രചന – സിന്ധു അപ്പുക്കുട്ടൻ
“മുത്തശ്ശി, ഞാൻ കുറച്ചു ദിവസം വീട്ടിൽപോയി നിന്നാലോ. രണ്ടു ദിവസമായി ഒന്നിനും പറ്റണില്യ. എപ്പോഴും ഒരു തളർച്ചയാ.”
വേണിയുടെ മുടി വിതർത്തി എണ്ണ തേച്ചു കൊടുക്കുകയായിരുന്നു ജാനകിയമ്മ.
“അതൊന്നും സാരല്യ കുട്ടീ. പ്രസവം അടുക്കാറാകുമ്പോ ഇതൊക്കെ പതിവാ . പ്രസവത്തിനു അങ്ങോട്ട് കൊണ്ടോവാൻ ഇനി കുറച്ച് ദിവസല്ലേയുള്ളൂ. ആ ചടങ്ങും കൂടി കഴിയട്ടെ. ഇപ്പോഴേ പോണ്ട.
“അമ്മ വരുമോ മുത്തശ്ശി ഞാൻ പോകുന്ന ദിവസം.”
“ആർക്കറിയാം. അവള് വന്നാലും എന്താ കാര്യം. ഇവൻ അതിന്റെ കയ്യിലുള്ളതും കൂടി പിടിച്ചു പറിക്കാൻ ചെല്ലും. അവനോടുള്ള ദേഷ്യം അവള് മോളോടും തീർക്കും. നല്ലൊരു ദിവസമായിട്ടു മോള് കരഞ്ഞോണ്ട് ഇറങ്ങി പോവേണ്ടി വരും.
ഒന്നോർത്താ അതിന്റെ ജീവിതം എവിടെയെങ്കിലും എങ്ങനേലും ജീവിച്ചു തീർത്തോട്ടെ. അതാ നല്ലത്. ഇവിടെ അതിനൊരു സന്തോഷമുണ്ടോ. പ്രസാദിന് അവളെ കണ്ണെടുത്താ കണ്ടൂടാ. അവന്റെ ജീവിതം നശിപ്പിച്ചു എന്നാ പറച്ചിൽ. കേട്ട് കേട്ട് സഹി കെട്ടിട്ടാ അവളിറങ്ങി പോയെ. കണ്ടവന്റെ അടുക്കളയിൽ കിടന്നു എരിഞ്ഞു തീരാനായിരുന്നു അതിന്റെ തലവിധി. പറഞ്ഞിട്ട് കാര്യമില്ല.എന്തോരം പ്രതീക്ഷയിലാ അവളുടെ കല്യാണം നടത്തി കൊടുത്തത്.മൂത്തവർ രണ്ടും നല്ല നിലയിലായി.ഏറ്റവും ഇളയതായതുകൊണ്ട് ഒരുപാട് ലാളിച്ചു വളർത്തിക്കൊണ്ട് വന്നതാ. എന്നിട്ടിപ്പോ അതിനെപ്രതി കണ്ണീര് കുടിക്കാനാ എന്റെ വിധി.
അവൾക്കൊരു ആലോചന വന്നപ്പോൾ ഒരുപാട് സന്തോഷിച്ചു. വല്യ തറവാട്ടുകാരാ. ഇഷ്ടംപോലെ സ്വത്ത്. താലി കഴുത്തിൽ വീണുകഴിഞ്ഞാ അറിയുന്നേ ലോകം മുഴുക്കെ തെണ്ടി നടന്ന് കുടിയായിരുന്നു അവനെന്ന്.
സത്യം പറഞ്ഞാൽ അവനിവിടെ വരുമ്പോൾ പേടിയാ എനിക്ക്. കുടിച്ചു കുടിച്ച് കണ്ണൊക്കെ ചുവന്നിട്ടുണ്ടാകും. അവളും പേടിച്ചു മുട്ട് വിറച്ചു നിൽക്കും. പിന്നെപ്പിന്നെ അവളും തറുതല പറയാൻ തുടങ്ങി.ചെറിയ വഴക്കുകൾ വലുതാകാൻ താമസമുണ്ടായില്ല പിന്നെ. ഒരിക്കൽ മുത്തശ്ശനവനെ ചവിട്ടിപ്പുറത്താക്കി. പിന്നെയവന്റെ വിവരമൊന്നുമുണ്ടായില്ല കുറെ കാലത്തേക്ക്.
