23/04/2026

ഓർമ്മകളിലൂടെ : ഭാഗം 02

രചന – മിയ അവ

“മനു നിവാസ് ” എന്ന് മരത്തടിയിൽ കൊത്തി വെച്ചിരിക്കുന്ന നെയിം ബോഡിലേക്ക് നോക്കി നിൽക്കവേ കാര്യസ്ഥനെന്ന് തോന്നിക്കുന്ന ഒരാൾ വന്നു ഗേറ്റ് തുറന്നു ശ്രീകുട്ടിയോട് തിരക്കി.

“കുട്ടി ഏതാ… എവിടുന്നാ…”

“അത്.. ഞാൻ… ഞാൻ അടുത്ത് നിന്ന് തന്നെയാ… ഇവിടെ മനു.. മനു ശങ്കർ.. അങ്കിളിനെ ഒന്ന് കാണാൻ….”

“ഓഹ്… മനു കുഞ്ഞിനെ കാണാനാണോ.. അത്… ഇന്നിപ്പോ വന്നത് അബദ്ധം ആയല്ലോ കുട്ട്യേ…”

“അതെന്താ…”

“അത്.. ഇന്നേ ദിവസം കുഞ്ഞു ആരോടും അങ്ങനെ മിണ്ടാറില്ല… പുറത്തു പോലും ഇറങ്ങില്ല.. മുറിയിൽ അടച്ചിട്ടിരിപ്പാ പതിവ്..കുറച്ചു കാലങ്ങളായി അത് അങ്ങനെയാണ്”

“ഓഹ്.. അതിന് മാത്രം ഇന്നെന്താ അങ്കിൾ പ്രേത്യേകിച്ചു…”

“ഇന്നോ.. ഇന്നത്തെ പ്രേത്യേകത…ഇന്നീ വീടിന്റെ വെളിച്ചം നഷ്ട്ടപ്പെട്ട ദിവസത്തിന്റെ ഓർമ്മയാണ്.. ഈ വീട് സങ്കടക്കടലിലേക്ക് മുങ്ങി പോയ ദിവസം…ഞങ്ങടെ കുഞ്ഞ്… ഞങ്ങളെ വിട്ടു പോയ ദിവസം ”

തിങ്ങുന്ന വേദനയോടെ തോളിലെ തൂവർത്ത് കൊണ്ട് കണ്ണ് തുടയ്ക്കുന്ന രാമുവേട്ടനെ കണ്ടപ്പോൾ വീട്ടിലെ കാര്യസ്ഥൻ പോലും ഇത്ര നോവോടെ അവരെ കുറിച്ചോർക്കണമെങ്കിൽ ആ ആന്റി ഈ വീട്ടിലും വീട്ടുകാരിലും എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ശ്രീക്കുട്ടി ഓർത്തു.

“ആം സോറി അങ്കിൾ.. ഞാൻ വേദനിപ്പിച്ചോ…”

” ഏയ്‌ സാരല്ല്യ കുട്ട്യേ… ഇന്നത്തെ ദിവസം ഇതൊക്കെ പതിവാ.. ആരുടെ മുഖത്തും ഒരു സന്തോഷം കാണില്ല… ഒളിഞ്ഞും തെളിഞ്ഞും കണ്ണീർ വാർക്കുന്നവരെ മാത്രമേ ഇന്നിവിടെ കാണാൻ കഴിയൂ… ”

“മ്മ്.. ഞാൻ അകത്തേക്ക് കയറിക്കോട്ടെ അങ്കിൾ…”

“കുട്ടിയെ ക്ഷണിക്കണം ഉണ്ട്.. പക്ഷെ.. ഇന്നത്തെ മനു കുഞ്ഞിന്റെ അവസ്ഥ..”

“എനിക്ക് മനസ്സിലാവും.. പേടിക്കണ്ട ഞാൻ അധികം ബുദ്ധിമുട്ടിക്കില്ല അങ്കിളിനെ.. ഒന്ന് കണ്ടു ഒരല്പം സംസാരിച്ചു പൊയ്ക്കോളാം..”

“മ്മ്.. കുട്ടി വരൂ…”

അനുവാദം കിട്ടി ഉള്ളിലേക്ക് നടന്നടുക്കുമ്പോൾ വന്ന കാര്യം എങ്ങനെ പറഞ്ഞു തുടങ്ങും എന്ത് പറയും എന്നൊക്കെയുള്ള ആശങ്കകൾ അവളെ പൊതിഞ്ഞു. ഞാൻ ആരാണെന്ന് അറിഞ്ഞാൽ ഈ തുറക്കപ്പെട്ട ഗേറ്റ് എനിക്ക് മുന്നിൽ കൊട്ടിയടയ്ക്കപ്പെടും എന്നവൾക്ക് ഉറപ്പായിരുന്നു. എങ്കിലും ധൈര്യം സംഭരിച്ച് ശ്രീക്കുട്ടി ഉള്ളിലേക്ക് കയറി.

