17/04/2026

” എന്താടോ ….. നാട്ടിലേക്കുള്ള ടിക്കറ്റ് ഒക്കെ ആയതു മുതൽ ആലോചനയിലാണല്ലോ….. “

രചന – അമ്മൂട്ടി

” എന്താടോ ….. നാട്ടിലേക്കുള്ള ടിക്കറ്റ് ഒക്കെ ആയതു മുതൽ ആലോചനയിലാണല്ലോ….. ” നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വന്ന ഡെയ്സി , ജനാലക്കൽ പുറം കാഴ്ചകളിൽ മിഴി നട്ടു നിൽക്കുന്ന മൈഥിലിയോട് തിരക്കി …

അവളുടെ ചുണ്ടിലൊരു നേർത്ത പുഞ്ചിരി വിടർന്നു .. കണ്ണുകളിലെ വിഷാദം ആ ചിരിയിലും പ്രകടമായിരുന്നു …

സൂര്യനസ്ഥമിക്കാത്ത നാട്ടിലേക്ക് ചേക്കേറിയിട്ട് ആറ് വർഷം … അതിനിടയിൽ ഒരിക്കൽ പോലും നാട്ടിൽ പോയിട്ടില്ല .. എന്തിനായിരുന്നു പോകാൻ ഭയന്നത് … ഭയമായിരുന്നുവോ തനിക്ക് …? ആരെയായിരുന്നു ഭയം ..? അവൾ സ്വയം ചോദിച്ചു ……

അവളുടെ കണ്ണുകളിൽ ഈറൻ ഊറിക്കൂടി … ദൂരെ ചുവന്ന ഇലകൾ പൊഴിച്ചു നിൽക്കുന്ന മേപ്പിൾ മരങ്ങളിലേക്ക് അവൾ മിഴിയയച്ചു … പ്രഭാത സൂര്യന്റെ കിരണങ്ങളേറ്റ് ആ ഇലകൾ വെട്ടിത്തിളങ്ങി …

ഈ മടക്കവും തന്നിൽ നിറക്കുന്ന ഭയം ചെറുതല്ല … എന്തിനു വേണ്ടിയുള്ള ഭയം .. എത്രയാലോചിട്ടും അതിനെല്ലാം ഒറ്റയുത്തരം മാത്രമേ അവൾക്കുണ്ടായിരുന്നുള്ളു ..

പ്രണയം നിറഞ്ഞ രണ്ട് നക്ഷത്രക്കണ്ണുകൾ , കഴുത്തിന് പിന്നിൽ ഒരൽപം വളർന്നു നിൽക്കുന്ന മുടി … വെട്ടിയൊതുക്കിയ മീശക്കു താഴെ വൃത്തിയുള്ള ചുണ്ടിൽ വിടർന്ന പുഞ്ചിരി .. ട്രിംചെയ്ത് നിർത്തിയ താടി .. ഇരുനിറത്തിന് അനുയോജ്യമായ തരത്തിൽ സാധാരണ വേഷം …

മനസിൽ ഓർമകൾ ശീവേലി കൊട്ടിത്തുടങ്ങി …

* * * * * * * * * * * * * * * *

” മൈഥിലീ …. എനിക്കിതുവരെ നീയൊരുത്തരം നൽകിയില്ല …. ” അവന്റെ കുസൃതിക്കണ്ണുകൾ എന്റെ മുഖത്ത് തങ്ങി നിന്നു …

” സർ … മാഡം വെയിറ്റിംഗാ .. നിക്ക് പ്രൊസീജിയർ ചെയ്യാനിണ്ട്.. ഞാനൊന്നു പൊയ്ക്കോട്ടെ …..” വാഷ്ബേസിന്റെ സൈഡിൽ ചുമരോടൊട്ടി ചേർന്ന് നിന്ന് ഞാൻ കെഞ്ചി പറഞ്ഞു .. ഒരു കൈ ഭിത്തിയേലേക്ക് വച്ച് എന്നെ ബ്ലോക്ക് ചെയ്ത് ജീവനും ..

ആ ചുണ്ടിലൊരു കുസൃതിച്ചിരി നിറഞ്ഞു .. അവന്റെ ചുടു നിശ്വാസം എന്റെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു …

കൈയ്യിൽ ട്രേയുള്ളതിനാൽ എന്തെങ്കിലും സാഹസം കാട്ടി അവിടുന്ന് രക്ഷപ്പെടാനാകാതെ ഞാനും …

” ഞാനെല്ലാം പറഞ്ഞതല്ലേ സർ … ”

” നോ മൈഥിലി … എനിക്ക് നിന്റെ റീസൺസ് അല്ല കേൾക്കേണ്ടത് .. ഒറ്റ ചോദ്യം … എന്നെ ഇഷ്ടമാണോ .. ? ആണെന്നോ അല്ലെന്നോ ഒറ്റയുത്തരം … അതെന്റെ കണ്ണിൽ നോക്കി സത്യസന്ധമായി പറഞ്ഞാൽ മതി …..” അവനെന്റെ മുഖത്തേക്കുറ്റു നോക്കി …

ആ കണ്ണുകളിലേക്ക് നോക്കി അല്ല എന്ന് പറയാൻ ഞാൻ അശക്തയായിരുന്നു … എന്റെ കൈകൾ തണുത്തു മരവിച്ചു .. നെഞ്ചിടിപ്പേറി …

” എനിക്കാരോടും ഇഷ്ടക്കേടൊന്നുല്ല …. ” എങ്ങനെയോ ഞാൻ പറഞ്ഞൊപ്പിച്ചു …

അവൻ തലയൊന്നു കുടഞ്ഞു … പിന്നെ എന്റെ മുഖത്തേക്ക് രൂക്ഷമായി നോക്കി ..

