രചന – ഗംഗ ശലഭം
” മൂത്ത ചേച്ചിലവിടെ കാണോ? ”
വല്യമ്മേ ആണ് ഉദ്ദേശിച്ചത് എന്ന് തോന്നുന്നു.
” ഇല്ലെടി… ഇത്തവണ അവിടേം ഇല്ല. എവിടുന്നേലും കിട്ടിയാ ഞാൻ നിന്നെ വിളിച്ചു തരാം. ഒരു വയറ്റ്കണ്ണിക്ക് വേണ്ടിയല്ലേ? ”
മാമി അമ്മയോട് തലയാട്ടി കാണിച്ച ശേഷം എന്നോടും എന്തൊക്കെയോ വിശേഷങ്ങൾ ചോദിച്ചു. ഞാൻ ചിരിയോടെ മറുപടി കൊടുത്തു.
” എന്നാ ഞാൻ പോട്ടേ ചേച്ചി. കൊച്ചവിടെ ഒറ്റയ്‌ക്കെ ഒള്ളൂ…. ”
അമ്മയോട് പറഞ്ഞിട്ട് എന്നേം നോക്കി തലയാട്ടി മാമി നടന്നു പോയി.
” കൊച്ചാണ് പോലും…! നാണം ഇല്ലാലോ ഇവക്ക്? നല്ലൊരു ചെറുക്കനായിരുന്ന്… നല്ല സർക്കാർ ജോലീം… അതിനെക്കൊണ്ട് ഒരു അനാഥ പെണ്ണിനെ കെട്ടിച്ചേക്കണ്… അതും ഹിന്ദുക്കളെ അനാഥാലയത്തിന്നും അല്ല. ക്രിസ്ത്യാനികളെ അനാഥാലയത്തീന്ന്…. ”
അമ്മായീടെ പറച്ചില് കേട്ട് ഞാൻ കണ്ണും മിഴിച്ച് അവരെ നോക്കി. അനാഥാലയത്തിനും ഉണ്ടോ ഹിന്ദു എന്നും ക്രിസ്ത്യൻ എന്നും?????!!!!
ശൈലജ മാമിയുടെ മരുമകളെ ആ ചേട്ടൻ ഏതോ ഓർഫനേജിൽ നിന്നും കല്യാണം കഴിച്ചതാണെന്ന് ഇടയ്ക്ക് അമ്മ തന്നെ പറയുന്നത് കേട്ടിട്ടുണ്ട്. ഏതോ പള്ളി വക ഓർഫനേജിൽ നിന്നാണ്. അതാണ് ക്രിസ്ത്യാനികളുടെ അനാഥാലയം എന്ന് പറഞ്ഞത്.
” ഇതൊക്കെ നേരാം വണ്ണം ഉണ്ടായതാണാണ് ആർക്കറിയാം? തള്ള ഏതാ? തന്ത ഏതാ? ഏത് ജാതിയാ? എങ്ങനെ ജീവിച്ചതാ? ഒന്നും അറിയാത്ത ഒന്നിനെ എടുത്ത് ആ ചെക്കന്റെ തലേല് കെട്ടി വച്ചു. കല്യാണം കഴിഞ്ഞിട്ട് രണ്ട് മാസം തികച്ചായില്ല. അതിനും മുമ്പേ വയറ്റിലൊണ്ടെന്ന്…. ആ ചെറുക്കന്റെ തന്നേന്ന് ആർക്കറിയാം. ”
പറഞ്ഞു പറഞ്ഞു എങ്ങോട്ടാണോ ഇവരീ പോണത്? എങ്ങനെ കഴിയുന്നു ഇങ്ങനെ ഒക്കെ ചിന്തിക്കാൻ? അനാഥരായവരെല്ലാം ചീത്തയാണെന്ന ധ്വനിയാണ് ഇവരുടെ സംസാരത്തിൽ.