“ആരാ രാമുവേട്ടാ ഇത്…”

കണ്ണിലെ കണ്ണട ഒന്ന് നേരെയാക്കി കൊണ്ട് അവിടേക്ക് വന്ന ശ്യാമയെ കണ്ടു ശ്രീക്കുട്ടി ഒന്ന് തൊഴുതു. മനുവിന്റെ അമ്മയാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അവൾക്ക് മനസ്സിലായിരുന്നു.

“നമസ്കാരം മുത്തശ്ശി…”

“ആരാ… മനസ്സിലായില്ലല്ലോ…”

” ഇവിടെ അടുത്തുന്നാ ശ്യാമ കുഞ്ഞേ..നമ്മുടെ മനു കുഞ്ഞിനെ ഒന്ന് കാണാൻ വന്നതാ… ”

“അതിപ്പോ രാമുവേട്ടന് അറിയാലോ.. ഇന്നിപ്പോ അവൻ…”

“ഞാൻ പറഞ്ഞു കുഞ്ഞേ… പക്ഷെ ഈ കുട്ടിയ്ക്ക് അത്യാവശ്യം ആയി ഒന്ന് കാണണന്നാ പറയുന്നേ… പെട്ടെന്ന് പൊയ്ക്കോളാന്ന് പറഞ്ഞു…”

“ഞാൻ ബുദ്ധിമുട്ടിക്കില്ല മുത്തശ്ശി… ഒന്ന് കണ്ടാൽ മതി…”

“മ്മ്… എന്താ അവന്റെ അവസ്ഥ അറിയില്ല ഇന്നേ ദിവസം അവന് ഒറ്റയ്ക്ക് ഇരിക്കാനാ ഇഷ്ട്ടം..എന്തായാലും കുട്ടി ചെന്നു നോക്കൂ… വല്ലതും പറഞ്ഞാൽ പരിഭവിക്കേണ്ട…”

“ഏയ്‌.. ഇല്ല മുത്തശ്ശി…”

“മ്മ്.. എന്നാ ചെല്ലൂ… മുകളിലുണ്ട് അവൻ..”

“മ്മ്.. ഓക്കേ മുത്തശ്ശി..”

ശ്രീക്കുട്ടി മുകളിലേക്ക് കയറി പോവുന്നതും നോക്കി നിൽക്കുമ്പോഴാണ് പെട്ടെന്ന് ശ്യാമ ഓർത്തത്.

“അയ്യോ അടുത്തുന്നാണ് പറഞ്ഞു.. എവിടെയാ.. ആരുടെ മോളാ ഒന്നും ചോദിച്ചില്ലല്ലോ… ആ തിരിച്ചു വരുമ്പോൾ ചോദിക്കാം…”

ശ്യാമ അവൾക്ക് കുടിക്കാൻ ഉള്ളത് എടുക്കാൻ അടുക്കളയിലേക്ക് നടന്നു.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

തിരിയിട്ട് കൊളുത്തിയ വിളക്കിന് മുന്നിൽ അവളുടെ ഫോട്ടോയിലേക്ക് നോക്കി നിർവികാരനായി അയാൾ നിന്നു. ആ കണ്ണുകൾക്ക് ഇന്നും തന്നെ കൊത്തി വലിക്കാനുള്ള ശക്തിയുണ്ടെന്ന് തോന്നി അയാൾക്ക്.. അതിന്റെ ആഴങ്ങളിലേക്ക് നോക്കി നിൽക്കുമ്പോൾ തന്നെ തന്നെ നഷ്ടപ്പെടുന്നത് പോലെ… പണ്ടും അത് അങ്ങനെ തന്നെയായിരുന്നല്ലോ… എന്നിട്ടുമെന്തെ തനിക്ക് ആ കണ്ണുകളോട് ദേഷ്യം കാണിക്കാൻ കഴിഞ്ഞു.. വാശി കാണിക്കാൻ കഴിഞ്ഞു… ആ കണ്ണുകളെ.. ആ വാക്കുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല..വിട്ടു പോവുന്നതിന്റെ തൊട്ട് മുന്നേയുള്ള നിമിഷത്തിൽ പോലും എനിക്ക് നീ പ്രാണനാണെന്ന് പറയാൻ കഴിഞ്ഞില്ലല്ലോ… ”

