രചന – മിയ അവ
അന്നത്തെ ദിവസം പാറുവിന് മറക്കാൻ പറ്റാത്തതായിരുന്നു. ജീവിതത്തിൽ ആദ്യമയാണ് ഇത്രയും സന്തോഷം നിറഞ്ഞൊരു പിറന്നാൾ…മായയുടെ ചേർത്ത് പിടിക്കലിൽ അവളുടെ എല്ലാ ദുഃഖങ്ങളും പെയ്തു തീരുന്നത് പോലെ അവൾക്ക് തോന്നി. പോരാത്തതിന് അവസാന നിമിഷത്തിൽ ശിവയുടെ മുഖത്ത് കണ്ട ചിരിയും അവൾക്ക് പറയാനാവാത്ത ഒരു ധൈര്യം പകരുന്നുണ്ടായിരുന്നു…ജീവിതം കെട്ടിപടുക്കാനുള്ള ഓട്ടത്തിൽ എവിടെയെങ്കിലും തളർന്നു വീണു പോയാൽ പിടിച്ചു എഴുന്നേൽപ്പിക്കാൻ ആരൊക്കെയോ ഉണ്ടെന്നൊരു ധൈര്യം….
പിറ്റേന്ന് പതിവിലും സന്തോഷത്തോടെയാണ് അവൾ ഓഫീസിലേക്ക് ഇറങ്ങിയത്. ബസിൽ ഇരിക്കുമ്പോഴൊക്കെ എന്തോ ഒരു ആവേശം അവളുടെ ചൊടികളിൽ തത്തി കളിക്കുന്നുണ്ടായിരുന്നു. ബസ്സ് ഇറങ്ങിയതും ധൃതി പിടിച്ച് മുന്നിലേക്ക് നടന്നു അവൾ. അകലെ നിന്നെ അവൾക്കേറെ പ്രിയപ്പെട്ട രണ്ടു കണ്ണുകൾ അവളെ നോക്കി കാണുന്നുണ്ടായിരുന്നു. കുറച്ചു മുന്നിലേക്ക് നടന്നു അപ്പുറത്തെ സൈഡിലേക്ക് റോഡ് ക്രോസ്സ് ചെയ്യാൻ ഒരുങ്ങിയപ്പോൾ പെട്ടെന്നാണ് ഒരു ജീപ്പ് അവൾക്ക് മുന്നിൽ ഒരു ഞരക്കത്തോടെ കൊണ്ട് നിർത്തിയത്. ആരാവുമെന്ന് ആലോചിക്കുന്നതിന് മുൻപേ ആ ജീപ്പിൽ നിന്നും അയാൾ ചാടി ഇറങ്ങിയിരുന്നു. അവളിലേക്ക് നടന്നടുക്കുന്ന ആ കണ്ണുകളെ അവൾ ഭീതിയോടെ നോക്കി. മൂക്കറ്റം കുടിച്ച് സദാ സമയവും ചുവന്നു കിടക്കുന്ന ആ കണ്ണുകൾ അവൾക്ക് സുപരിചിതമായിരുന്നു. ഒരു കൈ അകലത്തിൽ അയാൾ അവൾക്ക് മുന്നിൽ വന്നു നിന്നപ്പോൾ അവളുടെ ശരീരം ഒന്നാകേ വിറച്ചു പോയി.. തൊണ്ടയിൽ ഉമിനീർ ഇറങ്ങാതെ അവൾ അയാളെ തന്നെ നോക്കി നിന്നു.
“എന്താടി..നീയും നിന്റെ അമ്മയുടെ സ്വഭാവം കാണിക്കാൻ തുടങ്ങിയോ…”
“ഏഹ്… എന്ത്.. എന്താ….”
അവളുടെ ശബ്ദം തൊണ്ട കുഴിയിൽ കിടന്നു വിറച്ചു.
