രചന – ഗൗരി ലക്ഷ്മി
കൊച്ചമ്മേ.. ഓടിവായോ..
ശബ്ദം കേട്ട് നിയയും റീനയും ഓടി പുറത്തേയ്ക്ക് ചെന്നു.
നെഞ്ചു പൊത്തി നിലത്തു കിടക്കുന്ന ഡേവിഡിനെ കണ്ടതും അവരിരുവരും നിലവിളിയോടെ ഓടിയെത്തി..
അയ്യോ.. എന്നാ ഇച്ചായാ..
നെഞ്ചിൽ ഒരു വേദന..
അയ്യോ.. മോളെ നിയെ പിടിക്ക്..
റീനയും നിയയും ചേർന്ന് അയാളെ കാറിൽ കയറ്റി..നിയ തന്നെയാണ് ഡ്രൈവ് ചെയ്തത്..
അവളുടെ ഹൃദയം നിറയെ സങ്കടമായിരുന്നു..
താൻ കാരണം..
ആ ഓർമ പോലും അവളെ പൊള്ളിച്ചു..
പാടില്ലായിരുന്നു.. ഒരിക്കലും പപ്പയെയും മമ്മിയെയും ചതിക്കാൻ പാടില്ലായിരുന്നു. അവരിപ്പോൾ താൻ കാരണം വേദനിക്കുന്നു..
നിയയ്ക്ക് വല്ലാത്ത സങ്കടം തോന്നി . ഒപ്പം തന്നോട് തന്നെ ഒരു വല്ലാത്ത ദേഷ്യവും.. ആ ദേഷ്യവും സങ്കടവും പേടിയും അവൾ ആക്സിലറേട്ടറിൽ തീർത്തുകൊണ്ടേയിരുന്നു..
അപ്പോഴും പിന്നിൽ കിടന്നു പിടയുന്ന പപ്പയുടെ മുഖമായിരുന്നു ആ മനസ്സ് നിറയെ..
****************************
ഇതുവരെ മോൾക്ക് ബോധം വീണില്ലല്ലോ ഏട്ടാ..
മീന കരയുകയായിരുന്നു..
പ്രസാദിന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു..
അയാളുടെ കയ്യിൽ മകളുടെ കണ്ണുനീരിന്റെ ചൂട് ഇപ്പോഴും നിറഞ്ഞു നിൽക്കും പോലെ അയാൾക്ക് തോന്നി..
നിർദയം അവളെ തല്ലി ചതച്ചത് അയാളിൽ വല്ലാത്ത വേദനയുണ്ടാക്കി.
ടോമും മുരളിയും ഭാമയും ഒക്കെ വല്ലാത്ത മനസികാവസ്ഥയിലായിരുന്നു..
ആദി മാത്രം വേറേതോ ലോകത്തെന്നപോലെ ഒറ്റയ്ക്ക് നിന്നു..
എന്താ എന്താടാ ഉണ്ടായത്..
ശിവ വന്ന് ആദിയെ തട്ടി വിളിച്ചു ചോദിക്കുമ്പോഴാണ് അവൻ സ്വബോധത്തിലേയ്ക്ക് വീണത്..
എല്ലാവരും അവനെ നോക്കി..
അത്ര നേരവും ടോം ഒഴികെ ആരും ചോദിക്കാൻ മെനക്കേടാതെ നിന്ന ചോദ്യം..
ആദി ഒന്നും മിണ്ടിയില്ല.. പകരം ശിവയുടെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു..
ഇപ്പൊ എന്നോടൊന്നും ചോദിക്കരുത്.. ഇത്തിരി നേരം നീയെന്റൊപ്പം
ഇരിക്കുവോ..
കേഴുകയായിരുന്നു അവൻ..
ശിവ അവനെ ചേർത്തുപിടിച്ചു..
മുരളിയുടെ തല താഴ്ന്നു.. അതുവരെ താൻ അവനെ ഒന്നാശ്വസിപ്പിച്ചു പോലുമില്ല..
അവൻ വല്ലാത്ത ഒരവസ്ഥയിലാണെന്ന് ശിവയ്ക്ക് തോന്നി..