” എനിക്കാരുടെയെങ്കിലും കാര്യമല്ല അറിയേണ്ടത് .. എന്നെ ….. ഈ എന്നെ നിനക്കിഷ്ടമാണോ അല്ലയോ .. … അത് പറഞ്ഞാൽ നിനക്ക് പോകാം …. ”

ഞാൻ മുഖം കുനിച്ചു .. സമയം പോകുന്നത് എന്റെ നെഞ്ചിടിപ്പ് കൂട്ടി .. വാർഡിൽ മാഡം വെയിറ്റിംഗ് ആണ് …. ഉത്തരം കിട്ടാതെ ജീവൻ മാറില്ലെന്നെനിക്കുറപ്പായിരുന്നു ..

” ഇഷ്ടാണ് ……. ഒരു ഫ്രണ്ടായിട്ട് ….” ഞാൻ വിക്കി വിക്കി പറഞ്ഞു …

” ഓ ….. ദാ കിടക്കുന്നു …. ” ജീവൻ ദേഷ്യത്തിൽ എന്നെ നോക്കി പല്ല് കടിച്ചു പിടിച്ചു …

” നീ വാലും തലയും ഒന്നും ചേർക്കണ്ട … ഒറ്റ വാക്കിൽ പറഞ്ഞാൽ മതി ….. ”

ഞാൻ കണ്ണിറുക്കിയടച്ചു .. ഒരു വശത്ത് ജീവൻ … മറുവശത്ത് മാഡം … ടെൻഷൻ കാരണം ഞാൻ ബോധം കെട്ട് വീഴുമെന്നായി …

” പറ …….” അവൻ തരളമായി എന്റെ കാതിൽ പറഞ്ഞു …..

ഞാൻ കണ്ണ് തുറന്നു … അല്ല എന്ന് പറയാൻ നാവെടുത്തിട്ടും എന്നെക്കൊണ്ടായില്ല … വയ്യ… അങ്ങനെ പറയാൻ എനിക്ക് വയ്യ …

വാഷ് റൂമിന് പുറത്ത് ആരുടെയോ നിഴലാട്ടം കണ്ടതും എന്റെ നെഞ്ച് കത്തി …

” ആണ് ……….” ഞാൻ പെട്ടന്ന് പറഞ്ഞു ……

തൊട്ടടുത്ത നിമിഷം തന്നെ അത് വേണ്ടായിരുന്നു എന്നെന്റെ മനസ് മന്ത്രിച്ചു ..

പക്ഷെ അവന്റെ മുഖം തെളിഞ്ഞു … എന്നോടുള്ള സ്നേഹം മുഴുവൻ ആ കണ്ണുകളിൽ എനിക്ക് കാണാമായിരുന്നു …

” ഞാൻ പൊയ്ക്കോട്ടെ ഡോക്ടർ .. പ്ലീസ് ……”

” ങും ……..” ഒരു തഴുകൽ പോലെ അവൻ മൂളി …

എന്നെ ബ്ലോക്ക് ചെയ്ത കൈയ്യെടുത്തു മാറ്റിയതും , എന്റെ കവിളിലൊരുമ്മ തന്നതും ഒരുമിച്ചായിരുന്നു …

ഞാൻ ഞെട്ടിത്തരിച്ചു … ആദ്യമായി ഒരു പുരുഷന്റെ ചുംബനം … കവിളുകളിൽ പടർന്ന ചൂട് … ചുംബനത്തിന്റെ ചൂട് …

കൈയ്യിലിരുന്ന ട്രേ ഞാൻ മുറുക്കി പിടിച്ചു … പിന്നെ മുന്നോട്ടു കാലടികൾ വച്ചു ….

” മൈഥിലി … നിന്നെ എപ്പോഴേ മാഡം വിളിക്കുവാ … ഇതുവരെ ആർട്ടിക്കിൾസ് എടുത്തില്ലേ … ആ പെണ്ണുംപിള്ള അവിടെ സംഹാര താണ്ഡവം തുടങ്ങി ….” എന്നെ അന്വേഷിച്ച് അങ്ങോട്ടു വന്ന രേഷ്മ പറഞ്ഞു ….

ഞാൻ തിരിഞ്ഞു നോക്കി … അവിടെ കൈകൾ മാറിൽക്കെട്ടി ഗൂഢമായി ചിരിച്ചു കൊണ്ട് നിൽപ്പുണ്ട് ജീവൻ .. കൂർപ്പിച്ചൊരു നോട്ടം നോക്കിയിട്ട് ഞാൻ നടന്നകന്നു ..

” എന്തായിരുന്നെടി അവിടെ ….” നടക്കുന്നതിനിടയിൽ രേഷ്മയെന്നെ കളിയാക്കി …

ഞാൻ അവളെയും കൂർപ്പിച്ച് നോക്കി … ജീവൻ ഡോക്ടർ എന്നെ പ്രപ്പോസ് ചെയ്തത് അവൾക്കറിയാം ..

എന്റെ മനസ് കടിഞ്ഞാണില്ലാതെ പായുകയായിരുന്നു … ആ സമയം മാഡമൊന്നുമായിരുന്നില്ല എന്റെ മനസിന്റെ വേവലാതി … ജീവൻ സാറായിരുന്നു … എന്തിനായിരുന്നു ഞാനത് സമ്മതിച്ച് കൊടുത്തത് .. ബലമായി എന്നെക്കൊണ്ട് സമ്മതിപ്പിച്ചതല്ലേ .. അങ്ങനെയൊക്കെ ചോദിച്ചാൽ ആ ഉത്തരമല്ലാതെ എനിക്ക് വേറെന്ത് പറയാൻ പറ്റും …. ഞാൻ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചു ..

അല്ല …. ‘ നോ ‘ എന്നൊരുത്തരം എന്റെ മുന്നിലുണ്ടായിരുന്നു .. അത് പറയാതെ ഞാനെന്തിന് ഇഷ്ടമാണെന്ന് പറഞ്ഞു .. അപ്പോ കുറ്റം അങ്ങോട്ടു മാത്രം ചാർത്താൻ കഴിയില്ല ..

മാഡത്തിന്റെ വായിൽ നിന്ന് ആർട്ടിക്കിൾ എടുത്തു വരാൻ വൈകിയതിന് ചീത്ത കേട്ടിട്ടും എനിക്കൊന്നും തോന്നിയില്ല .. സത്യത്തിൽ ഞാനതൊന്നും കേട്ടില്ല .. ശാരീരമാസകലം ഒരു തണുപ്പായിരുന്നു … ഉമിനീരിന് ചൂടും ..