ഓർമ്മകൾ കനക്കുമ്പോൾ ആ നെഞ്ച് പിടയുന്നുണ്ടായിരുന്നു.എങ്കിലും ഇന്നത്തെ ദിവസം അവളെ ഓർക്കാതിരിക്കാൻ അയാൾക്കാവില്ലല്ലോ.വേണ്ടെന്ന് തോന്നിയെങ്കിലും മനസ്സ് അനുസരണക്കേട് കാണിച്ചു. ആ ഫോട്ടോയ്ക്ക് മുന്നിൽ വെച്ചിരിക്കുന്ന അവളുടെ ഡയറിയിലേക്ക് അവന്റ കൈകൾ നീണ്ടു.
റൂമിലിട്ടിരിക്കുന്ന ചാരു കസേരയിലേക്ക് ഇരുന്നു പതിയെ അവൻ ആ ഡയറി താളുകൾ മറിച്ചു.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

രാമുവേട്ടന്റെ കൂടെ ശ്രീക്കുട്ടി ആ മുറിയിലേക്ക് ചെല്ലുമ്പോൾ മുറി അടഞ്ഞിരിക്കുവായിരുന്നു. അടുത്തെത്തിയപ്പോൾ വാതിൽ ചാരിയതേ ഉള്ളെന്ന് മനസ്സിലായി. രാമുവേട്ടൻ പതിയെ പോയി ഡോർ തുറന്നു. ചാരു കസേരയിലേക്ക് ചാഞ്ഞു കണ്ണുകൾ അടച്ചു കിടക്കുകയായിരുന്നു മനു അപ്പോൾ.

” മയക്കത്തിലാണെന്ന് തോന്നുന്നു.. ”

” സാരമില്ല അങ്കിൾ.. ഉണരുന്നത് വരെ ഞാൻ ഇവിടെ വെയിറ്റ് ചെയ്തോളാം… ”

“ഓഹ്.. എങ്കിൽ കുട്ടി ഇരിക്ക്.. ഞാൻ പോയി ശ്യാമ കുഞ്ഞ് കുടിക്കാൻ എന്തെങ്കിലും എടുത്തോ നോക്കട്ടെ..”

“മെല്ലെ മതി അങ്കിൾ.. സമയമുണ്ടല്ലോ..”

“ശരി കുഞ്ഞേ…”

അവളെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് രാമു താഴെക്കിറങ്ങി.

ശ്രീക്കുട്ടി ആ മുറിയിലാകെ ഒന്ന് കണ്ണോടിച്ചു. വിശാലമായ വലിയൊരു മുറി. ഒരു ഭാഗത്തായി ഷെൽഫിൽ ഭംഗിയായി അടുക്കി വെച്ചിരിക്കുന്ന കുറെയേറെ പുസ്തകങ്ങൾ. ചുവരുകളിലെല്ലാം പല തരത്തിലുള്ള മനോഹരമായ പെയിന്റിംഗുകൾ തൂക്കിയിട്ടിരിക്കുന്നു. ആരോ ചെയ്തു വെച്ചതാണെന്ന് കണ്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായി. അവൾ അവയൊരൊന്നും ആസ്വദിക്കവേ കണ്ടു അതിന്റെ ഓരോന്നിന്റെയും അടിയിലായി കൊത്തി വെച്ചിരിക്കുന്ന പേര്.

” ആമി ”

ആ പേര് വായിക്കവേ ഒരു തുള്ളി കണ്ണുനീർ അവളുടെ കണ്ണിലും നിറഞ്ഞു.
ദീർഘമായി ഒന്ന് നിശ്വസിച്ച് അവൾ മനുവിനെ നോക്കി. നല്ല മയക്കത്തിലാണ് അയാളെന്ന് അവൾക്ക് മനസ്സിലായി. നോട്ടം പിൻവലിച്ചു താഴേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് മനുവിന്റെ മടിയിൽ പൂട്ടി വെച്ചിരിക്കുന്ന ഡയറി ശ്രീക്കുട്ടി കണ്ടത്. ശബ്ദമുണ്ടാക്കാതെ പതിയെ അടുത്ത് ചെന്ന് അവൾ ആ ഡയറി കയ്യിലെടുത്തു. മനുവിന്റെ മുഖത്തേക്ക് ഒന്ന് നോക്കിയതിനു ശേഷം അവൾ ആ ഡയറി തുറന്നു. തുറന്നതും ആദ്യ പേജിൽ തന്നെ കണ്ട ചുവന്ന അക്ഷരങ്ങളിൽ എഴുതിയിട്ടിരിക്കുന്ന വാക്കുകളിൽ ശ്രീക്കുട്ടിയുടെ കണ്ണുകൾ തടഞ്ഞു.