ആരോരും ഇല്ലാത്ത ഒരു പെൺകുട്ടിയെ മകന്റെ ഭാര്യയായി തിരഞ്ഞെടുത്ത് അവളെ സ്വന്തം മകളെപ്പോലെ സ്നേഹിക്കുന്ന ശൈലജ മമ്മിയോട് എനിക്ക് വല്ലാത്ത സ്നേഹവും ബഹുമാനവും ഒക്കെ തോന്നിപ്പോയി. ഇക്കാലത്തും ജാതിയും മതവും ബന്ധുത്വവും നോക്കി മനുഷ്യരെ അളക്കുന്ന എന്റെ അമ്മായിയോട് പുച്ഛവും….!
പിന്നെയും അമ്മായി ആ ചേച്ചിയെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എനിക്ക് അവരോട് വല്ലാത്ത ദേഷ്യം തോന്നി. പല്ല് കടിച്ച് പിടിച്ചു കുറച്ചു നേരം മിണ്ടാതിരുന്നു ഞാൻ…..
എന്നിട്ടും നിർത്തുന്നില്ല എന്നായപ്പോൾ നിവർത്തി കെട്ട് എഴുന്നേറ്റ് മുറിയിലേക്ക് നടന്നു.
🦋 🦋 🦋 🦋 🦋
ശനിയാഴ്ച അഞ്ച് മണിയൊക്കെ ആയപ്പോൾ ഞങ്ങൾ ഒരുങ്ങി ഇറങ്ങി. ഹരിയേട്ടൻ എന്നും കോളേജിൽ പോകുന്നത് പോലുള്ള വേഷം തന്നെ ആയിരുന്നു. ഞാൻ സാരിയാണ് ഉടുത്തത്.
ഹരിയേട്ടൻ സാരി ഉടുക്കാൻ പറഞ്ഞപ്പോ ഞാൻ മറുത്തു പറഞ്ഞില്ല. സാരി ഉടുക്കാൻ എനിക്കും ഇഷ്ടമാണ്. ഉടുത്തിട്ട് ഒരുപാട് ദൂരം നടക്കാൻ പറ്റില്ല എന്നെ ഉള്ളൂ… ഇതിപ്പോ കോളേജിൽ ഫങ്ക്ഷൻ അല്ലെ? അധികം നടക്കേണ്ടി വരില്ലല്ലോ?
അധികം വർക്ക് ഒന്നും ഇല്ലാത്ത ഒരു സാധാരണ സാരിയാണ് ഉടുത്തത്. ഒരു കൈയിൽ രണ്ട് ചെറിയ വളയും മറു കയ്യിൽ വാച്ചും. കഴുത്തിൽ താലിമാല മാത്രം. മുടി ക്ലിപ്പിട്ട് വച്ചു. കണ്ണെഴുതി ഒരു കുഞ്ഞു പൊട്ടും തൊട്ടു. ഇത്രയേ ഉണ്ടായിരുന്നുള്ളൂ എന്റെ ഒരുക്കം.
ഞാൻ അങ്ങനെ അധികം ഒരുങ്ങാൻ ഒന്നും ഇഷ്ടപ്പെടുന്ന കൂട്ടത്തിൽ അല്ല. ഈ കുറഞ്ഞ ദിവസത്തിനുള്ളിൽ ഹരിയേട്ടനും അത് മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാവും ആളും കൂടുതൽ ഒന്നിനും നിർബന്ധിച്ചില്ല.
പക്ഷേ ഒരുങ്ങിക്കഴിഞ്ഞ് ഞാൻ അടുക്കളയിലേക്ക് ചെന്നപ്പോഴോ? അമ്മായി എന്നെ അടിമുടി ഒരു നോട്ടം.
” ഇതെന്തോന്ന് മോളെ? ഇങ്ങനെയാണോ പോണത്? അവിടെ വരുന്നതൊക്കെ വലിയ വലിയ ആൾക്കാരാണ്. നീ ഈ കോലത്തിൽ പോയാലേ എന്റെ ചെറുക്കനാ അതിന്റെ കുറച്ചില്. പോയി കഴുത്തില് വലിയൊരു മാലയും കയ്യില് ഒന്ന് രണ്ട് വളയും കൂടെ എടുത്തിട്. ”
ഞാൻ റൂമിലേക്ക് തന്നെ തിരികെ പോയി. അവിടെ ചെന്ന് നിന്ന് തിരിഞ്ഞു കളിക്കുന്നത് കണ്ടാണ് ഹരിയേട്ടൻ കാര്യം അന്വേഷിച്ചത്.
