. അപ്പോൾ തന്തയോട് പറഞ്ഞത് മോളും കേട്ട് കാണുമല്ലോ… ഇന്ന് രാത്രി മേലേടത്തോട്ട് അങ്ങ് വന്നേര്…. ഇനീം വരാതിരിക്കാനാണ് ഭാവമെങ്കിൽ നാളെ രാവിലെ ഇന്ദ്രൻ ഒന്നും കൂടെ ഇങ്ങോട്ട് വരും… തരാനുള്ള അഞ്ച് ലക്ഷം രൂപ എടുത്ത് വെച്ചേക്കണം… ഇല്ലെങ്കിൽ ഇതാവില്ല ഇന്ദ്രൻ്റെ ഭാവം…!! പിന്നെ അച്ഛനും മോളും കൂടി വല്ലടുത്തോട്ടും മുങ്ങാൻ എങ്ങാനും പ്ലാൻ ഉണ്ടെങ്കിൽ…. ഈ മര്യാദയൊക്കെ ഇന്ദ്രനങ്ങ് മറക്കും….”
തൻ്റെ മുൻപിൽ ഈറൻ മിഴികളോടെ നിൽക്കുന്നവളെ നോക്കിയൻ അത് പറഞ്ഞപ്പോൾ അവൻ്റെ കൺകോണിൽ കരുണയുടെ നേരിയ കണികയെങ്കിലും ഉണ്ടോ എന്ന അവളുടെ പരതൽ വെറും വിഫലമായി തീർന്നിരുന്നു….!!
“ഇന്ദ്രൻ്റെ അവസാന താക്കീതാ ഇത്…!!”
ഇരുവർക്കും നേരെ വിരൽ ചൂണ്ടിക്കൊണ്ട് അവൻ ഭീഷണി നിറഞ്ഞ സ്വരത്തിൽ പറഞ്ഞവസാനിപ്പിച്ചു…
പോകും മുമ്പ് വാതിലിൻ്റെ മറവിൽ നിൽക്കുന്ന വൈദേഹിക്ക് നേരം ഒന്നും കൂടെ മിഴികൾ നീട്ടാൻ അവൻ മറന്നില്ല…
വർദ്ധിച്ച ഹൃദയമിടിപ്പോടെ അവൻ മറയുന്ന കാഴ്ച അവൾ ജനലഴികൾക്കിടയിൽ കൂടെ നോക്കി നിന്നു…. ഉള്ളിൽ വല്ലാത്ത നീറ്റൽ… ദേഷ്യവും അമർഷും നിസ്സഹായവസ്ഥയും എല്ലാം ഉള്ളാകെ ആർത്തിരമ്പി ഹൃദയത്തെ തളർത്തുന്നു…
വേദനയോടെ അവൾ അച്ഛൻ്റെ മുറിയിലേക്ക് കയറി… ഉറയ്ക്കാത്ത കാലടികൾ തളരുന്ന അവളുടെ ശരീരത്തെയും താളം തെറ്റിയ ഹൃദയമിടിപ്പുകൾ അസ്വസ്ഥമായ അവളുടെ മനസ്സിനേയും അയാൾക്ക് മുൻപിൽ വിളിച്ചോതി…
നിശ്ചലമായി തീർന്ന തൻ്റെ ഉടലിനെയും തനിക്ക് വന്ന് ചേർന്ന ദുർവ്വിധിയേയും അയാൾ പഴിച്ചു… മുഖമുയർത്തി മകളെ നോക്കാൻ അയാൾക്ക് സാധിക്കുന്നുണ്ടായിരുന്നില്ല….
“മോളെ….” അയാൾ ഇടർച്ചയോടെ വിളിച്ചതും അവൾ വിങ്ങിപ്പൊട്ടി ആ നെഞ്ചോരം ചേർന്നു…
“ഈ അച്ഛന് ജീവച്ഛവം പോലെ കിടക്കേണ്ടി വന്നോണ്ടല്ലേ എൻ്റെ കുട്ടിയോട് ഇത് പറയാനുള്ള ധൈര്യം അവനുണ്ടായത്… ഒന്നും ചെയ്യാൻ പറ്റാതെ വന്നല്ലോ എനിക്ക്… എൻ്റെ ഭഗവാനേ ഇന്ദ്രൻ പറഞ്ഞാൽ പറഞ്ഞതാണ്… എങ്ങനെയും നാളെ അവൻ്റെ പണം കൊടുത്തേ മതിയാവൂ..”
ഒരു മാർഗ്ഗവും മുൻപിൽ തെളിയാതിരുന്നപ്പോഴും തൻ്റെ മകളെ വിട്ടു കൊടുക്കാൻ സാധിക്കാത്തതിനാൽ ആ വൃദ്ധൻ വെറുതെ പുലമ്പി…
“പക്ഷേ… അച്ഛാ…. ഇത്രയും പണം എങ്ങനെ…? അതും ഇത്ര ചുരുങ്ങിയ നേരത്തിൽ….”
വേദനയോടെ അവൾ ഉന്നയിച്ച ആ ചോദ്യം അയാളുടെ ഉള്ളിലും ഉത്തരമില്ലാതെ ഉഴലുകയായിരുന്നു…
അച്ഛന് ഒരൂഹവും ഇല്ലെന്ന് മനസ്സിലായതും അവൾ പതിയെ എഴുന്നേറ്റു പുറത്തേക്ക് നടന്നു…
ഒന്നും ഇല്ല ഇനീം വിറ്റ് പെറുക്കാൻ… അമ്മയുടെ ചികിത്സയ്ക്കായി വാങ്ങിയ പണം… എന്നാൽ സർവ്വതും വിറ്റ് പെറുക്കിയിട്ടും ഫലമുണ്ടായില്ല… അമ്മ തങ്ങളെ വിട്ടു പോയി… തൊട്ടുപിന്നാലെ ആയി അച്ഛന് വന്ന ആക്സിഡൻ്റ്… അതോടെ അച്ഛൻ തളർന്ന് കിടപ്പിലായി… ഓടിട്ട ഈ ഇരു മുറി വീടും പണയത്തിൽ…. ആരോട് സഹായം ചോദിക്കും..? പറയത്തക്ക ബന്ധുക്കൾ ആരും തന്നെയില്ല….
ഒക്കെ ഓർക്കെ അവൾക്ക് വല്ലാതെ പരിഭ്രമം തോന്നി…
നാളെ രാവിലെ പത്ത് മണി വരെയല്ലേ സമയം ഉള്ളൂ…
അവൾ ധൃതിയിൽ റെഡിയായി… അച്ഛൻ്റെ മരുന്നുകൾ തീരാറായിരിക്കുന്നു… കാതിലുണ്ടായിരുന്ന അവസാന തരി പൊന്നും വിറ്റിട്ടാ കഴിഞ്ഞ മാസം മരുന്ന് വാങ്ങിയത്…
അവൾ വേദനയോടെ ഓർത്തു…
അച്ഛനോട് പറഞ്ഞിട്ട് വീടും പൂട്ടി എങ്ങോട്ടെന്നില്ലാതെ അവൾ നടന്നു… പരിചയത്തിലുള്ള രണ്ട് മൂന്ന് വീടുകൾ കയറി ഇറങ്ങി… പതിവു പോലെ തന്നെ.. തിരിച്ചടയ്ക്കാൻ തനിക്ക് നിവൃത്തി ഇല്ലെന്നറിയാവുന്നവർ നിഷ്കരുണം കൈയ്യൊഴിഞ്ഞു…
അവളുടെ ചെന്നിയിൽ നിന്നും ഒഴുകുന്ന വിയർപ്പു തുള്ളികളും മുഖത്ത് പടർന്ന കരിവാളിപ്പും ചുട്ടുപൊള്ളുന്ന വെയിലിനെ വിളിച്ചോതി…
നാളെ രാവിലത്തേക്ക് എങ്ങനെയാ ഈശ്വരാ അരി വാങ്ങാൻ പോലും കാശില്ലാത്ത ഞാൻ അഞ്ച് ലക്ഷം രൂപ ഉണ്ടാക്കുന്നത്…? അച്ഛൻ പറഞ്ഞത് പോലെ ആ രാവണൻ പറഞ്ഞാൽ പറഞ്ഞതാണ്.. അങ്ങേരുടെ കാശ് എങ്ങനെയെങ്കിലും കൊടുത്ത് തീർക്കണം… ഇതീ വൈദേഹിയുടെ വാശിയാണ്…!!