“കണ്ടവന്റെയൊക്കെ കൂടെ നിരങ്ങാൻ തുടങ്ങിയോന്ന്… ഇന്നലെ ഏതവനാടി നിന്റെ കൂടെ ഉണ്ടായിരുന്നത്… എന്തായിരുന്നു നിനക്ക് അവന്റെ ഒപ്പം മാളിൽ പരിപാടി… അതും കഴിഞ്ഞ് ഇരുട്ടി തുടങ്ങിയെരെ ആണല്ലോ അവൻ നിന്നെ ഇറക്കിയിട്ട് പോയത്.. പറയെടി എന്തായിരുന്നു നിനക്ക് അവന്റെ കൂടെ ഒരു ദിവസം മുഴുവൻ കലാപരിപാടി….എവിടെ നിരങ്ങുവായിരുന്നു രണ്ടും കൂടി ഇന്നലെ…”
“ഹേയ്.. മൈൻഡ് യുവർ വേർഡ്‌സ്….”
പേടിച്ചു നിന്നവളുടെ ഭാവം പെട്ടെന്ന് മാറിയത് അയാളിൽ ദേഷ്യം ഇരട്ടിച്ചു.
“ആഹാ.. അവന് വേണ്ടി നീ എനിക്ക് നേരെ കൈ ചൂണ്ടാനും വളർന്നോടി…പറയെടി ആരാ അവൻ… അടങ്ങിയൊതുങ്ങി ഇരുന്നില്ലേൽ കൊന്ന് കളയും ഞാൻ….”
അയാൾ തനിക്ക് നേരെ ചൂണ്ടിയ അവളുടെ കൈ പിടിച്ച് തിരിച്ചു കൊണ്ട് അയാളുടെ ബലിഷ്ടമായ കൈകൾ കൊണ്ട് അവളുടെ കഴുത്തിനു കേറി പിടിച്ചു മുറുക്കി.
“ഡോ… വിടെടോ അവളെ… ആരാടോ താൻ…”
ശബ്ദം കേട്ട് തിരിഞ്ഞ അയാൾ അപരിചിതമായ ആ മുഖം കണ്ട് ഒന്ന് സംശയിച്ചു. എന്നാൽ പാറുവിന്റെ മുഖം ആ ശബ്ദത്തിന്റെ ഉടമയെ കണ്ടതും വിടർന്നു.
“മാ.. മായേച്ചി….”
“തന്നോടല്ലെടോ അവളെ വിടാൻ പറഞ്ഞത്…”
മായയുടെ ഉറച്ച സ്വരത്തിന് മുന്നിൽ അറിയാതെ തന്നെ അയാളുടെ കൈ താണ് പോയി. പക്ഷെ പതറാതെ.. കലുഷിതമായ നോട്ടത്തോടെ അയാൾ പാറുവിന് നേരെ അലറി.
“ആരാടി ഈ പുതിയ അവതാരം…”
“ഞാൻ ആരായാലും തനിക്ക് എന്താടോ.. താൻ ആരാ ഇവളുടെ…”
മുന്നിലേക്ക് വന്നു നിന്ന് മായ ചോദിച്ചപ്പോൾ പാറു പതിയെ അവളുടെ കൈയിൽ പിടിത്തമിട്ടു.
“ചേച്ചി… ഇത്.. ഇതയാളാ… അന്ന് മുത്തശ്ശന്റെയും മുത്തശ്ശിയുടെയും വീട്ടിൽ നിന്ന് എന്നെ കൊണ്ട് പോവാൻ അച്ഛന്റെ കൂടെ വന്നെന്ന് പറഞ്ഞില്ലേ….”
“ഓഹോ.. അത് കൊള്ളാലോ.. അപ്പൊ ഇയാൾ ആണല്ലേ നിന്നെ കെട്ടാൻ പോവുന്ന നിന്റെ ഭാവി വരൻ…”
അത് കേട്ടപ്പോൾ പാറുവിന്റെ മുഖം സങ്കടം കൊണ്ട് താണു.
“അതേടി.. ഞാൻ തന്നെയാ ഇവളെ കെട്ടാൻ പോവുന്നത്.. അധികം കിടന്നു ഷോ കാണിക്കാതെ പോവാൻ നോക്കെടി…”
“അങ്ങനെ ഇവളെ കെട്ടാൻ പോവുന്ന കാര്യം താൻ മാത്രമങ്ങ് തീരുമാനിച്ചാൽ മതിയോ..”