” ആമിക ”

അത് വായിച്ചതും ശ്രീക്കുട്ടിയിൽ ആകാംഷ നിറഞ്ഞു. അമ്മയിൽ നിന്ന് കേട്ടറിയാമെങ്കിലും ആമി ആന്റിയെ കുറിച്ച് കൂടുതൽ അറിയാൻ അവൾക്കും ആഗ്രഹമുണ്ടായിരുന്നു. ഈ വീടിനെ ഇത്ര മാത്രം ഇരുട്ടിലാക്കിയെങ്കിൽ ആമിയുടെ റോൾ ചെറുതല്ലെന്ന് അവൾക്ക് ഊഹിക്കാമായിരുന്നു. ആമിയെ കുറിച്ചറിയാൻ അവരുടെ ജീവിതമറിയാൻ ആവേശത്തോടെ തന്നെ ശ്രീക്കുട്ടി ആ ഡയറിയുടെ പേജുകൾ മറിച്ചു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

“” തട്ടും തട്ടും താളം.. മുട്ടും മുട്ടും മേളം.. നോക്കി നിന്നാൽ കയ്യും കാലും കൂട്ടിയടിക്കും താളം… ”

നിർത്താതെ അടിച്ചു കൊണ്ടിരിക്കുന്ന ഫോൺ കയ്യെത്തിച്ചു എടുത്തു ചെവിയിൽ വെച്ചു.

“എന്തോന്നാ സരസ്വതിക്കുട്ടി കാലത്തു തന്നെ താഴെ നിന്ന് ഫോണിൽ വിളിക്കാൻ.. മനുഷ്യനെ ഉറങ്ങാനും വിടില്ലേ…”

“ഫോണിൽ വിളിക്കയല്ലാതെ ഈ കാല് വേദനയും വെച്ചു അവിടേക്ക് കയറി വന്ന് രണ്ടെണ്ണം പൊട്ടിക്കാൻ എനിക്കാവില്ലല്ലോ”

“ഓഹോ.. ഇപ്പോ അതിന് എന്തുണ്ടായി പൊട്ടിക്കാൻ മാത്രം…”

“മണി എത്ര ആയിന്നു നോക്ക് കൊച്ചേ.. ഇന്ന് കോളേജ് തുറക്കുവല്ലേ..മറന്നോ നീ..”

“ഓഹ്.. മൈ ഗോഡ്.. ഇന്ന് അങ്ങനെയൊരു പ്രേത്യേകത ഉണ്ടല്ലോ ല്ലേ… ഞാനത് മറന്നു… ന്റെ സരസ്വതി കുട്ടി കുറച്ചു നേരത്തെ വിളിക്കായിരുന്നില്ലേ നിങ്ങൾക്ക്…”

“ദേ.. ഒരു വീക്ക് അങ്ങ് തന്നാലുണ്ടല്ലോ.. പോവണമെന്ന് സ്വയം ഒരു ബോധം ഉണ്ടാവണം.. ഇത് കിടക്ക കണ്ടാൽ ഉറക്കപ്പിശാച് ആണ്.. എഴുന്നേറ്റു പോ പെണ്ണെ.. പോയി റെഡി ആയി വാ വേഗം..”

“വോക്കെ… ഞാനിതാ വരുന്നു..”

ഫോൺ കട്ട്‌ ചെയ്തു ടേബിളിലേക്ക് വെയ്ക്കുന്നതിനിടയിൽ വെറുതെ ഒന്ന് ഫോണിൽ സമയം നോക്കി.

“ഉഫ്..9 മണി.. ഇനിപ്പോ കുളിച്ചു റെഡിയായി 9.30 ആവുമ്പോഴേക്കും കോളേജിൽ എത്തുവോ.. പ്ഫും,. എവിടെ.. ഒരു ചാൻസും ഇല്ല.. അല്ലെങ്കിലും ഈ ഫസ്റ്റ് ഡേന്നൊക്കെ പറയുന്നത് വെറുതെയാണെന്നെ.. സാവധാനം ഒക്കെ പോവാം…”

കുളിച്ചു റെഡിയായി താഴെ എത്തിയപ്പോൾ മണി 10 അടിച്ചു.

“അമ്മാ ഫുഡ് എടുക്ക്….”