ശിവ അവനെ പിടിച്ചു കസേരയിൽ ഇരുത്തി കൂടെ ഇരുന്നു . അവനെ ചേർത്തു പിടിച്ചു..
അല്ലെങ്കിലും ചില കൂട്ടുകാർ അങ്ങനെയാണ്.. ഏറ്റവും ആഗ്രഹിക്കുന്ന നിമിഷം ചായാൻ ഒരു തോളായി അവരോടിയെത്തും.. ഒന്നും പ്രതീക്ഷിക്കാതെ.. ഒരു കുത്തുവാക്കും ഇല്ലാതെ..
പെട്ടെന്നാണ് ഒരു ശബ്ദം കേട്ടത്..
അറ്റന്റർമാർ ഒരു സ്ട്രക്ച്വറുമായി ഓടി വന്നു. പിന്നാലെ റീനയും നിയയും..
ആദി ഞെട്ടലോടെ എഴുന്നേറ്റു..
എല്ലാവരും അവരെ നോക്കി..
ഡേവിഡിനെ ഐസിയുവിലേയ്ക്ക് കൊണ്ടുപോയി.. റീന കരഞ്ഞു വിളിച്ചിരുന്നു..
നിയ ആദിയെ കണ്ട ഷോക്കിൽ ആയിരുന്നു..
അപ്പോഴും അവളുടെ കണ്ണിൽ രാവിലെ താൻ കണ്ട ദൃശ്യമായിരുന്നു..
അവൾ റീനയെ ചേർത്തുപിടിച്ചു നിന്നു..
ഒരു വരാന്തയുടെ ഇരുവശവും അവർ നിന്നു..
ജീവിതത്തിൽ എവിടെയോ ആയിരുന്നവർ.. വിധിയുടെ കളിയിൽ പരസ്പരം കണ്ടുമുട്ടിയവർ.. സ്നേഹിച്ചവൻ.. ഒന്നിച്ചുള്ള ഒരു ജീവിതം സ്വപ്നം കണ്ടവർ.. അതിനായി പോരാടിയവർ.. അതിനായി എല്ലാവരെയും വിട്ട് ഒന്ന് ചേർന്നവർ..
ജീവിതത്തിൽ ഒന്നായവർ.. ഒരു താലിയുടെ വിശുദ്ധിയിൽ പ്രണയത്തെ സാക്ഷാത്കരിച്ചവർ.. ഒടുവിൽ അതേ വിധിയുടെ കളിയിൽ ഇന്ന് അപരിചിതരെ പോലെ.. തമ്മിലൊന്ന് നോക്കാതെ.. പരിഭവം പറയാതെ.. സ്നേഹചുംബനം നൽകാതെ.. ജീവിതത്തിൽ മുഖാമുഖം നിൽക്കുന്നു..
അപ്പോഴാണ് ഡോക്ടർ പുറത്തേയ്ക്ക് വന്നത്..
ഡോക്ടർ പപ്പ..
ഡേവിഡ് സാറിനു
അറ്റാക്ക് ആണ്. കുറച്ചു ക്രിട്ടിക്കലാണ്.. മെഡിസിൻ സ്റ്റാർട്ട് ചെയ്തിട്ടുണ്ട്..
ഡോക്ടർ പറഞ്ഞു.. ആദി നിയയെ നോക്കി..അവൾ തകർന്നു പോയിട്ടുണ്ട്..
ഒന്ന് ചേർത്തുപിടിച്ചവളെ ആശ്വസിപ്പിക്കാൻ അവന്റെയുള്ളം വെമ്പി.. കഴിയില്ല.
താൻ കെട്ടിയ താലി മുഖത്തേയ്ക്ക് പൊട്ടിച്ചെറിഞ്ഞവളെ അവനോർമ്മ വന്നു.. ചലിച്ചില്ല അവൻ..
ശിവ എന്തോ അവന്റെ അവസ്ഥ
അറിഞ്ഞെന്നോണം അവനെ ഒന്നുകൂടി ചേർത്തുപിടിച്ചു..
ഡോക്ടർ എന്റെ മോള്..
മീന കരയുകയായിരുന്നു..