“പോരല്ലോ… ഇവളുടെ അച്ഛന്റെ സമ്മതം കൂടി വേണം… അത് എനിക്ക് നേരത്തെ കിട്ടിയതാ… അതോണ്ട് മോൾ ചെല്ല്…”
“അതിന് ഇവളുടെ അച്ഛനെയല്ലല്ലോ തനിക്ക് കെട്ടേണ്ടത്.. ഇവളെയല്ലേ.. അപ്പൊ ഇവളുടെ സമ്മതം വേണ്ടേ…”
“ഓ.. അതിന്റെ ആവിശ്യൊന്നും ഇല്ല… ചോദിക്കാനും പറയാനും ആരും ഇല്ലാത്ത ഇവൾ lക്കൊക്കെ എന്നെ കിട്ടുന്നത് തന്നെ വലിയ കാര്യമാ… അപ്പഴാ അവളുടെ സമ്മതം നോക്കുന്നെ….”
“ഓഹോ.. അത് താൻ അങ്ങ് തീരുമാനിച്ചോ ഇവൾക്ക് ചോദിക്കാനും പറയാനും ഇല്ലാന്ന്…”
“ആ തീരുമാനിച്ചു… എന്താ നിനക്ക് ഇവൾക്ക് വല്ല പുതിയ ബന്ധവും ഉണ്ടാക്കി കൊടുക്കണമെന്നുണ്ടോ.. ഉണ്ടോടി..ഏഹ്..”
“ഉണ്ടെങ്കിൽ.. ഉണ്ടെങ്കിൽ താൻ എന്ത് ചെയ്യാൻ പറ്റും…”
“ഓഹോ.. അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ.. ആരാ.. നീ ഇവൾക്ക് വേണ്ടി കണ്ടു വെച്ച ആൾ… അവനാണോ.. ഇന്നലെ ഇവളുടെ കൂടെ ഉണ്ടായവൻ….”
ഒരു വഷളൻ ചുവയോടെ അയാൾ പറഞ്ഞത് കേട്ടപ്പോഴാണ് ഇന്നലെ പാറുവിനെ ശിവയുടെ കൂടെ വിട്ട കാര്യം അവൾക്ക് ഓർമ്മ വന്നത്.
“എന്താടി ആലോചിക്കുന്നേ.. അവനാണോ നീ ഇവൾക്ക് വേണ്ടി കണ്ടെത്തിയ രാജകുമാരൻ… ആണോന്ന്…”
ഒരു നിമിഷം ഒന്ന് ഓർത്ത് ഒട്ടും പതറാതെ തന്നെ മായ അയാൾക്ക് മറുപടി കൊടുത്തു.
“അതെ.. അവൻ തന്നെ… ഇവളെ അവനെ കൊണ്ട് കെട്ടിക്കാൻ തന്നെയാ എന്റെ പ്ലാൻ.. തടയാൻ കഴിയുമെങ്കിൽ താൻ തടയ്യ്… കാണട്ടെ ഈ മായ….”
പാറു ഞെട്ടി തരിച്ച് മായയെ നോക്കിയെങ്കിലും അവളുടെ കണ്ണുകൾ അയാളിൽ തന്നെ തറഞ്ഞു കിടക്കുകയായിരുന്നു. അവളുടെ കനത്ത നോട്ടത്തിന് അനുസൃതമായി ആഞ്ഞടിക്കാൻ അയാളുടെ കൈ ഉയർന്നതും അതിലൂടെ ഒരു പോലീസ് ജീപ്പ് പാസ്സ് ചെയ്തു പോയത് അയാളുടെ ശ്രദ്ധയിൽ പെട്ടു. അവൾക്ക് നേരെ പൊങ്ങിയ കൈ താഴ്ത്തി അയാൾ അവൾക്ക് നേരെ തിരിഞ്ഞു.