” ഇനിപ്പോ പോണോ കോളേജിൽ.. ”

“അതെന്ത്…”

“അല്ല ക്ലാസ്സ്‌ ഒക്കെ കഴിയാറായി കാണും ഇപ്പോ…”

“അയിന്… ഈ അവറ് കഴിഞ്ഞാൽ അടുത്ത അവറിൽ ക്ലാസ്സിൽ കയറണം.. സോ സിമ്പിൾ…”

“ഓ.. അല്ലേലും എന്റെ പൊന്നു മോള് പഠിക്കാൻ ഒന്നും അല്ലല്ലോ കോളേജിൽ പോവുന്നെ…”

“ണോ.. നെവർ.. വെറും എന്റർടൈൻമെന്റ്..അധികം ഉപദേശിച്ചു നന്നാക്കാൻ നിക്കാതെ ആ ഫുഡ് ഇങ്ങ് എടുത്തിട്ട് വായോ സരസ്വതി കുട്ടി ”

“ഹും.. അല്ലേലും നിന്നെയൊക്കെ ഉപദേശിക്കാൻ നിക്കുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ… ഇങ്ങനെ തല തെറിച്ചൊരു സാധനം…”

“ദതാണ്… അല്ല എവിടെ എന്റെ ഡാഡി ഗിരിജ..”

“ഡീ.. നിന്റെ ഈ താന്തോന്നിത്തരം അച്ഛന്റെ അടുത്ത് കാണിക്കരുതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്…നല്ല പെട കിട്ടും നിനക്ക്..”

“ഒന്ന് പോ അമ്മാ അച്ഛൻ നുമ്മ ചങ്ക്…”

“തുടങ്ങിയോ അമ്മയും മോളും കൂടി രാവിലെ തന്നെ…”

“ഹ.. ഇതെവിടെ ആയിരുന്നു അച്ചേ.. രാവിലെ തന്നെ കപ്പ നടാൻ പോയോ..”

“ഏയ്‌.. ഞാൻ ഒന്ന് നനയ്ക്കാൻ പോയതാ മോളെ… എന്തിനാ രാവിലെ ഒച്ചയും ബഹളവും…”

“ഹാ.. അത് സ്ഥിരം ഉള്ളതല്ലേ അച്ഛൻ വന്നേ നമുക്ക് ഒന്നിച്ചു കഴിച്ചിട്ട് വേണം എനിക്ക് കോളേജിലേക്ക് ഇറങ്ങാൻ..”

“ഹ.. ഈ നേരമില്ലാത്ത നേരത്ത് അച്ഛനെ കാക്കണോ കഴിക്കാൻ.. മോൾക് കഴിച്ചിട്ട് ഇറങ്ങായിരുന്നില്ലേ…”

“അതെങ്ങനാ..ന്റെ അച്ചേടെ കൂടെ ഇരുന്നു കഴിക്കാതെ ഈ ആമിയ്ക്ക് വല്ലതും ഇറങ്ങോ.. വന്നേ വന്നേ..”

“ഈ പെണ്ണിന്റെ ഒരു കാര്യം..”

അച്ഛന്റെ കൂടെയിരുന്നു ഫുഡും കഴിച്ചു ഹെൽമെറ്റ്‌ എടുത്തു ഒരൊറ്റ ഓട്ടമായിരുന്നു വണ്ടിയുടെ അടുത്തേക്ക്.

ലേറ്റ് ആയതിനാൽ വണ്ടി പാർക്ക് ചെയ്ത് ഓടി കിതച്ച് പ്രിൻസിപ്പൽ റൂമിലേക്ക് ചെന്ന് കയറിയതും ഇതെന്തിന് വന്നുന്നുള്ള അർത്ഥത്തിലുള്ള പ്രിൻസിപ്പലിന്റെ നോട്ടം കണ്ടതും ഒന്ന് നന്നായി ഇളിച്ചു കൊടുത്തു.

“സർ… അല്പം ലേറ്റ് ആയി…ഈ ഫസ്റ്റ് ഇയർ ബി എ ഇംഗ്ലീഷിന്റെ ക്ലാസ്സ്‌ ഏതാന്ന് ഒന്ന് പറഞ്ഞു തന്നിരുന്നെങ്കിൽ… ”

ചോദ്യം കേട്ടതും പ്രിൻസിപ്പൽ വാച്ചിലേക്ക് നോക്കി.. എന്നിട്ട് മുഖത്തു വെച്ച കണ്ണടയുടെ വിടവിലൂടെ അയാൾ എന്നെ ഒന്ന് നോക്കി.

“ഇവിടെ പഠിക്കാൻ വന്നതാണോ…”

“അതെ സർ… ”

വളരെ നിഷ്കു ആയി തന്നെ ഞാൻ മറുപടി കൊടുത്തു.

“ഹൊ… എന്തേ ഇത്ര നേരത്തെ പോന്നു.. കുറച്ചു കൂടി കഴിഞ്ഞിട്ട് വന്നാ മതിയായിരുന്നല്ലോ….”