ചെയ്തതെല്ലാം യാന്ത്രികമായിരുന്നു .. മനസിനെ മഥിച്ചു കൊണ്ടിരുന്ന ഒരായിരം ചിന്തകളുണ്ടായിരുന്നു ..

ബലമായി ഇഷ്ടമാണെന്ന് പറയിച്ചു … എന്നിട്ട് അനുവാദമില്ലാതെ ഉമ്മവച്ചു … അതിക്രമമല്ലേ എന്നോട് കാണിച്ചത് .. എന്നിട്ടും ഞാനെന്തു കൊണ്ട് പ്രതികരിച്ചില്ല …

അനുവാദമില്ലാതെ ദേഹത്ത് തൊട്ടാൽ അടിച്ച് കരണം പൊകയ്ക്കണമെന്ന പക്ഷക്കാരിയാണ് ഞാൻ .. ഫ്രണ്ട്സിനോട് എപ്പോഴും പറയാറുമുണ്ട് .. എന്നിട്ടും … എന്നിട്ടുമെന്തേ അവന്റെ മാത്രം മുന്നിൽ ഞാൻ തോറ്റു പോയി ..

അറിയാം … ഉള്ളിന്റെയുള്ളിൽ അവനോടുള്ള എന്റെ ഇഷ്ടം .. എന്നിട്ടും പിന്മാറാൻ ശ്രമിച്ചത് സാഹചര്യങ്ങളാണ് .. ഞാനൊരു ബിഎസ്സി നഴ്സിംഗ് സ്റ്റുഡന്റ് .. ജീവൻ … MS കഴിഞ്ഞ് ഇന്റൻഷിപ്പ് ചെയ്യുന്ന ഡോക്ടർ .. ഒരിക്കലും ഒരിക്കലും ചേരാത്ത രണ്ട് ധ്രുവങ്ങൾ ..

ആ മുഖത്ത് നോക്കി ഇഷ്ടമല്ലെന്ന് പറഞ്ഞ് അപമാനിച്ച് വിടാൻ വയ്യ … പൊള്ളുന്നത് എന്റെ ഹൃദയം തന്നെയായിരിക്കും … വെന്തു നീറുന്നത് ഞാൻ തന്നെയായിരിക്കും …

പക്ഷെ പറയണം .. തമ്മിലൊന്നും വേണ്ടന്ന് പറയണം … പറഞ്ഞു മനസിലാക്കണം ..

ലഞ്ച് ബ്രേക്കിന് ഞാൻ സർജറി ഡിപ്പാർട്ട്മെന്റിൽ പോയി നോക്കിയെങ്കിലും അവിടെയെങ്ങും കണ്ടില്ല …

വൈകുന്നേരം ഹോസ്റ്റലിലേക്ക് നടക്കുമ്പോൾ , തൊട്ടരികിൽ ബൈക്ക് കൊണ്ട് ചേർത്തു നിർത്തി …

” വാ കേറ് …………”

” ഞാൻ പൊയ്ക്കോളാം … ”

” കേറെടി… ”

ആ അധികാരത്തിന്റെ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു ..

” ഞാൻ പറ ……” പറയാൻ തുടങ്ങിയത് പൂർത്തിയാക്കും മുൻപേ ജീവൻ കൈയ്യെടുത്ത് തടഞ്ഞു …

” എനിക്ക് സംസാരിക്കാനുണ്ട് .. നീ വാ …..”

പിന്നെ ഞാൻ എതിർത്തില്ല … സംസാരിക്കണം .. ഞാനും മനസിലുറപ്പിച്ചു ..

അവന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോൾ കരുതിവച്ച ധൈര്യമൊക്കെ ചോർന്നു തുടങ്ങി … എന്നും അത് പോലെ അവനോടൊട്ടിയിരിക്കാൻ ഞാൻ ആഗ്രഹിച്ചു പോയി … പക്ഷെ കഴിയില്ല കണ്ണാ … എനിക്കതിനുള്ള ഭാഗ്യമുണ്ടാകില്ല ..

അവനെന്നെ കൂട്ടിക്കൊണ്ട് പോയത് മെഡിക്കൽ കോളേജിനടുത്ത് തന്നെയുള്ള പാർക്കിലേക്കാണ് … വൈകുന്നേരങ്ങളിൽ അവിടെ കൂടുതൽ ചിലവഴിക്കുന്നത് മെഡിക്കൽ കോളേജിലുള്ളവരാണ് .. സുപരിചിതരായ ചിലർ ഞങ്ങളെ അത്ഭുതത്തോടെ നോക്കി .. ജീവൻ അതൊന്നും വകവയ്ക്കാതെ എന്നെ കൂട്ടി ഒരൊഴിഞ്ഞ സ്ഥലത്തേക്ക് നടന്നു …

ഒരീയൽ വാകയുടെ ചോട്ടിലെ മരബഞ്ചിൽ ഞങ്ങൾ അടുത്തടുത്തിരുന്നു .. ഞങ്ങളുടെ സ്വകാര്യതയിലേക്ക് ആരും കടന്നു വന്നില്ല …

” നിന്റെ മുന്നിലേക്ക് അടുക്കി പെറുക്കി വെട്ടിയൊതുക്കിയൊരു ചോദ്യമിട്ടു തന്ന് ഉത്തരം പറയിച്ചിട്ട് , നിനക്കെന്നെ ഇഷ്ടമാണെന്ന് പറഞ്ഞു നടക്കാൻ മാത്രം മണ്ടനൊന്നുമല്ല ഞാൻ ….” ജീവൻ തുടക്കമിട്ടു..