അവളുടെ ഓർമ്മയിലേക്ക് കോളേജ് പ്രൊഫസർ ആയിരുന്ന ഋഷിത്ത് സാറിൻ്റെ മുഖം തെളിഞ്ഞ് വന്നു.. സാറ് well settled ആണ്… പഠിക്കാൻ മിടുക്കി ആയിരുന്നത് കൊണ്ട് തന്നോട് അദ്ദേഹത്തിന് ഒരു പ്രത്യേക താത്പര്യം ഉണ്ടായിരുന്നെന്നവൾ ഓർത്തു… ഈ അവസാന നിമിഷം സഹായം അഭ്യർത്ഥിക്കാൻ തനിക്കദ്ദേഹം മാത്രമേ ഉള്ളൂ…
കൈയ്യിലുള്ള കാശ് നുള്ളിപ്പെറുക്കിയവൾ ഋഷിത്തിൻ്റെ വീട്ടിലേക്ക് പുറപ്പെട്ടു… സമയം കുറേ കടന്ന് പോയി…
വിജനമായ വഴികൾ താണ്ടിയവൾ ആ ഇരുനില വീടിൻ്റെ ഗേറ്റിന് മുൻപിൽ ചെന്ന് പ്രതീക്ഷയോടെ നോക്കി…
“ആരാ…? ങേ..?” വാച്ച് മാൻ വൈദേഹിയെ നോക്കി സംശയത്തോടെ ചോദിച്ചു..
“അല്ല ഋഷിത്ത് സർ…”
“സാറിനെ കാണാൻ വന്നതാണോ…?”
“അതെ… ഞാൻ വൈദേഹി… സാറിൻ്റെ former student ആണ്…”
“കുട്ടി അകത്തേക്ക് വാ…” ഗേറ്റ് തുറന്ന് കൊടുത്ത് കൊണ്ടയാൾ പറഞ്ഞതും വൈദേഹി പ്രതീക്ഷയോടെ അകത്തേക്ക് കയറി…
അകത്തേക്ക് കടന്ന് വരുന്ന വൈദേഹിയെ കണ്ടതും ഋഷിത്തിൻ്റെ മിഴികൾ തിളങ്ങി…
“അല്ല ഇതാരാ വൈദേഹിയോ..?? പിജി കഴിഞ്ഞതിൽ പിന്നെ തന്നെ കണ്ടിട്ടേ ഇല്ലല്ലോ…” ഋഷിത്ത് പറഞ്ഞതും അവൾ പുഞ്ചിരിച്ചു…
“വന്ന കാലിൽ നിൽക്കാതെ താൻ ഇരിക്ക്… കുടിക്കാൻ എന്താ വേണ്ടെ..? ചായയോ കാപ്പിയോ..? അതോ ഇനീം ജ്യൂസ് വല്ലോം വേണോ..?”
“ഒന്നും വേണ്ട സർ… ഞാൻ..ഞാനൊരു സഹായം ചോദിക്കാൻ വന്നതാ…”
“ങും… എന്ത് സഹായം..?”
“അത് പിന്നെ സർ… എനിക്ക് ഒരു അഞ്ച് ലക്ഷം രൂപ വേണം… urgent ആണ്…”
“അഞ്ച് ലക്ഷം രൂപയോ..?”
“അതെ സർ… കടമായിട്ട് മതി…”
“കടമായിട്ടോ..? ഞാൻ കടം തന്നാൽ താൻ അതെങ്ങനെ വീട്ടും വൈദേഹി..? തൻ്റെ വീട്ടിലെ അവസ്ഥ എനിക്ക് അറിയാവുന്നതാണ്..”
വൈദേഹി നിസ്സഹായതയോടെ മിഴികൾ താഴ്ത്തി….
“എനിക്ക് ചോദിക്കാൻ വേറെ ആരും ഇല്ലാത്തോണ്ടാണ് സർ… മാത്രമല്ല നാളെ രാവിലെ പത്ത് മണിക്ക് മുൻപ് എനിക്ക് പണം കിട്ടിയേ തീരൂ…”
“ങും ശരി… താൻ ടെൻഷൻ ആവണ്ട… ഞാൻ പണം തരാം…”
ഋഷിത്ത് പറഞ്ഞതും വൈദേഹിയുടെ മുഖത്ത് ആശ്വാസം പടർന്നു…
“ഒരുപാട് നന്ദി സർ… ഞാൻ എങ്ങനെയെങ്കിലും തിരികെ തന്നോളാം..”
നീ തിരികെ തരണ്ട മോളെ… ഞാനത് മുതലാക്കിക്കൊള്ളാം… അവളെ ഉഴിഞ്ഞു നോക്കിക്കൊണ്ട് അവൻ വന്യമായ ചിരിയോടെ ഓർത്തു…
“എന്തായാലും താനിവിടെ ഇരിക്ക്… ഞാൻ പോയി തനിക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കാം…”
“അയ്യോ സർ ഒന്നും വേണ്ട…”
“അങ്ങനെ പറഞ്ഞാൽ പറ്റില്ല… ആദ്യമായി എൻ്റെ വീട്ടിലേക്ക് വന്നിട്ട് ഒന്നും കഴിക്കാതെ പോകുന്നത് ശരിയല്ല..”
ഋഷിത്ത് പറഞ്ഞതും വൈദേഹി ഒന്ന് പുഞ്ചിരിച്ചു…
ഋഷിത്ത് നടന്നകന്നതും അവൾ നെടുവീർപ്പിട്ടു…
സമാധാനമായി… അല്ലെങ്കിൽ ആ രാവണന് മുൻപിൽ ഞാൻ…
അവൾ ഭീതിയോടെ ഓർത്തു…
ഇതേ സമയം ഋഷിത്ത് താൻ തയ്യാറാക്കിയ ജ്യൂസിൽ ഉറക്ക ഗുളിക കലർത്തുകയായിരുന്നു…
കുറേ നാളായി മോളെ വൈദേഹി നിന്നെ ഞാൻ ആഗ്രഹിക്കാൻ തുടങ്ങിയിട്ട്.. ഞാനായി നിന്നെ തേടി വരും മുൻപ് എന്തായാലും നീയായിട്ട് തന്നെ വന്നല്ലോ…
അവൻ അതും ഓർത്ത് വൈദേഹിക്കരികിലേക്ക് നടന്നു…
വൈദേഹി ആ വീട്ടിലെ അലങ്കാര പണികളിലേക്ക് കൗതുകത്തോടെ മിഴികൾ പായിച്ചിരിക്കുകയായിരുന്നു…
ചിരിയോടെ ജ്യൂസുമായി നടന്ന് വരുന്ന ഋഷിത്തിനെ കണ്ടവൾ പുഞ്ചിരിച്ചു… അതിന് പിന്നിലെ ചതി അറിയാതെ…!!
“ദാ ഇതങ്ങ് കുടിക്ക്…” ഋഷിത്ത് ചിരിയോടെ പറഞ്ഞു..