ആ കുട്ടിയുടെ കാര്യം പറയാനാണ് ഞാൻ വന്നത്..ഇതുവരെ അവർക്ക് ബോധം വീണിട്ടില.. നോർമൽ സ്റ്റേജിൽ അതിനുള്ള ടൈം കഴിഞ്ഞു.. സ്ക്യാൻ ചെയ്യണം..പിന്നെ മറ്റു ചില ടെസ്റ്റുകളും..
എല്ലാവരും പരസ്പരം നോക്കി.. മീന പൊട്ടിക്കരഞ്ഞു.. ഭാമ അവരെ ചേർത്തുപിടിച്ചു..
ഇവിടെ എല്ലാ ടെസ്റ്റുകളും ചെയ്യാൻ ഉള്ള സംവിധാനം ഇല്ല.. ടൗണിലേക്ക് കൊണ്ടുപോകുന്നതാകും ബെറ്റർ..
ഡോക്ടർ പറഞ്ഞു..
ആദി എഴുന്നേറ്റു.
ഡോക്ടർ.. വി ക്യാൻ ഷിഫ്റ്റ് ഹെർ.. അതിനുള്ള പ്രോസീഡ്വേർസ് നോക്കിക്കോളൂ…
സീ മിസ്റ്റർ ആദികേശവ്.. ഒരുപാട് ദൂരത്തേയ്ക്ക് കൊണ്ടുപോകുന്നതിനോട് എനിക്ക് യോജിപ്പില്ല. ബെറ്റർ ഓപ്ഷൻ ബാംഗ്ലൂർ ആണ്.. അവിടെ ഏതെങ്കിലും നല്ല ഹോസ്പിറ്റലിൽ പിടിപാടുള്ളവർ ഉണ്ടെങ്കിൽ ആംബുലൻസ് വിടാൻ പറയൂ.. അധികം ടൈം വേസ്റ്റ് ചെയ്യാൻ ഇല്ല. ആ കുട്ടിയുടെ നോസ് ഇടയ്ക്കിടെ ബ്ലീഡ് ചെയ്യുന്നുണ്ട്..
ഭാമ ഒന്നുകൂടി മീനയെ ചേർത്തു പിടിച്ചു..
ഞാൻ നോക്കിക്കോളാം ഡോക്ടർ..
ആദി പറഞ്ഞു.. എവിടുന്നോ തന്റേയുള്ളിൽ ധൈര്യം നിറയുന്നത് ആദിയറിഞ്ഞു..
അല്ലി.. അവൾക്കൊരാപത്തും വെറുത്തില്ല എന്ന് റോയിച്ചന് വാക്ക് കൊടുത്തതാണ് താൻ..
അവൻ ഫോണെടുത്തു റോയിയുടെ നമ്പർ കോളിൽ ഇട്ട് നടന്നു..
ആ പോക്ക് പകയോടെ നോക്കി റീനയും നിയയും നിന്നു..
കണ്ടില്ലേ.. എന്താ പറ്റിയത് എന്ന് പോലും ചോദിക്കാൻ അവനു വയ്യ..
റീന പറഞ്ഞു..
ആ ##@$# മോളെയാണ് അപ്പോഴും അവനു ശ്രദ്ധ..
മമ്മി പ്ലീസ്.. അയാൾക്ക് ഞാനാരാ.. പപ്പയും മമ്മിയും ആരാ.. ദയവ് ചെയ്ത് ഇപ്പൊ പപ്പയ്ക്ക് വേണ്ടി പ്രാർത്ഥിക്ക്..
അവൾ പറഞ്ഞു..
3 മണിക്കൂർ കൊണ്ട് ആംബുലൻസ് വന്നു.. അപ്പോഴേയ്ക്കും ഹോസ്പിറ്റലിലെ പേപ്പർ വർക്ക്സ് ഒക്കെ ശിവയും ടോമും ചേർന്ന് ശെരിയാക്കിയിരുന്നു..