ഞാൻ മനസിലാകാതെ അവനെ നോക്കി …

അവന്റെ കണ്ണുകൾ ശാന്തമായിരുന്നു …

” എന്തിനാ നീ എന്നിൽ നിന്ന് ഒഴിഞ്ഞു മാറുന്നത് .. അതെന്നെ ഇഷ്ടമല്ലാഞ്ഞിട്ടല്ല എന്നെനിക്കുറപ്പുണ്ട് .. അതത്ര ചെറിയ ഇഷ്ടവുമല്ല … സ്വന്തം സാഹചര്യം സെയ്ഫാക്കാൻ വേണ്ടിപ്പോലും എന്നെ ഇഷ്ടമല്ല എന്ന് പറയാൻ നിന്നെക്കൊണ്ടാവില്ല… ഒരു വാക്ക് കൊണ്ട് പോലും എന്നെ വേദനിപ്പിക്കാൻ വയ്യ .. അപമാനിക്കാൻ വയ്യ .. അതിനർത്ഥം നീയെന്നെ അത്രമേൽ സ്നേഹിക്കുന്നുണ്ട് … സത്യമല്ലേ …? ” അവനെന്റെ കണ്ണിലേക്ക് കണ്ണുകൾ കോർത്തു …

എന്റെ മിഴികൾ അറിയാതെ നിറഞ്ഞു തൂവി .. സത്യമാണ് … ഞാനെന്നെക്കാളേറെ അവനെ സ്നേഹിക്കുന്നുണ്ട് …

” നമ്മൾ തമ്മിലൊരിക്കലും ചേരില്ല .. ” എങ്കിലും ഞാൻ പറഞ്ഞു …

“ഇതു നീ എത്ര വട്ടം എന്നോട് പറഞ്ഞു കഴിഞ്ഞതാണ് മൈഥിലി .. ഞാൻ നിന്നെ മാത്രമാണ് സ്നേഹിക്കുന്നത് .. നിന്റെ ജോലിയോ , നിന്റെ കുടുംബത്തിന്റെ സാഹചര്യമോ ഒന്നും എന്റെ കൺസേണല്ല … യാതൊരാവശ്യവുമില്ലാത്ത ടെൻഷനാണ് നിനക്ക് .. ഈ കാര്യം പറഞ്ഞ് നമ്മുടെ സ്നേഹം നീയില്ലാതാക്കാരുത് .. ” അവനെന്നോട് ചേർന്നിരുന്ന് , തോളിൽ ചേർത്തു പിടിച്ചു പറഞ്ഞു …

ഞാനും വെറുമൊരു പെണ്ണായി മാറുകയായിരുന്നു ..

ആ നിമഷം അവനെന്റെ മുഖം കൈവെള്ളയിലെടുത്തു …

” എനിക്കു വേണം .. എന്റെ മാത്രം പെണ്ണായിട്ട് .. ” പറഞ്ഞിട്ട് എന്റെ നെറ്റിയിലും കണ്ണിലും കവിളത്തും അവനുമ്മ വച്ചു … അധരങ്ങൾ മാത്രം ബാക്കി നിർത്തി ..

പിന്നെ എന്റെ കണ്ണിലേക്കുറ്റുനോക്കി ….

” സമ്മതമാണോ ……..?” മന്ത്രിക്കും പോലെ അവൻ ചോദിച്ചു ..

” ങും …… ” ഒരു വേള നിശബ്ദതയ്ക്കപ്പുറം ഞാൻ മെല്ലെ മൂളി ..

അതിനവൻ മറുപടി നൽകിയത് എന്റെ അധരങ്ങളിലായിരുന്നു ..

പിന്നീട് ഞങ്ങളുടെ ദിവസങ്ങളായിരുന്നു .. . ഞാൻ അവസാന വർഷമായിരുന്നത് കൊണ്ട് ഞങ്ങൾക്കിടയിലെ ദൂരം ഒരു വർഷം മാത്രമാണെന്ന് ഞങ്ങൾ കണക്കുകൂട്ടി …

ഞാനും സ്വയമറിയാതെ അവനിലേക്ക് മാത്രം ചുരുങ്ങുകയായിരുന്നു ..എന്റെയോരോ ദിനങ്ങളും അവനിൽ തുടങ്ങി അവനിൽ അവസാനിക്കും …

എല്ലാ ദിവസവും ഒരു നേരമെങ്കിലും ഞങ്ങൾ തമ്മിൽ കാണും .. എന്നും ഒരുമ്മ ഉറപ്പാണ് .. അതിൽ കൂടുതൽ എത്ര കിട്ടുന്നു എന്ന് മാത്രമാണ് ഞാൻ നോക്കിയിരുന്നത് ..

ഓപിയിൽ , ലിഫ്റ്റിൽ , ക്യാന്റീനിൽ , വാർഡിൽ , അങ്ങനെ എല്ലായിടത്തും ഞങ്ങളുടെത് മാത്രമായൊരിടം ഞങ്ങൾ കണ്ടുവച്ചു …

സർജറി ഡിപ്പാർട്ട്മെന്റിലാണ് എനിക്കും പോസ്റ്റിംഗ് എങ്കിൽ , വാർഡിലോ ഓറ്റിയിലോ , ഐസിയുവിലോ ഒരുമിച്ചാണെങ്കിൽ ആ ദിവസത്തെ നമ്മൾ ഹണിമൂൺ ഡേ എന്ന് വിളിച്ചു ..

ഒറ്റിയിലെ പ്രിപ്പറേഷൻ റൂം ആയിരുന്നു ഞങ്ങൾക്ക് ഏറ്റവും പ്രൈവറ്റായി കിട്ടിയിരുന്നത് .. അവിടെ നമ്മൾ കുറേശ്ശെ അതിരുകൾ ലംഘിക്കും .. താഴേക്ക് ഒഴുകിയിറങ്ങുന്ന അവന്റെ വിരലുകളെ ഞാൻ സ്വതന്ത്രമായി വിടും ..

സർജറി ഡിപ്പാർട്ട്മെന്റിലെ പലർക്കും ഞങ്ങളുടെ ബന്ധമറിയാമായിരുന്നു .. അവരൊക്കെ പലതിനും കണ്ണടച്ചു ..