“വേണ്ടായിരുന്നു സർ…” അവൾ സൗമ്യമായി പറഞ്ഞു…
“തന്നെ കണ്ടാൽ തന്നെ അറിയാം വൈദേഹീ… താൻ കുറേ വെയില് കൊണ്ടിട്ടുണ്ടെന്ന്… അതു കൊണ്ട് ഇതങ്ങ് കുടിച്ചാട്ടെ…”
അവൻ പറഞ്ഞതും വൈദേഹി അതു വാങ്ങി…
“താനെന്താ നോക്കി ഇരിക്കുന്നത്..? കുടിക്ക് വൈദേഹി… ഞാൻ cash എടുത്തിട്ട് ഇപ്പോൾ വരാം…”
ഋഷിത്ത് അതും പറഞ്ഞ് എഴുന്നേറ്റു.. പോകും വഴി വൈദേഹി ജ്യൂസ് കുടിക്കുന്നത് അവൻ വിജയച്ചിരിയോടെ നോക്കി…
അവൾ രണ്ട് കവിൾ കുടിച്ചു… ഋഷിത്ത് തിരികെ വരുന്നത് കണ്ടതും അവൾ ഒറ്റ വലിക്ക് ബാക്കിയും കൂടെ കുടിച്ച് ഗ്ലാസ്സ് താഴ്ത്തി വെച്ചു…
“ദാ വൈദേഹീ പണം…”
അവൾ കൈകൾ നീട്ടി അത് വാങ്ങാൻ തുനിഞ്ഞതും തൻ്റെ കാഴ്ച മങ്ങുന്നത് പോലെ അവൾക്ക് തോന്നി… അവൾ അസ്വസ്ഥതയോടെ തലയിലേക്ക് കൈ വെച്ചു…
“എന്ത് പറ്റിയെടോ..?” ഉള്ളിൽ ചിരിച്ചു കൊണ്ട് ഋഷിത്ത് ചോദിച്ചു…
“അറിയില്ല സർ… പെട്ടെന്ന് ഒരു തളർച്ച പോലെ… എനിക്ക് തല കറങ്ങുന്നു…”
“പിന്നെ ഇക്കണ്ട വെയില് മൊത്തം കൊണ്ടാൽ ആർക്കായാലും തല കറങ്ങില്ലേ..? ഒരു കാര്യം ചെയ്യാം താൻ ഇത്തിരി നേരം ഒന്ന് കിടക്ക്…”
“വേണ്ട സർ…” തളർച്ചയോടെ അത് പറയുമ്പോൾ അവളുടെ പാതി ബോധം നഷ്ടമായിരുന്നു…
“അതെന്താ വൈദേഹി.. ഇനീം തനിക്ക് തിരികെ പോകാൻ ഉള്ളതല്ലേ..? ഇത്തിരി നേരം ഒന്ന് വിശ്രമിക്ക്
ബോധം പൂർണ്ണമായും മറഞ്ഞിരുന്നു…
ബോധരഹിതയായ അവളിലേക്കാവേശത്തിൽ അമരുവാൻ തുടങ്ങിയും വെളിയിലായി കേട്ട ഒച്ചയിൽ അവൻ്റെ കരങ്ങൾ പിൻ വാങ്ങി…
ഗേറ്റ് തള്ളിത്തുറന്ന് കൊണ്ട് തന്നിലേക്കടുക്കുന്നത് ഇന്ദ്രനാണെന്ന തിരിച്ചറിവ് ഋഷിയിൽ ഒരേ സമയം പരിഭ്രമവും ഞെട്ടലും ഉളവാക്കി… നാടറിയുന്ന താന്തോന്നിയെ തിരിച്ചറിയാൻ അവന് മെനക്കെടേണ്ടി വന്നിരുന്നില്ല…!! ഒത്ത ശരീരത്തിനിണങ്ങുന്ന കറുപ്പ് ഷർട്ടും കറുപ്പ് കര മുണ്ടും പിരിച്ചു വെച്ച മീശയും അവനിലെ പൗരുഷത്തിന് അലങ്കാരമായ പോലെ… ഇന്ദ്രൻ്റെ മിഴികളിൽ തീ പാറുന്നത് കണ്ട് സ്തബ്ദനായി നിൽക്കാനേ ഋഷിക്ക് ആയുള്ളൂ… തടയാൻ ശ്രമിച്ച വാച്ച് മാൻ അവൻ്റെ കൈക്കരുത്തിൽ നില തെറ്റി വീണത് നിമിഷാർദ്ധത്തിൽ…!!
“എവിടെടാ വൈദേഹി…?!!!”
കോപം ജ്വലിക്കുന്ന ആ വാക്കുകളാൽ വീടാകെ ഒന്ന് ആടിയുലഞ്ഞ പോലെ.. പറവകൾ പരിഭ്രാന്തിയാൽ കൂടണഞ്ഞ പോലെ…
“ഋഷീ… വൈദേഹി ഈ ഇന്ദ്രൻ്റെ പെണ്ണാ..!! മോശമായി അവളെ ഒന്ന് നോക്കിയാൽ ആ മിഴികൾ ചൂഴ്ന്നെടുക്കും ഇന്ദ്രൻ…!!”
ചെന്നിയിലൂടെ ഒഴുകുന്ന വിയർപ്പുതുള്ളികൾ ഋഷി വെപ്രാളത്തിൽ തുടച്ച് മാറ്റി… അവൻ്റെ കാലടികൾ ഇന്ദ്രനിലേക്കടുത്തു…
“വൈ… വൈദേഹി… ഏത് വൈദേഹി..?”
പരുങ്ങലോടെയുള്ള ചോദ്യമവസാനിപ്പിക്കും മുൻപേ ഇന്ദ്രൻ്റെ കരങ്ങൾ ഋഷിയിൽ പിടുത്തമിട്ടിരുന്നു…
“അറിയില്ലേടാ നിനക്ക്…? നിൻ്റടുത്ത് സഹായം തേടി ഇവിടേക്ക് വന്ന വൈദേഹി എവിടെന്ന്..?”
കോപം ധ്വനിച്ചിരുന്ന ആ ചോദ്യത്താൽ ഋഷിയുടെ ഉള്ളം കുഴഞ്ഞു… ആ മിഴിമുനകൾക്ക് മുൻപിൽ നാവ് ചലിക്കാൻ മറന്നത് പോലെ…!!
“ഇന്ദ്രാ… ഇന്ദ്രാ… എന്നെ വിട്… അവളെ… അവളെ ഞാൻ ഒന്നും ചെയ്തിട്ടില്ല…”
പരിഭ്രമത്തോടെ ഋഷി പറഞ്ഞതും ഇന്ദ്രൻ്റെ കാൽപാദങ്ങൾ അവൻ്റെ നെഞ്ചിൽ പതിഞ്ഞിരുന്നു… നില തെറ്റി വീണ ഋഷിയുടെ കാല് തല്ലിയൊടിക്കാനും ഇന്ദ്രൻ മറന്നില്ല…
വെപ്രാളത്തോടെ ചുറ്റിനും പരതിയ അവൻ്റെ നേത്രഗോളങ്ങൾ നിശ്ചലമായത് ബോധമറ്റ് കിടക്കുന്ന വൈദേഹിയിൽ പതിഞ്ഞപ്പോഴായിരുന്നു..
തൻ്റെ പ്രാണൻ്റെ പാതിയായവളെ കൈകളിലേറ്റി അവിടുന്നിറങ്ങുമ്പോൾ എന്നോ നിറഞ്ഞാടിയിരുന്ന പ്രണയത്തിൻ്റെ അവശേഷിപ്പുകൾ അവനിൽ വീണ്ടും നാമ്പിട്ട് മുളയ്ക്കുകയായിരുന്നു… അവനിൽ തളിരിട്ട ആ വസന്തത്തിന് പതിമടങ്ങ് മനോഹാരിതയായിരുന്നു….
അസ്തമയ സൂര്യൻ വിണ്ണിൽ ചുവപ്പു രാശി പടർത്തിയപ്പോഴും അവൾ മിഴികൾ തുറക്കാഞ്ഞതിൽ അവൻ വെപ്രാളപ്പെട്ടു… ആ സൂര്യകിരണങ്ങളെ മറച്ചു കൊണ്ട് ഇരുൾ വീണ് തുടങ്ങിയപ്പോഴും അവന് ഇമ ചിമ്മാൻ ആയില്ല…
രാവിൻ്റെ അന്ത്യയാമത്തിലെപ്പോഴോ തലയ്ക്ക് ഭാരം അനുഭപ്പെട്ടവൾ അസ്വസ്ഥതയോടെ മുഖം ചുളിച്ചു… മേനിയാകെ തളരും പോലെ തോന്നിയതും പ്രയാസപ്പെട്ടെഴുന്നേറ്റു… കിടക്കുന്നത് പതു പതുത്ത മെത്തയിൽ… ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റവൾ…!!
ചുറ്റും അപരിചിതത്വം നിറഞ്ഞതും അല്പം മുമ്പത്തെ ഓർമ്മകളിലേക്ക് മനസ്സ് വഴുതി വീണു…
ചതിയുടെ ആൾരൂപമായവൻ്റെ മുൻപിലേക്ക് ചെന്ന് കയറിയതവളുടെ മനസ്സിലേക്ക് അലയടിച്ചതും ഉളളം നീറി…
ആ ജ്യൂസ് കുടിക്കും വരെ തനിക്കൊരു കുഴപ്പവും ഉണ്ടായിരുന്നില്ല… അതേ അത് ചതിയായിരുന്നു…!!
നോവ് വിളിച്ചോതിയ നീർക്കണങ്ങൾ കവിളിലെ ചുംബിച്ച് താഴേക്കിറങ്ങിയതും
പരിചിതമായൊരു പുരുഷഗന്ധം തന്നെ വലയം ചെയ്യുന്ന പോലെ…
മിഴികൾ ഉയർത്തിയതും മുൻപിൽ നിൽക്കുന്നു ഇന്ദ്രൻ…!!
“എന്തേ വൈദേഹീ… സഹായം അഭ്യർത്ഥിച്ച് നീ ചെന്നടുത്ത ശ്രീരാമൻ നിന്നെ വഞ്ചിച്ചുവോ..?”