ഓക്സിജൻ സപ്പോർട്ടോടെ എല്ലാ മെഡിക്കൽ സജ്ജീകരണങ്ങളോടെയും സ്ട്രക്ച്വരിൽ പുറത്തേയ്ക്ക് കൊണ്ടുവന്ന അല്ലിയെ നിയ സംശയത്തോടെ നോക്കി..
ഡോക്ടർ പറഞ്ഞപ്പോഴും അത്ര സീരിയസ് ആണെന്ന് തോന്നിയില്ല.. പക്ഷെ..
അവളുമായി പോകും വഴി ആദി ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി..
ഒരായിരം സ്വപ്നങ്ങളുമായി ഓടിവന്ന് തന്റെ താലി ഏറ്റുവാങ്ങി അതുപോലെ അത് പൊട്ടിച്ചെറിഞ്ഞു അന്യയായി നിൽക്കുന്നവളെ..
നിറകണ്ണോടെയുള്ള അവന്റെ നോട്ടം അവളിലും ചെറു പ്രകമ്പനങ്ങൾ സൃഷ്ടിച്ചു…
അവന്റെ രൂപം മായും വരെയും അവളാ നിൽപ്പ് തുടർന്നു..
അവളുടെ കണ്ണിൽ അവൻ നിറഞ്ഞു.. അവരുടെ പ്രണയം നിറഞ്ഞു.. ഒടുവിലായി മറ്റൊരുവളോടൊപ്പം ഒരിക്കലും ഒരു പെണ്ണും കാണാൻ ആഗ്രഹിക്കാത്ത വിധം..
അവൾ കണ്ണടച്ചു.. പെയ്യാൻ വിതുമ്പി നിന്ന കണ്ണുനീർ കണ്പീലികളെ കവിഞ്ഞൊഴുകി..
എന്റെ കർത്താവേ ആ ഒരുമ്പെട്ടോൾ ചത്തു മലച്ചു പോണെ..
റീനയുടെ പ്രാർത്ഥന..
തനിക്കൊന്ന് എതിർക്കാൻ പോലും തോന്നുന്നില്ല.. അത്രമേൽ വെറുത്തുപോയി താനവളെ..
ആ തിരിച്ചറിവോടെ നിയ കസേരയിൽ ഇരുന്നു.. തളർച്ചയോടെ.. അപ്പോഴും തൊട്ടരികിലിരുന്ന റീനയുടെ ചുണ്ടുകൾ അല്ലിയ്ക്കായി ശാപവാക്കുകൾ പൊഴിക്കുകയായിരുന്നു..
നിർദ്ദയം..
********************************
എങ്ങനുണ്ട് സാറിന്..
ജിജോ..
നിയ അവനെ ഒന്നു നോക്കി..
48 മണിക്കൂർ ഒബ്സർവേഷനിൽ ആണ് . ബിപി കൂടുതലാണ്..
അവൾ പറഞ്ഞു..
മ്മ്.. ഒരുപാട് വേദനിച്ചു ഇന്ന് സർ..
അവൻ ഒന്ന് മൂളി.. ശേഷം പറഞ്ഞു..നിയയ്ക്ക് അത് മനസ്സിനേറ്റ ഒരുപ്രഹരമായിരുന്നു..
എന്ത് ചെയ്യാം.. ആ കാലനും ആ ഒരുമ്പെട്ടോളും ചേർന്ന് ചതിച്ചതല്ലിയോ എന്റെ കൊച്ചിനെ..
റീന വീണ്ടും തുടങ്ങി..
ഡേവിഡ് സാറിനെ കാണാൻ പറ്റുമോ..
ജിജോ ചോദിച്ചു..
ഇത്തിരി ക്രിട്ടിക്കൽ കണ്ടിഷനിൽ ആണ്.. ഇതുവരെ ഞങ്ങളെ പോലും കാണിച്ചില്ല..
നിയ പറഞ്ഞു..
മ്മ്..
അവനൊന്ന് അമർത്തി മൂളി..
സോറി ജിജോ..
അവൻ അവളെ നോക്കി.. അനുതാപതോടെ…
കഴിഞ്ഞില്ലേ.. ലീവ് ഇട്ട്..
അവൻ ചെറുതായി പുഞ്ചിരിച്ചു..അവൾക്ക് അത്ഭുതം തോന്നി.. ഇത്ര സൗമ്യനായിരുന്നുവോ ഇവൻ..