പ്രസാദിന് മൂന്ന് വയസുള്ളപ്പോ ഒരിക്കൽ വീണ്ടും ഇവിടെ കയറി വന്നു. അപ്പൊഴേക്കും അവള് ജോലിക്കെന്നും പറഞ്ഞ് ഊരുചുറ്റി തുടങ്ങിയിരുന്നു.
നിങ്ങള് കാരണം എനിക്കെന്റെ അച്ഛനെ നഷ്ടമായില്ലേ എന്നൊക്കെയാ അവളോട് മോന്റെ ചോദ്യം. എത്രയൊക്കെ പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ ശ്രമിച്ചിട്ടും അവന് അവളുടെ സങ്കടം മനസ്സിലാകുന്നില്ല. അതേപ്പിന്നെ ഇങ്ങോട്ടുള്ള വരവും കുറഞ്ഞു. വരുമ്പോഴൊക്കെ അവന്റെ വായിലിരിക്കുന്നത് കേട്ട് മനസ്സു നൊന്താ അവളിറങ്ങിപ്പോകാറ്.
“പാവം അമ്മ…. സത്യമറിയാതെ ഞാനും അമ്മയെ ശപിച്ചിട്ടുണ്ട്. അവർ നല്ലപോലെ നോക്കി വളർത്തിയിരുന്നെങ്കിൽ പ്രസാദ് ഇങ്ങനെയൊന്നുമാകില്ലായിരുന്നു എന്ന് അമർഷം കൊണ്ടിട്ടുണ്. പക്ഷേ ഇപ്പൊ പാവം തോന്നുന്നു അമ്മയോട്.മുത്തശ്ശികൂടി ഇല്ലായിരുന്നെങ്കിൽ ഞാനും ഈ വീടുപേക്ഷിച്ചേനെ.
“മുത്തശ്ശൻ ഇതിലും കഷ്ടായിരുന്നു മോളെ. പണ്ട് ഒരുപാട് നിലവും കൃഷിയുമൊക്കെയുണ്ടായിരുന്നു. പണിക്ക് വരുന്ന പെണ്ണുങ്ങളെ രാത്രിക്കൂട്ടിനും വിളിച്ചോണ്ട് വരും. ഒരുപാട് അനുഭവിച്ചതാ ഈ ഞാനും.അതോണ്ട് എന്റെ മോൾടെ സങ്കടം നല്ലോണം മനസ്സിലാക്കിയിട്ടുണ്ട് ഞാൻ.
“എനിക്കെന്തോ, പ്രസാദിനെ കാണുമ്പോ ദേഹം വിറക്കുവാ.ഭ്രാന്ത് പിടിക്കുന്ന പോലെ.എന്റെ മാനസികാവസ്ഥ കുഞ്ഞിനെ ബാധിക്കുമോ എന്നാ പേടി.”
“എനിക്കും അങ്ങനെതന്നെയായിരുന്നു. അപ്പോഴൊക്കെ അമ്പലത്തിൽ പോയിരുന്നു പ്രാർത്ഥിക്കും.മൂന്നു പെൺകുട്ടികളാ വളർന്നു വരുന്നേ. അവർക്ക് ഞാനില്ലെങ്കിൽ വേറെയാരുമില്ല. എല്ലാം സഹിക്കാനുള്ള കരുത്തുതരണേയെന്ന് കണ്ണീരോടെ ഭഗവാന്റെ കാൽക്കൽ വീഴും.അങ്ങനെ നേടിയെടുത്ത കരുത്തിലായിരുന്നു പിന്നെയങ്ങോട്ടുള്ള ജീവിതം.
ചെയ്തു കൂട്ടിയതിന് കുറെയൊക്കെ അനുഭവിച്ചു അങ്ങേര്. ഇപ്പോഴും കിടന്നു നരകിക്കുവല്ലേ.എനിക്കയാളുടെ നിസ്സഹായാവസ്ഥ കാണുമ്പോൾ ചിരിയാ വരിക. ഇന്നു വരെയും അങ്ങേരെയോർത്തു ഒരു തുള്ളി കണ്ണീർ പൊഴിച്ചിട്ടില്ല ഞാൻ.