” കയ്യിൽ ഇതൊക്കെ മതി. കല്യാണത്തിന് ഒന്നും അല്ലാലോ പോകുന്നത്? കഴുത്തിൽ വേണേൽ ഒരു കുഞ്ഞ് മാല കൂടി എടുത്തിട്ടോ… വലുതൊന്നും അമ്മ പറഞ്ഞിട്ട് കേട്ടില്ല എന്ന് വേണ്ട. ”
ഹരിയേട്ടൻ പറഞ്ഞപ്പോ മനസ്സില്ലാ മനസ്സോടെ ഞാൻ ഒരു ചെറിയ മാല കൂടി എടുത്തിട്ടു.
അമ്മ പറഞ്ഞത് അക്ഷരം പ്രതി അനുസരിക്കാഞ്ഞിട്ടാകണം ഞങ്ങൾ ഇറങ്ങുന്നേരവും അമ്മേടെ മുഖം വീർത്തു തന്നെ ഇരിക്കുന്നത് കണ്ടു.
🦋 * 🦋 * 🦋 * 🦋 * 🦋
ഞങ്ങൾ കോളേജിൽ എത്തുമ്പോൾ അധികം ആരും വന്നിട്ടില്ല. എന്നാപ്പിന്നെ ക്യാംപസ് ഒക്കെ ഒന്ന് ചുറ്റിക്കാണാമെന്ന് പറഞ്ഞു ഹരിയേട്ടൻ വിളിച്ചപ്പോ ഞാനും ഓക്കേ പറഞ്ഞു. ഇല്ലെങ്കിൽ അവിടെ ഇരുന്ന് ബോറടിക്കില്ലേ?
വലിയ ക്യാമ്പാസ് ആണ്. നിറയെ മരങ്ങളും….. എനിക്കെന്തോ അവിടം വല്ലാതെ ഇഷ്ടമായി.
” ഇവിടെ ഇടയ്ക്കൊക്കെ ഓരോ സ്റ്റോൺ ബെഞ്ച് പണിയാമായിരുന്നു. പിള്ളേർക്ക് ഇടയ്ക്ക് ഇവിടെ വന്നിരിക്കലോ? ”
ഇടവിട്ട് വളർന്ന നിൽക്കുന്ന മരങ്ങൾക്ക് ഇടയിലൂടെ നടക്കുമ്പോ ഞാൻ പറഞ്ഞു. ആ മരത്തണലിൽ സ്റ്റോൺ ബെഞ്ചിൽ കൂട്ടുകാരോടൊപ്പം ഇരിക്കുന്നത് വെറുതെ ഒന്ന് സങ്കൽപ്പിച്ചു.
” ഹാ…. നന്നായി…. എന്നിട്ട് വേണം ആമ്പിള്ളേരും പെൺപിള്ളേരും കൂടി ഇവിടെ വന്നിരുന്ന് എന്തെങ്കിലും ഒക്കെ കാണിക്കാൻ…. ഇപ്പോഴത്തെ പിള്ളേര് പലതരം ആണെടോ…. വെസ്റ്റേൺ culture അനുകരിക്കാൻ നോക്കി പലതിനും സ്വബോധം പോലും ഇല്ലാതിരിക്കാ….
കഴിഞ്ഞ ദിവസം ഇക്കണോമിക്സ് ന്റെ ഒഴിഞ്ഞ ക്ലാസ്സ് റൂമില് വച്ച് ഇക്കണോമിക്സ് ഡിപ്പാർട്മെന്റ്ലേ തന്നെ ഒരു സാർ രണ്ട് പിള്ളേരെ കണ്ടു. കണ്ട സാഹചര്യം തന്നോട് പോലും പറയാൻ എനിക്ക് അറപ്പ് തോന്നുന്നുണ്ട്. ”
” കിസ്സിംഗ് ആയിരുന്നോ? ”
അപ്പോഴത്തെ ആകാംക്ഷയിൽ ഹരിയേട്ടനോടാണ് ചോദിക്കുന്നത് എന്ന് ഒരു നിമിഷം എനിക്ക് ബോധം ഇല്ലാതെ പോയി. ചോദിച്ചു കഴിഞ്ഞ് നാക്കു കടിച്ച് ചമ്മൽ ഒതുക്കി തലചരിച്ചു നോക്കുമ്പോ ഹരിയേട്ടന് ഒരു ഭാവ വത്യാസവും ഇല്ല.