ചോദ്യത്തിൽ പരിഹാസം നിഴലിച്ചിരുന്നു…
അവൾ മുഖം തിരിച്ചു…
“പ്രതികാരം ആയിരുന്നല്ലേ…?” നേർത്ത സ്വരത്തിൽ അവൾ ചോദിച്ചതും മനോഹരമായി പുഞ്ചിരിച്ചവൻ…
“പ്രതികാരം പ്രണയത്തിനു മുൻപിൽ തോൽവി സമ്മതിച്ചത് നീ അറിഞ്ഞിരുന്നില്ലേ വൈദേഹി..?”
ആ കൺകോണിലേക്കവൾ ഒരു മാത്ര നോക്കി… അതിൽ മിന്നി മായുന്നത് പ്രണയമല്ലേ…? അവൾ സ്വയം ചോദിച്ചു… ഉത്തരത്തിനായ് മെനക്കെടാതെ മനസ്സിനെ സ്വതന്ത്രമാക്കി…
“എങ്കിൽ പിന്നെ എന്തിനായിരുന്നു രാവിലത്തെ പ്രകടനം..?? വീണു പോയവളെ വീണ്ടും ചവിട്ടിയരയ്ക്കാനോ..?”
“ജയിക്കണ്ടേടീ… ഈ രാവണന് ഒരിക്കലെങ്കിലും വൈദേഹിക്ക് മുൻപിൽ…?”
“ജയിച്ചില്ലേ..? എന്നെ ഇവിടെ എത്തിക്കാൻ സാധിച്ചില്ലേ..?”
“അതെ… ജയിച്ചു.. പക്ഷേ അപ്പോഴും ഹൃദയം നിനക്ക് മുൻപിൽ ഒരിക്കൽക്കൂടി തോൽവി സമ്മതിച്ചിരിക്കുന്നു…”
അല്പ സമയം അവൾ മൗനത്തിലാണ്ടു…
ഓർമ്മകൾ പിന്നിലേക്ക് പോയപ്പോൾ ഉള്ളിൽ ആദ്യമായ് പ്രണയം നിറച്ചവനെ ഓർത്തു… അല്ല ഓർക്കേണ്ടി വന്നില്ല.. മറവിക്ക് വിട്ട് കൊടുത്താലല്ലേ ഓർക്കേണ്ട ആവശ്യം ഉള്ളൂ..!! ആദ്യമായും അവസാനമായും പ്രണയിനിയുടെ ഭാവം താനണിഞ്ഞത് അവന് വേണ്ടിയെന്ന് ചിന്തിച്ചു.. തല ചെരിച്ചൊന്ന് നോക്കി… വൈദേഹിയുടെ നെഞ്ചിലെ പ്രണയത്തിൻ്റെ ശില്പത്തിന് ഈ രാവണൻ്റെ അതേ രൂപമായിരുന്നില്ലേ..? ഋതുഭേദങ്ങൾ പിന്നിട്ടപ്പോൾ അവനിലെ ഭാവങ്ങളും മാറിയേക്കാം…
തങ്ങളുടെ പ്രണയത്തിന് സാക്ഷിയായിരുന്ന പൂത്തുലഞ്ഞ് നിന്നിരുന്ന പനിനീർ പുഷ്പങ്ങളും അവയുടെ സുഗന്ധം കവർന്നെടുത്തു കൊണ്ട് തങ്ങളെ തഴുകിയിരുന്ന ഇളം കാറ്റും വൈദേഹിയുടെ നെഞ്ചോരം ഇന്നും ഉണ്ട്… ഇന്ദ്രനും അവൻ്റെ വൈദുവും…!!
എന്നാൽ കോളേജ് യൂത്ത് ഫെസ്റ്റിവലിൻ്റെ അന്ന് തൻ്റെ പ്രിയ്യപ്പെട്ട കൂട്ടുകാരി ഇന്ദനെതിരെ മൊഴി നൽകുമ്പോഴും അവനെ ആഭാസനെന്ന് മുദ്ര കുത്തുമ്പോഴും എല്ലാം കണ്ട് നിശ്ചലയാവാനേ വൈദേഹിക്കായുള്ളൂ…
ഇന്ദ്രന് വേണ്ടി ഒരു വാക്ക് പോലും താൻ ഉച്ചരിച്ചില്ല… തൻ്റെ പ്രണയത്തെ തനിക്കത്ര മാത്രമേ വിശ്വാസമുള്ളായിരുന്നിരിക്കാം… അല്ലെങ്കിൽ പ്രണയത്തിനുമപ്പുറം തൻ്റെ സൗഹൃദത്തെ താൻ വിശ്വസിച്ചിരിക്കാം… ഇന്ദ്രൻ്റെ ന്യായീകരങ്ങൾക്ക് താൻ ചെവി കൊടുക്കാതിരുന്നതും അവനിൽ നിന്നുമകന്നതും അതു കൊണ്ടാവാം… എന്നാൽ കാലങ്ങൾക്കിപ്പുറം ഇന്ദ്രൻ നിരപരാതി ആണെന്ന് അവൾ തന്നെ തൻ്റടുത്ത് പറയേണ്ടി വന്നു തനിക്കവനെ മനസ്സിലാക്കാൻ…. അന്നവനെ കുടുക്കാൻ ഒരുക്കിയ ചതിയായിരുന്നു അതെന്നും…!! എന്നിട്ടും അവൻ തന്നെ വേണ്ടി വന്നു അമ്മയ്ക്ക് അസുഖം വന്നപ്പോൾ തങ്ങളെ സഹായിക്കാൻ…അറിയാം ആ പണം തിരികെ കിട്ടുമെന്ന് കരുതിയല്ല തന്നതെന്ന്… അതും പറഞ്ഞ് വീട്ടിൽ വന്നതും തന്നെ കാണാൻ മാത്രമാണെന്ന്… എന്നാൽ ഇന്ന് രാവിലെ അവൻ തൻ്റെ അച്ഛനോട് പറഞ്ഞ വാക്കുകൾ ഈ വൈദേഹിയിലെ വാശിയെ വീണ്ടും പുനർജീവിപ്പിച്ചു… പക്ഷേ അപ്പോഴും ഈ രാവണൻ തന്നെ വേണ്ടി വന്നു തന്നെ രക്ഷിക്കാൻ…!!
ഒർമ്മകൾ മനസ്സിനെ ഉലച്ചപ്പോൾ എന്നോ അറ്റുപോയ പ്രണയത്തിൻ്റെ കണികകളെ കൂട്ടി യോജിപ്പിക്കാൻ ശ്രമിച്ചവൾ…
“എന്താ വൈദേഹീ നീ ആലോചിക്കുന്നത്..?”
ചിന്തയിലാണ്ടവളോട് അവൻ നേരിയ മന്ദഹാസത്തിൽ ചോദിച്ചു…
“തോന്നുന്നുണ്ടോ ഞാനൊരു ആഭാസനാണെന്ന്…? പേടി തോന്നുന്നോ എൻ്റെ കൂടെ തനിച്ചിരിക്കാൻ..?”
“ഇല്ല…”
“അതെന്താണാവോ..? ഞാനൊരു പെണ്ണ് പിടിയനാണെന്ന് സർവ്വരുടെയും മുന്നിൽ വെച്ച് പറഞ്ഞിട്ട് എൻ്റെ ഹൃദയം തകർത്ത് പോയപ്പോൾ ഈ ഭാവം അല്ലായിരുന്നല്ലോ നിനക്ക്…? ഇത്രേം കാലം വേണ്ടി വന്നോ വൈദേഹിക്ക് ഇന്ദ്രനെ മനസ്സിലാക്കാൻ…?”
“മാപ്പ്…!!”
അത് കേട്ടതും അവൻ ഉറക്കെ ചിരിച്ചു..
“ഈ വാക്കിന് നമ്മുടെ ജീവിതത്തിൽ ഇത്ര മാത്രം പ്രധാന്യം ഉണ്ടായിരുന്നല്ലേ…?”
“ഞാൻ അങ്ങോട്ടാ പോയതെന്ന് എങ്ങനെയാ മനസ്സിലായത്..?” അവൻ്റെ ചോദ്യത്തിന് മറു ചോദ്യം ഉന്നയിച്ചവൾ…
“എൻ്റെ മിഴികൾ സദാ നിന്നിലല്ലേ പെണ്ണേ..!!”
അവൻ്റെ മറുപടി അവളുടെ ചൊടികളിൽ നേരിയ പുഞ്ചിരി വിരിയിച്ചു… വറ്റിവരണ്ട ഹൃദയത്തിൽ ഒരിക്കൽക്കൂടി പ്രണയത്തിൻ്റെ മൊട്ടുകൾ തളിരിടുന്നതവൾ അറിഞ്ഞു..