കിടക്കട്ടെ അവിടെ. പണ്ടത്തെ വീരസാഹസങ്ങളൊക്കെ അയവിറക്കി….ഹഹഹ
മുത്തശ്ശി നിന്ദയോടെ ചിരിച്ചു.
ഓർമ്മകൾ നഷ്ടപ്പെട്ട്, ജീവൻമാത്രം ബാക്കിയായി കിടക്കയിൽ വീണുപോയ മുത്തശ്ശനോട് ഇതുവരെയും അവൾക്ക് സഹതാപമായിരുന്നു. പക്ഷേ ഇപ്പോ മുത്തശ്ശിയെക്കാൾ ഇരട്ടിയായി അയാളെ വെറുത്തു തുടങ്ങി അവളുടെ മനസ്സും.
നീയിനി അവനെ ശ്രദ്ധിക്കാനേ പോണ്ട. നിനക്കിനി ഭർത്താവില്ല. അത്രേം കരുതിയാ മതി. ഞാനും മുത്തശ്ശനും മരിക്കുന്ന കാലം വരെ നിനക്കും കുഞ്ഞിനും ഇവിടെ താമസിക്കാം. ഇതെല്ലാം നിനക്കുള്ളതാ. ഞങ്ങളുടെ കാലം കഴിഞ്ഞാ ഇതൊക്കെ എന്താ വേണ്ടേന്ന് വെച്ചാ നിന്റെയിഷ്ടം പോലെ ചെയ്യാം. അവനെ ഇതിലൊന്നും തൊടീക്കരുത്.
പെണ്ണിന്റെ ജീവിതം ചവിട്ടിയരക്കാൻവേണ്ടി ദൈവം സൃഷ്ടിച്ച കുറെ അഥമ ജന്മങ്ങൾ. ഇവർക്കൊന്നും നമ്മുടെ ജീവിതത്തിൽ ഒരു സ്ഥാനവും കൊടുക്കേണ്ടതില്ല.
“എന്നാലും മുത്തശ്ശി… സുരേഷേട്ടൻ പറഞ്ഞ കഥകൾ കേട്ട് മനസ്സ് മരവിച്ചു പോയി. ഇത്രയും വൃത്തികെട്ടവനാവാൻ പ്രസാദിന് എങ്ങനെ കഴിഞ്ഞു എന്നോർക്കുമ്പോൾ…
വേണി വാക്കുകൾക്കായി പരതി.
ആ ഒരുമ്പെട്ടോളെ എനിക്കൊന്ന് കാട്ടിത്തരാൻ പറഞ്ഞിട്ട് നീ കേട്ടോ.?
അവളെ രണ്ടു തെറിവിളിക്കാതെ എനിക്ക് സമാധാനമുണ്ടാകില്ല. നൊന്തുപെറ്റ രണ്ടുകുഞ്ഞുങ്ങളെ ഒരു ദുഷ്ടന്റെ കയ്യിൽ ഇട്ടു കൊടുത്ത് അവൾ സ്വന്തം സുഖം തേടിഇറങ്ങിയെക്കുന്നു. അവനേം പോരാഞ്ഞ് ഇപ്പൊ വേറൊരുത്തനേം കൂടി കക്ഷത്തിലാക്കി.ഇവളെയൊക്കെ പെണ്ണെന്ന് വിളിക്കാൻ തന്നെ നാവ് വഴങ്ങില്ല.
നീയിങ്ങനെ നിറവയറുമായിട്ടിരിക്കുമ്പോ ആ ഒരുമ്പെട്ടോള് അവനെപ്പറഞ്ഞു മയക്കി ബാംഗ്ലൂർക്ക് ടൂറ് പോയേക്കുന്നു. കൊല്ലണ്ടേ അവളെ.
“എന്തിനാ മുത്തശ്ശി അവളെ പറയുന്നേ. പ്രസാദ് എല്ലാറ്റിനും കൂട്ട് നിന്നിട്ടല്ലേ. ബസിൽ പണിയുണ്ട് എന്ന് കള്ളവും പറഞ്ഞ് എന്റെ കയ്യിൽ കിടന്ന വളയും ഊരിയെടുത്തു ഇറങ്ങി പോയതല്ലേ. അവനോളം ദുഷ്ടതയൊന്നും അവള് ചെയ്യുന്നില്ല എന്നോട്.