തിരക്കുള്ള ദിവസങ്ങളിൽ അവൻ ഫുഡ് കഴിച്ചിട്ടില്ലെങ്കിൽ ഞാനും പട്ടിണിയിരിക്കും … ആ ഒരു വർഷം കൊണ്ട് ഞങ്ങളുടെ ബന്ധം ദൃഢമായിരുന്നു …

എന്റെ പരീക്ഷയുടെ സമയത്ത് അവന്റെ ഇന്റൻഷിപ്പ് കഴിഞ്ഞു … എത്രയും പെട്ടന്ന് ഒരു ഹോസ്പിറ്റലിൽ കയറാനുള്ള ശ്രമത്തിലായിരുന്നു അവൻ …

അവസാന പരീക്ഷയുടെ അന്ന് , അവൻ നൽകിയ സന്തോഷ വാർത്തയുമായാണ് ഞാൻ എക്സാം ഹാളിൽ കയറിയത് .. അവന്റെ നാട്ടിലെ തന്നെ നല്ലൊരു മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ജോലി ശരിയായി ..

എക്സാം കഴിഞ്ഞ് ഞാനെന്റെ നാട്ടിൽ വന്നു … റിസൾട്ട് വന്നാൽ എത്രയും പെട്ടെന്ന് എക്സ്പീരിയൻസും ലാംഗ്വേജ് ട്രെയിനിംഗും ഒക്കെ കഴിഞ്ഞ് വിദേശത്ത് പോകണമെന്ന് അച്ഛനും അമ്മയും പറഞ്ഞപ്പോൾ ഞാൻ നിശബ്ദയായി ..

എന്റെ പഠിപ്പിനു വേണ്ടിയെടുത്ത ബാങ്ക് ലോണിനെ കുറിച്ച് അമ്മ സദാ സമയവും ഓർമിപ്പിച്ചു .. ആധാരം ബാങ്കിലാണ് … ഞാനതൊന്നും ശ്രദ്ധിച്ചില്ല .. ജീവേട്ടനെ കാണാൻ കഴിയാത്ത സങ്കടമായിരുന്നു എനിക്ക് ..

വീട്ടുകാരോട് ചെയ്യുന്ന ചതിയാണെന്നറിയാം എങ്കിലും വിദേശത്തേക്ക് പോകില്ലെന്ന് ഞാൻ തീരുമാനിച്ചിരുന്നു .. എന്ന് മാത്രമല്ല എത്രയും പെട്ടന്ന് എനിക്ക് ജീവേട്ടന്റെ ഭാര്യയാകാനായിരുന്നു മോഹം …

എന്റെ കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് റിസൾട്ട് വരും മുന്നേ തന്നെ ജീവേട്ടൻ അച്ഛനെയും അമ്മയെയും കൂട്ടി എന്റെ വീട്ടിൽ വന്നു …

ഞാൻ പ്രതീക്ഷിച്ചതിലുമപ്പുറം ഒരു പൊട്ടിത്തെറിയായിരുന്നു എന്റെ അച്ഛനിൽ നിന്നുയർന്നത് ..

എനിക്ക് തന്ന വാക്ക് പാലിച്ചുകൊണ്ട് , എനിക്ക് പഠിക്കാൻ വേണ്ടിയെടുത്ത ലോൺ തിരിച്ചടച്ച് , ആധാരം ബാങ്കിൽ നിന്നെടുത്ത് തരാമെന്ന് ജീവേട്ടൻ അച്ഛനെ ധരിപ്പിച്ചു .. അത് കിട്ടിയിട്ട് കല്ല്യാണം നടത്തി തന്നാൽ മതിയെന്നും പറഞ്ഞു ..

ഞാൻ പ്രതീക്ഷയോടെ അച്ഛനെ നോക്കി …

” അത് നടക്കില്ല .. ആധാരം മാത്രം കിട്ടിയിട്ട് എന്തിനാ … ഇവൾക്ക് താഴെ രണ്ട് പെൺകുട്ടികളുണ്ട് .. ഒരുത്തി പത്തിൽ , അടുത്തയാൾ ഏഴിൽ .. അവരെയാര് പഠിപ്പിക്കും .. ഇവൾക്ക് താഴെയുള്ളവൾക്ക് എൻജിനീയറിംഗിന് പോകണമെന്നാ ആഗ്രഹം .. അവളെ പഠിപ്പിക്കണ്ടെ .. അതിനു വേണ്ടിയാ ഇവളെ കണ്ണു തെളിച്ച് വിട്ടത് .. ഇളയതുങ്ങളുടെ വിവാഹം വരെ നിങ്ങൾക്ക് ഏൽക്കാൻ പറ്റുമോ … എങ്കിൽ ഞാനീ നിമിഷം കെട്ടിച്ചു വിടാം …… ഇല്ലെങ്കിൽ ഇവരൊക്കെയൊന്ന് പച്ച പിടിച്ചിട്ട് അവളുടെ കല്യാണക്കാര്യം ആലോചിക്കാം .. ”

ജീവേട്ടൻ നിസാഹായനായി .. ഒരു കുടുംബത്തിന്റെ ബാധ്യത മുഴുവൻ ഏറ്റെടുക്കാൻ ആ പാവത്തിന് കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു …

അവർ പടിയിറങ്ങിപ്പോകുന്നത് കണ്ണീരോടെ ഞാൻ നോക്കി നിന്നു .. . ഒരു പൊട്ടിക്കരച്ചിലോടെ ഞാൻ അകത്തേക്കോടി …

പക്ഷെ എന്നെയുപേക്ഷിക്കാൻ ജീവേട്ടൻ തയ്യാറല്ലായിരുന്നു .. രാത്രി ഫോണിൽ വിളിച്ചു … കൂടെയിറങ്ങിച്ചെല്ലണമെന്ന് പറഞ്ഞു ….

എന്റെ ദുഃഖങ്ങൾ എന്നെക്കാൾ നന്നായി എന്റെ ഏട്ടനറിയാമെന്ന് ഒരിക്കൽ കൂടി തെളിയിച്ചു കൊണ്ട് പറഞ്ഞു ..

” വിഷമിക്കണ്ട .. ബാങ്കിലടക്കാനുള്ള മുഴുവൻ പണവും ഞാൻ നിന്നെ ഏൽപ്പിക്കാം .. അതവിടെ വച്ചിട്ട് നീയിറങ്ങി വന്നാൽ മതി …….”