” ഹാ… അത് ആണേൽ തന്നോട് പറയാൻ എനിക്ക് ഇത്ര ബുദ്ധിമുട്ടിന്റെ കാര്യം എന്താ? ഇത് അതിലും ഒക്കെ എത്രയോ മേലെ…. ”
ഞാൻ അരുതാത്തത് എന്തോ കേട്ടത് പോലെ അമ്പരന്ന് ഹരിയേട്ടനെ നോക്കി.
” പലതും ഇന്റർനെറ്റിൽ ഒക്കെ കണ്ട് അത് പോലെ അനുകരിക്കാൻ നോക്കുന്നതാണ്. ഇത് മാത്രമല്ല. ഡ്രഗ്ഗും…. രണ്ടും ഒരുപോലെ ഡെയിഞ്ജറസ് ആണ്. പ്രായത്തിന്റെ പക്വത ഇപ്പോഴത്തെ കുട്ടികൾ കാണിക്കുന്നേയില്ല. അവർക്ക് കാണുന്നതൊക്കെ അനുകരിക്കാനാണ് ഇഷ്ടം….. എല്ലാത്തിനോടും അമിതമായ ആവേശം ആണ്. കൂടെ ഒരു never മൈൻഡ് ആറ്റിട്യൂടും.
മദ്യപിച്ചു ക്ലാസ്സിൽ വന്നതിനു വഴക്ക് പറഞ്ഞ അധ്യാപകന്റെ കാർ വിദ്യാർത്ഥി തല്ലി പൊളിച്ചത് കഴിഞ്ഞ ദിവസം താൻ പേപ്പറിൽ വായിച്ചില്ലേ? പത്താം ക്ലാസ്സിലെ കൊച്ചാണ്…. പതിനഞ്ചു വയസ്സ്….! ഒന്നോർത്തു നോക്ക്. ”
അന്ന് അത് പേപ്പറിൽ ഞാനും വായിച്ചിരുന്നു. അത് വായിച്ചപ്പോ ഞാൻ ഓർത്തത് എന്റെ കോളേജിൽ ഫൈനൽ എക്സാമിന്റെ അന്ന് നടന്ന ഒരു സംഭവമാണ്.
ഞങ്ങളുടെ ഹാളിൽ ഇരുന്ന് എക്സാം എഴുതിയ കെമിസ്ട്രിയിലെ ഒരു പയ്യനെ ടീച്ചർ കോപ്പിയടിക്ക് പിടിച്ചു. കോപ്പിയടി മാത്രമായിരുന്നില്ല അവന്റെ കൈയിൽ കുനുകുനാന്ന് എഴുതിയ കുറെ തുണ്ട് പേപ്പറുകളും ഉണ്ടായിരുന്നു. ടീച്ചർ അത് റിപ്പോർട്ട് ചെയ്തു.
എക്സാം എഴുതാൻ പറ്റാതെ ക്ലാസ്സിൽ നിന്നും ഇറങ്ങി പോകും മുൻപ് അവൻ ടീച്ചറിന് നേരെ വിരൽ ചൂണ്ടി ആക്രോശിച്ചത് എനിക്കിപ്പോഴും ഓർമയുണ്ട്.
” എന്നെ ഇവിടെ നിന്ന് ഇറക്കി വിട്ടിട്ട് നീ കോളേജില് തുടരാന്ന് കരുതണ്ടടി. ചെവിയിൽ നുള്ളിക്കോ… ഇതിന് ഞാൻ പകരം വീട്ടിയിരിക്കും… ”
എന്ന് തന്റെ അമ്മയുടെ പ്രായമുള്ള അദ്ധ്യാപികയെ നോക്കി അലറിയിട്ടാണ് അവനന്ന് ഇറങ്ങി പോയത്.