സാരമില്ല കുട്ടീ. എല്ലാം സഹിക്കാനുള്ള കരുത്തു തരാൻ ഭഗവാനോട് പ്രാർത്ഥിച്ചോളു. അല്ലാതെ മറ്റുവഴികളൊന്നുമില്ല.
രാത്രി
പ്രസാദ് വന്നു കയറുമ്പോൾ വീട് ഇരുളിൽ മുങ്ങികിടക്കുകയായിരുന്നു.വാതിലുകൾ അടഞ്ഞും.
ഇവിടെയുള്ളോരൊക്കെ ചത്തോ. ലൈറ്റ്പോലുമിടാതെ എവിടെ പോയി എല്ലാം.
പ്രസാദിന്റെ കുഴഞ്ഞ ശബ്ദം വേണി അകത്തു കിടന്നു കേട്ടു
മുത്തശ്ശി അവളെ അമർത്തിപ്പിടിച്ചു. എഴുന്നേൽക്കണ്ട. അവനവിടെക്കിടന്നു പറഞ്ഞോട്ടെ. ഇന്നുമുതൽ തുള്ളിവെള്ളം പോലും കൊടുത്തു പോകരുതവന്. കേട്ടല്ലോ.
“പ്രോമിസ് ”
അവൾ മുത്തശ്ശിയെ കെട്ടിപ്പിടിച്ച് അമർത്തിയ ചിരിയോടെ ആ കാതിൽ മൂളി.
തുടരും..
തനിയെ (10)
“എത്രനേരമായെടീ ഞാനവിടെ വന്നിരിക്കുന്നു. ചോറെടുത്തു വെക്കാതെ നീയിവിടെയിരുന്നു കുത്തിക്കേറ്റുവാ അല്ലേടി നായിന്റെ മോളേ ”
പ്രസാദ് കയ്യോങ്ങിക്കൊണ്ട് വേണിക്ക് നേരെ കുതിച്ചു വന്നു.
ഉച്ചക്ക് ഊണുകഴിക്കാൻ വന്നതായിരുന്നു അവൻ.പതിവുപോലെ മേശപ്പുറത്ത് ഭക്ഷണമൊന്നും കാണാത്ത ദേഷ്യത്തിൽ അടുക്കളയിലേക്ക് പാഞ്ഞു ചെന്നു.
വേണി അവിടെയിരുന്നു ചോറുണ്ണുകയായിരുന്നു.അവനെ കണ്ടെങ്കിലും കണ്ടതായി ഭാവിക്കാതെ.
അവളുടെ കൂസലില്ലായ്മ അവന്റെ ദേഷ്യം വർധിപ്പിച്ചു. അവൻ വീണ്ടും അവൾക്ക് നേരെ കയ്യുയർത്തി.
“തൊട്ടുപോകരുതവളെ. നീ വല്ലതും വാങ്ങി തന്നിരുന്നോ വരുമ്പോഴേക്കും വെച്ചു കാലമാക്കി വിളമ്പി തരാൻ.”
മുത്തശ്ശി, കഴിച്ചുകൊണ്ടിരുന്ന പ്ലേറ്റ് അടുക്കളസ്ലാബിൽ വെച്ച്,അവന് നേരെമുന്നിൽ കയറി നിന്നു.
അവനത് പ്രതീക്ഷിച്ചില്ല. അമ്പരപ്പ് മറയ്ക്കാൻ ,പെട്ടെന്നെടുത്തണിഞ്ഞ പുച്ഛഭാവത്തോടെ അവരെ നോക്കി മുണ്ട് മാടിക്കുത്തി എളിക്ക് കയ്യൂന്നി നിന്നു.
“ങേ… നിങ്ങളും നാവുയർത്തി തുടങ്ങിയോ. ഇന്നലെവരെ ഞാനിവിടുന്നല്ലേ ഉണ്ടോണ്ടിരുന്നേ.?