“എന്തിനാ എന്നോട് ഇന്ന് രാത്രിയിൽ ഇങ്ങോട്ട് വരാൻ പറഞ്ഞത്…??” ഉള്ളിൽ ഉരുണ്ടു കൂടിയ വികാരത്തെ മറച്ചു കൊണ്ടവൾ ചോദ്യമുന്നയിച്ചു…
“അത് വൈദേഹിക്ക് മനസ്സിലായില്ലേ ആവോ..?”
ചിരിയോടെ അത് ചോദിക്കുമ്പോൾ ഒരു സിഗരറ്റ് കൂടി എടുത്ത് ചുണ്ടോട് ചേർത്തവൻ….
“എന്ന് മുതലാണാവോ ഇന്ദ്രന് ഈ ദുശ്ശീലങ്ങളൊക്കെ തുടങ്ങിയത്…?”
ആ ചോദ്യത്തിൽ ഒരു അധികാര ഭാവം ധ്വനിച്ചു…
“ഇന്ദ്രൻ താന്തോന്നിയായതും തല്ലു കൊള്ളിയായതും ഒക്കെ അവൻ്റെ ഇടനെഞ്ചിൽ കൊത്തിവെച്ച ഈ വൈദേഹി അവൻ്റെ നെഞ്ചകം തകർത്ത് എങ്ങോ പോയപ്പോഴായിരുന്നു…”
അവൻ്റെ മറുപടി അവളിൽ വേദനയുളവാക്കി… എങ്ങും പോയിട്ടില്ല… ഈ വൈദേഹി എന്നും നിൻ്റെ മാത്രമാണെന്ന് അവൾ മൗനമായി പറഞ്ഞു…
“പിന്നെ ഇന്നിങ്ങോട്ട് വിളിച്ചത്… ഞാൻ പെണ്ണ് പിടിയൻ ആണെങ്കിൽ എൻ്റെ മുൻപിലിരിക്കുന്ന ഈ പെണ്ണിനെ പിടിച്ചിട്ട് തന്നെ ഉത്ഘാടനം തുടങ്ങാമെന്ന് കരുതി…”
മിഴികളിൽ നിസ്സഹായത നിറച്ചവൾ വേദനയോടെ നോക്കി…
“എന്തേ വൈദേഹി.. നാളെ പത്ത് മണിക്ക് മുൻപ് നിനക്ക് പണം തരാൻ പറ്റുമോ..?”
“ഇല്ല…!!” എങ്ങോ മിഴികൾ പായിച്ചവൾ ഉറച്ച സ്വരത്തിൽ പറഞ്ഞപ്പോൾ ആ കൺകോണിൽ നനവ് പടർന്നിരുന്നു…
“അപ്പോൾ നീ റെഡിയല്ലേ…?”
മിഴികളിൽ കുസൃതി നിറച്ചവൻ കുറുമ്പോടെ ചോദിച്ചതും ആ പഴയ ഇന്ദ്രനെ വൈദേഹി ഓർത്തെടുത്തു…
“വൈദൂ..” അവളുടെ കാതോരം അവൻ മൃദുവായി വിളിച്ചതും അവളിലെ പരിഭവം മഞ്ഞ് പോലെ ഉരുകിയിരുന്നു..
“ഒന്നുമില്ല പെണ്ണേ… ദേഷ്യമായിരുന്നു നിന്നോട്… എന്നെ വിശ്വസിക്കാഞ്ഞതിൽ… സർവ്വരുടെയും മുൻപിൽ വെച്ച് എല്ലാം അവസാനിപ്പിച്ച് പോയതിന്…പിന്നെ വാശിയായി ഈ വൈദേഹിയെ നിസ്സഹായയായി ഇന്ദ്രൻ്റെ മുൻപിൽ എത്തിക്കാൻ… ഞാൻ പണം തന്നത് തിരികെ വാങ്ങാൻ ആണെന്ന് കരുതിയോ നീ..? അതിൻ്റെ പേരിൽ നിൻ്റെ വീട്ടിൽ വരാമല്ലോ… നിന്നെ എനിക്ക് കാണാമല്ലോ… ഈ നെഞ്ചോരം ഒന്ന് ചേർക്കണമെന്ന് മാത്രമേ കരുതിയുള്ളൂ… ഇന്ദ്രൻ്റെ ഇടനെഞ്ചിൽ ഇന്നും വൈദേഹിക്ക് മാത്രമാണ് സ്ഥാനമെന്ന് പറയണമെന്നേ കരുതിയുള്ളൂ…”
അവൻ പറഞ്ഞവസാനിപ്പിച്ചതും വിങ്ങിപ്പൊട്ടി ആ നെഞ്ചോട് ചേർന്നവൾ…!!
“എന്നോട് ക്ഷമിക്ക് ഇന്ദ്രാ… നിന്നെ മനസ്സിലാക്കാഞ്ഞതിൽ…!! അന്ന് നിറമിഴികളോട് ദിയ വന്ന് പറഞ്ഞപ്പോൾ നിന്നെ അവിശ്വസിക്കേണ്ടി വന്നു.. പിന്നീടറിഞ്ഞത് മുഴവൻ താന്തോന്നിയായ ഇന്ദ്രൻ്റെ ലീലാവിലാസങ്ങൾ…. കരുതിപ്പോയി നീ… നീ എൻ്റെ ആ പഴയ ഇന്ദ്രനല്ലെന്ന്… എന്നെ തേടി വന്നിരുന്ന ഈ മിഴികളെ അവഗണിച്ചതും അതു കൊണ്ട് മാത്രം… അപ്പോഴും നീ വേദനിച്ചതിലും ഇരട്ടി ഈ വൈദേഹി വേദനിച്ചിരുന്നു…”
“നിൻ്റെ തെറ്റിദ്ധാരണ മാറിയപ്പോഴെങ്കിലും എന്നെ നിനക്കൊന്ന് വന്ന് കാണാമായിരുന്നു വൈദൂ…”
“അപ്പോഴേക്കും നീ വല്ലാതെ മാറിയിരുന്നു… ഈ വൈദേഹിയുടെ ഇന്ദ്രനിൽ നിന്നും നീ ഒരുപാട് ദൂരം താണ്ടിയിരുന്നു…”
“ഇപ്പോഴോ..? ഇപ്പോൾ തോന്നുന്നുണ്ടോ ഞാൻ ആ പഴയ ഇന്ദ്രൻ തന്നെയാണെന്ന്…? പ്രണയിക്കുന്നുണ്ടോ പെണ്ണേ നീ ഇപ്പോഴും എന്നെ..?”
ഇടർച്ചയോടെ അത് ചോദിക്കുമ്പോൾ മറുപടി എന്ന പോലെ തൻ്റെ അധരങ്ങൾ അതിൻ്റെ ഇണയോട് ചേർത്തവൾ….!!
നിലാവുള്ള രാത്രിയിൽ അവൻ്റെ കരത്തോട് കരം ചേർത്തവൾ നടക്കുമ്പോൾ നഷ്ടമായ സ്വപ്നങ്ങൾക്കും മങ്ങലേറ്റ പ്രതീക്ഷകൾക്കും ഇരു ഹൃദയങ്ങളിലും പുതുജീവൻ വെയ്ക്കുകയായിരുന്നു…
സുരക്ഷിതയായവളെ വീട്ടിൽ എത്തിച്ചിട്ട് പോകാൻ തുനിഞ്ഞവനെ ഒരു മാത്ര പിൻ തിരിഞ്ഞ് നോക്കിയവൾ… അല്പം മുൻപ് നല്കിയ ചുബനത്തിൻ്റെ മാധുര്യം അവൻ്റെ ചൊടികളിൽ പുഞ്ചിരിയായി പ്രകടമായതും നാണത്തോടെ മുഖം തിരിച്ചു..
ആ നിശാഗന്ധി തൻ്റെ സുഗന്ധം പരത്തിയപ്പോൾ ആ താരകക്കുഞ്ഞുങ്ങളും ഇരുവരെയും നോക്കി കൺചിമ്മിയിരുന്നു…
മുഖത്തേക്ക് പാറിപ്പറന്ന മുടിയിഴകൾ ചെവിക്ക് പിന്നിലേക്ക് ഒതുക്കി വെച്ചു കൊണ്ടവൾ അകന്ന് പോകുന്നവനെ ഇമ ചിമ്മാതെ നോക്കി… ചൊടികളിൽ മായാത്ത ഒരു പുഞ്ചിരിയോടെ… പതിവിലും ഇരട്ടിയായി മിടിക്കുന്ന ഹൃദയത്തോടെ അകത്തേക്ക് നടക്കുമ്പോൾ നഷ്ടമായെന്ന് കരുതിയതെന്തോ നേടിയ ആത്മസംതൃപ്തി ആയിരുന്നു അവളിൽ…!!