” ഞാൻ ഒക്കെ ചെറുതായിരുന്നപ്പോ സാറിന്റെന്ന് എത്ര തല്ല് കിട്ടിയിട്ടൊണ്ടെന്നോ? എനിക്കൊക്കെ അദ്ധ്യാപകരോട് ബഹുമാനമായിരുന്നു. അച്ഛനെയും അമ്മയെയും ഒക്കെ പോലെ…. അവര് വഴക്ക് പറയുന്നതായാലും തല്ലുന്നതായാലും നല്ല ശീലങ്ങൾ പഠിപ്പിക്കാനാണെന്ന് ബോധ്യം ഉണ്ടായിരുന്നു.
ഇന്നത്തെ പിള്ളേർക്കോ? ഒന്ന് വഴക്ക് പറയാൻ കൂടി പറ്റില്ല…. അദ്ധ്യാപകർക്ക് മാത്രമല്ല. അച്ഛനമ്മമാർക്കും ഇപ്പൊ അടിക്കാനോ വഴക്ക് പറയാനോ ഒക്കെ പേടിക്കണം. അപ്പൊ പോയി നമ്മുടെ പേരിൽ സോഷ്യൽ മീഡിയയിൽ ഒരു നോട്ടോ വീഡിയോയോ ഇട്ടിട്ട് ആത്‍മത്യ ചയ്തു കളയും. തല്ലിയെ വളർത്താവൂ എന്നല്ല… പക്ഷെ പറയുന്നത് മനസ്സിലാക്കണ്ടേ? കള്ളും കഞ്ചാവും സെക്സും ഒക്കെ ഇന്നത്തെ തലമുറയിലെ പിള്ളേർക്ക് ലഹരിയാണ്.
തുടങ്ങിയാ എവിടെ നിർത്തണമെന്ന് അറിയില്ല. നിർത്തണമെന്ന് വിചാരിച്ചാൽ അതിനൊട്ട് പറ്റുകയുമില്ല. പറഞ്ഞാൽ ഒരെണ്ണത്തിനും തലയിലും കേറില്ല. അല്ലെങ്കിൽ തന്നെ വഴക്ക് പറയാൻ പറ്റുമോ അതുമില്ല…. പിന്നെ എന്ത്ചെയ്യും? ”
ആളൊരു നെടുവീർപ്പിട്ടു പറയുന്നത് കേട്ടപ്പോ, ഇത് വരെ ഏറ്റവും എളുപ്പം ആണെന്ന് കരുതിയ അദ്ധ്യാപക ജോലിയാണ് ഇക്കാലത്തു ഏറ്റവും പ്രയാസമുള്ളത് എന്നെനിക്ക് തോന്നിപ്പോയി.
” നിങ്ങൾ ഇവിടെ നിക്കാണോ? ”
പിറകിൽ ആരുടെയോ സംസാരം കേട്ടാണ് ഞങ്ങൾ തിരിഞ്ഞു നോക്കിയത്.
” ഹാ…. സാറിതെപ്പോ വന്നു. ഞങ്ങൾ വന്നപ്പോ ആരും ഇല്ല. വെറുതെ അവിടെ ഇരുന്ന് ബോർ അടിക്കണ്ട എന്ന് കരുതി കോളേജ് ഒക്കെ ഒന്ന് കാണാന്ന് കരുതി ഇറങ്ങിയതാ…. ”
അത്രയും ആ സാറിനോടായി പറഞ്ഞിട്ട് ഹരിയേട്ടൻ എന്റെ നേർക്ക് തിരിഞ്ഞു.
” ഇത് മഹേഷ് സാറ്. ഇത് സാറിന്റെ വൈഫ്….”
ഞാനും അവരെ നോക്കി ചിരിച്ചു. മഹേഷ് സാറിന്റെ വൈഫ് ഏതോ ബാങ്കിൽ വർക്ക് ചെയ്യുകയാണത്രേ… പക്ഷെ ജാഡ ഒന്നും ഇല്ലാത്ത ഒരു പാവം. മഹേഷ് സാറും അങ്ങനെ തന്നെ.
ഞങ്ങൾ പിന്നീട് ഒരുമിച്ചാണ് നടന്നത്.
🦋 * 🦋 * 🦋 * 🦋 * 🦋 * 🦋
അഭിപ്രായം മറക്കല്ലേ……

by