“ഓ.. അപ്പോ ഇവിടെ കറക്റ്റ് ടൈമിന്ന് വരണമെന്ന് നിർബന്ധമൊന്നും ഇല്ലേ സർ… ഞാൻ കരുതിയത് ഭയങ്കര സ്ട്രിക്ട് ആവും ന്നാ…”

എന്റെ കൂസലില്ലാത്ത മറുപടി കേട്ടതും പ്രിൻസിപ്പൽ മൂക്കിൽ വിരൽ വെച്ചു.

“ഹാ… ബെസ്റ്റ്….ഇങ്ങനെ പോയാൽ നീ എന്നെ സ്ട്രിക്ട് ആക്കും… ”

“ഈൗ.. ”

“കോളേജിലെ ഫസ്റ്റ് ഡേ തന്നെ ഇത്രേം ലേറ്റ് ആയി വന്ന് പ്രിൻസിപ്പളോട് തന്നെ ഇത്‌ ചോദിക്കണേൽ..നീയൊരു കില്ലാടി തന്നെ ആവല്ലോ …”

പ്രിൻസിപ്പൽ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞതും ഞാനും ചുമ്മാ ചിരിച്ചു കൊടുത്തു.

“ശരി..ഫസ്റ്റ് ഡേ ആയോണ്ട് നമുക്കങ്ങ് മറക്കാം… ഇവിടുന്ന് നേരെ ഓപ്പോസിറ്റ് കാണുന്ന ബ്ലോക്കിൽ ഫസ്റ്റ് ഫ്ലോറിലാണ് ഇംഗ്ലീഷ് ഡിപ്പാർട്മെന്റ്… അവിടേക്ക് ചെന്നാൽ നിങ്ങടെ ക്ലാസ്സ്‌ കാണാം…”

“ഓക്കേ സർ.. താങ്ക് യു…”

“മ്മ്.. ശരി ശരി…. ”

പ്രിൻസിപ്പലിനെ നോക്കി ഒരു ചിരി പാസ്സാക്കി അദ്ദേഹം പറഞ്ഞതു പോലെ ഓപ്പോസിറ്റ് ബ്ലോക്കിൽ ഫസ്റ്റ് ഫ്ലോറിലേക്ക് ഓടി കയറിയപ്പോൾ തന്നെ കണ്ടു നിരന്നു കിടക്കുന്ന അഞ്ചു ക്ലാസ്സുകൾ…അതെല്ലാം കടന്ന് അങ്ങേ തലയ്ക്കലായി ഡിപ്പാർട്മെന്റ് ഓഫ് ഇംഗ്ലീഷ് ന്നൊരു ബോർഡ്‌ വെച്ച ഒരു വലിയ റൂമും. ആദ്യം കണ്ട ക്ലാസ്സിന്റെ ഡോറിന്റെ മുകളിലായി എഴുതിയിരിക്കുന്ന അക്ഷരങ്ങളിലേക്ക് നോക്കി.

“ഫസ്റ്റ് ഇയർ ഇംഗ്ലീഷ് ”

“ഓ.. അപ്പോ ഇതാണ് നുമ്മ ക്ലാസ്സ്‌….”

മനസ്സിൽ ആത്മഗതിച്ചു കൊണ്ട് ഞാൻ ഡോറിന്റെ അടുത്തേക്ക് നീങ്ങി.

“മെയ്‌ ഐ കം ഇന് മാഡം…. ”

കുറച്ചധികം ലേറ്റ് ആയത് കൊണ്ടോ എന്തോ പിള്ളേരൊക്കെ എന്നെ കണ്ടതും അന്തം വിട്ട് നോക്കി നിൽക്കുന്നുണ്ടായിരുന്നു. എന്റെ ലെവലില്ലാത്ത സംസാരം കേട്ടിട്ട് മിസ്സും കൂടി നന്നായി വാരി കയ്യിൽ തന്നതോടെ പിള്ളേരൊക്കെ കൂട്ടച്ചിരിയായി. നമ്മക്ക് ഇതൊക്കെ എന്ത്… എന്തായാലും അവസാനം ക്ലാസ്സിൽ കയറാൻ പെർമിഷൻ കിട്ടിയപ്പോൾ ചുറ്റുമൊന്ന് നോക്കിയെന്നൊക്കെ നിങ്ങൾ വിചാരിക്കും പക്ഷെ നോക്കിയില്ല നേരെ നോക്കിയത് ബാക്ക് ബെഞ്ചിലേക്ക് ആണ് നുമ്മ എന്നും ബാക്ക് ബെഞ്ച് ഡാ…