ജിജോ..
ആ ഡോക്ടർ..
ഡേവിഡ് സാറിന് കാണണം എന്ന് പറഞ്ഞു…
നിയയുടെ തല താഴ്ന്നു.
തന്നിലും മുൻപേ അവൻ..
അവൻ അകത്തേയ്ക്ക് പോയി..
നിയ ഡേവിഡ്..
കുറച്ചുനേരം കഴിഞ്ഞതും നേഴ്‌സ് വിളിച്ചു..അവൾ വെട്ടിത്തിരിഞ്ഞു നോക്കി..
ഡേവിഡ് സർ കാണണമെന്ന് പറയുന്നുണ്ട്..
മേഡം..പ്ലീസ്.. സാറിന് ടെൻഷൻ നല്കുന്നതൊന്നും അകത്ത് നടക്കരുത്..
അതും പറഞ്ഞവർ അവളെ അകത്തേയ്ക്ക് കൊണ്ടുപോയി..
പപ്പാ..
അവൾ തളർന്നു കിടക്കുന്നയാളുടെ അടുത്തിരുന്നു വിളിച്ചു..
ഒന്നുമില്ലെടാ..
അയാൾ അവളെ മെല്ലെ തഴുകി..
എന്താ പപ്പാ ഇത്.. എനിക്ക് ധൈര്യം തരേണ്ട പപ്പ..
അവൾ മിഴി തുടച്ചു..
നിന്റെ കാര്യത്തിൽ പപ്പ തളർന്നു പോയി മോളെ..
അയാളുടെ ശബ്ദം ഇടറി..
ബിപി കൂടും.. പ്ലീസ്..
ജിജോ പറഞ്ഞു..
അയാൾ അവനെ നോക്കി പുഞ്ചിരിച്ചു..
ഇല്ലെടോ.. തട്ടി പോകും മുന്നേ എനിക്ക് എന്റെ മോളെ ഒരു വിശ്വസ്തമായ കയ്യിൽ ഏൽപ്പിക്കണം..
നിയ ഞെട്ടി അയാളെ നോക്കി..
പപ്പാ..
അവൾ വേദനയോടെ വിളിച്ചു..
എതിർക്കരുത് മോള്.. പപ്പ ജിജോയോട് ചോദിച്ചു. അവനു സമ്മതമാണ്. മോളായിട്ട് എതിർക്കരുത്…നിങ്ങളുടെ കെട്ട് നിശ്ചയിച്ച ദിവസം തന്നെ അത് നടക്കണം..
പപ്പാ..
അവൾ തളർച്ചയോടെ വിളിച്ചു..
അതേ.. എന്റെ മോളെ നിർദയം ചതിച്ച അവന്റെ മുന്നിൽ തന്നെ സന്തോഷത്തോടെ നിങ്ങൾ ജീവിക്കുന്നത് പപ്പയ്ക്ക് കാണണം..ഇത് പപ്പേടെ അവസാനത്തെ ആഗ്രഹമാണെന്ന് മോള് കരുതിക്കോ..
പപ്പേ…
അവൾ പൊട്ടിക്കരഞ്ഞു.. ജിജോ അവളെ താങ്ങി..
ഞാൻ.. ഞാൻ.. ഞങ്ങളുടെ കല്യാണം..കല്യാണം കഴിഞ്ഞതാ പപ്പേ.. രജിസ്റ്റർ ചെയ്തതല്ലേ..
അവൾ പറഞ്ഞു..
അങ്ങനെ പോയി രജിസ്റ്റർ ചെയ്താലോന്നും കല്യാണം ആകില്ല നിയാ.. അതിനു ഒരു മന്ത് ടൈം ഉണ്ട്. അതിനിടയിൽ ആ വിവാഹം അസാധുവാക്കാം..
ജിജോ പറഞ്ഞു..