“അത് ഞങ്ങൾക്ക് പറ്റിയ മണ്ടത്തരം. കൈകഴുകി വന്നിരിക്കുമ്പോഴേക്കും വിളമ്പി വെച്ച് തന്നത്. നീ പണിയെടുക്കുന്നത് കള്ളു കുടിച്ചും കണ്ട പെണ്ണുങ്ങൾക്കു കൊണ്ടു കൊടുത്തും അർമാദിക്കുവല്ലേ. ഇനിമുതൽ നിനക്കവിടെ ചോറില്ല. അവള് പണിയെടുത്തു കൊണ്ടു വരുന്നതാ ഇവിടെ വെച്ചുണ്ടാക്കുന്നെ. അതിൽ പങ്കുപറ്റാൻ നീയിങ്ങോട്ട് വരണ്ട. ഇറങ്ങിക്കോ എന്റെ കുടുമ്മത്ത്ന്ന്.”
“ഓഹോ..ഇപ്പോ നിങ്ങളും ഇവളുടെ കാൽക്കീഴിലായിരിക്കും അല്ലെ.
ഞാൻ ആരുടേയും കാൽക്കീഴിൽ കിടക്കുന്നില്ല. എനിക്ക് ശരിയെന്ന് തോന്നുന്നത് ഞാൻ പറയും. പ്രവർത്തിക്കും. അവള് നയിച്ചു കൊണ്ടു വരുന്നത് അവൾക്കും ആ വയറ്റിൽ കിടക്കുന്ന കുഞ്ഞിനും വേണ്ടിയാ. അല്ലാതെ നിനക്ക് ചിലവിനു തരേണ്ട യാതൊരു ബാധ്യതയുമില്ല അവൾക്ക്. ഇറങ്ങി പൊയ്ക്കോ. അതാ നിനക്ക് നല്ലത്
ഞാനങ്ങനെ ഇറങ്ങിപ്പോകുമെന്നൊന്നും നിങ്ങൾ വിചാരിക്കണ്ട. എന്റെയമ്മക്ക് ഇവിടെ അവകാശമുണ്ടെങ്കിൽ ഞാനും ഇവിടെ തന്നെ താമസിക്കും. അല്ലാതെ ഇക്കണ്ട സ്വത്തൊക്കെ കണ്ടവന്റെ കൊച്ചിന് കൊടുക്കാമെന്ന വിചാരം മനസ്സിലുണ്ടെങ്കിൽ അതിപ്പോഴേ നുള്ളിക്കളഞ്ഞോ.സമ്മതിക്കില്ല ഞാ….
പ്രസാദ് പറഞ്ഞു മുഴുവനാക്കും മുൻപേ മുത്തശ്ശിയുടെ എച്ചിൽപുരണ്ട കൈ അവന്റെ കവിളിൽ ആഞ്ഞു പതിച്ചു.
“നട്ടാൽ കുരുക്കാത്ത കുറെ നുണകൾ പറഞ്ഞും മുതലക്കണ്ണീര് കാട്ടിയും ഒരു പെണ്ണിന്റെ ജീവിതം നാനാവിധമാക്കി. അവൾക്കൊരു കൊച്ചിനേം ഉണ്ടാക്കി കൊടുത്തു. എന്നിട്ട് നിന്ന് കുരക്കുന്നോടാ നായേ . കണ്ടവന്റെ കൊച്ചാത്രേ.ഇനി നീയാ വാക്ക് ഉച്ചരിച്ചു പോകരുത്. എന്റെ മോളാ ഇവള്. അവളുടെ കുഞ്ഞ് എന്റെയും കൂടിയാ. അതിവിടെ തന്നെ വളരും. കൊടുക്കേണ്ടതൊക്കെ ഞാൻ കൊടുക്കേം ചെയ്യും. തടയാമെങ്കിൽ തടഞ്ഞോടാ.
മുത്തശിയിൽ നിന്നും അങ്ങനെയൊരു പ്രതികരണം വേണിയും പ്രതീക്ഷിച്ചില്ല.മനസ്സിൽ സന്തോഷം തോന്നിയെങ്കിലും വീണ്ടും അവന് നേരെ ഓങ്ങിയ കൈ അവൾ തടഞ്ഞു
“ഇത് എന്റെ മാത്രം കുഞ്ഞാ മുത്തശ്ശി. കെട്ടിയവന് കഴിവില്ലാത്തത് കൊണ്ട് ഞാൻ സ്വന്തമായി സമ്പാദിച്ച എന്റെ കുഞ്ഞ്. അച്ഛാന്ന് വിളിക്കാൻ ഇങ്ങനെയൊരുത്തനെ എന്റെ കുഞ്ഞിന് വേണ്ട. മുത്തശ്ശി ഇവനെപ്പോലൊരു ചെറ്റയെ തല്ലി വെറുതെ കൈ നോവിക്കണ്ട.