നോക്കിയപ്പോൾ അതാ ഒരൊറ്റ കുട്ടി ഒഴിച്ച് ബാക്കി സ്ഥലമെല്ലാം വിശാലമായി ഒഴിഞ്ഞു കിടക്കുന്നു. നേരെ അങ്ങോട്ട്‌ തന്നെ വെച്ചു പിടിച്ചു. ഒന്നും രണ്ടും പറഞ്ഞു മിസ്സ്‌ ക്ലാസ്സിന്ന് ഇറങ്ങി പോയപ്പോൾ ഒട്ടും വൈകാതെ അവളുടെ നേരെ തിരിഞ്ഞു. വന്നു പത്ത് മിനിറ്റ് ആയിട്ടും ഒരക്ഷരം പോലും എന്നോട് മിണ്ടാത്തത് കണ്ടപ്പഴേ ഊഹിച്ചു ആളൊരു മിണ്ടാപ്പൂച്ചയാണെന്ന്. കൈ കൊടുത്തു പരിചയപ്പെട്ടപ്പോൾ അത് ഉറപ്പിക്കുകയും ചെയ്തു. എന്തായാലും എനിക്കിഷ്ട്ടായി ഒരു പാവം കൊച്ച്… അവളെയൊന്ന് മാറ്റിയെടുക്കണമെന്ന് വെറുതെ ഉള്ളിലൊന്ന് തോന്നി. അതുകൊണ്ട് ഇന്ന് മുഴുവൻ അവളെയും കൊണ്ട് കോളേജ് മുഴുവൻ ചുറ്റിക്കറങ്ങി.

വൈകീട്ട് വീട്ടിൽ പോവാൻ നിൽക്കുമ്പോഴല്ലേ പെണ്ണ് കിടന്നു വിയർക്കുന്നത് കണ്ടത്. എനിക്ക് പെട്ടെന്ന് തന്നെ കാര്യം കത്തി. ഹോസ്റ്റലിൽ ഒറ്റയ്ക്ക് നിൽക്കാൻ പേടിയുണ്ടെന്ന് കേട്ടപ്പോൾ ആദ്യം മനസ്സിലേക്ക് വന്നത് അച്ഛന്റെ മുഖമാണ്. അച്ഛന്റെ ഒപ്പം ഇരുന്നു രാവിലെ ഫുഡ് കഴിക്കാതെ ഒരു സുഖം ഉണ്ടാവില്ല. എന്നാലും ദൂരെ ഒരു നാട്ടിൽ നിന്ന് ഒരു പാവം കുട്ടി ഈ നഗരത്തിൽ ഒറ്റയ്ക്ക് താമസിക്കാൻ ഭയക്കുമ്പോൾ അവളെ തനിച്ചാക്കാൻ എന്തോ തോന്നിയില്ല. അവളെ കൂടെ നിന്ന് അവളെ ബോൾഡ് ആക്കിയെടുക്കണം തോന്നി. പിന്നെ വേറൊന്നും ചിന്തിച്ചില്ല അവളുടെ കൂടെ ഹോസ്റ്റലിലേക്ക് താമസം മാറ്റാൻ തന്നെ തീരുമാനിച്ചു. ഹോസ്റ്റലിൽ ചെന്നു അഡ്മിഷൻ എടുത്തു അവളെയും കൂട്ടി വീട്ടിൽ പോയി വീട്ടിൽ എല്ലാവരെയും പറഞ്ഞു സമ്മതിപ്പിച്ചു ഉറങ്ങാൻ കിടന്നു.

പിറ്റേന്ന് ആ പൂച്ചക്കുട്ടി വിളിച്ചു ഉണർത്തിയത് കൊണ്ടു കറക്റ്റ് ടൈമിൽ എഴുന്നേറ്റു സമയത്തു തന്നെ ഞങ്ങൾ കോളേജിൽ എത്തി. ഓരോന്നും പറഞ്ഞു ക്ലാസ്സിലേക്ക് നടക്കുന്നതിനിടയിലാണ് ഗ്രൗണ്ടിൽ എന്തോ ആൾക്കൂട്ടം കണ്ടത്. നേരെ അവിടേക്ക് വെച്ചു പിടിച്ചു. പൂച്ചക്കുട്ടി കുറെ തിരിച്ചു പോവാൻ നിർബന്ധം പിടിക്കുന്നുണ്ടായിരുന്നു. പക്ഷെ അങ്ങനെ പോവാൻ പറ്റില്ലല്ലോ കാര്യം എന്താണെന്ന് അറിയണ്ടേ… അടുത്തുള്ള ചെക്കനോട് ചോദിച്ചു മനസ്സിലാക്കുന്നതിനിടയ്ക്കാണ് ഒരുത്തൻ ഒരു പെൺകുട്ടിയുടെ ഷാൾ പിടിച്ചു വലിക്കുന്നത് കണ്ടത്. പിന്നെ ഒന്നും മുന്നിൽ കണ്ടില്ല കൊടുത്തു അവന്റെ മുഖത്തിട്ട് ഒരെണ്ണം.കൊടുത്തിട്ടും കലി തീരാഞ്ഞ് അവന്റെ മുഖത്തു നോക്കി പഞ്ച് ഡയലോഗ് അടിക്കുമ്പോഴാണ് ദേണ്ടേ അവൻ വേറൊരുത്തനെ നോക്കി പറയുന്നു.