അതിനിടയിൽ എന്റെ റിസൾട്ട് വന്നു … അടുത്തൊരു ഹോസ്പിറ്റലിൽ ഞാൻ പോയിത്തുടങ്ങി ..

ഒരു ദിവസം ഉച്ചക്ക് ഡ്യൂട്ടി കഴിഞ്ഞിറങ്ങുമ്പോൾ , ഹോസ്പിറ്റൽ ഗേറ്റിൽ എന്നെ കാത്ത് ജീവേട്ടനുണ്ടായിരുന്നു … ഒരു ബാഗ് എന്നെയേൽപ്പിച്ചു ..

ആ രാത്രി തന്നെ ഇറങ്ങണമെന്ന് എന്നോട് പറഞ്ഞു … തത്ക്കാലം ബാംഗ്ലൂരിലേക്ക് മാറാമെന്നും എല്ലാം അറേഞ്ച് ചെയ്തിട്ടുണ്ടെന്നുമൊക്കെ പറഞ്ഞ് എന്നെ ആശ്വസിപ്പിച്ച് വിട്ടു ..

രാത്രി , എല്ലാവരും ഉറങ്ങിയെന്നുറപ്പായപ്പോൾ ജീവേട്ടനേൽപ്പിച്ച ബാഗ് അമ്മയുടെ അലമാരിയിൽ സുരക്ഷിതമായി വച്ചിട്ട് , ഞാൻ മെല്ലെയിറങ്ങി …

മുൻവശത്തെ ഡോർ തുറക്കാനാഞ്ഞതും മുറിയിൽ വെളിച്ചം വീണു … അച്ഛൻ , അമ്മ , അനുജത്തിമാർ …

അച്ഛനെന്റെ കൈ പിടിച്ച് വലിച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു … അവിടെ സ്ലാബിൽ നാല് ഗ്ലാസ് ജ്യൂസും അതിനടുത്ത് രണ്ട് ചെറിയ ബോട്ടിലും ഉണ്ടായിരുന്നു ..

അതിലൊരെണ്ണം അച്ഛൻ കൈയ്യിലെടുത്തു …

” ഇത് കണ്ടോ … വിഷമാണിത് … പോകണമെങ്കിൽ നിനക്കവന്റെ കൂടെയിറങ്ങിപ്പോയി സുഖമായിട്ട് ജീവിക്കാം .. പക്ഷെ ഞങ്ങൾ നാല് ജീവനുകൾ ഇവിടെ മരിച്ച് വീഴും …. ഞങ്ങളുടെ നെഞ്ചിൽ ചവിട്ടി അച്ഛന്റെ മോൾക്ക് പോകാം …..”

എന്റെ ബാഗിലെ ഹാന്റ് ബാഗിൽ ഫോണിന്റെ വൈബ്രേഷൻ ഞാനറിയുന്നുണ്ടായിരുന്നു … ഏതാനും അകലത്ത് എന്റെ പ്രിയപ്പെട്ടവൻ എനിക്ക് വേണ്ടി കാത്ത് നിൽക്കുന്നത് എനിക്കറിയാമായിരുന്നു …

എപ്പോഴോ ഞാനാ ഫോണെടുത്ത് കാതോട് ചേർത്തു ….

” ഞാൻ വരില്ലേട്ടാ…. എട്ടന്റെ മൈഥിലിയിനിയില്ല … ഏട്ടനൊരു ജീവിതം കിട്ടും … എനിക്കൊന്നും വിധിച്ചിട്ടില്ല ……. ഏട്ടനെ എനിക്ക് വിധിച്ചിട്ടില്ല …” ഞാൻ പൊട്ടി പൊട്ടിക്കരഞ്ഞു …

മറുവശത്ത് ഒന്നും മനസിലാകാതെ ജീവേട്ടനും …

നെഞ്ച് പൊട്ടിക്കരഞ്ഞുകൊണ്ട് നടന്നതെല്ലാം ഞാൻ പറഞ്ഞു ….

മറുവശത്ത് നിശബ്ദതയായിരുന്നു …

” ഏട്ടാ ……”

” എന്തോ …….” വേദനയുടെ സ്വരമുള്ള ശബ്ദം എന്റെ കാതിൽ വീണു …

” ഞാൻ നാളെ വരും കാണാൻ … അവസാനമായിട്ട് എനിക്ക് കാണണം .. യാത്ര പറയണം … എനിക്ക് വേണ്ടി കാത്തിരുന്ന് ഏട്ടന്റെ ജീവിതം കളയരുത് .. പിന്നെ ആ പണവും തിരിച്ചുതരും .. അതിനപ്പുറം ഞാനൊരു പുതിയ മൈഥിലിയാണ് .. എന്റെ കുടുംബം … അത് മാത്രമേ എന്റെ മനസിലുണ്ടാകു .. ”

” വേണ്ട … നീ വരണ്ട … എനിക്ക് നിന്നെ മനസിലാകും .. ഇനി ഞാനെത്ര വിളിച്ചാലും നിനക്ക് വരാൻ കഴിയില്ലെന്ന് എനിക്കറിയാം. .. നിന്നെ എന്നേക്കാൾ കൂടുതൽ ആർക്കാ അറിയാൻ കഴിയുക .. ആ പണം എനിക്ക് തിരിച്ച് വേണ്ട … നിന്നെക്കൊണ്ട് എല്ലാം കൂടി പറ്റില്ലെടി … അതെടുത്ത് നീ കടം തീർക്ക് .. നിന്നെ സ്നേഹിച്ചവനല്ലേ ഞാൻ .. ഇത്രയെങ്കിലും ഞാൻ നിനക്ക് വേണ്ടി ചെയ്യണ്ടേ … ” ആ ശബ്ദം ഇടറി തുടങ്ങിയപ്പോൾ എന്നോട് ഗുഢ്ബൈ പറഞ്ഞു കേൾ അവസാനിപ്പിച്ചു ..