“നീ ഏത് മായയോ മായാവിയോ ആയിക്കോ.. ഇവളെ… എനിക്കുള്ളതാ… വേറൊരുത്തൻ ഇവൾക്ക് അവകാശിയായി വന്നെന്ന് ഞാൻ അറിഞ്ഞാൽ…. ആദ്യം ഞാൻ ഇല്ലാതാക്കുന്നത് നിന്നെയാവും… ഓർത്തോ…”
അവൾക്ക് നേരെ വിരൽ ഞൊടിച്ച് ഒരു താക്കീത് എന്ന പോൽ പറഞ്ഞു അയാൾ വേഗം തന്നെ തന്റെ ജീപ്പിൽ കയറി അവിടുന്ന് സ്ഥലം വിട്ടു. അയാൾ പോയെന്ന് കണ്ടതും പാറു മായയെ പിടിച്ചു മുന്നിലേക്ക് നിർത്തി.
“ചേച്ചി.. ചേച്ചി എന്തൊക്കെയാ അയാളോട് പറഞ്ഞതെന്ന് ഓർക്കുന്നുണ്ടോ… കൊല്ലും കൊലയും തൊഴിലാക്കിയ പക്കാ ക്രിമിനലാണ് അയാൾ… എന്തും ചെയ്യാൻ മടിയില്ല അയാൾക്ക്.. വെറുതെ അയാളെ വെറുപ്പിക്കണ്ടായിരുന്നു….”
“പിന്നെ ഞാൻ നിന്നെ അയാൾക്ക് പിടിച്ചു കെട്ടിച്ചു കൊടുക്കണമായിരുന്നോ…”
“എന്നല്ല… അയാൾ കുറച്ചു നേരം വെറുപ്പിച്ച് അങ്ങ് പൊയ്ക്കോളുമായിരുന്നു.. ഇതിപ്പോ വാശി കേറ്റിയ സ്ഥിതിയ്ക്ക് അയാൾ എന്താ ചെയ്യാന്ന് ഒരു പിടിയുമില്ല…”
“ഒന്നും ഇല്ല.. നീ വെറുതെ കിടന്നു ടെൻഷൻ ആവാതെ… ഇവിടെ എന്താ പോലീസും നിയമവുമൊന്നുമില്ലേ… തൊടില്ല അവൻ നിന്നെ…”
“ചേച്ചി.. എന്നാലും ശിവ സർ ഇതറിഞ്ഞാൽ…”
“അവൻ അറിഞ്ഞാൽ എന്താ… നിന്നെ പോലെ അല്ല.. അവൻ കുറച്ചു ലോക വിവരം ഉള്ളവനാ.. ഇതൊക്കെ കേട്ടാൽ അവൻ കിടന്നു ചിരിക്കും… നീയിങ്ങ് വാ പെണ്ണെ…”
“അല്ല.. ചോദിക്കാൻ വിട്ടു.. ചേച്ചി എങ്ങനെ കറക്റ്റ് ടൈമിൽ ഇവിടെ എത്തി….”
“ഹാ ഞാൻ ദേ അവിടെ വണ്ടി നിർത്തി ആ കടയിൽ നിന്ന് ഒരു സാധനം വാങ്ങിച്ച് ഇറങ്ങുമ്പോഴാ നീ ബസ് ഇറങ്ങി നടക്കുന്നത് കണ്ടത്.. പിന്നെ നിന്നെ കൂട്ടിയിട്ട് പോവാന്ന് കരുതി അവിടെ വെയിറ്റ് ചെയ്യുവായിരുന്നു.. അപ്പഴാ അയാൾ….”
“മ്മ്.. അതോണ്ട് ഞാൻ രക്ഷപെട്ടു….”