പിന്നെയവൾ പ്രസാദിന് നേരെ തിരിഞ്ഞു,
“നാലു വർഷങ്ങൾ കാത്തിരുന്നിട്ട് കിട്ടിയ കുഞ്ഞാ. അതുവരെ എന്നെ വേദനിപ്പിച്ചതെല്ലാം മറന്ന് ഓടിച്ചെന്നപ്പോ ചോദിച്ചത് എന്റെ കൊച്ച് തന്നെയാണോ എന്നാ അന്നെന്റെ മനസ്സിൽ നിങ്ങൾ മരിച്ചു. ഇനിയൊരിക്കലും ജീവിക്കാത്ത വിധം. ഇപ്പോഴും നിങ്ങൾ തരുന്ന ഓരോ സങ്കടങ്ങൾക്കും പകരം നിങ്ങളുടെ ജീവനറ്റ ശരീരം കുത്തിക്കീറി ഞാൻ രസിക്കുന്നുണ്ട്. നൂറുവട്ടമെങ്കിലും ആ മുഖത്തു ഞാൻ കാർക്കിച്ചു തുപ്പുന്നുമുണ്ട്.
“ഓ… ഞാനന്ന് വെറുതെയൊരു തമാശക്ക് ചോദിച്ചതാ. അതിന് നീ പറഞ്ഞ മറുപടി എന്തായിരുന്നു.ഒരുതവണയെങ്കിലും നീ എന്നോട് പറഞ്ഞോ ഇത് നമ്മുടെ കുഞ്ഞാണെന്ന്.നീയൊന്ന് താണ് തന്നിരുന്നെങ്കിൽ പിന്നെ ഞാനത് പറയില്ലായിരുന്നു.
“ഹഹഹ… നല്ല ന്യായം. അല്ലേ മുത്തശ്ശി.ഉത്തരം മുട്ടിയപ്പോ കൊഞ്ഞനംകാട്ടുന്ന ന്യായം.നാണമില്ലല്ലോ നിങ്ങൾക്ക് എന്റെ മുന്നിൽനിന്ന് ഇത് പറയാൻ. എന്റെ സ്ഥാനത്ത് മറ്റൊരു പെണ്ണായിരുന്നെങ്കിൽ നിങ്ങളുടെ കരണം പുകച്ച് ഇറങ്ങിപ്പോയേനെ അവൾ.താണു കൊടുത്തില്ലത്രേ.. ത്ഫൂ…
അല്ല ഞാനൊന്നു ചോദിച്ചോട്ടെ. നിങ്ങൾ എന്തിനാ എന്റെ കഴുത്തിൽ ഈ താലി കെട്ടിയെ. നിങ്ങളോട് ഞാൻ എന്ത് തെറ്റ് ചെയ്തു. ഒന്ന് പറഞ്ഞു തരോ.അതിനും ഇതുപോലെ എന്തെങ്കിലുമൊരു ന്യായം ഉണ്ടോന്ന് അറിണമല്ലോ.
“നിന്റെ അഹങ്കാരം തീർത്തു തരാൻ..”
അവൻ അവൾക്കരുകിലേക്ക് ചേർന്ന് നിന്ന് പല്ലിറുമ്മി
നിന്നോട് ഇഷ്ടമാണെന്ന് ആദ്യം പറഞ്ഞപ്പോൾ നിന്റെ മറുപടി എന്തായിരുന്നു ഓർമ്മയുണ്ടോനിനക്ക്.. ഇല്ലെങ്കിൽ ഞാൻ പറഞ്ഞു തരാം. ആളും തരവും നോക്കാതെ ഐ ലവ് യുവും കൊണ്ട് വന്നാൽ അടിച്ചു പല്ല് ഞാൻ താഴെയിടും ന്ന്. അന്ന് ഞാൻ മനസ്സിൽ തീരുമാനിച്ചതായിരുന്നെടി നിന്നെയെന്റെ കാൽച്ചോട്ടിലിട്ട് ചവിട്ടിയരക്കണം ന്ന് . ആ വാശി നേടിയെടുക്കാൻ നിന്റെ മുന്നിൽ നല്ലപോലെയങ്ങു അഭിനയിച്ചു.അതിലെനിക്ക് യാതൊരു കുറ്റബോധവുമില്ല. പെണ്ണുങ്ങൾക്ക് ഇത്ര അഹങ്കാരം പാടില്ല. മനസ്സിലാക്കിക്കോ.