പിന്നീട് ജീവേട്ടനെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിട്ടും കിട്ടിയില്ല … ആ പണം തിരിച്ചേൽപ്പിക്കണമെന്നുണ്ടായിരുന്നു … വർക്ക് ചെയ്തിരുന്ന ഹോസ്പിറ്റലിൽ നിന്ന് റിസൈഗ്ന് ചെയ്തു … എവിടെ പോയി എന്നും അറിയാൻ കഴിഞ്ഞില്ല …

ഒരിക്കൽ വീട്ടിൽ വന്നപ്പോൾ ആധാരവുമായി സന്തോഷത്തോടെ അച്ഛനിരിപ്പുണ്ട് .. ജീവേട്ടൻ തന്ന പണമെടുത്ത് കടം വീട്ടിയിരിക്കുന്നു …

അന്ന് തൊട്ടിന്നോളം എന്റെ കണ്ണിലെ കണ്ണുനീർ തോർന്നിട്ടില്ല .. ഹൃദയം കല്ലാക്കി ജീവിക്കാൻ ശ്രമിച്ചു …

* * * * * * * * * * * * * * *

എയർപോർട്ടിൽ അച്ഛനും അനുജത്തിയുടെ ഭർത്താവും എന്നെ കാത്ത് നിൽപ്പുണ്ടായിരുന്നു … അച്ഛന്റെ കണ്ണിലെവിടെയോ ഒരു നീർത്തിളക്കമുണ്ടായിരുന്നു .. ഞാനൊരു പുഞ്ചിരി മാത്രം സമ്മാനിച്ചു …

വീട്ടിലെത്തിയപ്പോഴും പ്രതീക്ഷിച്ചിരുന്നതൊക്കെ തന്നെ സംഭവിച്ചു .. അമ്മയുടെയും അനുജത്തിമാരുടേയും കെട്ടിപ്പിടുത്തം , സ്നേഹം ….

എന്റെ സമ്പാദ്യം കൊണ്ട് ആ വീട് മനോഹരമാക്കിയിരുന്നു .. മൂത്ത അനുജത്തിയെ മുഴുവൻ പഠിപ്പിക്കേണ്ടി വന്നില്ല .. എൻജിനിയറിംഗ് മൂന്നാം വർഷത്തിൽ വച്ച് ഒരു ഓട്ടോ ഡ്രൈവർക്കൊപ്പം പോയി രജിസ്റ്റർ മാരേജ് ചെയ്തു ..

രണ്ടാമത്തവൾ ഫാഷൻ ഡിസൈനിംഗിന് കോയമ്പത്തൂർ ചേർന്നു …

എന്റെ മുറിയിൽ കയറിയപ്പോൾ വീണ്ടും ജീവേട്ടന്റെ ഓർമകൾ എന്നെ വന്നു പൊതിഞ്ഞു …

ആരുടെയെങ്കിലും ഭർത്താവായി ജീവിക്കുന്നുണ്ടാകും .. എത്ര കുഞ്ഞുങ്ങളുണ്ടാകും ….? ഏട്ടന്റെ ആഗ്രഹം പോലെ ആ നെഞ്ചിൽ തുള്ളിക്കളിക്കാൻ ഒരു മോളും മോനുമുണ്ടാകും … അവരുടെ അമ്മ താനല്ലെന്ന് മാത്രം …

സത്യത്തിൽ അത് ഭയന്നിട്ടാണ് നാട്ടിലേക്ക് ഒരിക്കൽ പോലും വരാതിരുന്നത് … ജീവേട്ടൻ മറ്റൊരാളുടേതായി എന്നറിയുന്നത് എന്റെ മരണത്തിന് തുല്ല്യമാണ് … എത്രയായിട്ടും എനിക്കത് സങ്കൽപ്പിക്കാൻ കൂടി കഴിയുന്നില്ല .. തമ്മിൽ പിരിഞ്ഞിട്ടും കണ്ടിട്ടും എട്ട് വർഷം കടന്നു പോയിരിക്കുന്നു .. അതിലാറു വർഷം താൻ UKയിൽ …

അച്ഛനും അമ്മയും അകത്തേക്ക് കയറി വന്നപ്പോൾ ഞാൻ കണ്ണു തുടച്ച് തിരിഞ്ഞു നോക്കി …

” മോളെ … ” അച്ഛൻ വിളിച്ചു ..

“എന്താ അച്ഛാ… ”

” നിനക്കച്ഛനോട് …” അത് പറയുമ്പോൾ അച്ഛനൊന്നിടറിയോ ..

” വേണ്ടച്ഛാ … കഴിഞ്ഞതൊന്നും ഓർക്കണ്ട ….”

” നിനക്കൊരു ജീവിതം വേണ്ടേ മോളെ … ”

” ജീവിതം … ” ഞാൻ ഒന്ന് പുച്ഛിച്ച് ചിരിച്ചു ..

” ഞാൻ മനസുകൊണ്ട് ഒരാൾക്കൊപ്പം ഇപ്പോഴും ജീവിക്കുന്നുണ്ടച്ഛാ …. എവിടെയാണെന്നറിയില്ലെങ്കിലും .. എനിക്ക് പ്രണയിക്കാൻ ആ ഓർമകൾ മാത്രം മതി … ” എന്റെ കണ്ണുകൾ നിറഞ്ഞു തൂവി …

” അങ്ങനെയല്ല മോളെ … അവനിപ്പോ ഒരു കുടുംബമൊക്കെ ആയിക്കാണും .. മോൾക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ട് .. വിവാഹം കഴിഞ്ഞാലും മോൾക്ക് UK യിൽ തിരിച്ച് പോകാം .. പയ്യൻ നമ്മുടെ വീട്ടിൽ നിക്കാനും തയ്യാറാ …. ” അച്ഛൻ പറഞ്ഞു ..