“മനു.. ദേ.. ഇവൾ മറ്റേ പാർട്ടിയാ.. നമ്മുടെ ബാനർ കീറാൻ നോക്കിയ ഇവളെ ഞാനൊന്നു വിരട്ടാൻ നോക്കിയപ്പോ ദേ ഈ പെണ്ണ് വന്നെന്നെ മുഖത്തടിച്ചു…”

“ഇവനിത് എന്തൊക്കെയാ പറയുന്നേ… ഏത് പാർട്ടി.. ഏത് ബാനർ…”

എന്നൊക്കെ ഓർത്തോണ്ടിരിക്കുമ്പോൾ

“നീയെന്താടി വലിയ സഖാവാവുകയാണോ..”

അത്യാവശ്യം കനത്തിലുള്ള ആ ചോദ്യം കേട്ട് ഇവനാരെടെന്നറിയാൻ തിരിഞ്ഞു നോക്കിയതും ആ കണ്ണുകളിൽ ഞാൻ ഒന്ന് തറഞ്ഞു. പക്ഷെ ഒരു പുച്ഛത്തോടെയുള്ള അവന്റെ നോട്ടം കണ്ടതും എവിടുന്നാ അറിയില്ല ദേഷ്യം ഇരച്ചു കയറിയത്.

“ആണെങ്കിൽ താൻ എന്തോ ചെയ്യുമെടോ…”

“ഡീ… എടോ പോടോന്നൊക്കെ അങ്ങ് വീട്ടിൽ.. ഇവിടെ അധികം വിളച്ചിൽ എടുത്തലുണ്ടല്ലോ…”

” എടുത്താൽ താൻ അങ്ങ് പിടിച്ചു മൂക്കിൽ കേറ്റുവോ.. വലിയ പാർട്ടി പ്രവർത്തകൻ ആണെന്ന് പറഞ്ഞു നടക്കുന്നു… ഡോ പാർട്ടി ഏതായാലും ഒരു പെണ്ണിനെ ആൾക്കൂട്ടത്തിലിട്ട് അപമാനിച്ചു കൊണ്ടല്ല പാർട്ടിയുടെ കരുത്തു കാണിക്കേണ്ടത്.. അവളെ സംരക്ഷിച്ചു കൊണ്ട… താൻ ചോദിച്ചല്ലോ സഖാവ് ആവുകയാണോന്ന്.. ആവാനൊന്നും ഇല്ലെടോ… കരയുന്നവന്റെ കണ്ണീരൊപ്പുന്ന.. തളരുന്നവന്റെ തോളാവുന്ന… തെറ്റ് കണ്ടാൽ നെഞ്ച് നിവർത്തി പ്രതികരിക്കുന്ന സഖാവ് കൃഷ്ണന്റെ മോളാ ഞാൻ… തന്നെ പോലുള്ളവന്മാർ തെമ്മാടിത്തരം കാണിക്കുമ്പോൾ പേടിച്ചു മിണ്ടാതെ മാറി നിൽക്കാൻ ആമികയെ കിട്ടില്ല… ഓർത്തോ… ”

ഞാൻ ഇത്രയും ഡയലോഗ് അടിച്ചിട്ടും ഷോക്ക് അടിച്ച പോലെ അവൻ അവിടെ നിൽക്കുന്നത് കണ്ടു. സൗണ്ടിന്റെ ഗാഭീര്യം വെച്ചു നോക്കുമ്പോൾ എനിക്കിട്ടൊന്ന് പൊട്ടിക്കേണ്ടതാണല്ലോ..ഹാ എന്തെങ്കിലും ആവട്ടെ.. ഞാൻ ആ പെൺകുട്ടിയെ സമാധാനിപ്പിച്ച് മറ്റേ കൊരങ്ങനെ നോക്കി ദഹിപ്പിച്ചു ഞാൻ ക്ലാസ്സിലേക്ക് പോയി.

(തുടരും )