ജിജോ.. ഈ കിടപ്പിലായിപോയി ഞാൻ..സഹായിക്കണം.. ആ വിവാഹം അസാധുവാക്കണം.. അതിനായി എത്ര രൂപ മുടക്കേണ്ടി വന്നാലും താൻ ചെയ്തോ.. അതെത്ര ആയാലും ഈ ഡേവിഡ് തരും.. എന്റെ മോൾക്ക് ഒരു കെട്ട്യോൻ മതി..
അയാളുടെ വാക്കിനു കാരിരുമ്പിന്റെ ഉറപ്പുണ്ടായിരുന്നു..
അങ്കിൾ അതോർത്ത് ടെൻഷൻ ആകേണ്ട. അതൊക്കെ ഞാൻ നോക്കിക്കോളാം.. ബട്ട് വി നീഡ് യു അങ്കിൾ..
അവന്റെ വാക്കുകൾ.. നിയ അവനെ നോക്കി.. തന്റെ പപ്പയ്ക്ക് വേണ്ടി.. ആ ജീവന് വേണ്ടി അവനെ ഉപേക്ഷിച്ച് മറ്റൊരുതനെ തേടിപോയി അവനെ കല്യാണം കഴിച്ച് അവനൊപ്പം ഒരു രാത്രി ഒരു വീട്ടിൽ കഴിഞ്ഞവളെ കെട്ടുന്നു..
അവൾക്ക് അവനോട് വല്ലാത്ത ബഹുമാനം തോന്നി.. പക്ഷെ അടുത്ത നിമിഷം നെഞ്ചിലൊരു വിങ്ങൽ..
ആദി..
അവൾ വേച്ചു വേച്ച് പുറത്തേക്കിറങ്ങി.. കസേരയിൽ തളർന്നിരുന്നു..
ഒരൊറ്റ രാത്രിയ്ക്കിപ്പുറം നിയ ഡേവിഡ് വീണ്ടും ജിജോയുടേതാകുന്നു.. മിനിഞ്ഞാന്ന് രാത്രി അവന്റെ ഒരു ചുംബനത്തിൽ വെറുപ്പ് തോന്നി അല്ലിയെ വിളിച്ചുവരുത്തിയത് അവളോർത്തു..
എന്തിനായിരുന്നു എല്ലാം..
അവളെ ഇഷ്ടമായിരുന്നുവെങ്കിൽ എന്തിനാണ് ആദീ ഇങ്ങനെയൊരു നാടകം..
നിയയ്ക്ക് നെഞ്ചു കലങ്ങി.. ഹൃദയം നുറുങ്ങി..
അവൻ.. ആദിയാണ് മനസ്സ് നിറയെ..
അവൾ കണ്ണുകൾ ഇറുക്കിയടച്ചു.. ഇല്ല തന്റെ ജീവിതത്തിൽ ഇനി ആദിയില്ല.. അവൻ അല്ലിയുടേതാണ്.. പകരം ജിജോ ആണ്..
അതുൾക്കൊണ്ടേ പറ്റൂ…
അവൾ മനസ്സിനോട് പറഞ്ഞു. പക്ഷെ മനസ്സെപ്പോഴും അനുസരണയില്ലാത്ത ഒരു പട്ടം പോലെയാണ്.. നൂലിന് എതിരായി അത് വീണ്ടും ചിന്തകളുടെ മേച്ചിൽ പുറം തേടി അലയും.. എവിടെയെങ്കിലുമൊക്കെ കുത്തിക്കീറും..
****************************
ആദീ..
ആദി കണ്ണു തുറന്നു നോക്കി…
നിയ..
അവൻ പിടഞ്ഞെഴുന്നേറ്റു..
അവൾ അവനെ നോക്കിയിരുന്നു..
എന്താടാ..
എന്താ ആദീ ഉണ്ടായേ.. എനിക്കപ്പൊ ദേഷ്യം വന്നോണ്ടല്ലേ ഒന്നും ചോദിക്കാഞ്ഞത്..
അവൾ പരിഭവിച്ചു..
എനിക്കറിയില്ല നിയാ.. ഒന്നുമറിയില്ല.. നിന്റെയൊപ്പമല്ലേ ഞാൻ കിടന്നത്..
നീ എന്നെ വിശ്വസിക്കില്ലേ..
മ്മ്..
അവൾ മൂളി..