വേണി സ്തബ്ദയായി നിൽക്കുകയായിരുന്നു.അവനിൽ നിന്നും കേട്ടുകൊണ്ടിരിക്കുന്ന വാക്കുകൾ അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. പ്രണയം നിരസിച്ചു എന്ന ഒരൊറ്റ കാരണം കൊണ്ട് ഒരു പെണ്ണിന്റെ ജീവിതം ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിൽ എറിഞ്ഞു കളഞ്ഞിട്ട് വിജയഭേരി മുഴക്കുന്നു. പ്രാണനെപ്പോലെ സ്നേഹിച്ചു കൂടെ വന്നവൾക്ക് നേരെ.
കടന്ന് പോ എന്റെ മുന്നിൽ നിന്ന്. ഇല്ലെങ്കിൽ ഞാൻ എന്തെങ്കിലും ചെയ്തു പോകും. പ്ലീസ്..
ഞെട്ടലിൽ നിന്നും മോചിതയായപ്പോൾ ഭ്രാന്തമായി കരഞ്ഞുകൊണ്ട് അവളവന്റെ നേരെ കൈകൾ കൂപ്പി.
നീ ഇറങ്ങിപ്പോടി. എന്റെ ജീവിതത്തിൽ ഇനി നിനക്കൊരു സ്ഥാനവുമില്ല. എനിക്കിനിയും ഒരുപാട് പെണ്ണുങ്ങളെ കിട്ടും.
അവൻ പിന്നെയും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.
വേണി അതൊന്നും കേട്ടില്ല.മുത്തശ്ശിയുടെ തോളിലേക്ക് മുഖം പൂഴ്ത്തി. കേട്ടോ മുത്തശ്ശി… പക തീർക്കാൻ അവനെന്റെ ലൈഫ്… എന്റെ ലൈഫ്…അവൾ ഏങ്ങലടിച്ചു
മുത്തശ്ശിയും ആകെ വിറങ്ങലിച്ചു നിൽക്കുകയായിരുന്നു.
പ്രസാദ് പടിയിറങ്ങി പോകുമ്പോൾ അവരവനെ ശപിച്ചു പോയി, കുരുത്തം കെട്ടവൻ നശിച്ചുപോട്ടേ..
****************************
“ഇവള് അച്ഛന്റെ തനിസ്വരൂപമാണല്ലോ വേണി.
വെള്ളത്തുണിയിൽ പൊതിഞ്ഞ കുഞ്ഞു ദേഹത്ത് തലോടി മുത്തശ്ശിയത് പറയുമ്പോൾ
വേണിയും അത് ശരി വെക്കും പോലെ അവരെ നോക്കി ചിരിച്ചു.
“ദൈവത്തിന്റെ ഒരു തമാശ നോക്കണേ. സ്വന്തം ചോരയെ തിരിച്ചറിയാൻ അവന് കാട്ടികൊടുത്ത അടയാളം തന്നെ.
പ്രസവം കഴിഞ്ഞു ഡോക്ടർ കുഞ്ഞിനെയെടുത്തു കാണിച്ചപ്പോൾ വേണിയുടെ നെഞ്ചിൽ ഒരിടിവെട്ടി. പ്രസാദിന്റെ ഒരു കുഞ്ഞു മുഖം. ശ്ശെ… ഇതിനെയാണോ താൻ കാത്തുകാത്തിരുന്നതെന്ന് മനസ്സിൽ വെറുപ്പോടെ ചിന്തിച്ചു പോയി.
അവളുടെ മനസ്സിലെ വെറുപ്പ് തിരിച്ചറിഞ്ഞ കുഞ്ഞ് പാല് കുടിക്കാൻ കൂട്ടാക്കിയില്ല. വായിലേക്ക് തിരുകിവെക്കുന്ന മുലകണ്ണുകളെ കുഞ്ഞുനാവുകൊണ്ട് പുറത്തേക്കു തള്ളി അവൾ പ്രതിഷേധിച്ചുകൊണ്ടിരുന്നു.