പ്രണയം പലപ്പോഴും അങ്ങനെയാണ്… എത്ര വേണ്ടെന്ന് വെച്ചാലും ഹൃദയം വികാരങ്ങൾക്കടിമപ്പെട്ട് പോവും… അടർത്തിമാറ്റാൻ ശ്രമിക്കുന്തോറും അത്രമേൽ ആഴത്തിൽ വേരുറപ്പിക്കും…
പിറ്റേന്ന് രാവിലെ പത്ത് മണിക്ക് അവൻ വരുന്നത് പ്രതീക്ഷയോടെ കാത്തിരുന്നവൾ… ഉള്ളതിൽ നല്ലതെന്ന് തോന്നിച്ച ഒരു ദാവണി ചുറ്റി… തീരെ പഴകിയതായിരുന്നെങ്കിൽ പോലും അവളെ സംബന്ധിച്ചത് വിലമതിക്കാനാവാത്തതായിരുന്നു.. മിഴികൾ മഷിയിട്ടെഴുതി… പണ്ടെന്നോ വാങ്ങി വെച്ച കുപ്പിവളകൾ എടുത്തണിഞ്ഞു… ആർക്കെന്നറിയാതെ പൊടിപ്പിടിച്ച് കിടന്നവയിൽ പലതും പൊട്ടി ചിതറി പോയിരുന്നു… ബാക്കിയായവ അവൾ തുടച്ച് മിനുക്കി എടുത്തു…
“എന്നെ ആകർഷിക്കാൻ നീ ഒന്നും ചെയ്യേണ്ടതില്ല വൈദൂ… ഞാൻ സദാ നിന്നിൽ ആകൃഷ്ടനാണ്…!!”
കൂട്ടിമുട്ടിയ പുരികങ്ങൾക്ക് മേലെ ഒരു ചുവന്ന പൊട്ട് വെച്ചാ കണ്ണാടിയിലേക്ക് നോക്കിയതും പണ്ടെന്നോ അവൻ പറഞ്ഞ വാചകങ്ങൾ മനസ്സിലേക്കലയടിച്ചു… ഒരു മാത്ര ഇതെല്ലാം വ്യർത്ഥമാണെന്നവൾക്ക് തോന്നി… എങ്കിലും സാരമില്ല… വർഷങ്ങൾക്ക് ശേഷമാണ് ഒന്നണിഞ്ഞൊരുങ്ങണമെന്ന് തോന്നുന്നത്… സ്വയം സമാധാനിച്ചവൾ…
ഇന്ദ്രൻ വന്നതും ഉത്സാഹത്തോടെ മുറ്റത്തേക്കോടീ… മിഴികൾ വിടർന്നു… കൊലുസ്സിട്ട ആ പദങ്ങൾക്ക് ഇതു വരെ ഇല്ലാത്ത പോലൊരു വേഗത…!!
ഒരു ചിരിയോടെ അകത്തേക്ക് കയറുന്നവനെ അനുഗമിക്കുമ്പോൾ ആ പുഞ്ചിരി അവളിലേക്കും പടർന്നിരുന്നു..
അച്ഛൻ്റെ മുറിയിലേക്കവൻ നടന്നതും ആ വാതിലോരം മറഞ്ഞ് നിന്നു വൈദേഹി..
ഇന്ദ്രനെ കണ്ടതും ആ വൃദ്ധൻ്റെ മിഴികളിൽ ഭീതി നിറഞ്ഞു.. കൊടുക്കാനുള്ള പണം സംഘടിപ്പിക്കാനാവാത്തതിനാൽ നിസ്സഹായതയോടെ അവനെ നോക്കി…
“അതെ കാർന്നോരേ… തരാനുള്ള കാശ് എന്തായാലും ഇല്ല… എന്താ ഞാനിപ്പോൾ ചെയ്യേണ്ടത്…?”
അവൻ ചോദിച്ചതും ഉത്തരമില്ലാതയാൾ വെറുതെ അവനെ നോക്കിക്കിടന്നു…
“എന്തെങ്കിലും ഒന്ന് മിണ്ടെടോ..!!”
ഒന്നും ഉരിയാടാതയാൾ മുഖം തിരിച്ചു..
“ഹും… അപ്പോൾ കാർന്നോർക്ക് ഒരെത്തും പിടിയും ഇല്ലെന്നർത്ഥം… ഹാ ഒരു കാര്യം ചെയ്യാം… തൻ്റെ മോളെ അങ്ങോട്ട് പറഞ്ഞ് വിട്ടേക്ക്…”
ഒരു സിഗരറ്റ് ചുണ്ടോട് ചേർത്തവൻ പറഞ്ഞതും അയാളുടെ മിഴികൾ ഞെട്ടലോടെ അവനിൽ പതിഞ്ഞു…
“ഒരു രാത്രിയിലത്തേക്കല്ല… ജീവിതം കാലം മുഴുവനും മേലേടത്തോട്ടങ്ങ് വിട്ടേക്കാൻ…!!”
അവൻ പറഞ്ഞതും അയാൾ മിഴിച്ചു നോക്കി…
“മനസ്സിലായില്ലേ…? ഈ ഇന്ദ്രൻ്റെ കെട്ടിയോളായിട്ട് അങ്ങോട്ട് വിട്ടേക്കാൻ… എന്താ സമ്മതമാണോ..? അവൾക്കും എന്നെ ഇഷ്ടമാണ്… തിരിച്ച് എനിക്ക് ഡബിളായിട്ട് ഇഷ്ടം ആണ്… പിന്നെ ഇനീം കാർന്നോർ ആയിട്ട് വെറുതെ ഇടങ്ങേറുണ്ടാക്കാൻ നിൽക്കണ്ട…!! ദേ കുറേ നാൾ മുമ്പ് പ്രേമത്തിലായതാ.. പിന്നെ അങ്ങ് തെറ്റി… എന്നിട്ട് ഇന്നലെയാ വീണ്ടും സെറ്റായത്.. ഇനീം അടുത്ത തെറ്റലിന് മുമ്പ് ഇവളെ പിടിച്ച് കെട്ടി എൻ്റെ കൊച്ചുങ്ങളുടെ അമ്മയാക്കിയില്ലെങ്കിൽ ശരിയാവൂല്ല…”
ഒന്നും മനസ്സിലാവാതെയുള്ള അയാളുടെ നോട്ടം ചെന്നവസാനിച്ചത് വാതിലോരത്ത് നിൽക്കുന്ന വൈദേഹിയിൽ ആയിരുന്നു… തൻ്റെ മകളുടെ സന്തോഷം ആ മിഴികളിൽ നിന്നും വായിച്ചെടുക്കുമ്പോൾ ഇന്ദ്രൻ പറഞ്ഞതിൻ്റെ പൊരുൾ അയാൾക്കും മനസ്സിലായിരുന്നു…
“എന്നെക്കുറിച്ച് പറയാൻ ആണെങ്കിൽ അങ്ങനെ എടുത്തു പറയത്തക്ക സത്സ്വഭാവം ഒന്നും തന്നെയില്ല… കുടിക്കും… വലിക്കും… എന്നു വേണ്ട സകല വൃത്തികേടുകളും ഉണ്ടെന്ന് ഈ നാട്ടിൽ അന്വേഷിച്ചാൽ അറിയാം… എന്നാലും ഇവളെ ഞാൻ പൊന്നു പോലെ നോക്കും എന്നൊന്നും പറയുന്നില്ല.. അതൊക്കെ അവളുടെ സ്വഭാവം പോലിരിക്കും… എങ്കിലും കൈവിടില്ലെന്ന് ഉറപ്പ് തരാം… നിങ്ങള് ചത്ത് മോളിലോട്ട് പോയാലും നിങ്ങടെ കൊച്ചിന് കാവലായിട്ട് നിന്നോളാം… എന്താ സമ്മതമാണോ…? കെട്ടിക്കോട്ടെ ഞാനിവളെ…? സമ്മതിച്ചാൽ മിനിമം ഒരു വർഷത്തിനുള്ളിൽ ഒന്നോ രണ്ടോ കൊച്ച് മക്കളെയും കൂടെ തരാം.. പോട്ടെ ഏറ്റവും കുറഞ്ഞത് ഒന്നെങ്കിലും തന്നേക്കാം…!!”