എന്തിനാ പിന്നെ താലി പൊട്ടിച്ചു കളഞ്ഞത്..
അവൾ സങ്കടത്തിലായി..
നിയാ..
മ്മ്..
നീയെന്താ മിണ്ടാത്തെ..
ഞാൻ പോവാ ആദീ..
എങ്ങോട്ട്..
പോണം.. ജിജോ വിളിക്കുവാ..
അയാളെന്തിനാ നിന്നെ വിളിക്കുന്നത്..
നിയേ.. നിയേ..
ആദി വിളിച്ചു. ജിജോ വന്നവളെ പിടിച്ചു വലിച്ചു കൊണ്ടുപോയി.. അടുത്ത നിമിഷം ജിജോയുടെ താലി അവളുടെ കഴുത്തിൽ മുറുകി.. അവൾ പിടഞ്ഞു..
ആദീ.. ആദീ.. ആദീദീ….
നിയാ..
ഞെട്ടിപ്പിടഞ്ഞവൻ എഴുന്നേറ്റു..
വെട്ടിവിയർക്കുന്നു..
അവൻ ലൈറ്റ് ഓണാക്കി..
തന്റെ റൂം.. അവൻ തലയ്ക്ക് കൈകൊടുത്തിരുന്നു..
ഒന്നൊന്നായി അവന്റെ ആലോചനകളിൽ നിറഞ്ഞു.. കല്യാണം നടന്നത്. പിറ്റേന്ന് നടന്നത്.. അല്ലി ആശുപത്രിയിലായത്.. അവളെ ബാംഗ്ളൂർക്ക് കൊണ്ടുവന്നത്. ഹോസ്പിറ്റലിൽ നിന്ന് എല്ലാവരും കൂടെ നിർബന്ധിച്ചു വീട്ടിലേയ്ക്ക് വിട്ടത്..
ആരോടും മിണ്ടാതെ വന്നു കിടന്നത്..
അവന് നല്ലോണം തലവേദനിക്കുന്നുണ്ടായിരുന്നു..
അല്ലി..
അവൻ വേഗം ഫോണെടുത്തു.. ക്രിസ്റ്റിയുടെ 3 മിസ്ഡ് കോൾ..
അവൻ തിരികെ വിളിച്ചു..
ക്രിസ്റ്റീ..
അല്ലി കോൺഷ്യസ് ആയി..
അവളെ കണ്ടോ . എന്ത് പറഞ്ഞു അവൾ..
റൂമിലേക്ക് മാറ്റി.. മയക്കത്തിലാണിപ്പോ.. വേറെ പ്രശ്നമൊന്നുമില്ല..
ക്രിസ്റ്റി പറഞ്ഞു…
മ്മ്..
ഞാൻ വരാം..
ഇപ്പൊ വരണമെന്നില്ല ആദീ.. നീ റെസ്റ്റെടുക്ക്.. ഇതിപ്പോ രാത്രി ആയില്ലേ.. രാവിലെ വന്നാൽ മതി നീ..
അത് വേണ്ട.. ഞാൻ ഇപ്പൊ വരാം..
പറയുന്നത് കേൾക്ക് ആദീ.. ഇവിടിപ്പോ ജോളിമ്മ ഉണ്ട്… മീനാന്റി വരുമെന്ന് പറഞ്ഞിട്ടുണ്ട്.. ആന്റിയും അങ്കിളും നിൽക്കട്ടെ രാത്രി.. അവർ ആകെ വല്ലാത്ത ഒരവസ്ഥയിലാണ്..
ആദി മൗനം പാലിച്ചു..
പിണങ്ങേണ്ട.. നീ വാ.. എന്നിട്ട് നമുക്കൊന്നിച്ചിറങ്ങാം..
അതും പറഞ്ഞു ക്രിസ്റ്റി ഫോൺ വെച്ചു..
ആദിക്ക് തല നന്നായി വേദനിക്കുന്നുണ്ടായിരുന്നു.. പൊട്ടിപൊളിയും പോലെ. അവനെഴുന്നേറ്റ് ചുറ്റും നോക്കി..