“വേണി കുഞ്ഞിനെ നോവിച്ചിട്ടുണ്ടെന്നു തോന്നുന്നു. മനസ്സുകൊണ്ട് ”
കുഞ്ഞിന്റെ അലറിക്കരച്ചിൽ കണ്ട ഡോക്ടർ അവളെ നോക്കി പരിഭവം പറഞ്ഞു.
ശരിയാണ് ഡോക്ടർ. ഞാനെന്റെ മോൾടെ മുഖം കണ്ട് ഒരു നിമിഷം എന്തൊക്കെയോ ഓർത്തു പോയി. എന്നോട് ക്ഷമിക്ക്. വേണി കരഞ്ഞു കൊണ്ട് ഡോക്ടറെ ചുറ്റിപ്പിടിച്ചു
ക്ഷമിക്കേണ്ടത് ഞാനല്ല. തന്റെ മോളാ. അവളോട് പറഞ്ഞേക്ക് മാപ്പ്.
വേണി കുഞ്ഞിനെ നെഞ്ചോട് ചേർത്തു പിടിച്ച് ആ കുഞ്ഞിക്കവിളിലും നെറ്റിയിലുമെല്ലാം ചുണ്ടുകൾ ചേർത്തു. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ, പൊന്നുമോളെ അമ്മയോട് ക്ഷമിക്കെടി എന്ന വിലാപവുമായി.
കുറച്ചു കഴിഞ്ഞ് അവൾ പാല് വലിച്ചു കുടിക്കാൻ തുടങ്ങിയപ്പോഴാണ് വേണിയുടെ നെഞ്ചിലെ തീയണഞ്ഞത്.
“അതേ.. പണ്ടുള്ളവരു പറയും, ഗർഭകാലത്ത് നമ്മൾ ഏറ്റവുമധികം വെറുക്കുന്നതാരെയാണോ അവരുടെ മുഖമായിരിക്കും പിറക്കാൻ പോകുന്ന കുഞ്ഞിനെന്ന്. ഉള്ളതാണോന്ന് ആർക്കറിയാം.”
മുത്തശ്ശി ചിരിയോടെ കുഞ്ഞിന്റെ കൈകളിൽ ഉമ്മ വെച്ചു.
“പ്രസാദ് വന്നില്ലേ മുത്തശ്ശി.?
“ആ.. ഞാൻ കണ്ടില്ല മോളെ. ഇന്നലെ മുതൽ വീട്ടിൽ വന്നിട്ടുമില്ല. എവിടെപോയെന്ന് എന്നോടൊട്ട് പറഞ്ഞുമില്ല.
“ഉം… അവൾ വെറുതെ മൂളി.
നെഞ്ചിൽ ഒരു നെരിപ്പോട് എരിഞ്ഞു തുടങ്ങുന്നത് അവളറിഞ്ഞു. ഒടുക്കത്തെ നിസ്സഹായാവസ്‌ഥ. ഏതൊരു പെണ്ണും തന്റെ പുരുഷന്റെ സാമീപ്യം അത്രയേറെ ആഗ്രഹിക്കുന്ന നിമിഷങ്ങളാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഒരു തലോടൽ, ഒരു മൃദു സ്പർശം, നെറുകയിൽ ഒരു സ്നേഹചുംബനം.എല്ലാം കൊതിച്ചു പോകുന്ന നിമിഷങ്ങൾ.. എന്നിട്ടും അനാഥയെപ്പോലെ..എന്ത് തെറ്റ് ചെയ്തിട്ട്… എന്തിനെന്നെയിങ്ങനെ ശിക്ഷിക്കുന്നു…
തികട്ടി വന്ന തേങ്ങൽ ഒതുക്കാൻ ശ്രമിച്ചെങ്കിലും, ഹൃദയം പിളർന്നുകൊണ്ടൊരു ആർത്തനാദം പുറത്തേക്കലയടിച്ചു.
“സാരമില്ല കുട്ടീ… വിഷമിക്കാതിരിക്ക്. അവളുടെ മനസ്സറിഞ്ഞ മുത്തശ്ശി വേദനയോടെ,ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ നിറഞ്ഞു തൂവുന്ന മിഴികൾ തുടച്ച് അവളുടെ നിറുകയിൽ തലോടിക്കൊണ്ടിരുന്നു.
തുടരും

by