ഇന്ദ്രൻ പറഞ്ഞവസാനിപ്പിച്ചതും വൈദേഹിയെ ഒരു വേള നോക്കി അയാൾ… തൻ്റെ മകളുടെ മിഴികൾ പ്രകടമായ സന്തോഷത്തേക്കാളും വലുതായി അയാൾക്കൊന്നും വേണ്ടിയിരുന്നില്ല… ആ മിഴികൾ സമ്മതം നൽകാൻ തന്നോടാവശ്യപ്പെടും പോലെ…
“വൈദൂ…” അച്ഛൻ വിളിച്ചതും വൈദേഹി അയാളുടെ ചാരേക്ക് നടന്നു…
“ഇഷ്ടമാണോ നിനക്ക് ഇന്ദ്രനെ..?”
ആ ചോദ്യത്തിന് അച്ഛനെ നോക്കി ചെറു ചിരിയോടെ ഒരു മൂളലാൽ ഉത്തരം ഒതുക്കുമ്പോൾ അയാളുടെ മനസ്സും നിറഞ്ഞിരുന്നു…
“എൻ്റെ കുട്ടിക്ക് തെറ്റും ശരിയും തിരിച്ചറിയാനാവും എന്ന് തന്നെയാ ഈ അച്ഛൻ്റെ വിശ്വാസം… പിന്നെ ഇന്ദ്രാ നിന്നെക്കുറിച്ച് അന്വേഷിച്ചാൽ നല്ലതൊന്നും കേൾക്കില്ലെന്ന് അറിയാവുന്നത് കൊണ്ട് അന്വേഷിക്കുന്നില്ല… അല്ലെങ്കിൽ തന്നെ ഈ കിടക്കയിൽ കിടക്കുന്ന ഞാൻ എന്ത് ചെയ്യാനാണ്… എൻ്റെ മകൾക്ക് നിന്നെ ഇഷ്ടമാണെങ്കിൽ എനിക്കും സമ്മതമാണ്…”
ആ അച്ഛൻ്റെ മറുപടി കേട്ടതും ഒരു ചിരിയോടെ ഇന്ദ്രനെ നോക്കിയവൾ…
ദിവസങ്ങൾക്ക് ശേഷം ഒരു താലിച്ചരടിനാൽ അവൻ അവളെ സ്വന്തമാക്കുമ്പോൾ ആ അച്ഛൻ്റെ മിഴികളും സന്തോഷത്താൽ ഈറനണിഞ്ഞിരുന്നു….
വിവാഹം കഴിഞ്ഞതും വീൽച്ചെയറിൽ ഇരിക്കുന്ന ആ അച്ഛൻ്റെ കാൽക്കൽ വീണവൾ അനുഗ്രഹം വാങ്ങി….
ശേഷം മാറി നിൽക്കുന്ന ഇന്ദ്രൻ്റെ അരികിലേക്ക് നടന്നു…
“ഇന്ദ്രാ നിന്നോടെനിക്ക് ഒരു കാര്യം പറയാനുണ്ട്… അല്ല ആവശ്യപ്പെടാനുണ്ട്…”
തൻ്റെ മുൻപിൽ നിൽക്കുന്നവനെ നോക്കിയവൾ ശാന്തമായി പറഞ്ഞതും അവൾ പറയാൻ വന്നത് മുൻകൂറ് മനസ്സിലാക്കിയിരുന്നവൻ…
“എൻ്റെ അച്ഛന് ഞാൻ മാത്രമേ ഉള്ളൂ… ഈ അവസ്ഥയിൽ ഉള്ള അച്ഛനെ ഒറ്റയ്ക്കാക്കാൻ പറ്റില്ല.. ഇതല്ലേ വൈദൂ നീ പറയാൻ വന്നത്…?”
നിമിഷാർദ്ധത്തിൽ അവൻ ചോദിച്ചതും തൻ്റെ മനസ്സറിഞ്ഞവനെ അത്ഭുതത്തോടെ നോക്കിയവൾ…
“നമ്മുക്ക് നമ്മുടെ അച്ഛനെയും കൂടെ മേലേടത്തോട്ട് കൊണ്ട് പോവാടീ..”
അവൻ പറഞ്ഞതും അവൾ പരിസരം മറന്നവനെ ഇറുകെ പുണർന്നു..
💔💔💔💔💔💔💔💔💔💔💔
മുല്ലപ്പൂക്കളാൽ അലങ്കരിച്ച മണിയറയിൽ
അവളെയും പ്രതീക്ഷിച്ചിരിക്കുമ്പോൾ ആ നിലാവെളിച്ചം അവൻ്റെ മിഴികൾക്ക് കുളിർമയേകിയിരുന്നു…
ആ പാദസരക്കിലുക്കം കേട്ടവൻ പിൻതിരിഞ്ഞതും മിഴികൾ വിടർന്നു..
സെറ്റ് സാരിയും ഉടുത്ത് ചിരിയോടെ നിൽക്കുവളുടെ അടുത്തേക്കവൻ നടന്നടുത്തു…
“വൈദൂ…”
“ആ സിഗരറ്റ് എടുത്ത് മാറ്റ് ഇന്ദ്രാ…”
“ഛെ! മൂഡ് കളയല്ലേടീ വെറുതെ…”
അവളുടെ തോളോട് കരങ്ങൾ ചേർത്തവൻ പറഞ്ഞു…
പൂർണ്ണമനസ്സോടെ അവനോട് ചേർന്നിരിക്കുമ്പോൾ വൈദേഹിയുടെ ഉള്ളാകെ ഇന്ദ്രൻ മാത്രം നിറഞ്ഞു… അവൻ്റെ നാമത്തിൽ കൊരുത്ത പ്രണയത്തിൻ മൊട്ടുകളാൽ ഹൃദയം വീണ്ടും തളിരിതമാകുന്നതവൾ അറിഞ്ഞു… ആ വസന്തം അവനിലേക്ക് തന്നെ ആവാഹിച്ചെടുക്കും പോലെ… ഇങ്ങനെയും പ്രണയമോ..?!
അവളിലേക്ക് ഒന്നും കൂടെ ചേർന്നു കൊണ്ട് തൻ്റെ അധരങ്ങൾ അതിൻ്റെ ഇണയോടെടുപ്പിക്കാൻ തുടങ്ങിയതും പെട്ടെന്നവൻ പിൻ വാങ്ങി… ചുംബനം കൊതിച്ചിരുന്ന വിറയാർന്ന അധരങ്ങളെ നിരാശരാക്കുമ്പോൾ അവൻ്റെ മുഖത്ത് മിന്നിമായുന്ന ഭാവങ്ങളിലേക്ക് മിഴികൾ പായിച്ചവൾ..
ആ മുഖത്ത് നിറഞ്ഞ് നിന്നത് പരിഹാസമോ…? ഇമ ചിമ്മും നേരത്തിനുള്ളിൽ തിളക്കമറ്റ മിഴികളിലെവിടെയോ ഒരു നേരിയ നനവ് പടർന്നു… ഉള്ളിൽ ഉദിച്ച് തുടങ്ങിയ ചോദ്യങ്ങൾ മറുപടി കാക്കാതെ തൊണ്ടക്കുഴിയിൽ കുടുങ്ങിക്കിടന്നു…
“എന്ത് കരുതി വൈദേഹി…? ഞാനെല്ലാം മറന്നെന്നോ..? നീയെന്നെ അപമാനിച്ചതും വേണ്ടെന്ന് വെച്ച് പോയതും ഇന്ദ്രൻ മറവിക്ക് വിട്ടു കൊടുത്തെന്നോ…?”
പരിഹാസത്തോടെയുള്ള ആ വാക്കുകൾ കേട്ടപ്പോൾ തന്നെ ബാക്കി കേൾക്കാനാവാതെ കാതുകൾ കൊട്ടിയടച്ചവൾ… ഒരു ചീട്ട് കെട്ടാരം തകർന്നടിയുന്ന ലാഘവത്തോടെ തൻ്റെ ഉള്ളിലെ വസന്തവും വറ്റി വരണ്ടുവോ…?
“എന്തിനായിരുന്നു പിന്നെ വീണ്ടും…?! മോഹം തന്ന് വഞ്ചിക്കെണ്ടായിരുന്നു… ഇതിലും ഭേദം നീ ക്ഷണിച്ച ഒരു രാത്രിയിലേക്ക് മാത്രം നിൻ്റെ കൂടെ കഴിഞ്ഞിട്ട് പോകുന്നതായിരുന്നു… അതിനുണ്ടാകുമായിരുന്നില്ല ഇത്രമേൽ വേദന…!!”