” ഓ … നന്നായച്ഛാ … അതാകുമ്പോൾ എന്റെ കയ്യിൽ നിന്ന് ഇങ്ങോട്ടുള്ള ഒഴുക്ക് നിലക്കില്ല .. അതൊന്നും പുറത്ത് പോകുകേം ഇല്ല .. ” ഞാൻ പുഞ്ചിരിച്ചു …

” മോളെ .. അങ്ങനെ ഉദ്ദേശിച്ചല്ല .. മോൾക്കിപ്പോ മുപ്പത് വയസു കഴിഞ്ഞില്ലേ .. വരുന്ന ആലോചനയിൽ കൊള്ളാവുന്നതൊന്നാ അച്ഛൻ ….”

” കൊള്ളാവുന്നത് …. എട്ടൊൻപത് വർഷങ്ങൾക്ക് മുൻപ് നല്ലതൊന്ന് വന്നിരുന്നച്ഛാ … ഈ മകളുടെ മനസ് മാത്രം ചോദിച്ചൊരാൾ …. എന്നിട്ടും ….” ഞാൻ തേങ്ങിക്കരഞ്ഞു ….

ഇന്നും മകളുടെ മനസ്സിൽ അതേ ആഴത്തിൽ അവനുണ്ടെന്ന് ആ കണ്ണീര് കണ്ടപ്പോൾ അയാൾക്ക് മനസിലായി …

” എനിക്കൊന്ന് കിടക്കണം …..” ഞാൻ പറഞ്ഞു

ഒരു മയക്കത്തിലേക്ക് വഴുതി വീണപ്പോഴാണ് നെറ്റിയിൽ ആരോ തൊട്ടത് … ഞാൻ കണ്ണ് തുറന്നു .. ഒരമ്പരപ്പിന് ശേഷം അടുത്തിരുന്ന ആളെ കണ്ട് ഞാൻ ഞെട്ടിപ്പോയി …

രേഷ്മ …. നഴ്സിംഗ് കോളേജിലെ പഴയ കൂട്ടുകാരി …

ഞാൻ ചാടിയെഴുന്നേറ്റു ….

” രേഷ്മാ …..” ഞാനവളെ കെട്ടിപ്പിടിച്ചു .. .

സ്നേഹപ്രകടനങ്ങൾക്കും വിശേഷം പറച്ചിലുകൾക്കുമൊടുവിൽ അവളൊരു പോസ്റ്റ് കവർ പുറത്തെടുത്തു എന്റെ നേർക്ക് നീട്ടി …

അഡ്രസൊന്നുമില്ലായിരുന്നു ..

ഞാനത് തുറന്നു …. അതിലെ ഓരോ വരികളിലൂടെ കണ്ണോടിച്ചപ്പോഴും എന്റെ ഹൃദയം പിടഞ്ഞു … കണ്ണുകൾ നിറഞ്ഞൊഴുകി കാഴ്ച മറച്ചു … അക്ഷരങ്ങൾ മായ്ച്ചു ……

” എവിടെ …. എവിടെയുണ്ട് …… എനിക്കറിയണം … എനിക്ക് കാണണം .. എനിക്ക് പോകണം രേഷ്മാ ……” ഞാനലറി വിളിച്ചു …

” നീ UK പോയിക്കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞപ്പോൾ എന്നെ കാണാൻ വന്നു .. എന്നെങ്കിലും നീ തിരിച്ചു വരുമ്പോൾ ഇതേൽപ്പിക്കാൻ പറഞ്ഞു … ”

” എവിടെയുണ്ടെന്ന് പറയ് രേഷ്മ …..” എന്റെ നിയന്ത്രണം വിട്ടു …

” ഹരിയാന ….. അവിടെ ഒരു റൂറൽ ഏരിയയിൽ സർക്കാർ ഹോസ്പിറ്റിലിൽ ……”

* * * * * * * * * * *

” എന്റെ മാത്രം മൈഥിലിക്ക് ,

ഇത്രയൊക്കെ സ്നേഹിച്ചിട്ടും , ഒടുവിൽ നീയെന്നെ മനസിലാക്കിയില്ല അല്ലേ … പിരിയുമ്പോൾ എന്തിനായിരുന്നു കാത്തിരിക്കരുതെന്ന് പറഞ്ഞത് .. കാത്തിരിക്കാനായിരുന്നില്ലേ പറയേണ്ടത് .. ?

നീയിതെന്ന് വായിക്കുമെന്ന് എനിക്കറിയില്ല .. പക്ഷെ ഒന്നറിയാം മൈഥിലി , നീയിപ്പോഴും തനിച്ചാണെന്ന് . . എന്നെയോർക്കുമ്പോൾ നിന്റെ കണ്ണു നിറയുമെന്ന് .. നിന്റെ നെഞ്ച് പൊട്ടുമെന്ന് .. എനിക്ക് പകരമൊരാൾ നിന്റെ ജീവിതത്തിൽ ഉണ്ടാകില്ലെന്ന് …

കാരണം ഇതൊക്കെ തന്നെയല്ലേ ഞാനുമിപ്പോൾ അനുഭവിക്കുന്നത് .. കാത്തിരിപ്പുണ്ട് ഞാൻ … എന്നെങ്കിലും നീ വരുന്നതും കാത്ത് … കാരണം അത്രമേൽ ഞാൻ നിന്നെ പ്രണയിച്ചു പോയി ……”

മൈഥിലിയുടെ ജീവൻ

ട്രെയിനിൽ ചൂളമടിച്ചെത്തുന്ന കാറ്റിന്റെ തണുപ്പിലും , ഞാനാ ജനാലയിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരുന്നു … മടിയിൽ കിടന്ന ലെറ്റർ ഇതിനോടകം ഒരായിരം വട്ടം വായിച്ചിട്ടുണ്ട് .. അത്രയും തന്നെ കണ്ണുനീർ വീണ് ആ അക്ഷരങ്ങൾ മങ്ങിത്തുടങ്ങി …

നീയെത്ര ദൂരെയാണെങ്കിലും , ഞാനവിടെയെത്തും ജീവേട്ടാ … ഇനിയെനിക്കൊരു മടക്കമില്ല … മരണം പോലും നിന്റെ മടിയിൽ കിടന്നാവും … കാരണം അത്രമേൽ … അത്രമേൽ ഞാൻ നിന്നെ പ്രണയിക്കുന്നു ..