“മ്മ് മ്മ്.. എന്നും ഇങ്ങനെ രക്ഷിക്കാൻ എനിക്ക് എത്തിപ്പെടാൻ കഴിഞ്ഞെന്ന് വരില്ല.. സോ സ്വയം ഇവനെയൊക്കെ നേരിടാൻ മാത്രം സ്ട്രോങ്ങ് ആവണം നീ.. പേടിച്ചു മിണ്ടാതെ തല താഴ്ത്തി നിന്നാൽ ഇവന്മാരൊക്കെ കൂടുതൽ തെമ്മാടിത്തരം കൂടുകയേ ഉള്ളു…. കേൾക്കുന്നുണ്ടോ നീ…”
“മ്മ് ചേച്ചി…”
“മ്മ്.. എന്നാ വാ നമുക്ക് പോവാം.. തത്കാലം ഇവിടെ നടന്നത് നിന്റെ സർ അറിയണ്ട…”
“ഓഹോ…. അപ്പൊ പേടിയുണ്ട്…”
“യ്യോ.. പേടിയൊന്നും അല്ല.. അവൻ എന്നെ ഇതും പറഞ്ഞു ട്രോളും.. അതാ…”
“മ്മ് മ്മ്.. ആയിക്കോട്ടെ… ഞാൻ പറയില്ല…”
“മ്മ്.. എന്നാ ബാ.. വിടാം….”
പാറുവിന്റെ കയ്യും പിടിച്ച് മായ റോഡ് ക്രോസ്സ് ചെയ്ത് അപ്പുറത്തെത്തി.
🍁🍁🍁🍁🍁🍁
“മോളെ…. മോളെ പാറു… നീയിതെവിടെയാ കുഞ്ഞേ….”
ആമ്പൽ പൂക്കൾ കാണാൻ ആണെന്ന് പറഞ്ഞു ഓടിപ്പോയ പാറുവിനെ നേരം ഏറെയായിട്ടും കാണാഞ്ഞിട്ട് തിരക്കി വന്നതായിരുന്നു ശ്രീദേവി. ശ്രീദേവിയമ്മയുടെ വിളി കേട്ടപ്പോൾ പഴയ ഓർമ്മകളെ അവിടെ കളഞ്ഞ് അവൾ കുളപ്പടവിൽ നിന്നും എഴുന്നേറ്റ് മുകളിലേക്ക് കയറി.
“ഞാൻ ദേ ഇവിടെ തന്നെയുണ്ട് അമ്മേ…”
“ഹ.. പേടിച്ചു പോയല്ലോ കുട്ടി… രാഘവൻ പറഞ്ഞു നീ ഏറെ നേരമായി തറവാട്ട് കുളത്തിലേക്ക് പോയിട്ട്..ഇനിയും എത്തിയില്ലെന്ന് കണ്ടപ്പോ പേടിച്ചു ഞാൻ….”
“അച്ചോടാ.. ഞാനീ കുളത്തിൽ ചാടി ചത്തെന്നു കരുതിയോ അമ്മക്കുട്ടി….”
ശ്രീദേവിയുടെ താടിത്തുമ്പിൽ പിടിച്ച് പാറു പറഞ്ഞപ്പോൾ ശ്രീദേവി ആ കൈ തട്ടി മാറ്റി.
“പൊയ്ക്കോണം മിണ്ടാതെ…ചാവുന്നു പോലും.. കളിയായി പോലും അങ്ങനൊന്നും പറയാതെ മോളെ…നാവ് എങ്ങാൻ പിഴച്ചു പോയാൽ.. ന്റെ കൃഷ്ണാ…”
“അയ്യേ.. ഒന്നും ഉണ്ടാവില്ല… അങ്ങനൊന്നും ഈ പാറുനെ ന്റെ കൃഷ്ണൻ കൊണ്ട് പോവില്ലന്നെ…അമ്മ ധൈര്യം ആയിട്ടിരിക്ക്…”
ശ്രീദേവിയുടെ മുഖത്തെ ആവലാതി കണ്ട് പാറു ചിരിയോടെ പറഞ്ഞു.
“മ്മ്.. മതി ഇവിടെ ഇങ്ങനെ ഇരുന്നത്… വന്നേ.. ഊണ് എടുത്തു വെച്ചിട്ടുണ്ട് ജാനു….”
“മ്മ്.. ഓക്കേ.. എന്നാ നമുക്ക് പോവാം… വായോ…”
“മ്മ്.. കുറുമ്പി…”
ശ്രീദേവി അവളുടെ കാതിൽ ഒന്ന് പയ്യെ നുള്ളി രണ്ടു പേരും കൂടി വീട്ടിലേക്ക് നടന്നു.
(തുടരും )

by