ഉള്ളുരുകുന്ന വേദനയിലും ഉറച്ച സ്വരത്തിൽ ചോദ്യമുന്നയിച്ചവൾ…
നിസ്സഹായതയോടെ അവൾ നോക്കുമ്പോൾ ഉറക്കെ പൊട്ടിച്ചിരിച്ചവൻ…
തന്നിലെ പ്രണയിനിയെ വ്രണപ്പെടുത്തിയിട്ട്… തൻ്റെ പ്രണയത്തിന് മേൽ സ്മാരകം കെട്ടി ഉയർത്തിയിട്ട് അതിൽ നിന്ന് വീണ്ടും ഉയരുന്നത് പരിഹാസമോ…?!
ഹൃദയത്തിൻ്റെ ചോദ്യങ്ങൾക്ക് മുൻപിലവൾ ഉത്തരമില്ലാതെ കുഴഞ്ഞു…
“നീ ഇപ്പോഴും ഈ ഇന്ദ്രനെ മനസ്സിലാക്കിയിട്ടില്ല വൈദൂ…”
ശില പോലെ നിൽക്കുന്നവളുടെ കാതുകളിലേക്കവൻ മൃദുവായി മന്ത്രിച്ചതും ആ മിഴികളിൽ വീണ്ടും കുസൃതി നിറയുന്നതവൾ കണ്ടു…
ദേഷ്യത്തോടെ ആ നെഞ്ചിൽ അടിച്ചവൾ പരിഭവം തീർത്തു…
“മതി പെണ്ണേ… ഒരു തമാശ പറഞ്ഞതാ… പ്രാണനായതു കൊണ്ടല്ലേടീ കാലമിത്ര കഴിഞ്ഞിട്ടും സ്വന്തമാക്കിയത്… നിന്നെ ഒന്ന് പേടിപ്പിക്കാൻ വെറുതെ പറഞ്ഞതാ..
ഇനീം അതും പറഞ്ഞ് ആറ്റു നോറ്റിരുന്ന എൻ്റെ ആദ്യരാത്രി കുളമാക്കല്ലേ…”
പറഞ്ഞവസാനിപ്പിച്ചതും വിങ്ങിപ്പൊട്ടി ആ നെഞ്ചോരം ചേർന്നു… വെറുതെ പോലും ഇങ്ങനൊന്നും പറയരുതെന്ന് ശബ്ദമില്ലാതെ പറഞ്ഞു… പുറത്ത് നിന്നു വന്നൊരു തെന്നൽ പേരറിയാത്തൊരു പൂവിൻ്റെ സുഗന്ധം പരത്തി…
നെഞ്ചോട് ചേർത്ത് വെച്ച മുഖം കൈക്കുമ്പിളിൽ എടുത്തവൻ സിന്ദൂരം പടർന്ന ആ നെറ്റിത്തടത്തിൽ ചുംബിക്കുമ്പോൾ നിർവൃതിയോടെ മിഴികൾ പൂട്ടിയവൾ…
തന്നെയും ഇന്ദ്രനെയും പിരിക്കാൻ ഋഷിത്ത് തന്നെ ഒരുക്കിയ ചതിയായിരുന്നതെന്ന് ഇന്ദ്രൻ്റെ നാവിൻ തുമ്പിനാൽ കേട്ടതും അവളുടെ ഉള്ളം നീറി… ദിയയെ ഭീഷണിപ്പെടുത്തിയത് ഋഷിത്തായിരുന്നെന്ന് പേടിച്ചിട്ടാവാം ദിയ പറയാതിരുന്നത്…!!
നോവോടെ അതോർത്തവൾ അവനിലേക്ക് ചാഞ്ഞു…
ഇനിയൊരിക്കലും വൈദു ഇന്ദ്രനെ വിട്ടെങ്ങും പോകില്ലെന്ന് ആ കാതോരം മന്ത്രിച്ചതും അവളുടെ അധരങ്ങൾ അവൻ കവർന്നെടുത്തിരുന്നു…
പിന്നീടുള്ള വസന്തങ്ങൾ ഒരേ മനസ്സോടെ താണ്ടിയവർ… തന്നിൽ അളവറ്റ് നിന്നതൊക്കെയും അവനോടുള്ള പ്രണയമായിരുന്നെന്നവൾ മനസ്സിലാക്കി… തന്നോട് കുറുമ്പ് കാട്ടുമ്പോൾ അവൻ്റെ കാമുകിയായും തെറ്റ് കാട്ടുമ്പോൾ സ്നേഹത്തോടെ ശാസിച്ചവൻ്റെ അമ്മയായും ഒരേ സമയം മാറിയിരുന്നവൾ…
അടുത്ത ഇടവപ്പാതിയിൽ പച്ച മാങ്ങ വേണമെന്നവൾ കുറുമ്പോടെ പറഞ്ഞതും തങ്ങളുടെ പ്രണയത്തിൻ്റെ പ്രതീകം ജീവൻ്റെ തുടിപ്പായി അവളിൽ നാമ്പിട്ടതവൻ അറിഞ്ഞു.. ഉത്സാഹത്തോടെ അവളെ കൈകളിൽ എടുത്തുയർത്തുമ്പോൾ അവൻ്റെ സന്തോഷത്തിനതിരില്ലായിരുന്നു…
മാസങ്ങൾക്ക് ശേഷം തൻ്റെ കരങ്ങളിലേക്കവൾ തന്ന കുറുമ്പിപ്പെണ്ണിനും അവളുടെ അതേ ഛായ ആയിരുന്നു… അതേ പുഞ്ചിരി ആയിരുന്നു…
ഋതുഭേദങ്ങൾ മാറി മറിഞ്ഞപ്പോൾ കൊലുസ്സിട്ട ആ കുഞ്ഞ് പാദങ്ങൾ മുറ്റത്തോടി കളിച്ചു… മോണകാട്ടിയവൾ അച്ഛനെയും അമ്മയേയും നോക്കി മനോഹരമായി പുഞ്ചിരിച്ചു…
അടുത്ത ഇടവപ്പാതിയിൽ വീണ്ടും പച്ച മാങ്ങ ആവശ്യപ്പെട്ടവൾ… മൂന്നാമത്തെ കുഞ്ഞിനെയും അവൻ്റെ കരങ്ങളിൽ കൊടുത്തപ്പോൾ മതിയായില്ലേ എന്നൊരു ചോദ്യം അവളുടെ മിഴികൾ പ്രകടമായിരുന്നു…
പൊന്ന് മോളെ പണ്ട് തേച്ചൊട്ടിച്ചതിന് ഇങ്ങനെയെങ്കിലും പ്രതികാരം വീട്ടണ്ടെ എന്ന അവൻ്റെ മറുപടി അവൾക്ക് മനസ്സിലാക്കാനെന്നോണം ആ ചൊടികളിൽ ഒരു കള്ളച്ചിരി വിരിഞ്ഞിരുന്നു…
അടുത്ത വസന്തത്തിന് ആ പിച്ചകം വീണ്ടും സുഗന്ധപൂരിതമായി… കൊലുസ്സിട്ട കുഞ്ഞി പാദങ്ങൾ വീണ്ടും മുറ്റത്ത് ഓടി കളിച്ചു…
പുറത്ത് പെയ്യുന്ന മഴത്തുള്ളികളാൽ പ്രകൃതി നീരാടി… ആ പുൽനാമ്പിലും ജലകണങ്ങൾ പറ്റിച്ചേർന്നിരുന്നു…
നഗ്നമായ അവൻ്റെ നെഞ്ചിലേക്ക് മുഖം ചേർത്തവൾ നിദ്രയെ പൂണ്ടു… ആ മുടിയിഴകളിൽ കൂടി അവൻ വിരലുകളോടിക്കുമ്പോൾ അറിയുകയായിരുന്നു വൈദേഹി ഈ രാവണൻ്റെ പ്രണയത്തെ… ആ നിദ്രയ്ക്കിടയിലും ഹൃദയം മൗനമായി പറഞ്ഞു താനെന്നെന്നും ഈ രാവണൻ്റെ പാതിയാണെന്ന്…!!
അപ്പോഴേക്കും അടുത്ത ഇടവപ്പാതിക്കായി ആ മാമ്പൂ ഒരിക്കൽക്കൂടി തളിരിട്ടു തുടങ്ങിയിരുന്നു…
(അവസാനിച്ചു…!!)

by