ഡ്രോയറിൽ ക്രിസ്റ്റിയുടെ മെഡിക്കൽ ബോക്‌സിൽ നിന്ന് ഒരു പാരസെറ്റമോൾ എടുത്തു കഴിച്ചു.. ശേഷം മറ്റുവാനുള്ള വസ്ത്രങ്ങളുമെടുത്തു കുളിക്കാൻ കയറി..
ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് അവൻ ഇറങ്ങിയത്.. ടവ്വൽ സ്റ്റാന്റിലേക്കിട്ട് അവൻ ഫോണെടുത്തു..
നിയ..
ഒന്നാലോചിച്ച ശേഷം അവൻ ഫോണെടുത്തു..
ആദികേശവ്..
നിയയുടെ ശബ്ദം..
മ്മ്..
എന്റെ വിവാഹം ഉറപ്പിച്ചു..
ആദിയുടെ ഹൃദയം വിങ്ങി.
മ്മ്..
ജിജോയുമായി.. നേരത്തെ നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ..
മ്മ്..
ആയില്യ.. ഹൗ ഈസ് ഷി..
ഫൈൻ.
മറുപടി മറ്റൊന്നും പറയുവാൻ അവനു തോന്നിയില്ല..
നമ്മുടെ മാര്യേജ് രജിസ്റ്റർ ചെയ്തത് അസാധുവാക്കി.
ഗുഡ്..
അവൻ പറഞ്ഞു..
ഇനിയൊരിക്കലും നമ്മൾ തമ്മിൽ കാണാതെയിരിക്കട്ടെ..
അതിനവൻ മിണ്ടിയില്ല..
വെച്ചോട്ടെ..
ആദി ചോദിച്ചു…
ആയില്യ.. അവളോടും പറ.. ഞാൻ.. ഞാനായിട്ടൊന്നും അവളിൽ നിന്ന് തട്ടിയെടുക്കുന്നില്ലെന്നു.. അതിന്റെ വിഷമമായിരുന്നല്ലോ അന്ന് മൊത്തം..
നിയയുടെ വാക്കുകളിൽ നിറയെ അവളോടുള്ള വെറുപ്പ് നിറഞ്ഞു..
ജസ്റ്റ് ലീവ് മി..
ദേഷ്യത്തോടെ അതും പറഞ്ഞാദി ഫോൺ കട്ട് ചെയ്തു.. അത്രനേരവും പിടിച്ചു നിർത്തിയ കണ്ണുനീർ അവന്റെ കവിളിലൂടെ ഒഴുകിയിറങ്ങി..
അവൻ തളർച്ചയോടെ കട്ടിലിലേയ്ക്കിരുന്നു.. മെല്ലെ കിടന്നു..
ഓർമകൾ ഒന്നൊന്നായി മനസ്സിലേക്ക് വരുന്നു..
അവളെ താലി കെട്ടിയ മുഹൂർത്തം..
അന്നയാൾ വന്നപ്പോൾ പോകാതിരുന്നിരുന്നെങ്കിൽ..
അവൻ കണ്ണുകളടച്ചു..
തലയ്ക്ക് വല്ലാത്ത ഭാരം..
അവൻ തലയിണയിലേയ്ക്ക് മുഖം പൂഴ്ത്തി.. കണ്ണുനീർ ഒഴുകിയിറങ്ങി തലയിണയെ നനയിച്ചു..
ക്രൂരമായി താൻ ചതിക്കപ്പെട്ടിരിക്കുന്നു..
അവനാ സത്യം ഉൾക്കൊള്ളാൻ ശ്രമിച്ചു..
കാതങ്ങൾ ദൂരെ അവളും അവനെയോർത്ത് കണ്ണുനീർ പൊഴിക്കുകയായിരുന്നു..
ചതിക്കപ്പെട്ടവളുടെ വേദന..
പ്രണയം ചിലപ്പോൾ അങ്ങനെയാണ്.. ക്രൂരമായി വേദനിപ്പിക്കും.. അത്രമേൽ ഹൃദയം നുറുക്കും.. പിന്നെ വിരഹം കൊണ്ട് കുത്തിനോവിക്കും..
തുടരും..

by